Wednesday, October 5, 2011

രഹസ്യ കാമുകന്‍


       അന്ന് വാര്‍ഷിക പരീക്ഷ കഴിഞ്ഞ ദിവസം ആയിരുന്നു.പതിവുപോലെ പത്തുമണി ആയപ്പോഴേക്കും  ഞാന്‍ ഉറങ്ങാന്‍ കിടന്നു.മെല്ലെ ഉറക്കത്തിലേക് വഴുതി വീഴാന്‍ പോയപ്പോഴേക്കും അതേ മുറിയില്‍ തന്നെ കിടക്കുന്ന എന്‍റെ അനിയത്തി ലൈറ്റ് ഇട്ടു എന്നെ വിളിച്ചുണര്‍ത്തി .
"ചേച്ചി..ഇന്നത്തെ എക്സാം  തീരെ ഈസി അല്ല.എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല."
"അതിനു ഞാനെന്തു വേണം?.എക്സാം കഴിഞ്ഞില്ലേ"..പരീക്ഷ എളുപ്പമായാലും അല്ലെങ്കിലും അതൊന്നും എന്‍റെ ഉറക്കത്തിനെ ബാധിച്ചിരുന്നില്ല.പക്ഷേ അന്ന് അവള്‍ എന്നെ ഉറങ്ങാന്‍ സമ്മതിക്കും എന്ന് തോന്നിയില്ല .
"ചേച്ചി..നമുക്ക് എന്തെങ്കിലും സംസാരിച്ചു ഇരിക്കാം.അല്ലെങ്കില്‍ ഏതെങ്കിലും കഥ പറഞ്ഞു താ.ഏതായാലും നാളെ കോളേജില്ലലോ "
അപ്പൊ അതാണ്‌ കാര്യം.പരീക്ഷ ആയ കാരണം എന്‍റെ കഥ എഴുത്ത് പരിപാടി ഒന്നും ഏതായാലും കുറച്ചു ദിവസമായി നടക്കുന്നില്ല.ആ സങ്കടം ഇന്ന് തീര്‍ക്കാം.ഞാന്‍ ബെഡില്‍ എഴുന്നേറ്റു ഇരുന്നു അവളോട്‌ മെല്ലെ പറഞ്ഞു.
"കഥയല്ല..ഇന്ന് ഞാനൊരു രഹസ്യം പറയാം.നീ ആരോടും പറയരുത്" 
"ഇല്ല ചേച്ചി..ഞാന്‍ ആരോടും പറയില്ല"
ഞാന്‍ എന്‍റെ കാമുകനെ കുറിച്ചാണ് പറയാന്‍ പോകുന്നത്.അമ്മയോടോന്നും പറയല്ലേ.."
        ഇനി അമ്മയെയോ അച്ഛനെയോ പിടിച്ചു ഞാന്‍ സത്യം ഇടീപ്പിക്കുമോ എന്ന ഒരു ഭയം അവളുടെ കണ്ണില്‍ ഉണ്ടായിരുന്നു.അവള്‍ രഹസ്യം കേള്‍ക്കാന്‍ എന്‍റെ അടുത്തു ബെഡില്‍ ഇരുന്നു.ഞാന്‍ എന്‍റെ ശബ്ദം ഒക്കെ ശെരിയാക്കി  നേരെ ഇരുന്നു ഒരു  വലിയ രഹസ്യം അവളോട്‌ പറയാന്‍ തയ്യാറായി.
"അവന്‍ എന്‍റെ കാമുകന്‍
എന്നും എന്നെ കാണാന്‍ വരും
എന്‍റെ മുടിയിഴകളില്‍  തലോടും 
കാതില്‍ കിന്നാരം പറയും
സങ്കടം വന്നു കരഞ്ഞാല്‍ കണ്ണുനീരൊപ്പും "
കുറച്ചു സാഹിത്യം കലര്‍ന്നതനെങ്കിലും അത് കേട്ട് അവള്‍ അത്ബുധപ്പെട്ടു.
"പിന്നെ ഞാന്‍ എന്‍റെ എല്ലാ കാര്യങ്ങളും പറയാറുണ്ട്"  ..
"അപ്പൊ എന്‍റെ കാര്യവും പറഞ്ഞോ?"
"ആ ..നിന്റെ കാര്യവും പറഞ്ഞു.നീയെന്നോട്‌ വഴക്കടിക്കുന്ന  കാര്യവും പറയാറുണ്ട്."
"ശെ..മോശമായി..ആളെങ്ങനെ സുന്ദരനാണോ?"
"അതേ...അതിസുന്ദരന്‍..വര്‍ണിക്കാന്‍ പറ്റില്ല.അത്രേം സുന്ദരനാ ..പിന്നെ ഞാന്‍ പറയുന്നതൊക്കെ കേള്‍ക്കും .എപ്പളും മൂളിക്കൊണ്ടിരിക്കും.എന്‍റെ ചെവിയില്..ഇങ്ങനെ.....ഉം ...ഉം..."ഞാന്‍ മൂളുമ്പോള്‍ അവള്‍ വായും പൊളിച്ചു കേട്ടിരിക്കുകയായിരുന്നു.
"ചേച്ചി ..നിങ്ങള്‍ എവിടെ വച്ചാണ് കാണാറ്?"..
അവള്‍ സി.ഐ.ഡി പണി തുടങ്ങി എന്നെനിക്ക് മനസിലായി.
"എവിടെ വച്ചെന്നൊന്നും  ഞാന്‍ പറയില്ല .എന്നും കാണാറുണ്ട്.ഇനി നീ ഉറങ്ങിക്കോ.എനിക്ക് ഉറക്കം വരുന്നു.ബാക്കി നാളെ പറയാം."ഞാന്‍ പുതപ്പെടുത്തു തല മൂടി സുഖമായി കിടന്നു ഉറങ്ങി.
          അവള്‍ ഇതും മനസ്സില്‍ ഇട്ടു ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും രാത്രി തള്ളി നീക്കിയോ അതോ ഉറങ്ങിയോ എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും രാവിലെ പത്തുമണിയായിട്ടും കക്ഷി ബെഡില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുന്നു.അന്ന് വയ്കുന്നേരം എന്‍റെ സുഹൃത്തായ സാജിദയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍  ഒളിച്ചു നിന്നു ഞങ്ങളുടെ സംസാരം കേള്‍ക്കുന്ന അമ്മയെ മുന്നിലുള്ള കണ്ണാടിയിലൂടെ ഞാന്‍ കണ്ടു.എന്‍റെ കാമുക കഥ പൊടിപ്പും തൊങ്ങലും വച്ചു റെക്കോര്‍ഡ്‌ ബുക്ക്‌ സമര്‍പ്പിക്കുന്നതിലും ഉഷാറോടെ അമ്മക്ക് സമര്‍പ്പിക്കപ്പെട്ടു എന്ന് എനിക്ക് മനസിലായി.
       സാധാരണ രാത്രി പത്തര ആയാലും ടിവിയില്‍ ഹിന്ദി സിനിമയും കണ്ടു ഇരിക്കാറുള്ള നമ്മുടെ സഹോദരി അന്ന് ഒന്‍പതു മണി ആയപ്പോഴെ ഉറക്കം വരുന്നെന്നും പറഞ്ഞു എന്നെയും കൂട്ടിനു വിളിച്ചു മുറിയില്‍ കയറി.
"ചേച്ചി..ബാക്കി പറയു.ഇന്ന് നിങ്ങള്‍ കണ്ടോ?."
അവളുടെ ചോദ്യത്തിലെ സൂത്രം  എനിക്ക് മനസിലായി.അന്ന് വീട് വിട്ടു പുറത്തു ഇറങ്ങിയിട്ടില്ലാത്ത ഞാന്‍ വീട്ടിലുള്ളവരെയും വീട്ടില്‍ വന്ന എന്‍റെ മുറചെറുക്കന്‍ മാരെയും മുറപെണ്ണുങ്ങളെയും മരപ്പണിക്ക് വന്ന രണ്ടു ആശാരിമാരെയും മാത്രമേ കണ്ടിട്ടുള്ളു..അത് എന്നെക്കാള്‍ നന്നായി അവള്‍ക്ക്ക് അറിയാം.ഹമ്പടീ...എന്നോടാ കളി.....
"ഇല്ല..ഇന്ന് കണ്ടില്ല.പക്ഷേ എന്‍റെ കൂടെ ഉണ്ടായിരുന്നു".ഞാന്‍ ഒട്ടൊരു സങ്കടത്തോടെ പറഞ്ഞു
അവള്‍ മനസിലുള്ള ചില പേരുകള്‍ വെട്ടികളയുന്ന ശബ്ദം ഞാന്‍ കേട്ടു.
"ചേച്ചി.. അത്രേം കര്യായിട്ടാണോ?.നമ്മുടെ ജാതിയാണോ?.എവിടെ ഉള്ളതാ?.ഒറ്റ ശ്വാസത്തില്‍ ഇത്രയും ചോദ്യം ചോദിച്ചു ഉത്തരത്തിനായി അവള്‍ എന്നെ നോക്കി.
"നമ്മുടെ ജാതിയല്ല .ഇവിടെയൊക്കെ തന്നെ ഉണ്ട്.എന്‍റെ ഓരോ നിശ്വാസത്തിലും ഉണ്ട്.അവനില്ലാതെ ഞാനില്ല..അവനില്ലാതാകുന്നതോടെ  ഞാനും  ഇല്ലാതാകും.എന്‍റെ അവസാന ശ്വാസം വരെ അവന്‍ എന്‍റെ കൂടെ ഉണ്ടാകും".
"ചേച്ചിയെ അവന്‍ ഒന്നും ചെയ്തിട്ടൊന്നും ഇല്ലാലോ?"
"ഉം ..ഉമ്മ വച്ചു."
"എവിടെയൊക്കെ?.." അവളുടെ മുഖഭാവം മാറുന്നത് ഞാന്‍ കണ്ടു.
"കയ്യില്‍,മുഖത്ത്,നെറ്റിയില്‍,ചുണ്ടില്‍,മുടിയിഴകളില്‍ ,..."ഞാന്‍ മുഖം കുനിച്ചു ഇരുന്നു.
"അയ്യോ...ചേച്ചി എന്തൊക്കെയാ കാട്ടികൂട്ടിയിരിക്കുന്നെ.എല്ലാ പെണ്‍കുട്ടികളും വായ നോക്കുന്ന രാകേഷ് ചേച്ചിടെ പിന്നാലെ രണ്ടു കൊല്ലം നടന്നിട്ടും ചേച്ചി അവനെ തിരിഞ്ഞു നോക്കിയില്ല എന്ന് ഞാന്‍ ഇന്നലെ കൂടി അഭിമാനത്തോടെ രേഷ്മയോട്‌ പറഞ്ഞേ ഉള്ളു.അതിനു കാരണം ഇതാണല്ലേ.ആരാണ് ആള്?.എന്തായാലും സാധാരണക്കാരന്‍ ആവില്ല".
"ആളെ നിനക്ക് പറഞ്ഞു തരാം.സമയമാകട്ടെ.ഇപ്പൊ കിടന്നു ഉറങ്ങാന്‍ നോക്ക്" ഞാന്‍ അതും പറഞ്ഞു സുഖമായി കിടന്നു ഉറങ്ങി.
        പിറ്റേന്ന് രാവിലെ ഉറക്കം തൂങ്ങിയ കണ്ണുകളുമായി അവള്‍ എന്നെ ക്രൂശിച്ചു നോക്കി.ഞാന്‍ കഴിയുന്നതും അവളുടെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു. രാത്രി ഭക്ഷണം കഴിഞ്ഞു സേമിയ പായസം അടിച്ചു മാറുമ്പോഴാണ് പായസം എന്ന് കേട്ടാല്‍ പൂച്ചക്ക് ഒണക്കമീന്‍ എന്ന പോലെ ഓടി വരാറുള്ള എന്‍റെ പ്രിയ സഹോദരിയെ കാണാന്‍ ഇല്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്.ഞാന്‍ നോക്കിയപ്പോള്‍ ആള് റൂമില്‍ മൂടിപ്പിടിച്ചിരിക്കുന്നു.

"നിനക്കെന്തു പറ്റി ?".ഞാന്‍ പരിതാപത്തോടെ അവളെ  നോക്കി.

"ചേച്ചി..എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്".

      പിന്നീടുള്ള അവളുടെ സംസാരത്തില്‍ നിന്നും പത്താം ക്ലാസ് വരെയേ ഞങ്ങള്‍ രണ്ടാളും ബയോളജി  പഠിച്ചിട്ടുള്ളൂ എങ്കിലും അവള്‍ക്കു അതില്‍ എന്നേക്കാള്‍  വിവരം ഉണ്ടെന്നു മനസിലായി.അതിനെക്കുറിച്ചു കാര്യമായി ഒന്നും അറിയാത്ത എനിക്ക് പല സംശയങ്ങളും അവളോട്‌ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാന്‍ അവളുടെ ചേച്ചി ആണല്ലോ എന്ന് ഓര്‍ത്ത്‌ മിണ്ടാതിരുന്നു.അര മണിക്കൂര്‍  ക്ലാസ്സ്‌ കഴിഞ്ഞതും അവള്‍ ഉപദേശം തുടങ്ങി.

"ചേച്ചി നമ്മുടെ മുത്തശന്റെ പെരും പെരുമയും ആലോചിച്ചോ?. അമ്മയെയും അച്ഛനെയും ആലോചിച്ചോ?.അവരുടെ സ്റാടസിനെ  കുറിച്ചു ഓര്‍ത്തോ?.മഹാന്മാരായ നമ്മുടെ അമ്മാവന്മാരെ കുറിച്ചു ഓര്‍ത്തോ?.ചേച്ചിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഞങ്ങളെ ഒക്കെ കുറിച്ചു ഒരു മിനുട്ടെങ്കിലും ഓര്‍ത്തോ?ഇവരൊക്കെ ചേച്ചിയും അവനുമായുള്ള കല്യാണം നടത്തി തരും എന്ന് കരുതുന്നോ?ഇനി നിങ്ങള്‍ എങ്ങാന്‍ ഓടി പോയാല്‍ രണ്ടിനേം അവര് വെട്ടി കൊല്ലും."അവള്‍ ശ്വാസം കഴിക്കാന്‍ വിഷമിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി.
"അതിനു ആര് ഓടിപ്പോകുന്നു?ആര് കല്യാണം കഴിക്കുന്നു ?"  ഇത് പറഞ്ഞു ഞാന്‍ കൂള്‍ ആയി അവളെ നോക്കി.
"ഏ....അപ്പോള്‍ നിങ്ങള്‍ കല്യാണം കഴിക്കുന്നില്ലേ?" അവള്‍ വായും  പൊളിച്ചു  എന്നെ നോക്കി.
"ഇല്യ ..കല്യാണം കഴിക്കുന്നില്ല.അല്ലാതെ തന്നെ അവന്‍ ജീവന്‍ ഉള്ളിടത്തോളം എന്‍റെ കൂടെ ഉണ്ടാകും".
"ആഹാ ..ആരാണത്?.എനിക്ക് ഇപ്പൊ അറിയണം.ചേച്ചി ..അല്ലെങ്കില്‍ ഞാനിത് അമ്മയോട് പറയും.".അവള്‍ വെളിച്ചപ്പാട് ഉറയുന്ന പോലെ ഉറയാന്‍ തുടങ്ങി .
"കാറ്റ് " ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു.
"കാറ്റോ?"
"അതേ..കാറ്റ്....വായു..തെന്നല്‍ !
എന്‍റെ മുടിയിഴകളെ തലോടുന്ന 
എന്‍റെ പരിഭവം കേള്‍ക്കുന്ന 
എന്നെ ഉമ്മ വയ്ക്കുന്ന 
എന്‍റെ ചെവിയില്‍ മൂളുന്ന
ഒരു നിശ്വാസമായി ജീവന്റെ തുടിപ്പായി 
എപ്പോഴും എന്‍റെ കൂടെ ഉള്ള എന്‍റെ 
കാറ്റ്..വായു....തെന്നല്‍..." ഞാന്‍ ഒരു സിനിമാ ഡയലോഗുപോലെ  പറഞ്ഞു.
      രണ്ടു ദിവസത്തെ ഉറക്കം മുഴുവനുള്ള കണ്ണ് തുറിച്ചു ദേഷ്യത്തില്‍ രണ്ടു മിനിറ്റ് അവള്‍ എന്നെ നോക്കി.ഞാന്‍ എന്തും സഹിക്കാന്‍ തയ്യാറായി ഇരുന്നു.പിന്നീട് അതുവരെ കേട്ടിട്ടില്ലാത്ത തെറിയൊക്കെ വിളിച്ചു പറഞ്ഞു തലയിണ വെച്ച് അവള്‍ക്കു മതിയാവോളം എന്നെ ആഞ്ഞു അടിച്ചു .ഞാന്‍ പതുക്കെ എണീറ്റ്‌ എന്‍റെ പഠന മേശയില്‍ പോയി അന്ന് കേട്ട തെറിയൊക്കെ ഒരു കടലാസില്‍ എഴുതി വച്ചു.കിട്ടിയത് ആരായാലും എപ്പോളായാലും തിരിച്ചു കൊടുക്കണമല്ലോ.ബയോളജിയില്‍ മാത്രമല്ല ഇതിലും ഇവള്‍ക്ക് ഇത്ര പ്രാവീണ്യം  ഉണ്ടെന്നു അന്ന് ആദ്യമായി എനിക്ക് മനസിലായി.എഴുതിയ കടലാസ് പുസ്തകത്തിനുള്ളില്‍ വച്ചു ഞാന്‍ എന്‍റെ കാമുകന് വേണ്ടി ജനാല തുറന്നു വച്ചു കട്ടിലില്‍ പോയി കിടന്നു.
  അതാ...അവന്‍ പതുക്കെ വന്നു എന്‍റെ മുടിയിഴകള്‍  തലോടി..നെറ്റിയില്‍ ഉമ്മ വച്ചു...എന്നെ തണുപ്പിന്റെ പുതപ്പണിയിച്ചു...ചെവിയില്‍ പതുക്കെ മൂളി എന്നെ ഉറക്കുന്നു.ഇനി ഞാന്‍ ഉറങ്ങട്ടെ.നിങ്ങള്‍ക്കും ശുഭരാത്രി.

22 comments:

  1. പ്രീതിയെ വായിച്ചു ...കാമുകന്‍ കൊള്ളാം അതിനെക്കാളും കൊള്ളാം അനിയത്തി ....നന്നായി എഴുതി ...ഭാവുകങ്ങള്‍ ....

    ReplyDelete
  2. ഡോക്ടര്‍ ഇതൊരു രോഗമാണോ?

    സങ്കതി കലക്കി

    ReplyDelete
  3. കള്ള കാറ്റ് ;ഇത്രയൊക്കെ ഒപ്പിച്ചു ല്ലേ ;നന്നായി പ്രീതി

    ReplyDelete
  4. കുഞ്ഞുംനാളില്‍ എന്റെ ഒരേ ഒരു ആഗ്രഹം കാറ്റായി മാറാന്‍ കഴിഞ്ഞെങ്കില്‍ എന്നുള്ളതായിരുന്നു. കാറ്റായിരുന്നെങ്കില്‍ യഥേഷ്ടം എവിടെ വേണമെങ്കിലും പാറി നടക്കാമായിരുന്നു.. അപ്പുറത്തെ വേലികെട്ടിയ മാമ്പഴ തോപ്പില്‍ കടന്നു ഇഷ്ടംപോലെ മാമ്പഴം കഴിക്കാമായിരുന്നു.. വിദ്യാലയത്തില്‍ പോവാതെ കറങ്ങി നടക്കാമായിരുന്നു. ."പൈസചിലവ് ഇല്ലല്ലോ, കാറ്റായിരുന്നെങ്കില്‍" :) അങ്ങിനെ അങ്ങിനെ ഒരുപാട് മോഹങ്ങള്‍.. ഇന്നിവിടെ ഈ കഥ വായിച്ചപ്പോള്‍ ഇങ്ങേനെയും ഒരു സാധ്യത അന്നെന്റെ മനസ്സില്‍ എന്തെ വന്നില്ല എന്നതായിരുന്നു ആദ്യം തോന്നിയത്..

    അനിയത്തിയോട് കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ നായകന്‍ കാറ്റായിരിക്കും എന്നെനിക്കു തോന്നി.. ഒരുപക്ഷെ മറ്റുള്ളവര്‍ക്കും തോന്നിക്കാണും.. അതോഴിവാക്കിയിരുന്നെങ്കില്‍ കാമുകന്റെ പേര് വെളിപ്പെടുത്തുന്നത് വരെയുള്ള സമയം വരെ അനിയത്തിയെപോലെതന്നെ ഞങ്ങള്‍ക്കും അവനെയറിയാന്‍ വേണ്ടി വെമ്പല്‍ കൊള്ളേണ്ടി വന്നേനെ.. ഇതെന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ... അല്ലാതെ കഥ നന്നായില്ല എന്നല്ല അര്‍ഥം.. അതീവ ഹൃദ്യമായിരുന്നു... ആദ്യാവസാനം ഒരു പുഞ്ചിരി ചുണ്ടില്‍ തത്തിക്കളിച്ചിരുന്നു, ഇത് വായിക്കുമ്പോള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. Correct !!
      ക്ലൈമാക്സ് ആദ്യം തന്നെ അറിഞ്ഞു സിനിമ കണ്ട പ്രതീതി !!

      Delete
  5. ന്നാലും ഈ കാറ്റിന്റെ ഒരു കാര്യേ....

    നന്നയിട്ടുണ്ട് ജീനിയസേ, ആശംസകള്‍...

    ReplyDelete
  6. .അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.ശെരി ആയിരിക്കാം ..പലര്‍ക്കും അത് കാറ്റ് തന്നെ എന്ന് കുറച്ചു വായിച്ചപ്പോള്‍ തന്നെ മനസിലായി കാണും.ടീന്‍ എയ്ജില്‍ ഉള്ള ഒരു പെണ്‍കുട്ടിയുടെ ചിന്ത ആണ് ഇത്..അതുകൊണ്ടാണ് കാറ്റിനു അങ്ങനെ ഒരു ഭാവം നല്‍കിയത് ...:)

    ReplyDelete
  7. കാറ്റോ പൂച്ചയോ അങ്ങനെ ആരെങ്കിലും ആയിരിക്കും ആ കാമുകന്‍ എനെന്‍ അറിയാമായിരുന്നു.
    എന്നാലും രസായിട്ടെഴുതി

    ReplyDelete
  8. ഈ കാറ്റിനൊക്കെ എന്തുമാവാലോ..എവിടെയും കയറിച്ചെല്ലാം ആരെയും തഴുകാം തലോടാം ഉമ്മവയ്ക്കാം..കള്ളതെമ്മാടി...

    പാരഗ്രാഫുകള്‍ തിരിച്ചെഴുതിയാള്‍ വായനയ്ക്ക് കൂടുതല്‍ സുഖം കിട്ടും എന്നൊരഭിപ്രായമുണ്ട്...

    ReplyDelete
  9. ഇവിടെ വന്നു ഒരു പോസ്റ്റ്‌ വയിച്ചു മറ്റൊന്നുകൂടി വായിക്കാന്‍ തോന്നി എല്ലാം രസകരമായി എഴുതിയിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  10. കാറ്റിനെ പ്രണയിച്ച പെണ്‍കുട്ടി .....പ്രണയം അങ്ങിനെ യാണ് .....നമ്മള്‍ അറിയാതെ നമ്മളോട് ചോദിക്കാതെ ..നമ്മുടെ മേല്‍ വീശിയടിക്കും......സുന്ദരമായ ഇളം കാറ്റുപോലെ അവതരണം ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

    ReplyDelete
  11. വായിച്ചു... കഥയെ കുറിച്ച് ഒന്നും പറയുന്നില്ല....

    അനിയത്തിക്ക് ഒരു ഷേക്ക് ഹാന്‍ഡ്‌...

    നല്ല എഴുത്തിന് ആശംസകള്‍...

    ReplyDelete
  12. ha ha ha..aniyathiyum cehchyum assalayitundu..achuz

    ReplyDelete
  13. കാറ്റ, ആയിരിക്കും ആ കാമുകന്‍ എനെന്‍ അറിയാമായിരുന്നു,,,,kikikiki :)രസകരമായി എഴുതിയിരിക്കുന്നു

    ReplyDelete
  14. haa...ha.a.....spr aayitund pree.....aniyatti chechiye kollanjathu bhagyam.......:P fasna

    ReplyDelete