അന്ന് രാവിലെ പത്രം എടുത്തു നോക്കിയപ്പോഴാണ് കണ്ടത് ഒരു പ്രധാന ഷോപ്പിംഗ് മാളിലെ മിക്കവാറും എല്ലാ കടകളിലും സെയില്‍ !!.അതും അന്നാണ് അവസാന ദിവസം.പാഴാക്കി കളയാന്‍ മറ്റൊരു ദിവസം ഇല്ല!.ഇന്ന്തന്നെ പോയേ പറ്റു.എന്റെ പതി ദേവനാകട്ടെ സെയില്‍ എന്ന ബോര്‍ഡിനോട് തന്നെ അലര്‍ജിയാണ്. "ആളെ പറ്റിക്കല്‍സ് ,ഭര്‍ത്താക്കന്മാരെ തെണ്ടിക്കല്‍"" ""എന്നാണ് സെയില്‍ എന്നതിന്റെ മലയാളം വിവര്‍ത്തനം എന്നാണു പുള്ളിയുടെ കണ്ടു പിടുത്തം .പ്രാതലിനു മൂപ്പര്‍ക്കിഷ്ടമുള്ള പുട്ടും കടലയും ഉണ്ടാക്കി കൊടുത്തു .ചായ ഉണ്ടാക്കാന്‍ പൊതുവേ മടിയുള്ള ഞാന്‍ പ്രാതല് കഴിഞ്ഞു ഒരു സ്പെഷ്യല്‍ ചായ കൂടി ഉണ്ടാക്കി ഒരു സ്പെഷ്യല്‍ ചിരിയും ചുണ്ടില്‍ ഫിറ്റ് ചെയ്തു, പുതുമണവാട്ടിയെ പോലെ നാണവും വിനയവും മുഖത്തു വരുത്തി, പത്രം വായിച്ചിരിക്കുന്ന പതി ദേവന്റെ അടുത്തേക്ക് ചെന്നു.എന്റെ ഭാവ മാറ്റവും ചോദിക്കാതെ തന്നെ ചായ ഉണ്ടാകിയുള്ള ഈ വരവും കണ്ടപ്പോഴെ സംഭവം പന്തിയല്ല എന്ന് മൂപ്പര്‍ക്ക് മനസിലായി.
"ഉരുള്‍ പൊട്ടലാണോ സുനാമി ആണോ?" .ചായ കപ്പു വാങ്ങുമ്പോള്‍ ഭര്‍ത്താവ് ചോദിച്ചു.
"സെയില്‍ ...------ഷോപ്പിംഗ് മാളില്‍ .ഒരു വിധം എല്ലാ കടകളിലും ".ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.
"അപ്പൊ ഉരുള്‍ പൊട്ടലും സുനാമിയും കൂടി ഒരുമിച്ചെന്നു പറ " .പതി ചായ പകുതി കുടിച്ചു എന്റെ മുഖത്തു നോക്കി.
ചായ കൊണ്ട് കാര്യം നടപ്പില്ലെന്ന് മനസിലാക്കിയ ഞാന്‍ ശബ്ദം കനപ്പിച്ചു പറഞ്ഞു ."ഇന്ന് പോയേ..പറ്റു" .
'ഇപ്പോള്‍ എല്ലാ കടക്കാരും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉണങ്ങാന്‍ പുറത്തെടുത്തു വയ്ക്കുന്ന സാധനം ആണ് ഈ സെയില്‍ ബോര്‍ഡ്.ആളെ മെനക്കെടുത്താന്‍""" """"""""""""""""""""""""""'എന്റെ പിന്നാലെ അടുക്കളയിലേക്കു അനുഗമിച്ചു പതി പതിയേ പറഞ്ഞു .
"ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു പരോള് വേണ്ടേ.".ഞാന്‍ അവസാന നമ്പര്‍ പുറത്തെടുത്തു കണ്ണുകള്‍ നിറച്ചു ദയനീയതയോടെ പതീദേവനെ നോക്കി. ആ നോട്ടത്തില്‍ അന്നത്തെ പരോള്‍ ഒപ്പിച്ചു വയ്കുന്നേരം സന്തോഷത്തോടെ സെയില് ബോര്‍ഡു വച്ച കടകളിലൊക്കെ ഓടി നടക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു.
അങ്ങനെ സന്തോഷത്തോടെ നീങ്ങി ക്കൊണ്ടിരുന്ന ഒരു വാരന്ത്യദിവസത്തിലാണ് ഒരു ഫോണ്‍ കാള്‍ വരുന്നത്.വിളിച്ചത് പണ്ട് ബോംബെയില്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു ഹിന്ദിക്കാരന്‍.. .അയാളും ഭാര്യയും കൂടി വയ്കുന്നേരം വീട്ടിലേക്കു വരുന്നെന്ന്‍ .എന്റെ സെയില്‍ സ്വപ്നങ്ങള്‍ക്കൊക്കെയും സെയില്‍ ബോര്‍ഡ് വക്കേണ്ട ഗതികേടായി.അതിഥികള്‍ വരുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്.പണ്ട് 'അതിഥി ദേവോ ഭവ' എന്നൊക്കെ പഠിച്ചിട്ടുള്ളതാണ് .എന്ന് കരുതി ബുദ്ധിമുട്ടി ഓരോന്ന് ഒപ്പിച്ചെടുക്കുമ്പോള്‍ അത് പൊളിച്ചടക്കാനായി വരുന്നവര്‍ അതിഥികളായാലും എനിക്ക് ഇഷ്ടല്ല.നിങ്ങള്‍ക്കോ?.
"എന്റെ നല്ല കൂട്ടുകാരനാ .ദുബായില്‍ വന്നിട്ട് കുറച്ചേ ആയിട്ടുള്ളൂ.പണ്ട് അവരുടെ വീട്ടില്‍ പോയി കുറേ ഭക്ഷണം കഴിച്ചിട്ടുള്ളതാ".എന്റെ നല്ല പകുതിക്ക് സന്തോഷം അടക്കാന്‍ വയ്യായിരുന്നു.
"ഞാന്‍ പറഞ്ഞോ പണ്ട് ഇവരുടെ വീട്ടില്‍ പോയി ഫുഡ് തട്ടാന്‍?" ഞാന്‍ മുഖം ചുളിച്ചു പറഞ്ഞു.
ഞാന്‍ ഈ വ്യക്തികളെ കണ്ടു പരിചയം പോയിട്ട് കേട്ടിട്ടുപോലുമില്ല.കല്യാണം കഴിഞ്ഞു ഇത്ര കൊല്ലമായിട്ടും ഇങ്ങനെ ഒരു ഫ്രീ ഫുഡ് അടിച്ച കാര്യം പതി എന്നോട് പറഞ്ഞിട്ടും ഇല്ല.അങ്ങനെ വയ്കുന്നേരം കടകള്‍ തോറും കയറി സന്തോഷിച്ചു നടക്കേണ്ട ഞാന്‍ അടുക്കളയില്‍ നിന്നു ഈ നോര്‍ത്തിന്ദികള്‍ക്ക് വേണ്ടി കറികളും ചപ്പാത്തിയും ഉണ്ടാക്കാന്‍ തുടങ്ങി.ഇടക്കുള്ള പിറുപിറുക്കല്‍ കേട്ട് പതി പറഞ്ഞു "സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കിയാലേ രുചി ഉണ്ടാകു".
സ്വന്തം ഉണ്ടാക്കിയ ഭക്ഷണത്തെ കുറിച്ചു മറ്റുള്ളവര്‍ പുകഴ്ത്തുന്നത് ഏതു പെണ്ണിന ഇഷ്ടമല്ലാത്തത്.അതുകൊണ്ട് ഞാന്‍ എന്റെ പാചകഡയറി തിരഞ്ഞു അതില്‍ എഴുതി വച്ച ഹിന്ദി റെസിപ്പികള്‍ തിരഞ്ഞെടുത്തു.എല്ലാറ്റിനും നോര്‍ത്തിന്ദികളുടെ രുചി വരാന്‍ ഞാന്‍ എന്റെ അടുക്കളയില്‍ നിന്നും ചേര്‍ക്കാന്‍ പറ്റിയതൊക്കെ കറികളില്‍ ചേര്‍ത്തു.ഇടയ്ക്കു മണം നോക്കി ടെസ്റ്റു ചെയ്യാന്‍ പതീദേവനെ വിളിച്ചു.
അങ്ങനെ എന്റെ സ്വപ്നങ്ങള്‍ക്ക് സെയില്‍ ബോര്‍ഡു വച്ച ഹിന്ദിക്കാരനും ഭാര്യയും ആഗമനസ്തരായി.(വന്നു എന്ന് പറഞ്ഞാല്‍ മതി പക്ഷെ എന്നെ ബുദ്ധി മുട്ടിച്ചതു കൊണ്ട് ഒരു കടുപ്പം വാക്ക് ഉപയോഗിച്ചതാണ്.)ഹിന്ദിക്കാരന്റെ ഭാര്യ എന്റെ രണ്ടിരട്ടി തടി ഉണ്ട് എന്നതും അവര്‍ കുട്ടികള്‍ക്കായി കൊണ്ട് വന്ന ബോംബെ പേടയുടെ രണ്ടു പാകറ്റും എനിക്ക് വളരേ സന്തോഷമുണ്ടാക്കി.കുറച്ചു നേരത്തെ വര്‍ത്തമാനത്തിനു ശേഷം അലങ്കരിച്ച എന്റെ പാചക പരീക്ഷണങ്ങള്‍ ഓരോന്നായി ഞാന്‍ മേശമേല്‍ നിരത്തി .സന്തോഷത്തോടെ എല്ലാവരും അടിച്ചു മാറാന്‍ തുടങ്ങി.ഉണ്ടാക്കാനെടുത്ത സമയത്തിന്റെ പതിനായിരത്തിലൊരു സമയം കൊണ്ട് ഉണ്ടാകിയതൊക്കെ ബ്ലും!.ഭക്ഷണം കഴിഞ്ഞു പതിയും ഹിന്ദിയും കൂടി ഗംഭീര ചിരിയും വര്‍ത്തമാനവും തുടങ്ങി.ഞാന്‍ അടുക്കളയില്‍ കുന്നുകൂടി കിടക്കുന്ന പാത്രങ്ങളൊക്കെ എന്ത് പറഞ്ഞു പതിദേവനെ കൊണ്ട് ഒന്ന് കഴുകിക്കും എന്ന ഗാഡ ചിന്തയിലും.അതിനിടയിലാണ് നോര്‍ത്തിന്ദി തടിച്ചി "ഹായീ..ക്യാ ഹുവാജീ .."എന്ന് ഹിന്ദിയില്‍ വിളിച്ചു കൂവുന്നത് കേട്ടത്.
ഞാന്‍ ചെന്നു നോക്കുമ്പോള്‍ ചാമ്പക്കാ പോലിരുന്ന ഹിന്ദിക്കാരന്റെ മുഖം മാതളനാരങ്ങ തോല് കളഞ്ഞ പോലെ ആയിരിക്കുന്നു.മുഖത്തൊക്കെ തണര്‍പ്പ് പൊന്തി വീര്‍ത്തിരിക്കുന്നു.ചുണ്ട് രണ്ടു ചെറിയ ബലൂണ്‍ വീര്‍പ്പിച്ചു കെട്ടിയ പോലെ!പട്ടിയുടെ ദേഹത്ത് ചെള്ള് കയറിയ പോലെ അയാള് കൈയിലും കാലിലുമൊക്കെ മാന്താന്‍ തുടങ്ങി.
അത് നോക്കി നിന്ന എന്നോട് പതി ചോദിച്ചു ."പുറത്തുപോകാന്‍ പറ്റാത്ത ദേഷ്യത്തിന് നീ ഫുഡില് വല്ലതും ചേര്‍ത്തോ?സത്യം പറഞ്ഞോ."
"ഞാനൊന്നും ചേര്‍ത്തിട്ടില്ല" .ഞാന്‍ കറിയില്‍ ചേര്‍ത്തതെന്തോക്കെ എന്ന് ആലോചിച്ചു.(ചേര്‍ക്കാത്തതെന്ത് എന്ന് ആലോചിക്കുകയാണ് എളുപ്പം)
"എന്തെങ്കിലും ഭക്ഷണത്തിനു അലര്‍ജിയുണ്ടോ?" പതി ബേജാറായി അയാളോട് ചോദിച്ചു.
"കസൂരി മേത്തി അലെര്‍ജിയാണ്.എന്നുകരുതി ഇത്രയൊന്നും ഉണ്ടാകാറില്ല.നിങ്ങള്‍ മദ്രാസികളല്ലേ.മദ്രാസി ഫുഡ് ആകുമെന്ന് കരുതി അത് പറഞ്ഞില്ല"ഹിന്ദിവാലയെ ചൊറിയുന്നതില്‍ സഹായിക്കുന്ന ഹിന്ദിവാലി പറഞ്ഞു.
പാവങ്ങള്‍! ഇഡലിയും സാമ്പാറും ചമ്മന്തിയും അടിക്കാം എന്ന് സ്വപ്നം കണ്ടു വന്നതാണ്. അപ്പോഴാണ് സംഭവത്തിന്റെ കാരണം എന്റെ മിഡില്‍ ഓഫ് ഒബ്ലാം കട്ടയില്‍ മിന്നിയത്.നോര്‍ത്ത് ഇന്ത്യന്‍ രുചി കിട്ടാന്‍ കസൂരിമേത്തിയുടെ പാകെറ്റില്‍ പകുതിയും എല്ലാ കറികളിലും എന്തിനു ചപ്പാത്തിയില്‍ കൂടി കുറച്ചു ഇട്ടിരുന്നു.ദൈവമേ !! ഇയാള് ബലൂണായി പാറി പോകാത്തത് ഭാഗ്യം. കസൂരിമേത്തി അലര്‍ജി ഉള്ള ഒരു ഹിന്ദിവാല ഈ ലോകത്തുണ്ടാകുമെന്നു ഞാന്‍ നിനച്ചതെ ഇല്ല ..ഈശ്വരോ രക്ഷതു!