ഞാന്‍ അധ്യാപക പരിശീലനത്തിന് ചേര്‍ന്ന് കുറേ മാസങ്ങള്‍ കഴിഞ്ഞു.കൊട്ടിക്കലാശത്തിനു
ഇനി കുറച്ചു മാസങ്ങള്‍ കൂടിയേ ഉള്ളു. അവസാനത്തെ നാടകമായ അധ്യാപക പരിശീലനത്തിന് പോകാന്‍ എല്ലാവര്ക്കും ഓരോ സ്കൂള്‍ വീതം നറുക്ക് വീഴുന്ന ദിവസം വന്നെത്തി .ഒരുമാസം
ആണ് പരിശീലനം. അവര് പറയുന്ന സ്കൂളില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു
നമുക്ക് ഒരാഴ്ചക്കുള്ളില്‍ അവടെ ടീച്ചറായി പോകണം. അന്നുമുതല്‍ ഒരു മാസക്കാലം
നമ്മള്‍ അവിടുത്തെ അധ്യാപകര്‍
ആകും. ജീവിതത്തിലെ
ആദ്യത്തെ അനുഭവം. ബെഞ്ചിലിരുന്നു കുറെ കൊല്ലങ്ങള്‍ ആട്ടം മാത്രം
കണ്ടിട്ടുള്ള ഞങ്ങള്‍ക്ക് സ്റ്റേജില്‍ കയറി ആടാനുള്ള ഒരു അവസരം.
എന്റെയും ഭര്‍ത്താവിന്റെയും വീട്ടില്‍
നിന്നും പോകാന്‍ ഒരു വിധം സൗകര്യം ഉള്ള ഒരു സ്കൂള്‍ ആ ലിസ്റ്റില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തു.കൂടെ ആണും പെണ്ണുമായി എട്ടു മറ്റു സുഹൃത്തുക്കളും. പിറ്റേന്ന് സാരിയും ചുറ്റി അധ്യാപികയുടെ ഗൌരവം ഒക്കെ മുഖത്തു ഫിറ്റ് ചെയ്തു സ്കൂളിലേക്ക് യാത്രയായി.എങ്കിലും ഒന്‍പതുപേരു ഒത്തു ചേര്‍ന്നതോടെ
ഞങ്ങള്‍ വെറും കോളജു കുട്ടികള്‍ ആയി മാറി. സ്കൂള്‍ ഒരു ഓണംകേറാമൂലയിലാണ് .ബസ്
ഇറങ്ങി രണ്ടു രണ്ടര കിലോമീറ്റര്‍ നടക്കണം. ഒരുപാടു ചാര്‍ട്ടും പഠന മാതൃകകളും
ചുമന്നു കൊണ്ട് പോകാനുള്ളത് കാരണം നടത്തം അസാധ്യം. എന്നും ഓട്ടോ പിടിച്ചു
പോകണമെങ്കില്‍ ഒരു തുക ചിലവാകും. അതിനു ചിലര്‍ തയ്യാറല്ല. അങ്ങനെ ഞങ്ങള്‍ ആണ്‍കുട്ടികളും
പെണ്‍കുട്ടികളും അടക്കം അവിടെ പ്രാക്ടീസിനായി നറുക്ക് കിട്ടിയ ഒന്‍പതു പേര് രണ്ടു ഓട്ടോയിലായി പോകാനും അങ്ങനെ മാസം വരുന്ന ഓട്ടോ ചാര്‍ജ് ഷെയര്‍ ചെയ്യാനും തീരുമാനിച്ചു. ആദ്യ
ദിവസം തന്നെ രണ്ടു ഓട്ടോയിലായി ഇടിച്ചു കയറി വന്ന ഒന്‍പതു പുതിയ അധ്യാപകരെ കണ്ടു കുട്ടികളും മറ്റു അധ്യാപകരും അന്തം വിട്ടു. എന്തൊക്കെയോ
സാധനങ്ങള്‍ കയറ്റി വന്ന ഓട്ടോ ആണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. കാരണം ഞങ്ങള്‍
ചുമന്നു കൊണ്ട് വന്ന പഠനസഹായ സാമിഗ്രികള്‍ അത്രയ്ക്കധികം ആയിരുന്നു. ഇനി നാളെ മുതല്‍ കൊട്ടവണ്ടി വിളിച്ചുകൊള്ളാന്‍ പറഞ്ഞു ഓട്ടോക്കാരന്‍ പൈസയും വാങ്ങി സ്ഥലം വിട്ടു. കുറേ കുട്ടികള്‍ ഒരു
ജാഥയായി ഞങ്ങളെ ഹെട്മാസ്റെരുടെ മുറിയിലേക്ക് അനുഗമിച്ചു. ഏകദേശം ഒരു കൊല്ലത്തെ താമസത്തിനായി പഞ്ചാബിലേക്ക് ട്രെയിന്‍ കയറുന്ന മലയാളി കുടുംബത്തിന്റെ ലെഗേജിനെക്കാള്‍
കൂടുതലായിരുന്നു ഞങ്ങളുടെ അടുത്തുള്ള സാധനസാമിഗ്രികള്‍. ഞങ്ങള്‍ ഒന്പതുപെരെയും
ചാര്‍ട്ടും മറ്റും നിറച്ച കവറുകളും കൊണ്ട്
ഹെട്മാസ്റെരുടെ ചെറിയ റൂം നിറഞ്ഞു. എല്ലാവരെയും കൂടി എവിടെ ഒന്ന്
ഇരുത്തും എന്ന ചിന്തയിലായി സാറ്. അവസാനം വിറകും പഴയ ഒടിഞ്ഞ കസേരയും മേശയും മറ്റും
ഇറ്റു വച്ചിരുന്ന ഒരു മുറി ഞങ്ങള്‍ക്ക് വൃത്തിയാക്കി തരാമെന്നേറ്റു.
അങ്ങനെ ആ വിറകുമുറിയില്‍ ഞങ്ങളുടെ അധ്യാപക
ജീവിതം തുടങ്ങി. അധ്യാപക ജീവിതത്തിന്റെ
പരമ പ്രധാനമായ ആയുധം പാര ആണെന്ന് ഞാന്‍ ആ ഗുരുകുലത്ത് നിന്നും ആണ് പഠിച്ചത്. പാര
വക്കാന്‍ തീരെ കഴിവില്ലാത്ത ഞാന്‍ എങ്ങനെ പാരകളില്‍ നിന്നും രക്ഷപെടാം എന്ന വിഷയം
പഠിക്കാന്‍ തീരുമാനിച്ചു. ഒരമ്മ പെറ്റ മക്കളെക്കാള്‍ ഒരുമയുള്ള ഞങ്ങള്‍ ഒന്‍പതു
സുഹൃത്തുക്കളെ കണ്ടു അവിടുത്തെ പാര ഗുരുക്കള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഭാര്യയും
ഭര്‍ത്താവും ആണെങ്കിലും ഒരു സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്‌താല്‍ പരസ്പരം പാര
വച്ചു പോകും എന്ന വലിയ തത്വം ഞാന്‍ അവിടെ നിന്നും ആണ് മനസിലാക്കിയത്. ഇവര്‍ക്കെല്ലാം
ഒരു അപവാദം ആയിരുന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍. കണക്കന്മാരായി ഞാനും എന്റെ സുഹൃത്ത് സൈനുദീനും മാത്രം. ബാക്കി എല്ലാവരും
സയന്‍സും സോഷ്യലും ഇന്ഗ്ലീഷും.
അങ്ങനെ എന്റെ
ആദ്യത്തെ ക്ലാസിനു സമയം ആയി. കാണികളായി ഒന്നും രണ്ടുമല്ല
എണ്‍പത് കുട്ടികള്‍. .അതും ആ സ്കൂളില്‍ എട്ടു ഒന്‍പതു കൊല്ലം എക്സ്പീരിയന്‍സ് ഉള്ളവര്‍. എനിക്ക് എട്ടു ബി, എന്‍ ,ഒന്‍പതു എം, എന്നീ ക്ലാസ്സുകളില്‍ കണക്കു എടുക്കണം. ചാര്‍ട്ടും മോഡലും ഒക്കെ പിടിച്ചു അഭിനയിച്ചു
ക്ലാസ്സ് എടുക്കുന്നത് കുട്ടികള്‍ക്കും ഒരു പുതുമ. അവര്‍ ഒരു ചോക്ക് കഷണവും
പിടിച്ചു വന്നു ബോര്‍ഡില്‍ കണക്കു എഴുതി അത്
പുസ്തകത്തില്‍ പകര്‍ത്താന്‍ പറയുന്ന സാറന്മാരെ മാത്രേ കണ്ടിട്ടുള്ളു. അപ്പോളാണ്
ഒരു മാജിക് നടത്താന്‍ വരുന്ന പോലെ കൊട്ടയും കുട്ടകയും ചാര്‍ട്ടും
ഒക്കെ ആയി ഞങ്ങള്‍ അവടെ അവതരിക്കുന്നത്.
ഞാന്‍ ഒന്‍പതു
എമ്മിലെ ക്ലാസ്സ് ടീച്ചര്‍ ആയ ജോണ്‍സന്‍ സാറിന്റെ കീഴിലാണ് ഒരു മാസം അവടെ പണി
എടുക്കേണ്ടത്. കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ എന്റെ
ശത്രുക്കളുടെ വളരെ ചെറിയ ലിസ്റ്റില്‍ ഒരാളായി മാറാന്‍ സാറിനു കഴിഞ്ഞു. അത്രയും മോശകൊടനായ ഒരാളെ
ഞാന്‍ എന്റെ ജീവിതത്തില്‍ പിന്നീടു പരിചയപെട്ടിട്ടില്ല. എന്തായാലും ഒരു മാസം
കഴിഞ്ഞു അവിടെ നിന്നും പോരുമ്പോഴെക്കും പരസ്പരം
വെട്ടിക്കൊല്ലാന്‍ മാത്രം ഉള്ള ഒരു ബന്ധം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്തിരുന്നു.
സാറിന്റെ പല തത്വങ്ങളും എനിക്ക് അന്ഗീകരിക്കാനാവു മായിരുന്നില്ല. ഉള്ള
കാര്യം തുറന്നു പറയുന്നഎന്റെ
സ്വഭാവം എനിക്ക്
പലപ്പോളും പാര ആയി . (പേര് മാറ്റി ആണ് ഇവടെ ചേര്‍ത്തിരിക്കുന്നത്.
പെട്ടന്നു മരിക്കാനോ കൊലപാതകി ആകണോ എനിക്ക് തീരെ
താല്പര്യം ഇല്ലാത്തതുകൊണ്ടാണ്. ക്ഷമിക്കണേ )
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സ്
ആയിരുന്നു ഒന്‍പത് എം. ആ ക്ലാസ്സിന്റെ ഒറ്റ ദോഷം ജോണ്സന്‍ സാര്‍ ആണ് അവരുടെ
ക്ലാസ്സ് അധ്യാപകന്‍ എന്നത് മാത്രം ആയിരുന്നു. വളരെ സാധരണ കുടുംബത്തില്‍ നിന്നും
വരുന്ന കുട്ടികള്‍ ആയിരുന്നു അവിടെ പഠിച്ചിരുന്നത്. കുറച്ചു ദിവസത്തിനുള്ളില്‍
തന്നെ ആ കുട്ടികളുടെ മനസ്സില്‍ ഒരു ഇടം നേടാന്‍ എനിക്കായി. അതില്‍ ഒരു കുട്ടി
പറഞ്ഞത് എനിക്ക് ഇപ്പോളും ഓര്മ ഉണ്ട്. “
ടീച്ചര് കുറച്ചു
ദിവസം കഴിഞ്ഞാല്‍ പോകില്ലേ. പിന്നെ വീണ്ടും ചൂരലും പിടിച്ചു വന്നു എന്താണ്
പഠിക്കേണ്ടത് എന്ന് പറയാതെ പഠിക്ക് പഠിക്ക്
എന്ന് പറഞ്ഞു തല്ലുന്ന മാഷന്‍മാരെ വീണ്ടും കാണണ്ടേ. ഞങ്ങളെ പഠിപ്പിച്ചിട്ടു
കാര്യം ഇല്ല ടീച്ചറെ .ഞങ്ങള്‍ക്ക് ഇതിനു മുന്‍പത്തെ ഒന്നും നേരം പോലെ അറിയില്ല.”
അവന്‍ അതും പറഞ്ഞു തലയും താഴ്ത്തി തന്റെ ബെഞ്ചിലേക്ക് നടന്നു. ആ യാഥാര്‍ത്ഥ്യം പറയാന്‍ ധൈര്യം കാണിച്ച അവനെ
ഞാന്‍ അന്ന് മുതലാണ് ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ അഞ്ചു വിനോദ് മാരുള്ള
ക്ലാസ്സിലെ ഒരു വിനോദ് മാത്രം ആയിരുന്നു അവന്‍.
അവിടുത്തെ അവസ്ഥ
അതായിരുന്നു. എളുപ്പത്തില്‍ അധികം പണി എടുക്കാതെ ശമ്പളം വാങ്ങാന്‍ പറ്റുന്ന ഒരു
ജോലി ആയിരുന്നു അന്ന് അധ്യാപനം. അന്ന് ഞാന്‍ കുട്ടികളോട് പറഞ്ഞു ‘ഞാന്‍ നിങ്ങള്ക്ക് ക്ലാസ് എടുക്കുന്ന
ദിവസങ്ങളില്‍ പഠിച്ചത് നിങ്ങള്‍ ഒരിക്കലും മറക്കില്ല. അത് ജീവിതത്തില്‍
എപ്പോളെങ്കിലും ഉപയോഗപ്പെടുമ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍ക്കണം.’
പിറ്റേന്ന് രാവിലെ ജോണ്സന്‍ മാഷ് എന്നോട് അല്പം
കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു .
”വിനോദിനെ ഞാന്‍ പുറത്തു നിര്‍ത്തിയിട്ടുണ്ട് .അവന്‍
അവിടെ തന്നെ നില്‍ക്കട്ടെ.”
അയാളുടെ മുഖഭാവവും
ദേഷ്യവും കണ്ടു എന്തിനാണ് അവനെ പുറത്തു നിര്‍ത്തിയിരിക്കുന്നത് എന്ന്
ചോദിക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല.
പിറ്റേന്നും പുറത്തു നില്‍ക്കുന്ന അവനോടു ഞാന്‍ സ്നേഹത്തോടെ പുറത്തു ആക്കിയതിന്റെ കാരണം ചോദിച്ചു. അപ്പോള്‍
അമര്‍ഷത്തോടെ “പുറത്താക്കിയവരോട് ചോദിക്ക്
“ എന്നായിരുന്നു അവന്റെ മറുപടി. അത് എനിക്ക് ദേഷ്യം ഉണ്ടാക്കിയതിനാല്‍ ആ
കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഇടപെടുന്നില്ല എന്ന് തീര്‍ച്ചയാക്കി ക്ലാസ്സ്
എടുക്കാനായി തുടങ്ങി. അന്ന് വെള്ളിയാഴ്ച ആയിരുന്നു.രണ്ടു ദിവസം ഒഴിവു ആണല്ലോ എന്ന
സന്തോഷത്തില്‍ ഞങ്ങള്‍ എല്ലാവരും ചിരിച്ചു
തമാശയും പറഞ്ഞു ഓട്ടോയില്‍ വീട്ടിലേക്കു പുറപ്പെട്ടു. പോകുന്ന വഴിയില്‍ തലയും
താഴ്ത്തി ഒറ്റയ്ക്ക് നടന്നു വീട്ടിലേക്കു പോകുന്ന അവനെ ഞാന്‍ കണ്ടു. എനിക്ക് അവിടെ
ഇറങ്ങി അവനോടു വിശദമായി സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും കൂടെ നാല് പേര്‍
കൂടി ഉണ്ടായതിനാലും എല്ലാവര്ക്കും വീട്ടില്‍ നേരത്തെ എത്തേണ്ടതാണ് എന്നതിനാലും
എന്തോ ഞാന്‍ അതിനു മുതിര്‍ന്നില്ല. പക്ഷെ അന്ന് ഞാന്‍ അതിനുള്ള മനസ്ഥിതി കാണിച്ചിരുന്നെങ്കില്‍
അവന്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു.
ഒഴിവു ദിവസങ്ങള്‍ കഴിഞ്ഞു ഞാന്‍ തിങ്കളാഴ്ച
പതിവ് പോലെ സ്കൂളില്‍ എത്തി. ഒന്‍പതില്‍ ക്ലാസ്സ് എടുക്കാന്‍ ചെന്നപ്പോള്‍ അവന്‍
അന്ന് വന്നിട്ടില്ലായിരുന്നു. ഒരു കുട്ടി ദിവസം മുഴുവന്‍ പുറത്തു നില്‍ക്കുന്നത്
കണ്ടു സങ്കടപ്പെടണ്ടല്ലോ എന്ന് കരുതി ഞാന്‍ സമാധാനിച്ചു. അന്ന് പതിവ് പോലെ ദിവസം
കടന്നു പോയി. പിറ്റേന്ന് ഞങ്ങള്‍ സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടികളും അധ്യാപകരും
കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു ഞങ്ങളും ആ കൂട്ടത്തില്‍ ചെന്ന് നോക്കി. എന്നെ
കണ്ടതും ഒരു കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു. “നമ്മടെ വിനോദ് പോയി ടീച്ചറെ “.
ഞാന്‍ അവനെ
അടുത്തേക്ക് വിളിച്ചു കാര്യം ചോദിച്ചപ്പോളാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എനിക്ക്
മനസിലായത്.
അന്ന് ആ സ്കൂളിലെ യുനിഫോം വെള്ളയും നീലയും
ആണ്. അവന്റെ യുനിഫോം നിറം മങ്ങിയതും പകുതി കീറി തുടങ്ങിയതും ആയിരുന്നു. അങ്ങനെ കുറച്ചു കുട്ടികള്‍ ആ
സ്കൂളില്‍ ഉള്ളതിനാല്‍ അവര്‍ക്കാര്‍ക്കും അതിനെ കുറിച്ച് അപകര്‍ഷത ബോധം ഉള്ളതായി എനിക്ക്
തോന്നിയിട്ടില്ല. പക്ഷെ കര്‍ക്കശക്കാരനായ അവന്റെ ക്ലാസ്സ് സാര്‍ അതും പറഞ്ഞു അവനെ
നിരന്തരം ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. അത് മാത്രം അല്ല മാസത്തില്‍ കൊടുക്കേണ്ട
തുച്ചമായ ഫീസും അവന്‍ കൊടുത്തിരുന്നില്ല. അന്ന് അവനെ ക്ലാസ്സില്‍ നിന്നും
പുറത്താക്കി ഇനി നല്ല യുനിഫോം ഇട്ടു ഫീസുമായി വന്നാല്‍ മാത്രം ക്ലാസ്സില്‍
ഇരുന്നാല്‍ മതി എന്ന് അയാള്‍ പറഞ്ഞു. പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവനും
രണ്ടാനമ്മയുടെ പീഡനങ്ങളാല്‍ ഒരുപാടു മാനസിക സമ്മര്‍ദം അനുഭവിക്കുന്നവനും ആയിരുന്നു
ആ കുട്ടി. വീട്ടില്‍ ഈ കാര്യം പറഞ്ഞപ്പോള്‍ രണ്ടാനമ്മയുടെ വക ചീത്തയും അത് കേട്ട്
അച്ഛന്റെ വക അടിയും ആണ് അവനു കിട്ടിയത്. എല്ലാം കൊണ്ടും മനം മടുത്ത അവനു സ്കൂള്‍
ആയിരുന്നു ഏക ആശ്വാസം. അവിടെയും താന്‍ മറ്റുള്ളവരാല്‍ അപഹസ്യനാകുന്നത് താങ്ങാനുള്ള
കരുത്ത് ആ കുഞ്ഞു ഹൃദയത്തിനു ഇല്ലായിരുന്നു. അവന്‍ ശനിയഴ്ച വയ്കുന്നേരം റെയില്‍ പാലത്തിലൂടെ
എങ്ങോട്ടെന്നില്ലാതെ നടന്നു. അത് വഴി വന്ന ഏതോ ട്രെയിന്‍ അവനെ അവന്റെ എല്ലാ
ദുരിതങ്ങളില്‍ നിന്നും കര കയറ്റി.
എന്‍റെ
ജീവിതത്തില്‍ ഞാന്‍ ഏറ്റവും ദുഖവും
കുറ്റബോധവും അനുഭവിച്ച ദിവസമായിരുന്നു
അത്.അദ്ധ്യാപിക എന്ന നിലയില്‍ ഏറ്റവും വലിയ ഒരു പാഠം പഠിച്ച ദിവസവും. “ഓരോ കുട്ടിയും
വ്യത്യസ്തനാണ്, ഒരു കുട്ടിയെ മനസിലാക്കുന്നവനും അവന്‍ നന്നാകണം എന്ന് ആത്മാര്‍ഥമായി
ആഗ്രഹിക്കുന്നവനും മാത്രമേ അവനെ
ശിക്ഷിക്കാനുള്ള അവകാശവും ഉള്ളു”.