Thursday, June 2, 2011

വീണ്ടും ചില വീട്ടുകാര്യങ്ങള്‍


രാധിക തന്റെ ഭര്‍ത്താവു വിജയുമായി പതിവ് പിണക്കത്തിലാണ്.സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറിച്ച് തന്റെ സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും പറഞ്ഞു അവര് ഭര്‍ത്താക്കന്‍മാരെ പറ്റി പറയുന്ന കുറ്റം കൂടി കേട്ട് കഴിഞ്ഞാല്‍ വൈ രാഗ്യവും ദേഷ്യവുമൊക്കെ നട്ടുച്ചയ്ക്ക് മുറ്റത്ത്‌ വീണ ഐസ്പോലെ ഉരുകി പോകുന്നതാണ് .പക്ഷേ അന്ന് അവള്‍ അവധിയിലായതിനാല്‍ ഇതൊന്നും ആരോടും പറയാന്‍ പറ്റാത്ത വിഷമത്തിലാണ് .സ്ഥിരമായി ഈ അവസരത്തില്‍ സങ്കടം പങ്കുവയ്ക്കാറുള്ള ഉമ ഭര്‍ത്താവു  രാജേഷുമായി ചിരിച്ചു ചക്കയും മുളഞ്ഞും പോലെ ഒട്ടി ബൈക്കില്‍ പോകുന്നത് കണ്ടു..അപ്പോള്‍ ആ പ്രതീക്ഷയും പോയി.മറ്റു കൂട്ടുകാരികളോടൊക്കെ  വെറുതെ വിളിച്ചു കാര്യങ്ങള്‍ വിളംബാന്‍ പറ്റുമോ?..അവര്‍ പരസ്പരം പറഞ്ഞു കളിയാക്കില്ലെ .അല്ലെങ്കിലേ സുഷമക്ക്  അവളോട്‌ കുറച്ചു അസൂയ ഉള്ളതാ.ഒരു അവസരം കിട്ടാന്‍ കാത്തിരിയ്ക്കുകയാണ് അവള്‍.എന്ത് ചെയണമെന്നറിയാതെ ശ്യാസംമുട്ടി അവള്‍ക്ക് വിജയനോടുള്ള ദേഷ്യത്തിന്റെയും വൈരാഗ്യത്തിന്റെയും അളവ് കൂടി. 
മനസ് അടുപ്പത്തിരിക്കുന്ന സാമ്പാറ്പോലെ തിളച്ചു മറിഞ്ഞപ്പോഴാണ് അവള്‍ക്ക് ഒരു ഐഡിയ  തോന്നിയത്.ഐഡിയയുടെ രാജാവ് അഭിഷേക് ബച്ചനെ അവള്‍ മനസ്സില്‍ ധ്യാനിച്ചു.വേഗം പോയി ഫേസ് ബുക്ക്‌ തുറന്നു.തന്റെ സ്റ്റാറ്റസ് അവള്‍ "മാരീഡ്" എന്നത് മാറ്റി  "ഇ റ്റ്സ്  കോംപ്ലികേറ്റെട്"  എന്ന്  ആക്കി .ഹാവൂ !എന്തൊരു സമാധാനം.രണ്ടു മൂന്ന് തവണ അവള്‍ അത് വായിച്ചു .തന്റെ സുഹൃത്തുകള്‍ വല്ലവരും അത് കണ്ടു പ്രതികരിക്കുമോ എന്നറിയാന്‍ ചാറ്റ് ബോക്സ്‌ തുറന്നു  വച്ചു. എന്നാല്‍ ഇതിനു ഇത്ര  വലിയ പ്രതികരണം ഉണ്ടാവുമെന്ന്  അവള്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.പതിനെട്ടു വയസുള്ള പയ്യന്മാര്‍ മുതല്‍  എഴുപതു വയസുള്ള കിളവന്മാര്‍ക്കുവരെ   അവളുടെ സ്റ്റാറ്റസ് മാറ്റത്തിന്റെ കാരണം അറിയാന്‍ അതിയായ  താത്പര്യം ."ചേച്ചി പേടിക്കണ്ട  ,ഞാന്‍ ഇല്ലേ ":"മോളെ പേടിക്കണ്ടാ ,ഞങ്ങളൊക്കെ ഇല്ലേ ".....ആശ്വാസ വചനങ്ങള്‍ കൊണ്ട് അവള്‍ ശ്യാസം മുട്ടി.ഹോ ! ഇത്രയും വലിയ ജനപിന്തുണയോ ??.ഒരു പെണ്ണ്  "മാരീഡ്" എന്ന് സ്റ്റാറ്റസ് ഇട്ടാല്‍ 'ഇവള്‍ ഏതവന്റെ തലയില്‍ ആയോ ആവൊ' എന്ന് പഴിചാരുന്നവര്‍  തന്നെ ഇതില്‍ അതീവ സന്തോഷവാന്മാരായി സഹായഹസ്തവുമായി വന്നു.രണ്ടു മണിക്കൂര്‍ കൊണ്ട് അമ്പതു മെസേജ്. 'ഹായ്' എന്ന് പറഞ്ഞു ചാറ്റ് ബോക്സ്‌കള്‍ അവളുടെ വാളില്‍   വന്നു നിറഞ്ഞു.കണ്ടവരോടൊക്കെ അവള്‍ ഉള്ള കാര്യം കൂടിയും കുറച്ചും പറഞ്ഞു കേള്‍പ്പിച്ചു.ടൈപ്പു  ചെയ്തു അവളുടെ കയ്യ് കുഴഞ്ഞു.വൈകുന്നേരം ആയപ്പോഴേക്കും   അവള്‍ക്ക് മടുത്തു.അവസാനം താനും വിജയും എന്ത് കാര്യത്തിനാണ് ഉടക്കിയതെന്ന ചിന്തയിലായി അവള്‍.
     അപ്പോള്‍ കോളിംഗ് ബെല്‍ അടിച്ചു.അവള്‍ വേഗം വാതില്‍ തുറന്നു.കയില്‍ ഒരു കവറുമായി   വിജയ്‌.അവള്‍ക്കുള്ള ചുരിദാര്‍ ആണ് .നല്ല ചുരിദാര്‍.അവള്‍ വിജയിനെ കെട്ടിപിടിച്ചു.വിജയ്‌ ഡ്രസ്സ്‌ മാറുംമ്പോഴേക്കും  അവള്‍ വേഗം പോയി ഫേസ് ബുക്കിലെ   സ്റ്റാറ്റസ് മാറ്റി    "മാരീഡ്" എന്നാക്കി.അതുകണ്ട അവളുടെ  ഫേസ് ബുക്ക്‌ ഫ്രണ്ട് അന്ദ്രുണ്ണിയുടെ ആത്മഗദം "അങ്ങനെ ആ പ്രതീക്ഷയും പോയി.ഇവളൊക്കെ എവിടുന്നു കെട്ടി എടുക്കുന്നോ ആവൊ".
മറുപുറം: ഓഫീസില്‍ ഇരുന്നു ഫേസ് ബോക്കിലൂടെ  കണ്ണോടിച്ച വിജയ്‌ രാധികയുടെ സ്റ്റാറ്റസ് കണ്ടു ഞെട്ടി . "ഇറ്റ്സ് കോംപ്ലികേറ്റെട്" .തന്റെ പേരില്‍   എടുത്ത ലോണിന്റെ  പകുതി  അടക്കുന്നത് അവളാണ്.അവളുടെ ഭാഗം കിട്ടാനുള്ള രണ്ടു ഏക്കര്‍  പറമ്പാണ് അയാളുടെ വലിയ വീട് കെട്ടാനുള്ള സ്വപ്നത്തിന്റെ ആകെ അടിത്തറ.ഒരു അബദ്ധം വീണ്ടും ആവര്‍ത്തിക്കാന്‍ ഉള്ള ധൈര്യമില്ലത്തതിനാല്‍  രണ്ടാമത് ഒരു വിവാഹത്തെ പറ്റി ആലോചിക്കാന്‍ കൂടെ വയ്യ.ഇതെല്ലാം പഴയ സ്ഥിതിയില്‍ ആകണമെങ്കില്‍ ഒരു1500 രൂപ ചിലവാക്കിയെ മതിയാകു. വേഗം ഒരു കടയില്‍ കയറി നല്ല ഒരു ചുരിദാര്‍ വാങ്ങി  വീട്ടില്‍ എത്തി.കാര്യങ്ങള്‍ എല്ലാം പഴയ പടി.സ്റാറ്റസും  പഴയ പടി.ഒരു ചുരിദാര്‍ എല്ലാ 'കോമ്പ്ലികെഷന്‍സും' തീര്‍ത്തു ..ശുഭം!!  

1 comment: