Sunday, November 13, 2011

ആത്മഹത്യ ചെയ്തവന്റെ ചില ഡയറിക്കുറിപ്പുകള്


ഞാന്‍ അയ്യപ്പന്‍ .ഒരു കൃഷിക്കാരനാണ്‌.ഭാര്യയും എട്ടു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഭാര്യ യശോദ.മക്കള്‍ നാല് പെണ്ണും നാലാണും  പത്തുപേരടങ്ങുന്ന കുടുംബത്തിന്റെ  വയറു നിറക്കാന്‍ ഞാന്‍ എല്ലുമുറിയെ പണിയെടുക്കുകയാണ്.എങ്കിലും കുട്ടികളുടെ വയറു നിറയുമ്പോഴുള്ള ചിരി കാണുമ്പോള്‍ ഞാന്‍ എന്‍റെ ബുദ്ധിമുട്ടുകളൊക്കെ ഒക്കെ മറക്കുന്നു.കുട്ടികളെല്ലാവരും പഠിക്കുകയാണ്.മൂത്തവന്‍ ഡിഗ്രി ക്കു എത്തിയെങ്കിലും അവനെ പാടത്ത് ഇറങ്ങാന്‍ പോലും ഞാന്‍ സമ്മതിക്കാറില്ല. ഇനി ഇവരൊക്കെ പഠിച്ചു വലുതായിട്ട് വേണം ഒന്ന് വിശ്രമിക്കാന്‍.

ഇന്ന് മൂത്തമോന്റെ ഫീസ് കൊടുക്കണം.പൈസ ഒപ്പിക്കാന്‍ കുറെ നോക്കി.നടന്നില്ല.ഇനി നാളെ മേനോന്റെ അടുത്ത് ച്ചെന്നു   കടം ചോദിക്കണം.കടം ചോദിച്ചു ശീലം ഇല്ല.എന്നാലും മോന് വേണ്ടിയല്ലേ.അയാളുടെ പറമ്പ് കിളച്ചു കൊടുത്ത് വീട്ടാം.

അങ്ങനെ പൈസ ഒപ്പിച്ചു മോന്റെ ഫീസ്‌ അടച്ചു .അപ്പോളാണ് നാലാമത്തെ മോന്‍ ചിണുങ്ങി കൊണ്ട് വരുന്നത്.അവനു സ്കൂളില്‍ നിന്നും വിനോദയാത്രക്ക് പോകണം.ഇരുനൂറു രൂപ വേണം..പിന്നെ വഴിയില്‍ നിന്നും വല്ലതും വാങ്ങണമെങ്കില്‍ അമ്പതു രൂപ അവനു കൊടുക്കണം.അവനെ സങ്കടപ്പെടുത്താന്‍ വയ്യ.ഈ മാസം തൈലം  വങ്ങേണ്ട എന്ന് വയ്ക്കാം .പണി കഴിഞ്ഞു വരുമ്പോള്‍ തയ്ലം തേച്ചു കുളിച്ചാല്‍ മേല് വേദന മാറും.സാരമില്ല.അതിനേക്കാള്‍ വലുതല്ലേ മോന്റെ സന്തോഷം

രണ്ടു ദിവസമായി മോള്‍ക്ക്‌ സുഖമില്ല.അതുകാരണം മനസിന്‌ ഒരു സുഖമില്ല.രാത്രി മുഴുവന്‍ അവളുടെ അടുത്തു ഉറങ്ങാതെ ഇരുന്നു.ചുക്ക് കാപ്പി ഉണ്ടാകി കുടിപ്പിച്ചു.യശോധക്കും  നല്ല വിഷമം ഉണ്ട്.
ഇന്ന് സ്ഥിരമായി പലഹാരം വാങ്ങാറുള്ള രാമുവിന്റെ കട അടവാണ്.പലഹാരം ഇല്ലാതെ ചെന്നാല്‍ കുട്ടികള്‍ക്ക് സങ്കടാവുലോ എന്ന് കരുതി രണ്ടു കിലോമീറ്റെര്‍ നടന്നു ഒരു കടയില്‍ പോയി വാങ്ങി.നേരം വയ്കി .നല്ല മേല് വേദനയും ക്ഷീണവും എന്നാലും സാരമില്ല.കുട്ടികളുടെ സന്തോഷമല്ലേ വലുത്.

മോന് ഡിഗ്രി  കഴിഞ്ഞു ജോലി അന്വേഷിച്ചു മടുത്തു.ജോലി കിട്ടാത്തതില്‍ അവനു സങ്കടം.ഞാന്‍ ഗുരുവായൂരപ്പന് വഴിപാട് നേര്ന്നിട്ടുണ്ട് .എന്തായാലും ജോലി കിട്ടാതിരിക്കില്ല.
മോന് ജോലി കിട്ടി ഇപ്പോള്‍ നാലു വര്ഷം ആയി.അവനു ജോലി കിട്ടിയാല്‍ എനിക്ക് ഒരു സഹായം ആവുമല്ലോ എന്ന് കരുതി.പക്ഷെ കിട്ടുന്ന ശമ്പളം അവന്റെ ആവശ്യത്തിനു തന്നെ തികയുനില്ല എന്നാണ് പറയുന്നത്.സാരമില്ല.അവനെ സങ്കടപ്പെടുത്തണ്ട.എനിക്ക് ആരോഗ്യം ഉള്ളിടത്തോളം ഞാന്‍ അധ്വാനിച്ചോളാം . 

ഇന്ന്  മകളുടെ കല്യാണം കഴിഞ്ഞു.അതിന്റെ കടം വീട്ടാന്‍ ഇനി കുറെ കാലം എടുക്കും.എന്നാലും അവള്‍ക്കു ഒരു നല്ല ജീവിതം കിട്ടിയല്ലോ എന്ന് ആലോചിക്കുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുകയാണ്

മക്കളൊക്കെ വലുതായി .ഓരോരുത്തര്‍ ഓരോ സ്ഥലത്താണ്.ഇളയ മകളുടെ ഒഴികെ എല്ലാവരുടെയും കല്യാണവും കഴിഞ്ഞു.എനിക്ക് ഇപ്പൊ പണ്ടത്തെ പോലെ പണിയെടുക്കാന്‍ വയ്യ.കുഞ്ഞിമോളുടെയും കൂടെ കല്യാണം കഴിഞ്ഞാല്‍ ഒന്ന് വിശ്രമിക്കാമായിരുന്നു.കല്യാണത്തിനു സഹായിക്കാന്‍ മക്കളോടൊക്കെ പറഞ്ഞു.പക്ഷേ അവര്‍ക്കൊക്കെ ബുദ്ധിമുട്ടാനത്രേ.സാരമില്ല.എന്തെങ്കിലും ഒരു വഴി തെളിയും.

മക്കളുടെ ഒക്കെ കല്യാണം കഴിഞ്ഞു അവര്‍ക്കും മക്കളായി.അവരൊക്കെ അവരുടെ തിരക്കുകളില്‍ ആണ്.എന്നെയും യശോധയെയും കാണാന്‍ എപ്പോഴെങ്കിലും ഒന്ന് വന്നെങ്കില്‍ ആയി.അവര് സന്തോഷത്തോടെ ജീവിക്കട്ടെ.

കല്യാണം കഴിഞ്ഞു ചെറിയ മോളും പോയതില്‍ പിന്നെ യശോദക്ക് സുഖം ഇല്ലാതായി.അവളെ ശുശ്രൂഷിക്കാന്‍ ഞാന്‍ തന്നെ.പെണ്മക്കള്‍ക്കു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വരാന്‍ പറ്റില്ല.ആണ്മക്കളുടെ ഭാര്യമാരെ കുറ്റം പറഞ്ഞിട് കാര്യം ഇല്ലല്ലോ.

അങ്ങനെ അവള് പോയി.ഞാന്‍ ഒറ്റക്കായി.വീട് അവളുടെ പേരിലായതുകൊണ്ട്‌ ഭാഗം വക്കണം എന്ന് മക്കള്‍.വില്‍ക്കാനാണ് തീരുമാനം. മക്കള്‍ക്കൊക്കെ കാശിനു ആവശ്യം ഉണ്ടത്രേ.അവര് ബുദ്ധിമുട്ടാന്‍ പാടില്ല.ഒരു പാട് കഷ്ടപ്പെട്ട് ഞാനും യശോദയും കൂടി പണം സ്വരുക്കൂട്ടി ഉണ്ടാക്കിയ വീടാണ് .എന്നാലും മക്കളുടെ സന്തോഷത്തേക്കാള്‍ വലുതല്ലല്ലോ ഒന്നും.

ഇപ്പോള്‍ ഞാന്‍ വൃദ്ധ സദനത്തിലാണ്.വീട് വിറ്റാല്‍ ഓരോ മക്കളുടെ വീട്ടില്‍ നില്‍ക്കാം എന്ന് പറഞ്ഞതാണ്.പക്ഷേ അവര്‍ക്കൊക്കെ തിരക്കാണത്രേ .എന്നെ  നോക്കാന്‍ സമയം ഇല്ല അതുകൊണ്ട് വൃദ്ധസദനം ആണ് നല്ലതെന്ന് പറഞ്ഞു.എനിക്ക് സങ്കടം ഇല്ല.അവര് എന്നും സന്തോഷത്തോടെ ജീവിച്ചാല്‍ മതി.

ഇവടെ വന്നു ദിവസം കുറെ ആയി .മക്കളുടെ ഒരു വിവരവും ഇല്ല.എനിക്ക് എന്‍റെ മക്കളെ കാണാതെ ഉറക്കം വരുന്നില്ല.അവരുടെ കാര്യം അറിയാതെ സങ്കടം.മൂത്ത മോന്റെ വീട്ടിലേക്കു  ഒന്ന് പോയി നോക്കിയാലോ.

അങ്ങനെ ഞാന്‍ മോന്റെ വീട്ടിലെത്തി.ഞാന്‍ എത്തിയതറിഞ്ഞു എല്ലാ മക്കളും ഓടി വരുന്നത് കണ്ടപ്പോള്‍ എന്നെ കാണാന്‍ വേണ്ടിയാണെന്ന്  കരുതി ഞാന്‍ സന്തോഷിച്ചു.പക്ഷെ അവര്‍ക്കിപ്പോള്‍ ഞാന്‍ ഒരു ഭാരമാണ്.എനിക്ക് ഒരു നേരം ഭക്ഷണം തരാനും താമസിക്കാന്‍ ഒരു ചെറിയ ഇടം തരാനും ഉള്ളതിന്റെ ബുദ്ധിമുട്ട്  പറയുന്നത് കേട്ടപ്പോള്‍ അവരെ ഇങ്ങനെ കഷ്ടപെടുത്തണ്ട എന്ന് തോന്നുന്നു.

മക്കളെ കണ്ടു കൊതി തീര്‍ന്നില്ല.ജീവിച്ചു മതിയായും ഇല്ല.ആത്മഹത്ത്യ പാപമാണെന്നറിയാം. എങ്കിലും മക്കള്‍ക്ക്‌ ഒരു ബുദ്ധിമുട്ടുണ്ടാകുന്നത് എനിക്ക് സഹിക്കില്ല.അത്  കൊണ്ട് ഞാന്‍ ഈ എഴുപത്തി എട്ടാം വയസില്‍ ആത്മഹത്യ ചെയ്യുന്നു.

  .