Tuesday, April 23, 2013

ഭൂമി കുലുങ്ങി പല ഓഫീസുകളും കുലുങ്ങി!!


                  ദുബായിയിലെയും ഷാര്‍ജയിലേയും പകലുകളും റോഡുകളും ഓഫീസുകളും അന്നും പതിവുപോലെ തിരക്കെറിയതായിരുന്നു. ആളുകള്‍ ആലസ്യത്തോടെ ട്രാഫിക്‌ ബ്ലോക്കിനെയും ബോസ്സിനെയും ശപിച്ചു ഓഫീസിലേക്ക് യാത്രയാവുകയായി.
                 ജോലിക്ക് പോകുന്ന മഹിളകള്‍ വെള്ളിയാഴ്ച അഞ്ഞൂറ് ദിര്‍ഹം പൊടിച്ചു ചെയ്ത ഫേഷ്യലൈന് എന്തെങ്കിലും കോട്ടം പറ്റിയോ എന്ന് കണ്ണാടിയില്‍ നോക്കി പറ്റാവുന്നിടത്തോക്കെ പാച്ചുവര്‍ക്ക് ചെയ്തു ഇട്ടാല്‍ ഇരട്ടി ഉയരം തോന്നിക്കുന്ന ചെരുപ്പും പകുതി പാകമുള്ള പാന്റും ടോപ്പും വലിച്ചു കയറ്റി ഏകദേശം ഒരു മണിക്കൂറോളം ഉള്ള അണിഞ്ഞു ഒരുങ്ങലിനു ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കും ഈ രണ്ടു ബ്രെഡ്‌ കഷണം എറിഞ്ഞു കൊടുത്ത് ലോകത്തെ സകലമാന വീട്ടമ്മമാരോടും ഒരു പുച്ഛം മുഖത്തു ഫിറ്റ്‌ ചെയ്തു കാറിന്റെ കീയും എടുത്തു ഓഫീസിലെക്കിറങ്ങി. ഭര്‍ത്താവാകട്ടെ പണ്ട് ഇവളുടെ പാവത്തവും ഗ്രാമീണസൗന്ദര്യവും  കണ്ടു കെട്ടി പിന്നീട് ഇവടെ കൊണ്ട് വന്നു ജോലി ആക്കിയതിനെക്കുറിച്ച് ഓര്‍ത്തു സഹതപിച്ചു കിട്ടിയ റൊട്ടികഷണവും ചവച്ചു നാല് ദിവസമായി അലക്കാത്ത ഷര്‍ട്ടും പാന്റും ഇട്ടു  നല്ല സ്പ്രയും അടിച്ചു ഓഫീസിലെക്കിറങ്ങി. അങ്ങനെ വീടെന്നു പറയാനാകാത്ത ഒറ്റ റൂമുകളുടെയും ഇരട്ട റൂമുകളുടെയും കഥ വയ്കുന്നേരം ഇവര്‍ തിരിച്ചു വീട്ടില്‍ എത്തുന്നതുവരെ തല്‍ക്കാലം അവസാനിക്കുന്നു.
             പിന്നീടിവിടെ കാണുന്ന കാര്യം ..ആണുങ്ങളെല്ലാം നീണ്ട ട്രാഫികിനെ കുറ്റം പറഞ്ഞോ എഫ് എം കേട്ടോ അല്ലെങ്കില്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ട സന്തോഷത്തില്‍ തന്റെ ഗേള്‍ ഫ്രന്ടുകള്‍ക്ക്  ഫോണ്‍ ചെയ്തോ എസ് എം എസു അയച്ചോ കാറോടിക്കുന്നു. പെണ്ണുങ്ങള്‍ ട്രാഫിക് ബ്ലോക്കിനിടയില്‍ കിട്ടിയ സമയം കാറിലെ കണ്ണാടിയില്‍ നോക്കി മുഖത്തെ മൈക്ക് അപ്പ്‌ ഇളകി പോയോ എന്നു നോക്കുകയും  അപ്പുറത്തെ കാറിലെ ലവള്‍ ഇട്ട ടോപ്‌ എവിടുന്നു വാങ്ങിയതാണെന്നും ചിന്തിക്കുകയും ചെയ്യുന്നു. (ഒരു പെണ്ണിന് മാത്രം മനസിലാകുന്നവ.. .ആണുങ്ങള്‍ ഈ വരികള്‍ വിട്ടു മാത്രം വായിക്കുക) അവസാനം സിഗ്നല്‍ പച്ച കത്തുമ്പോള്‍ അതവള്‍ മാക്സില്‍ നിന്നും സയില്‍ ഉള്ളപ്പോള്‍ ചുരുങ്ങിയ വിലക്ക് അടിചെടുത്തതാകും എന്ന് ആത്മഗതപ്പെട്ടു ഉള്ളാലെ  ചിരിക്കുന്നു. അപ്പോഴാകും അവളുടെ മൊബൈല്‍ തന്റെ ബോയ്‌ ഫ്രെണ്ട്സ്കളുടെ മേസേജസ്സ് കൊണ്ടും മിസ്സ്‌കാള്‍ കൊണ്ടും നിറയുന്നത്. കാറിലെ സെന്റര് മിരറില്‍ സ്വന്തം മുഖം ഭംഗി നോക്കുന്നതിനിടെ മൊബൈല്‍ എടുത്തു നോക്കി “ ഇവന്മാര്‍ക്കൊന്നും രാവിലെ ഒരു പണിയുമില്ലേ “ എന്ന് പറഞ്ഞു മെസെജു നോക്കുന്നു. നാലും നല്ല പഞ്ചാര സാഹിത്യ മെസ്സേജുകള്‍. അവര്‍ അയച്ചതല്ലേ വെറുതെ കളയണ്ടാ എന്ന് കരുതി അതേ മെസ്സേജുകള്‍ തന്നെ നാലുപേര്‍ക്കും മാറി മാറി അയക്കുന്നു. ഒന്നു അയച്ചപ്പോള്‍ മൂന്നു കിട്ടിയതില്‍ അവരെല്ലാം ആനന്ദപുളകിതരാകുന്നു.
             അങ്ങനെ മഹിളകളും മഹാന്മാരും നിന്നും ഓടിയും ഓഫീസിലെത്തുന്നു.അപ്പോള്‍ രണ്ടു വിഭാഗക്കാരുടെയും മനസ്സില്‍ ഒരേ ഒരു ചിന്ത മാത്രം. ‘ഓഫീസില്‍ നെറ്റ് ശെരിക്കും കിട്ടുന്നില്ലേ ആവോ’..ഓഫീസില്‍ എത്തിയാല്‍ ചെയ്യുന്ന പണിയില്‍ അത്രയും ആത്മാര്‍ഥത ഉള്ളവരാണിവര്‍. ഉച്ചയായിട്ടും നിര്‍ത്താതെ കംബ്യൂട്ടരിലും ലാപ്പ്ടോപ്പിലും പണിയുന്ന തന്റെ തൊഴിലാളികളെ കണ്ടു വയസന്‍ ബോസിന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അപ്പോഴാണ് ഫയര്‍ അലാറം മുഴങ്ങിയത്. കാവല്‍ക്കാരന വന്നു എന്തൊക്കെയോ ഏതൊക്കെയോ ഭാഷയില്‍ അലറി. എന്തെങ്കിലും മനസിലാവരും മനസിലാകാത്തവരും കൂട്ടത്തോടെ പുറത്തേക്ക് ഓടാന്‍ തുടങ്ങി. പത്തു മുപ്പതു നിലകലിലെ ഓഫീസില്‍ ഉള്ളവര്‍ ഓടി ലിഫ്ടിനടുത്തു ചെന്ന് കാവലായി. പിന്നെയും ഏതോ  ഭാഷയില്‍  കാവല്‍ക്കാരന്റെ തെറി കേട്ടപ്പോള്‍ ഇവര്‍ക്ക് മനസിലായി അതു “അപകടഘട്ടത്തില്‍ ലിഫ്റ്റ്‌ പണി എടുക്കില്ല .ജീവന്‍ വേണമെങ്കില്‍ പടി ഇറങ്ങി ഓടിക്കോ ‘ എന്നാണെന്ന്. ഈ വക സന്ദര്‍ഭങ്ങളില്‍ ഭാഷ ഒരു പ്രശ്നമേ അല്ല എന്ന് അന്ന് എല്ലാവര്ക്കും മനസിലായി. അങ്ങനെ ആദ്യമായി ആ മുപ്പതുനില കെട്ടിടത്തിനു കെട്ടി ഉണ്ടാക്കിയ പടികള്‍ ഉപയോഗത്തിലായി. എല്ലാവരും ഓടിയും വീണും പിന്നേം ഓടിയും താഴെ എത്തി.
             പക്ഷെ ബോസ് മാത്രം ഇറങ്ങി ഓടിയില്ല. അതു കപ്പലിലെ കപ്പിത്താന്‍ അവസാനമേ ഇറങ്ങി ഓടാവു എന്ന തത്വം അനുസരിചിട്ടൊന്നും അല്ല. പത്തു പതിനേഴു നില ഓടി ഇറങ്ങുമ്പോള്‍ ഹൃദയം അടിച്ചു പോയി മരിക്കുന്നതിനെക്കാള്‍ നല്ലത് താന്‍ കടം വാങ്ങിയും ടെന്‍ഷന്‍ അടിച്ചും ഉറക്കമില്ലാതെ പരിശ്രമിച്ചു കെട്ടിപൊക്കിയ ഈ സ്ഥാപനത്തോടൊപ്പം തന്നെ അവസാനിക്കുകയാണെങ്കില്‍ അങ്ങനെ ആവട്ടെ എന്ന് അയാള് ചിന്തിച്ചുകാണും. കെട്ടിടം കുലുങ്ങുന്നതിനിടെ അയാള്‍ തന്‍റെ പ്രിയപ്പെട്ട അദ്ധ്വാനശീലരായ തൊഴിലാളികളുടെ കസേരകകള്‍ക്കു അരികിലൂടെ ഒന്ന് നടന്നു നോക്കി. 3500 മുതല്‍ 25,000 ദിര്‍ഹം വരെ ശമ്പളം വാങ്ങുന്ന ആളുകള്‍ ഓഫീസിലെ പണി സ്ക്രീനിന്റെ ഒരു സൈഡിലാക്കി ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത സൈറ്റുകളിലും ഓഫീസില്‍ ബ്ലോക്ക്‌ ചെയ്തു എന്നു താന്‍ വിശ്വസിക്കുന്ന ഫേസ് ബുക്കിലും കമന്റടിച്ചു സ്ക്രീന്‍ നിറച്ചിരിക്കുന്നു. അതു കണ്ടതോടെ താഴെ വീണു അയാളുടെ ബോധം പോയി.
          ഭൂമികുലുക്കം കാരണം അനുവദിച്ചു കിട്ടിയ സമയത്ത് താഴെ പാര്‍ക്കില്‍ ഇരുന്നു പക്ഷി ശാസ്ത്രം ആസ്വദിച്ചിരുന്ന ഒരു സഹൃദയനു  ആ സമയത്താണ് ഫേസ് ബുക്കില്‍ കമന്റും അടിച്ചിരിക്കുമ്പോഴാണ്‌ ഭൂമികുലുക്കം ഉണ്ടായതെന്നും അത് ഓഫ്‌ ആക്കാതെ ആണ് താഴോട്ടു ഓടിയതെന്നും ഉള്ള ബോധോദയം ഉണ്ടായത്. ഇനി അത് ഓഫ്‌ ആക്കാന്‍ പതിനേഴു നില ഓടിക്കയന്നതിലും ബേധം ആ കെട്ടിടം കുലുങ്ങി താഴെ വീഴുന്നതാനെന്നു ഓര്‍ത്ത അയാളുടെ സ്ക്രീനില്‍ ഉടനെ ബോസ്സിന്റെ മുഖം തെളിഞ്ഞു..അപ്പോഴാണ് കിഴവന്‍ താഴെ ഇറങ്ങി ഓടിയിട്ടില്ലെങ്കില്‍ പണി ആവുമല്ലോ എന്ന  വിചാരം അയാളുടെ മസ്തിഷ്ക്കത്തില്‍ വിജംബ്രിച്ചത്. എങ്കില്‍ കൂടുതല്‍ കുലുക്കം ഉണ്ടായില്ലെങ്കില്‍ തന്റെ പണി കുലുങ്ങിയത് തന്നെ. പണിയില്ലാതെ നാട്ടിലേക്ക് വിമാനം കയറുന്നത് ഓര്‍ത്തപ്പോള്‍ അയാള്‍ താഴെ ഇറങ്ങിയത്തിലും വേഗത്തില്‍ മുകളിലേക്ക് ഓടിക്കയറി.
          ഓഫീസിലെത്തിയ ആള് ഏതായാലും ഇത്രയും പടി ഓടി ക്കയറി വന്നതല്ലേ എന്ന് കരുതി ഫേസ് ബുക്കില്‍ “ഭൂമി കുലുക്കം, ആളുകള്‍ സംഭ്രാന്തിയില്‍” എന്നാ സ്റ്റാറ്റസ്സും ഇട്ടു .കംപുട്ടെര്‍ ഓഫ്‌ ആക്കി തിരിഞ്ഞു ഓടാന്‍ തുടങ്ങുംബോഴാതാ ബോസ്സ് താഴെ കിടക്കുന്നു. അപ്പോഴേക്കും ബോധം വന്ന ചിലര്‍ ഓഫീസിലേക്ക് ഓടി എത്തിക്കൊണ്ടിരുന്നു. ഇവരെല്ലാം കൂടി പൊക്കി പാവം ബോസ്സിനെ ആശുപത്രിയില്‍ ആക്കി.
അപ്പോള്‍ നമ്മുടെ സഹൃദയന്‍ പറഞ്ഞു, “ഭൂമി ഇനി കുലുങ്ങിയാലും ഇല്ലെങ്കിലും മാനെ ബോസ്സിന് ബോധം വന്നാ നമ്മടെ ഓഫീസിലെ പല കസേരകളും കുലുങ്ങും! “