Tuesday, March 6, 2012

മറവിയുടെ മൂടുപടം

"എടി നിന്റെ ഈ മറവി കൊണ്ട് മറ്റുളവര്‍ കഷ്ടത്തിലായല്ലോ.."ഉറക്കെ ഉള്ള ആക്രോശം കെട്ടു അവള്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. അവളുടെ ഭര്‍ത്താവ് ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അലറുന്നു. "ഇത്തവണ എന്താണ് മറന്നത്?".ഭക്ഷണം ഉണ്ടാക്കാന്‍ മറന്നോ?.മീറ്റിങ്ങിനു പോകാന്‍ അലക്കി വെളുപ്പിച്ചു തേച്ചു വക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ വെള്ള ഷര്‍ട്ട്‌ ചളി കൊണ്ടുള്ള ഭൂപടങ്ങളും കാണിച്ചു അതേ പടി അയലില്‍ കിടക്കുന്നു. 
"അമ്മേ ..അമ്മയോട് ഞാന്‍ പറഞ്ഞതല്ലേ ഇന്ന് നോറിയക്ക്‌  കൊടുക്കാനുള്ള ഗിഫ്റ്റ് പൊതിഞ്ഞു വക്കാന്‍?"..അടുത്തത് മകളുടെ വക. ഇന്ന് രാവിലെ കോളേജില്‍   പോകുമ്പോഴേക്കും പൊതിഞ്ഞു വക്കാന്‍ പറഞ്ഞ ഗിഫ്ടും വര്‍ണ്ണ കടലാസും അതേ പടി മേശമേലിരിക്കുന്നു. അവളോട്‌ എന്ത് മറുപടി പറയും എന്നറിയാതെ നില്‍ക്കുമ്പോഴേക്കും മകന്‍ "അമ്മെ...." എന്ന് വിളിച്ചു മുകളില്‍ നിന്നും പടികള്‍ ഇറങ്ങി വരുന്നു .അവന്റെ ഷൂസ് വലിച്ചെറിഞ്ഞു അത് പോളിഷ് ചെയ്യാന്‍ മറന്നതിന് ആവോളം ഉച്ചത്തില്‍ ചീത്ത വിളിച്ചു ചവിട്ടി കുതിച്ചു പടികള്‍ തിരിച്ചു കയറി. മറവി കാരണം അവരുടെ ജീവിതം താറുമറാവുന്നു  എന്ന പരാതി കൂടി വരികയും പ്രതിഷേധങ്ങളും ആക്രോശങ്ങളും പതിവാകുകയും ചെയ്തപ്പോള്‍ അവള്‍ തന്റെ ഓര്‍മകളെ തിരികെ കൊണ്ട് വരാന്‍ ഒരു ശ്രമം നടത്തി .
              എല്ലാവരും ഓരോ വഴിക്കു പോയി വീട് നിശബ്ദമായപ്പോള്‍ പുറത്തെ പടിയുടെ മുകളില്‍ വിദൂരതയിലേക്ക്  നോക്കി ഇരുന്നു ഓരോന്ന് ഓര്‍ത്തെടുക്കാന്‍ തുടങ്ങി.കല്യാണം കഴിഞ്ഞു നീയാണ്  ലോകത്തിലെ ഏറ്റവും സുന്ദരി എന്ന് പറഞ്ഞു ഭര്‍ത്താവ് തന്റെ മുഖം പിടിച്ചു ഉയര്‍ത്തിയത്‌.... . ....തന്റെ മകള്‍ ജനിച്ച ദിവസം.അമ്മെ  എന്ന് ആദ്യമായി വിളിച്ച  ദിവസം.പിന്നീട് മകന്റെ ജനനം.അമ്മയെ മാത്രം സ്നേഹിച്ചിരുന്ന മകന്റെ  കൊച്ചു മുഖം.മക്കളുടെ വളര്‍ച്ച.അവരുടെ ജീവിതത്തില്‍ തനിക്കെന്നാണ് പ്രാധാന്യം നഷ്ടപ്പെട്ടത്?.അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമുള്ള ഒരു വ്യക്തിയായി താനെന്നാണ് തരംതാണു പോയതെന്ന് അവള്‍ ഓര്‍ത്തെടുക്കാന്‍ നോക്കി.              
                ഓര്‍മ്മകള്‍ പിറകിലേക്ക് പോകുമ്പോള്‍ ഓര്‍മകളില്‍  അവന്‍!....!..!!! !! !  !, .ഒരിക്കല്‍ ആദ്യമായി പഴുത്തു വീണ മാമ്പഴം അവനു കൊടുക്കാനായി മേശ  വലിപ്പില്‍ ഒളിച്ചു വച്ചത് അവള്‍ക്കു ഓര്മ വന്നു.അതിപ്പോളും അവിടെ ഉണ്ടാകുമോ?.പിന്നീട് തനിക്കു അമ്മാവന്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ട് വന്നു തന്ന ഭംഗി ഉള്ള പേന അവനു കൊടുക്കാനായി ഒളിപ്പിച്ചു  വച്ചു.അത് മുന ഒടിഞ്ഞ പെന്‍സിലുകള്‍ ഇട്ടു വയ്ക്കുന്ന ഒരു പഴയ കൂട്ടിലായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.കൊടുക്കണം  എന്ന് ആഗ്രഹിച്ചിട്ടും കൊടുക്കാതിരുന്ന മധുര ചുംബനങ്ങള്‍ ഓര്മ വന്നപ്പോള്‍ അവളുടെ  മുഖം തുടുത്തു.പിന്നീട് തന്നെ തന്നെ അവനു കൊടുക്കാന്‍ മറന്നല്ലോ എന്നെ തിരിച്ചറിവില്‍ അവളുടെ ഹൃദയം നീറി. 
            തന്നെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന അനിയനും ജെഷ്ടന്മാരും ചേച്ചിയും, എപ്പോഴും  തന്നെ ഒരു കുഞ്ഞായി മാത്രം കണ്ടിരുന്ന അമ്മാവന്മാര്‍ , ഓര്മ വയ്ക്കുന്നതിനു മുന്‍പ് അമ്മ നഷ്ടപെട്ടെങ്കിലും ആ കുറവറിയിക്കാതെ  വളര്‍ത്തിയ അമ്മായി ഓരോരുത്തരായി കണ്മുന്നില്‍ മിന്നി മറഞ്ഞു.എല്ലാവരും അവരവരുടെ ഭാഗം അഭിനയിച്ചു തീര്‍ത്തു തിരശീലക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.എല്ലാമുള്ളതില്‍ നിന്നും ഒന്നുമില്ലാത്ത ഒരു ശൂന്യതയില്‍ എത്തിനില്‍ക്കുന്നു താനിപ്പോള്‍ .
            ഓര്‍മ്മകള്‍ ദുഃഖം ഉണ്ടാക്കുന്നു.തനിക്കു മറവി തന്നെ ആണ് നല്ലത്.പരിഭവങ്ങള്‍ ഇല്ലാതെ തന്റെ ശേഷിച്ച ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മറവി അത്യാവശ്യമാണ് എന്ന തിരിച്ചറിവില്‍ പിന്നീട് ഒന്നും ഓര്‍ക്കാന്‍ ശ്രമിക്കാതെ മറവിയുടെ മൂടുപടം ഇട്ടു അവള്‍ വീടിനുള്ളിലേക്ക് നടന്നു .

13 comments:

  1. നന്നായിട്ടുണ്ട്..പെട്ടെന്ന് പറഞ്ഞു തീര്‍ത്തത് പോലെ..ഇത്തിരികൂടി വിഷദമായി പറഞ്ഞു ഫലിപ്പിക്കാമായിരുന്നു..ചിലപ്പോ മറവി മനസ്സിന്റെ ഒരാവശ്യം കൂടിയാണല്ലോ.......

    ReplyDelete
  2. മറവി പലപ്പോഴും വലിയ അനുഗ്രഹമാണ്.

    ReplyDelete
  3. ഓര്‍മ്മകള്‍ ദുഃഖം ഉണ്ടാക്കുന്നു.തനിക്കു മറവി തന്നെ ആണ് നല്ലത്.

    മറവിയെന്ന സംഭവം ഇല്ലായിരുന്നെങ്കില്‍...!!

    ReplyDelete
  4. ഓര്‍ക്കുക തന്നെ വേണം നാം പലതും വല്ലപ്പോഴും ,,,,,,

    ReplyDelete
  5. മറവിയില്‍ ഒരു ചെറിയ ഓര്‍മയുണ്ടല്ലൊ അല്ലേ വേദന മറന്ന ഓര്‍മകള്‍()

    ReplyDelete
  6. മാറാല പിടിച്ച ജീവിതത്തില്‍ മറവി അനുഗ്രഹമാണ് എന്നാലും മരവികൊണ്ട് ജീവിതത്തില്‍ മാറാല കെട്ടാന്‍ ഇടയാവരുത്

    ReplyDelete
  7. ഇതേ വിഷയത്തിൽ സേതുലക്ഷ്മി ഒരു കഥയെഴുതിയിട്ടുണ്ട്.താരതമ്യം ചെയ്യുകയല്ല.അനുകരണമാണെന്നും കരുതുന്നില്ല..ഒന്നു വായിച്ചു നോക്കൂ..

    http://sethulekshmy.blogspot.in/2012/02/blog-post_25.html

    ReplyDelete
    Replies
    1. സേതു ലക്ഷ്മിയുടെ വളരേ മനോഹരമായ ഒരു കഥ ആണ് താങ്കള്‍ തന്ന ലിങ്കില്‍ ഉള്ളത്...അതും ഇതുമായി താരതമ്യം ചെയാനെ പറ്റില്ല....ഇത് ഞാന്‍ മുഴുവനാക്കാതെ വച്ചിരുന്ന കുറച്ചു വരികള്‍ മാത്രമാണ്..ഇതില്‍ കൊടുത്തിരിക്കുന്ന ചിത്രം അവിചാരിതമായി കണ്ടപോഴാണ് എനിക്ക് ഞാന്‍ എഴുതിയ ഈ വരികള്‍ തന്നെ ഓര്മ വന്നത്..എന്റെ ഈ കഥ അപൂര്‍ണമായ കഥയായാണ് എനിക്ക് തന്നെ തോന്നിയിട്ടുള്ളത് ..

      Delete
  8. അഭിപ്രായത്തിന് നന്ദി സുഹൃത്തുക്കളെ...:)

    ReplyDelete
  9. മറവി ഒരനുഗ്രഹം തന്നെ
    ഓര്‍മ്മകള്‍ ദുഃഖം ഉണ്ടാക്കുന്നു.തനിക്കു മറവി തന്നെ ആണ് നല്ലത്.പരിഭവങ്ങള്‍ ഇല്ലാതെ തന്റെ ശേഷിച്ച ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മറവി അത്യാവശ്യമാണ് എന്ന തിരിച്ചറിവില്‍ പിന്നീട് ഒന്നും ഓര്‍ക്കാന്‍ ശ്രമിക്കാതെ മറവിയുടെ മൂടുപടം ഇട്ടു അവള്‍ വീടിനുള്ളിലേക്ക് നടന്നു .

    ReplyDelete
  10. സ്ത്രീയവളുടെ ജീവിതത്തിന്റെ ഒരിടവഴിയില്‍ തനിച്ചകുമ്പോഴുണ്ടാകുന്ന വ്യഥ...അതാണീ കഥയില്‍ പ്രതിഫലിക്കുന്നത്..ജീവിതത്തിന്റെ അകത്തളത്തിലേക്ക് വന്ന പ്രിയപെട്ടവര്‍ ..അവര്‍ തനിക്കെല്ലാം അവര്‍ക്കുമതു പോലെ താന്‍ പ്രിയപ്പെട്ടവള്‍ ..പിന്നെയെപ്പോഴാണതിനൊരു ഉലച്ചില്‍ വരുന്നത്...വിഴുപ്പലക്കി നഖമുനകള്‍ ഒടിയുമ്പോഴോ..അതോ അടുപ്പൂതി മുഖകാന്തിയില്ലതാകുമ്പോഴോ...അല്ല....ഒരു പരിധിക്കപ്പുറം ആരും ആര്‍ക്കും ആരുമല്ലാതാവുന്നു..ഇതൊരു പ്രപഞ്ച സത്യം പകലിന്റെ സൂര്യനു രാത്രിയുടെ ചന്ദ്രനു അന്യനെന്ന പോലെ....പ്രീതീസ് എനിക്കിഷ്ടായി ഈ ആകുലതകള്‍ ..മറവിയുടെ നൂലില്‍ പൊതിഞ്ഞ ഈ ചിന്തകള്‍ ...

    ReplyDelete
    Replies
    1. ഒരു സ്ത്രീ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു സ്വന്തം ജീവിതം മറക്കുന്നതും പിന്നീട് അത് തിരിച്ചറിയുമ്പോഴേക്കും ആര്‍ക്കു വേണ്ടി അവള്‍ ജീവിച്ചോ അവര്‍ക്ക് പോലും അവള്‍ ഒന്നുമല്ലാതെ ആയി മാറുന്നു..ആ തിരിച്ചറിവില്‍ ഒരു തിരിച്ചു പോക്ക് സാധ്യമല്ലാത്തതിനാല്‍ അവള്‍ പഴയത് പോലെ തന്നെ തുടരേണ്ടി വരുന്നു ..ഒരു യാഥാര്‍ത്ഥ്യം.അത് വരച്ചു കാണിക്കാന്‍ ഒരു ശ്രമം നടത്തിയതാണ് ..ശെരിക്കും വായിച്ചു മനസിലാക്കി യഥാര്‍ത്ഥ അഭിപ്രായം എഴുതിയതിനു ഒരു പാട് നന്ദി സാജിദാത്ത.:)

      Delete
  11. എല്ലാമുള്ളതില്‍ നിന്നും ഒന്നുമില്ലാത്ത ഒരു ശൂന്യതയില്‍ എത്തിനില്‍ക്കുന്നു ....

    ReplyDelete