Thursday, November 1, 2012

ഓമനേച്ചിയുടെ പേന്‍പുരാണം


    ആയിരത്തില്‍ പരം കുട്ടികള്‍ ഉണ്ടായിട്ടും മൂകമായ ഒരിടം അതായിരുന്നു ആ ഹോസ്റ്റല്‍ കെട്ടിടം.നടുമുറ്റത്തിനു ചുറ്റും രണ്ടു നിലകളിലായി ഉള്ള ടെറസ് കെട്ടിടം. അവിടെ വല്ലപ്പോഴും അനുവദിക്കുന്ന പരോള് സമയത്താണ് ഒച്ചയും ബഹളവും ഉണ്ടാകുന്നത്. ശ്യാസം വിടാന്‍ വരെ ടൈംടേബിള്‍ ഉള്ള അവിടെ ശബ്ദമുണ്ടാക്കാന്‍ ഒരു പക്ഷേ കുട്ടികള്‍ക്ക് സമയം ഇല്ലായിരിക്കാം.അല്ലെങ്കില്‍ അത് ടൈംടെബ്ലില്‍ അനുവദനീയം അല്ലായിരുന്നു. രാവിലെ അഞ്ചു മണിക്ക് എണീറ്റ്‌ തുടങ്ങുന്ന ചിട്ടയായ ജീവിതം ഉള്ള ഒരു ദിവസം അവസാനിക്കുന്നത് രാത്രി പത്തുമണിക്ക്. കെ ജി മുതല്‍ എഴാം ക്ലാസ് വരെ ഉള്ള കുട്ടികള്‍ താഴത്തെ നിലയിലും എട്ടു മുതല്‍ മുകളിലെ നിലയിലും ആണ് താമസം.അവര്‍ എപ്പോള്‍ ശബ്ദമുണ്ടാക്കണം, എപ്പോള്‍ കളിയ്ക്കണം, എപ്പോള്‍ പഠിക്കണം, എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ ആഹാരം കഴിക്കണം എന്നൊക്കെ  തീരുമാനിക്കുന്നത് വാര്‍ഡനാണ് .വാര്‍ഡന്റെ ആജ്ഞകള്‍ക്കനുസരിച്ച് ചലിക്കുന്ന പാവകള്‍ മാത്രമായിരുന്നു ആ കുട്ടികള്‍.       ആ ഹോസ്റ്റല്‍ കെട്ടിടത്തിനു മുന്നിലായി കളിക്കാനായി സീസൊയും ഊഞ്ഞാലും സ്ലൈഡും ഒക്കെ ഉണ്ടായിരുന്നു.പക്ഷേ അവിടുത്തെ ഒരു കുട്ടിക്കും അതില്‍ കളിക്കാനുള്ള അവകാശം ഇല്ലായിരുന്നു.ഒരു പക്ഷേ  കുട്ടികളെ അവിടേക്ക് ആകര്‍ഷിക്കാനോ അവിടെ ഉള്ള കുട്ടികളൊക്കെ സന്തോഷവതികളാണെന്നു കാണിക്കാനോ ആയിരിക്കാം അതൊക്കെ അവിടെ സ്ഥാപിച്ചിരിക്കുക.ഈ കളി സാധനങ്ങള്‍ ആണ് നീനുവിനെയും ഇങ്ങോട്ട് ആകര്‍ഷിച്ചത്. എന്നും അതിനു മുകളില്‍ ഇഷ്ടം പോലെ കയറി കളിക്കാം എന്ന് ആഗ്രഹിച്ചപ്പോള്‍ അവള്‍ക്കു അറിയില്ലായിരുന്നു അത് വ്യവസായത്തിന്റെ ഭാഗമായുള്ള സ്മാരകങ്ങള്‍ മാത്രമാണെന്ന്.
         ആ ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും വാര്‍ഡന്‍ അടക്കം മറ്റു കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിന്റെയും ഇടയിലായി ഒരു റൂബിക്ക മരം ഉണ്ടായിരുന്നു. അത് അവരാരെങ്കിലും നട്ടതാണോ അതോ തനിയേ വളര്‍ന്നു വന്നതാണോ എന്നൊന്നും അറിയില്ല. അതിന്റെ അരികിലെ തിണ്ണയിലിരുന്നാണ് എന്നും വയ്കുന്നെരങ്ങളില്‍ ഓമനചേച്ചി കുട്ടികളുടെ തലയില്‍ പേന്‍ നോക്കുകയും തല മുടി കോതി കെട്ടി തരുകയും ചെയ്തിരുന്നത്. കുറച്ചു കുട്ടികളെ വീതം ഗ്രൂപ്പ്‌ ആയി തിരിച്ചു അവര്‍ക്ക് ഒരു ആയ ഉണ്ടായിരുന്നു.നീനുവിന്റെ അടക്കം പത്തു കുട്ടികളുടെ ആയ ആണ് ഈ ഓമനചേച്ചി.
    പേന്‍ നോക്കാന്‍ തല വലിച്ചു പറി ക്കുന്നതിനിടെ ഓമനേച്ചി നല്ല കഥകള്‍ പറയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും   കഥകള്‍,യേശുവിന്റെ കഥകള്‍,നന്മയുടെ കഥകള്‍.അങ്ങനെ പത്തു കുട്ടികളുടെയും തല ചീകി കെട്ടുന്നത് വരെ ഓമനേച്ചിയുടെ നാവു വെറുതെ ഇരിക്കില്ല. ഞങ്ങള്‍ ഒക്കെ മുജന്മ ഗുണം കൊണ്ട് നല്ല വീട്ടിലെ കുട്ടികളായി ജനിച്ചെന്നും ചേച്ചി എന്തോ പാപ ഫലമായി ഒന്നുമില്ലാത്ത ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചെന്നും ഇനി ഗുണം കിട്ടാന്‍ കര്‍ത്താവിനെ മാത്രം കരുതി നല്ലത് ചെയുക ആണെന്നും എപ്പോളും പറയും.വൃത്തിയുണ്ടാവാന്‍ നല്ല കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം കാര്യമില്ല എന്ന തത്വത്തില്‍ ആ സംസാരം അവസാനിക്കും. 
"നല്ല കുടുമ്മത്തില്‍ ജനിച്ചാ പോരാ വിര്ത്യാ വേണം. അല്ലെങ്കി ഇതേ പോലെ പേനും ജന്തുകളും അങ്ങട് കേറും.നിങ്ങള്ക്കൊക്കെ എന്തുട്ടിന്റെ കൊറവാ.തല ഇമ്മാതിരി ജന്തുക്കള്‍ക്ക് തീറു കൊടുത്തെക്കണ്".ഇതും പറഞ്ഞു അവസാനം ഒരു മുടി ചീകല്‍ ഉണ്ട്.നല്ല ജീവന്‍ പോകും. എങ്കിലും കഥ കേള്‍ക്കാനുള്ള സന്തോഷത്തില്‍ അതെല്ലാം നീനുവിനു സഹിക്കാവുന്നതായിരുന്നു. ഓരോ ദിവസത്തെയും ആ വയ്കുന്നെരത്തിനായി നീനു കാത്തിരുന്നു.എന്നും പേനുകളെ തിരഞ്ഞു പിടിച്ചു കൊന്നിരുന്നെങ്കിലും ഓമനേച്ചിക്ക് വേണ്ടി എന്നോണം അത്രയും പേന്‍ പിന്നെയും പത്തു തലകളിലും വളര്‍ന്നു കൊണ്ടിരുന്നു. റൂബിക്ക മരത്തിനരികിലായി കാറ്റും കൊണ്ട് കഥകളും കേട്ടിരിക്കുമ്പോഴായിരുന്നു  അന്നാളുകളില്‍ നീനു ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത്. ഓമനേച്ചിയുടെ കഥകളിലൂടെ യേശു അവള്‍ക്ക് മുന്നില്‍ പുനരവതരിച്ചു. യേശുവിന്റെ കഥകളിലൂടെ ആണ് സഹന ശക്തിയും ഇച്ഹാശക്തിയും എന്താണെന്ന് അവള്‍ പഠിച്ചത്.
      റൂബിക്ക മരത്തില്‍ നിറയേ ചുവന്ന ഭംഗി ഉള്ള കായ്കള്‍ ഉണ്ടാകുമത്രേ .പക്ഷേ ആ റൂബിക്ക മരം ഒരിക്കലും കായ്ച്ചില്ല. ഓരോ ജന്മത്തിനും ഓരോ ഉദേശങ്ങള്‍ ഉണ്ട് പക്ഷേ ചില ജന്മങ്ങള്‍ ഇങ്ങനെ പാഴ്മരങ്ങള്‍ ആകും എന്ന് റൂബിക്ക മരത്തെ നോക്കി പറഞ്ഞു ഓമനേച്ചി നെടുവീര്‍പ്പിടും.
" എന്തൂട്ടിനു റൂബിക്ക എന്‍റെ കാര്യം നോക്ക്..വെര്‍തെ പന പോലെ വളര്‍ന്നെന്നല്ലാതെ. ഓരോ പാപണ്".
"മനേച്ചി ഞങ്ങള്‍ടെ പുന്നാര ചേച്ചി അല്ലെ.എന്തൊക്കെ ചെയ്യുന്നുണ്ട് .ഞങ്ങളെ നോക്കുന്നിലേ..ഞങ്ങളുടെ തലയിലെ പേന്‍ പിടിക്കുന്നില്ലേ.."കുട്ടികള്‍ ഒന്നടങ്കം ഓമനേച്ചിയെ സന്തോഷിപ്പിക്കാന്‍ പറയും .
"ഉണ്ട്..ഉണ്ട്..ഇതിനൊക്കെ വല്ല ഓര്‍മേം ഉണ്ടായാ മതിയര്‍ന്നു എന്റെ മാതാവേ.."അതും പറഞ്ഞു ഓമനേച്ചി മാതാവിനെ കണ്ടപോലെ മുകളിലേക്ക് നോക്കും .
        അങ്ങനെ അന്നത്തെ വയ്കുന്നേരങ്ങളില്‍ ഞങ്ങള്‍ പല വാക്കുകളും ഓമനേച്ചിക്ക് കൊടുത്തു.വലുതായാല്‍ ഓമനേച്ചിയെ കാണാന്‍ വരാം എന്നും വരുമ്പോള്‍ ഓമനേചിക്ക് പ്രിയപ്പെട്ട ചുവന്ന സാരി കൊണ്ട് വരാം എന്നും നീനുവും വാക്ക് കൊടുത്തു. അവള്‍ കൊണ്ട് വന്നു കൊടുത്ത ചുവന്ന സാരി ഉടുത്തു സന്തോഷവതിയായ ഓമനേച്ചിയെ പലപ്പോഴും നീനു സ്വപ്നം കണ്ടു. പാലിക്കപെടാനാവാത്ത പല വാക്കുകളുടെ കൂട്ടത്തില്‍ ഒരു സങ്കടമായി ആ സാരി നീനുവിന്റെ മനസ്സില്‍ കിടക്കുന്നു.ഇപ്പോള്‍ ഓമനചേച്ചി എവിടെ ആണെന്ന് അറിയില്ല. അന്ന് ഓമനേച്ചിയെ കാണാന്‍ ചെല്ലാം എന്ന് പറഞ്ഞ കുട്ടികള്‍ അവരെ ഒരിക്കലെങ്കിലും ചെന്നു കണ്ടോ എന്ന് അറിയില്ല . ഓമനേച്ചി അവരെ ഓര്‍ക്കുന്നോ എന്ന് കൂടി അറിയില്ല.പക്ഷേ നീനു ഓര്‍ക്കുന്നു, നിറയെ ചുവന്ന റൂബിക്കകള്‍ കായ്ച്ചു നില്‍ക്കുന്ന റൂബിക്ക മരത്തിനു താഴെ ചുവന്ന സാരി ചുറ്റി സന്തോഷത്തോടെ നില്‍ക്കുന്ന ഓമനേച്ചിയെ സ്വപ്നം കാണുന്നു

Wednesday, July 11, 2012

ഒരു പാതിരാ എഴുത്തിന്റെ കഥ


          രാത്രി സമയം പത്തര ആയിട്ടും ഉറങ്ങാന്‍ കിടന്ന എനിക്ക് തീരെ ഉറക്കം വരുന്നില്ല.കാരണം കുറച്ചു ദിവസങ്ങളായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്.വാക്കുകള്‍ക്കു ക്ഷാമം, ആശയത്തിനും ക്ഷാമം!. ഇനി എഴുത്ത് മെച്ചപ്പെടുത്തണം എന്ന് ഉദ്ദേശിച്ചതുകൊണ്ടാണോ എന്നറിയില്ല വാക്കുകളും ആശയങ്ങളും തെന്നിമാറി പോകുന്നു. എന്തായാലും ഇപ്പോള്‍ എഴുതാന്‍ പറ്റിയ സമയം ആണ്. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു നിശബ്ദതയില്‍ വാക്കുകളെ തേടിപ്പിടിക്കാന്‍ എളുപ്പം ആകും. ഇതെല്ലാം ആലോചിച്ചു കിടക്കയില്‍ എഴുന്നേറ്റു ഇരുന്ന എന്നോട് പതിദേവന്‍  ചോദിച്ചു  . " നിനക്ക് രാത്രി പതിനൊന്നായിട്ടും  ഉറക്കം ഇല്ലേ! എന്ത് ആലോചിച്ചു ഇരിക്കുകയാ? "
"ഉറക്കം വരുന്നില്ല. ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ട് വരാം." ഇതും പറഞ്ഞു ഞാന്‍ പേനയും റൈറ്റിംഗ് പാഡും  എടുത്തു എന്റെ പ്രിയപ്പെട്ട കസേരക്കരികിലേക്ക് നടന്നു.
"ദൈവമേ ! കാത്തോളനെ " എന്നും പറഞ്ഞു പതി  തല മൂടി കട്ടിലിലേക്ക് ചെരിഞ്ഞു.

         ഉറക്കം കളഞ്ഞു  എഴുതാനിരുന്നു ഏകദേശം മണിക്കൂര്‍ ഒന്നായിക്കാണും എന്നിട്ടും ഒരു നല്ല വാക്കുകളെയും കാണാന്‍ ഇല്ല.എല്ലാവരും സമരം പ്രഖ്യാപിച്ചോ? കുറച്ചു കടിച്ചാല്‍ പൊട്ടാത്ത വാക്കുകളെങ്കിലും സംഘടിപ്പിക്കണം. അത് കരുതി തല ഒന്ന് ചെരിച്ചു നോക്കിയപ്പോള്‍ അതാ 'അനര്‍ഖ നിര്‍ഗളം'  അതിലൂടെ പാത്തും പതുങ്ങിയും പോകുന്നു. എന്നെ കണ്ടതോടെ ആള് ഓടാന്‍ തുടങ്ങി.ഒരുവിധം ഓടിച്ചിട്ടു പിടിച്ചപ്പോഴാതാ എന്റെ കാല്‍ക്കല്‍ വീണു അപേക്ഷിക്കുന്നു. " എന്റെ പൊന്നു എഴുത്തുകാരി എന്നെ പോകാന്‍ അനുവദിക്കണം. രണ്ടു മൂന്നു എഴുത്തുകാരുടെ കഥകളിലും ലേഖനങ്ങളിലും ചേര്‍ന്നത്‌ കാരണം ആളുകള്‍ പല്ലിറുമ്മി  ഞാന്‍ ഒരു പരുവമായി.അതുമാത്രമല്ല അത് വായിച്ചവര്‍ പറഞ്ഞ തെറിക്കു ഒരു അതിരും ഇല്ലാ. നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഇതൊന്നും കേള്‍ക്കണ്ടല്ലോ. തെറി പറഞ്ഞവര്‍  തന്നെ എഴുതിയ  നല്ല അഭിപ്രായങ്ങളും വായിച്ചു ഉടനെ പേനയും പിടിച്ചു ഇറങ്ങും .അപ്പോള്‍ എനിക്ക് ഒരു കാര്യം മനസിലായി ' വെറുതെ അല്ല എല്ലാ വാക്കുകളും ഒളിച്ചു നടക്കുന്നത് ! 
"നിങ്ങള്ക്ക് അറിയുമോ ഞാന്‍ ഇപ്പോള്‍ അന്ധര്മുഖന്റെ  വീട്ടില്‍ പോയാ വരുന്നത് .അവന്‍ എല്ല് നുറുങ്ങി കിടക്കുകയ. പിന്നെ ചക്ഷുശ്രവണഗളസ്തക്ക് വീടിനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ആണ്. ശരിക്കുള്ള അര്ത്ഥം മനസിലാക്കാതെ അവളെക്കുറിച്ചു ആളുകള്‍ എന്തോരം അപവാദങ്ങളാണ്  പറഞ്ഞു ഉണ്ടാക്കിയത്.  സമകാലീനനുമായുള്ള അവളുടെ കല്യാണംവരെ മുടങ്ങി" . നിര്‍ഗള കുമാരി ഇതും പറഞ്ഞു മുഖത്തെ വിയര്‍പ്പു അമര്‍ത്തി തുടച്ചു.
അപ്പോള്‍ അങ്ങനെയൊക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്.ഇനി അവളോട്‌ അപേക്ഷിക്കാന്‍ പറ്റില്ല. കല്യാണം മുടങ്ങി ഇരിക്കുന്ന അവളെ കൂടുതല്‍ വിഷമിപ്പിക്കുന്നതെങ്ങനെ. എല്ലാ വാക്കുകളുടെയും  സ്ഥിതി ഇങ്ങനെ അയാള്‍ ഞങ്ങള്‍ പാവം എഴുത്തുകാര്‍ എന്ത് ചെയ്യും. പണ്ട് ഉണ്ടായിരുന്നതിന്റെ നൂറു ഇരട്ടി ആണ് ഇപ്പോള്‍ എഴുത്തുകാര്‍... .മാത്രവുമല്ല സ്കൂളില്‍ പോലും നാലക്ഷരം എഴുതാത്തവര്‍ പോലും പേനയും എടുത്തു എഴുതാന്‍ ഇറങ്ങുന്ന കാലവും ആണ്.  ഞാന്‍ തലയില്‍ കയ്യും വച്ചു നിലത്തിരുന്നു.അപ്പോഴാണ് രണ്ടു വാക്കുകള്‍ എന്റെ തലയില്‍ കിടന്നു മിന്നിയത്. വില കൂടുതല്‍ ആണെങ്കിലും ഓരോ കിലോ വീതം ഓറഞ്ചും ആപ്പിളും വാങ്ങി ഉടനെ അവരുടെ വീട്ടിലേക്കു പുറപ്പെട്ടു.
സസ്യശ്യാമളയും ക്ഷിപ്രകോപിയും കൂടി അലക്കാനുള്ള തുണികളുമായി പുഴയിലേക്ക് നടക്കുന്നതിനിടക്കാണ് ഓറഞ്ചും ആപ്പിളും ഉള്ള കവറും പിടിച്ചു വരുന്ന എന്നെ കണ്ടത്.
എന്നെ കണ്ടതും " ദെ ആ വരുന്നത് ഒരു ബ്ലോഗിനി ആണ്.പിടി കൊടുക്കാതെ രക്ഷപെടാന്‍ നോക്ക്" എന്നും പറഞ്ഞു ഭൂതത്തെ കണ്ട പോലെ രണ്ടും ഓടാന്‍ തുടങ്ങി. ഒരുവിധം ഓടിച്ചിട്ട്‌ പിടിച്ചു രണ്ടു കവറും കയ്യില്‍ ഏല്‍പ്പിച്ചു ഒന്ന് സോപ്പിട്ടു കൂടെ കൂട്ടാം എന്ന് വച്ചപ്പോള്‍ ഇതാ രണ്ടും കാല്‍ക്കല്‍ കിടക്കുന്നു. " എന്റെ ബ്ലോഗിനി...എഴുത്തുകാരെ പേടിച്ചു രണ്ടു ആഴ്ച ആയി അലക്കീട്ടും കുളിച്ചിട്ടും. അതുകൊണ്ട് കുളിക്കാന്‍ അനുവദിക്കാതെ ഞങ്ങളെ പിടിച്ചു ബ്ലോഗില്‍ ഇട്ടാല്‍ കഥ നാറി പിന്നെ നിങ്ങളുടെ ബ്ലോഗില്‍ ആരും കയറുലാ" 
അത് ശെരിയാണ്‌. ,ഞാന്‍ ഒരു അനോണി അല്ലാത്തതിനാലും ഫേസ് ബുക്കില്‍ എന്റെ യഥാര്‍ത്ഥ പേര് തന്നെ ആയതിനാലും എനിക്ക് മറ്റു അനോണികളെ അപേക്ഷിച്ച് വായനക്കാര്‍ കുറവാണു. ഇതൊക്കെ മനസിലാക്കുന്നതിനു മുന്‍പ് ബ്ലോഗ്‌ തുടങ്ങിയതിന്റെ കുഴപ്പം ആണ്. എന്തായാലും രണ്ടും അലക്കി കുളിച്ചു വരട്ടെ. എന്നിട്ട് പിടികൂടാം.
അവരെ വിട്ടു ഞാന്‍ മെല്ലെ റോഡിലെക്കിറങ്ങിയപ്പോഴതാ  ജാഥയായി ബാനറും പിടിച്ചു കുറേ വാക്കുകള്‍ റോഡിലൂടെ പോകുന്നു. എന്നെകണ്ടതും "ഇത ഒരു ബ്ലോഗിനി..പിടിക്കടാ അവളെ " എന്നും പറഞ്ഞു ഞാന്‍ തേടി നടന്ന വാക്കുകള്‍ എല്ലാംകൂടി എന്നെ പിടിക്കാനായി ഓടി വരുന്നു. പൊതുവേ ഓട്ടത്തിന് പിന്നോക്കവും ഓടാന്‍ മടിച്ചിയും ആയ എന്നെ എല്ലാ വാക്കുകളും കൂടി ഏകദേശം രണ്ടു കിലോമീറ്റെറോളം ഓടിച്ചു. അവസാനം എല്ലാം കൂടി എന്നെ പിടി കൂടുമെന്നായപ്പോള്‍ ഞാന്‍ ഉറക്കെ അലറി വിളിച്ചു
 "രക്ഷിക്കണേ ...രക്ഷിക്കണേ ..എല്ലാറ്റയും കൂടി എന്നെ പിടിക്കാന്‍ വരുന്നേ"  
അപ്പോഴാതാ വേറെ ആരൊക്കെയോ കരയുന്ന ശബ്ദം. അത് എന്റെ മക്കളല്ലേ. അവരെയും വാക്കുകള്‍ പിട്ച്ചോ? പെട്ടന്ന് മഴ പെയ്ത പോലെ വെള്ളത്തുള്ളികള്‍ എന്റെ മുഖത്തു വീണു.പതുക്കെ കണ്ണ് തുറന്നു നോക്കിയപ്പോള്‍  ഒരു കോപ്പയില്‍ വെള്ളവുമായി  ഭര്‍ത്താവും  കരഞ്ഞു കൊണ്ട്  രണ്ടു മക്കളും എന്റെ  അടുത്ത് നില്‍ക്കുന്നു.
"എന്തിനായിരുന്നു എഴുത്തുകാരി കരഞ്ഞത്? കഥ കിട്ടഞ്ഞിട്ടാണോ? പതിദേവന്‍ പകുതി ദേഷ്യത്തില്‍ ചോദിച്ചു.
"അല്ല ..വാക്കുകള്‍ എല്ലാം കൂടി എന്നെ ഓടിച്ചിട്ട്‌ അടിക്കാന്‍ വന്നു" ഞാന്‍ ചമ്മലോടെ പറഞ്ഞു .
" രാത്രി നേരത്ത് ഉറങ്ങാന്‍ സമ്മതിക്കാതെ ഇങ്ങനെ ഉപദ്രവിച്ചാല്‍ വാക്കുകള്‍ വരെ ഓടിച്ചിട്ട്‌ തല്ലും എന്ന് ഇപ്പോള്‍ മനസിലായല്ലോ?" എങ്കില്‍ ഉറങ്ങാന്‍ വാ" അതും പറഞ്ഞു പതി ഉറങ്ങാന്‍ നടന്നു.
അതും കേട്ടു  ഞാന്‍ എന്റെ മക്കളെയും പിടിച്ചു ചമ്മി തലതാഴ്ത്തി മന്ദമധുരസ്മിതത്തോടെ ഉറങ്ങാനായി മുറിയിലേക്ക് നടന്നു.


Tuesday, July 3, 2012

മനസ് പറഞ്ഞത് ( കുഞ്ഞുചിന്തകള്‍ )



          തിങ്കളാഴ്ച സാമൂഹ്യപാഠം പരീക്ഷ ഉണ്ട്. ലില്ലി ടീച്ചര്‍ ആണ്.മാര്‍ക്ക് കുറഞ്ഞാല്‍ ചൂരല് കൊണ്ട് കൈ അടിച്ചൊടിക്കും. ആ ടീച്ചര്‍ക്ക് പണ്ട് ഇതുപോലെ കുറേ അടി കിട്ടീട്ടുണ്ടാകും.അത് ഞങ്ങള്‍ക്കൊക്കെ തരുകയാണെന്ന സുമി പറഞ്ഞത് .അവളു  പറയുന്നത് ശെരിയാകും . പഠിക്കാത്തവരാകും  സാമൂഹ്യപാഠം ടീച്ചര്‍മാരാകുക. ടീച്ചരുടെ ഭര്‍ത്താവ് കള്ളു കുടിക്കും എന്നും സുമി പറഞ്ഞു. ഇത്തവണ എന്നെ അടിച്ചാല്‍ ഞാന്‍ ഉറപ്പായും കൃഷ്ണനോട് പ്രാര്‍ത്ഥിക്കും ടീച്ചര്‍ക്ക് ഭര്‍ത്താവിന്റെ അടുത്തുന്നു നാല് അടി കിട്ടാന്‍. ..........  അടിയുടെ വേദന ഒന്ന് മനസിലാവട്ടെ.ചൂരല് കൊണ്ട് കയ്യില് അടി കിട്ടിയാല്‍ നല്ല വേദന ആണ്. കാലിലാണെ ങ്കില്‍ നാണക്കേടാ.അടി കിട്ടിയ പാട് മായാതെ കിടക്കും .സ്കൂളിലെ കുട്ടികള്‍ മുഴുവന്‍ അത് കാണും.അന്ന് സുമിക്ക് ക്ലാസില് വഴക്കുണ്ടാക്കിയതിനു ടീച്ചറുടെ അടുത്തുന്നു കാലില് അടികിട്ടി .അത് രണ്ടാഴ്ച മായാതെ കിടന്നു.
           ഇന്നലെ രാവിലെ സ്കൂളിന്നടുത്തുള്ള തൊടിയിലെ ജാതിക്ക മരത്തില്‍ ജാതിക്ക നില്‍ക്കുന്നത് ബിന്ദു ആണ് എനിക്ക് കാണിച്ചു തന്നത്.ഞാന്‍ ആദ്യായിട്ട ജാതിക്ക കാണുന്നത്. അത് തിന്നാന്‍ പറ്റുമോ എന്നറിയാനാണ് മതിലിന്റെ മുകളില്‍ കയറി അത് പറിക്കാന്‍ നോക്കീത് . എന്നിട്ടെന്താ ..ജാതിക്ക കിട്ടീം ഇല്ല രണ്ടു അടീം കിട്ടി.അതും കാലില്.ഏതു നേരത്താണാവോ ആ ലില്ലി ടീച്ചര്‍  അത് കണ്ടത്. 'മറ്റുള്ളവരുടെ തൊടിയിലെ കായ പറയ്ക്കും അല്ലെ...' എന്നും ചോദിച്ചു നാല് അടി. കാലില് തണര്‍ത്തു കിടക്കുന്നു നാല് വരകള്‍. .  ..കുശുമ്പി ബിന്ദു എല്ലാരുടെയും മുന്നില്‍ വച്ചു കളിയാക്കീതു എനിക്ക് സഹിച്ചില്ല. അവള്‍ ഇത്തവണ സാമൂഹ്യപാടത്തിനു തോല്‍ക്കും.കിട്ടട്ടെ അവള്‍ക്കും ഇതുപോലെ കാലില് നാലടി.ടീചെര്‍ക്കും കിട്ടണം ഇതുപോലെ അടി വല്ലവരുടെയും അടുത്തു നിന്നും അപ്പോഴെ വേദന മനസിലാവു. 
രാവിലെ സ്കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍  വെര്‍തെ ഒന്ന് കാലില് നോക്കിയതാ. അടിയുടെ പാടുകള്‍ അതേ പോലെ കിടക്കുന്നു. ഇന്നും കുട്ടികള്‍ കളിയാക്കിയതു തന്നെ. അത് മാത്രമല്ല കളിക്കാനായി പുറത്തു പോകാനും പറ്റില്ല..പോയാല്‍ മറ്റു ക്ലാസിലെ കുട്ടികളും കാണില്ലേ! എന്ത് ചെയ്യും? പനി ആണെന്ന് നുണ പറയാം എന്ന് കരുതി തലേല് കൈയ്യു വച്ചു നോക്കിയപ്പോ പച്ച വെള്ളം പോലെ തണുത്തു ഇരിക്കുന്നു തല.ഇനി എന്ത് ചെയ്യും. പോകാതെ വേറെ നിവൃത്തി ഇല്ലാത്തതിനാല്‍ മെല്ലെ ബാഗും പിടിച്ചു സ്കൂളിലേക്ക് പുറപ്പെട്ടു.
          അന്ന് രണ്ടാമത്തെ പീരീഡ്‌ സാമൂഹ്യപാഠം ആണ്. സാധാരണ ബെല്‍ അടിക്കുന്നതിനു മുന്‍പ് തന്നെ ക്ലാസിനു പുറത്തു നില്‍ക്കാറുള്ള ലില്ലി ടീച്ചറെ ഇന്ന് കാണാന്‍ ഇല്ല. കുറച്ചു കഴിഞ്ഞു ലില്ലി ടീച്ചര്‍ക്ക് പകരം വന്ന ടീച്ചര്‍ ആണ് പറഞ്ഞത് ലില്ലി ടീച്ചര്‍ സുഖം ഇല്ലാതെ ലീവ് എടുത്തിരിക്കുകയാണ് എന്ന്‍. . അപ്പോള്‍ കുട്ടികളൊക്കെ എന്നെ നോക്കി.  എന്നെ അടിച്ചത് കൊണ്ടാണ് ടീചെര്‍ക്ക് അസുഖം വന്നതെന്ന് എല്ലാവരും കൂടി ഉറപ്പിച്ചു. വെറുതെ കാര്യം ഇല്ലാതെ കുട്ടികളെ അടിച്ചാല്‍ ദൈവത്തിന് കോപം വരും. അപ്പോള്‍ അസുഖം കൊടുക്കും അടിച്ചവര്‍ക്ക്. ദൈവകാര്യങ്ങളില്‍ ഒക്കെ വലിയ വിവരം ഉള്ള സൌമ്യ  പറഞ്ഞതാ. പക്ഷേ എനിക്ക് സങ്കടം തോന്നി. എന്നെ അടിച്ചെങ്കിലും ടീച്ചര്‍ക്ക് അസുഖം കൊടുക്കാന്‍ ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിച്ചില്ലല്ലോ.. പ്രാര്‍ഥിച്ചു ഭണ്ടാരത്തില്‍ പൈസ ഇട്ട പല കാര്യങ്ങളും ദൈവം സാധിച്ചു തന്നിട്ടില്ല. അപ്പോള്‍ എന്നെ അടിച്ചതിനു ടീച്ചര്‍ക്ക് ദൈവം അസുഖം കൊടുക്കാന്‍ വഴി ഇല്ല.
 അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു മുഖത്തും കൈകളിലും അടിയുടെ പാടുമായി ടീച്ചര്‍ ക്ലാസില്‍ വന്നു. എനിക്ക് അത് കണ്ടു വലിയ സങ്കടം ആയി. 'ഞാന്‍ എങ്ങാന്‍ അറിയാതെ പ്രാര്‍ത്ഥിച്ചു ദൈവം അടിച്ചതാകുമോ??' ടീച്ചറോട് ചോദിക്കാം.
ഞാന്‍ പതുക്കെ തലയും താഴ്ത്തി ഇരിക്കുന്ന ടീച്ചെരുടെ അടുത്തെത്തി.
 "ടീച്ചറെ ..ദൈവം ആണോ ടീച്ചറെ അടിച്ചേ?? സത്യായിട്ടും ഞാന്‍ പ്രാര്‍ഥിചിട്ടില്ലട്ടോ" അതും പറഞ്ഞു ഞാന്‍ ടീച്ചറുടെ മുഖത്ത് നോക്കി.ടീച്ചര്‍ കരയുകയായിരുന്നു. 
"മോളെ ഞാന്‍ അടിച്ചത് തെറ്റ് ചെയ്തിട്ടല്ലേ. അന്യന്റെ മുതല് ആഗ്രഹിക്കരുത്. ഉടമയോട് ചോദിക്കാതെ ഒന്നും എടുക്കരുത്. അങ്ങനെ എടുത്താല്‍ അത് കളവാകില്ലേ?.എനിക്ക് വേറെ കുട്ടികള്‍ ഇല്ല.നിങ്ങള്‍ ആണ് എന്റെ കുട്ടികള്‍ .എന്റെ കുട്ടികള്‍ കള്ളന്മാരകുന്നത് എനിക്കിഷ്ടം അല്ല." അതും പറഞ്ഞു ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു.
എനിക്ക് അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു സ്നേഹം ടീച്ചറോട് തോന്നി.ടീച്ചര്‍ നല്ലവളാണ്. നല്ലവരെ ദൈവം അടിക്കില്ല. പിന്നീട് ടീച്ചറുടെ അയല്‍വാസിയായ സൌമ്യ പറഞ്ഞു ടീച്ചറെ ദൈവം അടിച്ചതോന്നും അല്ല ഭര്‍ത്താവ് കള്ളും കുടിച്ചു വന്നു അടിച്ചതാണ് എന്ന്‍. . പാവം ടീച്ചര്‍!!!
 അന്ന് മുതല്‍ ഞാന്‍ ലില്ലി ടീച്ചറുടെ പ്രിയ ശിഷ്യ ആയി മാറി. ഇന്റര്‍വെല്‍ സമയത്ത് വെറുതെ ടീചെരുടെ അടുത്ത് പോയി നില്‍ക്കല്‍ എന്റെ പതിവായി. അടുത്ത് സംശയം ചോദിയ്ക്കാന്‍ എന്ന പോലെ ചെല്ലുന്ന എന്നെ ടീച്ചര്‍ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു ബാഗില്‍ എനിക്കായി കരുതിയ പലഹാര പൊതി തരും. എന്നിട്ട് സ്നേഹത്തോടെ കുറെ ഉപദേശങ്ങള്‍ തരും. 'ആരെയും സ്വന്തം മനസിനെക്കാള്‍ കൂടുതല്‍ വിശ്വസിക്കരുത്.ഉത്തരം മുട്ടുമ്പോള്‍ സ്വന്തം മനസിനോട് ചോദിക്കു. അപ്പോള്‍ മനസു പറയുന്ന തീരുമാനം ശെരിയായിരിക്കും.' എന്ന് ഒരിക്കല്‍ എന്തോ സംശയം ചോദിച്ച എന്നെ ചേര്‍ത്ത് നിര്‍ത്തി ടീച്ചര്‍ പറഞ്ഞു. 
       പിന്നീട് ഒരു ആഴ്ച ടീച്ചര്‍ സ്കൂളില്‍ വന്നില്ല. എനിക്ക് ആകെ സങ്കടം ആയി. എന്നും സ്റ്റാഫ്‌ റൂമില്‍ പോയി പലഹാരവും ആയി തിരിച്ചു വരുമ്പോള്‍ മറ്റു കുട്ടികള്‍ എല്ലാം എന്നെ ആരാധനയോടെ നോക്കിയിരുന്നു. തിങ്കളാഴ്ച്ച  ടീച്ചര്‍ ഇന്ന് സ്കൂളില്‍ വരണേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ സ്കൂളിലേക്ക് പുറപ്പെട്ടു. ഭാഗ്യം പ്രാര്‍ത്ഥന ഫലിച്ചു .സ്കൂള്‍ ഗയിറ്റിനടുത്ത് ടീച്ചര്‍ നില്‍ക്കുന്നു. നല്ലോണം ക്ഷീണിച്ചിട്ടുണ്ട് . കണ്ണുകള്‍ ഒക്കെ കരഞ്ഞു ചുവന്നിരിക്കുന്നു. 
"ടീച്ചര്‍ക്ക് പനി ആയിരുന്നോ? " ഞാന്‍ ടീച്ചറോട് ചോദിച്ചു.
"ഇനി ഒന്നും എനിക്ക് വരാനില്ല മോളെ.അന്ന് നിന്നോട് പറഞ്ഞ പോലെ എന്റെ മനസ് പറയുന്നത് ഞാന്‍ കേള്‍ക്കാന്‍ പോകുന്നു."
അതും പറഞ്ഞു ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു.
" അപ്പോള്‍ ടീച്ചര്‍ക്ക് സംശയം വന്നോ?" ഞാന്‍ ആ കണ്ണുകള്‍ തുടക്കാന്‍ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
" സംശയം ഒക്കെ തീര്‍ന്നു മോളെ. നിങ്ങളെ ഒക്കെ കാണാന്‍ വേണ്ടി വന്നതാ ഇന്ന്. എല്ലാവരെയും കണ്ടിട്ട് ഞാന്‍ പോകും.മോള് വിഷമിക്കരുത്. ടീച്ചറെ തെറ്റിദ്ധരിക്കരുത്." അതും പറഞ്ഞു ടീച്ചര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു.
ഞാന്‍ ക്ലാസില്‍ ച്ചെന്നു ഈ വിശേഷം എല്ലാവരോടും പറഞ്ഞു.അപ്പോള്‍ സൌമ്യ പറഞ്ഞു ടീച്ചറുടെ വയറ്റില്‍ വാവ ഉണ്ടായിരുന്നത്രേ. അതിനെ ആസ്പത്രിയില്‍ പോയി കൊന്നു എന്ന്‍. . .അത് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല..
'കുട്ടി ഇല്ലാത്തതില്‍ നല്ലോണം സങ്കടപ്പെടുന്ന ടീച്ചര്‍ ഒരിക്കലും കുട്ടിയെ കൊല്ലില്ല".ഞാന്‍ ദേഷ്യത്തോടെ സൌമ്യയോട് പറഞ്ഞു.
അന്ന് വയ്കുന്നേരം സ്കൂളില്‍ നിന്നും വന്നു ഞാന്‍ ചിപ്സും തിന്നു മുറ്റത്ത്‌ കൂടി നടക്കുകയായിരുന്നു . 
അപ്പോള്‍ അമ്മുവമ്മ അമ്മമ്മയോടു പറയുന്നത് ഞാന്‍ കേട്ടത്. " ഇങ്ങള് കേട്ടോ ഇന്റെ ദേവകിയെമേ...നമ്മടെ ലില്ലി ടീച്ചര് കെട്ടിയോനെ വെട്ടിയാ കൊന്നത്രേ. ഇപ്പൊ പോലീസും പട്ടാളോം ഒക്കെ വന്നു മൂപ്പത്തിയാരെ ജീപ്പില്‍ കയറ്റി കൊണ്ടോയി.കഷ്ടായി..എന്നാലും ആ മൂപ്പിലാന്‍ ആയമ്മയെ ഉപദ്രവിച്ചതിനു കയ്യും കണക്കും ഇല്ലായിരുന്നു."
അത് കേട്ടിട്ടു  എനിക്ക് സങ്കടാണോ പേടി ആണോ വന്നത് എന്ന് എനിക്ക് അറിയില്ല. അപ്പൊ ഇനി ടീച്ചര്‍ സ്കൂളില്‍ വരില്ലേ?.പോലീസു  പിടിച്ചാല്‍ പിന്നെ ജയിലില്‍ കിടക്കേണ്ടി വരില്ലേ.എന്റെ കണ്ണില്‍ നിന്നും കുറെ വെള്ളത്തുള്ളികള്‍ വീണു കൊണ്ടിരുന്നു.
" ടീച്ചറുടെ വയറ്റിലെ നാല് ജീവനെ അല്ലെ അയാള് കൊലക്ക് കൊടുത്തത്. പെണ്‍കുട്ടി ആണ് എന്ന്  അറിയുന്നതും കുട്ടികളെ കൊല്ലിക്കുകയല്ലായിരുന്നോ ആ കംസന്‍ .ആ ടീച്ചര്‍  ഇനി ഈ ജന്മം അനുഭവിക്കാന്‍ ബാക്കി ഒന്നും ഇല്ലന്നെ.കള്ളും കുടിച്ചു വന്നു ആ നസ്രാണി ഈ പാവത്തിനെ എടുത്തു തല്ലുന്നത്‌ എത്ര കണ്ടിരിക്ക്ണ് .ആയമ്മ അയാളെ കൊന്നതില് ഒരു അത്ബുധവും ഇല്ല" .നാരായണി ദേഷ്യത്തില്‍ അമ്മുവമ്മയോടു പറഞ്ഞു.
അപ്പോള്‍ ഇതാണ് ടീച്ചര്‍ മനസ് പറഞ്ഞ തീരുമാനം എടുക്കുന്നു എന്ന് പറഞ്ഞത്. 
"സ്വന്തം കുട്ടികളെ ഭൂമിയില്‍ പിറക്കാന്‍ അനുവദിക്കാത്തവന്‍ ജീവിക്കാന്‍ യോഗ്യന്‍ അല്ല".അപ്പോള്‍ എന്റെ മനസ് പറഞ്ഞു. ടീച്ചര്‍ ചെയ്തത് ശെരിയാണ്. തെറ്റായി ഒന്നും ചെയ്യാന്‍ എന്റെ ലില്ലി ടീച്ചര്‍ക്ക് ആവില്ല.