Thursday, June 2, 2011

മല്ലു എന്ന മലയാളി


 മലയാളികളുടെ സമ്മേളനം.മലയാളം കേട്ട് മനസ്സ് നിറയുമല്ലോ എന്നോര്‍ത്ത് പുറപ്പെട്ടു ഞാനും !സ്വന്തം ഭാഷ കേള്‍ക്കാന്‍ കാതോര്‍ത്ത ഞാന്‍ അവരുടെ സംസാരം കേട്ട് അമ്പരന്നു..മലയാളി സമാജത്തില്‍ ഒരു മലയാളിയും ഇല്ലെന്നോ?.ഞാന്‍ കുറച്ചു പേരോട് മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു.ഒരു രക്ഷയുമില്ല..അവര്‍ ഭാഷ മാറ്റന്‍ തയ്യാറല്ലെന്ന് മാത്രമല്ല "ഇതെവിടുന്നു വന്നെടാ" എന്നൊരു പുഛഭാവത്തില്‍ എന്നെ നോക്കി. മോശമാകാന്‍ പാടില്ലല്ലോ..ആദ്യമായി ഇംഗ്ലീഷ് പഠിപ്പിച്ച ഗായത്രി ടീച്ചറെ മനസ്സില്‍ ധ്യാനിച്ച് ഞാനും അവര്‍ പറയുന്ന അതേ രീതിയില്‍ അടിച്ചു മാറാന്‍ തുടങ്ങി.മിമിക്രി പരിശീലിച്ചു വന്നിരുന്നെങ്കില്‍ ഒന്നുകൂടെ എളുപ്പമായേനെ.എന്‍റെ ഇംഗ്ലീഷ് കേട്ട അവര്‍ എന്നെയും സംഘത്തില്‍ കൂട്ടാന്‍ തയ്യാറായി.എല്ലാവരും സ്വയം പരിചയപ്പെടുത്തി. പരിച്ചയപെടുത്തലിനെക്കാള്‍ തങ്ങളൊന്നും ജനിച്ചു വളര്‍ന്നത്‌ കേരളത്തില്‍ അല്ലെന്നും തനിക്ക് മലയാളം അറിയില്ലെന്നും സ്ഥാപിക്കാനുള്ള തത്രപാടിലായിരുന്നു എല്ലാവരും."ഞാന്‍ ജനിച്ചത്‌ മുംബയില്‍ ..ഞാന്‍ മലയാളത്തില്‍ വളരെ മോശം ആണ്"...."ഞാന്‍ ജനിച്ചത്‌ ഡല്‍ഹിയില്‍ ..മലയാളം അറിയുകയേ ഇല്ല" .. ഇങ്ങനെയാണ് ഓരോരുത്തരുടെയും സംസാരം.

മൊത്തത്തില്‍ ഇവര്‍ക്കൊന്നും സ്വന്തം ഭാഷ അറിയില്ല.എങ്ങാനും ഓണം ഉണ്ണാന്‍ കേരളത്തില്‍ വന്നു പോയിട്ടുണ്ട് എന്ന ഭാവമാണ്.അങ്ങനെ ഓരോ മലയാളിയും സ്വന്തം അമ്മയെ തള്ളിപറയുന്നത്‌ ഞാന്‍ വ്യസനത്തോടെ കേട്ടിരുന്നു.മലയാളം സംസാരിക്കാന്‍ എന്‍റെ നാവുകള്‍ ആഗ്രഹിച്ചു..മലയാളം കേള്‍ക്കാന്‍ എന്‍റെ കാതുകള്‍ കൊതിച്ചു..ഒരു രക്ഷയുമില്ല..എല്ലാവരും ബോംബെക്കാരുടെയും ഡല്‍ഹിക്കാരുടെയും മൂടുപടത്തിലാണ്.

ഇതെല്ലം കണ്ടും കേട്ട് സഹികട്ട കേരളമാതാവിന്റെ പ്രഖ്യാപനം.മലയാളം പറയാന്‍ അറിയുന്ന മലയാളി ആണെന്ന് അഭിമാനിക്കുന്നവരെ മാത്രമേ സ്വന്തം മക്കളായി അംഗീകരിക്കൂ .കഷ്ട്ടം! അപ്പോള്‍ ഇവര്‍ക്കൊക്കെ സ്വന്തം അമ്മയെ നഷ്ടപ്പെട്ടെന്നോ?ഇനി മുംബയോ ഡല്‍ഹിയോ ഇവരെ മക്കളായി അംഗീകരിക്കുമോ ? ഇല്ല! കാരണം അവര്‍ക്ക് അഭിമാനികളായ സ്വന്തം മക്കള്‍ തന്നെ ഉണ്ട്..ഇനി അവര്‍ അംഗീകരിച്ചാലും അവരുടെ മക്കള്‍ ഇവരെ 'മല്ലു' എന്ന് പറഞ്ഞു പുച്ഹിച്ചു തളളും.ഹോ! കേരളീയ മക്കളേ ..എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു.'സ്വന്തം അസ്ഥിത്വം തിരിച്ചരിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍'.അപ്പോള്‍ നിങ്ങള്‍ മനുഷ്യരും അല്ലെന്നോ!

മനുഷ്യരേ അല്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ ഇടയിലാണ് നില്‍ക്കുന്നതെന്ന തിരിച്ചറിവ് എനിക്ക് ശ്വാസം മുട്ടലുണ്ടാക്കി.മലയാളം സംസാരിക്കുന്ന മലയാളി ആണെന്ന് അഭിമാനിക്കുന്ന എന്‍റെ നല്ല സുഹൃത്തുക്കളെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ എന്‍റെ കൂടാരത്തിലേക്കു മടങ്ങി..

വിശ്വസിച്ചാലും ഇല്ലെങ്കിലും..


എന്‍റെ അനിയത്തിയുടെ ഭര്‍ത്താവു വിജയും  മൂന്ന് സുഹൃത്തുക്കളും കൂടി ജോലി ചെയുന്ന സ്ഥലത്തിനടുത്ത് ഒരു പഴയ ‌ എസ്റ്റേറ്റ്‌ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്...ബംഗ്ലാവ് എന്ന പേര് മാത്രമേ ഉള്ളു...ഒരു പഴയ ഒരു നില ടെരസു  വീടാണ്.ഒരു വലിയ ഹാള്‍ .മൂന്ന്കിടപ്പുമുറികള്‍ ,അടുക്കള ,വര്‍ക്ക്‌ ഏരിയ എന്നിവ ഒക്കെ ഉള്ള സാമാന്യം വലിയ വീട് . പിറകു വശത്ത് മുഴുവന്‍ റബ്ബര്‍ എസ്റ്റെറ്റാണ് .അതിന്റെ ഉടമസ്ഥര്‍ അമേരിക്കയില്‍ ആയതുകൊണ്ടും ഒഴിഞ്ഞ സ്ഥലത്തായത് കൊണ്ടും ചെറിയ വാടകയ്ക്ക് ആ വീട് അവര്‍ക്ക് കിട്ടി..ആ വീടിനെപ്പറ്റി പലതും കേട്ടെങ്കിലും ബാച്ചിലേര്‍സ്  ആയതുകൊണ്ടും വാടക കുറവായത് കൊണ്ടും അവര്‍ അതൊന്നും ചെവിക്കൊണ്ടില്ല.
        ആയിടക്കാണ്‌ എന്‍റെ അനിയത്തിയുമായി വിജയിന്‍റെ  കല്യാണം...വേറെ വീട് കിട്ടാനും അത് ഒരുക്കാനും ഉള്ള ബുദ്ധിമുട്ട് കാരണം എന്‍റെ അനിയത്തിയും ഭര്‍ത്താവും അവടെ തന്നെ താമസിക്കാന്‍ തീരുമാനിച്ചു.മറ്റു സുഹൃത്തുക്കള്‍ സന്മനസോടെ വേറെ ഒരു വീട്ടിലേക്കു   മാറി...ആ വീടിനെ പ്പറ്റി കേട്ട കഥകള്‍ വിശ്വസിക്കാതതുകൊണ്ടും എന്‍റെ അനിയത്തി പേടിക്കണ്ട എന്ന് കരുതിയും ആരും അവളോട്‌ ഒന്നും പറഞ്ഞും ഇല്ല .അങ്ങനെ അവര്‍ സന്തോഷത്തോടെ അവിടെ ജീവിതം തുടങ്ങി..
      വിജയിനു  അധികവും രാത്രി ഷിഫ്റ്റ്‌ ഉണ്ടായിരുന്നു.രാത്രി എട്ടുമണിക്ക് പോയി രണ്ടു മണിക്കാണ് തിരിച്ചു വന്നിരുന്നത് .അവള്‍ ഉറങ്ങിയാല്‍ പിന്നെ രാവിലെ   ആവാതെ എഴുനേല്‍ക്കുന്ന സ്വഭാവം ഇല്ലാത്തതിനാല്‍ വീടിന്റെ ഒരു താക്കോല്‍ രവി കൊണ്ട് പോകും. രാത്രി രണ്ടു മണിക്ക് വാതില്‍ തുറന്നു   അവന്‍ വന്നു കിടന്നു ഉറങ്ങും.ഒരു ദിവസം രാത്രി ഉറക്കത്തില്‍ നിന്നും പെട്ടന് ഉണര്‍ന്ന അവള്‍ മുറിയുടെ വാതിലിനടുത്തായി ആരോ നില്‍ക്കുന്നത് കണ്ടു.കട്ടിലില്‍ കിടന്നു തന്നെ അവള്‍ അയാളെ നോക്കി..ആറടിയോളം ഉയരമുണ്ട്...വിജയിന്‍റെ  പോലെ ..ആദ്യം ഇരുട്ടില്‍ കണ്ണ് ശെരിക്കും കാണാത്തതിനാല്‍ അവള്‍ വിജയ്‌  വന്നതായിരിക്കും എന്ന് കരുതി..പിന്നീടു സൂക്ഷിച്ചു നോക്കിയപ്പോളാണ് അത് അവന്‍  അല്ല എന്ന് അവള്‍ക്ക് മനസിലായത്..അയാള്‍ അവളെയും സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. .എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവള്‍ പേടിച്ചു കണ്ണടച്ച് കിടന്നു.പിന്നെ രണ്ടു നിമിഷത്തിനകം കണ്ണ്  തുറന്നു നോക്കിയപ്പോള്‍ ആളെ കാണാന്‍ ഇല്ല...കള്ളന്‍ ആണെന്ന് കരുതി അവള്‍ വേഗം പോയി വാതില്‍ ഒക്കെ അടച്ചിട്ടല്ലേ എന്ന് നോക്കി..എല്ലാ വാതിലും അടച്ചു ഭദ്രമാണ് ..സമയം ഒരു മണി എങ്ങിനെയോ അവള്‍ രണ്ടു മണി വരെ പേടിച്ചു ഇരുന്നു.അതൊക്കെ തോന്നിയതാകുമോ സ്വപ്നം കണ്ടതാകുമോ എന്നൊക്കെ ആലോചിച്ചു.രണ്ടു മണിക്ക്  വിജയ്‌  വന്നപ്പോള്‍ അവള്‍ കാര്യം ഒക്കെ പറഞ്ഞു.അവന്‍ ഒന്നും മിണ്ടിയില്ല....രാവിലെ ആയപ്പോള്‍ അവന്‍ അവളോട്‌ ഈ വീടിനെ പ്പറ്റി എന്തൊക്കെയോ ആളുകള്‍ പറഞ്ഞു കേള്‍ക്കുനുന്ടെന്നും അവര്‍ ആറുമാസമായി ഇവടെ താമസിച്ചിട്ടും  ഒരു പ്രശ്നവും ഇല്ലാതിരുന്നത് കാരണം ഒന്നും വിശ്വസിച്ചിരുന്നില്ല എന്നും പറഞ്ഞു.
      അന്ന് വിജയിനു  ഓഫീസു ഇല്ലാത്തതിനാല്‍ അവര്‍ അടുത്ത വീടുകളില്‍ അന്വേഷിക്കാം എന്ന് കരുതി ഇറങ്ങി..അത്ര അടുത്ത വേറെ വീടുകള്‍ ഇല്ല...കുറച്ചു അടുത്തുള്ള ഒരു വീട്ടിലെ   ചേച്ചിയോട് അവര്‍ കാര്യം അന്വേഷിച്ചു.അപ്പോഴേക്കും രണ്ടു വീടുകളിലെ ചേച്ചിമാരും ചേട്ടന്മാരും കൂടെ അവടെ എത്തി..അവര്‍ പറഞ്ഞ  കാര്യം ഇവരെ അത്ബുധപ്പെടുത്തി.ആ വീടിന്റെ പരിസരതായി നല്ല ഉയരമുള്ള ഒരാളെ പലവരും രാത്രി ഒരു മിന്നായം പോലെ കണ്ടിട്ടുണ്ട്.ആറടിയില്‍ അധികം ഉയരമുള്ള അമ്പതു വയസോളം പ്രായമുള്ള മീശ ഇല്ലാത്ത ഒരു മനുഷ്യ രൂപം .രാത്രി അതിലൂടെ നടക്കുന്നവര്‍   പലരും അവിടെ അങ്ങനെ ഒരു രൂപം മിന്നായം പോലെ മാറി മറയുന്നത് കണ്ടിട്ടുണ്ട്. പണ്ട് എസ്റ്റേറ്റ്‌ നോക്കി നടത്തിയിരുന്ന ഒരാള് അവിടെ ആത്മഹത്യാ ചെയ്തിട്ടുണ്ടെന്നും അത് കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും അങ്ങനെ  പല കഥകള് അവര്‍ കൂട്ടിയും കുറച്ചും പറഞ്ഞു.അവരും അവടെ വന്നു താമസിക്കുന്നവര്‍ ആയതുകൊണ്ട്  കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല..
    പതിവില്‍ കവിഞ്ഞ ധയിര്യശാലിയും  അന്തവിശ്വാസം ഒട്ടും ഇല്ലാത്തവളും ആയ എന്‍റെ അനിയത്തി അവര്‍ പറഞ്ഞ കഥകള്‍ എല്ലാം വിശ്വസിക്കാന്‍ തയ്യാറായില്ല.പക്ഷേ അവര്‍ പറഞ്ഞ രൂപവും അവള്‍ കണ്ട രൂപവും ഒന്നായിരുന്നു...അതവളെ അത്ബുധപ്പെടുതി.അടുത്ത രണ്ടു ദിവസം കൂടി അവധി എടുത്തു ഉടനെ തന്നെ വേറെ ഒരു വീട് കണ്ടുപിടിച്ചു അവര്‍ താമസം മാറി.നാട്ടില്‍ ചെന്ന എന്നോട് അവള്‍ പറഞ്ഞ വിവരം മാത്രമേ എനിക്ക് ആ വീടിനെ പറ്റി ഉള്ളു...കേട്ടതുമുതല്‍ ആ വീടും പരിസരവും കാണണം ഇതിനെ പറ്റി കൂടുതല്‍ അറിയണം  എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടെങ്കിലും ഇപ്പോളും  സാധിച്ചിട്ടില്ല.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍


രാധിക തന്റെ ഭര്‍ത്താവു വിജയുമായി പതിവ് പിണക്കത്തിലാണ്.സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറിച്ച് തന്റെ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും പറഞ്ഞു അവര് ഭര്‍ത്താക്കന്‍മാരെ പറ്റി പറയുന്ന കുറ്റം കൂടി കേട്ട് കഴിഞ്ഞാല്‍ വൈ രാഗ്യവും ദേഷ്യവുമൊക്കെ നട്ടുച്ചയ്ക്ക് മുറ്റത്ത്‌ വീണ ഐസ്പോലെ ഉരുകി പോകുന്നതാണ് .പക്ഷേ അന്ന് അവള്‍ അവധിയിലായതിനാല്‍ ഇതൊന്നും ആരോടും പറയാന്‍ പറ്റാത്ത വിഷമത്തിലാണ് .സ്ഥിരമായി ഈ അവസരത്തില്‍ സങ്കടം പങ്കുവയ്ക്കാറുള്ള ഉമ ഭര്‍ത്താവു  രാജേഷുമായി ചിരിച്ചു ചക്കയും മുളഞ്ഞും പോലെ ഒട്ടി ബൈക്കില്‍ പോകുന്നത് കണ്ടു..അപ്പോള്‍ ആ പ്രതീക്ഷയും പോയി.മറ്റു കൂട്ടുകാരികളോടൊക്കെ  വെറുതെ വിളിച്ചു കാര്യങ്ങള്‍ വിളംബാന്‍ പറ്റുമോ?..അവര്‍ പരസ്പരം പറഞ്ഞു കളിയാക്കില്ലെ .അല്ലെങ്കിലേ സുഷമക്ക്  അവളോട്‌ കുറച്ചു അസൂയ ഉള്ളതാ.ഒരു അവസരം കിട്ടാന്‍ കാത്തിരിയ്ക്കുകയാണ് അവള്‍.എന്ത് ചെയണമെന്നറിയാതെ ശ്യാസംമുട്ടി അവള്‍ക്ക് വിജയനോടുള്ള ദേഷ്യത്തിന്റെയും വൈരാഗ്യത്തിന്റെയും അളവ് കൂടി. 
മനസ് അടുപ്പത്തിരിക്കുന്ന സാമ്പാറ്പോലെ തിളച്ചു മറിഞ്ഞപ്പോഴാണ് അവള്‍ക്ക് ഒരു ഐഡിയ  തോന്നിയത്.ഐഡിയയുടെ രാജാവ് അഭിഷേക് ബച്ചനെ അവള്‍ മനസ്സില്‍ ധ്യാനിച്ചു.വേഗം പോയി ഫേസ് ബുക്ക്‌ തുറന്നു.തന്റെ സ്റ്റാറ്റസ് അവള്‍ "മാരീഡ്" എന്നത് മാറ്റി  "ഇ റ്റ്സ്  കോംപ്ലികേറ്റെട്"  എന്ന്  ആക്കി .ഹാവൂ !എന്തൊരു സമാധാനം.രണ്ടു മൂന്ന് തവണ അവള്‍ അത് വായിച്ചു .തന്റെ സുഹൃത്തുകള്‍ വല്ലവരും അത് കണ്ടു പ്രതികരിക്കുമോ എന്നറിയാന്‍ ചാറ്റ് ബോക്സ്‌ തുറന്നു  വച്ചു. എന്നാല്‍ ഇതിനു ഇത്ര  വലിയ പ്രതികരണം ഉണ്ടാവുമെന്ന്  അവള്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.പതിനെട്ടു വയസുള്ള പയ്യന്മാര്‍ മുതല്‍  എഴുപതു വയസുള്ള കിളവന്മാര്‍ക്കുവരെ   അവളുടെ സ്റ്റാറ്റസ് മാറ്റത്തിന്റെ കാരണം അറിയാന്‍ അതിയായ  താത്പര്യം ."ചേച്ചി പേടിക്കണ്ട  ,ഞാന്‍ ഇല്ലേ ":"മോളെ പേടിക്കണ്ടാ ,ഞങ്ങളൊക്കെ ഇല്ലേ ".....ആശ്വാസ വചനങ്ങള്‍ കൊണ്ട് അവള്‍ ശ്യാസം മുട്ടി.ഹോ ! ഇത്രയും വലിയ ജനപിന്തുണയോ ??.ഒരു പെണ്ണ്  "മാരീഡ്" എന്ന് സ്റ്റാറ്റസ് ഇട്ടാല്‍ 'ഇവള്‍ ഏതവന്റെ തലയില്‍ ആയോ ആവൊ' എന്ന് പഴിചാരുന്നവര്‍  തന്നെ ഇതില്‍ അതീവ സന്തോഷവാന്മാരായി സഹായഹസ്തവുമായി വന്നു.രണ്ടു മണിക്കൂര്‍ കൊണ്ട് അമ്പതു മെസേജ്. 'ഹായ്' എന്ന് പറഞ്ഞു ചാറ്റ് ബോക്സ്‌കള്‍ അവളുടെ വാളില്‍   വന്നു നിറഞ്ഞു.കണ്ടവരോടൊക്കെ അവള്‍ ഉള്ള കാര്യം കൂടിയും കുറച്ചും പറഞ്ഞു കേള്‍പ്പിച്ചു.ടൈപ്പു  ചെയ്തു അവളുടെ കയ്യ് കുഴഞ്ഞു.വൈകുന്നേരം ആയപ്പോഴേക്കും   അവള്‍ക്ക് മടുത്തു.അവസാനം താനും വിജയും എന്ത് കാര്യത്തിനാണ് ഉടക്കിയതെന്ന ചിന്തയിലായി അവള്‍.
     അപ്പോള്‍ കോളിംഗ് ബെല്‍ അടിച്ചു.അവള്‍ വേഗം വാതില്‍ തുറന്നു.കയില്‍ ഒരു കവറുമായി   വിജയ്‌.അവള്‍ക്കുള്ള ചുരിദാര്‍ ആണ് .നല്ല ചുരിദാര്‍.അവള്‍ വിജയിനെ കെട്ടിപിടിച്ചു.വിജയ്‌ ഡ്രസ്സ്‌ മാറുംമ്പോഴേക്കും  അവള്‍ വേഗം പോയി ഫേസ് ബുക്കിലെ   സ്റ്റാറ്റസ് മാറ്റി    "മാരീഡ്" എന്നാക്കി.അതുകണ്ട അവളുടെ  ഫേസ് ബുക്ക്‌ ഫ്രണ്ട് അന്ദ്രുണ്ണിയുടെ ആത്മഗദം "അങ്ങനെ ആ പ്രതീക്ഷയും പോയി.ഇവളൊക്കെ എവിടുന്നു കെട്ടി എടുക്കുന്നോ ആവൊ".
മറുപുറം: ഓഫീസില്‍ ഇരുന്നു ഫേസ് ബോക്കിലൂടെ  കണ്ണോടിച്ച വിജയ്‌ രാധികയുടെ സ്റ്റാറ്റസ് കണ്ടു ഞെട്ടി . "ഇറ്റ്സ് കോംപ്ലികേറ്റെട്" .തന്റെ പേരില്‍   എടുത്ത ലോണിന്റെ  പകുതി  അടക്കുന്നത് അവളാണ്.അവളുടെ ഭാഗം കിട്ടാനുള്ള രണ്ടു ഏക്കര്‍  പറമ്പാണ് അയാളുടെ വലിയ വീട് കെട്ടാനുള്ള സ്വപ്നത്തിന്റെ ആകെ അടിത്തറ.ഒരു അബദ്ധം വീണ്ടും ആവര്‍ത്തിക്കാന്‍ ഉള്ള ധൈര്യമില്ലത്തതിനാല്‍  രണ്ടാമത് ഒരു വിവാഹത്തെ പറ്റി ആലോചിക്കാന്‍ കൂടെ വയ്യ.ഇതെല്ലാം പഴയ സ്ഥിതിയില്‍ ആകണമെങ്കില്‍ ഒരു1500 രൂപ ചിലവാക്കിയെ മതിയാകു. വേഗം ഒരു കടയില്‍ കയറി നല്ല ഒരു ചുരിദാര്‍ വാങ്ങി  വീട്ടില്‍ എത്തി.കാര്യങ്ങള്‍ എല്ലാം പഴയ പടി.സ്റാറ്റസും  പഴയ പടി.ഒരു ചുരിദാര്‍ എല്ലാ 'കോമ്പ്ലികെഷന്‍സും' തീര്‍ത്തു ..ശുഭം!!  

Wednesday, June 1, 2011

മലയാളത്തെ തൊട്ടുകളിച്ചാല്‍....

.ഇന്ന് എന്തെങ്കിലും കാര്യമായി എഴുതണം.എന്തായാലും കുറച്ചു സാഹിത്യം ചേര്‍ത്ത് കട്ടിയായി തന്നെ  എഴുതാം.ആര്‍ക്കും വായിച്ചാല്‍ പെട്ടന്ന് മനസിലാവരുത്.എല്ലാവരുംചെയ്യുന്ന  പോലേ   നാലഞ്ച്  കട്ടി  വാക്കുകളെങ്കിലും ചേര്‍ക്കണം.ഡിക്‌ഷനറി തപ്പിയാലും കിട്ടരുത്.ഈ ചിന്ത മനസ്സില്‍ വച്ച് നാലഞ്ച് വാക്കുകള്‍ തരപ്പെടുത്തി ഉഷാറായി എഴുതി.ഇനി ഈ വാക്കുകളുടെ അര്‍ഥം വല്ലവരും ചോദിച്ചാലോ?ബുദ്ധിമുട്ടി എല്ലാം കുത്തിയിരുന്നു പഠിച്ചു.പഠിച്ചു കഴിഞ്ഞ പ്പോഴാണ് ആലോചിച്ചത്..ഛെ ! ഇനി ആരും ചോദിച്ചിലെങ്കില്‍ പഠിച്ചത് വെറുതെ ആവും.രണ്ടുപേരെങ്കിലും ചോദിക്കും എന്ന് മനസ്സില്‍ ഉറപ്പിച്ചപ്പോ നിരാശ വിട്ടു..എഴുതിയത് പിന്നെയും ഒന്നുകൂടെ വായിച്ചു .അയ്യോ...എന്തോ ഒരു വശപിശക്‌..! ദൈവമേ ...അറിയാത്ത വാക്കുകള്‍ ശെരിയായ സ്ഥലത്തല്ല  പ്രയോഗിച്ചതെങ്കില്‍ എല്ലാം പോയി ..  തത്ക്കാലം മലയാളത്തെ   തൊട്ട് കളി വേണ്ട എന്ന് തീരുമാനിച്ചു ഞാന്‍ പേന അടച്ചു വച്ചു..എല്ലാം ശുഭം!