Wednesday, May 23, 2012

കപ്പ പുരാണം



ഒരു നല്ല തിങ്കളാഴ്ച നേരം വെളുത്തു ഏകദേശം പത്തു മണി ആയപ്പോഴാണ് ഫേസ് ബുക്കില്‍ എവിടെയോ ആരോ പോസ്റ്റു ചെയ്ത കപ്പയുടെയും മീനിന്റെയും ഫോട്ടോ കണ്ണില്‍ പെട്ടത്.അത് കണ്ടപ്പോള്‍ മുതല്‍ കപ്പയും മീനും ഉണ്ടാക്കി കഴിക്കണം എന്ന ആഗ്രഹം കപ്പതണ്ട് പോലെ മനസ്സില്‍ മുളപൊട്ടി.എങ്ങിനെയെങ്കിലും ഒന്ന് വൈയ്കുന്നേരം ആയിട്ട് വേണം കടയില്‍ പോയി കപ്പ വാങ്ങാന്‍.കപ്പ മാത്രം പോരല്ലോ. മീനും വാങ്ങണം. അതും ഏതെങ്കിലും മീന്‍ പോരാ മത്തി(ചാള) തന്നെ വേണം.
അന്ന് വയ്കുന്നേരം പതിവിലും വൈയ്കി വന്ന ഭര്‍ത്താവ് വീട്ടില്‍ കയറി ഷൂസ് അഴിച്ചു വയ്ക്കുന്നതിനു മുന്‍പേ ഞാന്‍ കപ്പയും മീനും കഴിക്കാനുള്ള കൊതി പറഞ്ഞു.കുറച്ചു വര്ഷം മുന്‍പ് ഇങ്ങനെ പറഞ്ഞപ്പോള്‍ സന്തോഷത്തോടെ എന്നെ നോക്കിയ ആള് ഇപ്പോള്‍ ഒന്ന് ഞെട്ടി ചോദിച്ചു." നിനക്ക് എന്ത് പറ്റി ? വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ? "..
"എനിക്കെന്തു കുഴപ്പം? കപ്പ തിന്നണം എന്ന് ആഗ്രഹിക്കാനും പാടില്ലേ? " ഞാന്‍ മുഖം കോട്ടി ചോദിച്ചു.എന്തായാലും ഇന്ന് ഇനി ഈ നേരത്ത് കപ്പയും മീനും വാങ്ങാന്‍ പോകാന്‍ പറ്റില്ല എന്നും പറഞ്ഞു ഭര്‍ത്താവ് കയ്യൊഴിഞ്ഞു.ഇനി വേറെ മാര്‍ഗം ഇല്ല. വാരാന്ത്യം വരെ കാക്കുക തന്നെ.

അങ്ങനെ കപ്പകൊതിയും അടക്കി ചൊവ്വ ,ബുധന്‍ വ്യാഴം എന്നീ ദിവസങ്ങള്‍ ഞാന്‍ തള്ളി നീക്കി. ആദ്യം താമസിച്ചിരുന്നിടത്തു ആയിരുന്നെങ്കില്‍ ഞാന്‍ ഏതെങ്കിലും  റെസ്ടോറെന്‍റ്റില്‍ നിന്നും എപ്പോഴേ കപ്പ മീന്‍ കറി ഓര്‍ഡര്‍ ചെയ്തു കഴിച്ചു കാണും. എന്നാലും സ്വന്തം ഉണ്ടാക്കി  കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ. മാത്രമല്ല എന്നെ കൊതിപ്പിച്ച ഫേസ് ബുക്കില്‍ തന്നെ അതിന്റെ പടം പോസ്റ്റ്‌ ചെയ്തു ബാക്കി ഉള്ളവരെ കൊതിപ്പിക്കുകയും ചെയ്യാം. എപ്പടി ഐഡിയ? 

വ്യാഴാഴ്ച നേരം ഇരുട്ടി ഏകദേശം എഴു ഏഴര ആയതോടെ ആ ശുഭ മുഹുര്‍ത്തം വന്നെത്തി. സാധാരണ വ്യാഴാഴ്ച വയ്കുന്നേരം പുറത്തിറങ്ങുമ്പോള്‍ സെയില്‍ ഉള്ള ഏതെങ്കിലും ഷോപ്പിംഗ്‌മാള്‍ ആകും മനസ്സില്‍.പക്ഷെ അന്ന് കപ്പ-മീന്‍ കറിയുടെ ചിത്രം മാത്രമാണ് മനസ്സില്‍.കപ്പ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുന്നത്‌ മുതല്‍ കടുകും കറിവേപ്പിലയും മുളകും വറവിട്ടു തേങ്ങ ചിരകിയത് തൂവി വാങ്ങി വക്കുന്നത് വരെ ഉള്ള കാര്യങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം പോലെ മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ കാറില്‍ ഇരുന്നു. 

ലുലുവില്‍ എത്തിയ ഉടനേ ഞാന്‍ പതിവിനു വിപരീതമായി പച്ചകറികള്‍ വച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു.സാധാരണ എല്ലാം എടുത്തു കഴിഞ്ഞു 'ഇനി പച്ചക്കറിയും കൂടി എടുക്കണ്ടേ' എന്നും പറഞ്ഞാണ് ആ ഭാഗത്തേക്ക് പോകാറു. എന്റെ ഈ മാറ്റം കണ്ടു അമ്പരന്നു ഭര്‍ത്താവും മക്കളും എന്നെ അനുഗമിച്ചു.അവിടെ എത്തിയപ്പോഴോ എവിടെ നോക്കിയിട്ടും കപ്പ ഇല്ല.പച്ചകറികള്‍ വച്ച മൂന്നു നിരകളിലൂടെ ഞാന്‍ പലവട്ടം ഓടി നടന്നു. ഒരു കാര്യവും ഇല്ല. അതില്‍ ഒരു ബോക്സില്‍ കൂടി നമ്മുടെ കപ്പയെ കാണാന്‍ ഇല്ല. അവസാനം അവിടെ നില്‍ക്കുന്ന സെയില്‍സ് മാനോട് ചോദിച്ചപ്പോള്‍ 'കപ്പ തീര്‍ന്നു' എന്ന് മറുപടി.
"ഹോ! എന്തൊരു കഷ്ടം. എന്നാല്‍ ഇനി സണ്‍റൈസില്‍ പോയി നോക്കാം ". അതും പറഞ്ഞു ഞാന്‍ തിരിച്ചു നടക്കാന്‍ തുടങ്ങി.
"ഒന്ന് നിന്നേ.നീ കപ്പ മാത്രം വാങ്ങാനാണോ ഇത്രേം വലിയ ഹൈപ്പെര്‍ മാര്‍കെറ്റില്‍ വന്നത്.വീട്ടിലേക്കു ആവശ്യം ഉള്ള മറ്റു സാധനങ്ങള്‍ ഒക്കെ എപ്പോള്‍ വങ്ങും?".രഞ്ജിത്ത് എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു.
അപ്പോഴാണ് വാങ്ങാനുള്ള സാധനങ്ങളുടെ നീണ്ട ലിസ്റ്റ് എന്റെ ബാഗില്‍ റസ്റ്റ്‌ എടുക്കുന്ന കാര്യം ഓര്‍മ്മ വന്നത്.അങ്ങനെ ലിസ്റ്റ് പ്രകാരം ഉള്ള സാധനങ്ങള്‍ തിരഞ്ഞു എടുത്തു ബില്‍ ആക്കിയപ്പോഴെക്കും നേരം രാത്രി പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു. നല്ല വിശപ്പിന്റെ വിളി വന്നകാരണം എല്ലാവരും അടുത്ത ഒരു റെസ്ടോറെന്റില്‍ കയറി കിട്ടിയത് വാങ്ങി വിശപ്പടക്കി. വയറു നിറഞ്ഞതിനാലാണോ അതോ കറങ്ങി നടന്നു ക്ഷീണിചതിനാലാണോ എന്നറിയില്ല അന്ന് രാത്രി കപ്പയെ കുറിച്ച് ഒരു സ്വപ്നം കൂടി കാണാതെ സുഖമായി ഉറങ്ങി.
പിറ്റേന്ന് പുലര്‍ച്ചെ ഒന്‍പതു മണക്കു ഉണര്‍ന്നപ്പോള്‍ മുതല്‍ 'കപ്പ' എന്ന കക്ഷി പിന്നെയും മനസ് ഇളക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു പാത്രം കപ്പ പുഴുങ്ങിയത് കിട്ടിയാലും ഞാന്‍ അതു മുഴുവനും അകത്താക്കും എന്ന സ്ഥിതി. (എന്റെ കുട്ടികള്‍ക്കാകട്ടെ കപ്പ എന്ന് കേള്‍ക്കുന്നത്തെ അലര്‍ജി ആണ് ) ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രണ്ജിതിനോട് പറഞ്ഞു. :"എനിക്കിന്ന് കപ്പ വാങ്ങിയെ പറ്റു"
"ലോകത്ത് കപ്പയും മീനും നിരോധിച്ചിട്ടൊന്നും ഇല്ലല്ലോ. പുറത്തു പോകുമ്പോള്‍ വാങ്ങാം". അതും പറഞ്ഞു മൂപ്പര്‍ പേപ്പറില്‍ മുഖം പൂഴ്ത്തി. 
അന്ന് വയ്കുന്നേരം ഞങ്ങള്‍ സണ്‍റൈസ് ലക്ഷ്യമാക്കി നീങ്ങി.അവിടെ നിന്നും കപ്പയും മീന്‍ കടയില്‍ നിന്നും ചാളയും വാങ്ങി സന്തോഷത്തോടെ വീട്ടിലേക്കു തിരിച്ചു.
പിറ്റേന്ന് ശനിയാഴ്ച നല്ല ദിവസം കപ്പയും മീനും ഉണ്ടാക്കാനുള്ള സുദിനം വന്നെത്തി.വയ്കുന്നേരം ഏകദേശം നാലുമണിയോടെ കപ്പ പുഴുങ്ങി വറവിട്ടു തേങ്ങ തൂവി റെഡി ആക്കി വച്ചു മത്തി മുളകിട്ട കറിയും വച്ചു. അത് രണ്ടും അടുപ്പത്തു നിന്നും ഇറക്കി വച്ചപ്പോഴേക്കും അവിചാരിതമായി രഞ്ജിത്തിന്റെ പ്രിയപ്പെട്ട നാല് സുഹൃത്തുക്കള്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നു വന്നു.
"എടാ ..എന്തുണ്ടെട കഴിക്കാന്‍?" എന്ന് ചോദിച്ചു കടന്നു വന്ന അവരോടു യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ "കപ്പയും മീനും ഉണ്ട്.വേഗം വാ " എന്ന് എന്റെ ഭര്‍ത്താവ്. അത് കേട്ട പാടെ കേള്‍ക്കാത്തപാടെ ഞാന്‍ വേഗം ഒരു പ്ലേറ്റ് എടുത്തു എനിക്കുള്ളത് എടുത്തു മാറ്റി വച്ചു ബാക്കി കപ്പയും മീന്‍ കറിയും ആതിഥേയയുടെ എല്ലാ മുഖ ഭാവങ്ങളോടും കൂടി മേശമേല്‍ കൊണ്ട് ച്ചെന്നു വച്ചു. രണ്ടു മിനിട്ടിനുള്ളില്‍ പാത്രം കാലിയാക്കി എന്റെ കൈപുണ്യത്തെ പുകഴ്ത്തി സുഹൃത്തുക്കള്‍ രണ്ജിതിനെയും കൂട്ടി പുറത്തു പോയി. 

അങ്ങനെ ശല്യം എല്ലാം ഒഴിഞ്ഞു സ്വസ്ഥമായി കഴിക്കാമെന്നു കരുതി കപ്പയുടെ പ്ലേറ്റ് കയ്യിലെടുത്തതും ആരോ കോളിംഗ് ബെല്‍ അടിക്കുന്നു. " ഇതാരപ്പാ ഈ നേരത്ത് " എന്നും പറഞ്ഞു വാതില്‍ തുറന്നു നോക്കുമ്പോള്‍ അടുത്ത വീടിലെ ചേച്ചി കൊച്ചു വര്‍ത്തമാനം പറയാന്‍ വന്നു നില്‍ക്കുന്നു. "വരാന്‍ കണ്ട നേരം" എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അത് പുറത്തു വന്നത് " എന്തൊക്കെ ചേച്ചി വിശേഷങ്ങള്‍ " എന്നായിരുന്നു. അത് കേട്ടതും ചേച്ചി വാതില്‍ക്കല്‍ നിന്നിരുന്ന എന്നെ തള്ളി മാറ്റി വിശേഷം പറയാന്‍ അകത്തു കയറി.
നാട്ടു വിശേഷവും പരദൂഷണവും കഴിഞ്ഞു വിഷയം പാചകത്തില്‍ എത്തിയതും ചേച്ചി അടുക്കളയില്‍ കയറി. നിര്‍ഭാഗ്യവശാല്‍ ഞാന്‍ അടച്ചു വക്കാന്‍ മറന്ന കപ്പയും മീന്‍ കറിയും വിളമ്പിയ പ്ലേറ്റ് ഫേസ് ബുക്കില്‍ കണ്ട ഫോട്ടോയേക്കാള്‍ കൊതി പരത്തി അടുക്കളതറയില്‍ ഇരിക്കുന്നു.അത് കണ്ടതും ചേച്ചി താടിയില്‍ കയ് വച്ചു പറഞ്ഞു.
"യ്യോ പ്രീതി ..മെലിയാന്‍ നോക്കുനെന്നല്ലേ പറഞ്ഞെ...എന്നിട്ടാണോ ഇതൊക്കെ കഴിക്കുന്നെ?"
"ഏയ്‌...ഞാന്‍ കഴിക്കാറില്ല. കുട്ടികളും രഞ്ജിത്തും കഴിച്ചു ബാക്കി ഫ്രിഡ്ജില്‍ വക്കാന്‍ തുടങ്ങിയതാ". ഞാന്‍ അപ്പോള്‍ തോന്നിയ ഒരു കള്ളം അങ്ങ് കാച്ചി. 
അത് പറഞ്ഞു ചേച്ചിയുടെ കയ്യില്‍ നിന്നും പ്ലേറ്റ് വാങ്ങാന്‍ നോക്കിയതും " ഫ്രിഡ്ജില്‍ വച്ചാല്‍ പിന്നെ കഴിക്കാന്‍ കൊള്ളില്ലെന്നെ " എന്നും പറഞ്ഞു അവര്‍ കപ്പ ഓരോന്നായി എടുത്തു കഴിക്കാന്‍ തുടങ്ങി. കപ്പയില്‍ അടങ്ങിയിട്ടുള്ള തടി കൂട്ടുന്ന വസ്തുക്കളെ കുറിച്ച് എനിക്ക് ഒരു ലഘു വിവരണം നല്‍കി കൊണ്ട് എന്റെ രണ്ടിരട്ടി തടി ഉള്ള ചേച്ചി ഒറ്റ നില്‍പ്പിനു പ്ലേറ്റ് കാലിയാക്കി. എന്റെ ഒരു ആഴ്ചത്തെ സ്വപ്നംനിമിഷ നേരത്തിനുള്ളില്‍ ചേച്ചിയുടെ വായിലൂടെ അലിഞ്ഞു പോകുന്നത് ഞാന്‍ നോക്കി നിന്നു. കള്ളം പറയാന്‍ തോന്നിയ നിമിഷത്തെ പ്രാകി ഞാന്‍ പ്ലേറ്റ് കഴുകി വച്ചു.

24 comments:

  1. പിറ്റേന്ന് രാവിലെ കാലി പ്ലേറ്റിന്റെ ഫോട്ടോ കണ്ടു ശുഭദിനം പറഞ്ഞ ഹനീഫയാണ് ഞാന്‍ ..ഹ ഹ ഹ

    പ്രീതി നന്നായിരിക്കുന്നു..നന്നായി എഴുതി..ആസ്വദിച്ചു വായിച്ചു..ഒരു പ്ലൈറ്റ് കപ്പേം മീന്‍ കറിയും കഴിക്കുന്ന പോലെതന്നെ..ഇടക്കിത്തിരി അച്ചരപിശാശ് ഒഴിച്ചാല്‍ മനോഹരം.:)

    ReplyDelete
  2. ഗുണപാഠം ..കള്ളം പറയുന്നത് ആരോഗ്യത്തേയ്യും സൌന്ദര്യത്തേയും ഒരു പോലെ ബാധിക്കും ..സത്യം പറഞ്ഞാല്‍ ആ ചേച്ചിയുടെ കുറച്ച് മെലിയാനുള്ള ഉപദേശങ്ങളല്ലെ കേള്‍ക്കുമായിരുന്നുള്ളൂ..ഇതിപ്പൊ കൊക്കിനു വെച്ചത് ചക്കിചേച്ചി തിന്നു പോയി...പ്രീതി പതിവ് പോലെ നര്‍മ്മത്തിന്റെ മേമ്പൊടി വിതറിയ സ്വാദിഷ്ടമായ നല്ലൊരു വിഭവം ....രുചിച്ചൂട്ടോ...

    ReplyDelete
  3. 'പൊടിയുള്ള കപ്പ'
    ഫൈസ് ബുക്കും പിന്നെ കൂട്ടുകാരും വരുത്തിവെക്കുന്ന ഓരോ വിനകളെ..!
    ആശംസകള്‍.!

    ReplyDelete
  4. അച്ചെന്റമ്മോ.... അടിപൊളി.... സംഭവം കലക്കീട്ടുണ്ടിട്ടാ... വായിച്ചു വായിച്ചു... അവസാനമിപ്പോള്‍ കപ്പ തിന്നണമെന്ന പൂതി ന്റെ മനസ്സിലും പൂത്തിഷ്ടാ... നീപ്പോ ന്താ ചെയ്ക..! ഇന്ന് വീട്ടീ ചെല്ലുമ്പോ അരി വാങ്ങിക്കൊണ്ടോയില്ലേല്‍ നാളെ പട്ടിണി കിടക്കേണ്ടി വരൂന്നു പത്നി പറഞ്ഞിട്ടുണ്ട്... അരിക്ക് പകരം കപ്പ ആയാലോ ?! ഹായ് ഹായ്... കേള്‍ക്കാനെന്തു രസാല്യെ? ഹും... നീപ്പോ കപ്പയും വാങ്ങി ചെന്ന് നാളെ കപ്പ വച്ച് കഴിക്കാന്‍ പറ്റാഞ്ഞാല്‍ (ഇതുപോലെ ആരേലും കയറി വന്നാല്‍ ??? ഹെന്‍റ കൃഷ്ണാ .. പട്ടിണി കിടക്കേണ്ടി വരും...) വേണ്ട വേണ്ട... ഞാനില്യാ ഇമ്മാതിരി കൂട്ടത്തിനു...

    ശെരിക്കും രസിച്ചൂട്ടോ പ്രീതിയെ.... ഒരു ***** അങ്ങടിരിക്കട്ടെ..

    ReplyDelete
  5. ha ha ha...adipoliiiiiii

    ReplyDelete
  6. പണി പാലും വെള്ളത്തില്‍ കിട്ടുന്നത് ഞാന്‍ കുറേ കേട്ടിട്ടുണ്ട് ഇതിപ്പോ മത്തികരീലും കപ്പയിലും കിട്ടുന്നത് ആദ്യമായി കേള്‍ക്കുകയാ

    ReplyDelete
  7. Preethi vaayikaan rasam undayirunnu....karthaave ini njan kappakku entho cheyum?? menakedaayallo koche!!
    Sherls

    ReplyDelete
  8. അടുത്ത വീട്ടിലെ ചേച്ചി എന്ന് വെറുതെ പറഞ്ഞതല്ലേ?? അലനഹ്ദയിലുള്ള ചേച്ചിയല്ലേ??? ആളെ മനസ്സിലായി ....:))
    രസിച്ചു വായിചൂട്ടോ ....

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ആ ചേച്ചി അല്ല രാജേഷ്‌....പാവം ചേച്ചി ഈ കാര്യം തന്നെ അറിഞ്ഞത് ഇത് വായിച്ചപ്പോഴാകും ..:)

      Delete
  9. ഹഹ.. നല്ല എഴുത്ത്.. നര്‍മ്മത്തോടൊപ്പം ജീവിതത്തിലെയൊരേട്...

    ReplyDelete
  10. Kappakku nalla ruchi...narmmavum, kothiyum okke kannakkupole cherthathu kondaavum...:)
    Keep Writing dear.....You have a flair for humour...
    Enjoyed it thoroughly....:))))))

    ReplyDelete
  11. ദേ പ്രീതി കൊതിപ്പിച്ചു.. ഇന്ന് വ്യാഴം കപ്പ വാങ്ങിയിട്ട് തന്നെ കാര്യം.. ലുലുവില്‍ പോയിട്ട് കാര്യമില്ലല്ലേ.. കപ്പ കിട്ടില്ലലോ.. ഹ ഹ .. നര്‍മ്മത്തോടെ കൂടിയുള്ള കപ്പ പുരാണം വളരെ ഇഷ്ട്ട്ടമായി..

    ReplyDelete
  12. Nice description pree enjoyed reading ... really felt sorry for u and i imagined your sad face hahah

    ReplyDelete
  13. aa ayalkkari ithu vaayikkumo aavo....
    nice preethi ... nalla vivaranam.....

    ReplyDelete
  14. പണ്ട് അമ്മൂമ്മ പറഞ്ഞു തന്ന നെയ്യപ്പക്കഥയുടെ ഗുണപാഠം ഓർമ്മവന്നു! അതിഥികൾ വന്നപ്പോൾ നെയ്യപ്പം ഒളീപ്പിച്ച് വെച്ച പയൻസ്, അവരെ തിരിച്ചയച്ച് വന്നപ്പോൾ പൂച്ച കാലിയാക്കിയ പ്ലേയ്റ്റ് കണ്ട് നിരാശനായി.

    ഇവിടെ ഇത് സംഭവകഥയാകാനേ തരമുള്ളൂ....

    നന്നായി എഴുതി, പ്രീതി!

    ReplyDelete
  15. ഇനി കപ്പ തിന്നണം എന്ന് തോന്നുമ്പോ എന്നെ വിളിച്ചോളൂ.
    മൈ ഫോണ്‍ നമ്പര്‍ ഈസ്‌ ഡബ്ള്‍ റ്റൂ ഡബ്ള്‍ ഫോര്‍ !

    (അസമയത്ത് കയറി വന്ന ആ ചേച്ചിക്ക് എന്റെവക ഒരു സല്യൂട്ട്)

    ReplyDelete
  16. valarae nannayittundu kappa puranam

    ReplyDelete
  17. 'കപ്പ പുരാണം ' അസ്സലായിട്ടുണ്ട് പ്രീതി.....
    അതാണല്ലേ ഇപ്പോള്‍ FB എടുക്കാത്തത് ? ....

    ReplyDelete
    Replies
    1. അതൊന്നും അല്ലന്നേ..:)....

      Delete
  18. വായിച്ചു അഭിപ്രായം പറഞ്ഞതിന് എല്ലാവര്‍ക്കും നന്ദി ..ഇതുപോലെ വായിച്ചു രസിക്കാന്‍ പറ്റുന്ന കഥകളുമായി ഉടന്‍ തിരിച്ചു വരാം..;)

    ReplyDelete
  19. അപ്പോള്‍ കപ്പ പുരാണം ഇങ്ങിനെയും എഴുതാം. ഇതു ഞാന്‍ എഴുദിയാല്‍ (എനിക്ക് കപ്പ തിനാന്‍ പൂതി തോനി അന്നേരം കേട്ടിയോനോട് പറഞ്ഞു കപ്പ മാങ്ങനെ.. ലുലുവില്‍ നിന്നും കപ്പകിട്ടിയില്ല അടുത്ത ദിവസം കിട്ടിയ കപ്പ തിന്നാനും പറ്റിയില്ല.) നര്‍മ്മത്തില്‍ പറഞ്ഞ കപ്പ പുരാണം തിന്നാന്‍ പറ്റിയിലെങ്കിലും ഇതു പോലെ നല്ല ഒരു പോസ്റ്റ്‌ടാന്‍ പറ്റിയല്ലോ? നനായിരിക്കുന്നു ...

    ReplyDelete