Tuesday, December 20, 2011

സെയില്‍ ബോര്‍ഡും ഹിന്ദി വാലയും എന്റെ പാചക പരീക്ഷണങ്ങളും ( ഒരു രഹസ്യം -വായിച്ചവര്‍ കീറി കളയുക)


         അന്ന് രാവിലെ പത്രം എടുത്തു നോക്കിയപ്പോഴാണ് കണ്ടത് ഒരു പ്രധാന ഷോപ്പിംഗ്‌ മാളിലെ മിക്കവാറും എല്ലാ കടകളിലും സെയില്‍ !!.അതും അന്നാണ് അവസാന ദിവസം.പാഴാക്കി കളയാന്‍ മറ്റൊരു ദിവസം ഇല്ല!.ഇന്ന്തന്നെ പോയേ പറ്റു.എന്റെ പതി ദേവനാകട്ടെ സെയില്‍ എന്ന ബോര്‍ഡിനോട് തന്നെ അലര്‍ജിയാണ്. "ആളെ പറ്റിക്കല്‍സ് ,ഭര്‍ത്താക്കന്മാരെ തെണ്ടിക്കല്‍"" ""എന്നാണ് സെയില്‍  എന്നതിന്റെ മലയാളം വിവര്‍ത്തനം എന്നാണു പുള്ളിയുടെ കണ്ടു പിടുത്തം .പ്രാതലിനു മൂപ്പര്‍ക്കിഷ്ടമുള്ള പുട്ടും കടലയും ഉണ്ടാക്കി കൊടുത്തു .ചായ ഉണ്ടാക്കാന്‍ പൊതുവേ മടിയുള്ള ഞാന്‍ പ്രാതല് കഴിഞ്ഞു ഒരു സ്പെഷ്യല്‍ ചായ കൂടി ഉണ്ടാക്കി ഒരു സ്പെഷ്യല്‍ ചിരിയും ചുണ്ടില്‍ ഫിറ്റ്‌ ചെയ്തു, പുതുമണവാട്ടിയെ പോലെ  നാണവും വിനയവും മുഖത്തു വരുത്തി, പത്രം വായിച്ചിരിക്കുന്ന പതി ദേവന്റെ അടുത്തേക്ക്‌ ചെന്നു.എന്റെ ഭാവ മാറ്റവും ചോദിക്കാതെ തന്നെ ചായ ഉണ്ടാകിയുള്ള ഈ വരവും കണ്ടപ്പോഴെ സംഭവം പന്തിയല്ല എന്ന് മൂപ്പര്‍ക്ക് മനസിലായി.
"ഉരുള്‍ പൊട്ടലാണോ സുനാമി ആണോ?" .ചായ കപ്പു വാങ്ങുമ്പോള്‍ ഭര്‍ത്താവ് ചോദിച്ചു.
"സെയില്‍ ...------ഷോപ്പിംഗ്‌ മാളില്‍ .ഒരു വിധം എല്ലാ കടകളിലും ".ഞാന്‍ സന്തോഷത്തോടെ പറഞ്ഞു.
"അപ്പൊ ഉരുള്‍ പൊട്ടലും സുനാമിയും കൂടി ഒരുമിച്ചെന്നു പറ " .പതി ചായ പകുതി കുടിച്ചു എന്റെ മുഖത്തു നോക്കി.
ചായ കൊണ്ട് കാര്യം നടപ്പില്ലെന്ന് മനസിലാക്കിയ ഞാന്‍ ശബ്ദം കനപ്പിച്ചു പറഞ്ഞു ."ഇന്ന് പോയേ..പറ്റു" .
'ഇപ്പോള്‍ എല്ലാ കടക്കാരും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉണങ്ങാന്‍ പുറത്തെടുത്തു വയ്ക്കുന്ന സാധനം ആണ് ഈ സെയില്‍  ബോര്‍ഡ്.ആളെ മെനക്കെടുത്താന്‍""" """"""""""""""""""""""""""'എന്റെ പിന്നാലെ അടുക്കളയിലേക്കു അനുഗമിച്ചു പതി പതിയേ പറഞ്ഞു .
"ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു പരോള് വേണ്ടേ.".ഞാന്‍ അവസാന നമ്പര്‍ പുറത്തെടുത്തു കണ്ണുകള്‍ നിറച്ചു ദയനീയതയോടെ പതീദേവനെ നോക്കി. ആ നോട്ടത്തില്‍ അന്നത്തെ പരോള്‍ ഒപ്പിച്ചു വയ്കുന്നേരം സന്തോഷത്തോടെ സെയില് ബോര്‍ഡു വച്ച കടകളിലൊക്കെ ഓടി നടക്കുന്നത് ഞാന്‍ സ്വപ്നം കണ്ടു.
       അങ്ങനെ സന്തോഷത്തോടെ നീങ്ങി ക്കൊണ്ടിരുന്ന ഒരു വാരന്ത്യദിവസത്തിലാണ് ഒരു ഫോണ്‍ കാള്‍ വരുന്നത്.വിളിച്ചത് പണ്ട് ബോംബെയില്‍ എന്റെ ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു ഹിന്ദിക്കാരന്‍.. .അയാളും ഭാര്യയും കൂടി വയ്കുന്നേരം വീട്ടിലേക്കു വരുന്നെന്ന്‍ .എന്റെ സെയില്‍ സ്വപ്നങ്ങള്‍ക്കൊക്കെയും സെയില്‍ ബോര്‍ഡ് വക്കേണ്ട ഗതികേടായി.അതിഥികള്‍ വരുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്.പണ്ട് 'അതിഥി ദേവോ ഭവ' എന്നൊക്കെ പഠിച്ചിട്ടുള്ളതാണ് .എന്ന് കരുതി ബുദ്ധിമുട്ടി ഓരോന്ന് ഒപ്പിച്ചെടുക്കുമ്പോള്‍ അത് പൊളിച്ചടക്കാനായി വരുന്നവര്‍ അതിഥികളായാലും  എനിക്ക് ഇഷ്ടല്ല.നിങ്ങള്‍ക്കോ?.
"എന്റെ നല്ല കൂട്ടുകാരനാ .ദുബായില്‍ വന്നിട്ട് കുറച്ചേ ആയിട്ടുള്ളൂ.പണ്ട് അവരുടെ വീട്ടില്‍ പോയി കുറേ ഭക്ഷണം കഴിച്ചിട്ടുള്ളതാ".എന്റെ നല്ല പകുതിക്ക് സന്തോഷം അടക്കാന്‍ വയ്യായിരുന്നു.
"ഞാന്‍ പറഞ്ഞോ പണ്ട് ഇവരുടെ വീട്ടില്‍ പോയി ഫുഡ്‌ തട്ടാന്‍?" ഞാന്‍ മുഖം ചുളിച്ചു പറഞ്ഞു.
ഞാന്‍ ഈ വ്യക്തികളെ കണ്ടു പരിചയം പോയിട്ട് കേട്ടിട്ടുപോലുമില്ല.കല്യാണം കഴിഞ്ഞു ഇത്ര കൊല്ലമായിട്ടും ഇങ്ങനെ ഒരു ഫ്രീ ഫുഡ്‌ അടിച്ച കാര്യം പതി എന്നോട് പറഞ്ഞിട്ടും ഇല്ല.അങ്ങനെ വയ്കുന്നേരം കടകള്‍ തോറും കയറി സന്തോഷിച്ചു നടക്കേണ്ട ഞാന്‍ അടുക്കളയില്‍ നിന്നു ഈ നോര്‍ത്തിന്ദികള്‍ക്ക്  വേണ്ടി  കറികളും ചപ്പാത്തിയും ഉണ്ടാക്കാന്‍ തുടങ്ങി.ഇടക്കുള്ള പിറുപിറുക്കല്‍ കേട്ട് പതി പറഞ്ഞു "സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കിയാലേ രുചി ഉണ്ടാകു".
           സ്വന്തം ഉണ്ടാക്കിയ ഭക്ഷണത്തെ കുറിച്ചു മറ്റുള്ളവര്‍ പുകഴ്ത്തുന്നത് ഏതു പെണ്ണിന ഇഷ്ടമല്ലാത്തത്.അതുകൊണ്ട് ഞാന്‍ എന്റെ പാചകഡയറി തിരഞ്ഞു അതില്‍ എഴുതി വച്ച ഹിന്ദി റെസിപ്പികള്‍ തിരഞ്ഞെടുത്തു.എല്ലാറ്റിനും നോര്‍ത്തിന്ദികളുടെ രുചി വരാന്‍ ഞാന്‍ എന്റെ അടുക്കളയില്‍ നിന്നും ചേര്‍ക്കാന്‍ പറ്റിയതൊക്കെ കറികളില്‍ ചേര്‍ത്തു.ഇടയ്ക്കു മണം നോക്കി ടെസ്റ്റു ചെയ്യാന്‍ പതീദേവനെ വിളിച്ചു.
          അങ്ങനെ എന്റെ സ്വപ്നങ്ങള്‍ക്ക് സെയില്‍ ബോര്‍ഡു വച്ച ഹിന്ദിക്കാരനും ഭാര്യയും ആഗമനസ്തരായി.(വന്നു എന്ന് പറഞ്ഞാല്‍ മതി പക്ഷെ എന്നെ ബുദ്ധി മുട്ടിച്ചതു കൊണ്ട് ഒരു കടുപ്പം വാക്ക് ഉപയോഗിച്ചതാണ്.)ഹിന്ദിക്കാരന്റെ ഭാര്യ എന്റെ രണ്ടിരട്ടി തടി ഉണ്ട് എന്നതും അവര്‍ കുട്ടികള്‍ക്കായി കൊണ്ട് വന്ന ബോംബെ പേടയുടെ രണ്ടു പാകറ്റും എനിക്ക് വളരേ സന്തോഷമുണ്ടാക്കി.കുറച്ചു നേരത്തെ വര്‍ത്തമാനത്തിനു ശേഷം അലങ്കരിച്ച എന്റെ പാചക പരീക്ഷണങ്ങള്‍ ഓരോന്നായി ഞാന്‍ മേശമേല്‍ നിരത്തി .സന്തോഷത്തോടെ എല്ലാവരും അടിച്ചു മാറാന്‍ തുടങ്ങി.ഉണ്ടാക്കാനെടുത്ത സമയത്തിന്റെ പതിനായിരത്തിലൊരു സമയം കൊണ്ട് ഉണ്ടാകിയതൊക്കെ ബ്ലും!.ഭക്ഷണം കഴിഞ്ഞു പതിയും ഹിന്ദിയും കൂടി ഗംഭീര ചിരിയും വര്‍ത്തമാനവും  തുടങ്ങി.ഞാന്‍ അടുക്കളയില്‍ കുന്നുകൂടി കിടക്കുന്ന പാത്രങ്ങളൊക്കെ എന്ത് പറഞ്ഞു പതിദേവനെ കൊണ്ട് ഒന്ന് കഴുകിക്കും എന്ന ഗാഡ ചിന്തയിലും.അതിനിടയിലാണ് നോര്‍ത്തിന്ദി തടിച്ചി "ഹായീ..ക്യാ ഹുവാജീ .."എന്ന് ഹിന്ദിയില്‍  വിളിച്ചു കൂവുന്നത് കേട്ടത്.
            ഞാന്‍ ചെന്നു നോക്കുമ്പോള്‍ ചാമ്പക്കാ പോലിരുന്ന ഹിന്ദിക്കാരന്റെ മുഖം മാതളനാരങ്ങ തോല് കളഞ്ഞ പോലെ ആയിരിക്കുന്നു.മുഖത്തൊക്കെ തണര്‍പ്പ് പൊന്തി വീര്‍ത്തിരിക്കുന്നു.ചുണ്ട് രണ്ടു ചെറിയ ബലൂണ്‍ വീര്‍പ്പിച്ചു കെട്ടിയ പോലെ!പട്ടിയുടെ ദേഹത്ത് ചെള്ള്‌ കയറിയ പോലെ അയാള് കൈയിലും കാലിലുമൊക്കെ മാന്താന്‍ തുടങ്ങി.
അത് നോക്കി നിന്ന എന്നോട് പതി ചോദിച്ചു ."പുറത്തുപോകാന്‍ പറ്റാത്ത ദേഷ്യത്തിന് നീ ഫുഡില് വല്ലതും ചേര്‍ത്തോ?സത്യം പറഞ്ഞോ."
"ഞാനൊന്നും ചേര്‍ത്തിട്ടില്ല" .ഞാന്‍ കറിയില്‍ ചേര്‍ത്തതെന്തോക്കെ എന്ന് ആലോചിച്ചു.(ചേര്‍ക്കാത്തതെന്ത് എന്ന് ആലോചിക്കുകയാണ് എളുപ്പം)
"എന്തെങ്കിലും ഭക്ഷണത്തിനു അലര്‍ജിയുണ്ടോ?" പതി ബേജാറായി അയാളോട് ചോദിച്ചു.
"കസൂരി മേത്തി അലെര്‍ജിയാണ്.എന്നുകരുതി ഇത്രയൊന്നും ഉണ്ടാകാറില്ല.നിങ്ങള്‍ മദ്രാസികളല്ലേ.മദ്രാസി ഫുഡ്‌ ആകുമെന്ന് കരുതി അത് പറഞ്ഞില്ല"ഹിന്ദിവാലയെ ചൊറിയുന്നതില്‍ സഹായിക്കുന്ന ഹിന്ദിവാലി പറഞ്ഞു.
           പാവങ്ങള്‍! ഇഡലിയും സാമ്പാറും ചമ്മന്തിയും അടിക്കാം എന്ന് സ്വപ്നം കണ്ടു  വന്നതാണ്. അപ്പോഴാണ് സംഭവത്തിന്റെ കാരണം എന്റെ മിഡില്‍ ഓഫ് ഒബ്ലാം കട്ടയില്‍ മിന്നിയത്.നോര്‍ത്ത് ഇന്ത്യന്‍ രുചി കിട്ടാന്‍ കസൂരിമേത്തിയുടെ പാകെറ്റില്‍  പകുതിയും എല്ലാ കറികളിലും എന്തിനു ചപ്പാത്തിയില്‍ കൂടി കുറച്ചു ഇട്ടിരുന്നു.ദൈവമേ !! ഇയാള് ബലൂണായി പാറി പോകാത്തത് ഭാഗ്യം. കസൂരിമേത്തി അലര്‍ജി ഉള്ള ഒരു ഹിന്ദിവാല ഈ ലോകത്തുണ്ടാകുമെന്നു ഞാന്‍ നിനച്ചതെ ഇല്ല ..ഈശ്വരോ രക്ഷതു!  





Wednesday, December 7, 2011

നീലിയുടെ മഴവില്‍ കൊട്ടാരം!



        ദൂരെ നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരകലുള്ള കുന്നിന്‍ മുകളിലെ പാറകള്‍ക്ക് നടുവില്‍ നീലിയുടെ കൊട്ടാരം .സുഗന്ധം പരത്തുന്ന ഇലഞ്ഞി മരത്തിനരികിലായി പ്രകാശം പരത്തി നില്‍ക്കുന്ന ആ കൊട്ടാരം സ്ഥിരം എന്റെ സ്വപ്നത്തില്‍ വരല് പതിവായിരുന്നു.തന്റെ കൊട്ടാരത്തെ പറ്റി നീലി വര്‍ണിക്കുന്നത് കേട്ട് നില്‍ക്കാന്‍   എനിക്ക് വലിയ ഇഷ്ടമായിരുന്നു.എന്നും അതിനെ കുറിച്ചു ചോദിക്കുമ്പോള്‍ എന്റെ ഭാവനകള്‍ക്ക് ചിറകു മുളപ്പിക്കുന്ന പോലെ നിറപ്പകിട്ടാര്‍ന്ന വിവരണം നല്‍കി നീലി എന്നെ സന്തോഷിപ്പിച്ചു.ഒരു പക്ഷേ എന്റെ സാഹിത്യ ഭാവനയെ  ഒരു തലത്തിനപ്പുറം വളര്ത്താന്‍ അവരുടെ വര്‍ണനകള്‍ക്ക് സാധിച്ചു എന്ന് വേണം പറയാന്‍.ഈ കൊട്ടാരം എന്റെ ഭാവനയിലൂടെ ചിറകു വിരിച്ചു ഒരു പുതിയ രൂപം പ്രാപിച്ചു.അത് ഒരു കഥയായി ജന്മമെടുക്കുകയും ചെയ്തു.കുന്നിന്‍ മുകളിലായി പല വര്‍ണങ്ങളുള്ള ഒരു കൊട്ടാരത്തിന്റെ ചിത്രം ഞാന്‍ കഥയുടെ തലക്കെട്ടിന്നടിയിലായി വരച്ചിരുന്നു.ഒരു പഴയ മലയാളം പുസ്തകത്തിന്റെ പിന്നിലെ ഏടില്‍ ആരും കാണാതെ ആ കൊട്ടരത്തെയും കഥയേയും  ഞാന്‍ ഒളിപ്പിച്ചു വച്ചു.
       
       കൊട്ടാരത്തിന്റെ ചിത്രത്തിന് നിറം കൊടുക്കുമ്പോഴാണ് അതിന്റെ നിറത്തെ പറ്റി നീലി ഒന്നും പറഞ്ഞില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്‌ .ഞാന്‍ വേഗം ഓടിപ്പോയി വീടിന്റെ പുറകു വശത്തായി മുറ്റം അടിച്ചു നിന്നിരുന്ന നീലിക്കരികിലെത്തി .

"നീലി..നീലിടെ കൊട്ടാരത്തിന്റെ നിറം എന്താ? 
"യേന്നും..തംബ്രാടിട്ടുട്യേയ് ഇപ്പൊ ചോയിക്കാന് ?" നീലി തല ഉയര്‍ത്തി ചൂല് കൈകൊണ്ട്  ശെരിയാക്കി ചോദിച്ചു.
"ഒന്നുല്യ ..വെര്‍തെ..എന്നാലും പറ..എന്താ നിറം?.എനിക്ക് ആകാംഷ അടക്കാനാവുമായിരുന്നില്ല.
"അയിനു ഓരോ നിറാന്നും. .രാവിലെ ചോപ്പ്..ഉച്ചക്ക് സൂര്യന്‍ ഉച്ചീലാവുമ്പോ മഞ്ഞ..പിന്നെ മോന്തീല് വെള്ള..രാത്തിരി ഒന്നും കാണില്ലാന്നും .എന്നാലും എന്റെ കൊട്ടാരം തിളങ്ങും".
        
        നീലി ഇത് പറയുമ്പോള്‍ ഞാന്‍ ആ വാക്കുകളിലൂടെ സഞ്ചരിക്കുകയായിരുന്നു.നിറം മാറുന്ന ഒരു അത്ബുധ കൊട്ടാരം.കൊട്ടാരത്തിനു മുന്നില്‍ ചിറകുകളുള്ള യൂനികോണ്‍ എന്ന കുതിരകള്‍ ഉണ്ടാകുമോ?ആമ്പല്‍കുളം ഉണ്ടാകുമോ?കാറ്റത്തു ഇളകിയാടുന്ന,മരത്തിന്റെ വള്ളികള്‍ കൊണ്ടുള്ള ഊഞ്ഞാല്‍ ഉണ്ടെന്നു നീലി പറഞ്ഞിരുന്നു .ഓരോ പ്രാവശ്യം ആടുമ്പോഴും  പൂക്കള്‍ വന്നു മൂടി താഴെ പരവതാനി സൃഷ്ടിക്കുമത്രേ ! എന്ത് രസമായിരിക്കും അത് കാണാന്‍ .എങ്ങനെ ഒന്ന് കാണും?.വീട്ടില്‍ പറഞ്ഞാല്‍ ഒരിക്കലും പോകാന്‍ സമ്മതിക്കില്ല.എല്ലാ രാത്രികളിലും നിറം മാറുന്ന ഈ അത്ബുധ കൊട്ടാരം എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.

"നീലി..എനിക്ക് നീലിടെ കൊട്ടാരം കാണണം".
"അയ്യോ..ഇങ്ങളെന്താണീ പറയണത് ? ഇങ്ങക്കൊന്നും അതിന്റെ  അടുത്തൂടെ വരാന്‍ പാടില്ല  .വല്ലോരും അറിഞ്ഞാല്‍ കുറച്ചിലല്ലേ തമ്ബ്രാട്ടിട്ട്യേ " 
         
         ചില ആളുകളോട് കൂട്ട് കൂടുന്നതും അവരുടെ വീട്ടില്‍ പോകുന്നതും എങ്ങനെ കുറച്ചിലാകുമെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലായിരുന്നില്ല. അതിനെ കുറിച്ചു ചോദിച്ചാല്‍ 'ചെറിയ വായില്‍ വലിയ വര്‍ത്തമാനം വേണ്ട' എന്ന് പറഞ്ഞു മുതിര്‍ന്നവര്‍ വായ അടക്കാറാണ് പതിവ്. അതെന്തൊക്കെ ആയാലും ഈ കൊട്ടാരം നേരിട്ട് കണ്ടില്ലെങ്കില്‍ എനിക്ക് ഇരുപ്പുറക്കില്ല എന്ന അവസ്ഥയായി. അവസാനം അതുവരെ പറഞ്ഞിട്ടില്ലാത്ത അത്രേം വലിയ ഒരു കള്ളം അമ്മയോട് പറയാന്‍ ഞാന്‍ തീരുമാനിച്ചു.
         
        അന്ന് ഞായറാഴ്ച ആയിരുന്നു.തലേ ദിവസം തന്നെ എന്റെ കൂടെ പഠിക്കുന്ന കീര്‍ത്തിയുടെ വീട്ടില്‍ പോകാനുള്ള സമ്മതം കരഞ്ഞും നിരാഹാരമിരുന്നും ഞാന്‍ നേടിയെടുത്തു.എന്നെ അവിടെ കൊണ്ടുപോകുന്നതിന്റെയും തിരിച്ചു കൊണ്ട് വരുന്നതിന്റെയും ചുമതല ഞാന്‍ തന്നെ അമ്മയോട് പറഞ്ഞു നീലിയെ ഏല്പിച്ചു.കുന്നിലേക്ക് കയറുന്ന വഴിയുടെ താഴെ പഞ്ചായത്ത് റോഡരികിലായാണ് കീര്‍ത്തിയുടെ വീട്.അവിടെ എത്തുന്നത് വരെ ഞാന്‍ നീലിയോടു ആ കുന്നിനെ പറ്റിയും കൊട്ടാരത്തെ പറ്റിയും ചോദിച്ചുകൊണ്ടിരുന്നു .കാറ്റിലാടുന്ന ഇലഞ്ഞി മരവും അതിന്റെ പൂക്കള്‍ വീണ പാറകളും ഇലഞ്ഞി പൂമണം വീശുന്ന കാറ്റും താഴോട്ടു നോക്കിയാല്‍ പല വര്‍ണങ്ങളിലുള്ള പൂക്കള്‍ പൂത്തു നില്‍ക്കുന്ന കുന്നിന്‍ താഴ്വാരവും എന്റെ മനസിലൂടെ കടന്നു പോയി.എനിക്കവിടെ എത്താന്‍ കൊതിയായി.കീര്‍ത്തിയുടെ വീടും കഴിഞ്ഞു ഞാന്‍ നടക്കാന്‍ തുടങ്ങി.

"യേന്നും ..ഇങ്ങളെങ്ങട്ട? ഇതാണ് ആ കുട്ടീടെ വീട്" നീലി എന്നെ ഓര്‍മിപ്പിച്ചു.
"എനിക്ക് ആ കുട്ടിടെ വീട്ടിലല്ല പോകേണ്ടത്.നീലിടെ കൊട്ടരത്തിലെക്കാ.ഒന്നും പറയണ്ട.എനിക്ക് കൊട്ടാരം കണ്ടേ പറ്റു" അതും പറഞ്ഞു ഞാന്‍ കുന്നിന്‍ മുകളിലേക്ക്  പോകുന്ന വഴിയിലൂടെ നടക്കാന്‍ തുടങ്ങി.ഒന്നും മിണ്ടാതെ നീലി എന്നെ അനുഗമിച്ചു.അത്യന്തം സന്തോഷത്തോടെയും ആകാംഷയോടെയും ആണ് കുന്നു കയറാന്‍ തുടങ്ങിയതെങ്കിലും കുറച്ചു കയറിയപ്പോള്‍ ഞാന്‍ ക്ഷീണിച്ചു.
"ഇനിയും കുറെ പോകണോ?
"ഇല്ലാന്നും..ഇപ്പൊ എത്തും".നീലിക്ക് ഒരു ക്ഷീണവും ഇല്ലായിരുന്നു.
അവസാനം കുന്നിന്‍ ചെരുവിലെ പരന്ന ഒരു സ്ഥലത്തെത്തി .ചുറ്റും പാറകളുള്ള ആ സ്ഥലത്തിനു നടുവിലായി ഒരു ചെറിയ കുടില്‍.ഞാന്‍ അമ്പരന്നു നീലിയെ നോക്കി.
"ഇതാന്നും കൊട്ടാരം.നുമ്മ കുടില് നുമ്മക്ക്‌ കൊട്ടാരം" നീലി സന്തോഷത്തോടെ പറഞ്ഞു.
        
           കുമ്പിട്ടു മാത്രം അകത്തു കടക്കാവുന്ന ഈ ചെറിയ വീട് ഇവര്‍ക്ക് ഇത്രയും സന്തോഷം കൊടുക്കുന്നുവന്നത് എനിക്ക് ആദ്യത്തെ അറിവായിരുന്നു.ചിന്തകള്‍ക്കപ്പുറത്ത് ചില ജീവിത യാഥാര്‍ത്യങ്ങള്‍ഉണ്ടെന്നു പഠിച്ചതും ആ യാത്രയിലാണ്.  
നീലി എന്നെ അകത്തേക്ക് ക്ഷണിക്കാന്‍ മടിച്ചു പുറത്തു നിന്നു.
ഞാന്‍ ചോദിച്ചു."നീലി എന്നെ നീലിടെ കൊട്ടാരം കാണിക്കുന്നില്ലേ?'
"ങ്ങക്ക് കയറാന്‍ പാട്വോ ?"
"എന്താ പാടായ?.ഇനിയിപ്പോ എന്തായാലും കൊട്ടരത്തിനകം കണ്ടിട്ടേ ഉള്ളു കാര്യം." ഞാന്‍ അകത്തേക്ക് കയറാനൊരുങ്ങി.
        നാലുപാടും നോക്കി നീലി എന്നെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു.ചെറിയ ഉമ്മറത്തുനിന്നുംഒരു ഇടനാഴിയിലേക്ക്. ഇടനാഴിയുടെ ഒരറ്റത്ത് അടുക്കള.മറ്റേ അറ്റത്തു ഒരു ചെറിയ മുറി .ഇത്രയുമാണ് ആ കൊട്ടാരത്തില്‍ ഉള്ളത്.
"കുന്നു കയറിയതല്ലേ.പക്കെങ്കി ഇങ്ങള് ഇബടത്തെ വെള്ളം  കുടിക്ക്യോ?" നീലി സംശയിച്ചു ചോദിച്ചു.
"എന്താ കുടിച്ചാല്‍!" ദാഹിച്ചു  വലഞ്ഞിരുന്ന ഞാന്‍ പറഞ്ഞു.
നീലി വേഗം പഞ്ചസാര പാത്രം കൊട്ടി അതിനടിയില്‍ ഉണ്ടായിരുന്നതും കൂടി തോണ്ടി എടുത്തു ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കലക്കി തന്നു.ഞാനത് കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്നോട് ചോദിച്ചു. "ഇങ്ങള് കമ്യുണിസ്ട?"
"അതെനിക്കറിയില .ഞാന്‍ മനുഷ്യനാണ്" ഞാന്‍ പറഞ്ഞു.
ഇങ്ങള് വല്യേ ആളാവുട്ടാ..വല്യേ മനസുള്ളോരു വല്യേ ആളാവും." നീലി എന്നെ നോക്കി മുറുക്കാന്‍ കറ പുരണ്ട പല്ല് കാട്ടി ചിരിച്ചു. 
"ഞാന്‍ കുട്ടി അല്ലെ നീലി" .ഞാന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
        
           കുന്നിറങ്ങാന്‍ തുടങ്ങിയപ്പോള്‍ നീലിയോടു മുന്നില്‍ നടന്നോളാന്‍ ഞാന്‍ പറഞ്ഞു.മടിച്ചു മടിച്ചാണെങ്കിലും ഇടയ്ക്കിടയ്ക്ക് പിന്തിരിഞ്ഞു നോക്കി അവര്‍ മുന്നില്‍ നടക്കാന്‍ തുടങ്ങി.ഇലഞ്ഞി പൂമണമുള്ള കാറ്റ് എന്നെ വന്നു തഴുകി.ഞാന്‍ കുന്നിന്‍ ചെരുവിലേക്ക്‌ നോക്കി.നിറയേ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു.കുന്നു കയറുമ്പോള്‍ എന്തേ ഈ ചെറിയ പൂവുകള്‍ എന്റെ കണ്ണില്‍ പെടാതെ മറഞ്ഞിരുന്നത്!.ഞാന്‍ തിരിഞ്ഞു നോക്കി.അവിടെ അതാ പല വര്‍ണങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു നീലിയുടെ 'മഴവില്‍ കൊട്ടാരം'!!

(ഇത് കഴിഞ്ഞു കൊല്ലം വളരെഏറെ കഴിഞ്ഞിരിക്കുന്നു.ഞാന്‍ വലിയ ആളായോ?എനിക്ക് അറിയില്ല.പക്ഷേ നീലിയെ പോലുള്ള പലരും തന്ന  ചെറിയ അറിവുകളിലൂടെ ഒരു ചെറിയവളാകാനെങ്കിലും എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താമെന്നും നമ്മള്‍ സൃഷ്ടിക്കുന്നതാണ്  നമ്മുടെ സന്തോഷം നിറഞ്ഞ ലോകമെന്നും ഉള്ള വലിയ തത്വം എന്നെ പഠിപ്പിച്ച നീലിയെ ഞാന്‍ എങ്ങനെ മറക്കാന്‍.ഇത് അവര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു)




Wednesday, November 23, 2011

ഒരു സാധാരണ മലയാളി -ചിന്തകളും ശീലങ്ങളും


         കണാരന്  രാവിലെ ആയാല്‍ റോഡിന്റെ  വക്കത്തെ ഏറ്റവും  പുതിയ  പോസ്ടരിലേക്ക്  തലേന്ന്നു   കുടിച്ച വെള്ളം കളയുന്ന  സ്വഭാവം ഉണ്ട് .അതിനു വലിയ നിയമതടസങ്ങള്‍ ഒന്നും നിലവിലില്ലാത്തതിനാല്‍ എന്നും വര്‍ഷങ്ങളായി തുടര്ന്നു പോന്നു.പക്ഷേ ഇപ്പോള്‍ പുതിയ ഒരു നിയമം വന്ന കാരണം രാത്രി കിടക്കുമ്പോള്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്  കക്ഷി.പൊതുസ്ഥലങ്ങളില്‍  മൂത്രമൊഴി ക്കുന്നവര്‍ക്ക് അയ്യായിരം രൂപ പിഴ .ഗവര്‍മെന്റിന്റെ ഒരു അതിക്രമം.വല്ല നൂറു രൂപയോ  മറ്റോ  ആണെങ്കില്‍ അന്നന്നത്തെ  കൂലികൊണ്ടു കാര്യസാധ്യം നടത്തായിരുന്നു.കാറ്റ് കൊണ്ടാല്‍  മാത്രം സാധ്യമാവുന്ന കാര്യമായി വര്‍ഷങ്ങളുടെ പ്രയത്നം ഇത് മാറിയിരുന്നു.എന്നുവച്ചു എന്നും രാവിലെ കാര്യ സാധ്യത്തിനു അയ്യായിരം രൂപ എവിടുന്നു ഒപ്പിക്കും.പൊതു കക്കൂസുകളില്‍ അമ്പതു പൈസ കൊടുത്തു കാര്യ സാധ്യം  നടത്തി ഇറങ്ങി പോകുന്നവരെ നോക്കി കണാരന്‍  കൊഞ്ഞനം കുത്തി.ഈ നിയമം വന്ന ശേഷം എത്രയോ പുതിയ പോസ്ടരുകള്‍ വെള്ളം കിട്ടാതെ തന്നെ നോക്കി ഇളിച്ചു നില്‍ക്കുന്നു.രണ്ടു ദിവസം പിടിച്ചു നിന്നു.മൂന്നമത്തെ ദിവസവും പിടിച്ചു നിന്നാല്‍ പിന്നെ പിടിച്ചു നില്‍കേണ്ട കാര്യം ഉണ്ടാകില്ല.ഡാം തകര്‍ന്നു പിന്നെ കാര്യസാധ്യം നടത്തേണ്ട ആവശ്യം വരില്ല.അതിനാല്‍ ഇതുവരെ തന്നെ നോക്കി ചിരിച്ച എല്ലാ പോസ്ടരിനെയും അന്ന് നനപ്പിച്ചു.അയ്യായിരമെങ്കില്‍ അയ്യായിരം.തന്റെ കയ്യില്‍ അഞ്ചു പൈസ ഇല്ലാത്തതിനാല്‍ ഗവര്‍ണമെന്റ്  എല്ലാം എഴുതി തള്ളട്ടെ.എന്നാലും ശീലങ്ങള്‍ മാറ്റാന്‍ വയ്യേ..
          'ഇവിടെ മൂത്രം ഒഴിക്കരുത് ' എന്ന് എഴുതിയാല്‍ അവിടെ തന്നെ അത് സാധിച്ച്ചും,'ഇവടെ വാഹനം പാര്‍ക്ക് ചെയ്യരുത് ' എന്നെഴുതിയാല്‍ അവടെ തന്നെ വാഹനം പാര്‍ക്ക് ചെയ്തും 'ഇവടെ തുപ്പരുത് ' എന്നെഴുതിയാല്‍ വായില്‍ ഒരിറ്റു ഉമിനീര് പോലും ഇല്ലാത്തവനും അവിടെ തന്നെ തുപ്പിയും സ്വാതന്ത്ര്യം ആഘോഷിക്കുന്ന മലയാളി എങ്ങനെ ഇതൊക്കെ സഹിക്കും.നല്ല ഒരു മതിലും അതില്‍ പരസ്യം ഒട്ടികരുത് എന്ന വാചകവും കണ്ടാല്‍ ലോകത്തെ പരസ്യം മുഴുവന്‍ ഒരു ദിവസം കൊണ്ട് ആ മതിലില്‍ വരും.അത്രേം ശുഷ്കാന്തിയാണ് കേരള ജനതയ്ക്ക്.മറ്റു രാജ്യങ്ങളിലെ നിയമങ്ങള്‍ കാരണം ഒരു മിട്ടായി കടലാസ് പോലും പുറത്തേക്ക് വലിച്ചെറിയാനാവാതെ  എല്ലാം അടക്കി പിടിക്കുന്ന മലയാളികള്‍ നാട്ടിലെത്തിയാല്‍ അതിനു പകരമായി അവിടെ  നിന്നും കൊണ്ട് വരുന്ന  വലിയ കറുത്ത കച്ചറ ബാഗില്‍ മുഴുവന്‍ കച്ചറ കുത്തി നിറച്ചു നടുറോഡില്‍ തന്നെ നിക്ഷേപിച്ചു സംതൃപ്തി അടയുന്നു.തന്റെ വീട്ടിലെ അവശേഷിപ്പ് അയല്‍വാസിയുടെ തൊടിക്ക് അലങ്കാരം എന്ന നയമാണ് ഓരോ മലയാളികളുടെയും വേറെ ഒരു സവിശേഷത.അതുകൊണ്ട് തന്നെ തന്റെ പറമ്പില്‍ ഇട്ടാല്‍ കത്തിക്കാനോ ചെടിക്ക് വളമാക്കാണോ പറ്റാത്ത പ്ലാസ്റ്റിക്‌ പോലുള്ള വസ്തുക്കള്‍ അടുത്ത പറമ്പിലേക്ക് മാന്യമായി വലിച്ചെറിയുന്നു.അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ആനന്ദം അവരോടു തന്നെ ചോദിച്ചറിയണം.
        ഇനി ഈ വക ശീലത്തില്‍ നിന്നും രക്ഷപ്പെടണം എന്ന് നിങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുനെന്ന്കില്‍ മാത്രം അടുത്തത് വായിക്കുക
1. അടുത്ത പറമ്പിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങുന്നതിനു മുന്പ്-- അയല്‍ക്കാരന് ബുദ്ധിമുട്ട് വന്നു ചുള് വിലക്ക് ആ പറമ്പ് നിങ്ങള്‍ സ്വന്തമാക്കുന്നത് ഒന്ന് സങ്കല്‍പ്പിക്കുക.എറിയാന്‍ പൊതിഞ്ഞെടുത്തതുമായി സന്തോഷത്തോടെ നിങ്ങള്‍ വീട്ടിലേക്കു തിരിച്ചെത്തും.
2. പോസ്റര്‍ നനക്കുന്നതിനു മുന്പ്-- ആ പോസ്റ്റര്‍ നിങ്ങളുടെ കുടുംബ ഫോട്ടോ ആണെന്ന് സങ്കല്‍പ്പിക്കുക.കാര്യസാദ്ധ്യം നടത്താന്‍ സ്വന്തം  വീട്ടിലെ മനോഹരമായ വെറുതെ കിടക്കുന്ന ശൌചാലയത്തിലേക്ക് നിങ്ങള്‍ ഓടും.
3. റോഡിന്റെ സൈഡില്‍ വൈസ്റ്റു  ഇടുന്നതിനു മുന്‍പ്- മഴ  വെള്ളം ഒലിച്ച് എല്ലാവരുടേയും ഈ വക മൊത്ത നിക്ഷേപങ്ങള്‍ നിങ്ങളുടെ മനോഹരമായ വീട്ടുമുറ്റത്ത് വന്നു അടിയുന്നത് ഒന്ന് സങ്കല്‍പ്പിക്കു.ഇപ്പോള്‍ അതിനു തുനിയുന്ന മറ്റുള്ളവരെ കൂടെ നിങ്ങള്‍ തടഞ്ഞിരിക്കും.കാരണം മറ്റുള്ളവരുടെ വീട്ടില്‍ ഇടിതീ വീണാലും സ്വന്തം ദേഹത്ത് ഒരു ചളി തെറിക്കുന്നതു പോലും ഒരു മലയാളിയും സഹിക്കില്ല.
4. ഇനി മറ്റുളവരുടെ  മതിലില്‍ പോസ്റര്‍ ഒട്ടിക്കുന്നവര്‍ക്കും ചുമരെഴുത്തുകാര്‍ക്കും - അതിനൊക്കെ നല്ല നാല് തല്ലു കിട്ടിയാലേ പഠിക്കു.ശീലമൊക്കെ താനേ മാറിക്കോളും.
           ഇതെല്ലാം വായിച്ചു എന്നെ തല്ലാന്‍ വരുന്ന മലയാളികളെ ..ഇതില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ എന്നെ തല്ലികോളൂ. ഞാന്‍ കൊള്ളാന്‍ തയ്യാറാണ്...ഈശ്വരോ രക്ഷതു.