തിങ്കളാഴ്ച സാമൂഹ്യപാഠം പരീക്ഷ ഉണ്ട്. ലില്ലി ടീച്ചര്‍ ആണ്.മാര്‍ക്ക് കുറഞ്ഞാല്‍ ചൂരല് കൊണ്ട് കൈ അടിച്ചൊടിക്കും. ആ ടീച്ചര്‍ക്ക് പണ്ട് ഇതുപോലെ കുറേ അടി കിട്ടീട്ടുണ്ടാകും.അത് ഞങ്ങള്‍ക്കൊക്കെ തരുകയാണെന്ന സുമി പറഞ്ഞത് .അവളു പറയുന്നത് ശെരിയാകും . പഠിക്കാത്തവരാകും സാമൂഹ്യപാഠം ടീച്ചര്‍മാരാകുക. ടീച്ചരുടെ ഭര്‍ത്താവ് കള്ളു കുടിക്കും എന്നും സുമി പറഞ്ഞു. ഇത്തവണ എന്നെ അടിച്ചാല്‍ ഞാന്‍ ഉറപ്പായും കൃഷ്ണനോട് പ്രാര്‍ത്ഥിക്കും ടീച്ചര്‍ക്ക് ഭര്‍ത്താവിന്റെ അടുത്തുന്നു നാല് അടി കിട്ടാന്‍. .......... അടിയുടെ വേദന ഒന്ന് മനസിലാവട്ടെ.ചൂരല് കൊണ്ട് കയ്യില് അടി കിട്ടിയാല്‍ നല്ല വേദന ആണ്. കാലിലാണെ ങ്കില്‍ നാണക്കേടാ.അടി കിട്ടിയ പാട് മായാതെ കിടക്കും .സ്കൂളിലെ കുട്ടികള്‍ മുഴുവന്‍ അത് കാണും.അന്ന് സുമിക്ക് ക്ലാസില് വഴക്കുണ്ടാക്കിയതിനു ടീച്ചറുടെ അടുത്തുന്നു കാലില് അടികിട്ടി .അത് രണ്ടാഴ്ച മായാതെ കിടന്നു.
ഇന്നലെ രാവിലെ സ്കൂളിന്നടുത്തുള്ള തൊടിയിലെ ജാതിക്ക മരത്തില്‍ ജാതിക്ക നില്‍ക്കുന്നത് ബിന്ദു ആണ് എനിക്ക് കാണിച്ചു തന്നത്.ഞാന്‍ ആദ്യായിട്ട ജാതിക്ക കാണുന്നത്. അത് തിന്നാന്‍ പറ്റുമോ എന്നറിയാനാണ് മതിലിന്റെ മുകളില്‍ കയറി അത് പറിക്കാന്‍ നോക്കീത് . എന്നിട്ടെന്താ ..ജാതിക്ക കിട്ടീം ഇല്ല രണ്ടു അടീം കിട്ടി.അതും കാലില്.ഏതു നേരത്താണാവോ ആ ലില്ലി ടീച്ചര്‍ അത് കണ്ടത്. 'മറ്റുള്ളവരുടെ തൊടിയിലെ കായ പറയ്ക്കും അല്ലെ...' എന്നും ചോദിച്ചു നാല് അടി. കാലില് തണര്‍ത്തു കിടക്കുന്നു നാല് വരകള്‍. . ..കുശുമ്പി ബിന്ദു എല്ലാരുടെയും മുന്നില്‍ വച്ചു കളിയാക്കീതു എനിക്ക് സഹിച്ചില്ല. അവള്‍ ഇത്തവണ സാമൂഹ്യപാടത്തിനു തോല്‍ക്കും.കിട്ടട്ടെ അവള്‍ക്കും ഇതുപോലെ കാലില് നാലടി.ടീചെര്‍ക്കും കിട്ടണം ഇതുപോലെ അടി വല്ലവരുടെയും അടുത്തു നിന്നും അപ്പോഴെ വേദന മനസിലാവു.
രാവിലെ സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ വെര്‍തെ ഒന്ന് കാലില് നോക്കിയതാ. അടിയുടെ പാടുകള്‍ അതേ പോലെ കിടക്കുന്നു. ഇന്നും കുട്ടികള്‍ കളിയാക്കിയതു തന്നെ. അത് മാത്രമല്ല കളിക്കാനായി പുറത്തു പോകാനും പറ്റില്ല..പോയാല്‍ മറ്റു ക്ലാസിലെ കുട്ടികളും കാണില്ലേ! എന്ത് ചെയ്യും? പനി ആണെന്ന് നുണ പറയാം എന്ന് കരുതി തലേല് കൈയ്യു വച്ചു നോക്കിയപ്പോ പച്ച വെള്ളം പോലെ തണുത്തു ഇരിക്കുന്നു തല.ഇനി എന്ത് ചെയ്യും. പോകാതെ വേറെ നിവൃത്തി ഇല്ലാത്തതിനാല്‍ മെല്ലെ ബാഗും പിടിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു.
അന്ന് രണ്ടാമത്തെ പീരീഡ് സാമൂഹ്യപാഠം ആണ്. സാധാരണ ബെല്‍ അടിക്കുന്നതിനു മുന്‍പ് തന്നെ ക്ലാസിനു പുറത്തു നില്‍ക്കാറുള്ള ലില്ലി ടീച്ചറെ ഇന്ന് കാണാന്‍ ഇല്ല. കുറച്ചു കഴിഞ്ഞു ലില്ലി ടീച്ചര്‍ക്ക് പകരം വന്ന ടീച്ചര്‍ ആണ് പറഞ്ഞത് ലില്ലി ടീച്ചര്‍ സുഖം ഇല്ലാതെ ലീവ് എടുത്തിരിക്കുകയാണ് എന്ന്‍. . അപ്പോള്‍ കുട്ടികളൊക്കെ എന്നെ നോക്കി. എന്നെ അടിച്ചത് കൊണ്ടാണ് ടീചെര്‍ക്ക് അസുഖം വന്നതെന്ന് എല്ലാവരും കൂടി ഉറപ്പിച്ചു. വെറുതെ കാര്യം ഇല്ലാതെ കുട്ടികളെ അടിച്ചാല്‍ ദൈവത്തിന് കോപം വരും. അപ്പോള്‍ അസുഖം കൊടുക്കും അടിച്ചവര്‍ക്ക്. ദൈവകാര്യങ്ങളില്‍ ഒക്കെ വലിയ വിവരം ഉള്ള സൌമ്യ പറഞ്ഞതാ. പക്ഷേ എനിക്ക് സങ്കടം തോന്നി. എന്നെ അടിച്ചെങ്കിലും ടീച്ചര്‍ക്ക് അസുഖം കൊടുക്കാന്‍ ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിച്ചില്ലല്ലോ.. പ്രാര്‍ഥിച്ചു ഭണ്ടാരത്തില്‍ പൈസ ഇട്ട പല കാര്യങ്ങളും ദൈവം സാധിച്ചു തന്നിട്ടില്ല. അപ്പോള്‍ എന്നെ അടിച്ചതിനു ടീച്ചര്‍ക്ക് ദൈവം അസുഖം കൊടുക്കാന്‍ വഴി ഇല്ല.
അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു മുഖത്തും കൈകളിലും അടിയുടെ പാടുമായി ടീച്ചര്‍ ക്ലാസില്‍ വന്നു. എനിക്ക് അത് കണ്ടു വലിയ സങ്കടം ആയി. 'ഞാന്‍ എങ്ങാന്‍ അറിയാതെ പ്രാര്‍ത്ഥിച്ചു ദൈവം അടിച്ചതാകുമോ??' ടീച്ചറോട് ചോദിക്കാം.
ഞാന്‍ പതുക്കെ തലയും താഴ്ത്തി ഇരിക്കുന്ന ടീച്ചെരുടെ അടുത്തെത്തി.
"ടീച്ചറെ ..ദൈവം ആണോ ടീച്ചറെ അടിച്ചേ?? സത്യായിട്ടും ഞാന്‍ പ്രാര്‍ഥിചിട്ടില്ലട്ടോ" അതും പറഞ്ഞു ഞാന്‍ ടീച്ചറുടെ മുഖത്ത് നോക്കി.ടീച്ചര്‍ കരയുകയായിരുന്നു.
"മോളെ ഞാന്‍ അടിച്ചത് തെറ്റ് ചെയ്തിട്ടല്ലേ. അന്യന്റെ മുതല് ആഗ്രഹിക്കരുത്. ഉടമയോട് ചോദിക്കാതെ ഒന്നും എടുക്കരുത്. അങ്ങനെ എടുത്താല്‍ അത് കളവാകില്ലേ?.എനിക്ക് വേറെ കുട്ടികള്‍ ഇല്ല.നിങ്ങള്‍ ആണ് എന്റെ കുട്ടികള്‍ .എന്റെ കുട്ടികള്‍ കള്ളന്മാരകുന്നത് എനിക്കിഷ്ടം അല്ല." അതും പറഞ്ഞു ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു.
എനിക്ക് അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു സ്നേഹം ടീച്ചറോട് തോന്നി.ടീച്ചര്‍ നല്ലവളാണ്. നല്ലവരെ ദൈവം അടിക്കില്ല. പിന്നീട് ടീച്ചറുടെ അയല്‍വാസിയായ സൌമ്യ പറഞ്ഞു ടീച്ചറെ ദൈവം അടിച്ചതോന്നും അല്ല ഭര്‍ത്താവ് കള്ളും കുടിച്ചു വന്നു അടിച്ചതാണ് എന്ന്‍. . പാവം ടീച്ചര്‍!!!
അന്ന് മുതല്‍ ഞാന്‍ ലില്ലി ടീച്ചറുടെ പ്രിയ ശിഷ്യ ആയി മാറി. ഇന്റര്‍വെല്‍ സമയത്ത് വെറുതെ ടീചെരുടെ അടുത്ത് പോയി നില്‍ക്കല്‍ എന്റെ പതിവായി. അടുത്ത് സംശയം ചോദിയ്ക്കാന്‍ എന്ന പോലെ ചെല്ലുന്ന എന്നെ ടീച്ചര്‍ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു ബാഗില്‍ എനിക്കായി കരുതിയ പലഹാര പൊതി തരും. എന്നിട്ട് സ്നേഹത്തോടെ കുറെ ഉപദേശങ്ങള്‍ തരും. 'ആരെയും സ്വന്തം മനസിനെക്കാള്‍ കൂടുതല്‍ വിശ്വസിക്കരുത്.ഉത്തരം മുട്ടുമ്പോള്‍ സ്വന്തം മനസിനോട് ചോദിക്കു. അപ്പോള്‍ മനസു പറയുന്ന തീരുമാനം ശെരിയായിരിക്കും.' എന്ന് ഒരിക്കല്‍ എന്തോ സംശയം ചോദിച്ച എന്നെ ചേര്‍ത്ത് നിര്‍ത്തി ടീച്ചര്‍ പറഞ്ഞു.
പിന്നീട് ഒരു ആഴ്ച ടീച്ചര്‍ സ്കൂളില്‍ വന്നില്ല. എനിക്ക് ആകെ സങ്കടം ആയി. എന്നും സ്റ്റാഫ് റൂമില്‍ പോയി പലഹാരവും ആയി തിരിച്ചു വരുമ്പോള്‍ മറ്റു കുട്ടികള്‍ എല്ലാം എന്നെ ആരാധനയോടെ നോക്കിയിരുന്നു. തിങ്കളാഴ്ച്ച ടീച്ചര്‍ ഇന്ന് സ്കൂളില്‍ വരണേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ സ്കൂളിലേക്ക് പുറപ്പെട്ടു. ഭാഗ്യം പ്രാര്‍ത്ഥന ഫലിച്ചു .സ്കൂള്‍ ഗയിറ്റിനടുത്ത് ടീച്ചര്‍ നില്‍ക്കുന്നു. നല്ലോണം ക്ഷീണിച്ചിട്ടുണ്ട് . കണ്ണുകള്‍ ഒക്കെ കരഞ്ഞു ചുവന്നിരിക്കുന്നു.
"ടീച്ചര്‍ക്ക് പനി ആയിരുന്നോ? " ഞാന്‍ ടീച്ചറോട് ചോദിച്ചു.
"ഇനി ഒന്നും എനിക്ക് വരാനില്ല മോളെ.അന്ന് നിന്നോട് പറഞ്ഞ പോലെ എന്റെ മനസ് പറയുന്നത് ഞാന്‍ കേള്‍ക്കാന്‍ പോകുന്നു."
അതും പറഞ്ഞു ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു.
" അപ്പോള്‍ ടീച്ചര്‍ക്ക് സംശയം വന്നോ?" ഞാന്‍ ആ കണ്ണുകള്‍ തുടക്കാന്‍ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
" സംശയം ഒക്കെ തീര്‍ന്നു മോളെ. നിങ്ങളെ ഒക്കെ കാണാന്‍ വേണ്ടി വന്നതാ ഇന്ന്. എല്ലാവരെയും കണ്ടിട്ട് ഞാന്‍ പോകും.മോള് വിഷമിക്കരുത്. ടീച്ചറെ തെറ്റിദ്ധരിക്കരുത്." അതും പറഞ്ഞു ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് നടന്നു.
ഞാന്‍ ക്ലാസില്‍ ച്ചെന്നു ഈ വിശേഷം എല്ലാവരോടും പറഞ്ഞു.അപ്പോള്‍ സൌമ്യ പറഞ്ഞു ടീച്ചറുടെ വയറ്റില്‍ വാവ ഉണ്ടായിരുന്നത്രേ. അതിനെ ആസ്പത്രിയില്‍ പോയി കൊന്നു എന്ന്‍. . .അത് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല..
'കുട്ടി ഇല്ലാത്തതില്‍ നല്ലോണം സങ്കടപ്പെടുന്ന ടീച്ചര്‍ ഒരിക്കലും കുട്ടിയെ കൊല്ലില്ല".ഞാന്‍ ദേഷ്യത്തോടെ സൌമ്യയോട് പറഞ്ഞു.
അന്ന് വയ്കുന്നേരം സ്കൂളില്‍ നിന്നും വന്നു ഞാന്‍ ചിപ്സും തിന്നു മുറ്റത്ത് കൂടി നടക്കുകയായിരുന്നു .
അപ്പോള്‍ അമ്മുവമ്മ അമ്മമ്മയോടു പറയുന്നത് ഞാന്‍ കേട്ടത്. " ഇങ്ങള് കേട്ടോ ഇന്റെ ദേവകിയെമേ...നമ്മടെ ലില്ലി ടീച്ചര് കെട്ടിയോനെ വെട്ടിയാ കൊന്നത്രേ. ഇപ്പൊ പോലീസും പട്ടാളോം ഒക്കെ വന്നു മൂപ്പത്തിയാരെ ജീപ്പില്‍ കയറ്റി കൊണ്ടോയി.കഷ്ടായി..എന്നാലും ആ മൂപ്പിലാന്‍ ആയമ്മയെ ഉപദ്രവിച്ചതിനു കയ്യും കണക്കും ഇല്ലായിരുന്നു."
അത് കേട്ടിട്ടു എനിക്ക് സങ്കടാണോ പേടി ആണോ വന്നത് എന്ന് എനിക്ക് അറിയില്ല. അപ്പൊ ഇനി ടീച്ചര്‍ സ്കൂളില്‍ വരില്ലേ?.പോലീസു പിടിച്ചാല്‍ പിന്നെ ജയിലില്‍ കിടക്കേണ്ടി വരില്ലേ.എന്റെ കണ്ണില്‍ നിന്നും കുറെ വെള്ളത്തുള്ളികള്‍ വീണു കൊണ്ടിരുന്നു.
" ടീച്ചറുടെ വയറ്റിലെ നാല് ജീവനെ അല്ലെ അയാള് കൊലക്ക് കൊടുത്തത്. പെണ്‍കുട്ടി ആണ് എന്ന് അറിയുന്നതും കുട്ടികളെ കൊല്ലിക്കുകയല്ലായിരുന്നോ ആ കംസന്‍ .ആ ടീച്ചര്‍ ഇനി ഈ ജന്മം അനുഭവിക്കാന്‍ ബാക്കി ഒന്നും ഇല്ലന്നെ.കള്ളും കുടിച്ചു വന്നു ആ നസ്രാണി ഈ പാവത്തിനെ എടുത്തു തല്ലുന്നത് എത്ര കണ്ടിരിക്ക്ണ് .ആയമ്മ അയാളെ കൊന്നതില് ഒരു അത്ബുധവും ഇല്ല" .നാരായണി ദേഷ്യത്തില്‍ അമ്മുവമ്മയോടു പറഞ്ഞു.
അപ്പോള്‍ ഇതാണ് ടീച്ചര്‍ മനസ് പറഞ്ഞ തീരുമാനം എടുക്കുന്നു എന്ന് പറഞ്ഞത്.
"സ്വന്തം കുട്ടികളെ ഭൂമിയില്‍ പിറക്കാന്‍ അനുവദിക്കാത്തവന്‍ ജീവിക്കാന്‍ യോഗ്യന്‍ അല്ല".അപ്പോള്‍ എന്റെ മനസ് പറഞ്ഞു. ടീച്ചര്‍ ചെയ്തത് ശെരിയാണ്. തെറ്റായി ഒന്നും ചെയ്യാന്‍ എന്റെ ലില്ലി ടീച്ചര്‍ക്ക് ആവില്ല.