Sunday, September 18, 2011

അവിഹിത ഗര്‍ഭവും ഒരു പഴം പൊരിയും

               (സാധാരണക്കാരില്‍ സാധാരണക്കാരായ കുറച്ചു മനുഷ്യരും അവരുടെ ജീവിതത്തിലെ ചില ഏടുകളും അല്പം നര്‍മത്തോടെ വരച്ചു കാട്ടുകയാണ്...ഇഷ്ടമാവും എന്ന് കരുതുന്നു.മാതിക്കുട്ടിയുടെ  കഥ നടന്നു കുറച്ചു  വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കഥയാണ്‌...അപ്പോഴേക്കും എല്ലാ ഗ്രാമങ്ങളെ പോലെ അവിടെയും മാറ്റങ്ങള്‍ വന്നു.എങ്കിലും ജനങ്ങളുടെ മനസ്സില്‍ കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല..)

                അത്യാവശ്യമോ അതിലധികമോ കുശുമ്പും കുന്നായ്മയും അസൂയയും പരദൂഷണവും എല്ലാം ഉള്ള ഒരു സാധാരണ ഗ്രാമം.അവിടെയാണ് "ശീമന്തിനി ടി ഷോപ്പ് " അതിന്റെ മുതലാളിമാര്‍ ഗോവിന്ദനും ഭാര്യ വിലാസിനിയും .പാലും ചായപ്പൊടിയും കൂടില്‍ നിറച്ച പലഹാരങ്ങളും ഏകദേശം കഴിയുന്നത്‌ വരെ ചായകട പ്രവര്‍ത്തിക്കും.ദിവസങ്ങളായി ചില്ലുകൂട്ടില്‍ കിടന്നു പല്ലിളിക്കുന്ന പഴം പൊരി ആണ് അവിടുത്തെ സൂപ്പര്‍ സ്റ്റാര്‍.  അവര്‍ക്ക് ആറു മക്കള്‍  .അതില്‍   ഒരേ ഒരു പെണ്‍തരി.പേര് ഷീമന്തിനി.സീമന്തിനി എന്നാണ് ഉദ്ധെശിച്ചതെങ്കിലും ഒന്നുമുതല്‍ അഞ്ചു പുത്രന്മാര്‍ക്കു 'ഷ ' വച്ചു ബുദ്ധിമുട്ടി  പേര് കണ്ടുപിടിച്ചു ഇട്ടതിനാല്‍ തന്റെ പ്രിയപുത്രിക്കും 'ഷ 'വച്ചല്ലാതെ ഒരു പേരിട്ടാല്‍ അതവര്‍ക്ക്  പഴം പൊരി ഇല്ലാത്ത ചായകട പോലെ ആകുമായിരുന്നു.അങ്ങനെ സീമന്തിനി 'ഷീമന്തിനി'  ആയി.ഗോവിന്ദനും വിലാസിനിയും തന്റെ കടയുടെ മുന്നില്‍ 'ഷീമന്തിനി ടീ ഷോപ്പ് ' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതി തൂക്കി തൃപ്തിയടഞ്ഞു.

                

            ഷീമന്തിനി  ഒരു കൊച്ചു സുന്ദരി എന്ന് പറയാം.നിറം ഇത്തിരി കുറവാണെങ്കിലും ബാക്കി ഒക്കെ വേണ്ടതിലധികം അവള്‍ക്കു ദൈവം    കനിഞ്ഞു  നല്‍കിയിരുന്നു.പതിനെട്ടു വയസേ ഉള്ളു എങ്കിലും നാല്പതു വയസിന്റെ നടപ്പും സംസാരവും.അവളുടെ  ഒരേ ഒരു വീക്നെസ് സിനിമയാണ്.ഇറങ്ങുന്ന ഒരു സിനിമപോലും വിടാതെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആ ഗ്രാമത്തില്‍ ഉള്ള ഏക തിയേറ്ററില്‍ പുതിയ പടം ഒന്നും വരാത്തതിനാലും ദൂരെ പോയി സിനിമകാണാന്‍ വിലാസിനി സമ്മതിക്കത്തതിനാലും ഷീമന്തിനി തന്റെ ആഗ്രഹം അടക്കിപിടിച്ചു നടപ്പാണ്.  



            നാട്ടിലെ പ്രധാന സംഖമായ രാമന്‍ നായര്‍ ,മൂസ ,വാറു,പരമു,എഴുത്തശന്‍ എന്നിവര്‍ വീട്ടില്‍നിന്നും  ഭാര്യ തരുന്ന ചായ കുടിക്കാതെ രാവിലെ തന്നെ ഗോവിന്ദന്റെ ചായ പ്പീടികയില്‍ എത്തുന്നതിന്റെ പ്രധാന രഹസ്യം ഷീമന്തിനി ആയിരുന്നു.രാവിലത്തെ ചായ കുടിക്കുമ്പോള്‍ അകത്തു നിന്നും എഴുനേറ്റു വരുന്ന ഷീമന്തിനി തരുന്ന ഒരു ചിരിയും അവിടെ എവടെയായി സ്ഥാനം തെറ്റി കിടക്കുന്ന വസ്ത്രത്തില്‍ നിന്നും മിന്നായം പോലെ കാണുന്ന ഭാഗങ്ങളും രാമന്‍ നായര്‍ക്കും കൂട്ടര്‍ക്കും ചായയുടെ കൂടെ പരിപ്പുവടയും പഴം പൊരിയും ഫ്രീ കിട്ടിയ പോലെ ആയിരുന്നു.

           അങ്ങനെയിരിക്കുമ്പോഴാണ്  ഷീമന്തിനിയെ കാണാതാവുന്നത്.ടൌണില്‍ പൊട്ടും വളയും അത്യാവശ്യ സാധനങ്ങളും വാങ്ങാന്‍ പോയ ഷീമന്തിനി  ആറു മണി ആയിട്ടും മടങ്ങി വന്നില്ല.വിലാസിനി നെഞ്ഞത്ത്  തല്ലി അലറി വിളിച്ചു നാട്ടുകാരെ മുഴുവന്‍ അറിയിച്ചു.ആ ചായപ്പീടികയില്‍ അന്ന് വരെ കയറിയിട്ടില്ലാത്ത ആളുകള്‍ വരെ തിക്കി തിരക്കി വാര്‍ത്ത അറിയാന്‍ ചായപീടികയില്‍ ഒത്തുകൂടി.അവര്‍ക്കുള്ള ചായ അടിക്കുന്ന തിരക്കിലായതിനാല്‍ തന്‍റെ മകളെ കാണാത്ത വിഷമത്തില്‍ ഒന്ന് കരയാന്‍ കൂടി ഗോവിന്ദന് സമയം കിട്ടിയില്ല.എങ്കിലെന്താ..ഷീമന്തിനി വീട്ടില്‍ നിന്നിറങ്ങിയ സമയം മുതല്‍ ഇട്ടിരുന്ന വേഷവും തൊട്ടിരുന്ന പൊട്ടും വരെ വിലാസിനി വിവരിച്ചു കരഞ്ഞു.വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പറഞ്ഞത് മുതല്‍ രണ്ടു ദിവസമായുള്ള അവളുടെ വര്‍ത്തമാനം വരെ നാട്ടിലെ സി ഐ ഡി കള്‍ ചികഞ്ഞെടുത്തു.അസാമന്യത ഒന്നുമില്ല.അപ്പോളാണ് റബ്ബറു മൂസ്സയും പരമുവും ഒരു കാര്യം ശ്രദ്ധിച്ചത്.ഈ വക കാര്യങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ അത്യന്തം ആവേശത്തോടെ വായും തുറന്നു പുഴുപ്പല്ലും കാണിച്ചു  മുന്നില്‍ തന്നെ വന്നു നില്‍ക്കാറുള്ള രാമന്‍ നായരെ കാണാനില്ല."പാവം .സരോജിനിയെമ്മ ..വീട്ടില് ഒരു പിടി അരി കൂടുതല്‍ ഇടണ്ടെരുംന്നാ തോന്നനെയ്‌"..മൂസ ഊറി ചിരിച്ചു.(രാമന്‍ നായരുടെ ഭാര്യയാണ് സരോജിനി)
               വിവരം അറിയാതെ ഒന്നും പറയരുതെന്നും തങ്ങളുടെ സുഹൃത്തായ രാമന്‍ നായര്‍ അങ്ങനെ ഒരു വിവര ദോഷം ചെയ്യില്ല എന്നും പരമു തര്‍ക്കിച്ചു .എഴുത്തശനും വാറുവും അതിന്‍റെ സാധ്യതകളെയും സാധ്യതയില്ലയ്മകളെയും പറ്റി ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും റബ്ബര് മൂസ അത് നാടൊട്ടുക്കും പാട്ടാക്കി.അത് കേട്ട പാടെ കേള്‍ക്കാത്ത പാടെ ചായ പീടികയില്‍ നിന്ന ജനം രാമന്‍ നായരുടെ വീട്ടിലേക്കോടി .കുറച്ചുപേര്‍ രാമന്‍ നായര്‍ ഷീമന്തിനിയുമായി വരാന്‍ സാധ്യതയുള്ള വഴിയില്‍ നിന്നു.
           ഇത് കേട്ട്‌ വിലാസിനി കരഞ്ഞതിനേക്കാള്‍ ഒരു പിടി മുന്നിലെന്നോണം സരോജിനി തല തല്ലി നെഞ്ഞത്തടിച്ചു കരഞ്ഞു .അന്നത്തെ സീരിയല്‍ മുടങ്ങിയതിന്റെ സങ്കടത്തിലായിരുന്ന നാട്ടുകാര്‍ രണ്ടു കണ്ണുനീര്‍ സീരിയല്‍ കണ്ട സംതൃപ്തിയോടെ ക്ളയിമാക്സ്സിനായി കാത്തു നിന്നു . 
         ഈ സംഭവ വികാസങ്ങളൊക്കെ നടക്കുന്നതിടയിലാണ് എഴുമണിയുടെ സുഭാഷിനിയില്‍ നിന്നും ഇറങ്ങി ഐസ് ഫ്രൂട്ട് അടിച്ചവനെ പ്പോലെ കൂള്‍ ആയി രാമന്‍ നായര്‍ നടന്നുവരുന്നത്.തന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ എല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞത്‌ കണ്ടു "എന്‍റെ സരൊജിനിയേയ്..........."എന്നും അലറി അയാള്‍ വീട്ടിലേക്കോടി. രാമന്‍ നായര്‍ 'ലാന്‍ഡ്‌' ചെയ്ത വിവരം അറിഞ്ഞ സരോജിനി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി കലിതുള്ളി പടിക്കലെക്കോടി.കലിതുള്ളി നില്‍ക്കുന്ന സരോജിനിയെ കണ്ടു രാമന്‍ നായര്‍ അമ്പരന്നു.
"എനിക്ക് ഇപ്പൊ അറിയണം ...എനിക്ക് ഇപ്പൊ അറിയണം ..."സരോജിനി ഉറഞ്ഞു തുള്ളി.
"എന്ത് അറിയാന്‍?..അനക്ക്‌ വട്ടായോ?"രാമന്‍ നായര്‍ യുവജനോത്സവത്തില്‍ കഥകളി കണ്ടു ഒന്നും മനസിലാവാത്ത ജഡ്ജിനെപ്പോലെ  വായ്‌ പൊളിച്ചു .
"എവടെ ആ പെണ്ണ്?.രാവിലെ കുളിച്ചു കോമളനായി    പോകുന്നത് കണ്ടപ്പോഴെ എനിക്ക് തോന്നി..ഇങ്ങള് അവളെ എബടെ കൊണ്ടോയി താമസിപ്പിച്ചു?" സരോജിനി കലിതുള്ളി.
"ഏതു പെണ്ണ്?"രാമന്‍ നായര്‍ അന്ന് വരെ താന്‍ ചിരിച്ചത് മുതല്‍ ഒളിഞ്ഞു നോക്കിയത് വരെ ഉള്ള പെണ്ണുങ്ങളുടെ ലിസ്റ്റ് മനസ്സില്‍ ഇട്ടു ആലോചിച്ചു.ഒരു പിടുത്തവും കിട്ടാതെ വായും പൊളിച്ചു സരോജിനിയെ നോക്കി  നിന്നു.അപ്പോഴേക്കും അവിടെ ഓടിയെത്തിയ ദോസ്ത്തുക്കള്‍ മൂസയും സംഘവും  സംഭവത്തിന്റെ ഏകദേശ രൂപം രാമന്‍ നായരെ ധരിപ്പിച്ചു.അത് കേട്ട്‌ രാമന്‍ നായര്‍ തന്‍റെ മനസ് ഒന്ന് ഫ്ലാഷ് ബാക്ക് അടിച്ചു..ഉച്ചക്ക് സിനിമാതിയെട്ടരിനു  മുന്നില്‍ നിന്നു തന്‍റെ കൂടെ മൂന്നാം ക്ലാസ്സുവരെ പഠിച്ച കടല രാഘവനുമായി  സംസാരിച്ചു കടലയും കൊറിച്ചു നില്‍ക്കുമ്പോള്‍ ഒരു മിന്നായം പോലെ ഷീമന്തിനി  തിയെട്ടരിലേക്ക്  കയറുന്നത് രാമന്‍ നായര്‍ കണ്ടു.അതുകഴിഞ്ഞു താനും രാഘവനും  ആ സിനിമ കാണാന്‍ കയറിയെങ്കിലും പിന്നീടു ഷീമന്തിനിയെ കണ്ടില്ല.ഇതെല്ലാം തുറന്നു പറഞ്ഞാല്‍ രാമന്‍ നായരെ ആരും വിശ്വസിക്കില്ല എന്നും ഷീമന്തിനിയുടെ തിരോധാനം രാമന്‍ നായരുടെ തലയില്‍ ആകുമെന്നും കൂട്ടുകാര്‍ ഉപദേശിച്ചു.രാമന്‍ നായര്‍ കൂട്ടുകാരുടെ ഉപദേശം ശിരസാ വഹിച്ചു താന്‍ ഷീമന്തിനിയെ  കണ്ടേ ഇല്ലെന്നും പറഞ്ഞു മമ്മൂട്ടി കരയുന്ന പോലെ കരഞ്ഞു.
               കുറച്ചു സമയത്തിനുള്ളില്‍ കഥാനായിക ഒരു ബസില്‍ സംഭവ സ്ഥലത്ത് വന്നിറങ്ങി.അത് കേട്ട പാടെ ആളുകള്‍ ബസ്‌ സ്ടോപിലേക്ക് ഓടി ഒരു ജാഥയായി ഷീമന്തിനിയെ വീട്ടിലേക്കു നയിച്ചു.വീട്ടിലേക്കു   കയറുന്നതിനു മുന്‍പേ കലിതുള്ളി വന്ന  വിലാസിനി അവളെ തലങ്ങും വിലങ്ങും അടിച്ചു. അതുവരെ കഥയറിയാതെ വന്ന അവള്‍ അതോടെ എരുമ അലറുന്നതുപോലെ ഉറക്കെ അലറാന്‍ തുടങ്ങി.
"ഞാന്‍ എങ്ങട്ടും   ചാടി പോയതല്ലേ..സിനിമ കാണാന്‍ പോയതാ.."അവസാനം അവള്‍ തൊള്ള തുറന്നു.
"ആരുടെ കൂടെയാണെന്ന് പറയെടി മൂധേവി  "..വിലാസിനി പിന്നെയും അവളെ തല്ലാന്‍ ഇട്ടു ഓടിച്ചു.
"ആരുടേം കൂടെ അല്ലേ...ഒറ്റയ്ക്ക.."..അവള്‍ അലറിക്കരഞ്ഞു പറഞ്ഞു..അതുകേട്ട രാമന്‍ നായര്‍ കരയിലിട്ട മീന്‍ പിന്നേം വെള്ളത്തില്‍ വീണ പോലെ സന്തോഷിച്ചു .അങ്ങനെ ചായക്കടയും വീടും നാടകം കഴിഞ്ഞ പറമ്പ് പോലെ ഒഴിഞ്ഞു.
                    ഒരു മാസത്തിനു ശേഷം പിന്നെയും വിലാസിനിയുടെ നെഞ്ഞത്തടിയും  കരച്ചിലും കേട്ട്‌ "എല്ലാരേം സിനിമേലെടുത്തു" എന്ന് കേട്ട പോലെ അങ്ങോട്ട്‌  ഓടി.വിലാസിനി തന്‍റെ നെഞ്ഞത്ത് പെരുമ്പറ കൊട്ടി സംഭവം എല്ലാവരെയും അറിയിച്ചു.ഷീമന്തിനി കുളി തെറ്റിച്ചു .ഒരാഴ്ചയായി..കൂടാതെ ഇന്ന് ശര്‍ദ്ധിയും  തുടങ്ങി.ഉത്തരവാദി ആരാണെന്നു അവള്‍ക്കു അറിയില്ല.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം തന്നെ ആദ്യമായി കേള്‍ക്കുന്നതുപോലെ അവള്‍ വായ പൊളിച്ചു നിന്നു.നാട്ടുകാരൊക്കെ ഉത്തരവാടിയെ തിരയുമ്പോള്‍ കൂട്ടുകാരുടെ കണ്ണുകള്‍ രാമന്‍ നായരുടെ നേരെ നീണ്ടു.തനിക്കതില്‍ ഒരു പങ്കും ഇല്ലെന്നു തന്‍റെ ഭാര്യ വിലാസിനിയും രണ്ടു മക്കളെയും പ്ലപരമ്പിലെ  ശാരദയെയും  മകളെയും പിടിച്ചു രാമന്‍ നായര്‍ സത്യം ഇട്ടു .ശാരദയെ പിടിച്ചു സത്യം ഇട്ടതിനാല്‍ രാമന്‍ നായര്‍ക്ക്‌   അതില്‍ പങ്കില്ല   എന്ന് കൂട്ടുകാര്‍ ഉറപ്പിച്ചു.
                   അങ്ങനെ കാര്യങ്ങള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞു പായസത്തില്‍ സാമ്പാര്‍ ഒഴിച്ച പോലെ ആയി നില്‍ക്കുമ്പോള്‍ 'തന്‍റെ ജീവിതം ചായ അടിക്കാന്‍ മാത്രമുള്ളതാണ് 'എന്ന    മട്ടില്‍ ചായകടയില്‍ നിന്ന ഗോവിന്ദന്റെ അടുത്തേക്ക്‌ പരമുവും എഴുത്തശനും ചെന്നു.കാര്യങ്ങള്‍  ഇത്രത്തോളം ആയ  സ്ഥിതിക്ക് ഷീമന്തിനിയെ  വേഗം ആശുപത്രിയില്‍ കൊണ്ട് പോകാന്‍ അവര്‍ ഉപദേശിച്ചു.അങ്ങനെ ഗോവിന്ദനും വിലാസിനിയും ,സരോജിനിയും പരമുവും , ചേരുന്ന ഒരു എട്ടംഗ സംഖം ഷീമന്തിനിയുമായി ആശുപത്രിയില്‍ പോയി.സീരിയലിന്റെ ബാക്കി കഥ അറിയാന്‍ പിറ്റേന്ന് വരെ കാത്തിരിക്കുന്ന അതേ ക്ഷമയോടെ ആളുകള്‍ ചായപീടികയിലും പടിക്കലുമായി അവരെ കാത്തു നിന്നു.അവര്‍ക്ക് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല.ഒന്നര മണിക്കൂറിനുള്ളില്‍    തന്നെ പോയവര്‍ ചായപീടികയില്‍ വന്നിറങ്ങി.മൂസക്കയും രാമന്‍ നായരും പരമുവിനോട്‌ അത്യധികം ആകാംഷയോടെ ചോദിച്ചു."എന്തായി?".......
"പെണ്ണിന് ഗര്‍ഭോന്നും അല്ലെരുന്നു.എന്തോ തിന്നത് വയറിനു പിടിക്കാത്ത അസുഖാണ്"..പരമു എല്ലാവരും കേള്‍ക്കെ പറഞ്ഞു.
"നീ എന്താടി മൂധേവി    കഴിച്ചത് ?? " ...വിലാസിനി ബാക്കി ദേഷ്യം കളയാനെന്നോണം  ഉറക്കെ അലറി
"ഇന്നലെ വിശന്നപ്പോ  ഞാനാ കൂട്ടിലെ പഴം പൊരി തിന്നു".ഷീമന്തിനി മൊഴിഞ്ഞു.
"നിന്നോട് ഞാന്‍ പതിനായിരം വട്ടം പറഞ്ഞിട്ടുള്ളതല്ലേ ചാവുന്ന വിശപ്പുന്ടെങ്കിലും ഈ കൂട്ടിലിരിക്കുന്ന ഒന്നും തിന്നല്ലേ തിന്നല്ലേ എന്ന്‍ "..അതും പറഞ്ഞു വിലാസിനി അവളുടെ ചെവി പിടിച്ചു തിരുമ്പി അകത്തേക്ക് വലിച്ചു കൊണ്ട് പോയി.
ഒന്നിന് രണ്ടര രൂപ എന്ന കണക്കിന് വാങ്ങി ഈ സംഭവങ്ങളുടെ ഒക്കെ രസത്തില്‍ അഞ്ചെണ്ണം  അകത്താക്കി ആറാമത്തേത്   തിന്നുകൊണ്ട്‌ ഇതെല്ലാം കണ്ടു രസിച്ചിരുന്ന രാമന്‍ നായരും റബ്ബറ് മൂസയും സംഘവും പകുതി ചവച്ചരച്ച പഴം പൊരി തുപ്പണോ ഇറക്കണോ എന്നറിയാതെ വായും പൊളിച്ചു ഇരുന്നു.

17 comments:

  1. hahaha..avasanam sheemanthini pazham porikkunjine shardhicho atho prasavicho..:)))

    ReplyDelete
  2. അതറിയാന്‍ പത്തുമാസം കാത്തിരിക്കേണ്ടി വരും...:))

    ReplyDelete
  3. നന്നായിട്ടുണ്ട്...

    ReplyDelete
  4. പല്ലിളിക്കുന്ന പഴം പൊരി :P appo dentistukalkku pani kuranju :P kollaam nannaayitundu :)

    ReplyDelete
  5. നന്നായി ജീനിയസ്സെ ....
    ആ വിരലുകള്‍ക്ക് ഹാസ്യവും ഇണങ്ങും എന്ന് തെളിയിച്ചു...വ്യത്യസ്തമായ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  6. hahaha.. superb way of telling story.. enjoyed reading each line.. Well done..

    ReplyDelete
  7. യുവജനോത്സവത്തില്‍ കഥകളി കണ്ടു ഒന്നും മനസിലാവാത്ത ജഡ്ജിനെപ്പോലെ വായ്‌ പൊളിച്ചു പോകുന്ന ഒരു സ്റ്റോറി ആണല്ലോ......any way nice story.....അഭിനന്ദനങ്ങള്‍ ....:)

    ReplyDelete
  8. എന്താണ് ഷിരാസിനു മനസിലാവാത്തത്?..ചോദിക്കു..പറയാം..:)

    ReplyDelete
  9. ഇ പഴം പൊരി എവിടെ കിട്ടും....

    ReplyDelete
  10. ഷീമന്തിനി ടീ ഷോപ്പില്‍ ....ഒന്നിന് രണ്ടര രൂപ മാത്രം

    ReplyDelete
  11. HA HA HA..CLIMAX KALAKKI....ACHU

    ReplyDelete
  12. ohhh ithaaayirunno ?? :)

    ReplyDelete
  13. അച്ചുസേ ....ക്ലൈമാക്സ്‌ മാത്രേ ഇഷ്ടായുള്ളൂ ...:))

    ReplyDelete
  14. "നിന്നോട് ഞാന്‍ പതിനായിരം വട്ടം പറഞ്ഞിട്ടുള്ളതല്ലേ ചാവുന്ന വിശപ്പുന്ടെങ്കിലും ഈ കൂട്ടിലിരിക്കുന്ന ഒന്നും തിന്നല്ലേ തിന്നല്ലേ എന്ന്‍ "

    സംഭവം അടിപൊളി... :)

    എന്നാലും ഇനി പേടിച്ചിട്ടു പഴംപൊരി തിന്നുതെങ്ങനാ... :(

    ReplyDelete
  15. ahaa/........pree adipoli.....aashamsakal.....fasna

    ReplyDelete
  16. lalitha komalamaaya aakhyaanm... valre nannayittund!!!

    ReplyDelete