Saturday, October 8, 2011

ജീവിത ഘടികാരം

രാത്രി വെറുതെ പല്ലൊന്നു പിടിച്ചു നോക്കി.
നോക്കിയ  പല്ല് ഇതാ കയ്യില്‍ പോന്നു.
അടുത്ത പല്ല് വെറുതെ ഒന്ന് ഇളക്കി നോക്കി.
അതും പോന്നു.
അങ്ങനെ ഇളക്കി ഇളക്കി 25 പല്ല് കയ്യില്‍.
അതോടുകൂടി പല്ല് തൊടാന്‍ പേടി.
കൊഴിഞ്ഞ  പല്ലൊക്കെ തലയണക്കടിയില്‍ വച്ചു ഉറങ്ങാന്‍ കിടന്നു..
രാവിലെ  എഴുനേറ്റപ്പോള്‍ പിന്നെയും 6 പല്ലുകൂടി കൊഴിഞ്ഞു  കിടക്കുന്നു..
എല്ലാം കൂടി എണ്ണി നോക്കി.മൊത്തം 31.അപ്പോള്‍ ഒന്ന് കൂടെ കൊഴിയാനുണ്ട് . .
വായില്‍ പരതി നിരാശനായി.
അപ്പോള്‍ ആ കാര്യത്തില്‍  ദൈവം  പിശുക്ക് കാട്ടിയിരിക്കുന്നു.
ഇനി ഭക്ഷണം കടിച്ചു പറിച്ചു തിന്നുന്ന കാര്യം ആലോചിക്കണ്ട.
ആളുകളുടെ മുഖത്തെങ്ങനെ നോക്കും. .
വല്ലവരോടും സംസാരിക്കാം എന്ന് വച്ചാല്‍ പറ്റുന്നില്ല.
പാട്ട് പാടി നോക്കി..രക്ഷയില്ല.
എഴുത്ത്  നടക്കും.എഴുതാന്‍ പല്ല് ആവശ്യം ഇല്ലല്ലോ  .
സാരമില്ല..മാറ്റങ്ങള്‍ അനിവാര്യമാണ്.
പല്ലുളവര്‍ തിന്നട്ടെ ..പല്ലുളവര്‍  പാടട്ടെ..പല്ലുള്ളവര്‍ ഡാന്‍സ് കളിക്കട്ടെ .
പല്ല് തേക്കാന്‍ എണീട്ടപോള്‍ ആലോചിച്ചു .
ഇനി അതിന്റെ ആവശ്യം ഇല്ലലോ..
 ബ്രഷ് ഇനി മുതല്‍ ചീര്‍പ്പ് വിര്‍ത്തിയാക്കാന്‍  ഉപയോഗിക്കാം .
മുഖം കഴുകാം...
കണ്ണാടി നോക്കിയപ്പോള്‍ അമ്പരന്നു.തല മുഴുവന്‍ നരച്ചിരിക്കുന്നു.
ഡയ് അടിക്കാം ..
പക്ഷേ ..ഇത്ര പെട്ടന്ന്....
ജീവിതത്തില്‍  ചെയ്യാന്‍ ബാക്കിയുള്ള കാര്യങ്ങള്‍ എങ്ങനെ ചെയ്തു തീര്‍ക്കും?.
പെട്ടന്ന് അലാറം അടിച്ചു.ഞാന്‍ ഞെട്ടി ഉണര്‍ന്നു..
ആദ്യം വായില്‍ കയ്യിട്ടു എല്ലാ പല്ലും എണ്ണി.കൃത്യം 31 ..
ഒന്ന് പണ്ട് വയ്ജയന്തി  ഡോക്ടര്‍ ഇളക്കി എടുത്തിരിക്കുന്നു...
വെറുതേ ദൈവത്തെ  കുറ്റം പറഞ്ഞു.
പിന്നെ  ഓടി കണ്ണാടിയില്‍ നോക്കി..
ഭാഗ്യം നര ഒന്നുപോലും ഇല്ല.
ഹാവൂ ...ഘടികാരം പിന്നോട്ട് തന്നെ വന്നിരിക്കുന്നു.
അന്ന് ആദ്യമായി അലാറം അടിച്ചതില്‍  സന്തോഷിച്ചു .
ഘടികാരത്തെ  നോക്കി പുഞ്ചിരിച്ചു .

Wednesday, October 5, 2011

രഹസ്യ കാമുകന്‍


       അന്ന് വാര്‍ഷിക പരീക്ഷ കഴിഞ്ഞ ദിവസം ആയിരുന്നു.പതിവുപോലെ പത്തുമണി ആയപ്പോഴേക്കും  ഞാന്‍ ഉറങ്ങാന്‍ കിടന്നു.മെല്ലെ ഉറക്കത്തിലേക് വഴുതി വീഴാന്‍ പോയപ്പോഴേക്കും അതേ മുറിയില്‍ തന്നെ കിടക്കുന്ന എന്‍റെ അനിയത്തി ലൈറ്റ് ഇട്ടു എന്നെ വിളിച്ചുണര്‍ത്തി .
"ചേച്ചി..ഇന്നത്തെ എക്സാം  തീരെ ഈസി അല്ല.എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല."
"അതിനു ഞാനെന്തു വേണം?.എക്സാം കഴിഞ്ഞില്ലേ"..പരീക്ഷ എളുപ്പമായാലും അല്ലെങ്കിലും അതൊന്നും എന്‍റെ ഉറക്കത്തിനെ ബാധിച്ചിരുന്നില്ല.പക്ഷേ അന്ന് അവള്‍ എന്നെ ഉറങ്ങാന്‍ സമ്മതിക്കും എന്ന് തോന്നിയില്ല .
"ചേച്ചി..നമുക്ക് എന്തെങ്കിലും സംസാരിച്ചു ഇരിക്കാം.അല്ലെങ്കില്‍ ഏതെങ്കിലും കഥ പറഞ്ഞു താ.ഏതായാലും നാളെ കോളേജില്ലലോ "
അപ്പൊ അതാണ്‌ കാര്യം.പരീക്ഷ ആയ കാരണം എന്‍റെ കഥ എഴുത്ത് പരിപാടി ഒന്നും ഏതായാലും കുറച്ചു ദിവസമായി നടക്കുന്നില്ല.ആ സങ്കടം ഇന്ന് തീര്‍ക്കാം.ഞാന്‍ ബെഡില്‍ എഴുന്നേറ്റു ഇരുന്നു അവളോട്‌ മെല്ലെ പറഞ്ഞു.
"കഥയല്ല..ഇന്ന് ഞാനൊരു രഹസ്യം പറയാം.നീ ആരോടും പറയരുത്" 
"ഇല്ല ചേച്ചി..ഞാന്‍ ആരോടും പറയില്ല"
ഞാന്‍ എന്‍റെ കാമുകനെ കുറിച്ചാണ് പറയാന്‍ പോകുന്നത്.അമ്മയോടോന്നും പറയല്ലേ.."
        ഇനി അമ്മയെയോ അച്ഛനെയോ പിടിച്ചു ഞാന്‍ സത്യം ഇടീപ്പിക്കുമോ എന്ന ഒരു ഭയം അവളുടെ കണ്ണില്‍ ഉണ്ടായിരുന്നു.അവള്‍ രഹസ്യം കേള്‍ക്കാന്‍ എന്‍റെ അടുത്തു ബെഡില്‍ ഇരുന്നു.ഞാന്‍ എന്‍റെ ശബ്ദം ഒക്കെ ശെരിയാക്കി  നേരെ ഇരുന്നു ഒരു  വലിയ രഹസ്യം അവളോട്‌ പറയാന്‍ തയ്യാറായി.
"അവന്‍ എന്‍റെ കാമുകന്‍
എന്നും എന്നെ കാണാന്‍ വരും
എന്‍റെ മുടിയിഴകളില്‍  തലോടും 
കാതില്‍ കിന്നാരം പറയും
സങ്കടം വന്നു കരഞ്ഞാല്‍ കണ്ണുനീരൊപ്പും "
കുറച്ചു സാഹിത്യം കലര്‍ന്നതനെങ്കിലും അത് കേട്ട് അവള്‍ അത്ബുധപ്പെട്ടു.
"പിന്നെ ഞാന്‍ എന്‍റെ എല്ലാ കാര്യങ്ങളും പറയാറുണ്ട്"  ..
"അപ്പൊ എന്‍റെ കാര്യവും പറഞ്ഞോ?"
"ആ ..നിന്റെ കാര്യവും പറഞ്ഞു.നീയെന്നോട്‌ വഴക്കടിക്കുന്ന  കാര്യവും പറയാറുണ്ട്."
"ശെ..മോശമായി..ആളെങ്ങനെ സുന്ദരനാണോ?"
"അതേ...അതിസുന്ദരന്‍..വര്‍ണിക്കാന്‍ പറ്റില്ല.അത്രേം സുന്ദരനാ ..പിന്നെ ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കും .എപ്പളും മൂളിക്കൊണ്ടിരിക്കും.എന്‍റെ ചെവിയില്..ഇങ്ങനെ.....ഉം ...ഉം..."ഞാന്‍ മൂളുമ്പോള്‍ അവള്‍ വായും പൊളിച്ചു കേട്ടിരിക്കുകയായിരുന്നു.
"ചേച്ചി ..നിങ്ങള്‍ എവിടെ വച്ചാണ് കാണാറ്?"..
അവള്‍ സി.ഐ.ഡി പണി തുടങ്ങി എന്നെനിക്ക് മനസിലായി.
"എവിടെ വച്ചെന്നൊന്നും  ഞാന്‍ പറയില്ല .എന്നും കാണാറുണ്ട്.ഇനി നീ ഉറങ്ങിക്കോ.എനിക്ക് ഉറക്കം വരുന്നു.ബാക്കി നാളെ പറയാം."ഞാന്‍ പുതപ്പെടുത്തു തല മൂടി സുഖമായി കിടന്നു ഉറങ്ങി.
          അവള്‍ ഇതും മനസ്സില്‍ ഇട്ടു ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും രാത്രി തള്ളി നീക്കിയോ അതോ ഉറങ്ങിയോ എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും രാവിലെ പത്തുമണിയായിട്ടും കക്ഷി ബെഡില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു.അന്ന് വയ്കുന്നേരം എന്‍റെ സുഹൃത്തായ സാജിദയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍  ഒളിച്ചു നിന്നു ഞങ്ങളുടെ സംസാരം കേള്‍ക്കുന്ന അമ്മയെ മുന്നിലുള്ള കണ്ണാടിയിലൂടെ ഞാന്‍ കണ്ടു.എന്‍റെ കാമുക കഥ പൊടിപ്പും തൊങ്ങലും വച്ചു റെക്കോര്‍ഡ്‌ ബുക്ക്‌ സമര്‍പ്പിക്കുന്നതിലും ഉഷാറോടെ അമ്മക്ക് സമര്‍പ്പിക്കപ്പെട്ടു എന്ന് എനിക്ക് മനസിലായി.
       സാധാരണ രാത്രി പത്തര ആയാലും ടിവിയില്‍ ഹിന്ദി സിനിമയും കണ്ടു ഇരിക്കാറുള്ള നമ്മുടെ സഹോദരി അന്ന് ഒന്‍പതു മണി ആയപ്പോഴെ ഉറക്കം വരുന്നെന്നും പറഞ്ഞു എന്നെയും കൂട്ടിനു വിളിച്ചു മുറിയില്‍ കയറി.
"ചേച്ചി..ബാക്കി പറയു.ഇന്ന് നിങ്ങള്‍ കണ്ടോ?."
അവളുടെ ചോദ്യത്തിലെ സൂത്രം  എനിക്ക് മനസിലായി.അന്ന് വീട് വിട്ടു പുറത്തു ഇറങ്ങിയിട്ടില്ലാത്ത ഞാന്‍ വീട്ടിലുള്ളവരെയും വീട്ടില്‍ വന്ന എന്‍റെ മുറചെറുക്കന്‍ മാരെയും മുറപെണ്ണുങ്ങളെയും മരപ്പണിക്ക് വന്ന രണ്ടു ആശാരിമാരെയും മാത്രമേ കണ്ടിട്ടുള്ളു..അത് എന്നെക്കാള്‍ നന്നായി അവള്‍ക്ക്ക് അറിയാം.ഹമ്പടീ...എന്നോടാ കളി.....
"ഇല്ല..ഇന്ന് കണ്ടില്ല.പക്ഷേ എന്‍റെ കൂടെ ഉണ്ടായിരുന്നു".ഞാന്‍ ഒട്ടൊരു സങ്കടത്തോടെ പറഞ്ഞു
അവള്‍ മനസിലുള്ള ചില പേരുകള്‍ വെട്ടികളയുന്ന ശബ്ദം ഞാന്‍ കേട്ടു.
"ചേച്ചി.. അത്രേം കര്യായിട്ടാണോ?.നമ്മുടെ ജാതിയാണോ?.എവിടെ ഉള്ളതാ?.ഒറ്റ ശ്വാസത്തില്‍ ഇത്രയും ചോദ്യം ചോദിച്ചു ഉത്തരത്തിനായി അവള്‍ എന്നെ നോക്കി.
"നമ്മുടെ ജാതിയല്ല .ഇവിടെയൊക്കെ തന്നെ ഉണ്ട്.എന്‍റെ ഓരോ നിശ്വാസത്തിലും ഉണ്ട്.അവനില്ലാതെ ഞാനില്ല..അവനില്ലാതാകുന്നതോടെ  ഞാനും  ഇല്ലാതാകും.എന്‍റെ അവസാന ശ്വാസം വരെ അവന്‍ എന്‍റെ കൂടെ ഉണ്ടാകും".
"ചേച്ചിയെ അവന്‍ ഒന്നും ചെയ്തിട്ടൊന്നും ഇല്ലാലോ?"
"ഉം ..ഉമ്മ വച്ചു."
"എവിടെയൊക്കെ?.." അവളുടെ മുഖഭാവം മാറുന്നത് ഞാന്‍ കണ്ടു.
"കയ്യില്‍,മുഖത്ത്,നെറ്റിയില്‍,ചുണ്ടില്‍,മുടിയിഴകളില്‍ ,..."ഞാന്‍ മുഖം കുനിച്ചു ഇരുന്നു.
"അയ്യോ...ചേച്ചി എന്തൊക്കെയാ കാട്ടികൂട്ടിയിരിക്കുന്നെ.എല്ലാ പെണ്‍കുട്ടികളും വായ നോക്കുന്ന രാകേഷ് ചേച്ചിടെ പിന്നാലെ രണ്ടു കൊല്ലം നടന്നിട്ടും ചേച്ചി അവനെ തിരിഞ്ഞു നോക്കിയില്ല എന്ന് ഞാന്‍ ഇന്നലെ കൂടി അഭിമാനത്തോടെ രേഷ്മയോട്‌ പറഞ്ഞേ ഉള്ളു.അതിനു കാരണം ഇതാണല്ലേ.ആരാണ് ആള്?.എന്തായാലും സാധാരണക്കാരന്‍ ആവില്ല".
"ആളെ നിനക്ക് പറഞ്ഞു തരാം.സമയമാകട്ടെ.ഇപ്പൊ കിടന്നു ഉറങ്ങാന്‍ നോക്ക്" ഞാന്‍ അതും പറഞ്ഞു സുഖമായി കിടന്നു ഉറങ്ങി.
        പിറ്റേന്ന് രാവിലെ ഉറക്കം തൂങ്ങിയ കണ്ണുകളുമായി അവള്‍ എന്നെ ക്രൂശിച്ചു നോക്കി.ഞാന്‍ കഴിയുന്നതും അവളുടെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു. രാത്രി ഭക്ഷണം കഴിഞ്ഞു സേമിയ പായസം അടിച്ചു മാറുമ്പോഴാണ് പായസം എന്ന് കേട്ടാല്‍ പൂച്ചക്ക് ഒണക്കമീന്‍ എന്ന പോലെ ഓടി വരാറുള്ള എന്‍റെ പ്രിയ സഹോദരിയെ കാണാന്‍ ഇല്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്.ഞാന്‍ നോക്കിയപ്പോള്‍ ആള് റൂമില്‍ മൂടിപ്പിടിച്ചിരിക്കുന്നു.

"നിനക്കെന്തു പറ്റി ?".ഞാന്‍ പരിതാപത്തോടെ അവളെ  നോക്കി.

"ചേച്ചി..എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്".

      പിന്നീടുള്ള അവളുടെ സംസാരത്തില്‍ നിന്നും പത്താം ക്ലാസ് വരെയേ ഞങ്ങള്‍ രണ്ടാളും ബയോളജി  പഠിച്ചിട്ടുള്ളൂ എങ്കിലും അവള്‍ക്കു അതില്‍ എന്നേക്കാള്‍  വിവരം ഉണ്ടെന്നു മനസിലായി.അതിനെക്കുറിച്ചു കാര്യമായി ഒന്നും അറിയാത്ത എനിക്ക് പല സംശയങ്ങളും അവളോട്‌ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അവളുടെ ചേച്ചി ആണല്ലോ എന്ന് ഓര്‍ത്ത്‌ മിണ്ടാതിരുന്നു.അര മണിക്കൂര്‍  ക്ലാസ്സ്‌ കഴിഞ്ഞതും അവള്‍ ഉപദേശം തുടങ്ങി.

"ചേച്ചി നമ്മുടെ മുത്തശന്റെ പെരും പെരുമയും ആലോചിച്ചോ?. അമ്മയെയും അച്ഛനെയും ആലോചിച്ചോ?.അവരുടെ സ്റാടസിനെ  കുറിച്ചു ഓര്‍ത്തോ?.മഹാന്മാരായ നമ്മുടെ അമ്മാവന്മാരെ കുറിച്ചു ഓര്‍ത്തോ?.ചേച്ചിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഞങ്ങളെ ഒക്കെ കുറിച്ചു ഒരു മിനുട്ടെങ്കിലും ഓര്‍ത്തോ?ഇവരൊക്കെ ചേച്ചിയും അവനുമായുള്ള കല്യാണം നടത്തി തരും എന്ന് കരുതുന്നോ?ഇനി നിങ്ങള്‍ എങ്ങാന്‍ ഓടി പോയാല്‍ രണ്ടിനേം അവര് വെട്ടി കൊല്ലും."അവള്‍ ശ്വാസം കഴിക്കാന്‍ വിഷമിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി.
"അതിനു ആര് ഓടിപ്പോകുന്നു?ആര് കല്യാണം കഴിക്കുന്നു ?"  ഇത് പറഞ്ഞു ഞാന്‍ കൂള്‍ ആയി അവളെ നോക്കി.
"ഏ....അപ്പോള്‍ നിങ്ങള്‍ കല്യാണം കഴിക്കുന്നില്ലേ?" അവള്‍ വായും  പൊളിച്ചു  എന്നെ നോക്കി.
"ഇല്യ ..കല്യാണം കഴിക്കുന്നില്ല.അല്ലാതെ തന്നെ അവന്‍ ജീവന്‍ ഉള്ളിടത്തോളം എന്‍റെ കൂടെ ഉണ്ടാകും".
"ആഹാ ..ആരാണത്?.എനിക്ക് ഇപ്പൊ അറിയണം.ചേച്ചി ..അല്ലെങ്കില്‍ ഞാനിത് അമ്മയോട് പറയും.".അവള്‍ വെളിച്ചപ്പാട് ഉറയുന്ന പോലെ ഉറയാന്‍ തുടങ്ങി .
"കാറ്റ് " ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു.
"കാറ്റോ?"
"അതേ..കാറ്റ്....വായു..തെന്നല്‍ !
എന്‍റെ മുടിയിഴകളെ തലോടുന്ന 
എന്‍റെ പരിഭവം കേള്‍ക്കുന്ന 
എന്നെ ഉമ്മ വയ്ക്കുന്ന 
എന്‍റെ ചെവിയില്‍ മൂളുന്ന
ഒരു നിശ്വാസമായി ജീവന്റെ തുടിപ്പായി 
എപ്പോഴും എന്‍റെ കൂടെ ഉള്ള എന്‍റെ 
കാറ്റ്..വായു....തെന്നല്‍..." ഞാന്‍ ഒരു സിനിമാ ഡയലോഗുപോലെ  പറഞ്ഞു.
      രണ്ടു ദിവസത്തെ ഉറക്കം മുഴുവനുള്ള കണ്ണ് തുറിച്ചു ദേഷ്യത്തില്‍ രണ്ടു മിനിറ്റ് അവള്‍ എന്നെ നോക്കി.ഞാന്‍ എന്തും സഹിക്കാന്‍ തയ്യാറായി ഇരുന്നു.പിന്നീട് അതുവരെ കേട്ടിട്ടില്ലാത്ത തെറിയൊക്കെ വിളിച്ചു പറഞ്ഞു തലയിണ വെച്ച് അവള്‍ക്കു മതിയാവോളം എന്നെ ആഞ്ഞു അടിച്ചു .ഞാന്‍ പതുക്കെ എണീറ്റ്‌ എന്‍റെ പഠന മേശയില്‍ പോയി അന്ന് കേട്ട തെറിയൊക്കെ ഒരു കടലാസില്‍ എഴുതി വച്ചു.കിട്ടിയത് ആരായാലും എപ്പോളായാലും തിരിച്ചു കൊടുക്കണമല്ലോ.ബയോളജിയില്‍ മാത്രമല്ല ഇതിലും ഇവള്‍ക്ക് ഇത്ര പ്രാവീണ്യം  ഉണ്ടെന്നു അന്ന് ആദ്യമായി എനിക്ക് മനസിലായി.എഴുതിയ കടലാസ് പുസ്തകത്തിനുള്ളില്‍ വച്ചു ഞാന്‍ എന്‍റെ കാമുകന് വേണ്ടി ജനാല തുറന്നു വച്ചു കട്ടിലില്‍ പോയി കിടന്നു.
  അതാ...അവന്‍ പതുക്കെ വന്നു എന്‍റെ മുടിയിഴകള്‍  തലോടി..നെറ്റിയില്‍ ഉമ്മ വച്ചു...എന്നെ തണുപ്പിന്റെ പുതപ്പണിയിച്ചു...ചെവിയില്‍ പതുക്കെ മൂളി എന്നെ ഉറക്കുന്നു.ഇനി ഞാന്‍ ഉറങ്ങട്ടെ.നിങ്ങള്‍ക്കും ശുഭരാത്രി.

Monday, October 3, 2011

ഹൈദരാബാദ്--ഹൃദയത്തിന്റെ മടിത്തട്ടിലൂടെ ഒരു സുന്ദര യാത്ര (നാലാം ദിവസം )സമയം രാവിലെ എട്ടുമണി. തുറന്നിട്ട ജനലിലൂടെ വന്നു നമ്മെ തണുപ്പില്‍ ഊഞ്ഞാലാട്ടുന്ന നല്ല കാറ്റ്.ഞാന്‍  പുതപ്പു ഒന്നുകൂടി തല വഴി മൂടി മടി പിടിച്ചു കിടന്നു.പുതപ്പിനടിയിലൂടെ കാറ്റ് വന്നു എന്നെ പതുക്കെ  തലോടി.തലേന്ന് തന്നെ അന്ന് പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ഒരു രൂപരേഖ കിട്ടിയിരുന്നെങ്കിലും എന്നെ തഴുകുന്ന കാറ്റുമായുള്ള സല്ലാപം മതിയാക്കി എണീറ്റ്‌ പോകാന്‍ എനിക്ക് മനസ്സ് വന്നില്ല."ഇന്നും പത്തുമണി വരെ മൂടിപ്പുതച്ചു കിടക്കാം എന്ന് കരുതണ്ട. നേരത്തെ പോയാലെ എല്ലാ സ്ഥലങ്ങളും കാണാന്‍ പറ്റു ".അനിയത്തി വന്നു പുതപ്പു വലിച്ചു ."അയ്യോ പുതപ്പു വലിക്കല്ലേ., അതിനടിയില്‍ ഒരാള് കൂടെ ഉണ്ട്.".ഞാന്‍ പറഞ്ഞു."ആരാ പ്രേതമാണോ?" അവള്‍  മുഖം കോട്ടി ചോദിച്ചു . "അല്ല,കാറ്റ് .." ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു."കാറ്റണെങ്കില്‍  എണീറ്റ്‌ പോരെ.പോകുന്നിടത്തൊക്കെ അവന്‍ കൂടെ  ഉണ്ടാകും" അവള്‍ എന്‍റെ വട്ടു മറ്റുള്ളവരോട് പറയാന്‍ ഓടി.ഇനിയും മൂടിപ്പുതച്ചു കിടക്കുന്നത് അത്ര പന്തിയല്ല.എല്ലാവരും കൂടെ വന്നു എന്നെ വലിച്ചു താഴെ ഇടും.അതുകൊണ്ട് ഞാന്‍ പതുക്കെ എണീറ്റ്‌ അന്നത്തെ യാത്രക്ക് പോകാനൊരുങ്ങി.
    എല്ലാവരും വേഗം പ്രഭാത ഭക്ഷണം കഴിച്ചു യാത്രക്ക് റെഡി ആയിക്കൊള്ളു.തയ്യാറായി കഴിഞ്ഞെങ്കില്‍ ഇന്നത്തെ യാത്ര തുടങ്ങാം.
 ബിര്‍ലാ മന്ദിര്‍- കൊത്തുപണികളുടെ ഒരു വെള്ള മന്ദിരം


 രാവിലെ ഒന്‍പതു മണിയോടെ നമ്മള്‍ ബിര്‍ലാ മന്ദിറിലേക്ക് യാത്ര ആരംഭിച്ചു.പ്രധാന റോഡു കഴിഞ്ഞു വളഞ്ഞതും കയറ്റ ഇറക്കങ്ങള്‍ ഉള്ളതുമായ ഒരു വഴിയിലൂടെ വണ്ടി പോകാന്‍ തുടങ്ങി.ഹൈദ്രാബാദിലെ ആദര്‍ശ് നഗറിലാണ് ബിര്‍ലാ മന്ദിര്‍ സ്ഥിതി ചെയ്യുന്നത് .പത്തുമണിയോടെ നമ്മള്‍ ബിര്‍ലാ  മന്ദിറിന്റെ ചുവട്ടിലെത്തി.പകുതി മേഘങ്ങളാല്‍  മൂടി ഒരു വെള്ള കൊട്ടാരം പോലെ പടവുകള്‍ക്കു മുകളിലായി ബിര്‍ലാമന്ദിര്‍. ചുവരിന്റെ ഒരു ഭാഗം  കൂടെ ഒഴിവാക്കാതെ സൂക്ഷ്മമായ കൊത്തു പണികള്‍ കൊണ്ട് നിറഞ്ഞതാണ്‌ ബിര്‍ലാ മന്ദിര്‍. ദൈവത്തിനായി  ബിര്‍ള തീര്‍ത്ത ഒരു വെണ്ണക്കല്‍  സൌധം. ബാലാജി (മഹാ വിഷ്ണു) ആണ് പ്രധാന പ്രതിഷ്ഠ.കറുത്ത  മുഖത്തിന്റെ പകുതിയും നിറഞ്ഞു നില്‍ക്കുന്ന ഭസ്മ കുറി ആണ് ഈ വിഗ്രഹത്തിന്‍റെ പ്രത്യേകത. അതല്ലാതെ വേറെയും പ്രതിഷ്ഠകള്‍ ഇവിടെ ഉണ്ട്.ദൈവ മന്ദിരത്തിന്റെ സൌന്ദര്യം ആവോളം ആസ്വദിച്ചു നമുക്കിവിടെ കറങ്ങി നടക്കാം.ഇരിക്കാന്‍ കുറെ പടവുകള്‍ ഉള്ള ഒരു സ്ഥലത്ത് കുറച്ചു നേരം സംസാരിച്ചു ഇരുന്നു ചുറ്റുമുള്ള കാഴ്ചകള്‍ ഉയരത്ത് നിന്നും നോക്കി കണ്ടു നമുക്ക് പടികള്‍ തിരിച്ചിറങ്ങാം.
            പോകുന്നിടത്ത് നിന്നെല്ലാം എന്തെങ്കിലും വാങ്ങുക എന്‍റെ ഒരു ശീലമാണ്.പിന്നീട് അത് കാണുമ്പോള്‍ എല്ലാ യാത്രകളും സുഖമുള്ള ഓര്‍മകളായി മനസ്സില്‍ കടന്നു വരും.ചന്ദ്രനില്‍ ചെന്നാലും ഞാന്‍ ഒരു കട കണ്ടു പിടിക്കും എന്ന് എന്‍റെ കൂട്ടുകാര്‍ എന്നെ കളിയാക്കുമ്പോഴും ഞാന്‍ അത് ചിരിച്ചുതളളും.കാരണം അതിനു പിന്നില്‍  എന്റേത് മാത്രമായ ഒരു സ്വകാര്യം ആണ്..ഇപ്പോള്‍ നിങ്ങളും അറിഞ്ഞല്ലേ..ശ് ശ് ......ആരോടും പറയല്ലേ.നിങ്ങള്‍ക്കും  അങ്ങനെ ഓര്‍മ്മക്കായി വല്ലതും വാങ്ങാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഇവ്ടുത്തെ ഏക കടയില്‍ നിന്നും വാങ്ങാം.പടികള്‍ക്കു താഴെയായി ഒരേ ഒരു കട .ഞാന്‍ ഇവിടുത്തെ പ്രത്ഷ്ടയുടെയും എന്‍റെ പ്രിയപ്പെട്ട ഗണപതിയുടെയും ഓരോ ലോഹരൂപങ്ങളും ഒരു ചുമര്‍ ചിത്രവും കുറച്ചു പുസ്തകങ്ങളും വാങ്ങി.


ബിര്‍ള പ്ലാനിടോരിയവും സയന്‍സ് മ്യുസിയവും
ബിര്‍ള മന്ദിറില്‍ നിന്നും നമുക്ക് അതിനടുത്തു തന്നെ ഉള്ള ബിര്‍ള പ്ലാനിടോരിയവും മ്യുസിയവും കാണാന്‍ പോകാം.ബിര്‍ലാ മന്ദിറില്‍ നിന്നും വളഞ്ഞും കുത്തനെയുമുള്ള വളവുകള്‍ കഴിഞ്ഞാല്‍ പ്ലാനിടോരിയവും സയന്‍സ് മ്യുസിയവും എത്തി.
പ്ലാനിടോരിയം 

പ്ലാനിടോരിയം എന്താണെന്നു നിങ്ങള്ക്ക് എല്ലാവര്ക്കും അറിയാമല്ലോ.ചന്ദ്രനേയും മറ്റു ഗ്രഹങ്ങളേയും സൌരയൂധവും എല്ലാം നമ്മുടെ തലയ്ക്കു ചുറ്റും കറങ്ങുന്നത് നമുക്ക് നോക്കി കാണാം..കൂടാതെ ഇവയെ ഒക്കെ കുറിച്ചുള്ള വിവരണം കേട്ട് കുറച്ചു വിവരങ്ങള്‍ മനസ്സില്‍ പതിയുകയും ചെയ്യും.പണ്ട് ഭൂമിശാസ്ത്രം ക്ലാസ്സില്‍ കാണാപാഠം   ഉരുവിട്ട് പഠിച്ച ഗ്രഹങ്ങള്‍ ഒക്കെ കണ്മുന്നില്‍ കിടന്നു തിരിയുന്നത് കണ്ടു എനിക്ക് ചിരി വന്നു.."ഹേ മനുഷ്യാ,,നീ അപാരന്‍ തന്നെ".ഞാന്‍ കുറെ പ്ലാനിടോരിയങ്ങള്‍ കണ്ടിരിക്കുന്നു."ഇതെത്ര കണ്ടതാ ..സമയം കളയണ്ട" എന്ന് എന്‍റെ കൂട്ടുകാര്‍ പറഞ്ഞെങ്കിലും ഞാന്‍ അത് കാണാന്‍ വാശി പിടിച്ചു..കാരണം ഒരു കുട്ടിയുടെ കൌതുകത്തോടെ ഇതൊക്കെ നോക്കി കാണാന്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്.
  • പ്ലാനിടോരിയം -സന്ദര്‍ശന സമയം--രാവിലെ പത്തര മുതല്‍  മൂന്നു മണി വരെ
  • നാല് ഷോ നാല് ഭാഷകളിലായി വിവരണം(കന്നഡ ഭാഷ ആണെങ്കില്‍ കുടുങ്ങി..പണ്ട് ഭൂമിശാസത്രം അദ്ധ്യാപിക വിവരിക്കുമ്പോള്‍ ക്ലാസ്സില്‍ വായും പൊളിച്ചിരുന്ന അതേ അവസ്ഥ ആകും.)
  • ക്യാമറ  ഇവിടെ അനുവദിനീയമല്ല .
  • എല്ലമാസത്തെയും അവസാനത്തെ വ്യാഴാഴ്ച അവധിയാണ്.


         സയന്‍സ് മ്യുസിയം.

സയന്‍സ് മ്യുസിയത്തെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1 .ഇന്റര്‍ ആക്റ്റീവ് സയന്‍സ് സെന്റര്‍ 
ശാസ്ത്രത്തിലെ വിവിധ തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ പ്രവര്‍ത്തന രൂപങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം.ഒപ്ടിക്കല്‍  ഇല്ലുഷന്‍ ,ഇലക്ട്രോണിക്  സെക്ഷന്‍ ,മ്യുസിക്കല്‍ ഹാര്‍പ്പ് ,മിറര്‍ ട്രിക്സ്  ഇവയൊക്കെ നടന്നു കണ്ടു കഴിഞ്ഞെങ്കില്‍ നമുക്ക് മുകളിലെ നിലയിലേക് പോകാം.
2.ആര്‍കിയോലോജി  സെന്റര് ആന്‍ഡ്‌ നിര്‍മല ബിര്‍ള ആര്‍ട്ട്‌ ഗാലെറി (ചിത്രങ്ങളുടെ പ്രദര്‍ശനം) 
അവിടെ ചില അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ തത്ക്കാലം പ്രവേശനം നിഷേധിച്ചിരിക്കുന്നു.അതുകൊണ്ട് നമുക്ക് പടികള്‍ കയറി അടുത്ത നിലയിലേക്ക് പോകാം.പടികള്‍ കയറുകയല്ലാതെ ദുബായിലെ പോലെ എളുപ്പം മുകളില്‍ എത്താന്‍ വേറെ മാര്‍ഗങ്ങള്‍ ഒന്നും ഇവിടെ  ഇല്ല..അവിടെ എന്തെങ്കിലും കാണാന്‍  ഉണ്ടോ ആവൊ.അറിയാനുള്ള ആഗ്രഹം പടി കയറ്റം എളുപ്പമാക്കും.
 3.വിന്‍ഡോ ഓണ്‍ സയന്‍സ് (ശാസ്ത്രതിലെക്കൊരു ജനല്‍ )
ശാസ്ത്രത്തിലെക്കൊരു ജനാല .ഇവിടെ എല്ലാവരെയും ആകര്‍ഷിക്കുക ശെരിക്കും ഉള്ളതാണെന്ന് തോന്നത്തക്ക തന്മയതത്തോട് കൂടി  പ്രദര്‍ശിപ്പിച്ചിരിക്കുന്ന   റോക്കെറ്റിന്‍റെ   ഒരു വലിയ മോഡല്‍ ആണ്.താഴത്തെ നിലയില്‍ നിന്നും മൂന്നാമത്തെ നില വരെ ഉയരം ഉള്ളയൊരു റോക്കെറ്റ് . അതല്ലാതെ വിവിധ ഉപഗ്രഹങ്ങളുടെ മോഡല്കളും  ചിത്രങ്ങളും  വിവരണവും അവിടെ കാണാം. 
4 .ദിനൊസറിയം   
ഈ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലയാണ് ദിനോസരിയം.അവിടെ മുറിക്കു നടുവിലായി ദിനോസറിന്റെ വലിയ ഒരു അസ്ഥിരൂപം .ഈ അസ്തികൂട ദിനോസറിന്റെ പേര് കേള്‍ക്കണോ? കൊട്ടസോരസ് യമപല്ലിയെന്‍സിസ്..അതായത് ഒരു യമണ്ടന്‍ പല്ലി എന്ന് അര്‍ത്ഥം .(എനിക്ക് തോന്നിയതാണെ ) 1974-1982 കാലഘട്ടത്തില്‍ അടിലബാദ് ജില്ലയില്‍ നിന്നും കണ്ടെടുത്തതാണ് ഇത്.അത് കൂടാതെ അവിടെ നിന്നും കണ്ടെടുത്ത ദിനോസറിന്റെ മുട്ട,എല്ലുകള്‍,കാല്പാടുകള്‍ പതിഞ്ഞ പാറകള്‍ എന്നിവയും ഇവിടെ കാണാം.ചുമരില്‍ വിവിധ തരാം ദിനോസറുകളുടെ ചിത്രങ്ങളും ലഖു വിവരണവും ഉണ്ട്.എല്ലാം കണ്ടു കഴിഞ്ഞെങ്കില്‍ വേഗം പുറത്തിറങ്ങാം.വിശപ്പിന്റെ വിളി വന്നു തുടങ്ങിയിരിക്കുന്നു.ഇന്നത്തെ ഉച്ച ഭക്ഷണം നെക്ക്ലസ് റോഡിലാണ്.റോഡിലല്ല.....പേടിക്കണ്ട .നെക്ക് ല‍സ് റോഡിനടുത്ത് കായലിന്നരികിലുള്ള   അനേകം റെസ്റൊരെന്റുകളില്‍ ഒന്നില്‍ നിന്നും..പോയി നോക്കാം.
  • സയന്‍സ് മ്യുസിയം --സന്ദര്‍ശന സമയം--രാവിലെ പത്തര മുതല്‍ രാത്രി എട്ടേകാല്‍ വരെ 
  • എല്ലാ മാസത്തെയും  അവസാനത്തെ വ്യാഴാഴ്ച അവധിയാണ്.
നെക്ക്ലസ് റോഡ്‌ 

ഹുസൈന്‍ സാഗര്‍ ലയികിനോടു ചേര്‍ന്ന് എന്‍ ടി ആര്‍ ഗാര്‍ടനെയും സഞ്ജീവ പാര്‍കിനെയും യോജിപ്പിച്ചു കടന്നു പോകുന്ന റോഡാണ് നെക്ക് ല‍സ് റോഡ്‌. ആകാശത്തുനിന്നും നോക്കിയാല്‍ ഒരു നെക്ക് ലസിന്റെ ആകൃതിയിലായത് കൊണ്ടാണ് ഇതിനു ഇങ്ങനെ ഒരു പേര് കിട്ടിയത്.ഇതിന്റെ ഒരു വശത്തായി കടലിലേക്ക്‌ മുഖം നോക്കി നില്‍ക്കുന്ന റെസ്റൊരെന്റ്സുകള്‍ .ഹൈദ്രബാദ് സിറ്റിയുടെ  ഒരു മനോഹര ദൃശ്യം ഇവിടെ നിന്നും നമുക്ക്  കാണാം.ഈറ്റ് സ്ട്രീറ്റ് ,വാട്ടര്‍ ഫ്രന്റ്‌ എന്നിവയാണ് ഇവിടുത്തെ പ്രശസ്ത രേസ്റൊരെന്റ്സ് .ബുഫ്ഫെയോ ഫാസ്റ്റ് ഫുഡൊ കഴിക്കാം. നല്ല ഒരു ബുഫേ  കഴിച്ചു കായല്‍ കാറ്റും ആസ്വദിച്ച്  ഹൈദ്രബാദിന്റെ സൌന്ദര്യം നോക്കി കണ്ടു നമുക്ക് കുറച്ചു നേരം ഇവിടെ നടക്കാം.
അടുത്തതായി നമ്മള്‍ പോകുന്നത് ഇവിടുത്തെ ഒരു പ്രശസ്ത  പൂന്തോട്ടം ആയ എന്‍ ടി ആര്‍ ഗാര്ടെനിലേക്ക്.
എന്‍ .ടി.ആര്‍.ഗാര്‍ഡന്‍  
ഹൈദ്രാബാദിലെ അനേകം പൂന്തോട്ടങ്ങളില്‍ മനോഹരമായ ഒരു പൂന്തോട്ടം എന്‍. ടി ആര്‍.ഗാര്‍ഡനസ്.നടന്നു കണ്ടു തീരാത്ത അത്രയും വിശാല മായ പൂന്തോട്ടം.നേരം വൈകുന്നെരമായതിനാലും നല്ല തണുത്ത കാലാവസ്ഥ ആയതിനാലും എല്ലാം കണ്ടു നടക്കാന്‍ നല്ല സുഖം.അവിടെയെല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ ഞാന്‍  ഓടി നടന്നു.പണ്ട് അമ്മ വഴക്ക്  പറയും എന്ന് കരുതി കഴിക്കാന്‍ പേടിച്ചിരുന്ന ഐസ് ഫ്രൂട്ടും പഞ്ഞി മിട്ടായിയും ഇഷ്ടം പോലെ വാങ്ങി കഴിച്ചു.ഒരു ഉന്തു വണ്ടിയില്‍ പല കുപ്പികളിലായി പല നിറങ്ങളുള്ള വെള്ളം.നമ്മള്‍ക്ക് രണ്ടു നിറങ്ങള്‍ തിരഞ്ഞെടുക്കാം.ആ വണ്ടിയുടെ മൊതലാളി ഐസ് എടുത്തു പൊടിച്ചു അതില്‍ ഞാന്‍ പറഞ്ഞ രണ്ടു നിറങ്ങളിലുള്ള വെള്ളം ഒഴിച്ചു ഒന്ന് കൂടി കൈയ്യു കൊണ്ട്  അടിച്ചു ശെരിയാക്കി നാട്ടില്‍ കിട്ടുന്ന ഐസ് ഫ്രൂട്ട് പോലെ തരും.ഇത് കഴിക്കുന്നതിനു മുന്‍പ് ഞാന്‍ രാജേഷിനോട് ഹൈദ്രബാദ് ഉള്ള വല്ല നല്ല ഡോക്ടറുടെയും അഡ്രെസ്സ് എനിക്ക് തരണേ എന്ന് ആവശ്യപ്പെട്ടു.


അടുത്തതായി ബങ്കി ജമ്പിംഗ് ..വള്ളികളില്‍ നമ്മെ ബന്ധിച്ചു അവര്‍ മുകളിലേക്കും താഴേക്കും വലിക്കും...കുരങ്ങന്റെ പോലെ ചാടികളിക്കാം.എനിക്ക് ഉയരം പണ്ടേ പേടിയായതിനാല്‍ ആ പരിപാടിക്ക് നിന്നില്ല.ഞാന്‍ ഫോട്ടോ ഗ്രാഫെര്‍ ആയി അതില്‍ കയറുന്നവരുടെ ഫോട്ടോ എടുക്കാം എന്നേറ്റു.കൂടെ  ഉള്ളവരെല്ലാം അതില്‍ ചാടുന്നതിനെക്കാള്‍ ചാടുന്ന ഫോട്ടോ ശെരിക്കും പതിഞ്ഞില്ലേ എന്നതില്‍ വ്യാകുലപ്പെട്ടു.പിന്നീടു അവര്‍ക്ക് അത് എഫ് ബി യില്‍ പോസ്ടാനുള്ളതും കൂട്ടുകാരെ കാണിച്ചു കയ്യടി വാങ്ങാനുള്ളതും ആണ്‌. 
         അത് കഴിഞ്ഞു അടുത്തത്‌ പ്രേത ഭവനം.ആളെ പേടിപ്പിച്ചു പൈസ ഉണ്ടാക്കുന്ന ഓരോ തന്ത്രങ്ങള്‍. എനിക്ക് പൊതുവേ പേടി കുറവായത് കൊണ്ട് വെറുതെ പൈസ കളയണ്ട അടുത്തുള്ള കടയില്‍ നിന്നും ദഹി പൂരിയും  വാങ്ങി കഴിച്ചു ഞാന്‍ പുറത്തു നില്‍ക്കാം എന്ന് അവരോട് പറഞ്ഞു.ഞങ്ങള്‍ക്ക് മുന്‍പ് അകത്തു കയറിയ കുറച്ചു കൌമാരക്കാര്‍ പേടിച്ചു അലറി വിളിക്കുന്നതിന്റെ ശബ്ദം പുറത്തേക്കു കേള്‍ക്കാം.എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരുടെയും സഹോദര സഹോദരിമാരുടെയും അലര്‍ച്ച പ്രതീക്ഷിച്ചു പുറത്തു നിന്ന എന്നെ അതിശയിപ്പിച്ചു  കടലയും കൊറിച്ചു കൊണ്ട് അവര്‍ കൂള്‍ ആയി പുറത്തു വന്നു.ഇനി നിങ്ങള്‍ക്കും കയറി നോക്കാം.ഒരു ധൈര്യപരീക്ഷണം..അല്ലെങ്കില്‍ എന്‍റെ പോലെ ദഹി പൂരിയും കഴിച്ചു പുറത്തു നില്‍ക്കാം.പറയാതെ വയ്യ ഇവിടുത്തെ ദഹി പൂരി സൂപ്പര്‍ ടേസ്റ്റ് .
       ഗാര്‍ഡനില്‍ കറങ്ങി ഇരുട്ടായതറിഞ്ഞില്ല.നമുക്ക് തിരിച്ചു പോകണ്ടേ.രാവിലെ മുതല്‍ കറങ്ങിയത്തിന്റെ ക്ഷീണം കാണും.പക്ഷേ കാഴ്ചകള്‍ കാണുന്ന സന്തോഷത്തില്‍ ഒന്നും അറിയുന്നില്ല.
നാളെ നമുക്ക് പോകാം മറ്റൊരു സ്ഥലത്തേക്ക്.ഇനിയും ഉണ്ട് ഹൈദ്രബാദില്‍ ഒരു പാട് കാഴ്ചകള്‍.അതുവരേക്കും സീ .യു ..ടി .സി ......കാണാം.