Tuesday, March 6, 2012

മറവിയുടെ മൂടുപടം

"എടി നിന്റെ ഈ മറവി കൊണ്ട് മറ്റുളവര്‍ കഷ്ടത്തിലായല്ലോ.."ഉറക്കെ ഉള്ള ആക്രോശം കെട്ടു അവള്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. അവളുടെ ഭര്‍ത്താവ് ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അലറുന്നു. "ഇത്തവണ എന്താണ് മറന്നത്?".ഭക്ഷണം ഉണ്ടാക്കാന്‍ മറന്നോ?.മീറ്റിങ്ങിനു പോകാന്‍ അലക്കി വെളുപ്പിച്ചു തേച്ചു വക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ വെള്ള ഷര്‍ട്ട്‌ ചളി കൊണ്ടുള്ള ഭൂപടങ്ങളും കാണിച്ചു അതേ പടി അയലില്‍ കിടക്കുന്നു. 
"അമ്മേ ..അമ്മയോട് ഞാന്‍ പറഞ്ഞതല്ലേ ഇന്ന് നോറിയക്ക്‌  കൊടുക്കാനുള്ള ഗിഫ്റ്റ് പൊതിഞ്ഞു വക്കാന്‍?"..അടുത്തത് മകളുടെ വക. ഇന്ന് രാവിലെ കോളേജില്‍   പോകുമ്പോഴേക്കും പൊതിഞ്ഞു വക്കാന്‍ പറഞ്ഞ ഗിഫ്ടും വര്‍ണ്ണ കടലാസും അതേ പടി മേശമേലിരിക്കുന്നു. അവളോട്‌ എന്ത് മറുപടി പറയും എന്നറിയാതെ നില്‍ക്കുമ്പോഴേക്കും മകന്‍ "അമ്മെ...." എന്ന് വിളിച്ചു മുകളില്‍ നിന്നും പടികള്‍ ഇറങ്ങി വരുന്നു .അവന്റെ ഷൂസ് വലിച്ചെറിഞ്ഞു അത് പോളിഷ് ചെയ്യാന്‍ മറന്നതിന് ആവോളം ഉച്ചത്തില്‍ ചീത്ത വിളിച്ചു ചവിട്ടി കുതിച്ചു പടികള്‍ തിരിച്ചു കയറി. മറവി കാരണം അവരുടെ ജീവിതം താറുമറാവുന്നു  എന്ന പരാതി കൂടി വരികയും പ്രതിഷേധങ്ങളും ആക്രോശങ്ങളും പതിവാകുകയും ചെയ്തപ്പോള്‍ അവള്‍ തന്റെ ഓര്‍മകളെ തിരികെ കൊണ്ട് വരാന്‍ ഒരു ശ്രമം നടത്തി .
              എല്ലാവരും ഓരോ വഴിക്കു പോയി വീട് നിശബ്ദമായപ്പോള്‍ പുറത്തെ പടിയുടെ മുകളില്‍ വിദൂരതയിലേക്ക്  നോക്കി ഇരുന്നു ഓരോന്ന് ഓര്‍ത്തെടുക്കാന്‍ തുടങ്ങി.കല്യാണം കഴിഞ്ഞു നീയാണ്  ലോകത്തിലെ ഏറ്റവും സുന്ദരി എന്ന് പറഞ്ഞു ഭര്‍ത്താവ് തന്റെ മുഖം പിടിച്ചു ഉയര്‍ത്തിയത്‌.... . ....തന്റെ മകള്‍ ജനിച്ച ദിവസം.അമ്മെ  എന്ന് ആദ്യമായി വിളിച്ച  ദിവസം.പിന്നീട് മകന്റെ ജനനം.അമ്മയെ മാത്രം സ്നേഹിച്ചിരുന്ന മകന്റെ  കൊച്ചു മുഖം.മക്കളുടെ വളര്‍ച്ച.അവരുടെ ജീവിതത്തില്‍ തനിക്കെന്നാണ് പ്രാധാന്യം നഷ്ടപ്പെട്ടത്?.അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമുള്ള ഒരു വ്യക്തിയായി താനെന്നാണ് തരംതാണു പോയതെന്ന് അവള്‍ ഓര്‍ത്തെടുക്കാന്‍ നോക്കി.              
                ഓര്‍മ്മകള്‍ പിറകിലേക്ക് പോകുമ്പോള്‍ ഓര്‍മകളില്‍  അവന്‍!....!..!!! !! !  !, .ഒരിക്കല്‍ ആദ്യമായി പഴുത്തു വീണ മാമ്പഴം അവനു കൊടുക്കാനായി മേശ  വലിപ്പില്‍ ഒളിച്ചു വച്ചത് അവള്‍ക്കു ഓര്മ വന്നു.അതിപ്പോളും അവിടെ ഉണ്ടാകുമോ?.പിന്നീട് തനിക്കു അമ്മാവന്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ട് വന്നു തന്ന ഭംഗി ഉള്ള പേന അവനു കൊടുക്കാനായി ഒളിപ്പിച്ചു  വച്ചു.അത് മുന ഒടിഞ്ഞ പെന്‍സിലുകള്‍ ഇട്ടു വയ്ക്കുന്ന ഒരു പഴയ കൂട്ടിലായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.കൊടുക്കണം  എന്ന് ആഗ്രഹിച്ചിട്ടും കൊടുക്കാതിരുന്ന മധുര ചുംബനങ്ങള്‍ ഓര്മ വന്നപ്പോള്‍ അവളുടെ  മുഖം തുടുത്തു.പിന്നീട് തന്നെ തന്നെ അവനു കൊടുക്കാന്‍ മറന്നല്ലോ എന്നെ തിരിച്ചറിവില്‍ അവളുടെ ഹൃദയം നീറി. 
            തന്നെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന അനിയനും ജെഷ്ടന്മാരും ചേച്ചിയും, എപ്പോഴും  തന്നെ ഒരു കുഞ്ഞായി മാത്രം കണ്ടിരുന്ന അമ്മാവന്മാര്‍ , ഓര്മ വയ്ക്കുന്നതിനു മുന്‍പ് അമ്മ നഷ്ടപെട്ടെങ്കിലും ആ കുറവറിയിക്കാതെ  വളര്‍ത്തിയ അമ്മായി ഓരോരുത്തരായി കണ്മുന്നില്‍ മിന്നി മറഞ്ഞു.എല്ലാവരും അവരവരുടെ ഭാഗം അഭിനയിച്ചു തീര്‍ത്തു തിരശീലക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.എല്ലാമുള്ളതില്‍ നിന്നും ഒന്നുമില്ലാത്ത ഒരു ശൂന്യതയില്‍ എത്തിനില്‍ക്കുന്നു താനിപ്പോള്‍ .
            ഓര്‍മ്മകള്‍ ദുഃഖം ഉണ്ടാക്കുന്നു.തനിക്കു മറവി തന്നെ ആണ് നല്ലത്.പരിഭവങ്ങള്‍ ഇല്ലാതെ തന്റെ ശേഷിച്ച ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മറവി അത്യാവശ്യമാണ് എന്ന തിരിച്ചറിവില്‍ പിന്നീട് ഒന്നും ഓര്‍ക്കാന്‍ ശ്രമിക്കാതെ മറവിയുടെ മൂടുപടം ഇട്ടു അവള്‍ വീടിനുള്ളിലേക്ക് നടന്നു .