Sunday, February 26, 2012

കര്‍ണ്ണാടകയിലൂടെ ഒരു തീര്‍ഥയാത്ര -2 (നയനമനോഹരമായ മുരുഡേശ്വേര്‍


നയനമനോഹരമായ മുരുഡേശ്വേര്‍    

           ഉച്ചമയക്കത്തിനു ശേഷം ചൂട് ചായയും വടയും കഴിച്ചു ഞങ്ങള്‍ അടുത്ത യാത്രക്കായി തയ്യാറായി.വണ്ടിയുമായി നമ്മുടെ കര്‍ണാടക മലയാളി തയ്യാറായി നില്‍പ്പുണ്ട്. ഈ യാത്ര മുരുഡേശ്വരിലേക്ക് .കൊല്ലുരിനടുത്തുള്ള ബട്ട്കല്‍ താലൂക്കിലാണ് പ്രസിദ്ധമായ മുരുഡേശ്വര  ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് . കണ്ടുക കുന്നിനു മുകളിലായുള്ള ഈ ക്ഷേത്രത്തിന്റെ മൂന്നുവശങ്ങളും അറബിക്കടലനിലാല്‍ ചുറ്റപെട്ടിരികുന്നു.താഴെനിന്നും പല തട്ടുകളായി പറന്നു കിടക്കുന്ന അമ്പലങ്ങളും വലിയ സുന്ദര ശിവപ്രതിമയും, മറ്റു പ്രതിമകളും ,പുല്‍മേടുകളും, മ്യുസിയവും ,ചുറ്റുമുള്ള നീലക്കടലും നിങ്ങളില്‍ അത്ബുധമുളവാക്കും.ഇവിടെ ഭക്തിയെക്കാളേറെ അത്ഭുതവും സന്തോഷവും ആണ് നിങ്ങള്‍ക്ക്‌ അനുഭവപ്പെടുക.ഇതൊരു നല്ല പിക്നിക്‌ സ്പോട്ട് ആയാണ് എനിക്ക് തോന്നിയത്.
രാജഗോപുരം 
                                                        ക്ഷേത്ര ഗോപുരം 
         അതിമനോഹരമായ കൊത്തുപണികളോട് കൂടിയ ഇരുപതു നിലകളുള്ള ക്ഷേത്ര ഗോപുരം ഒരു മനോഹരമായ കാഴ്ചയാണ്. രാജ ഗോപുരത്തിന് മുന്നിലായി രണ്ടു വലിയ ആനകളുടെ പ്രതിമകള്‍... ..... .ഒരിഞ്ചു സ്ഥലം പോലും കൊത്തുപണികള്‍ ഇല്ലാതില്ല ഈ ഗോപുരത്തില്‍... .. . അത്രയും സൂക്ഷ്മവും സുന്ദരവുമായ കൊത്തുപണികളുള്ള, ഇരുനൂറ്റിമുപ്പത്തിഎഴു അടി ഉയരം ഉള്ള ഈ ഗോപുരം പണിയാന്‍ എത്ര ആളുകള്‍ എത്ര കാലം അധ്വാനിച്ചു കാണും.ഞാന്‍ കുറേ സമയം ആ കൊത്തുപണികള്‍ നോക്കി നിന്നു.ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുന്നതിനു മുന്പായി തിരിഞ്ഞു നിന്നു ഞാന്‍ ആ കൊത്തുപണികള്‍ക്ക്  പുറകിലുള്ള കരങ്ങളെ മനസ് കൊണ്ട് വണങ്ങി. "നിങ്ങള്‍  മഹാന്മാര്‍...., യഥാര്‍ത്ഥ കലാകാരന്മാര്‍!"" ".
                                            കവാടത്തിലെ ആനകള്‍ 
     ഗോപുരം കഴിഞ്ഞാല്‍ പല തട്ടുകളിലായാണ് പ്രതിഷ്ടകളുള്ള അമ്പലങ്ങള്‍ .ഏറ്റവും മുകളിലായാണ് ശിവ പ്രതിഷ്ഠ .അവിടെ തറനിരപ്പില്‍ നിന്നും രണ്ടടി താഴെയാണ് ശിവലിംഗ പ്രതിഷ്ഠ എന്നത് ഇവിടുത്തെ  ഒരു പ്രത്യേകത ആണ്. കൊത്തുപണികളാല്‍    മനോഹരമായ കവാടവും ചുമരുകളും വെണ്ണക്കല്‍ പ്രതിമകളും നിങ്ങളുടെ കണ്ണിനു മനൂഹരമായ കാഴ്ച സമ്മാനിക്കും.പ്രതിഷ്ടകളെല്ലാം നടന്നു കണ്ടു കഴിഞ്ഞാല്‍ ഏറ്റവും മുകളില്‍ നിന്നും താഴെ നോക്കി ആ സ്ഥലത്തിന്റെ  ഭംഗി മുഴുവനായും ആസ്വദിക്കാം.


പ്രൌഡഗംഭീരം ശിവം !

ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ശിവ പ്രതിമ ആണ് ഇവടെ ഉള്ളത്.(ഏറ്റവും വലിയ ശിവ പ്രതിമ നേപ്പാളിലാണ്‌/.) ) )))  ഈ പ്രതിമക്കു നൂറടി ഇരുപത്തി മൂന്ന് അടി ഉയരം ഉണ്ട്.ശിവന്റെ സൗന്ദര്യവും ഗാംഭീര്യവും ഈ പ്രതിമയില്‍ കൊത്തിവച്ചിരിക്കുന്നു. എത്ര നേരം ഞാനാ പ്രതിമ നോക്കി നിന്നു എന്ന് അറിയില്ല.തിരിച്ചു പോരുമ്പോള്‍ പാര്‍വതിയുടെ മാത്രമായ ശിവനെ  ഞാന്‍ മനസ്സില്‍ കൊണ്ടുപോന്നു. 
                                                        ശിവ പ്രതിമ 
           പിന്നെയും കുറെ പടവുകള്‍ കയറിയാല്‍ ശിവ പ്രതിമയുടെ അടിയിലായി  ഒരു മ്യുസിയം ഉണ്ട്.പുരാണ കഥാപാത്രങ്ങളുടെ ജീവസുറ്റ പ്രതിമകള്‍ നിറഞ്ഞ ഒരു മ്യുസിയം.ശിവന്റെയും മുരുടെശ്വര ക്ഷേത്രം ഉണ്ടായതിന്റെയും പുരാണ കഥ പ്രതിപാദിക്കുന്ന തരത്തില്‍ പ്രതിമകള്‍ വച്ചിരിക്കുന്നു.ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും പ്രതിമകളുടെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന കഥയും സൌണ്ട് എഫ്ഫക്ടുകളും  ലൈറ്റും എല്ലാം കാരണം ഒരു നാടകം കണ്ടിറങ്ങിയ പ്രതീതിയാകും അവിടെ നിന്നും ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുക. കൂടാതെ മുരുടെശ്വര ക്ഷേത്രത്തെ കുറിച്ചുള്ള പുരണ കഥയുടെ അറിവും  നിങ്ങള്‍ക്ക്‌ സ്വന്തം .


 
മ്യുസിയത്തില്‍ നിന്നും 
 അസ്തമനം 
കുന്നിന്മുകളില്‍ നിന്നു മനോഹരമായ സൂര്യാസ്തമനം കാണാം.കടലിലെ കറുപ്പും ചുവപ്പും പരന്ന  നീല ജലനിരപ്പില്‍ താഴ്ന്നു പോകുന്ന  ചുവന്ന സൂര്യന്‍! കടലില്‍ മുങ്ങിക്കുളിച്ചു തയ്യാറാവുന്നു നല്ലൊരു നാളെയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍.!! !..  അന്തിയാകുന്നതോടെ കടലില്‍  ദൂരെ നിന്നും തിരിച്ചു വരുന്ന വള്ളങ്ങളും, ബോട്ടുകളും,മുകളില്‍ ആകാശത്തില്‍  തങ്ങളുടെ കൂട്ടിലേക്ക് തിരിച്ചു പറക്കുന്ന പറവ കൂട്ടങ്ങളും നിങ്ങള്‍ക്ക്‌  മനോഹരമായ സായാഹ്നം സമ്മാനിക്കും. 
                                            അസ്തമയം 
അന്ന വിചാരം മുന്ന വിചാരം 
           കടലിലേക്ക്‌ ഉന്തി നില്‍ക്കുന്ന ഒരു റെസ്റൊരെന്റ്റ്  അവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം ആണ്.വിശന്നിട്ടാണോ എന്തോ അവിടുത്തെ ഭക്ഷണത്തിനൊക്കെ നല്ല രുചി. സത്യം പറയാമല്ലോ കര്‍ണാടകയില്‍ വന്നു ഇവിടുന്നാണ്‌ രുചിയുള്ള ഭക്ഷണം കഴിച്ചത്. കടല്‍ കാറ്റും കൊണ്ടു ബോട്ടിലോ കപ്പലിലോ ഇരിക്കുന്ന പോലെ തോന്നി അവിടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍.. .. ...  ...ചൂട് ആലു പൊറോട്ടയും പാവ് ബാജിയും കൊണ്ടു വന്നു വയ്ക്കുന്ന സമയത്ത് തന്നെ തണുത്ത കാറ്റ് വന്നു അത് തണുപ്പിക്കുന്നു.കടലും നോക്കി കാറ്റും കൊണ്ടു  ആ റെസ്റൊരെന്റില്‍  എത്ര നേരം ഇരുന്നാലും നിങ്ങള്‍ക്ക്‌ മടുക്കില്ല .ഞാന്‍ ഗാരണ്ടി !
        അവിടെനിന്നും തിരിച്ചു പോരുന്നതിനു മുന്‍പ് ഞാന്‍  മുരുടെശ്വര ക്ഷേത്രത്തിന്റെ പടങ്ങള്‍ ഉള്ള പോസ്റ്റ്‌ കാര്‍ഡുകള്‍ വാങ്ങി.ഒരു ശിവ പ്രതിമ വാങ്ങണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വാങ്ങാന്‍ സാധിച്ചില്ല.മുരുടെശ്വരിലെ വലിയ ശിവ പ്രതിമയുടെ സൌന്ദര്യം  മനസ്സില്‍ ഉള്ളിടത്തോളം ചിലപ്പോള്‍ കടകളിലെ പ്രതിമകളൊന്നും എനിക്ക് ഇഷ്ടപെടുകയും ഇല്ലായിരിക്കാം.
      ശിവ പ്രതിമയും, കൊത്തുപണികളും വെണ്ണക്കല്‍ പ്രതിമകളും ഉള്ള മനോഹര ക്ഷേത്രവും, കടലിന്റെ സംഗീതവും, തണുത്ത കാറ്റിന്റെ തഴുകലും പ്രിയപ്പെട്ടവരോടൊപ്പം ചിലവഴിച്ച കുറെ നല്ല നിമിഷങ്ങളും മനസ്സില്‍ സൂക്ഷിച്ചു ഇനി മടക്കം.നാളെ പോകാനുള്ള കുറച്ചു നല്ല സ്ഥലങ്ങളെക്കുറിച്ച് ഡ്രൈവറോഡു സംസാരിച്ചു  ഞങ്ങള്‍ തിരിച്ചു ഹോട്ടെലിലേക്ക് യാത്രയായി.നാളെ ഇതിലും സുന്ദരായ മറ്റൊരു സ്ഥല കാണാം എന്ന പ്രതീക്ഷയും  ഇവിടെ നിന്നും പോകുന്നതിന്റെ സങ്കടം കുറയ്ക്കുന്നില്ല .പോകാം നാളെ നമുക്ക് മറ്റൊരു സ്ഥലത്തേക്ക്.അതുവരേക്കും വിട.

 മുരുഡേശ്വേര ക്ഷേത്രം     
 സ്ഥലം - മുരുഡേശ്വര്‍- ----  (ഹോനാവരക്കും ബത്കലിനും ഇടക്കുള്ള സ്ഥലം 
      165km from Manglore
      63 km from Kollur  
   100 km from Udupi
 അടുത്ത റെയില്‍വേ സ്റ്റേഷന്‍ - മുരുഡേശ്വര്‍
മംഗലാപുരം,ഗോവ,മുംബൈ റൂട്ടിലുള്ള  ട്രെയിനുകള്‍ മുരുടെശ്വരില്‍ നിര്‍ത്തും എന്ന് പറയുന്നു .
അടുത്ത എയര്‍പോര്‍ട്ട് - മംഗലാപുരം,ഗോവ 
മംഗലാപുരത്ത് നിന്നും റൂട്ട് --
മംഗലാപുരം ---> ഉടുപ്പി ---> കുന്ദാപൂര്‍ --> ബിണ്ടുര്‍ --> ഭട്ട്കല്‍ --> മുരുഡേശ്വര്‍      
 കാണാനുള്ള സ്ഥലങ്ങള്‍ --
1.ക്ഷേത്ര ഗോപുരം
2.പ്രതിഷ്ഠകള്‍
3.ശിവ പ്രതിമ
4.മ്യുസിയം 
5.ബീച്ച്
6.സൂര്യാസ്തമയം  
7.ബീച്ച് റസ്റൊരെന്റ്റ് 
         

Tuesday, February 21, 2012

കര്‍ണ്ണാടകയിലൂടെ ഒരു തീര്‍ഥയാത്ര -1

മൂകാംബികദേവിയുടെ സന്നിധിയിലേക്ക് 

       ഇത്തവണ യാത്ര കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക്. ഞങ്ങള്‍ സംഘത്തില്‍  കുട്ടികളടക്കം പത്തുപേര്‍ .രാവിലെ മൂകാംബിക ക്ഷേത്രത്തില്‍ പോയി തൊഴുത്‌ കുട്ടികളെ എഴുത്തിനിരുത്തണം എന്നിട്ട് മടങ്ങണം എന്ന ഒരു ഉദ്ദേശം മാത്രമേ ആ യാത്രയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങള്‍ എല്ലാവരും സെപ്റ്റംബര്‍ ഒന്നാം തീയതി രാവിലെ  എറണാംകുളത്തുനിന്നും ട്രെയിനില്‍ കയറി. അന്ന് രാത്രി പതിനൊന്നുമണിയോടെ ട്രെയിന്‍ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍  എത്തി. ആദ്യമേ തന്നെ ഞങ്ങള്‍  ഓണ്‍ലൈന്‍ ആയി ഹോട്ടല്‍ ബുക്ക്‌ ചെയ്തിരുന്നു .ഹോട്ടലില്‍  ട്രെയിനിന്റെ സമയവും ഇറങ്ങുന്ന സ്റെഷനും പറഞ്ഞാല്‍ അവര്‍ വണ്ടി കൊടുത്ത് വിടും. പ്രൈവറ്റ് ബസിനെ ആശ്രയിക്കുകയാണെങ്കില്‍ ഉടുപ്പിയില്‍ നിന്നും എല്ലായ്പ്പോഴും മൂകംബികയിലേക്ക്  ബസ്‌ ഉണ്ട്.നല്ല തിരക്കുള്ള സമയമാണെങ്കില്‍ ഹോട്ടല്‍ റൂം ആദ്യമേ ബുക്ക്‌ ചെയുന്നതാണ്  നല്ലത്. ഓണ്‍ലൈന്‍ അടിപൊളി ഹോട്ടല്‍ ബുക്ക്‌ ചെയ്തു എന്നും കരുതി സന്തോഷിച്ചു ഒരു സുഖവാസത്തിനു പോയാല്‍ നിങ്ങള്‍ നിരാശരാകും.അവിടുത്തെ  സ്റ്റാര്‍ ഹോട്ടലില്‍ നമ്മുടെ ടൌണിലെ ഒരു സാദാ ഹോട്ടലിന്റെ സൌകര്യങ്ങളെ ഉണ്ടാകു. പക്ഷേ അമ്പലത്തിന്റെ ചുറ്റുപാടുകളും ഗ്രാമന്തരീക്ഷവും നിങ്ങള്ക്ക് ഇഷ്ട്ടപെടും.
             കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മംഗലാപുരത്തുനിന്നും നൂറ്റി മുപ്പത്തഞ്ചു കിലോമീറ്റെര്‍ അകലെ സ്ഥിതി ചെയുന്നു.ഉടുപ്പിയില്‍ നിന്നും മുപ്പത്തി എഴു കിലോമീറ്റര്‍. .... സ്വര്‍ണം കൊണ്ടും ചെമ്പ് കൊണ്ടും മൂടിയ മൂകാംബിക അമ്പലം അതിന്റെ സൌന്ദര്യം കൊണ്ടും ശാന്തത കൊണ്ടും  നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടും. 

        രാത്രി പത്തുമണിക്ക്   എത്തേണ്ട ട്രെയിന്‍ ഉടുപ്പിയില്‍ എത്തിയത് പതിനൊന്നു  മണിക്ക്.അവിടെ നിന്നും രണ്ടര മണിക്കൂര്‍ റോഡു യാത്ര. താമസിക്കുന്ന ഹോട്ടലില്‍  എത്തി രാത്രി നല്ല  ഭക്ഷണം കഴിക്കാം എന്ന തെറ്റായ ഒരു തീരുമാനം എടുത്ത കാരണം അന്ന് ഞങ്ങള്‍ പട്ടിണിയിലായി.പത്തുമണി കഴിഞ്ഞാല്‍ ഹോട്ടലില്‍  പച്ച വെള്ളം പോലും കിട്ടില്ല.അത് കൊണ്ട് സുഹൃത്തുക്കളെ ട്രെയിനില്‍ നിന്നും കിട്ടുന്ന വടയോ പഴം പൊരിയോ  ആയാലും കഴിച്ചു വയറു നിറച്ചു കൊള്ളുക.അല്ലെങ്കില്‍ ഉടുപ്പിയില്‍ നല്ല ഹോട്ടെലുകള്‍ ഉണ്ട്.ട്രെയിന്‍  ഇറങ്ങിയ ഞങ്ങളെ കാത്തു ഹോട്ടലില്‍ നിന്നും കൊടുത്തയച്ച വണ്ടിയും മലയാളി ആണെങ്കിലും മുറി മലയാളം പറയുന്ന ഡ്രൈവറും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ആ വണ്ടിയില്‍ യാത്ര തുടങ്ങി.ആദ്യം ചെറിയ ഗ്രാമങ്ങള്‍ ,പിന്നെ സാവധാനം കാട്ടിലൂടെ ,കൊടും കാട്ടിലൂടെ വണ്ടി നീങ്ങിക്കൊണ്ടിരുന്നു.ഇരുട്ടായ കാരണം കാടാണോ നാടാണോ എന്നൊന്നും വലിയ നിശ്ചയം ഇല്ലായിരുന്നു.യാത്ര ക്ഷീണം തോന്നാതിരിക്കാനും വിശപ്പകറ്റാനും എല്ലാവരും അറിയുന്ന പാട്ടുകള്‍ ഒക്കെ  ഉറക്കെ പാടി യാത്ര തുടര്‍ന്നു.ഉടുപ്പിയില്‍ നിന്നും രണ്ടര മണിക്കൂര്‍ യാത്രയുടെ അവസാനം ഞങ്ങള്‍ ഓണ്‍ലൈനില്‍ മാത്രം കണ്ട ഹോട്ടെലിനു മുന്നിലെത്തി .അവിടെ എത്തി ഹോട്ടല്‍ കണ്ടപ്പോള്‍ ഹോട്ടെലിനെയും ഫോട്ടോ ഷോപ്പ് ചെയ്തു സുന്ദരന്‍ ആക്കാം എന്ന് അന്ന് ഞങ്ങള്‍ക്ക് മനസിലായി. മുറിയിലെ ഏ.സി യില്‍ നിന്നും തണുത്ത വെള്ളം ഇറ്റു വീഴുന്നതിനാല്‍ ഭാഗ്യത്തിന് മുറിയില്‍ തണുപ്പ് തോന്നി. രാവിലെ നേരത്തെ എണീറ്റ്‌ കുളിച്ചു അമ്പലത്തില്‍ പോകേണ്ടതാണ്.സമയം കളയാതെ ഉറങ്ങാം. ശുഭരാത്രി.അതിലുപരി നല്ലൊരു പ്രഭാതത്തിനായുള്ള പ്രാര്‍ഥനയോടെ സുഖ ഉറക്കം.
     അതിരാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കുളിച്ചു ( ഹീറ്റെര്‍ ഉണ്ടെങ്കിലും അത് അലങ്കാരത്തിനു വച്ചതാണെന്ന് മനസിലായി)  നല്ല ഒരു സാരി ഒക്കെ ചുറ്റി മോളെ പട്ടുപാവാട ഉടുപ്പിച്ചു എഴുതിനിരുത്താനും അമ്പല ദര്‍ശനത്തിനും റെഡി ആയി. ഞങ്ങള്‍ താമസിച്ച ഹോട്ടെലിനു വളരെ അടുത്താണ് അമ്പലം.അത്രയും ശാന്തമായ ഒരു അമ്പല അന്തരീക്ഷം ഞാന്‍ വേറെ കണ്ടിട്ടില്ല.തൊഴാന്‍ വരുന്നവര്‍ക്കോ ക്ഷേത്രക്കര്‍ക്കോ ധൃതി ഇല്ല .ശാന്ത സുന്ദരമായ സ്ഥലം.
      കാടും നാടും മേടും കടന്നു പ്രശാന്ത സുന്ദരമായ സ്ഥലത്ത് ഒരിക്കലും വറ്റാത്ത സൌപര്‍ണിക നദിയോട് ചേര്‍ന്ന് ശ്രീ മൂകാംബിക ദേവിയുടെ സുന്ദര ക്ഷേത്രം .ഈ പുണ്യ നദിയില്‍ മുങ്ങി മൂകാംബിക ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. പാര്‍വതി ദേവി ആണ് ഇവിടുത്തെ പ്രതിഷ്ഠ.പരശുരാമന്‍ പണിത എഴു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം.ശ്രീകോവില്‍ മുഴുവനായും ചെമ്പുകൊണ്ടും സ്വര്‍ണം കൊണ്ടും പൊതിഞ്ഞിരിക്കുന്നു.ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത പാര്‍വതി ദേവിയുടെ പ്രതിഷ്ടയുടെ മുന്‍പിലുള്ള ജ്യോതിര്‍ലിന്ഗം എന്ന ശിവലിംഗ  പ്രതിഷ്ഠ ആണ്. സൂര്യപ്രകാശം തട്ടുമ്പോള്‍ ശിവലിംഗത്തില്‍ സ്വര്‍ണരേഖ പ്രത്യക്ഷപ്പെടുന്നു .ആദി ശങ്കരന്‍ ആണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു.
പ്രതിഷ്ഠ 
സരസ്വതി മണ്ഡപം 
         കൊത്തുപണികളാല്‍ മനോഹരമായ ഈ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപം പേരുകേട്ടതാണ് .വര്‍ഷത്തിലെ എല്ലാദിവസവും ഇവിടെ എഴുത്തിനിരുത്തല്‍ ചടങ്ങും അരങ്ങേറ്റവും നടക്കുന്നു.വിവിധ കലാരൂപങ്ങളും വാദ്യോപകരണങ്ങളും വായ്പാട്ടും പഠിച്ചവര്‍ ദേവിക്ക് ഒരു സമര്‍പ്പണം പോലെ ഇവിടുത്തെ സരസ്വതി മണ്ഡപത്തില്‍ അവരുടെ കഴിവ് തെളിയിക്കാറുണ്ട് .ക്ഷേത്രത്തിനുള്ളില്‍ കയറിയത് മുതല്‍ ഒരു പോസിറ്റീവ്  എനെര്‍ജിയും എന്തെന്നില്ലാത്ത ഉന്മേഷവും എനിക്ക് അനുഭവപ്പെട്ടു. വളരെ ചുരുക്കം ക്ഷേത്രങ്ങളിലേ എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടാകാരുള്ളു .ചില  ക്ഷേത്രങ്ങളില്‍ പോയാല്‍ തിരക്കുകളില്‍ കൂടി തിക്കിത്തിരക്കി അവിടുത്തെ കൊത്തുപണികളും കണ്ടു ആളുകളെയും വേഷവിധാനവും നിരീക്ഷിച്ചു മടങ്ങുകയാണ് പതിവ്.ചിലപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ കൂടി മറന്നു പോകാറുണ്ട്. പക്ഷേ ഈ ക്ഷേത്രത്തില്‍ മനസ് ദൈവത്തോട്‌ അടുത്തു നില്‍ക്കുന്ന പോലെ നിങ്ങള്‍ക്കും അനുഭവപ്പെടും ഉറപ്പ്‌.. .
          
എഴുന്നള്ളിക്കല്‍  
       ദേവിയെ എഴുന്നള്ളിക്കല്‍ എന്നൊരു ചടങ്ങുണ്ട് ഇവിടെ. ദേവി വിഗ്രഹം തലയിലേറ്റി പ്രധാന പൂജാരികളും മറ്റുള്ളവരും പഞ്ചവാദ്യത്തോടെ മൂന്നു തവണ ശ്രീകോവിലിനു ചുറ്റും പ്രതിക്ഷണം വക്കുന്നു .ഭക്തി നിര്‍ഭരമായ ഒരു കാഴ്ച ആണ്  അത് . ശ്രീകോവിലില്‍ തൊഴുത്‌, എഴുത്തിനിരുത്തി  അമ്പലം മുഴുവന്‍ ചുറ്റിക്കണ്ടു വഴിപാടുകള്‍ കഴിച്ചു ഞങ്ങള്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി.
         ക്ഷേത്രത്തിനു പുറത്തു നടപ്പാതയുടെ വശങ്ങളിലായി ചെറിയ കടകള്‍ ഉണ്ട്. മൂകാംബിക യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും വാങ്ങണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഇവിടെ നിന്നും വാങ്ങാം.ഞാന്‍ അവിടെ നിന്നും മൂകാംബിക ദേവിയുടെ ഒരു ലോഹവിഗ്രഹം വാങ്ങി.നെഞ്ചില്‍ പച്ചക്കല്ല് പതിപ്പിച്ച ആ വിഗ്രഹം എനിക്കിന്ന് ഏറ്റവും പ്രിയപ്പെട്ടവയില്‍ ഒന്നാണ് .കൂടാതെ മൂകാംബിക യാത്രയുടെ ഓര്‍മകളും ദേവിയുടെ ചൈതന്യവും ആ വിഗ്രഹത്തില്‍ ഒളിഞ്ഞിരിക്കുന്നു.
                                                       എന്റെ സ്വന്തം മൂകാംബിക ദേവി വിഗ്രഹം 
              ഞങ്ങള്‍ തിരിച്ചു ഹോട്ടലില്‍ എത്തി ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമിക്കാനൊരുങ്ങി. വയ്കുന്നേരം മുരുടെശ്വരില്‍  പോകണം.ഏറ്റവും വലിയ ശിവപ്രതിമ അവിടെ ആണ് ഉള്ളത്.പാര്‍വതി ദേവിയെ തൊഴുത്‌ ശിവനെ കാണാതെ പോകുന്നത് ശെരിയല്ലലോ.വിശ്രമിച്ചിട്ട് യാത്ര തുടരാം.അതുവരെ ഒരു ഷോര്‍ട്ട് ബ്രേക്ക്‌.. 
                                        ക്ഷേത്രത്തിനു പുറത്തുനിന്നും ഒരു ദൃശ്യം 
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം
സ്ഥലം- കര്‍ണാടകയിലെ കൊല്ലൂര്‍ 
ട്രെയിന്‍ -കൊച്ചിയില്‍ നിന്നും മംഗള എക്സ്പ്രസ്സ്‌,നേത്രാവതി
 റെയില്‍വേസ്റ്റേഷന്‍- -  ഉഡുപ്പി 
മംഗലാപുരം,ഉടുപ്പി, ബട്ട്കല്‍, കുന്ദാപൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ ഏതിലെങ്കിലും  ഇറങ്ങാം.
ഏറ്റവും അടുത്ത സ്റ്റേഷന്‍ കുന്ദാപൂര്‍.( (( (തനി ഗ്രാമം ) 
ഉഡുപ്പിയില്‍ നിന്നും സ്ഥിരം ബസ്‌ സര്‍വീസ് ഉണ്ട്.അതുകൊണ്ട്  ഉടുപ്പിയില്‍ ഇറങ്ങുന്നതാണ് സൗകര്യം. അവിടെ നിന്നും രണ്ടര മണിക്കൂര്‍ യാത്ര.
താമസസൗകര്യം- മൂകാംബിക ക്ഷേത്രത്തിനടുത്ത് ധാരാളം ഹോട്ടെലുകള്‍ ഉണ്ട്. ചിലര്‍ വീട്ടില്‍ ഹോം സ്റ്റേയും നടത്തുണ്ട് .നിങ്ങളുടെ ബട്ജെറ്റ് അനുസരിച്ച് താമസം തിരഞ്ഞെടുക്കാം.
ക്ഷേത്ര ദര്‍ശന സമയം -1മുതല്‍ 3 മണി വരെ മാത്രം ക്ഷേത്രം അടക്കുന്നു.
അടുത്തുള്ള മറ്റു സ്ഥലങ്ങള്‍ 
അരസിന മക്കി- വെള്ളച്ചാട്ടം 
കുടജാദ്രി- മനോഹരമായ പര്‍വതനിരകള്‍ കയറി ഔഷദസസ്യങ്ങളെ തഴുകുന്ന കാറ്റും കൊണ്ട് കുടജാദ്രി കണ്ടു തിരിച്ചെത്തിയാലും യാത്രയുടെ ക്ഷീണം അറിയില്ല എന്ന് സംസാരം 
ഉഡുപ്പി കൃഷ്ണ ക്ഷേത്രം - പ്രസിദ്ധമായ കൃഷ്ണക്ഷേത്രം 
മുരുടെശ്വര്‍--  വലിയ സുന്ദരമായ ശിവ ക്ഷേത്രം .ഏറ്റവും വലിയ ശിവ പ്രതിമ ഇവടെ ആണ്. ഒരു ടൂറിസ്റ്റ് സ്പോട്ട് കൂടി ആണ് കടലിനോടു  ചേര്‍ന്ന് കിടക്കുന്ന ഈ ക്ഷേത്രം. 
              

Monday, February 13, 2012

എന്റെ പ്രണയിനിക്കായി ഒരു പ്രണയലേഖനം


            ജീവിതത്തില്‍ പറയാതെ പോയതും അറിയാതെ പോയതുമായ  പ്രേമത്തിനു മാധുര്യമേറുമെങ്കില്‍ പ്രിയേ ആ മാധുര്യത്തോടെ ഞാന്‍ നിനക്കായി എഴുതുന്നു എന്‍റെ ആദ്യത്തെ പ്രണയലേഖനം .പലവട്ടം നീ എന്നോട് പ്രണയം ആണെന്ന് പല രീതിയില്‍ പറഞ്ഞപ്പോഴും ഞാന്‍ ഒന്നുമറിയാത്തവനെ പോലെ ഒഴിഞ്ഞു മാറി.എന്നാല്‍ നീ അറിയൂ നിന്നെ ഞാന്‍  എന്നെക്കാള്‍ കൂടുതല്‍.. ..ഇഷ്ടപ്പെട്ടിരുന്നു .നിന്റെ മനോഹരമായ കണ്ണുകളില്‍ എന്നെ കാണുമ്പോള്‍ സന്തോഷം വിടരുന്നതും പിന്നീടു അത് നിരാശയായി മാറുന്നതും ഞാന്‍ കണ്ടിരുന്നു.നീ അറിയാതെ നിന്നെ ശ്രദ്ധിക്കാനും നീ ശ്രദ്ധിക്കുമ്പോള്‍ ഒന്നുമറിയാത്തവനെപ്പോലെ ഒഴിഞ്ഞു മാറാനും ഞാന്‍ ശ്രമിച്ചു.നിന്നെ തഴുകി എത്തുന്ന കാറ്റിനെ പോലും ഞാന്‍ പ്രണയിച്ചു.നിന്റെ ശബ്ദം ഏതു ആള്‍കൂട്ടത്തില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞു. നിന്റെ നീണ്ട മൂക്കിലെ വെളുത്ത കല്ലുവച്ച മൂക്കുത്തി എന്റെ സ്വപ്നങ്ങളില്‍ പ്രകാശിച്ചു. നിന്റെ മുഖം എന്റെ മുഖത്തോടടുക്കി  ഒരു ചുംബനം തരാന്‍ ഒരു പാട് ആഗ്രഹിച്ചിരുന്നെങ്കിലും സ്വപ്നത്തില്‍ കൂടി നീ പവിത്രയായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. ആദ്യമായി  നിന്റെ കൈവിരലുകള്‍  അറിയാതെ (നീ മനപൂര്‍വം സ്പര്‍ശിച്ചതാണോ) എന്റെ വിരലുകളില്‍ തൊട്ട നിമിഷം ഞാന്‍ ഇപ്പോഴും  ഓര്‍ക്കുന്നു. അന്ന് നീ മനോഹരിയായിരുന്നു. മുടിത്തുമ്പുകളില്‍  നിന്നും വെള്ളം ഇറ്റു വീണിരുന്നു.നിനക്ക് ആകെ പാരിജാതത്തിന്റെ മണമായിരുന്നു. നിന്റെ കൈ വിരലുകളുടെ സ്പര്‍ശം എന്നില്‍ വൈദ്യുത തരംഗങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഒന്നും അറിയാത്തവനെപ്പോലെ ഞാന്‍ ധൃതിയില്‍ പിന്തിരിഞ്ഞു നടന്നു പോയി.പിന്തിരിഞ്ഞു നടക്കുമ്പോഴും എന്റെ മനസ്സില്‍ നിന്റെ മുഖമായിരുന്നു.നന്ദിയാര്‍വട്ടം പോലെ നൈര്മല്യം ഉള്ള നിന്റെ സുന്ദര മുഖം. പലപ്പോഴായി നിന്നോട്  പറയണം എന്നാഗ്രഹിച്ച കാര്യങ്ങള്‍  എന്റെ മനസ്സില്‍ ശബ്ദമറ്റു  കിടന്നു.പലപ്പോഴായി നിനക്ക് തരണം എന്ന് കരുതിയ പ്രണയമൂറുന്ന  വാക്കുകളും എന്റെ മനസ്സില്‍ ചലനമറ്റു കിടന്നു.ഒരു പേനയ്ക്കും  പകര്‍ത്തിയെഴുതാനാകുമായിരുന്നില്ല എനിക്ക് നിന്നോടുള്ള സ്നേഹം.വരികളില്‍ പ്രകടിക്കുമ്പോള്‍ അത് കുറഞ്ഞു പോകുമോ എന്ന് ഞാന്‍ ഭയന്നു.അത് പ്രകടിപ്പിക്കാന്‍ ഉതകുന്ന വാക്കുകള്‍ പരതി ഞാന്‍ തളര്‍ന്നു .ഇന്ന് ഒരു ഉപാധികളുമില്ലാതെ മുന്‍വിധികളില്ലാതെ എനിക്ക് നിന്നോട് പറയാനാകും എന്റെ സ്നേഹം  എന്തെന്നാല്‍ കാലപ്പഴക്കം കൊണ്ട് ഉറച്ചു പോയ ഒരു യഥാര്‍ത്ഥ പ്രണയമാണത് . അത് പ്രകടിപ്പിക്കാന്‍ സാഹിത്യത്തിന്റെ അകമ്പടി വേണ്ട,മധുരമായ വാക്കുകള്‍ വേണ്ട,ഒരു പക്ഷേ പറയേണ്ട കാര്യം തന്നെ ഇല്ല.നമുക്കിടയില്‍ ഇന്ന് ഞാന്‍ നീയെന്ന വേര്‍തിരിവില്ല.നീ തന്നെ ആണ് ഞാന്‍ .
         ഇന്ന് എന്റെ മകന്‍ ഓരോ കൊല്ലവും പുതിയ കാമുകിമാരെ മാറ്റുമ്പോള്‍ , അഞ്ചു കാമുകിമാര്‍ക്ക് ഒരേ സമയം മെസ്സേജ് അയക്കുന്നത് കാണുമ്പോള്‍,വാലന്റൈന്‍ ഡേക്കു കൊടുക്കാന്‍ സമ്മാനങ്ങള്‍ വാങ്ങിച്ചു കൂട്ടുമ്പോള്‍,  ഞാന്‍ നമ്മുടെ നിശബ്ദ പ്രണയം ഓര്‍ക്കുന്നു.ഒരു പ്രണയം തകരുമ്പോള്‍ ഒരു സങ്കടവുമില്ലാതെ അവന്‍ കുറ്റമറ്റ  മറ്റൊരു പെണ്‍കുട്ടിയെ തിരയുമ്പോള്‍ ഞാന്‍ അതിശയിക്കുന്നു .ഇതാണോ പ്രണയം?.എന്റെ പ്രായമാകുമ്പോള്‍ മകന്റെ മനസ്സില്‍ ഒരു പ്രണയിനിയുടെ പേര് പോലും അവശേഷികുന്നുണ്ടാകില്ല.പക്ഷേ എന്നും എന്റെ മനസ്സില്‍ പ്രണയത്തെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഒരു പേര് മാത്രം.ഞാന്‍ എപ്പോഴും ഓര്‍ക്കുന്നതും നിന്നെ മാത്രം .എന്റെ പ്രണയം തുടങ്ങിയതും ഒടുങ്ങുന്നതും നിന്നില്‍ മാത്രം.