മഴ പെയ്യാന്‍ സാധ്യതയുള്ള ഒരു തണുത്ത പ്രഭാതം .ഒന്നോ രണ്ടോ ഇറ്റു മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങിയിരുന്നു.അന്നാണ് റോസ് നിറത്തില്‍ നിറയേ പൂക്കളുള്ള ഉടുപ്പിട്ട ആ നാലു വയസ്സുകാരിയും വള്ളി ട്രൌസര്‍ ഇട്ട അവനും ആദ്യമായി കണ്ടത്.അവന്‍ അവളുടെ ഭംഗിയുള്ള ഉടുപ്പിലേക്കും അവള്‍ അവന്റെ കുസൃതിക്കണ്ണിലേക്കും നോക്കി നിന്നു.അപ്പോഴേക്കും മഴ അവര്‍ക്ക് കൂട്ടായെത്തി .വളരെപ്പെട്ടന്ന് കൂട്ടുകാരായ അവര്‍ മഴയത്ത് ഓടിക്കളിച്ചു .അവരുടെ ചിരിയുടെ അലകള്‍ മഴയുടെ ശബ്ദത്തില്‍ അലിഞ്ഞു പോയി.
മഴ ഒരു നേര്‍ത്ത നൂലുപോലെ പെയ്യുനുണ്ടായിരുന്നു. അന്നാണ് ആദ്യമായി അവര്‍ക്ക് പരസ്പരം ഇഷ്ടത്തില്‍ കവിഞ്ഞ ഒരു ആകര്‍ഷണം തോന്നിയത്. അവളുടെ കവിളുകള്‍ നാണത്താല്‍ ചുവന്നു തുടുത്തിരുന്നു ..അവന്റെ പൊടി മീശയില്‍ വിയര്‍പ്പു കണങ്ങള്‍ നനവ് പടര്‍ത്തി യിരുന്നു .എങ്കിലും ഒരു കാമത്തിന്റെയും അകമ്പടിയില്ലാതെ മഴപെയ്തു തോരുന്ന വരെ അവര്‍ അങ്ങനെ മുഖത്തോടുമുഖം നോക്കി നിന്നു.അവരുടെ സന്തോഷക്കണ്ണീര്‍ മഴയില്‍ അലിഞ്ഞു ചേര്‍ന്നു.
പിന്നീടു മഴ ആര്‍ത്തിരമ്പി പെയ്യുന്ന ഒരു ദിവസം ആണ് വിധി അവരെ പിരിച്ചത് .ഒന്നും ഉരിയാടാതെ അവന്‍ അവളുടെ കയ്യ് പിടിച്ചു മഴയത്ത് നിന്നു.മഴ അവരുടെ സങ്കടക്കണ്ണീര്‍കണങ്ങളെ അലിയിച്ചു കളയനെന്നോണം തിമിര്‍ത്തു പെയ്തു.അവര്‍ രണ്ടു വഴിക്കു നടന്നു നീങ്ങുമ്പോഴും മഴ പെയ്തുകൊണ്ടേ ഇരുന്നു .
നട്ടുച്ചക്കും സൂര്യനെ മറച്ചു ആകാശം മുഴുവന്‍ കറുത്ത് നില്‍ക്കുന്ന ഒരു മഴ ദിവസം അപ്രതീക്ഷിതമായി അവന്‍ അവളെ ഫോണില്‍ വിളിച്ചു ."എനിക്ക് നിന്നെ കാണണം.നീ വരുമോ?" അത്യതികം സന്തോഷത്തോടെ അവള്‍ സമ്മതം മൂളി.വേഗം അവള്‍ യാത്ര തിരിച്ചു.മഴ അപ്പോഴേക്കും മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെ ചെറുതായി പെയ്തു തുടങ്ങിയിരുന്നു. യാത്രയില്‍ പല തവണ അവന്‍ ഫോണില്‍ വിളിച്ചു ധൃതി കൂട്ടി കൊണ്ടിരുന്നു. "നേരം വ്യ്കിക്കാതെ വേഗം വാ.ഒരുങ്ങാനോന്നും നില്ക്കണ്ടാ".
"അതിനു ഞാന്‍ നിന്‍റെ വീടിന്‍റെ അടുത്തെതിയല്ലോ" അവള്‍ പറഞ്ഞു
"ശെരിയാ ഇപ്പോള്‍ എനിക്ക് നിന്നെ കാണാന്‍ ഉണ്ട്"...അവന്റെ ആശ്വാസ സ്വരം അവള്‍ കേട്ടു.
വീട്ടിന്നു മുറ്റത്ത് വലിയ ആള്‍കൂട്ടം ..അവളുടെ കണ്ണുകള്‍ അവനെ തിരഞ്ഞു..അപ്പോഴേക്കും മഴ ഒട്ടൊരു ഭയാനക ഭാവത്തോടെ പെയ്തു തുടങ്ങിയിരുന്നു .വീട്ടിലേക്കു കയറിയ അവള്‍ ഞെട്ടി .പുതപ്പിച്ചു കിടത്തി യിരിക്കുന്ന അവന്റെ ജീവസ്സറ്റ ശരീരം .
"എപ്പോഴായിരുന്നു ?".ആരോ ചോദിക്കുന്നത് അവള്‍ കേട്ടു..:"ഇന്ന് രാവിലെ"...ആരോ പറയുന്ന മറുപടിയും കേട്ട അവള്‍ ഒരു ജീവച്ഛo പോലെ പുറത്തേക്കിറങ്ങി കരയാന്‍ പോലും മറന്നു തിരിച്ചു നടന്നു.അപ്പോള്‍ ആര്‍ത്തലച്ചു പെയ്ത മഴ അവളുടെ കണ്ണുകളില്‍ കണ്ണുനീരായ് പെയ്തിറങ്ങി .