Thursday, April 19, 2012

മുളക് പാപ്പിയും, പ്രണയവും പിന്നെ രണ്ടു കോഴികളുംപാപ്പിയെ മുളക് പാപ്പി എന്ന് വിളിച്ചില്ലെങ്കില്‍ പാപ്പിക്ക് തന്നെ എരിവു വരും.ഈ പാപ്പി ആരുടെ മകനാണ്, നാട് എതാണ് എന്നൊന്നും ആര്‍ക്കും അറിയില്ല.ഒരിക്കല്‍ ആദ്യമായി തീവണ്ടി കയറാന്‍ പോയ പപ്പിനി(പത്മിനി) വെറുതെ പാത്തുംപതുങ്ങി നിന്നിരുന്ന പത്തു വയസുകാരന്‍ പാപ്പിയോട് പട്ടാമ്പിക്കുള്ള വഴി ചോദിച്ചപ്പോള്‍ പപ്പിനിയുടെ പുറകേ കൂടിയതാണ് പാപ്പി.അന്നുമുതല്‍ പാപ്പി പപ്പിനിയുടെ സ്വന്തം മകനാണ്. ആരുമില്ലാത്ത തനിയ്ക്ക് വേണ്ടിപടച്ചോന്‍ പടച്ചതാണ് പാപ്പിയെ എന്ന് പപ്പിനി സ്നേഹത്തോടെ പറയും.ഏതു ജാതിയിലാണ് ജനിച്ചതെന്ന് പാപ്പിക്ക് തന്നെ നിശ്ചയം ഇല്ലാത്തതിനാല്‍ ഒരു ആരാധനാലയത്തിലും പാപ്പി പോയിരുന്നില്ല.തന്റെ മതം അനുസരിക്കാന്‍ പപ്പിനി പാപ്പിയെ നിര്‍ബന്ധിച്ചും ഇല്ല.

ഭക്ഷണം കിട്ടിയാലും കിട്ടിയില്ലെങ്കിലും ദിവസം നാല് പച്ചമുകെങ്കിലും പാപ്പിക്ക് വേണം. ചെറുപ്പത്തില്‍ ഒന്നും കിട്ടാത്ത സമയത്ത് പച്ചുളക് പറിച്ചു തിന്നു ശീലമായതാണെന്ന് അതിന്റെ രഹസ്യം കണ്ടു പിടിക്കാന്‍ ഒരു മാസം പിന്നാലെ നടന്ന ശാന്തയോട് പാപ്പി പറഞ്ഞത്രേ. 'അത്‌ വേറെ ആരും അറിയേണ്ട' എന്നുകൂടി കൂടി പാപ്പി പറഞ്ഞതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആ ഗ്രാമത്തിലെ എല്ലാവരുടെയും ചെവിയില്‍ എത്തിയ ഒരു പരസ്യമായ രഹസ്യം ആയി പച്ചമുളക് കഥ.അന്നത്തോടെ കൊട്ട ശാന്തയുടെ പരസ്യത്തിന്റെ സ്പീഡ് തര്‍ക്കം ഇല്ലാതെ തെളിഞ്ഞു. മൂസാക്ക ആ കഥ കുറച്ചു ചിക്കെന്‍ മസാലയും മൈദയും കൂടി ചേര്‍ത്ത് എരിവും കൂട്ടി വലിച്ചു നീട്ടി നല്ലൊരു തിരക്കഥ ആക്കി. ആ ഒരാഴ്ച ബി ക്ലാസ്സ്‌ തീയേറ്ററില്‍ പോലും പോകാതെ ആളുകള്‍ കഥ കേള്‍ക്കാന്‍ മൂസാക്കയുടെ വായിലിരുന്നു. പണ്ടെങ്ങാന്‍ ആരോ പച്ചമുകില്‍ കൂടോത്രം ചെയ്തു ചായക്കടയില്‍ വച്ച ബോണ്ട അറിയാതെ പാപ്പി കഴിച്ചെന്നും അങ്ങനെ ആണ് പാപ്പിക്ക് ഈ പച്ചമുളക് ബാധ തുടങ്ങിയതെന്നും കഥയുടെ ഉള്ളടക്കം.കൂട്ടത്തില്‍ പാപ്പിയുടെ ജനനത്തെ പറ്റിയുള്ള ഉഹാപോഹങ്ങളും ഉണ്ടായിരുന്നു.
മുളക് പാപ്പിയുടെ അയല്‍വാസി ആണ് ഊത്തു നബീസ.കാലു മടങ്ങിയാലും കണ്ണിനസുഖം വന്നാലുംസന്നി വന്നാലും നബീസയെ ക്കൊണ്ട് ഊതിച്ചാല്‍ മാറുമെന്നു അന്നാട്ടിലെ ചിലരെങ്കിലും വിശ്വസിച്ചിരുന്നു.ആ വിശ്വാസം കൊണ്ടും കോഴി വളര്‍ത്തല് കൊണ്ടും നബീസ ഒരു വിധം ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോന്നു.

ആയിടക്കാണ് നബീസയുടെ ചുവന്ന പൂവന്‍ കോഴിയെ കാണാതാകുന്നത്. നേര്‍ച്ചയ്ക്കു നിര്‍ത്തിയിരുന്ന കോഴിയാണ് ഒരു സുപ്രഭാതത്തില്‍ കാണാതെ പോയത്. നാടായ നാട് മുഴുവന്‍ തിരഞ്ഞിട്ടും കോഴിയെ കാണാന്‍ ഇല്ല. കോഴിയുടെ കാലില്‍ ഒരു ചരട് കെട്ടിയിരുന്നതിനാല്‍ കോഴിയെ ഏതു ഇരുട്ടത്തും തപ്പി നോക്കിയും തിരിച്ചറിയും എന്ന് നബീസ വെല്ലുവിളിച്ചു. മാത്രമല്ല ഊതിക്കെട്ടിയ ചരടായതിനാല്‍ ആ കോഴിയെ കൊന്നു തിന്നുന്നവന്‍ സന്നി പിടിച്ചു ചാകും എന്നും നബീസ നാടാകെ പരത്തി. അതുകേട്ടു പേടിച്ചു അന്നാട്ടിലെ ജനം തല്‍ക്കാലത്തേക്ക് ചുവന്ന പൂവനെ കറി വക്കല്‍ നിര്‍ത്തി. നബീസയുടെ കോഴി കാരണം തല്‍ക്കാലത്തേക്ക് ചുവന്ന പൂവന്മാരുടെ ആയുസ്സും കൂടിക്കിട്ടി. അന്നാട്ടിലെ ആര്‍ക്കും സന്നി വരാത്തതിനാല്‍ കോഴി ജീവനോടെ ഉണ്ടെന്നു കരുതി നബീസയും സമാധാനിച്ചു .

രണ്ടു ദിവസത്തിന് ശേഷം ഒരു നട്ടുച്ച നേരത്താണ് തന്റെ പൂവന്റെ അതേ മുഖച്ഛായ ഉള്ള ഒരു പൂവന്‍ മുറ്റത്ത്‌ നിന്നു ചിക്കിചികയുനത് നബീസ കണ്ടത്. പക്ഷേ കോഴിയുടെ കാലില്‍ ചരടില്ല.എങ്കിലും ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി നബീസ വിളിച്ചു "സുലൈമാനെ...ബ.. ബ.. ബ.. ബ .."
വിളി കേട്ടതും കോഴി ഓടി നബീസയുടെ അടുത്തെത്തി. കോഴിയെ തിരിച്ചു കിട്ടിയതില്‍ നബീസയുടെ സന്തോഷത്തേക്കാള്‍ നാട്ടുകാര് ആശ്വസിച്ചു.അബദ്ധത്തിലെങ്ങാന്‍ ആ കോഴിയെ കറി വെച്ചെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി!!!
പക്ഷേ അന്ന് രാത്രി വീണ്ടും കോഴിയെ കാണാതായി. രാവിലെ വീണ്ടും 'കോഴി' നബീസയുടെ പ്രിയപ്പെട്ട 'സുലൈമാനായി' മുറ്റത്ത്‌ പ്രത്യക്ഷപെട്ടു. രാവിലെ നബീസ കൊടുക്കുന്ന ചോറും വറ്റും അരിയും തിന്നു മാന്യനായി മുറ്റത്ത്‌ ചിക്കി പെറുക്കി നടക്കുന്ന സുലൈമാന്‍ രാത്രിയില്‍ എങ്ങോട്ട് അപ്രത്യക്ഷനാകുന്നു എന്നത് എല്ലാവര്ക്കും അത്ബുധമായി. 

മൂസയുടെ നേതൃത്തത്തില്‍ ഒരു അന്വേഷണസംഘം രൂപീകരിച്ചു. സി ബി ഐ ഡയറി കുറിപ്പിന്റെ ബാക്ക് ഗ്രൌണ്ട് മ്യുസിക്കും ഇട്ട്‌ സംഘം പേട്രോമാക്സും പിടിച്ചു തിരച്ചിലിനിറങ്ങി. അവസാനം തിരച്ചിലിന്റെ ക്ലൈമാക്സില്‍ പാപ്പിയുടെ കോഴിക്കൂടിനരുകില്‍ ചുറ്റിപറ്റി നില്‍ക്കുന്ന സുലൈമാനെ കണ്ടെത്തി. സുലൈമാന്‍ ഒറ്റയ്ക്കല കൂടെ പാപ്പിയുടെ ഒരു ഉഗ്രന്‍ കറുമ്പി പെടക്കോഴിയും ഉണ്ട്. കുറച്ചു ദിവസമായി എന്നും രാത്രി പാപ്പിയുടെ കോഴി കൂടിലാണ് നബീസയുടെ കോഴി. പാപ്പിയുടെ കറുമ്പിയോട് തോന്നിയ അഗാധമായ പ്രണയം നബീസയുടെ ചോപ്പനെ അങ്ങോടു നയിക്കുകയായിരുന്നു. കറുമ്പി കോഴിയോടുള്ള അഗാധമായ പ്രണയം കാരണം ഒരുതരത്തിലും സുലൈമാന്‍ നബീസയുടെ കോഴികൂടില്‍ കയറാന്‍ സമ്മതിച്ചില്ല. കോഴി പാപ്പിയുടെ കോഴിക്കൂട്ടില്‍ മുളയട്ടെ എന്നും രാവിലെ എന്നും കോഴിയെ നബീസയുടെ വീട്ടില്‍ എത്തിക്കാം എന്ന പാപ്പിയുടെ ഉറപ്പില്‍ തല്‍ക്കാലം കോഴിക്കഥ അവസാനിച്ചു.

അതിനു ശേഷം എന്നും രാവിലെ പാപ്പി കോഴിയെയും പിടിച്ചു നബീസയുടെ വീട്ടില്‍ എത്തും.നബീസയുടെ മകള്‍ നുസ്രത്ത് കോഴിയെ വാങ്ങി പകരം പാപ്പിക്ക് മുറ്റത്ത്‌ നില്‍ക്കുന്ന മുളക് ചെടിയില്‍ നിന്നും നാല് പച്ചമുളക് പറിച്ചു കൊടുക്കും.അങ്ങനെ കോഴിയെ കൊടുക്കലും മുളക് വാങ്ങലും എന്നും രാവിലെ മുറക്ക് നടന്നു കൊണ്ടിരുന്നു. കോഴിയെ കൈമാറി കൈമാറി കോഴിക്കുണ്ടായിരുന്ന പ്രണയ പനി പാപ്പിക്കും നുസ്രത്തിനും പിടിച്ചു.കുറച്ചു ദിവസത്തിനുള്ളില്‍ അന്നാട്ടില്‍ അന്ന് ജനിച്ച കുട്ടി അടക്കം അറിയുന്ന ഒരു ഫ്ലാഷ് ന്യൂസ്‌ ആയി ഈ പ്രണയം മാറി. 

പാപ്പിയുടെയും നുസ്രത്തിന്റെയും പ്രണയം അതുവരെ ജാതി ഇല്ലാതെ ജീവിച്ച പാപ്പിക്ക് പാരയായി. ജാതി ഇല്ലാത്ത ഒരുത്തനെ തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടിയെ കൊണ്ട് കെട്ടിക്കില്ല എന്ന് ഒരു വിഭാഗവും പാപ്പി പേര് വച്ചു നോക്കുമ്പോള്‍ ഞങ്ങളുടെ സമുദായം ആണെന്ന് മറ്റൊരു വിഭാഗവും .കാര്യങ്ങള്‍ രണ്ടു വിഭാഗവും ഏറ്റെടുത്തതിനാല്‍ ഷാജി കൈലാസ് പടം പോലെ അപ്രതീക്ഷിത അടി അന്നാട്ടില്‍ പതിവായി. കറന്റ്കട്ട് ആയാലും അന്നാട്ടുകാര്‍ക്ക്‌ സീരിയല്‍ മുടങ്ങുമോ എന്ന സങ്കടം ഇല്ലാതായി.അടിപിടി നടക്കുമ്പോഴും പാപ്പി നുസ്രത് പ്രണയം തളിര്‍ത്തു വളര്‍ന്നു.പാപ്പിയെ അല്ലാതെ വേറെ ആരെയും കെട്ടില്ലന്നു നുസ്രത്തും നുസ്രത് അല്ലാതെ തന്റെ ജീവിതത്തില്‍ വേറെ ഒരു പെണ്ണ് ഇല്ലെന്നു പാപ്പിയും ഉറപ്പിച്ചു പറഞ്ഞു.എന്നാലും സമുദായം അത് അന്ഗീകരിക്കാന്‍ തയ്യാറായില്ല. കോഴികള്‍പ്രത്യേകിച്ച് ഒരു സമുദായത്തിലും പെടാത്തതിനാലും അത് പറഞ്ഞു വെറുതെ കൊത്തു കൂടാന്‍ മറ്റു കോഴികള്‍ക്ക് സമയം ഇല്ലാത്തതിനാലും പപ്പിനിയുടെ കറുമ്പിയും നബീസയുടെ പൂവന്‍ സുലൈമാനും സന്തോഷത്തോടെ പറമ്പിലും തൊടിയിലും ചിക്കി പെറുക്കി നടന്നു. പക്ഷേ ഒരു ജന്മത്തെ മുഴുവന്‍ പ്രണയവും മനസ്സില്‍ ഒതുക്കി പാപ്പിയും നുസ്രത്തും വേലിക്കല്‍ നിന്നു പരസ്പരം നോക്കി കണ്ണീരൊഴുക്കി. അതിന്റെ ബാക്ക് ഗ്രൗണ്ടില്‍ കറുമ്പിയും സുലൈമാനും കൊക്കുരുമ്മി പാട്ട് പാടി..കണ്ണും കണ്ണും ...തമ്മില്‍ തമ്മില്‍.........കഥകള്‍ കൈമാറും അനുരാഗമേ..കൊല്ലങ്ങള്‍ കഴിഞ്ഞും പാപ്പി ഇപ്പോഴും മുളക് പാപ്പി ആയും നുസ്രത്ത് വെറും നുസ്രത്ത് ആയും തുടരുന്നു.