Tuesday, April 22, 2014

വെറുതെ കിട്ടിയ ഐ.പി.എല്ലു ടിക്കെറ്റും പഞ്ചാബും ഞാനും !!

         മൂന്നു ദിവസം അടുപ്പിച്ചു അവധി കിട്ടിയ സന്തോഷത്തില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത റിസോര്‍ട്ട് ട്രിപ്പില്‍ ആയിരുന്നു ഞങ്ങള്‍. അവിടുത്തെ പച്ചപ്പില്‍ ഇരുന്നു സൊള്ളിക്കൊണ്ടിരിക്കുമ്പോഴാണ് മൂന്നു ഐ പി എല്‍ മാച്ച് ടിക്കറ്റ്‌ ഓഫര്‍ ചെയ്തു  ഒരു സുഹൃത്തിന്റെ ഫോണ്‍ കാള്‍ വരുന്നത്. മാച്ച് റിസോര്‍ട്ടില്‍ നിന്നും തിരിച്ചു എത്തുന്ന അന്ന് വൈകുന്നേരം ആയതിനാല്‍ ആര്‍ക്കും വലിയ താല്പര്യം ഇല്ലെങ്കിലും വെറുതെ കിട്ടുന്നത് വേണ്ടെന്നു വയ്ക്കെണ്ടെന്നു കരുതി ഓക്കേ മൂളി.
            ക്രിക്കെറ്റ് കളി ടി.വിയില്‍ അല്ലാതെ നേരിട്ട കണ്ടിട്ടില്ലാത്തതിനാല്‍ വീടെത്തിയതും ബാഗൊക്കെ അവിടെ ഇട്ടു വേഗം വണ്ടി ഷാര്‍ജ ക്രിക്കെറ്റ് സ്റ്റേഡിയത്തിലേക്ക് വിട്ടു. ക്രിക്കെറ്റിനെ കുറിച്ച് പന്തും ബാറ്റും കൊണ്ടുള്ള കളി എന്നല്ലാതെ വലിയ വിവരമൊന്നും ഇല്ലാത്ത ഞാന്‍ അത് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ എല്ലാം അറിയുന്നവളെ പോലെ കൂളിംഗ്‌ ഗ്ലാസും തൊപ്പിയുമൊക്കെ വച്ച് ഏകദേശം നാലരയോടെ സീറ്റില്‍ ഇരുപ്പുറപ്പിച്ചു. പടത്തു മിനിറ്റ് അങ്ങിനെ ഇരുന്നതും എനിക്ക് ബോര്‍ അടിക്കാന്‍ തുടങ്ങി. അപ്പോഴിതാ വരുന്നു   പോപ്‌ കോണ്‍, കടല, പെപ്സി ഒക്കെ വില്‍ക്കുന്ന പയ്യന്‍സ്.  ഞങ്ങള്‍ നാലഞ്ചു  ലൈന്‍ മുകളിലുള്ള കസേരയില്‍ ആണ്.അവിടെ നിന്നും എന്റെ പതി  ഉറക്കെ ഒരു പോപ്‌കോണിന് എന്താ വില എന്ന് വിളിച്ചു ചോദിച്ചത് . “അയാള്‍ മലയാളി ആണെന്ന് എന്താ ഉറപ്പ്?” ഞാന്‍ ചോദിച്ചു.
പിന്നേ....ഇവിടെ കടലേം വിറ്റു നടക്കുന്നത് മലയാളി ആണെന്ന് അറിയാന്‍ വലിയ വിവരമൊന്നും വേണ്ട” പതിയുടെ മറുപടി
അപ്പോള്‍ പോപ്‌കോണ്‍ എന്ന് കേട്ട അവന്റെ മറുപടി ”പന്ദ്ര”
“ഡീ പണ്ട്രണ്ടു ദിര്‍ഹം കൊട്”
“ പതീജി , ഇത് മലയാളത്തിലെ പന്ത്രണ്ടു അല്ല. ഹിന്ദിയിലെ പന്ത്രഹ്. ആള് ഹിന്ദി വാല ആണ്.
          പോപ്‌ കോണ്‍ കയ്യില്‍ കിട്ടിയതോടെ ബോറിങ്ങിനു താല്‍ക്കാലിക ആശ്വാസം ആയി. അതും കൊറിച്ചു കൊണ്ട് ഞാന്‍ ഗ്രൌണ്ടിലേക്ക് നോക്കി ഇരുപ്പായി. അപ്പോഴാണ് ഭയങ്കര ആരവം. ആളുകളൊക്കെ എണീറ്റ്‌ നിന്ന് ശബ്ദമുണ്ടാക്കുന്നു. എനിക്കാണെങ്കില്‍ നോക്കിയിട്ട്‌ ഒന്നും മനസിലാകുന്നും ഇല്ല. അപ്പോഴാണ് ട്രൌസറും ഇട്ടു ഗ്രൌണ്ടിനു നടുവില്‍ കസര്‍ത്ത് നടത്തുന്ന ഒരുവനെ കണ്ണില്‍ പെട്ടത്. ഞാന്‍ പതിയേ പതിയെ തോണ്ടി ചോദിച്ചു.” ആ പയ്യന്‍സ് അവടെ കിടന്നു  തിരിപ്പറക്കുന്നതിനാണോ ഇവരൊക്കെ ഇത്രേം ശബ്ദം ഉണ്ടാക്കുന്നേ?”
“ മിണ്ടാണ്ടിരി., അതിനല്ല വീരേന്ദ്ര സേവാന്ഗ് ഗ്രൗണ്ടില്‍ വന്നതിനാണ് ആളുകള്‍ ആര്‍പ്പു വിളിച്ചത്”
“ആഹാ, അപ്പൊ പഞ്ചാബ് രാജാവും കളികാണാന്‍ വന്നിട്ടുണ്ടോ?” രാജസ്ഥാന്റെ കൂടെ കൂടണോ പഞ്ചാബിന്റെ കൂടെ കൂടണോ എന്ന സംശയത്തില്‍ ഇരുന്ന ഞാന്‍ ചോദിച്ചു.
“പിന്നെ ഒരു സംശയം, എപ്പോളാ ക്രിക്കറ്റ്‌ കളിക്കാരുടെ വേഷം ട്രൌസര്‍ ആക്കിയെ? ഞാന്‍ കാണുമ്പോഴൊക്കെ പാന്റ്സ് ആയിരുന്നു.”
ഇത് കൂടി കേട്ടതോടെ ടിക്കറ്റ്‌ ഫ്രീ ആണെങ്കിലും എന്നെ കൊണ്ട് വരേണ്ടിയിരുന്നില്ല എന്നാ രീതിയില്‍ പതി എന്റെ മുഖത്ത് തറപ്പിച്ചു നോക്കി.
“എടി , ഇത് ഇവര് ഈ വേഷത്തില്‍ വാം അപ്പ്‌ ചെയ്യുന്നതാ.. കളി ആകുമ്പോഴെക്കും വേഷം മാറ്റി വരും”.
“ഓ ആശ്വാസം”. വേഷത്തിനു മാറ്റമൊന്നും വന്നിട്ടില്ല. ഇനി കൂടുതല്‍ ചോദിക്കാനുള്ള ധൈര്യമില്ലാത്തതിനാല്‍ ഞാന്‍ പോപ്‌കോണും തിന്നു വെറുതെ ഇരുന്നു.
           അങ്ങനെ 6.30  ആയപ്പോഴേക്കും കളി തുടങ്ങി. ഒരു ആള് ബോള്‍ എറിഞ്ഞു പതിനൊന്നു ആളുകള്‍ പൂച്ച മത്തിത്തലയ്ക്കു കാത്തു നില്‍ക്കുന്ന പോലെ നില്‍ക്കുന്ന ഈ കളി എനിക്ക് എന്തോ അത്ര പിടിച്ചില്ല. ഉടനെ ഇവിടെ നിന്ന് പോകാമെന്ന് പതിയോടു പറയാനും പറ്റില്ല. അവിടെ ആകെ രസകരമായി എനിക്ക് തോന്നിയത് നാലും ആറും റണ്‍ അടിച്ചാല്‍ സ്റ്റേടിയത്തിന്‍റെ നാല് വശത്തുനിന്നും ഇടയ്ക്കു ഉയരുന്ന പുകയും അതിനൊപ്പം വരുന്ന പാട്ടിനൊത്ത് ഡാന്‍സ് കളിക്കുന്ന ചിയര്‍ അപ്പ്‌ പെണ്ണുങ്ങളും ആണ്. ഇടയ്ക്കിടയ്ക്ക് നാലും ആറും റണ്‍ കിട്ടുന്ന കാരണം ആ പെണ്ണുങ്ങള്‍ ഡാന്‍സ് കളിച്ചു വലഞ്ഞു. എന്റെ പോപ്‌ കോണ്‍ അടുത്ത ഇരുപതു ഓവറിനു അപ്പുറം പോകില്ല എന്നതിനാല്‍ അപ്പോഴേക്കും പുറത്തു കടക്കാന്‍ ഞാന്‍ ഉറപ്പിച്ചിരുന്നു.
അപ്പോള്‍ അടുത്തിരിക്കുന്ന ആള് എന്നോട് ചോദിച്ചു. ‘ ഇയാള് ഏതു ടീം ആണ്?’
“ഇപ്പോള്‍ ഏതു ടീം ആണ് ബാറ്റ് ചെയ്യുന്നത്?” ഞാന്‍ ചോദിച്ചു.
“രാജസ്ഥാന്‍”.
‘എങ്കില്‍ ഞാന്‍ ആ ടീം ആണ്”
“ആഹാ..ഞാനും അതേ ടീം ആണ്. എന്താ അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ കാരണം?” അയാള്‍ അത്യന്തം ആകാംഷയോടെ ചോദിച്ചു.
“ഇവരുടെ ബാറ്റിംഗ് കഴിയുമ്പോഴെക്കും ഞാന്‍ പോകും . അപ്പൊ പിന്നെ ബാറ്റ് ചെയ്യുന്നവരെ സപ്പോര്ട്ടാം എന്ന് വച്ചു. നല്ല ബുദ്ധിമുട്ടുള്ള പണിയല്ലേ. പന്ത് അടിക്യേം വേണം ഓടുകയും വേണം.’
അന്തം വിട്ടു വാ പൊളിച്ച അയാള്‍ക്ക്‌ ഞാന്‍ കുറച്ചു  പോപ്‌ കോണ്‍ ഓഫര്‍ ചെയ്തു.

         അവിടെ കളികണ്ട് ഇരിക്കുന്ന ആളുകളൊക്കെ ഇടയ്ക്കിടെ ഓരോ കളിക്കാരുടെ പേര് ഉറക്കെ വിളിച്ചു പറയുന്നുണ്ട്. എനിക്കാണേല്‍ ഒരു കളിക്കാരനെയും അറിയാത്തതിനാല് അവര് വിളിച്ചു പറയുന്ന പേരൊന്നും മനസിലാകുന്നും ഇല്ല. ഇനി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടാല്‍ ആളുകള്‍ എനിക്ക് കളി അറിയില്ല എന്ന് തെറ്റിദ്ധരിക്കുമോ എന്ന ഒരു സംശയം അപ്പോള്‍ എന്റെ മനസ്സില്‍ കടന്നു കൂടി. അപ്പോഴാണ് എന്റെ രണ്ടു സീറ്റ് അപ്പുറത്ത് ഇരിക്കുന്നവന്‍ “ബാലാജീ .........“ എന്ന് വിളിച്ചു കൂവിയത്.
ആഹാ....! വിളിക്കാന്‍ എളുപ്പമുള്ള ഒരു പേര്. അതിനപ്പുറം ഉച്ചത്തില്‍ ഞാനും അലറി ”ബാലാജീഈഈ......................”
        അപ്പോഴാണ് അയാള്‍ വിളിച്ച അയാളുടെ സുഹൃത്ത് ബാലാജി ചാടി കയറി അയാളുടെ അപ്പുത്തെ സീറ്റില്‍ ഇരിക്കുന്നതും രണ്ടു പേരും എന്നെ നോക്കി ഒരു വളിച്ച ചിരി പസാക്കുന്നതും ഞാന്‍ കണ്ടത്.
അങ്ങനെ എന്റെ മാനം മല കടക്കാന്‍ തുടങ്ങുമ്പോള്‍ എന്റെ സഹ സീറ്റന്‍ എന്നോട് ചോദിച്ചു “ ഇയാളല്ലേ രാജസ്ഥാന്‍ ടീമിനെയാ സപ്പോര്‍ട്ട് ചെയ്യുന്നേ എന്ന് പറഞ്ഞത്? എന്നിട്ടെന്തിനാ പഞ്ചാബ് ടീമിലെ ബാലാജിയെ ചിയര്‍ അപ് ചെയ്യുന്നേ?’
അപ്പോള്‍ ശെരിക്കും അങ്ങനെ ഒരുത്തന്‍ ടീമില്‍ ഉണ്ട്. ആദ്യമായി എനിക്ക് പഞ്ചാബ് ടീമിനോട് ആരാധന തോന്നി. ദൈവം തമ്പുരാന്‍ കാത്തു. മുഖത്തു ഉണ്ടായിരുന്ന ജ്യാള്യത മറച്ചു ഒരു സുന്ദരന്‍ ചിരി ചിരിച്ചു കൂളിംഗ്‌ ഗ്ലാസ്‌ ഒക്കെ ശെരിയാക്കി ഞാന്‍ പറഞ്ഞു “ എനിക്ക് അങ്ങനെ ഒന്നും ഇല്ല..ഏതു ടീമില്‍ ആയാലും നല്ല കളിക്കാരെ ഞാന്‍ എന്നും പ്രോത്സാഹിപ്പിക്കും”
ഞാന്‍ ഒരു പ്രസ്ഥാനം ആണല്ലോ എന്ന മട്ടില്‍ അയാള്‍ എന്നെ നോക്കുമ്പോള്‍ ബാലാജി കാരണം വന്ന ചമ്മല്‍ ആരെങ്കിലും കണ്ടോ എന്ന പേടിലായിരുന്നു ഞാന്‍.
      അവസാനം ഇരുപതു ഓവര്‍ കഴിഞ്ഞതോടെ അടുത്ത ബാറ്റിങ്ങ്കാരായ ബാലാജി അടക്കമുള്ള പഞ്ചാബ് ടീമിന് എല്ലാ ആശീര്‍വാദങ്ങളും നല്‍കി ഞങ്ങള്‍ സ്റ്റേഡിയം വിട്ടു.

48 comments:

 1. നല്ല രസമായി എഴുതി ഒരു ക്ലൈമാക്സ് ഇല്ലാതെ പോയി

  ReplyDelete
  Replies
  1. ക്ലൈമാക്സ് ആകുമ്പോഴെക്കും ഞങ്ങള്‍ ഇങ്ങു പോന്നു...:)

   Delete
 2. ഒത്തിരി ഒത്തിരി നന്നായി...രസിച്ചു നല്ലോണം..:)

  ReplyDelete
  Replies
  1. നന്ദി വായിച്ചു അഭിപ്രായം പറഞ്ഞതിന് രേഷ്മി ..:)

   Delete
 3. തമാശ. കുട്ടിക്രിക്കറ്റിന്റെ വേഗത്തിൽ എഴുതിത്തീർത്തപോലെ.

  ReplyDelete
  Replies
  1. ഇരുപതു ഓവറിന്റെ ടൈം മാത്രേ ഉണ്ടായിരുന്നുള്ളൂ..:)

   Delete
 4. തീര്ന്നപ്പോ.. മനസ്സിന്റെ വിങ്ങലൊക്കെ ഒരു കുമിള പോലെ പറക്കുന്ന ഫീലിംഗ്
  ഉസാരായി...

  ReplyDelete
  Replies
  1. എന്ത് വിങ്ങലു?....:) നന്ദി അഭിപ്രായത്തിനു

   Delete
 5. Lolzz..adipoliii.. achu..

  ReplyDelete
 6. എന്റെ ബാലാജീ ............

  ReplyDelete
 7. രസകരമായി അവതരിപ്പിച്ചു , നല്ല നര്‍മ്മം .

  ReplyDelete
 8. ഉള്ളതാണോ ? ക്രിക്കറ്റിനോടു താല്പര്യമില്ലാത്ത ഒരാളെ കാണുമ്പോൾ ഒരു സന്തോഷം.

  രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

  ReplyDelete
  Replies
  1. ഉള്ളത് തന്നെ...അവിടെ പോയപ്പോള്‍ എടുത്ത ഫോട്ടോ ആണ് മുകളില്‍ കൊടുത്തിട്ടുള്ളത് ...:)

   Delete
 9. അവതരണം കൊള്ളാം.

  ReplyDelete
  Replies
  1. നന്ദി സുധീര്‍ !....:)

   Delete
  2. കൊള്ളാം പ്രീതി നല്ലെഴുത്ത് :)

   Delete
  3. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി സബിത്ത ...:)

   Delete
 10. Aara baalaji ?? Nammude FB frnd aano ? Nalla rasamundutto vayikkan preeths ....:)

  ReplyDelete
  Replies
  1. ബാലാജി പഞ്ചാബ്‌ ടീമിലെ കളിക്കരാന്‍ ആണ് ...:)

   Delete
 11. ഹഹ.. ഐ പി എല്ലിനു അങ്ങനെ തന്നെ വേണം..!!

  ReplyDelete
  Replies
  1. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി..:)

   Delete
 12. ഹോഹ്..സമാദാനായി..ഐ പീ എല്ലിനു പോയീന്നൊക്കെ കേട്ടപ്പോ ഞാങ്കരുതി ഇയ്യ് ബല്ല്യ പുള്ളിയാന്ന്..അത്രോന്നൂല്ല്യാലേ..;) രസായി..മുഴുവന്‍ കാണാനിരുന്നേല്‍ കൊറച്ചൂടെ വായിക്കാര്‍ന്നു..

  ReplyDelete
  Replies
  1. അത്രേം നേരം ഇരുന്നതിന്റെ പാട് എനിക്കെ അറിയൂ..പിന്നെ ആളുകള്‍ അലറുന്നതും കയ്കൊട്ടുന്നതുമോന്നും മനസിലാക്കത്തതുകൊണ്ട് അതൊക്കെ നോക്കി ഇരുന്നു..:)

   Delete
 13. രസകരമായതും ഒഴുക്കുള്ളതുമായ വായന. - Hidden Sweetness Shihab

  ReplyDelete
  Replies
  1. നന്ദി അഭിപ്രായത്തിനു ഷിഹാബ്....:)

   Delete
 14. >>.....പതിയേ പതിയെ തോണ്ടി ചോദിച്ചു>> ഈ പ്രയോഗം രസിച്ചു, പ്രീതി...

  വലിയ അവകാശവാദങ്ങള്‍ ഇല്ലാത്ത എഴുത്താണെന്ന മുന്‍‌കൂര്‍ ജാമ്യം ബുദ്ധിയായി. :)

  ReplyDelete
 15. ഉദ്ദേശിച്ച സംഭവം മനസിലായി...:)... അത് എന്റെ ബ്ലോഗിലേക്ക് വരുന്നവര്‍ക്കുള്ള പണ്ടേ കൊടുത്ത ഒരു മുന്നറിയിപ്പാണ്....വെറുതെ വായിച്ചു രസിച്ചു പോകാനാണെങ്കില്‍ വായിക്കാം എന്ന് ..:)

  ReplyDelete
 16. അവതരിപ്പിച്ചത് നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അഭിപ്രായത്തിനു..:)

   Delete
 17. "പണ്ടാരോ" ചന്തക്കു പോയ പോലെ എന്നത് IPL കാണാൻ പോയി എന്ന് പറയല്ലേ ഇനി മുതൽ.. :)
  പോസ്റ്റ്‌ നന്നായിട്ടുണ്ട്.

  ReplyDelete
  Replies
  1. വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ജെഫു....:)

   Delete
 18. ഹ ഹ ,, ഇനിയെങ്കിലും കളി മനസ്സിലാക്കാന്‍ നോക്കു .. അല്ലേല്‍ കളി കാണാന്‍ പോയാല്‍ ഇങ്ങനെ ഇരിക്കും .. നമുക്കൊന്നും ഇങ്ങനെ ഒരു ടിക്കെറ്റും ഒത്തു കിട്ടുന്നില്ലല്ലോ ...

  ReplyDelete
  Replies
  1. നന്ദി അഭിപ്രായത്തിനു....:)

   Delete
 19. കുഴപ്പമില്ല..., കൊള്ളാം.

  ReplyDelete
 20. vaikkan vaikippoyi... ennaalum vaichu chirichu

  ReplyDelete
  Replies
  1. വൈകിയാലും വായിച്ചല്ലോ ...നന്ദി എച്ചുമ്മു ...:)

   Delete
 21. ചിരിച്ചു മടുത്തു..പൈസ കളഞ്ഞു വെയിലും കൊണ്ട് അവിടെ പോയിരിക്കുന്നതിനേക്കാൾ സുഖം വീട്ടിലിരുന്നു ടീവീയിൽ കാണുന്നതല്ലേ

  ReplyDelete
  Replies
  1. ടി വി യില്‍ ആയാലും ഞാന്‍ കാണാറില്ല....ഇത് വെറുതെ ടിക്കറ്റ്‌ കിട്ടിയപ്പോള്‍ സംഭവം എന്താന്ന് അറിയാന്‍ പോയതല്ലേ...നന്ദി ചേച്ചി അഭിപ്രായത്തിനു..:)

   Delete