Sunday, September 25, 2011

ഹൈദ്രബാദ് -ഹൃദയത്തിന്റെ മടിത്തട്ടിലൂടെ ഒരു സുന്ദര യാത്ര (മൂന്നാം ദിവസം)

      ഇന്ന് നമ്മള്‍ കാണാന്‍ പോകുന്നത് റാമോജി ഫിലിം സിറ്റി .ഹൈദ്രബാദിലെ  ഹയാത് നഗര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി  ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര  സ്റ്റുഡിയോ സമുച്ചയം ആണ് .രണ്ടായിരം ഏക്കര്‍ അതായത് എട്ടു കിലോമീറ്ററില്‍  കൂടുതല്‍ സ്ഥലത്തായാണ്  ഇത് സ്ഥിതിചെയ്യുന്നത്...ഉദയനാണു താരം എന്ന സിനിമ അടക്കം കുറെ സിനിമകള്‍ ഷൂട്ട്‌ ചെയ്ത സ്ഥലങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം...അതിലുമധികം എന്നെ ആകര്‍ഷിച്ചത് സിനിമ എന്ന മായിക ലോകം യാഥാര്‍ത്യമായി സാധാരണ ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നു കാട്ടുകയാണ് റാമോജി ചെയ്തിരിക്കുന്നത് എന്നതാണ്.പകിട്ടുള്ള പുറം പാളികള്‍ മാത്രമുള്ള ഒരു ലോകം...എന്തെല്ലാമോ ആകാന്‍ കൊതിച്ചു ഒന്നുമല്ലാതെ ആയ കുറേ ആളുകളും ഭാഗ്യപരീക്ഷണത്തില്‍   രക്ഷപ്പെട്ടു താരങ്ങളായവരും അറിയപ്പെടാതെ തിരശീലക്കു പുറകില്‍ പ്രവര്‍ത്തിക്കുന്നവരും എല്ലാമടങ്ങിയ സിനിമ എന്ന ലോകം .എന്‍‌ട്രന്‍സ്  ഫീ  :ഒരാള്‍ക്ക്  600 രൂപ . രാവിലെ  പത്തുമണി മുതല്‍ സന്ദര്‍ശകരെ അനുവദിക്കും .
റാമോജി  ഫിലിം സിറ്റി എന്ന അത്ബുധ ലോകം 

 ഇപ്പോള്‍ നമ്മള്‍ റാമോജി ഫിലിം സിറ്റി യുടെ ഗേറ്റില്‍ എത്തിയിരിക്കുന്നു.ടിക്കറ്റ്‌ എടുത്തു ഉള്ളില്‍ കയറിയാല്‍ അവരുടെ ബസ്സില്‍ പോയി എല്ലാ സ്ഥലങ്ങളും കണ്ടു വരാം..അതിനു മുന്‍പ് ഒന്ന് ഫ്രഷ്‌ ആവാന്‍ ഗയിറ്റിനടുത്തുള്ള   റെസ്റൊരെന്റില്‍ നിന്നും ചായ കുടിക്കാം ..കൂടെ ഒരു വെജ് മന്ജൂരിയന്‍..ഇതെന്തു കോമ്പിനേഷന്‍ എന്നല്ലേ....ഉഗ്രനാണ്‌..ട്രൈ ചെയ്തു നോക്കൂ ..
          സമയം പത്തര മണി .ഇനി നമുക്ക് അകത്തേക്ക് കടക്കാം. റാമോജി ഫിലിം സിറ്റിയുടെ  ബസ്‌ നിങ്ങളെയും കാത്തു നില്‍ക്കുന്നുണ്ട്.ബസ്സിനു കൊടുക്കാന്‍ പൈസ ഒന്നും  ആരും എടുത്തു കയ്യില്‍ വക്കണ്ട..ഇനി ഈ ഗേറ്റില്‍ തിരിച്ചെത്തുന്നത് വരെ എല്ലാം ഫ്രീ ആണ് ..ഭക്ഷണത്തിനു മാത്രം പൈസ കൊടുത്താല്‍ മതി.

മൂവി മാജിക്      


     
        നമ്മള്‍ ആദ്യം ചെന്നിറങ്ങുന്നത് റാമോജി മുവീ മാജിക്കിന്റെ ഗയിറ്റിലാണ് . അവിടെ നിന്നും നമുക്ക്   ഒരു ചെറിയ തീയെറ്ററിലേക്ക്  പോകാം . ഒരു ചെറിയ സിനിമ. ഇടിയും  വെടിയും ബോംബും മഴയും കെട്ടിടം ഇടിഞ്ഞു വീഴലും  ഹെലികോപ്റെരില്‍  പോകുന്നതും എല്ലാം കഴിഞ്ഞു ഭൂകമ്പത്തില്‍ നിന്നും രക്ഷപ്പെട്ട പോലെ സന്തോഷത്തോടെ നമുക്ക് അടുത്ത കെട്ടിടത്തിലേക്ക് നീങ്ങാം. 
       അന്തവും കുന്തവും ഇല്ലാതെ മുന്‍പേ ഗമിക്കുന്ന ഗോക്കള്‍ക്ക്  പിന്‍പേ എന്ന പോലെ നമ്മള്‍ ഒരു ഹാളില്‍ എത്തി.അവിടെ മജീഷ്യനെ പോലെ ഒരാള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരു നായകനും നായികയും മുന്നോട്ടു വരാന്‍ പറയും.വലിയ  സ്ക്രീനില്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നവരാനെങ്കില്‍  ഇടിച്ചു കയറി "ഞാന്‍ വരാം " എന്നും പറഞ്ഞു പോകാം.(എന്നുകരുതി നിങ്ങളെ സിനിമയില്‍ എടുത്തു എന്നൊന്നും കരുതല്ലേ.വെറുതെ  സങ്കടപെടേണ്ടി വരും)..അല്ലെങ്കില്‍ മിണ്ടാതെ ആട്ടം കാണുന്നവരെ പോലെ അടുത്ത രംഗം പ്രതീക്ഷിച്ചു നില്‍ക്കാം.അടുത്ത കുറച്ചു നിമിഷങ്ങളില്‍ ഒരു സിനിമ എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ ഒരു ഏകദേശ രൂപം നിങ്ങള്ക്ക്  മനസിലാകും.നായികയായി ബസന്തി....അവളിരിക്കുന്ന കുതിരയില്ലാ   കുതിര വണ്ടി ഇളക്കുന്നു ആ പാവം നായകനാകാന്‍ കൊതിച്ചു പോയ പയ്യന്‍.പിന്നീടു അടുത്ത ഹാളിലെ സ്ക്രീനില്‍  ഈ ബസന്തി കുതിര വണ്ടിയില്‍ പോകുന്നതും കൊള്ളക്കാര്‍ അവളെ പിന്തുടരുന്നതും നമുക്ക് കാണാം.അത്  ബസന്തി ആയ പെണ്‍കുട്ടി തന്നെ വായും പൊളിച്ചു നോക്കി ഇരുന്നു.അതിന്റെ സൌണ്ട് എഫ്ഫക്റ്റ്‌ ഉണ്ടാകുന്നതിന്റെ ഒരു ഏകദേശ രൂപവും നിങ്ങള്ക്ക് മനസിലാക്കാം .
          അടുത്തതായി ട്രെയിനില്‍ മാന്ത്രിക ലോകത്തിലൂടെ ഒരു യാത്ര...പ്ലാസ്റെര്‍ ഓഫ് പാരീസില്‍ ഉണ്ടാക്കിയ പ്രതിമകളും കാര്‍ട്ടൂണ്‍ കഥപാത്രങ്ങളും ഇഫഫല്‍  ഗോപുരവും ലണ്ടന്‍  ബ്രിഡ്ജും എല്ലാം അടങ്ങുന്ന ഒരു അത്ബുധ ലോകം..
       അടുത്തത് സ്ടണ്ട്  ഷോ..സിനിമയില്‍ എങ്ങിനെയാണ്‌ നായകന്‍  മറ്റുള്ളവരെ ഇടിചു തെറിപ്പിച്ചു വലിയ ഹീറോ ആവുന്നത് എന്നതിന്റെ ചെറിയ  ഒരു രൂപം.
    ഇവിടെ ഇത്ര മാത്രം..ഇനി തുറന്ന ബസില്‍ കയറി ഗൈഡിന്‍റെ  വിവരണത്തോടെ ഒരു  യാത്ര.അതിനു മുന്‍പ് വല്ലതും  കഴിക്കാം...സമയം ഒരുമണി.ഇവടെ കുറെ റെസ്റൊരെന്റ്സ് ഉണ്ട്..പക്ഷേ ഹൈദ്രബാദിന്റെ  രുചി ഇവിടെ തിരഞ്ഞാല്‍ നമ്മള്‍ പട്ടിണി കിടക്കേണ്ടി വരും.അത് കൊണ്ട് കിട്ടുന്നത് വെട്ടി വിഴുങ്ങുക..നല്ല പോലെ വിശന്നിരിക്കുന്നതുകൊണ്ട് രുചിയെക്കള്‍ പ്രധാനം വയറു നിറയ്ക്കുക എന്നതാണല്ലോ...

    തുറന്ന ബസില്‍ ഒരു  സവാരി.



       ഇത് തുറന്ന ബസിലൂടെ ഒരു നാടുകാണല്‍ യാത്ര..റാമോജി ഫിലിം സിറ്റിയിലെ  മറ്റു അത്ബുധങ്ങള്‍ നമുക്ക് നോക്കി കാണാം.രണ്ടു വശങ്ങളിലുമായി വലിയ ഇരുനില കെട്ടിടങ്ങള്‍,ആശുപത്രി,റെയില്‍വേ സ്റ്റേഷന്‍,എയര്‍ പോര്‍ട്ട്‌,കൊട്ടാരങ്ങള്‍,താജ് മഹല്‍,പഞ്ചാബി ടാബ,ബോംബെ തെരുവുകള്‍,മുഗള്‍ കൊട്ടാരങ്ങള്‍,യുറോപ് ,സൌത്ത് നോര്‍ത്ത് ഗ്രാമങ്ങള്‍ ,പട്ടണങ്ങള്‍  എല്ലാം നിങ്ങള്ക് കാണാം...പക്ഷേ റാമോജിയുടെ  ഓഫീസ് കെട്ടിടം ഒഴികെ ബാക്കി എല്ലാം വെറും പ്ലസ്റെര്‍ ഓഫ് പാരീസ് കൊണ്ട് ഉണ്ടാക്കിയതാണ് ഉള്‍ഭാഗം ഓരോരുത്തരും അവരുടെ സിനിമക്ക് ചേരുന്ന രീതിയില്‍ മാറ്റി എടുക്കുന്നു.. 'പുറംചട്ടകള്‍  മാത്രമുള്ള യാഥാര്‍ത്യമല്ലാത്ത ഒരു ലോകം' അതാണു എനിക്ക് അവ കണ്ടപ്പോള്‍ തോന്നിയത്.
             ആ യാത്രയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഗൈഡാണ് .മുഖത്ത് ഒരു ഭാവഭേദമോ  ഒരു പുഞ്ചിരിയോ പോലും ഇല്ലാതെ ഒരു മണിക്കൂറില്‍ അധികം തുടര്‍ച്ചയായി തമാശകള്‍ പറഞ്ഞിരുന്ന ആന്ധ്രാക്കാരന്‍ .. അതയാളുടെ ജോലിയുടെ  ഭാഗമായത് കൊണ്ടോ എന്നും ഒരേ തമാശകള്‍ ആവര്‍ത്തിച്ചു പറയുന്നത് കൊണ്ടോ ആകാം ..പക്ഷേ അധ്യാപിക ചോദ്യം ചോദിക്കുമ്പോള്‍ കാണാതെ പഠിച്ചു വന്നു പറയുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നു അയാള്‍ക്ക് .എനിക്ക് ആ തമാശകള്‍ കേട്ട്‌ ഒരിക്കല്‍ പോലും ചിരി വന്നില്ല.. ഈ തമാശകള്‍  പറയുമ്പോഴുള്ള  അയാളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു ഞാന്‍.

പൂന്തോട്ടങ്ങള്‍ 
      ഓപ്പണ്‍ ബസ്‌ യാത്ര ഇവിടുത്തെ പൂന്തോട്ടങ്ങള്‍ വരെ മാത്രം..ഇനി എല്ലാവര്ക്കും ബസില്‍ നിന്നും ഇറങ്ങി പൂന്തോട്ടങ്ങള്‍ ചുറ്റി നടന്നു കാണാം. ജാപ്പനീസ് ഗാര്‍ഡന്‍,ചൈനീസ്‌ ഗാര്‍ഡന്‍,വൃന്ദാവന്‍..എന്നിങ്ങനെ എല്ലാ പൂന്തോട്ടങ്ങളും  നിങ്ങള്ക്ക് കാണാം.നായികയുടെയും നായകന്റെയും വേഷത്തിന്റെ നിരത്തിനനുസരിച്ചു പൂക്കളുടെ നിറങ്ങള്‍ മാറ്റുന്ന  ഒരു പൂന്തോട്ടവും   ഇവിടെ ഉണ്ട്.പൂന്തോട്ടങ്ങള്‍ എല്ലാം  നടന്നു കണ്ടു കഴിഞ്ഞെങ്കില്‍ ഇനി നമുക്ക് മടങ്ങാം.ഇവിടെ നിന്നും അവരുടെ ബസില്‍ റാമോജി ഫിലിം സിറ്റിയുടെ ഗേറ്റ് വരെ യാത്ര.ഇനി നമുക്ക് റാമോജി ഫിലിം സിറ്റിയോട് "ബൈ ബൈ" പറഞ്ഞു നമ്മുടെ വണ്ടിയില്‍ കയറാം..മടക്കയാത്രക്ക്‌.
       ഫിലിം  സിറ്റിയോട്  വിട 
       രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലുമണി വരെ ഇവടെ ചിലവഴിച്ചിട്ടും  എന്‍റെ മനസ് ശൂന്യം .മനസ്സില്‍ സൂക്ഷിക്കാനുള്ളത് ഫിലിം സിറ്റിയില്‍  കയറുന്നതിനു മുന്‍പ് കഴിച്ച ചൂടുള്ള മന്ജൂരിയനും  നിര്‍വികാരതയോടെ തമാശകള്‍ പറയുന്ന ആ ഗൈഡും മാത്രം .അയാഥാര്‍ത്യങ്ങളുടെ ലോകത്തുനിന്നും യാഥാര്‍ത്യങ്ങളുടെ  ലോകത്തേക്ക് നമുക്ക് പോകാം...നാളെ മറ്റൊരു സ്ഥലത്തേക്ക്...അതുവരെ വിശ്രമിക്കൂ ...വീണ്ടും കാണാം.