Saturday, October 15, 2011

ഒരു പഞ്ചസാര കഥ (ഷുഗര്‍ ഇല്ലാത്തവര്‍ മാത്രം വായിക്കുക)


               കണാരന്‍ രാവിലെ എണീറ്റ്‌ പല്ല് പോലും തേക്കാതെ തന്റെ മുഖപുസ്തകം തുറന്നു.രാവിലെ എണീറ്റ്‌ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന തന്‍റെ ഇരുപതോളം വരുന്ന പ്രണയിനിമാര്‍ക്ക് സ്നേഹത്തില്‍ പൊതിഞ്ഞ ശുഭ ദിനം ആശംസിച്ചു കഴിഞ്ഞാല്‍ ആ മാന്യവ്യക്തിയുടെ അന്നത്തെ ദിവസം തുടങ്ങുകയായി.പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ നേരാം വണ്ണം പഠിക്കാത്തതിനാല്‍ പത്തു തോറ്റു കറങ്ങി നടന്നു അവസാനം തരികിട കമ്പ്യൂട്ടര്‍ പഠിത്തവും കഴിഞ്ഞു ഒരു കമ്പനിയില്‍ അത്യാവശ്യം കഞ്ഞി കുടിയും പഞ്ചാരയുമായി കഴിയാന്‍ പറ്റുന്ന ഒരു ജോലി തരപെടുത്തിയ ആളാണ് കക്ഷി.ശമ്പളം അധികം ഇല്ലെങ്കിലെന്താ മുഴുവന്‍ സമയം നെറ്റ് ഫ്രീ.സമയം ധാരാളം.വല്ലപ്പോളും വാല്‍നക്ഷത്രം പോലെ വരുന്ന പണി ചെയ്തു കഴിഞ്ഞാല്‍ ഫുള്‍ ടൈം ഫ്രീ. അങ്ങനെയിരിക്കുമ്പോഴാണ് ആരോ പറഞ്ഞു കേട്ടു ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ തുറന്നത് .തന്റെ പേരിനെ പ്രാകി കിരണകുമാര്‍ എന്ന പേരും ഇട്ടു.ചുരുങ്ങിയ സമയം കൊണ്ട് ഫേസ് ബുക്ക്‌ മുഴുവന്‍ പഠിച്ചു ബിരുദവും ബിരുദാനന്തര ബിരുദവും നേടി  .
                                       അങ്ങനെ ആട്ടിന്കുട്ടികളും ചെന്നായയും അല്ലലില്ലാതെ തടീം മുട്ടീം കാര്യങ്ങള്‍ കഴിഞ്ഞു  പോകുന്ന സമയത്താണ് സുറുണി എന്നൊരു സുന്ദരി കുട്ടി 'എന്നെ ആടു  എന്നെ ആടു'   എന്നും പറഞ്ഞു പേജിന്റെ   സൈഡില്‍ കിടന്നു തിളങ്ങുന്നത് കണാരന്‍ കണ്ടത്. ചെന്നായയുടെ കണ്ണ് തിളങ്ങി .അവന്‍ അവള്‍ക്ക് അപേക്ഷയും അയച്ചു മറുപടി കാത്തിരിക്കാന്‍ തുടങ്ങി.കുറെ ദിവസമായി അനക്കം ഇല്ലാതായപ്പോള്‍ അവളെ ഒന്ന് തോണ്ടി നോക്കാം എന്ന് കരുതി പോക്കെര്‍ ആയി.എന്നിട്ടും ഫലമില്ല.അവസാനം ഒരു മെസ്സേജ് അയക്കാം എന്ന് വച്ചു.അതിനു ഫലം കണ്ടു . താമസിയാതെ അവളില്‍ മയങ്ങി മറ്റു ഇരുപതെണ്ണത്തിനെ  അവന്‍ മുക്കില്‍ തള്ളി.ഭക്ഷണം കൂടി കഴിക്കാതെ അവള്‍ക്ക് മെസേജുകള്‍  അയച്ചു തള്ളി.മെസേജു ഫ്രീ ആണല്ലോ അതുകൊണ്ട് ഭക്ഷണത്തിന്റെ പൈസ അവന്റെ ബാങ്കിലും മെസേജുകള്‍  ഫേസ് ബുക്കിലും നിറഞ്ഞു.മെസ്സേജ് വാഹകനായി ഫേസ് ബുക്കിനു തന്നെ മടുത്തുകാണും. ഇനി അവനെ ആടിയില്ലെങ്കില്‍  നിന്നെ മുഖപുസ്തകത്തില്‍ നിന്നും എടുത്തുകളയും എന്ന ഫേസ്ബുക്ക്‌ മൊയലാളിയുടെ ഗര്‍ജനം കേട്ടിട്ടോ എന്തോ അവള്‍ അവനെ ആടി.അതോടു കൂടി അവന്‍ ലൈല മജ്നു കളി തുടങ്ങി.പ്രണയം എന്നാല്‍ മാങ്ങ പോലെ ആണോ ചക്ക പോലെ ആണോ അതോ മൊസാംബി പോലെ ആണോ എന്നും ചോദിച്ചു കണാരന്‍ പാവത്തം അഭിനയിച്ചു.അവള്‍ അവനു പ്രണയത്തിന്റെ തത്വങ്ങള്‍ പഠിപ്പിച്ചു.അവളെ സുറു.. സുറു എന്ന് വിളിച്ചു  വായില്‍ വെള്ളം ഒലിപ്പിചു.അവള്‍ അവനെ സ്നേഹത്തോടെ കരൂ കരൂ എന്ന് വിളിച്ചു .അവളുടെ ആജ്ന്യകള്‍ക്ക് അനുസരിച്ചു അവന്‍ കളങ്ങള്‍ ചാടി.ഇരുപതു പെണ്ണുങ്ങളെ സുഖമായി കളത്തില്‍ ഇരുത്തിയ അവന്‍ വെറും ഒരു കരു ആയി.കലികാല വയ്ഭവം . അല്ലെങ്കില്‍ കൊടുത്താല്‍ കൊല്ലത്തോ കോട്ടയത്തോ മലപ്പുറത്തോ നെടുമ്പുറത്തോ  കിട്ടും എന്നും പറയാറില്ലേ.അതന്നെ.അങ്ങനെ അവരുടെ പ്രണയ വസന്തം പൂത്ത്‌ തളിരിട്ടു.പൂവും കായും ആയാല്‍ അത് സമൂഹത്തിനു പ്രശ്നം ആണല്ലോ. പിന്നെ അവരിതു വരെ നേരില്‍ കണ്ടിട്ടും ഇല്ല.ആഗ്രഹമില്ലഞ്ഞിട്ടല്ല.പക്ഷേ അവളുടെ മുന്നില്‍ അവന്‍ മാന്യതയ്ക്ക് പട്ടും വളയും കിട്ടിയവന്‍ .അതുകൊണ്ട് ദിവ്യഗര്‍ഭത്തിന്റെ വല്ല ഓണ്‍ലൈന്‍ കോഴസും ഉണ്ടെങ്കില്‍ ചേര്‍ന്നാലോ എന്ന് കരു കൂലംകഷമായി ചിന്തിച്ചു.അവസാനം ആവശ്യവും അനാവശ്യവുമായ ചിന്തകള്‍ നിറഞ്ഞ അവന്റെ ഒബ്ലാംകട്ട പൊട്ടാറായാതിനാല്‍ അവന്‍ ആ ശ്രമം ഉപേക്ഷിച്ചു.

            അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ഒരു അക്കൗണ്ട്‌ പോരെന്നായി.സ്വന്തം പേരില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഇരുപതു  പ്രണയിനിമാര്‍ക്കുമായി ഇരുപതു അക്കൗണ്ട്‌.തന്നെക്കൊണ്ട്  അതൊക്കെ അല്ലെ പറ്റു എന്ന് കണാരന്‍ ആത്മഗദം കൊണ്ടു!പിന്നെയും  കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മൂപ്പര്‍ക്ക് സ്ത്രീ ആകാന്‍ ഒരു മോഹം.അങ്ങനെ തനിക്കു  ഇഷ്ടമുള്ള പെണ്‍ പേരിലൊക്കെ   തുടങ്ങി പിന്നെയും കുറെ അക്കൗണ്ട്‌.ബാങ്കില്‍ അക്കൗണ്ട്‌ ഇല്ലെങ്കിലെന്താ ഫേസ് ബുക്കില്‍ തന്നെ കഴിഞ്ഞേ വേറെ ആര്‍ക്കും അക്കൗണ്ട്‌ ഉള്ളു എന്ന അഹങ്കാരത്തോടെ  കണാരന്‍ വിലസി.അപ്പോളാണ് മറ്റുളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അവരുടെ ഐ ഡി യില്‍ കയറുന്ന വിദ്യ അവന്‍ പഠിച്ചത്.ഓരോ ഐ ഡി യിലും രഹസ്യമായി കയറി എല്ലാവരും ചാറ്റുന്നതും മെസ്സേജ് അയക്കുന്നതും ഒക്കെ വായിച്ചു രസിക്കല്‍ ആയി അവന്റെ ഹോബി .തന്റെ വിവരമില്ലാത്ത അമ്മയും അച്ഛനും ആയ പ്രായത്തില്‍ തന്നെ കമ്പ്യൂട്ടര്‍ ഫീല്‍ഡില്‍ പഠിക്കാന്‍ വിടാത്തതിനു അവന്‍ സ്വയം തെറി പറഞ്ഞു.പഠിച്ചെങ്കില്‍ താന്‍ എവിടെ എത്തിയേനെ.(വിടാതിരുന്നത് നമ്മുടെ ഭാഗ്യം..വിട്ടെങ്കില്‍ ഇവനൊക്കെ അയ്‌. ടി എന്നതിന്റെ ഫുള്‍ ഫോം തന്നെ മാറ്റിയേനെ.)  ചെന്നായയുടെ  സ്വഭാവം ആണെങ്കിലും അവന്‍ വെളിച്ചത്തില്‍ ഒരു ആട്ടിന്‍ കുട്ടിയായിരുന്നു .എല്ലാവരും അവനെ മാന്യന്‍ ആയി മാത്രം കണ്ടു.ഇരുപതു പ്രണയിനികള്‍ ആവട്ടെ ഓരോരുത്തരും അവന്‍ തന്റേതു മാത്രമാണെന്ന് വിശ്വസിച്ചു. അല്ലെങ്കില്‍ അവന്റെ മുടുക്കു കൊണ്ട്  അങ്ങനെ അവരെ വിശ്വസിപ്പിച്ചു. .                                
                        അങ്ങനെ ഇരിക്കുമ്പോളാണ് കരുവിന്‍റെ  മനസിലിരുപ്പ് വായിച്ച പോലെ സുറു പറഞ്ഞത് നമുക്ക് എവിടെയെങ്കിലും വച്ചൊന്നു കണ്ടാലോ?.അതുകേട്ടതും പ്രതീക്ഷിക്കാതെ അസംബ്ലിയില്‍  സീറ്റ് കിട്ടിയ തുക്കട നേതാവിനെ പോലെ കരു സന്തോഷം കൊണ്ട് ബേജാറായി.അവസാനം കണ്ടുമുട്ടാനുള്ള ദിവസവും തീയതിയും തീരുമാനിച്ചപ്പോള്‍ ആദ്യമായി പഴംചക്കയുടെ മണം അടിച്ച കാക്കയുടെ പോലെ അവന്‍ കാറി വിളിച്ചു.സകലമാന ഫേസ് ബുക്ക്‌ ദൈവങ്ങളെയും  വിളിച്ചു അവന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു ഫേസ് ബുക്ക്‌ മൊയലാളിക്കു ഒരു തേങ്ങ ഉടച്ചു .പക്ഷേ റെസ്റൊരെന്റില്‍  വച്ചു കണ്ടു മുട്ടാം എന്നവള്‍ പറഞ്ഞത് അവന്റെ ചിറകടിച്ച സ്വപ്നങ്ങള്‍ക് ചെറിയ തളര്‍ച്ചയായി .എങ്കിലും  അവിടെ വെച്ചു "ടച്ചിങ്ങ്സും  ഒരു കിസ്സാന്‍ വികാസ പത്രികയും" എങ്കിലും ഒപ്പിക്കാമല്ലോ എന്നത് അവനെ കുളിരണിയിപ്പിച്ചു.

                   അങ്ങനെ അവന്‍ കാത്തു പൂത്തു ഇരുന്ന ആ ദിവസം എത്തി.കുളിച്ചു കുട്ടപ്പനായി ഇല്ലാത്ത കാശും കൊടുത്ത് വാങ്ങിച്ച ബ്രാന്‍ടെഡ് ഷര്‍ട്ടും പാന്റും വലിച്ചു കയറ്റി കോലം കെട്ടിയ കോമളനെപ്പോലെ ടാസ്കിയും പിടിച്ചു സംഭവ സ്ഥലത്തെത്തി.ഭാഗ്യത്തിന് ആകേ പത്തിരുപതു പേരെ അവിടെ ഉള്ളു. കരുവിന്‍റെ മനസ് കരളിതമായി.മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. അത് അധികനേരം ഉണ്ടായില്ല.അപ്പോഴേക്കും അവന്റെ കള്ളകണ്ണും മെമ്മോറി കട്ടയും ഒരുമിച്ചു  പ്രവര്‍ത്തിച്ചു തുടങ്ങി .തന്റെ ഇരുപതു പ്രണയ ധാമങ്ങളുടെ പ്രൊഫൈല്‍ പോട്ടത്തിനു ജീവന്‍ വച്ച പോലെ ഇരുപതെണ്ണം ഓരോ സീറ്റില്‍ ആയി കണ്ണും തുറിച്ചു ഇരിക്കുന്നു.സുറു മാത്രം ഇല്ല.കരുവിനെ കണ്ടതും അവറ്റകള്‍  തങ്ങളുടെ കയ്യും നഖവും നാക്കും വച്ചു അവന്റെ  ചെസ്സ്‌ ബോര്‍ഡില്‍ മുഴുവനായി കരുക്കള്‍ നീക്കി .ബ്രാന്‍റ്എഡ് ഷര്‍ട്ടില്‍ അവര്‍ അവര്‍ക്ക് തോന്നിയ ഭൂപടം വരച്ചു.അവന്റെ ഉള്ളില്‍  ഓടുന്ന ചുവപ്പ് ദ്രാവകം പുറത്തു ചാടി. ബാക്കി ജീവനുമായി അവന്‍ ഓടി രക്ഷപ്പെട്ടു. പെണ്ണുങ്ങളുടെ പുറകേ മാത്രം നടന്നിട്ടുള്ള അവന്‍ അന്ന് ആദ്യമായി പെണ്ണുങ്ങളുടെ മുന്‍പില്‍ ഓടി.ഓരോ ഭാഗ്യങ്ങളേയ്.ഓട്ടത്തിനിടയില്‍ അവന്‍ അവന്റെ "അയ്‌ .ടി" തലയില്‍ സേര്‍ച്ച്‌ ചെയ്തു "അപ്പോള്‍ ആരാണ് ഈ സുറുണി?."  .
                 അപ്പോള്‍ ആരാണ് സുറുണി?..ഈ ഇരുപതു പേരില്‍ ഒരാളോ അതോ വേറൊരു മിടുക്കിയോ അതോ മിടുക്കനോ ?ഇത്രയൊക്കെ ഞാന്‍  പറഞ്ഞു തന്നില്ലേ..ഇനി അത് നിങ്ങള്‍ തന്നെ ചിന്തിച്ചു കണ്ടു പിടിക്ക്..ഞാന്‍ പോകട്ടെ.പിന്നെ കാണാം .ശുഭദിനം.
[നോട്ട് ദി പോയിന്റ്‌ : ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ  മരിച്ചവരോ ആയി യാതൊരു ബന്ധവും  ഇല്ല.ഇനി വല്ലവര്‍ക്കും അത് നിങ്ങള്‍ ആണെന്ന് തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ കയ്യിലിരിപ്പ് കൊണ്ട് മാത്രം.നന്ദി.നമസ്കാരം...:) ]