Thursday, January 31, 2013

ഒരു അധ്യാപക പരീശീലന ഗാഥ



ഞാന്‍ അധ്യാപക പരിശീലനത്തിന് ചേര്‍ന്ന് കുറേ മാസങ്ങള്‍ കഴിഞ്ഞു.കൊട്ടിക്കലാശത്തിനു  ഇനി കുറച്ചു മാസങ്ങള്‍ കൂടിയേ  ഉള്ളു. അവസാനത്തെ നാടകമായ അധ്യാപക പരിശീലനത്തിന്  പോകാന്‍ എല്ലാവര്ക്കും ഓരോ സ്കൂള്‍ വീതം നറുക്ക് വീഴുന്ന ദിവസം വന്നെത്തി .ഒരുമാസം ആണ് പരിശീലനം. അവര് പറയുന്ന സ്കൂളില്‍ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു നമുക്ക് ഒരാഴ്ചക്കുള്ളില്‍ അവടെ ടീച്ചറായി പോകണം. അന്നുമുതല്‍ ഒരു മാസക്കാലം നമ്മള്‍ അവിടുത്തെ അധ്യാപകര്‍  ആകും. ജീവിതത്തിലെ ആദ്യത്തെ അനുഭവം. ബെഞ്ചിലിരുന്നു കുറെ കൊല്ലങ്ങള്‍  ആട്ടം മാത്രം കണ്ടിട്ടുള്ള ഞങ്ങള്‍ക്ക് സ്റ്റേജില്‍ കയറി ആടാനുള്ള ഒരു അവസരം.

       എന്റെയും ഭര്‍ത്താവിന്റെയും വീട്ടില്‍ നിന്നും പോകാന്‍ ഒരു വിധം സൗകര്യം ഉള്ള ഒരു സ്കൂള്‍ ആ  ലിസ്റ്റില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തു.കൂടെ  ആണും പെണ്ണുമായി  എട്ടു മറ്റു സുഹൃത്തുക്കളും. പിറ്റേന്ന് സാരിയും ചുറ്റി അധ്യാപികയുടെ  ഗൌരവം ഒക്കെ മുഖത്തു  ഫിറ്റ്‌ ചെയ്തു സ്കൂളിലേക്ക് യാത്രയായി.എങ്കിലും ഒന്‍പതുപേരു ഒത്തു ചേര്‍ന്നതോടെ  ഞങ്ങള്‍ വെറും കോളജു കുട്ടികള്‍ ആയി മാറി. സ്കൂള്‍ ഒരു ഓണംകേറാമൂലയിലാണ് .ബസ്‌ ഇറങ്ങി രണ്ടു രണ്ടര കിലോമീറ്റര്‍ നടക്കണം. ഒരുപാടു ചാര്‍ട്ടും പഠന മാതൃകകളും ചുമന്നു കൊണ്ട് പോകാനുള്ളത് കാരണം നടത്തം അസാധ്യം. എന്നും ഓട്ടോ പിടിച്ചു പോകണമെങ്കില്‍ ഒരു തുക ചിലവാകും. അതിനു ചിലര്‍ തയ്യാറല്ല. അങ്ങനെ ഞങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം അവിടെ പ്രാക്ടീസിനായി നറുക്ക്  കിട്ടിയ ഒന്‍പതു  പേര്  രണ്ടു ഓട്ടോയിലായി  പോകാനും അങ്ങനെ മാസം വരുന്ന ഓട്ടോ  ചാര്‍ജ് ഷെയര്‍ ചെയ്യാനും തീരുമാനിച്ചു. ആദ്യ ദിവസം തന്നെ  രണ്ടു ഓട്ടോയിലായി  ഇടിച്ചു കയറി വന്ന ഒന്‍പതു പുതിയ അധ്യാപകരെ കണ്ടു കുട്ടികളും മറ്റു അധ്യാപകരും അന്തം വിട്ടു. എന്തൊക്കെയോ സാധനങ്ങള്‍ കയറ്റി വന്ന ഓട്ടോ ആണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. കാരണം ഞങ്ങള്‍ ചുമന്നു കൊണ്ട് വന്ന പഠനസഹായ സാമിഗ്രികള്‍ അത്രയ്ക്കധികം  ആയിരുന്നു. ഇനി നാളെ മുതല്‍ കൊട്ടവണ്ടി വിളിച്ചുകൊള്ളാന്‍  പറഞ്ഞു ഓട്ടോക്കാരന്‍ പൈസയും വാങ്ങി സ്ഥലം വിട്ടു. കുറേ കുട്ടികള്‍ ഒരു ജാഥയായി ഞങ്ങളെ ഹെട്മാസ്റെരുടെ മുറിയിലേക്ക് അനുഗമിച്ചു. ഏകദേശം ഒരു കൊല്ലത്തെ  താമസത്തിനായി പഞ്ചാബിലേക്ക് ട്രെയിന്‍ കയറുന്ന മലയാളി കുടുംബത്തിന്റെ ലെഗേജിനെക്കാള്‍ കൂടുതലായിരുന്നു ഞങ്ങളുടെ അടുത്തുള്ള സാധനസാമിഗ്രികള്‍. ഞങ്ങള്‍ ഒന്പതുപെരെയും ചാര്‍ട്ടും മറ്റും നിറച്ച കവറുകളും  കൊണ്ട് ഹെട്മാസ്റെരുടെ ചെറിയ റൂം നിറഞ്ഞു. എല്ലാവരെയും  കൂടി എവിടെ ഒന്ന് ഇരുത്തും എന്ന ചിന്തയിലായി സാറ്. അവസാനം വിറകും പഴയ ഒടിഞ്ഞ കസേരയും മേശയും മറ്റും ഇറ്റു വച്ചിരുന്ന ഒരു മുറി ഞങ്ങള്‍ക്ക്  വൃത്തിയാക്കി   തരാമെന്നേറ്റു.
    
       അങ്ങനെ ആ വിറകുമുറിയില്‍ ഞങ്ങളുടെ അധ്യാപക  ജീവിതം തുടങ്ങി. അധ്യാപക ജീവിതത്തിന്റെ പരമ പ്രധാനമായ ആയുധം പാര ആണെന്ന് ഞാന്‍ ആ ഗുരുകുലത്ത് നിന്നും ആണ് പഠിച്ചത്. പാര വക്കാന്‍ തീരെ കഴിവില്ലാത്ത ഞാന്‍ എങ്ങനെ പാരകളില്‍ നിന്നും രക്ഷപെടാം എന്ന വിഷയം പഠിക്കാന്‍ തീരുമാനിച്ചു. ഒരമ്മ പെറ്റ മക്കളെക്കാള്‍ ഒരുമയുള്ള ഞങ്ങള്‍ ഒന്‍പതു സുഹൃത്തുക്കളെ കണ്ടു അവിടുത്തെ പാര ഗുരുക്കള്‍ ദീര്‍ഘനിശ്വാസം വിട്ടു. ഭാര്യയും ഭര്‍ത്താവും ആണെങ്കിലും ഒരു സ്ഥാപനത്തില്‍ ഒരുമിച്ചു ജോലി ചെയ്‌താല്‍ പരസ്പരം പാര വച്ചു പോകും എന്ന വലിയ തത്വം ഞാന്‍ അവിടെ നിന്നും ആണ് മനസിലാക്കിയത്.  ഇവര്‍ക്കെല്ലാം ഒരു അപവാദം ആയിരുന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍. കണക്കന്മാരായി ഞാനും  എന്റെ  സുഹൃത്ത്‌ സൈനുദീനും മാത്രം. ബാക്കി എല്ലാവരും സയന്‍സും സോഷ്യലും ഇന്ഗ്ലീഷും. 
അങ്ങനെ എന്റെ ആദ്യത്തെ ക്ലാസിനു സമയം ആയി. കാണികളായി  ഒന്നും രണ്ടുമല്ല എണ്‍പത് കുട്ടികള്‍. .അതും ആ സ്കൂളില്‍ എട്ടു  ഒന്‍പതു കൊല്ലം എക്സ്പീരിയന്‍സ് ഉള്ളവര്‍. എനിക്ക് എട്ടു ബി, എന്‍ ,ഒന്‍പതു എം, എന്നീ  ക്ലാസ്സുകളില്‍ കണക്കു എടുക്കണം. ചാര്‍ട്ടും മോഡലും ഒക്കെ പിടിച്ചു അഭിനയിച്ചു ക്ലാസ്സ്‌ എടുക്കുന്നത് കുട്ടികള്‍ക്കും ഒരു പുതുമ. അവര്‍ ഒരു ചോക്ക് കഷണവും പിടിച്ചു വന്നു ബോര്‍ഡില്‍ കണക്കു  എഴുതി അത് പുസ്തകത്തില്‍ പകര്‍ത്താന്‍ പറയുന്ന സാറന്മാരെ മാത്രേ കണ്ടിട്ടുള്ളു. അപ്പോളാണ് ഒരു മാജിക്‌ നടത്താന്‍ വരുന്ന പോലെ കൊട്ടയും  കുട്ടകയും ചാര്‍ട്ടും ഒക്കെ ആയി ഞങ്ങള്‍ അവടെ അവതരിക്കുന്നത്. 
ഞാന്‍ ഒന്‍പതു എമ്മിലെ ക്ലാസ്സ്‌ ടീച്ചര്‍ ആയ ജോണ്‍സന്‍ സാറിന്റെ കീഴിലാണ് ഒരു മാസം അവടെ പണി എടുക്കേണ്ടത്. കുറച്ചു ദിവസത്തിനുള്ളില്‍  തന്നെ  എന്റെ ശത്രുക്കളുടെ  വളരെ ചെറിയ ലിസ്റ്റില്‍  ഒരാളായി മാറാന്‍ സാറിനു കഴിഞ്ഞു. അത്രയും മോശകൊടനായ ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ പിന്നീടു പരിചയപെട്ടിട്ടില്ല. എന്തായാലും ഒരു മാസം കഴിഞ്ഞു അവിടെ നിന്നും പോരുമ്പോഴെക്കും  പരസ്പരം വെട്ടിക്കൊല്ലാന്‍ മാത്രം ഉള്ള ഒരു ബന്ധം ഞങ്ങള്‍ തമ്മില്‍ ഉടലെടുത്തിരുന്നു. സാറിന്റെ പല തത്വങ്ങളും എനിക്ക്  അന്ഗീകരിക്കാനാവു മായിരുന്നില്ല. ഉള്ള കാര്യം തുറന്നു പറയുന്നഎന്റെ  സ്വഭാവം എനിക്ക് പലപ്പോളും പാര ആയി . (പേര് മാറ്റി  ആണ് ഇവടെ ചേര്‍ത്തിരിക്കുന്നത്. പെട്ടന്നു  മരിക്കാനോ കൊലപാതകി ആകണോ എനിക്ക് തീരെ താല്പര്യം ഇല്ലാത്തതുകൊണ്ടാണ്. ക്ഷമിക്കണേ ) 

   എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു ഒന്‍പത് എം. ആ ക്ലാസ്സിന്റെ ഒറ്റ ദോഷം ജോണ്സന്‍ സാര്‍ ആണ് അവരുടെ ക്ലാസ്സ്‌ അധ്യാപകന്‍ എന്നത് മാത്രം ആയിരുന്നു. വളരെ സാധരണ കുടുംബത്തില്‍ നിന്നും വരുന്ന കുട്ടികള്‍ ആയിരുന്നു അവിടെ പഠിച്ചിരുന്നത്. കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ ആ കുട്ടികളുടെ മനസ്സില്‍ ഒരു ഇടം നേടാന്‍ എനിക്കായി. അതില്‍ ഒരു കുട്ടി പറഞ്ഞത് എനിക്ക് ഇപ്പോളും ഓര്മ ഉണ്ട്. “
ടീച്ചര് കുറച്ചു ദിവസം കഴിഞ്ഞാല്‍ പോകില്ലേ. പിന്നെ വീണ്ടും ചൂരലും പിടിച്ചു വന്നു എന്താണ് പഠിക്കേണ്ടത് എന്ന് പറയാതെ പഠിക്ക് പഠിക്ക്  എന്ന് പറഞ്ഞു തല്ലുന്ന മാഷന്‍മാരെ വീണ്ടും കാണണ്ടേ. ഞങ്ങളെ പഠിപ്പിച്ചിട്ടു കാര്യം ഇല്ല ടീച്ചറെ .ഞങ്ങള്‍ക്ക് ഇതിനു മുന്‍പത്തെ ഒന്നും നേരം പോലെ അറിയില്ല.” അവന്‍ അതും പറഞ്ഞു തലയും താഴ്ത്തി തന്റെ ബെഞ്ചിലേക്ക് നടന്നു.  ആ യാഥാര്‍ത്ഥ്യം പറയാന്‍ ധൈര്യം കാണിച്ച അവനെ ഞാന്‍ അന്ന് മുതലാണ്‌ ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ അഞ്ചു വിനോദ് മാരുള്ള ക്ലാസ്സിലെ ഒരു വിനോദ് മാത്രം ആയിരുന്നു അവന്‍.

അവിടുത്തെ അവസ്ഥ അതായിരുന്നു. എളുപ്പത്തില്‍ അധികം പണി എടുക്കാതെ ശമ്പളം വാങ്ങാന്‍ പറ്റുന്ന ഒരു ജോലി ആയിരുന്നു അന്ന് അധ്യാപനം. അന്ന് ഞാന്‍ കുട്ടികളോട്  പറഞ്ഞു ‘ഞാന്‍ നിങ്ങള്ക്ക് ക്ലാസ് എടുക്കുന്ന ദിവസങ്ങളില്‍ പഠിച്ചത് നിങ്ങള്‍ ഒരിക്കലും മറക്കില്ല. അത് ജീവിതത്തില്‍ എപ്പോളെങ്കിലും ഉപയോഗപ്പെടുമ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍ക്കണം.’
 പിറ്റേന്ന് രാവിലെ ജോണ്സന്‍ മാഷ്‌ എന്നോട് അല്പം കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു .
”വിനോദിനെ  ഞാന്‍ പുറത്തു നിര്‍ത്തിയിട്ടുണ്ട് .അവന്‍ അവിടെ തന്നെ നില്‍ക്കട്ടെ.”
അയാളുടെ മുഖഭാവവും ദേഷ്യവും കണ്ടു എന്തിനാണ് അവനെ പുറത്തു നിര്‍ത്തിയിരിക്കുന്നത് എന്ന് ചോദിക്കാനുള്ള ധൈര്യം  എനിക്ക് ഉണ്ടായില്ല. പിറ്റേന്നും പുറത്തു നില്‍ക്കുന്ന അവനോടു ഞാന്‍ സ്നേഹത്തോടെ  പുറത്തു ആക്കിയതിന്റെ കാരണം ചോദിച്ചു. അപ്പോള്‍  അമര്‍ഷത്തോടെ “പുറത്താക്കിയവരോട് ചോദിക്ക് “ എന്നായിരുന്നു അവന്റെ മറുപടി. അത് എനിക്ക് ദേഷ്യം ഉണ്ടാക്കിയതിനാല്‍ ആ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ഇടപെടുന്നില്ല എന്ന് തീര്‍ച്ചയാക്കി ക്ലാസ്സ്‌ എടുക്കാനായി തുടങ്ങി. അന്ന് വെള്ളിയാഴ്ച ആയിരുന്നു.രണ്ടു ദിവസം ഒഴിവു ആണല്ലോ എന്ന സന്തോഷത്തില്‍  ഞങ്ങള്‍ എല്ലാവരും ചിരിച്ചു തമാശയും പറഞ്ഞു ഓട്ടോയില്‍ വീട്ടിലേക്കു പുറപ്പെട്ടു. പോകുന്ന വഴിയില്‍ തലയും താഴ്ത്തി ഒറ്റയ്ക്ക് നടന്നു വീട്ടിലേക്കു പോകുന്ന അവനെ ഞാന്‍ കണ്ടു. എനിക്ക് അവിടെ ഇറങ്ങി അവനോടു വിശദമായി സംസാരിക്കണം എന്നുണ്ടായിരുന്നെങ്കിലും കൂടെ നാല് പേര്‍ കൂടി ഉണ്ടായതിനാലും എല്ലാവര്ക്കും വീട്ടില്‍ നേരത്തെ എത്തേണ്ടതാണ് എന്നതിനാലും എന്തോ ഞാന്‍ അതിനു മുതിര്‍ന്നില്ല. പക്ഷെ അന്ന് ഞാന്‍ അതിനുള്ള മനസ്ഥിതി കാണിച്ചിരുന്നെങ്കില്‍ അവന്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു.
     ഒഴിവു ദിവസങ്ങള്‍ കഴിഞ്ഞു ഞാന്‍ തിങ്കളാഴ്ച പതിവ് പോലെ സ്കൂളില്‍ എത്തി. ഒന്‍പതില്‍ ക്ലാസ്സ്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവന്‍ അന്ന് വന്നിട്ടില്ലായിരുന്നു. ഒരു കുട്ടി ദിവസം മുഴുവന്‍ പുറത്തു നില്‍ക്കുന്നത് കണ്ടു സങ്കടപ്പെടണ്ടല്ലോ എന്ന് കരുതി ഞാന്‍ സമാധാനിച്ചു. അന്ന് പതിവ് പോലെ ദിവസം കടന്നു പോയി. പിറ്റേന്ന് ഞങ്ങള്‍ സ്കൂളില്‍ എത്തിയപ്പോള്‍ കുട്ടികളും അധ്യാപകരും കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു ഞങ്ങളും ആ കൂട്ടത്തില്‍ ചെന്ന് നോക്കി. എന്നെ കണ്ടതും ഒരു കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു. “നമ്മടെ വിനോദ് പോയി ടീച്ചറെ “.
ഞാന്‍ അവനെ അടുത്തേക്ക്‌ വിളിച്ചു കാര്യം ചോദിച്ചപ്പോളാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം എനിക്ക് മനസിലായത്.
   അന്ന് ആ സ്കൂളിലെ യുനിഫോം വെള്ളയും നീലയും ആണ്. അവന്റെ യുനിഫോം നിറം മങ്ങിയതും പകുതി കീറി തുടങ്ങിയതും  ആയിരുന്നു. അങ്ങനെ കുറച്ചു കുട്ടികള്‍ ആ സ്കൂളില്‍ ഉള്ളതിനാല്‍ അവര്‍ക്കാര്‍ക്കും അതിനെ കുറിച്ച്  അപകര്‍ഷത ബോധം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ കര്‍ക്കശക്കാരനായ അവന്റെ ക്ലാസ്സ്‌ സാര്‍ അതും പറഞ്ഞു അവനെ നിരന്തരം ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. അത് മാത്രം അല്ല മാസത്തില്‍ കൊടുക്കേണ്ട തുച്ചമായ ഫീസും അവന്‍ കൊടുത്തിരുന്നില്ല. അന്ന് അവനെ ക്ലാസ്സില്‍ നിന്നും പുറത്താക്കി ഇനി നല്ല യുനിഫോം ഇട്ടു ഫീസുമായി വന്നാല്‍ മാത്രം ക്ലാസ്സില്‍ ഇരുന്നാല്‍ മതി എന്ന് അയാള്‍ പറഞ്ഞു. പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്നവനും രണ്ടാനമ്മയുടെ പീഡനങ്ങളാല്‍ ഒരുപാടു മാനസിക സമ്മര്‍ദം അനുഭവിക്കുന്നവനും ആയിരുന്നു ആ കുട്ടി. വീട്ടില്‍ ഈ കാര്യം പറഞ്ഞപ്പോള്‍ രണ്ടാനമ്മയുടെ വക ചീത്തയും അത് കേട്ട് അച്ഛന്റെ വക അടിയും ആണ് അവനു കിട്ടിയത്. എല്ലാം കൊണ്ടും മനം മടുത്ത അവനു സ്കൂള്‍ ആയിരുന്നു ഏക ആശ്വാസം. അവിടെയും താന്‍ മറ്റുള്ളവരാല്‍ അപഹസ്യനാകുന്നത് താങ്ങാനുള്ള കരുത്ത്‌ ആ കുഞ്ഞു ഹൃദയത്തിനു ഇല്ലായിരുന്നു. അവന്‍ ശനിയഴ്ച വയ്കുന്നേരം റെയില്‍ പാലത്തിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു. അത് വഴി വന്ന ഏതോ ട്രെയിന്‍ അവനെ അവന്റെ എല്ലാ ദുരിതങ്ങളില്‍ നിന്നും കര കയറ്റി.
എന്‍റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും  ദുഖവും കുറ്റബോധവും അനുഭവിച്ച  ദിവസമായിരുന്നു അത്.അദ്ധ്യാപിക എന്ന നിലയില്‍ ഏറ്റവും വലിയ ഒരു പാഠം പഠിച്ച ദിവസവും. “ഓരോ കുട്ടിയും വ്യത്യസ്തനാണ്, ഒരു കുട്ടിയെ മനസിലാക്കുന്നവനും അവന്‍ നന്നാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവനും  മാത്രമേ അവനെ ശിക്ഷിക്കാനുള്ള അവകാശവും ഉള്ളു”.

Monday, December 24, 2012

മമ്മദിക്കയും അമ്മിണിയും പിന്നെ കോണ്ഫിടെന്സും




      പണ്ട് ഗേറ്റിനടുത്ത ഇടവഴിയിലൂടെ ഒരു പ്രത്യേക ഹോണടിച്ചു സൈക്കിളില്‍ പോയിരുന്ന രണ്ടു ആളുകള്‍ ആയിരുന്നു ഐസുകാരന്‍  കോയയും മീന്‍കാരന്‍ മമ്മദിക്കയും. ഈ രണ്ടുപേരുടെയും  സൈക്കിളിന്‍റെ ഹോണ്‍ കേട്ടാല്‍ കുട്ടികള്‍ എന്തോ ആകര്‍ഷണം പോലെ ഗൈറ്റിലേക്ക് ഓടുമായിരുന്നു. എന്റെ വീട്ടില്‍ മീന്‍ വാങ്ങുന്ന പതിവില്ല, ഐസ് വാങ്ങാന്‍ സമ്മതിക്കുകയും ഇല്ല. എന്നാലും ഞാനും എന്‍റെ പൂച്ച അമ്മിണിയും ഈ ഹോണടി കേള്‍ക്കുമ്പോഴെ ഗേറ്റിനടുത്തെക്ക് ഓടും. എന്‍റെ പ്രതീക്ഷ കോയയുടെ ഐസ് സൈക്കിള്‍ ആണെങ്കില്‍ അമ്മിണിയുടെ പ്രതീക്ഷ മമ്മദിക്കയുടെ മീന്‍ സൈക്കിള്‍ ആകും.
       ഇംഗ്ലീഷ് വാക്കുകള്‍ കൂട്ടി സംസാരിക്കല്‍ മമ്മദിക്കയുടെ ഒരു രീതി ആയിരുന്നു. വീട്ടിലെ പ്രാരാബ്ദം കാരണം അഞ്ചാംക്ലാസില്‍ പഠിത്തം നിര്‍ത്തി മീനും പേപ്പറും വിക്കാന്‍ പോകേണ്ടി വന്നതിന്റെ ഒരു അപകര്‍ഷതാ ബോധം ആ സംസാരത്തിന് പുറകില്‍ ഉണ്ടാകാം. മമ്മദിക്ക  പറയുന്ന പല ഇംഗ്ലീഷ് വാക്കുകളും പ്രയോഗങ്ങളും  തെറ്റായിരിക്കും. അതൊക്കെ തിരുത്തി കൊടുക്കുന്നത് ഞാന്‍ ആണ്. അതുകാരണം അഞ്ചാം ക്ലാസ്കാരി ഇംഗ്ലീഷ് ടീച്ചറെ എന്ന് ഒരു പ്രത്യേക ഈണത്തിലാണ്  മൂപ്പര്‍ എന്നെ വിളിക്കുന്നത്.
      ഒരു ദിവസം ഞാനും എന്റെ പൂച്ച അമ്മിണിയും കൂടി മീന്‍സൈക്കിളിനു അടുത്തു നില്‍ക്കുമ്പോള്‍ മമ്മദിക്ക പറഞ്ഞു.
 “എന്നും ഇങ്ങടെ പൂച്ചക്ക് മീന്‍ കൊടുക്കാന്‍ മ്മക്ക് ആവതുണ്ടായിട്ടല്ല. പക്ഷെ ഓളടെ കണ്ണിലെ കോണ്‍ഫിഡെന്‍സു കാണുമ്പോ കൊട്ക്കാതിരിക്കാന്‍ തോന്നില്ല “.
അപ്പോള്‍ ഞാന്‍ അമ്മിണിയുടെ കണ്ണിലേക്കു നോക്കി.  ’ഇത്രേം കോണ്‍ഫിടെന്‍സ് ഉണ്ടോ അമ്മിണിക്ക്!!’
“മമ്മദിക്കക്ക് കോണ്‍ഫിടെന്സിന്റെ അര്‍ഥം അറിയുമോ?”.ഞാന്‍ ചോദിച്ചു.
“ ഈ ബാക്കിനു ഇങ്ങള് ടീച്ചര് കളിക്കണ്ട മോളെ., ഇതിന്റെ അര്‍ഥം ഒക്കെ നമ്മക്കറിയാം.”
ഞാനും അമ്മിണിയും അത് കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു.
“ഇതിപ്പോ ആര്‍ക്കും അറിയില്ലേ. ആക്രാന്തം എന്നല്ലേ അയിന്റെ അര്‍ഥം ?”
അത് കേട്ട് ചിരിച്ചു ഞാന്‍ അമ്മിണിയെ നോക്കി.ശെരിയാണ് .അമ്മിണിയുടെ കണ്ണില്‍ ഉള്ളത് ആക്രാന്ത കോണ്‍ഫിടെന്‍സ് തന്നെ. അന്ന് ഞാന്‍ അയാളെ തിരുത്താന്‍ പോയില്ല.
അപ്പോള്‍ കുട്ടയില്‍ നിന്നും രണ്ടു ചീഞ്ഞ മീന്‍ എടുത്തു അമ്മിണിക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട് മമ്മദിക്ക പറഞ്ഞു.
“ എന്നാലും മാസത്തില്‍ ഒരിക്കല്‍ പോലും മീനു വാങ്ങാത്ത നിങ്ങടെ വീട്ടില്‍ ഇത്രേം കോണ്‍ഫിഡെന്‍സ് ഉള്ള ഈ പൂച്ച എങ്ങനെ പിടിച്ചു നില്‍ക്കുന്നു എന്നാ എന്റെ തമശയം”.
“അമ്മിണിക്ക് മമ്മദിക്കയുടെ മീനിനോടുള്ള ഒറ്റ കോണ്‍ഫിടെന്‍സ് അല്ലെ അതിനു കാരണം “. ഞാന്‍ ചിരി അടക്കി പറഞ്ഞു.
രണ്ടു മീന്‍ ഒറ്റ അടിക്കു വിഴുങ്ങിയിട്ടും കോണ്‍ഫിടെന്‍സ് മാറാത്ത കഥാനായിക അമ്മിണി അപ്പോള്‍ തന്‍റെ കയ്യ് നക്കി തോര്‍ത്തുകയായിരുന്നു.

Thursday, November 1, 2012

ഓമനേച്ചിയുടെ പേന്‍പുരാണം


    ആയിരത്തില്‍ പരം കുട്ടികള്‍ ഉണ്ടായിട്ടും മൂകമായ ഒരിടം അതായിരുന്നു ആ ഹോസ്റ്റല്‍ കെട്ടിടം.നടുമുറ്റത്തിനു ചുറ്റും രണ്ടു നിലകളിലായി ഉള്ള ടെറസ് കെട്ടിടം. അവിടെ വല്ലപ്പോഴും അനുവദിക്കുന്ന പരോള് സമയത്താണ് ഒച്ചയും ബഹളവും ഉണ്ടാകുന്നത്. ശ്യാസം വിടാന്‍ വരെ ടൈംടേബിള്‍ ഉള്ള അവിടെ ശബ്ദമുണ്ടാക്കാന്‍ ഒരു പക്ഷേ കുട്ടികള്‍ക്ക് സമയം ഇല്ലായിരിക്കാം.അല്ലെങ്കില്‍ അത് ടൈംടെബ്ലില്‍ അനുവദനീയം അല്ലായിരുന്നു. രാവിലെ അഞ്ചു മണിക്ക് എണീറ്റ്‌ തുടങ്ങുന്ന ചിട്ടയായ ജീവിതം ഉള്ള ഒരു ദിവസം അവസാനിക്കുന്നത് രാത്രി പത്തുമണിക്ക്. കെ ജി മുതല്‍ എഴാം ക്ലാസ് വരെ ഉള്ള കുട്ടികള്‍ താഴത്തെ നിലയിലും എട്ടു മുതല്‍ മുകളിലെ നിലയിലും ആണ് താമസം.അവര്‍ എപ്പോള്‍ ശബ്ദമുണ്ടാക്കണം, എപ്പോള്‍ കളിയ്ക്കണം, എപ്പോള്‍ പഠിക്കണം, എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ ആഹാരം കഴിക്കണം എന്നൊക്കെ  തീരുമാനിക്കുന്നത് വാര്‍ഡനാണ് .വാര്‍ഡന്റെ ആജ്ഞകള്‍ക്കനുസരിച്ച് ചലിക്കുന്ന പാവകള്‍ മാത്രമായിരുന്നു ആ കുട്ടികള്‍.       ആ ഹോസ്റ്റല്‍ കെട്ടിടത്തിനു മുന്നിലായി കളിക്കാനായി സീസൊയും ഊഞ്ഞാലും സ്ലൈഡും ഒക്കെ ഉണ്ടായിരുന്നു.പക്ഷേ അവിടുത്തെ ഒരു കുട്ടിക്കും അതില്‍ കളിക്കാനുള്ള അവകാശം ഇല്ലായിരുന്നു.ഒരു പക്ഷേ  കുട്ടികളെ അവിടേക്ക് ആകര്‍ഷിക്കാനോ അവിടെ ഉള്ള കുട്ടികളൊക്കെ സന്തോഷവതികളാണെന്നു കാണിക്കാനോ ആയിരിക്കാം അതൊക്കെ അവിടെ സ്ഥാപിച്ചിരിക്കുക.ഈ കളി സാധനങ്ങള്‍ ആണ് നീനുവിനെയും ഇങ്ങോട്ട് ആകര്‍ഷിച്ചത്. എന്നും അതിനു മുകളില്‍ ഇഷ്ടം പോലെ കയറി കളിക്കാം എന്ന് ആഗ്രഹിച്ചപ്പോള്‍ അവള്‍ക്കു അറിയില്ലായിരുന്നു അത് വ്യവസായത്തിന്റെ ഭാഗമായുള്ള സ്മാരകങ്ങള്‍ മാത്രമാണെന്ന്.
         ആ ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും വാര്‍ഡന്‍ അടക്കം മറ്റു കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിന്റെയും ഇടയിലായി ഒരു റൂബിക്ക മരം ഉണ്ടായിരുന്നു. അത് അവരാരെങ്കിലും നട്ടതാണോ അതോ തനിയേ വളര്‍ന്നു വന്നതാണോ എന്നൊന്നും അറിയില്ല. അതിന്റെ അരികിലെ തിണ്ണയിലിരുന്നാണ് എന്നും വയ്കുന്നെരങ്ങളില്‍ ഓമനചേച്ചി കുട്ടികളുടെ തലയില്‍ പേന്‍ നോക്കുകയും തല മുടി കോതി കെട്ടി തരുകയും ചെയ്തിരുന്നത്. കുറച്ചു കുട്ടികളെ വീതം ഗ്രൂപ്പ്‌ ആയി തിരിച്ചു അവര്‍ക്ക് ഒരു ആയ ഉണ്ടായിരുന്നു.നീനുവിന്റെ അടക്കം പത്തു കുട്ടികളുടെ ആയ ആണ് ഈ ഓമനചേച്ചി.
    പേന്‍ നോക്കാന്‍ തല വലിച്ചു പറി ക്കുന്നതിനിടെ ഓമനേച്ചി നല്ല കഥകള്‍ പറയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും   കഥകള്‍,യേശുവിന്റെ കഥകള്‍,നന്മയുടെ കഥകള്‍.അങ്ങനെ പത്തു കുട്ടികളുടെയും തല ചീകി കെട്ടുന്നത് വരെ ഓമനേച്ചിയുടെ നാവു വെറുതെ ഇരിക്കില്ല. ഞങ്ങള്‍ ഒക്കെ മുജന്മ ഗുണം കൊണ്ട് നല്ല വീട്ടിലെ കുട്ടികളായി ജനിച്ചെന്നും ചേച്ചി എന്തോ പാപ ഫലമായി ഒന്നുമില്ലാത്ത ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചെന്നും ഇനി ഗുണം കിട്ടാന്‍ കര്‍ത്താവിനെ മാത്രം കരുതി നല്ലത് ചെയുക ആണെന്നും എപ്പോളും പറയും.വൃത്തിയുണ്ടാവാന്‍ നല്ല കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം കാര്യമില്ല എന്ന തത്വത്തില്‍ ആ സംസാരം അവസാനിക്കും. 
"നല്ല കുടുമ്മത്തില്‍ ജനിച്ചാ പോരാ വിര്ത്യാ വേണം. അല്ലെങ്കി ഇതേ പോലെ പേനും ജന്തുകളും അങ്ങട് കേറും.നിങ്ങള്ക്കൊക്കെ എന്തുട്ടിന്റെ കൊറവാ.തല ഇമ്മാതിരി ജന്തുക്കള്‍ക്ക് തീറു കൊടുത്തെക്കണ്".ഇതും പറഞ്ഞു അവസാനം ഒരു മുടി ചീകല്‍ ഉണ്ട്.നല്ല ജീവന്‍ പോകും. എങ്കിലും കഥ കേള്‍ക്കാനുള്ള സന്തോഷത്തില്‍ അതെല്ലാം നീനുവിനു സഹിക്കാവുന്നതായിരുന്നു. ഓരോ ദിവസത്തെയും ആ വയ്കുന്നെരത്തിനായി നീനു കാത്തിരുന്നു.എന്നും പേനുകളെ തിരഞ്ഞു പിടിച്ചു കൊന്നിരുന്നെങ്കിലും ഓമനേച്ചിക്ക് വേണ്ടി എന്നോണം അത്രയും പേന്‍ പിന്നെയും പത്തു തലകളിലും വളര്‍ന്നു കൊണ്ടിരുന്നു. റൂബിക്ക മരത്തിനരികിലായി കാറ്റും കൊണ്ട് കഥകളും കേട്ടിരിക്കുമ്പോഴായിരുന്നു  അന്നാളുകളില്‍ നീനു ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത്. ഓമനേച്ചിയുടെ കഥകളിലൂടെ യേശു അവള്‍ക്ക് മുന്നില്‍ പുനരവതരിച്ചു. യേശുവിന്റെ കഥകളിലൂടെ ആണ് സഹന ശക്തിയും ഇച്ഹാശക്തിയും എന്താണെന്ന് അവള്‍ പഠിച്ചത്.
      റൂബിക്ക മരത്തില്‍ നിറയേ ചുവന്ന ഭംഗി ഉള്ള കായ്കള്‍ ഉണ്ടാകുമത്രേ .പക്ഷേ ആ റൂബിക്ക മരം ഒരിക്കലും കായ്ച്ചില്ല. ഓരോ ജന്മത്തിനും ഓരോ ഉദേശങ്ങള്‍ ഉണ്ട് പക്ഷേ ചില ജന്മങ്ങള്‍ ഇങ്ങനെ പാഴ്മരങ്ങള്‍ ആകും എന്ന് റൂബിക്ക മരത്തെ നോക്കി പറഞ്ഞു ഓമനേച്ചി നെടുവീര്‍പ്പിടും.
" എന്തൂട്ടിനു റൂബിക്ക എന്‍റെ കാര്യം നോക്ക്..വെര്‍തെ പന പോലെ വളര്‍ന്നെന്നല്ലാതെ. ഓരോ പാപണ്".
"മനേച്ചി ഞങ്ങള്‍ടെ പുന്നാര ചേച്ചി അല്ലെ.എന്തൊക്കെ ചെയ്യുന്നുണ്ട് .ഞങ്ങളെ നോക്കുന്നിലേ..ഞങ്ങളുടെ തലയിലെ പേന്‍ പിടിക്കുന്നില്ലേ.."കുട്ടികള്‍ ഒന്നടങ്കം ഓമനേച്ചിയെ സന്തോഷിപ്പിക്കാന്‍ പറയും .
"ഉണ്ട്..ഉണ്ട്..ഇതിനൊക്കെ വല്ല ഓര്‍മേം ഉണ്ടായാ മതിയര്‍ന്നു എന്റെ മാതാവേ.."അതും പറഞ്ഞു ഓമനേച്ചി മാതാവിനെ കണ്ടപോലെ മുകളിലേക്ക് നോക്കും .
        അങ്ങനെ അന്നത്തെ വയ്കുന്നേരങ്ങളില്‍ ഞങ്ങള്‍ പല വാക്കുകളും ഓമനേച്ചിക്ക് കൊടുത്തു.വലുതായാല്‍ ഓമനേച്ചിയെ കാണാന്‍ വരാം എന്നും വരുമ്പോള്‍ ഓമനേചിക്ക് പ്രിയപ്പെട്ട ചുവന്ന സാരി കൊണ്ട് വരാം എന്നും നീനുവും വാക്ക് കൊടുത്തു. അവള്‍ കൊണ്ട് വന്നു കൊടുത്ത ചുവന്ന സാരി ഉടുത്തു സന്തോഷവതിയായ ഓമനേച്ചിയെ പലപ്പോഴും നീനു സ്വപ്നം കണ്ടു. പാലിക്കപെടാനാവാത്ത പല വാക്കുകളുടെ കൂട്ടത്തില്‍ ഒരു സങ്കടമായി ആ സാരി നീനുവിന്റെ മനസ്സില്‍ കിടക്കുന്നു.ഇപ്പോള്‍ ഓമനചേച്ചി എവിടെ ആണെന്ന് അറിയില്ല. അന്ന് ഓമനേച്ചിയെ കാണാന്‍ ചെല്ലാം എന്ന് പറഞ്ഞ കുട്ടികള്‍ അവരെ ഒരിക്കലെങ്കിലും ചെന്നു കണ്ടോ എന്ന് അറിയില്ല . ഓമനേച്ചി അവരെ ഓര്‍ക്കുന്നോ എന്ന് കൂടി അറിയില്ല.പക്ഷേ നീനു ഓര്‍ക്കുന്നു, നിറയെ ചുവന്ന റൂബിക്കകള്‍ കായ്ച്ചു നില്‍ക്കുന്ന റൂബിക്ക മരത്തിനു താഴെ ചുവന്ന സാരി ചുറ്റി സന്തോഷത്തോടെ നില്‍ക്കുന്ന ഓമനേച്ചിയെ സ്വപ്നം കാണുന്നു