Wednesday, July 11, 2012

ഒരു പാതിരാ എഴുത്തിന്റെ കഥ


          രാത്രി സമയം പത്തര ആയിട്ടും ഉറങ്ങാന്‍ കിടന്ന എനിക്ക് തീരെ ഉറക്കം വരുന്നില്ല.കാരണം കുറച്ചു ദിവസങ്ങളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്.വാക്കുകള്‍ക്കു ക്ഷാമം, ആശയത്തിനും ക്ഷാമം!. ഇനി എഴുത്ത് മെച്ചപ്പെടുത്തണം എന്ന് ഉദ്ദേശിച്ചതുകൊണ്ടാണോ എന്നറിയില്ല വാക്കുകളും ആശയങ്ങളും തെന്നിമാറി പോകുന്നു. എന്തായാലും ഇപ്പോള്‍ എഴുതാന്‍ പറ്റിയ സമയം ആണ്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു നിശബ്ദതയില്‍ വാക്കുകളെ തേടിപ്പിടിക്കാന്‍ എളുപ്പം ആകും. ഇതെല്ലാം ആലോചിച്ചു കിടക്കയില്‍ എഴുന്നേറ്റു ഇരുന്ന എന്നോട് പതിദേവന്‍  ചോദിച്ചു  . " നിനക്ക് രാത്രി പതിനൊന്നായിട്ടും  ഉറക്കം ഇല്ലേ! എന്ത് ആലോചിച്ചു ഇരിക്കുകയാ? "
"ഉറക്കം വരുന്നില്ല. ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് വരാം." ഇതും പറഞ്ഞു ഞാന്‍ പേനയും റൈറ്റിംഗ് പാഡും  എടുത്തു എന്റെ പ്രിയപ്പെട്ട കസേരക്കരികിലേക്ക് നടന്നു.
"ദൈവമേ ! കാത്തോളനെ " എന്നും പറഞ്ഞു പതി  തല മൂടി കട്ടിലിലേക്ക് ചെരിഞ്ഞു.

         ഉറക്കം കളഞ്ഞു  എഴുതാനിരുന്നു ഏകദേശം മണിക്കൂര്‍ ഒന്നായിക്കാണും എന്നിട്ടും ഒരു നല്ല വാക്കുകളെയും കാണാന്‍ ഇല്ല.എല്ലാവരും സമരം പ്രഖ്യാപിച്ചോ? കുറച്ചു കടിച്ചാല്‍ പൊട്ടാത്ത വാക്കുകളെങ്കിലും സംഘടിപ്പിക്കണം. അത് കരുതി തല ഒന്ന് ചെരിച്ചു നോക്കിയപ്പോള്‍ അതാ 'അനര്‍ഖ നിര്‍ഗളം'  അതിലൂടെ പാത്തും പതുങ്ങിയും പോകുന്നു. എന്നെ കണ്ടതോടെ ആള് ഓടാന്‍ തുടങ്ങി.ഒരുവിധം ഓടിച്ചിട്ടു പിടിച്ചപ്പോഴാതാ എന്റെ കാല്‍ക്കല്‍ വീണു അപേക്ഷിക്കുന്നു. " എന്റെ പൊന്നു എഴുത്തുകാരി എന്നെ പോകാന്‍ അനുവദിക്കണം. രണ്ടു മൂന്നു എഴുത്തുകാരുടെ കഥകളിലും ലേഖനങ്ങളിലും ചേര്‍ന്നത്‌ കാരണം ആളുകള്‍ പല്ലിറുമ്മി  ഞാന്‍ ഒരു പരുവമായി.അതുമാത്രമല്ല അത് വായിച്ചവര്‍ പറഞ്ഞ തെറിക്കു ഒരു അതിരും ഇല്ലാ. നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഇതൊന്നും കേള്‍ക്കണ്ടല്ലോ. തെറി പറഞ്ഞവര്‍  തന്നെ എഴുതിയ  നല്ല അഭിപ്രായങ്ങളും വായിച്ചു ഉടനെ പേനയും പിടിച്ചു ഇറങ്ങും .അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി ' വെറുതെ അല്ല എല്ലാ വാക്കുകളും ഒളിച്ചു നടക്കുന്നത് ! 
"നിങ്ങള്ക്ക് അറിയുമോ ഞാന്‍ ഇപ്പോള്‍ അന്ധര്മുഖന്റെ  വീട്ടില്‍ പോയാ വരുന്നത് .അവന്‍ എല്ല് നുറുങ്ങി കിടക്കുകയ. പിന്നെ ചക്ഷുശ്രവണഗളസ്തക്ക് വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആണ്. ശരിക്കുള്ള അര്ത്ഥം മനസിലാക്കാതെ അവളെക്കുറിച്ചു ആളുകള്‍ എന്തോരം അപവാദങ്ങളാണ്  പറഞ്ഞു ഉണ്ടാക്കിയത്.  സമകാലീനനുമായുള്ള അവളുടെ കല്യാണംവരെ മുടങ്ങി" . നിര്‍ഗള കുമാരി ഇതും പറഞ്ഞു മുഖത്തെ വിയര്‍പ്പു അമര്‍ത്തി തുടച്ചു.
അപ്പോള്‍ അങ്ങനെയൊക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്.ഇനി അവളോട്‌ അപേക്ഷിക്കാന്‍ പറ്റില്ല. കല്യാണം മുടങ്ങി ഇരിക്കുന്ന അവളെ കൂടുതല്‍ വിഷമിപ്പിക്കുന്നതെങ്ങനെ. എല്ലാ വാക്കുകളുടെയും  സ്ഥിതി ഇങ്ങനെ അയാള്‍ ഞങ്ങള്‍ പാവം എഴുത്തുകാര്‍ എന്ത് ചെയ്യും. പണ്ട് ഉണ്ടായിരുന്നതിന്റെ നൂറു ഇരട്ടി ആണ് ഇപ്പോള്‍ എഴുത്തുകാര്‍... .മാത്രവുമല്ല സ്കൂളില്‍ പോലും നാലക്ഷരം എഴുതാത്തവര്‍ പോലും പേനയും എടുത്തു എഴുതാന്‍ ഇറങ്ങുന്ന കാലവും ആണ്.  ഞാന്‍ തലയില്‍ കയ്യും വച്ചു നിലത്തിരുന്നു.അപ്പോഴാണ് രണ്ടു വാക്കുകള്‍ എന്റെ തലയില്‍ കിടന്നു മിന്നിയത്. വില കൂടുതല്‍ ആണെങ്കിലും ഓരോ കിലോ വീതം ഓറഞ്ചും ആപ്പിളും വാങ്ങി ഉടനെ അവരുടെ വീട്ടിലേക്കു പുറപ്പെട്ടു.
സസ്യശ്യാമളയും ക്ഷിപ്രകോപിയും കൂടി അലക്കാനുള്ള തുണികളുമായി പുഴയിലേക്ക് നടക്കുന്നതിനിടക്കാണ് ഓറഞ്ചും ആപ്പിളും ഉള്ള കവറും പിടിച്ചു വരുന്ന എന്നെ കണ്ടത്.
എന്നെ കണ്ടതും " ദെ ആ വരുന്നത് ഒരു ബ്ലോഗിനി ആണ്.പിടി കൊടുക്കാതെ രക്ഷപെടാന്‍ നോക്ക്" എന്നും പറഞ്ഞു ഭൂതത്തെ കണ്ട പോലെ രണ്ടും ഓടാന്‍ തുടങ്ങി. ഒരുവിധം ഓടിച്ചിട്ട്‌ പിടിച്ചു രണ്ടു കവറും കയ്യില്‍ ഏല്‍പ്പിച്ചു ഒന്ന് സോപ്പിട്ടു കൂടെ കൂട്ടാം എന്ന് വച്ചപ്പോള്‍ ഇതാ രണ്ടും കാല്‍ക്കല്‍ കിടക്കുന്നു. " എന്റെ ബ്ലോഗിനി...എഴുത്തുകാരെ പേടിച്ചു രണ്ടു ആഴ്ച ആയി അലക്കീട്ടും കുളിച്ചിട്ടും. അതുകൊണ്ട് കുളിക്കാന്‍ അനുവദിക്കാതെ ഞങ്ങളെ പിടിച്ചു ബ്ലോഗില്‍ ഇട്ടാല്‍ കഥ നാറി പിന്നെ നിങ്ങളുടെ ബ്ലോഗില്‍ ആരും കയറുലാ" 
അത് ശെരിയാണ്‌. ,ഞാന്‍ ഒരു അനോണി അല്ലാത്തതിനാലും ഫേസ് ബുക്കില്‍ എന്റെ യഥാര്‍ത്ഥ പേര് തന്നെ ആയതിനാലും എനിക്ക് മറ്റു അനോണികളെ അപേക്ഷിച്ച് വായനക്കാര്‍ കുറവാണു. ഇതൊക്കെ മനസിലാക്കുന്നതിനു മുന്‍പ് ബ്ലോഗ്‌ തുടങ്ങിയതിന്റെ കുഴപ്പം ആണ്. എന്തായാലും രണ്ടും അലക്കി കുളിച്ചു വരട്ടെ. എന്നിട്ട് പിടികൂടാം.
അവരെ വിട്ടു ഞാന്‍ മെല്ലെ റോഡിലെക്കിറങ്ങിയപ്പോഴതാ  ജാഥയായി ബാനറും പിടിച്ചു കുറേ വാക്കുകള്‍ റോഡിലൂടെ പോകുന്നു. എന്നെകണ്ടതും "ഇത ഒരു ബ്ലോഗിനി..പിടിക്കടാ അവളെ " എന്നും പറഞ്ഞു ഞാന്‍ തേടി നടന്ന വാക്കുകള്‍ എല്ലാംകൂടി എന്നെ പിടിക്കാനായി ഓടി വരുന്നു. പൊതുവേ ഓട്ടത്തിന് പിന്നോക്കവും ഓടാന്‍ മടിച്ചിയും ആയ എന്നെ എല്ലാ വാക്കുകളും കൂടി ഏകദേശം രണ്ടു കിലോമീറ്റെറോളം ഓടിച്ചു. അവസാനം എല്ലാം കൂടി എന്നെ പിടി കൂടുമെന്നായപ്പോള്‍ ഞാന്‍ ഉറക്കെ അലറി വിളിച്ചു
 "രക്ഷിക്കണേ ...രക്ഷിക്കണേ ..എല്ലാറ്റയും കൂടി എന്നെ പിടിക്കാന്‍ വരുന്നേ"  
അപ്പോഴാതാ വേറെ ആരൊക്കെയോ കരയുന്ന ശബ്ദം. അത് എന്റെ മക്കളല്ലേ. അവരെയും വാക്കുകള്‍ പിട്ച്ചോ? പെട്ടന്ന് മഴ പെയ്ത പോലെ വെള്ളത്തുള്ളികള്‍ എന്റെ മുഖത്തു വീണു.പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോള്‍  ഒരു കോപ്പയില്‍ വെള്ളവുമായി  ഭര്‍ത്താവും  കരഞ്ഞു കൊണ്ട്  രണ്ടു മക്കളും എന്റെ  അടുത്ത് നില്‍ക്കുന്നു.
"എന്തിനായിരുന്നു എഴുത്തുകാരി കരഞ്ഞത്? കഥ കിട്ടഞ്ഞിട്ടാണോ? പതിദേവന്‍ പകുതി ദേഷ്യത്തില്‍ ചോദിച്ചു.
"അല്ല ..വാക്കുകള്‍ എല്ലാം കൂടി എന്നെ ഓടിച്ചിട്ട്‌ അടിക്കാന്‍ വന്നു" ഞാന്‍ ചമ്മലോടെ പറഞ്ഞു .
" രാത്രി നേരത്ത് ഉറങ്ങാന്‍ സമ്മതിക്കാതെ ഇങ്ങനെ ഉപദ്രവിച്ചാല്‍ വാക്കുകള്‍ വരെ ഓടിച്ചിട്ട്‌ തല്ലും എന്ന് ഇപ്പോള്‍ മനസിലായല്ലോ?" എങ്കില്‍ ഉറങ്ങാന്‍ വാ" അതും പറഞ്ഞു പതി ഉറങ്ങാന്‍ നടന്നു.
അതും കേട്ടു  ഞാന്‍ എന്റെ മക്കളെയും പിടിച്ചു ചമ്മി തലതാഴ്ത്തി മന്ദമധുരസ്മിതത്തോടെ ഉറങ്ങാനായി മുറിയിലേക്ക് നടന്നു.