ആ കടല്‍ കരയില്‍ എപ്പോഴൊ നിശ്ചലമായിപ്പോയ മനസും അടക്കി പിടിച്ചു അയാള്‍ തിരകള്‍ നോക്കി ഒറ്റക്കിരുന്നു. കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് അതെ മാസത്തിലെ അതേ ദിവസം അവിടെ വച്ചു അവളുമായി ഒരു സമാഗമം ഉണ്ടായിരുന്നില്ലയെങ്കില്‍ താന്‍ ഇപ്പോള്‍ സുന്ദരിയായ ഒരു പെണ്ണിന്റെ കൂടെ ആ കടല്‍ കരയില്‍ ചുറ്റി ന്ടക്കുന്നുണ്ടയേനെ.അല്ലെങ്കില്‍ തന്റെ ആരാധികമാരുടെ കരവലയത്തില്‍ നൈമിഷിക സുഖം ആസ്വദിച്ചു കിടന്നേനെ.തന്റെ ജീവിതത്തെ മാറ്റി മറിച്ച ജീവിതത്തെ തന്നെ മനസിലാക്കി തന്ന ആ ദിവസത്തെ വെറുക്കണോ ഇഷ്ടപെടണോ എന്ന് തന്നെ അയാള്‍ക്ക് അറിയുമായിരുന്നില്ല .ഒന്നു മാത്രം അറിയാം. തനിക്കു അവളെ അല്ലാതെ മറ്റൊരുവളെ ഇനി സ്നേഹിക്കാനാവില്ല .അന്ഗീകരിക്കനാവില്ല.തിരകള്‍ വന്നു അവന്റെ കൈവിരലുകളില്‍ സ്പര്‍ശിച്ചു.ആദ്യമായി അവളുടെ തണുത്ത വിരലുകള്‍ തന്റെ കൈകളില്‍ സ്പര്‍ശിച്ചത് അവന്‍ ഓര്‍ത്തു.അവള്‍ തന്നെ വന്നു തഴുകുന്നതായി അവനു തോന്നി.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനുവരിയിലെ ഒരു തണുത്ത പ്രഭാതം .പുതിയ സൃഷ്ടിക്കായി മനസ്സു ഒരുക്കാന്‍ ചിന്തിച്ചു ഉറങ്ങാതെ കിടന്ന നീണ്ട ഒരു രാത്രിക്കൊടുവില്‍ പൊട്ടി മുളച്ച പ്രഭാതത്തില്‍ അവന്‍ കടല്‍ കരയിലൂടെ വെറുതെ നടന്നു.സൂര്യന്‍ ഉദിച്ചു തുടങ്ങിയെങ്കിലും കടല്‍ക്കരയില്‍ അയാള്‍ താമസിക്കുന്ന നിരനിരയായി ഉള്ള റിസോര്‍ട്ടുകളിലെ ആളുകള്‍ ഉണര്‍ന്നു തുടങ്ങിയിരുന്നില്ല. പുതുവര്‍ഷം ആഘോഷിക്കാന്‍ വന്ന സുഹൃത്തുക്കളും നവ വധുവരന്‍മാരും, കാമുകി കാമുകന്മാരും രാത്രിയുടെ ആലസ്യത്തില്‍ മയക്കത്തിലാണ്.താന്‍ വാടക്കെടുക്കപ്പെട്ടവനാണ് .റിസൊര്‍ട്ട് പോലെ തന്നെ തന്നെ എഴുതാനായി വാടകക്കെടുത്തതാണ് സംവിധായക സുഹൃത്ത് .എഴുതാനുള്ള മടി കൂടി കൂടി ഒന്നുമല്ലാത്ത ഒരു അവസ്ഥയില്‍ എത്തിയ സമയത്താണ് എന്നോ എഴുതി കൊടുക്കാമെന്നേറ്റ തിരക്കഥ ഇനിയും കിട്ടാത്ത പരാതി പറഞ്ഞു മടുത്ത സുഹൃത്ത് തന്നെ കയ്യോടെ പിടിച്ചു പേനയും പേപ്പറും തന്നു, നാട്ടില്‍ നിന്നും വളരെ ദൂരെ, ഇവിടെ ആക്കി പോയത്.തണുത്ത കാറ്റും കടല്കരയും റിസോര്‍ട്ടിലെ വഴികളില്‍ ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന കമിതാക്കളും തന്റെ മനസ്സില്‍ നല്ല ഒരു പ്രണയ കഥ മുള പൊട്ടാന്‍ സഹായിക്കുമെന്നും അത് ഒരു പ്രണയകാവ്യമായി കടലാസിലേക്ക് ഒഴുകി തനിക്ക് ഒരു ഹിറ്റ് സിനിമ സമ്മാനിക്കുമെന്നും തന്റെ സുഹൃത്ത് സ്വപ്നം കണ്ടിരിക്കും.
ഒറ്റക്കു കടല്‍ കരയിലൂടെ ഉള്ള നടത്തം മനസിന് നല്ല കുളിര്‍മ പകര്‍ന്നു.ഉദയ സൂര്യന്റെ കിരണങ്ങളില്‍ നിന്നും ഇളം ചൂട് കാറ്റിനൊപ്പം മുഖത്തു തട്ടുന്നത് നന്നായി ആസ്വദിച്ചു പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ അയാള്‍ നടന്നു.അപ്പോഴാണ് പിന്നില്‍ നിന്നും കാറ്റിലൂടെ ഒഴുകി എത്തിയ പോലെ മനോഹരമായ ശബ്ദം കേട്ടത്.ഇരുപത്തിഅഞ്ചില്‍ താഴെ മാത്രം പ്രായം വരുന്ന ഒരു സുന്ദരി.വെള്ള ചുരിദാര്‍ ധരിച്ച അവളെ ഒരു മാലാഖയെ പോലെ തോന്നി .തന്റെ ഏതെങ്കിലും ഒരു ആരാധിക ആവും എന്ന് കരുതി ഒരു പുഞ്ചിരിയോടെ എതിരേറ്റു.സാധാരണ പല ആരാധകരും തന്നെ വന്നു പൊതിയാറുണ്ട് .പക്ഷേ ഈ നേരത്ത് ദൂരെ ഉള്ള ഈ ബീച്ച് റിസോര്‍ട്ട് ഏരിയയില്‍ തന്നെ തിരിച്ചറിഞ്ഞ ഈ സുന്ദരി ആരാണ്.
"ഞാന്‍ അവന്തിക.നരേന്ദ്രന്റെ സഹോദരി ആണ്.ഞാന്‍ രണ്ടു മൂന്നു തവണ വിളിച്ചു സംസാരിച്ചിട്ടുണ്ട്..ഞാന്‍ റിസേര്‍ച്ചിനു വേണ്ടി ഉള്ള കുറച്ചു പേപ്പേര്‍സ് അയച്ചു തന്നിരുന്നു." അവള്‍ മനോഹരമായി ചിരിച്ചു കൊണ്ട് പറഞ്ഞു
കൂടുതല്‍ പറയുന്നതിന് മുന്‍പ് തന്നെ ആളെ മനസിലായി.അതുവരെ കണ്ടിരുന്നില്ലെങ്കിലും മനസ്സില്‍ അവള്‍ ഒരിടം നേടിയിരുന്നു.പക്ഷേ പല സുന്ദര ശബ്ദങ്ങളുടെയും ഇടയില്‍ ആ ശബ്ദവും മുങ്ങി പോയിരുന്നു.
"മനസിലായി. ശബ്ദം കൊണ്ട് തന്നെ ആള് സുന്ദരി ആണെന്ന് തോന്നിയിരുന്നു.എങ്കിലും ഇത്രയും സുന്ദരി ആണെന്ന് കരുതിയില്ല." പറഞ്ഞു കഴിഞ്ഞു താന്‍ പറഞ്ഞത് അബദ്ധമായോ എന്ന് അയാള്‍ക്ക് തോന്നി.കാരണം താന്‍ വളരെ കാലമായി അറിയുന്ന നരേന്ദ്രന്റെ സഹോദരി ആണ്.കൂടാതെ സാധാരണ ആരാധികകളെ പോലെ അല്ല നാടന്‍ കലകളെ കുറിച്ച് കുറച്ചു വിവരത്തിനു വേണ്ടിയാണ് അവള്‍ വിളിച്ചിരുന്നത്... .അതും നരേന്ദ്രന്‍ പറഞ്ഞിട്ട്.സാധാരണ തന്റെ തോളില്‍ തൂങ്ങാറുള്ള സ്ത്രീകളോട് പറയുന്നത് പോലെ അവളോട് പറഞ്ഞതില്‍ അയാള്‍ ഖേദിച്ചു. അവിചാരിതമായി തനിക്കു കിട്ടിയ പ്രശസ്തിയും ആരാധികമാരും അയാളെ ആകെ മാറ്റിയിരുന്നു.ചമ്മല്‍ മാറ്റാനെന്നോണം റിസേര്‍ച്ചിനെക്കുറിച്ചും നരേന്ദ്രന്റെ ബിസിനെസ്സിനെ പറ്റിയും വെറുതെ സംസാരിച്ചു അവളോടൊപ്പം കടല്‍ കരയിലൂടെ നടന്നു.അവള്‍ക്ക് വേണ്ട വിവരണങ്ങള്‍ അടങ്ങിയ കടലാസുകള്‍ ഉടന്‍ ശെരിയാക്കാം എന്ന് അവള്‍ക്കു ഉറപ്പു കൊടുത്താണ് അന്ന് അവര്‍ പിരിഞ്ഞത്.
പിറ്റേന്ന് അവിചാരിതമായി ഒരു ബുക്ക് ഷോപ്പില്‍ വച്ചു വീണ്ടും അവളെ കണ്ടപ്പോള്‍ എന്തോ ഒരു സന്തോഷം തനിക്കു അനുഭവപ്പെടുന്നതായി അയാള്‍ മനസിലാക്കി.
"ഒരു കോഫി കുടിച്ചാലോ?"..അയാള്‍ അവളോട് ചോദിച്ചു.
സംശയത്തോടെ ആണ് ചോദിച്ചതെങ്കിലും അവള്‍ പെട്ടന്ന് സമ്മതിച്ചത് അയാളെ അതിശയിപ്പിച്ചു. കോഫി ഓരോ കവിള്‍ നുണഞ്ഞു അവര്‍ സംസാരിച്ചു ഇരുന്നു. പി എച് ഡി എടുക്കുക എന്നത് അവളുടെ ജീവിതാഭിലാഷം ആണ്.അതിനു വേണ്ടി ആണ് വീട്ടില്‍ നിന്നും ദൂരെ ആണെങ്കിലും കൂടുതല്‍ നല്ല സര്‍വകലാശാലയില്‍ ചേര്‍ന്നത്. താന്‍ ഓരോ വിഷയങ്ങള്‍ എഴുതാന്‍ അതിന്റെ വേരും താണ്ടി കുറെ നടക്കാറുണ്ടെന്നും അതുകൊണ്ട് അവള്‍ക്കു ആവശ്യമുള്ള കാര്യങ്ങള്‍ തനിക്കു അറിയുമെന്നും അവളെ സഹായിക്കനാകുമെന്നും നരേന്ദ്രന്‍ ആണ് അവളോട് പറഞ്ഞത്.കോളേജ് ലെക്ചെറില്‍ നിന്നും എഴുത്തുകാരനില്‍ നിന്നും തിരക്കഥാ കൃത്തിലെക്കുള്ള മാറ്റവും നരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.ഏറ്റവും കൂടുതല്‍ അയാളെ അതിശയിപ്പിച്ചത് അവള്‍ അയാളെ പന്ത്രണ്ടു കൊല്ലം മുന്‍പ് നരേന്ദ്രന്റെ കൂടെ പഠിക്കുമ്പോള്‍ മുതല്‍ അറിയുമെന്നും അത് കഴിഞ്ഞു തന്റെ ഓരോ കാര്യങ്ങളും അവനോടു ചോദിച്ചു മനസിലാക്കാരുണ്ട് എന്നതും ആയിരുന്നു .ഒരിക്കല്‍ അവന്റെ വീട്ടില്‍ പോയപ്പോള്‍ ചെറിയമ്മയുടെ മോളാണെന്നും പക്ഷെ കൂടപ്പിറപ്പുകള്‍ ഇല്ലാത്ത തനിക്ക് ഇവള്‍ സ്വന്തം അനിയത്തി ആണെന്നും പറഞ്ഞു ഒരു കുട്ടിയെ നരേന്ദ്രന്‍ പരിചയപ്പെടുത്തിയത് അയാള്‍ ഓര്‍ത്തു.അതൊക്കെ മറവിയുടെ പുസ്തകത്തില്‍ മറഞ്ഞു പോയ അദ്ധ്യായങ്ങള്‍ ആയിരുന്നു.
അന്ന് സംസാരം കഴിഞ്ഞു പിരിഞ്ഞപ്പോള്‍ മുതല്‍ അവള്‍ തനിക്കു ആരൊക്കെയോ ആയ പോലെ ഒരു തോന്നല്‍ അയാളുടെ മനസ്സില്‍ ഉടലെടുത്തു.ഇന്നുവരെ സ്ത്രീകളോട് ഒരു പ്രേമവും തോന്നിയിട്ടില്ല.തോന്നിയിട്ടുണ്ടെങ്കില്‍ അത് അവരുടെ ശരീരത്തോടുള്ള ആസക്തി മാത്രമായിരുന്നു. അങ്ങനെയും ഒരു പെണ്ണും മനസ്സില്‍ കുടിയേറിയിട്ടും ഇല്ല. പക്ഷെ ഇവളോട് തോന്നിയ വികാരം സ്നേഹം ആണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. വ്യക്തമായ ജീവിത ഉദ്ദേശമൊന്നും ഇല്ലാതെ സ്വതന്ത്രമായി ചുറ്റി അലയുന്ന താന്‍ കല്യാണത്തെ പറ്റി ഇതുവരെ ചിന്തിച്ചില്ലല്ലോ.ഏക മകനായ തനിക്കു വേണ്ടതിലധികം അച്ഛന്‍ സമ്പാദിച്ചു തന്നിട്ടുണ്ട്.പക്ഷെ തന്റെ സ്വഭാവത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകുന്ന തന്റെ സുഹൃത്തിനോട് എങ്ങനെ അവന്റെ പെങ്ങളെ കല്യാണം കഴിച്ച് തരാമോ എന്ന് ചോദിക്കും.എഴുതാനായി റിസോര്‍ട്ട് എടുത്തു തന്ന പാവം സുഹൃത്തിനെ ആലോചിച്ചു അയാള്‍ അപ്പോള്‍ പരിതപിച്ചു.പ്രണയ കഥയ്ക്ക് പകരം ഒരു യഥാര്‍ത്ഥ പ്രണയം സംഭവിച്ചതിനെ കുറിച്ചോര്‍ത്തു അയാള്‍ ചിരിച്ചു.
പിന്നീട് എന്നും കടല്‍ കരയിലൂടെ അവളുടെ കൂടെ നടത്തം പതിവായി.അവള്‍ കൂടെ ഉള്ളപ്പോള്‍ ഒരു പ്രത്യേക ഊര്‍ജം തന്നിലേക്ക് പകരുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. അവളുടെ സുഗന്ധം അയാളില്‍ ഉന്മാദം ഉണ്ടാക്കി. ആകാശത്തിനു കീഴെ ഉള്ള എല്ലാത്തിനെ കുറിച്ചും അവര്‍ സംസാരിച്ചു. ആ യാത്രകളില്‍ തന്റെ ജീവിതത്തിലെ ഓരോ ഏടുകളും അയാള്‍ അവള്‍ക്കു മുന്നില്‍ തുറന്നു വച്ചു.തന്റെ തെറ്റുകളും ഗുണങ്ങളും കുറ്റങ്ങളും കഴിവുകളും അവള്‍ക്കു തുറന്നു കാട്ടി ഗംഗയില്‍ കുളിച്ചപോലെ അയാളുടെ മനസ് പവിത്രമായി.കുറച്ചു ദിവസത്തിനുള്ളില്‍ അയാള്‍ ഒരു പുതിയ മനുഷ്യനായി മാറി .കനം കുറഞ്ഞ മനസുമായി അയാള്‍ കുറേ കൊല്ലങ്ങള്‍ക്ക് ശേഷം മദ്യം കഴിക്കാതെ സുഖമായി കിടന്നു ഉറങ്ങി.പരിചയപ്പെട്ട ഒരു പെണ്ണും തന്റെ മനസറിയാന്‍ ശ്രമിച്ചിരുന്നില്ല.വേറെ ഒരാളുടെ മുന്നിലും താന്‍ മനസ് തുറന്നിട്ടും ഇല്ല.ഇത്രയും മനസ് തുറന്നു സംസാരിച്ചിട്ടും ഒരു നല്ല സുഹൃത്തില്‍ കവിഞ്ഞ യാതൊരു സമീപനവും അവളില്‍ നിന്നും ഇല്ലായിരുന്നു.അവളുടെ ചലനത്തില്‍ നിന്നോ നോട്ടത്തില്‍ നിന്നോ പോലും യാതൊന്നും ദര്ശിക്കത്തതിനാല്‍ തന്റെ പ്രേമം തുറന്നു പറയാന്‍ അയാള്‍ മടിച്ചു.എങ്കിലും അവള്‍ തന്റെ മനസിനുള്ളിലേക്ക് ആഴത്തില്‍ ഇറങ്ങിയെന്നും അവളെ അല്ലാതെ മറ്റൊരുവളെ തന്റെ പാതി ആയി ഇനി സങ്കല്പ്പിക്കാനാവില്ല എന്നുമുള്ള യാഥാര്‍ത്ഥ്യം അയാള്‍ മനസിലാക്കിയിരുന്നു.
പതിനഞ്ചു ദിവസത്തിനാണ് സുഹൃത്ത് റിസോര്‍ട്ട് ബുക്ക് ചെയ്തു തന്നിരിക്കുന്നത്.ഇനി മൂന്നു ദിവസം മാത്രം ബാക്കി.കഥയുടെ ഒരു വരി പോലും എഴുതിയിരുന്നില്ല.എന്തെങ്കിലും പറഞ്ഞു അവിടെ തന്നെ കുറച്ചു കാലം കൂടി താമസിക്കാന്‍ അയാള്‍ തീരുമാനിച്ചു.അതിനു തന്റെ സുഹൃത്ത് സമ്മതിച്ചില്ലെങ്കില്‍ ഏതെങ്കിലും ഒരു വീട് വാടകക്കെടുത്തു അങ്ങോട്ട് മാറണം.അവളുമായെ ഇനി നാട്ടിലേക്ക് ഒരു മടക്കം ഉള്ളു..എത്രയും വേഗം കാര്യങ്ങള്‍ തുറന്നു പറയാന്‍ അയാള്‍ തീരുമാനിച്ചു.അന്ന് പതിവിലും നേരത്തെ അയാള്‍ കടല്കരയിലെത്തി.സമയം ഒച്ചിനെക്കാള്‍ മെല്ലെ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് അയാള്‍ക്ക് തോന്നി.അവള്‍ക്കു കൂടി വേണ്ടി രണ്ടു കടല പൊതി വാങ്ങുമ്പോഴെക്കും അവള്‍ നടന്നു വരുന്നത് അയാള്‍ കണ്ടു.അവള്‍ അതുവരെ കണ്ടതിനേക്കാള്‍ മനോഹരിയായി അയാള്‍ക്ക് തോന്നി. ജീവിതത്തില്‍ ഇത്തരത്തില്‍ ഒരു സ്ഥാനം ഒരു പെണ്ണിനും കല്പിച്ചു കൊടുക്കുമെന്ന് സ്വപ്നത്തില്‍ കൂടി കരുതിയതല്ല.മുജ്ജന്മ ബന്ധം പോലെ ചുരുങ്ങിയ സമയം കൊണ്ട് അവള്‍ തന്റെ എല്ലാമായി മാറിയിരിക്കുന്നു.അവള്‍ സാവധാനം നടന്നു അയാള്‍ക്ക് അരികിലെത്തി.ഒരു കടല പൊതി അവള്‍ക്കു കൊടുത്ത് പതിവുപോലെ അവര്‍ നടക്കാന്‍ തുടങ്ങി.അവര്‍ രണ്ടുപേരും പരസ്പരം ആതി എന്നാണ് വിളിച്ചിരുന്നത്.അവള്‍ അയാളെയും അയാള്‍ അവളെയും. അത് എങ്ങനെ അവരുടെ നാവില്‍ വന്നു എന്ന് അറിയില്ല.പക്ഷേ പിന്നീടു അത് പരസ്പരം അവര്‍ക്ക് മാത്രം വിളിക്കാനുള്ള ഒരു പേരായി മാറി.
"ആതി ..ജീവിതത്തെ കുറിച്ച് എന്താണ് കാഴ്ചപാട്?.എന്നെ ആതിയുടെ ഭര്‍ത്താവായി സങ്കല്‍പ്പിക്കാന്‍ പറ്റുമോ?"..പതിവ് സരസതയോടെ ചോദിച്ചു.
"അപ്പോള്‍ ഇന്ദ്രേട്ടന്‍ ഒന്നും പറഞ്ഞില്ലേ?.ആതി...എന്റെ കല്യാണം കഴിഞ്ഞതാണ് ."അവള്‍ നടന്നുകൊണ്ട് മറുപടി പറഞ്ഞു.
തന്റെ കാല്‍ക്കീഴിലെ മണല്‍ തരികള്‍ ഓരോന്നായി ഒലിച്ചു പോകുന്നതായി അയാള്‍ക്ക് തോന്നി.അയാളുടെ കണ്ണുകള്‍ നിറഞ്ഞു കാഴ്ച മങ്ങി.ഒന്നും പറയാതെ അയാള്‍ അതിവേഗത്തില്‍ തന്റെ താമസ സ്ഥലത്തേക്ക് നടന്നു.
പിറ്റേന്ന് രാവിലെ പ്രതീക്ഷിക്കാതെ അവള്‍ അയാളുടെ മുറിയിലേക്ക് കയറി വന്നു. രാത്രി മുഴുവന്‍ മനസ് നീറി എപ്പോഴോ ഉറങ്ങി രാവിലെ അയാള്‍ എഴുന്നെറ്റതേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ അവളെ കണ്ടപ്പോള്‍ നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ പ്രതീതി ആയിരുന്നു അയാള്‍ക്ക്.. .... .
"ആതി പെട്ടന്ന് അത് പറഞ്ഞപ്പോള്‍ എനിക്ക് നിയന്ത്രിക്കാനായില്ല..എന്റെ തെറ്റാണ്.ഞാന്‍ ആദ്യമേ ചോദിക്കെണ്ടാതായിരുന്നു.ഇനി എനിക്കിവടെ നില്‍ക്കാനാവില്ല.ഞാന്‍ ഇന്ന് തന്നെ തിരിച്ചു പോകുന്നു." അയാള്‍ തല താഴ്തി നിന്നു കൊണ്ട് പറഞ്ഞു.
അതിനു ഉത്തരം പറയാതെ അവള്‍ അയാളുടെ മാറിലേക്ക് ചാഞ്ഞു.അത് അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു.അവളുടെ സുഗന്ധം അയാളില്‍ ഉറങ്ങിക്കിടന്ന വികാരങ്ങളെ ഉണര്‍ത്തി.തിരകള്‍ തീരത്ത് അലതല്ലി തിമിര്‍ത്താടി .വിയര്‍പ്പുകണങ്ങള്‍ ഒലിച്ചിറങ്ങുന്ന മുഖം ഉയര്‍ത്തി അയാള്‍ അവളെ അമര്‍ത്തി ചുംബിച്ചു.കുറേ സമയം അയാളുടെ കരവലയങ്ങളില്‍ സുരക്ഷിതത്തിനു കൊതിക്കുന്നവളെപ്പോലെ അവള്‍ ഒതുങ്ങി കിടന്നു.പിന്നീട് പെട്ടന്ന് എണീറ്റ് വസ്ത്രങ്ങള്‍ ശെരിയാക്കി ഒന്നും പറയാതെ അവള്‍ വാതിക്കലേക്ക് നടന്നു.അപ്പോഴും നടന്നത് സ്വപ്നമാണോ യാഥാര്ത്യമാണോ എന്ന സംശയത്തിലായിരുന്നു അയാള്‍.. ... .പക്ഷേ അവള്‍ കന്യക ആയിരുന്നെന്ന തിരിച്ചറിവ് അയാളെ അത്ബുധപ്പെടുത്തി.
ഒന്നും പറയാതെ വാതില്‍ തുറന്നു അവള്‍ ഇറങ്ങി നടന്നു.അയാള്‍ക്ക് എണീറ്റ് തടയാന്‍ കഴിയുന്നതിനു മുന്‍പേ അവള്‍ കുറേ ദൂരം എത്തിയിരുന്നു.അപ്പോഴാണ് അവളുടെ മൊബൈല്‍ നമ്പര്‍ കൂടി താന്‍ ചോദിച്ചില്ലല്ലോ എന്ന ബോധം അയാള്‍ക്കുണ്ടായത്.അവരുടെ ഇടയില്‍ മൊബൈലിനു സ്ഥാനം ഇല്ലായിരുന്നു.ഒരിക്കലും അവളെ വിളിച്ചു സമയം പറഞ്ഞിട്ടല്ല അവള്‍ കടല്‍ കരയില്‍ എത്തിയത്.അത് ഒരു വിശ്വാസം ആയിരുന്നു.അതവരെ മുന്നോട്ട് കൊണ്ടുപോയി.നരേന്ദ്രനെ വിളിച്ചു അവളെക്കുറിച്ചു അന്വേഷിക്കാന്‍ അയാളുടെ മനസ് അനുവദിച്ചില്ല. നടന്നതൊക്കെ അവള്‍ പറഞ്ഞെങ്കില്‍ ഞാന്‍ എങ്ങനെ അവന്റെ മുഖത്തു നോക്കും എന്ന കുറ്റബോധം അയാളെ അലട്ടി.അവന്റെ കുഞ്ഞുപെങ്ങളെ താനും പെങ്ങളായി കാണും എന്ന വിശ്വാസത്തിലാകും അവന്‍ അവളെ തന്റെ അടുക്കലെക്കയച്ചത്.താന്‍ ചെയ്തത് തീരെ ശെരിയായില്ല.വിവാഹിതയായ ഒരു പെണ്ണ് ,അതും ആത്മാര്‍ത്ഥ സുഹൃത്തിന്റെ സഹോദരി.പല വിധ ചിന്തകളാല്‍ അയാളുടെ ഉള്ളം നീറി പുകഞ്ഞു.അവളെ മറക്കാന്‍ അയാള്‍ ആവുന്നതും ശ്രമിച്ചു.ദിവസങ്ങള്‍ കഴിയും തോറും അത് തനിക്കു സാധ്യമല്ല എന്ന സത്യാവസ്ഥ അയാള്‍ തിരിച്ചറിഞ്ഞു.മാസങ്ങള്‍ക്ക് ശേഷം അവളില്ലാതെ ഒരുനിമിഷം ജീവിക്കാന്‍ വയ്യ എന്ന ഘട്ടത്തില്‍ അയാള്‍ നരേന്ദ്രന്റെ നമ്പര്‍ തിരഞ്ഞു.
നരേന്ദ്രനെ വിളിച്ചു സൌഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം എങ്ങനെ അവളെക്കുറിച്ച് ചോദിക്കും എന്ന് ആലോചിച്ചപ്പോഴെക്കും അയാളെ അത്ബുധപ്പെടുത്തി നരേന്ദ്രന്‍ അയാളോട് ചോദിച്ചു."നിനക്ക് അവന്തിയെക്കുറിച്ച് അറിയണ്ടേ?."
എന്ത് പറയണം എന്നറിയാതെ അയാള്‍ മൌനം പാലിച്ചു.പിന്നീടു ചോദിച്ചു.
"അവള്‍ക്കും ഹസ്ബന്റിനും സുഖമല്ലേ?.റിസേര്‍ച്ചിന്റെ പേപ്പറുകള്‍ മുഴുവന്‍ ശെരിയാക്കി കൊടുക്കാനായില്ല.തിരക്കിലായിപ്പോയി."
'അവള്‍ കല്യാണം കഴിച്ചിട്ടില്ല.നീ അറിയാതെ പത്തു കൊല്ലമായി നിന്നെ സ്നേഹിച്ചവള്‍ ആണ് അവള്‍. .നിന്നെ മാത്രമേ കല്യാണം കഴിക്കു എന്ന വാശിയിലായിരുന്നു.നിന്നെക്കുറിച്ചു എന്നോട് അന്വേഷിക്കാത്ത ഒരു ദിവസം കൂടി ഇല്ല.നീ വഴി വിട്ട് നടക്കുമ്പോള്‍ ഏറ്റവും ദുഖിച്ചതു ഞാനും അവളും ആണ്. അവിചാരിതമായി തിരിച്ചറിഞ്ഞ അസുഖം അവളെ ആകെ തളര്‍ത്തി.പിന്നീട് പഠിത്തം മുഴുമിപ്പിക്കണം എന്ന ചിന്തയിലായിരുന്നു.നിന്നോട് ഒന്നും പറയേണ്ട എന്നാണ് പറഞ്ഞിരിക്കുന്നത്."വാക്കുകള്‍ മുഴുമിപ്പിക്കുമ്പോള്‍ അവന്റെ സ്വരം ഇടറിയിരുന്നു.
ആവശ്വസിനീയമായ ഒരു കഥ കേള്‍ക്കുന്ന പോലെ ആണ് അവന്‍ പറയുന്ന ഓരോന്നും അയാള്‍ കേട്ടത്.അവള്‍ക്കു ലുക്കീമിയ ആണെന്ന സത്യം കേട്ടു അയാള്‍ നടുങ്ങി.അതിനുള്ള ചികിത്സയിലാണ് അവള്‍ ഇപ്പോള്‍. .നരേന്ദ്രന്റെ അടുത്തുനിന്നും നമ്പര്‍ വാങ്ങി അയാള്‍ അവളെ വിളിച്ചു.
"എന്നെ കാണാന്‍ വരരുത്.നമ്മള്‍ ആദ്യം കണ്ട അതെ ദിവസംഅതേ കടല്‍ കരയില്‍.. ....അസുഖം ഒക്കെ മാറിയിട്ടു ഞാന്‍ വരും. .നമുക്ക് അന്നത്തെ പോലെ ഒരുമിച്ചു നടക്കാം".അവളുടെ വാക്കുകളില്‍ പ്രതീക്ഷ ഉണ്ടായിരുന്നു.പിന്നീട് വിളിച്ചപ്പോള്‍ ഒന്നും അവള്‍ ഫോണ്‍ എടുത്തതെ ഇല്ല.എന്നെങ്കിലും അസുഖം മാറി അവള്‍ തന്റെ അടുത്തേക്ക് വരും എന്ന് അയാള്‍ വിശ്വസിച്ചു.അതുവരെ കാത്തിരിക്കാന്‍ അയാള്‍ തയ്യാറായിരുന്നു.അവള്‍ പണ്ട് തന്നിട്ട് പോയ കടലാസുകള്‍ അയാള്‍ മറച്ചു നോക്കി.അതില്‍ അവസാനം എഴുതിയിരുന്നു.
"How Do I Love Thee?
Let me Count The Ways.
I Love Thee To The Depth
And Breadth And Height
My Soul Can Reach
When Feeling Out Of Sight
For The Ends Of being
And ideal Grace." -Elizebath Browning
മാസങ്ങള്‍ക്ക് ശേഷം അവിചാരിതമായാണ് ഒരു റോഡപകടത്തില്‍ ബിസ്സിനെസുകാരനും ഏതാനും സിനിമകളുടെ നിര്‍മാതാവുമായ നരേന്ദ്രന്‍ മരിച്ച വാര്‍ത്ത അയാള്‍ കണ്ടത്.അപ്പോള്‍ തന്നെ അയാള്‍ കാറെടുത്തു അങ്ങോട്ട് പുറപ്പെട്ടു.അവിടെ വച്ചു അവളെ കാണും എന്ന പ്രതീക്ഷ അയാള്‍ക്കുണ്ടായിരുന്നു കാരണം അവള്‍ നരേന്ദ്രന്റെ പ്രിയപ്പെട്ട കുഞ്ഞുപെങ്ങള്‍ ആണല്ലോ. പക്ഷേ ആള്‍ കൂട്ടത്തില്‍ അവളെ തിരഞ്ഞു അയാള്‍ നിരാശനായി. നരേന്ദ്രന്റെ വീട്ടുകാരോട് അവളെ ക്കുറിച്ചു ചോദിക്കാന്‍ അയാള്‍ക്ക് വയ്യായിരുന്നു.കാരണം അവള്‍ ജീവിച്ചിരിപ്പില്ല എന്ന വാര്‍ത്ത സഹിക്കാനുള്ള മനക്കരുത്ത് അയാള്‍ക്കില്ല.അവള്‍ അസുഖം മാറി ഈ കടല്‍കരയില്‍ തിരിച്ചു വരും.പിന്നീട് ഞങ്ങള്‍ ,ആതിയും ആതിയുംപരസ്പരം സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കും.അന്നുമുതല്‍ എല്ലാ ജനുവരിയിലും പത്തു ദിവസം അയാള്‍ ഈ കടല്‍ കരയില്‍ ഉണ്ടാകും.അവളെയും കാത്ത്.
അവന്‍ കടലിലേക്ക് നോക്കി ഉറക്കെ വിളിച്ചു." ആതീ ............."
അവനെ അവള്‍ തിരിച്ചു വിളിക്കുന്ന പോലെ കടലിന്നപ്പുറത്തുനിന്നും വിളി മുഴങ്ങി "ആതീ..........."