Thursday, October 17, 2013

ഒരു വിരുന്നും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങളും

        നാട്ടില്‍ എത്തി രണ്ടാം ദിവസം വീട്ടില്‍ വെറുതെ ഇരിക്കുമ്പോഴാണ് ഒരു അകന്ന ബന്ധത്തിലെ അമ്മാവന്‍റെ ഫോണ്‍കാള്‍ ലാന്‍ഡ്‌ ഫോണിലേക്ക് വന്നത്. വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാന്‍ തന്നെ ഓടി ചെന്ന് ഫോണ്‍ എടുത്തു. ഫോണെടുത്തു ഞാന്‍ ആണെന്ന് പറഞ്ഞതും പണ്ട് മുതലുള്ള പുരാണങ്ങള്‍ അതീവ സന്തോഷത്തോടെ പറഞ്ഞു അമ്മാവന്‍ ഞങ്ങളെ കാണാനുള്ള ആഗ്രഹവും അറിയിച്ചു. കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ ഞങ്ങളെ അമ്മാവന്റെ വീട്ടിലേക്കു വിരുന്നിനു ക്ഷണിക്കുന്നതാണ്. പക്ഷെ ഓരോ കാരണങ്ങളാല്‍ അതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ഇത്രയും സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളുടെ വീട്ടില്‍ ഇതുവരെ പോകാന്‍ പറ്റിയില്ലല്ലോ എന്നാലോചിച്ച് എനിക്ക് സങ്കടം തോന്നി. ഇത്തവണ ഉറപ്പായും വരാമെന്നും വരുന്നതിനു മുന്‍പ് വിളിച്ചു പറയാമെന്നും പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. എന്നിട്ട് പൊടിപ്പും തൊങ്ങലും വച്ച് ഈ കാര്യങ്ങള്‍ ഒക്കെ എന്റെ ഭര്‍ത്താവിനെ പറഞ്ഞു കേള്‍പ്പിച്ചു. ഞാന്‍ പറഞ്ഞു നിര്‍ത്തിയതും എന്റെ പതി വെള്ളപ്പൊക്കത്തില്‍ നിന്നോ മറ്റോ രക്ഷപ്പെട്ട പോലെ “എപ്പോള്‍ വേണമെങ്കിലും അവരുടെ വീട്ടില്‍ പോകാമേ” എന്നും പറഞ്ഞു എണീറ്റ്‌ സ്ഥലം വിട്ടു.
        ഏതായാലും പോകാന്‍ തീരുമാനിച്ച സ്ഥിതിക്ക് നാളെ തന്നെ പോയാല്‍ എന്താ എന്നൊരു ചിന്ത. അതിനാല്‍ അപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് അമ്മാവന്റെ വീട്ടിലേക്കു വിളിച്ചു. കാള്‍ എടുത്തത് അമ്മായി ആണ്. ഞങ്ങള്‍ നാളെ ആ വഴി വന്നാലോ എന്ന് ചോദിച്ചതും ‘അതിനെന്താ എപ്പോള്‍ വേണമെങ്കിലും വരാലോ. സന്തോഷമേ ഉള്ളു. വന്നാല്‍ ഊണ് കഴിച്ചേ പോകാവു.ഇവിടെ നല്ല ഒരു നാടന്‍ കോഴി ഉണ്ട്.അതുവച്ച് ഒരു അസല്‍ കറി ഉണ്ടാക്കാന്‍ ഞാന്‍ കാത്തിരിക്കുകയ”. ഇത്രയും സ്നേഹത്തോടെ ഉള്ള ക്ഷണം കേട്ടപ്പോള്‍ എന്റെ മനം കുളിര് കോരി. മാത്രമല്ല അവസാനം അവര് പറഞ്ഞ കാര്യങ്ങള്‍ എന്‍റെ പതിയെയും സന്തോഷിപ്പിച്ചു. രണ്ടു ദിവസമായി എന്റെ വീട്ടില്‍ നിന്നും പച്ചകറി മാത്രം കഴിച്ചു മടുത്തിരിപ്പാണ് കക്ഷി. മാത്രമല്ല നാടന്‍ കോഴി കറി കഴിച്ചിട്ടു കാലം കുറേ ആയിരുന്നു.
          ഒരു ഓണം കേറാമൂലയിലാണ് അമ്മാവന്റെ വീട്. മെയിന്‍ റോഡില്‍ ഇഷ്ടം പോലെ ഓട്ടോക്കാര് ഉണ്ടാകുമെന്നും ആരോട് വഴി ചോദിച്ചാലും പറഞ്ഞു തരുമെന്നും അമ്മായി പറഞ്ഞിരുന്നു. ഞങ്ങള്‍ കുറച്ചു ഗള്‍ഫ്‌ മിട്ടായിയും ഈത്തപഴവും ഒരു ലുലു കവറിലും ഇട്ടു  ഉച്ചക്ക് പതിനൊന്നു മണിയോടെ അമ്മായി പറഞ്ഞ റോഡിലെത്തി. പന്ത്രണ്ടു മണിയായിട്ടും ഓട്ടോ പോയിട്ട് ഒരു ഈച്ച പോലും ആ റോഡിലൂടെ പോയില്ല. അവസാനം മെയിന്‍ റോഡിലൂടെ പായുന്ന ഒരു ഓട്ടോ കൈകാട്ടി നിര്‍ത്തി വഴി ചോദിച്ചപ്പോള്‍ അയാള്‍ ആ നാട്ടുകാരന്‍ അല്ലെന്നും പറഞ്ഞു സ്ഥലം വിട്ടു. അവസാനം രണ്ടും കല്‍പ്പിച്ചു ഊടുവഴിയിലൂടെ കാറു തിരിച്ചു. വളഞ്ഞും തിരിഞ്ഞും പല തവണ വഴി ചോദിച്ചും വഴി തെറ്റിയും അവസാനം ഞങ്ങള്‍ അമ്മാവന്റെ വീടിനു മുന്‍പിലെത്തി. ആള്‍ താമസം ഉള്ളതിന്റെ യാതൊരു ലക്ഷണവും അവിടെ കാണാന്‍ ഇല്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടിയായിരുന്നപ്പോള്‍ ആ വീട്ടില്‍ വന്നത് ഞാന്‍ ഓര്‍ത്തു.പൂക്കള്‍ നിറഞ്ഞു നിന്നിരുന്ന മുറ്റവും മുറ്റത്തിനരുകിലായി  ഊഞ്ഞാലും ഉള്ള സന്തോഷം നിറഞ്ഞു നിന്നിരുന്ന ആ വീട് എന്റെ ഓര്‍മയില്‍ എത്തി. അന്നവിടെ ഏകദേശം എന്റെ പ്രായക്കാരായ രണ്ടു ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അമ്മാവന്റെ മക്കള്‍. അവരൊക്കെ വളര്‍ന്നു ജോലിയുമായി കല്യാണം കഴിഞ്ഞു ദൂരെ എവിടെയോ ആണെന്ന് കേട്ടിരുന്നു.
            കിളികള്‍ ഒഴിഞ്ഞ കൂടുപോലെ തോന്നിച്ചു ആ വീടും പരിസരവും. അപ്പോഴാണ് പൊതുവേ സംസാരം കുറഞ്ഞ അമ്മായി അല്ലെ ഫോണില്‍ ഇത്രയൊക്കെ സംസാരിച്ചത് എന്ന് ഞാന്‍  അത്ഭുതപ്പെട്ടത്. അങ്ങനെ പല ചിന്തകളാല്‍ നീളന്‍ മുറ്റം കഴിഞ്ഞു ഞങ്ങള്‍ ഉമ്മറത്തെത്തി കാളിംഗ് ബെല്ലടിച്ചു. പത്തു മിനുട്ട്‌ കഴിഞ്ഞിട്ടും ആളനക്കം ഒന്നും ഇല്ല. തിരിച്ചു പോകാമെന്ന് കരുതിയപ്പോള്‍ അകത്തു നിന്നും ആളനക്കം കേട്ടു. ഉടനെ വാതില്‍ തുറന്നു അമ്മായി പ്രത്യക്ഷപ്പെട്ടു. മ്ലാനമായ മുഖത്തു ഞങ്ങളെ  കണ്ടപ്പോള്‍ ചെറിയ സന്തോഷം വിടര്‍ന്നു.
“വാ ഇരിക്ക്,. ഞാന്‍ ഇപ്പൊ കോഴിയെ പിടിക്കാം” എന്നും പറഞ്ഞു അമ്മായി അകത്തേക്ക് പോയി.
“നമ്മള്‍ കോഴി കഴിക്കാനാണ് വന്നിരിക്കുന്നത് എന്ന പോലെ ആണല്ലോ അവര് സംസാരിക്കുന്നത്” പതി ചമ്മലോടെ പറഞ്ഞു.
“ അത് അവരുടെ നിഷ്കളങ്കതയാ”. ഞാന്‍ അതും പറഞ്ഞു അവിടെ ഉള്ള ഒരു പഴയ മാഗസിന്‍ മറച്ചു നോക്കാന്‍ തുടങ്ങി.എന്റെ ഭര്‍ത്താവാണെങ്കില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് വരെ ഇരുന്നു വായിച്ച മാതൃഭൂമി പത്രം പിന്നേയും എടുത്ത് വായിച്ചു പഠിക്കാന്‍ തുടങ്ങി.
         പൊതുവേ ആ വീടിന്നകം മുഴുവന്‍ ഇരുട്ടായിരുന്നു.മൂകവും ഇരുട്ട് മൂടിയതുമായ ആ വീട്ടില്‍ കുറച്ചു നേരം മിണ്ടാതെ ഇരുന്നപ്പോഴെക്കും എനിക്ക് ബോറടിച്ചു തുടങ്ങി. അങ്ങനെ ഞാന്‍ ആ വീട് മൊത്തം കണ്ണോടിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഒരു വിചിത്ര സംഭവം എന്റെ കണ്ണില്‍ പെട്ടത്. ആ ഹാളിന്റെ ഒരു മൂലക്കായി ഇട്ടിരുന്ന ഊണുമേശയുടെ കസേരകളിലൊക്കെ അമ്മാവന്റെ വെള്ള ബനിയനുകള്‍ ഇറക്കി വച്ചിരിക്കുന്നു. കയ്യും തലയും ഇല്ലാത്ത ആറു ആളുകളെ പോലെ തോന്നിച്ചു മങ്ങിയ വെളിച്ചത്തില്‍ ആ കസേരകള്‍.
ഞാന്‍ പതുക്കെ പതിയെ തോണ്ടിവിളിച്ചു ആ കസേരകള്‍ കാണിച്ചു കൊടുത്തു.  അപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്ന സോഫകള്‍ നോക്കാന്‍ പറഞ്ഞു പതി പതിയെ ചിരി അമര്‍ത്തി. അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ഒരു വലിയ സോഫയും രണ്ടു ചെറിയ സോഫകളും അമ്മാവന്റെ ലുങ്കികള്‍ കൊണ്ട് പുതപ്പിച്ചിരിക്കുന്നു. ചെറിയ മേശയുടെ മുകളില്‍ അമ്മാവന്റെ മൂന്നു നാല് കണ്ണടകളും ഒരു ഡയറിയും. വീട് നന്നായി ഒരുക്കി വയ്ക്കുന്ന ശീലമുള്ള ഈ അമ്മാവന് ഇതെന്തു പറ്റി എന്ന് ചിന്തിച്ചപ്പോഴാണ് കോഴിയെ പിടിക്കാന്‍ അമ്മായി പോയിട്ട് മണിക്കൂര്‍ ഒന്നായല്ലോ എന്ന ചിന്ത കൂടി കടന്നു വന്നത്. ഞാന്‍ അകത്തു പോയി നോക്കാനായി എണീറ്റപ്പോഴെക്കും ഒരു കത്തിയുമായി അമ്മായി അവിടെ പ്രത്യക്ഷപ്പെട്ടു.
“കത്തിക്ക് മൂര്‍ശ തീരെ പോര” എന്നും പറഞ്ഞു അടുക്കളപ്പുറത്തേക്കു നടന്നു. അമ്മാവന്‍ എവിടെ എന്ന എന്റെ ചോദ്യത്തിന് ‘എവിടെയാണെങ്കിലും ഉണ്ണാറാകുമ്പോഴെക്കും എത്തും’ എന്നും പറഞ്ഞു അമ്മായി അപ്രത്യക്ഷയായി. 
          പൊതുവേ രണ്ടു മിനുട്ടില്‍ കൂടുതല്‍ മിണ്ടാതിരിക്കാന്‍ ബുദ്ധിമുട്ടുള്ള ഞാനും അവിടെ എത്തിയപ്പോള്‍ മൌനിയായതുപോലെ എനിക്ക് തോന്നി. അമ്മായിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി എന്റെ കുടുംബക്കാരെ കുറിച്ച് മോശം കരുതേണ്ടെന്ന് കരുതി ഞാന്‍ പതീദേവനോട് ഒരു ലഘുപ്രസംഗം കാച്ചി. “ പണ്ട് മുതലേ അമ്മായി സംസാരിക്കാന്‍ മടി ഉള്ളവളാ. ഇതിനൊക്കെ പകരം അമ്മാവന്‍ എത്തിയാല്‍ കാണാം തമാശയും സംസാരവും. നമ്മളെ കണ്ടാല്‍ നല്ല സന്തോഷം ആകും” . ഇതൊന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന മട്ടില്‍ പതി പേപ്പറില്‍ മുഖം പൂഴ്ത്തി. ഇരുന്നു മടുത്ത ഞാന്‍ വീടൊക്കെ ഒന്ന് ചുറ്റി കാണാം എന്ന് കരുതി എണീറ്റു.
“ സമയം രണ്ടര ആയി.നിന്റെ അമ്മായി അടുത്തെങ്ങാന്‍ ഭക്ഷണം തരുമോ?” എന്റെ പതി വാച്ച് കാണിച്ചു ചോദിച്ചു. ഞാന്‍ പതുക്കെ വീടിന്റെ പിന്നാമ്പുറത്തെക്ക് നടന്നു. അവിടെ തുണി തിരുമ്പുന്ന കല്ലില്‍ കത്തി ഉരച്ചു അമ്മായി നില്‍ക്കുന്നുണ്ടായിരുന്നു.അമ്മായി എല്ലാ കാര്യത്തിനും വളരെ പതുക്കെ ആണെന്ന് കേട്ടിരുന്നു. എന്നാലും ഇതല്‍പ്പം കടന്നു പോയി. ഇനി കോഴി ഇല്ലയിരിക്കുമോ? അതിനാകുമോ ഇവര്‍ ഇങ്ങനെ കത്തി ഉരച്ചു നില്‍ക്കുന്നത്!.എന്നെ കണ്ടപ്പോള്‍ അമ്മായി പറഞ്ഞു.“കത്തിക്ക് മൂര്‍ച്ച തീരെ പോരാ കുട്ടി”.
എനിക്കെന്തോ പന്തികേട്‌ തോന്നി.ഞാന്‍ പറഞ്ഞു “ അമ്മായി ഞാന്‍ ഇറങ്ങട്ടെ. പിന്നീട് വരാം” അത് കേട്ടതും അമ്മായി എന്നാല്‍ ശരി എന്നും പറഞ്ഞു എന്റെ പിന്നാലെ വന്നു. ഞാന്‍ എന്റെ ഹാന്‍ഡ്‌ ബാഗ്‌ എടുത്ത് ഭര്‍ത്താവിനു  കാറിന്റെ കീ കൊടുത്തു. എന്തുപറ്റിയെന്ന മുഖഭാവത്തോടെ മൂപ്പര്‍ എന്റെ പുറകെ വാതിലിനടുത്തേക്ക് നടന്നു. ഒരു ഭാവമാറ്റവും ഇല്ലാതെ ഞങ്ങളെ യാത്രയാക്കാന്‍ അമ്മായി മുറ്റംവരെ വന്നു.
“അമ്മാവന്‍ വന്നാല്‍ പറയു ഞങ്ങള്‍ വന്നിരുന്നെന്ന്‍” എന്നും പറഞ്ഞു ഞങ്ങള്‍ കാറില്‍ കയറി. സമയം മൂന്നു മണി ആയിട്ടും അമ്മാവന്‍ വന്നില്ലല്ലോ എന്ന ചിന്ത എന്റെ മനസിനെ അലട്ടി. എന്നാല്‍ അമ്മാവന്‍ വന്നില്ലെന്നതും ഞങ്ങളെ ഒന്നും തരാതെ പറഞ്ഞയക്കുന്നതുമൊന്നും അമ്മായിയില്‍ ഒരു ഭാവമാറ്റവും ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ വലിയ വലുപ്പവും പറഞ്ഞു എന്റെ കുടുംബക്കാരുടെ വീട്ടില്‍ പോയി ഈ ഗതി ആയതിനാല്‍ എന്റെ മുഖം ചമ്മി ചുവന്നിരുന്നു. വയറിന്റെ വിളി ഒരു വലിയ ചൂളം വിളിയായി പരശുരാമും രാജധാനിയുമായി ഓടിക്കൊണ്ടിരുന്നു.
          സമയം നാലുമണി ആകാറായതിനാല്‍ ഇനി വീട്ടില്‍ എത്തിയാലും വല്ലതും കിട്ടുമോ എന്നാ ചിന്തയായി ഞങ്ങള്‍ക്ക്. കുറേ കാലത്തിനു ശേഷം അമ്മാവനെ കണ്ട കഥ പൊടിപ്പും തൊങ്ങലും വച്ച് വര്‍ണ്ണിക്കാം എന്ന അതിമോഹത്താല്‍ പോകുന്നത് അമ്മാവന്റെ വീട്ടിലെക്കാണെന്ന് ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞിരുന്നില്ല. ഷൊര്‍ണൂര്‍ക്ക്  പോകുന്നെന്നും ഊണ് കഴിച്ചേ വരൂ എന്നും പറഞ്ഞപ്പോള്‍ വല്ല സുഹൃക്കളുടെയും വീട്ടിലേക്കു ആകുമെന്ന് കരുതി ആരും കൂടുതല്‍ ഒന്നും ചോദിച്ചും ഇല്ല. വീട്ടിലെത്തിയതും ചോറിനെന്തൊക്കെ കറി ഉണ്ട് എന്നും ചോദിച്ചു ഞാന്‍ ഊണ് മേശക്കരികില്‍ ഇരുന്നു.
“നാലുമണിക്കെന്ത് ചോറ്? നിങ്ങള്ക്ക് അവിടുന്നൊന്നും കിട്ടിയില്ലേ? ഞാന്‍ ബാക്കി ഉള്ള ചോറ് മാവരക്കുന്നതില്‍ ഇട്ടു.”. മുത്തശി എന്നെ നോക്കി പറഞ്ഞു.
          അത് കേട്ടതോടെ എന്റെ വയറ്റിലെ ചൂളം വിളി ഹിന്ദോളമൊ ഹംസധ്വനിയോ ആയി വയറ്റില്‍ കച്ചേരി നടത്താന്‍ തുടങ്ങി.
“കഥ ഒക്കെ പിന്നെ പറയാം .ഉപ്പുമാവെങ്കിലും ഉണ്ടാക്കി തന്നില്ലെങ്കില്‍ ഞാനിന്നു വിശന്നു ചാകും”. ഞാന്‍ പറഞ്ഞു.
അഞ്ചു മിനുട്ടിനുള്ളില്‍ മുത്തശി ഉണ്ടാക്കി തന്ന ചൂട് ഉപ്പുമാവ് കഴിക്കുന്നതിനിടെ ഞാന്‍ വിശേഷങ്ങള്‍ പറഞ്ഞു. കേള്‍ക്കാനായി അമ്മമ്മയും മുത്തശിയും എന്റെ രണ്ടു വശങ്ങളിലുമായി ഇരുന്നു.
“ഞങ്ങള്‍ പോയതേ ഷൊര്‍ണൂര്‍ ഉള്ള ദേവരാമന്‍ അമ്മാവന്റെ വീട്ടിലേയ്ക്കാ. അമ്മാവന്‍ ഇന്നലെ ഇവിടേയ്ക്ക് വിളിച്ചപ്പോള്‍ എടുത്തത് ഞാനാ..എന്നോട് വീട്ടിലേക്കു ചെല്ലാത്തതിനു പരിഭവം പറഞ്ഞു.അങ്ങനെ പോയതാ..വന്നിട്ട് സര്‍പ്രൈസ് ആയി നിങ്ങളോട് പറയാം എന്ന് വച്ചു.” ഞാന്‍ ഇത് പറഞ്ഞു കഴിഞ്ഞതും ഞാന്‍ വിചാരിച്ചതിലും അത്ബുധത്തോടെ അമ്മമ്മയും മുത്തശിയും ഒരേ സ്വരത്തില്‍ ചോദിച്ചു.
“ദേവരാമന്റെ വീട്ടിലേക്കോ? ആര് വിളിച്ചുന്നു?”
“അമ്മാവന്‍ ഇന്നലെ എന്നെ വിളിച്ചല്ലോ. ചെറുപ്പത്തിലെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.” ഞാന്‍ പറഞ്ഞു.
“ദേവരാമന്‍ മരിച്ചിട്ട് കൊല്ലം നാലായി. നീ വിളിച്ചപ്പോ ഞാന്‍ പറഞ്ഞിരുന്നല്ലോ. ഇല്ലേ?” അത് കേട്ടു എന്റെ കണ്ണ് തള്ളി. മുത്തശി പറഞ്ഞിരുന്നോ? എനിക്ക് ഓര്‍മ്മ ഇല്ല! പക്ഷെ ഇന്നലെ അമ്മാവന്‍ എന്നെ വിളിച്ചല്ലോ. പിന്നെ അമ്മായി അമ്മാവന്‍ ഉണ്ണാന്‍ എത്തും എന്നല്ലേ പറഞ്ഞത്. എനിക്ക് അത്ബുധവും സങ്കടവും അടക്കാന്‍ വയ്യായിരുന്നു. മുത്തശി ഉണ്ടായ കാര്യങ്ങള്‍ ചുരുക്കി പറയുന്നത് ഞാന്‍ വായും പൊളിച്ചു കേട്ടിരുന്നു.
       ‘സെന്ട്രല്‍ ഗവര്‍ന്മെന്റില്‍ നിന്നും നല്ല പോസ്റ്റില്‍ വിരമിച്ച അമ്മാവനും അമ്മായിയും വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കളൊക്കെ പഠിച്ചു വലിയ ഉദ്യോഗസ്തരായി അന്യരാജ്യങ്ങളിലാണ്.
പണ്ട് കൊടുമ്പിരി കൊണ്ട പ്രണയത്തിനു ശേഷം കല്യാണം കഴിച്ചവര്‍ ആണ് ഈ അമ്മാവനും അമ്മായിയും. എപ്പോളും അവര്‍ കയ്യ് കോര്‍ത്ത്‌ പിടിച്ചേ നടക്കാറുള്ളൂ. യുവമിധുനങ്ങള്‍ എന്നാണ് അവരെ എല്ലാവരും കളിയാക്കി വിളിച്ചിരുന്നത്. ഒരിക്കലും പിരിഞ്ഞിരിക്കാന്‍ അവര്‍ക്ക് കഴിയില്ലയിരുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ ടൌണില്‍ പോയ അമ്മാവന്‍ ഏതോ വണ്ടി ഇടിച്ചു മരിച്ചു. അതിനു ശേഷം അമ്മായി മാനസിക അസ്വാസ്ത്യത്തിലായിരുന്നു. മക്കള്‍ കൊണ്ട് പോയി ചികിത്സിച്ചു പിന്നീട് രണ്ടു വര്ഷം മുന്‍പ് വീട്ടില്‍ തിരിച്ചെത്തി. ഇടക്കൊക്കെ അമ്മാവന്റെ പോലെ സംസാരിക്കും എന്നൊക്കെ പറഞ്ഞു കേട്ടു.’
“അമ്മായി ഇങ്ങോട്ട് വിളിക്കാറുണ്ടോ?” ഞാന്‍ മുത്തശിയോടു ചോദിച്ചു.
“ഇല്ല.പണ്ടേ അവള്‍ക് സംസാരം കുറവാണല്ലോ. രണ്ടു വര്ഷം മുന്‍പ് വീട്ടില്‍ തിരിച്ചെത്തിയത് അറിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് വിളിച്ചിരുന്നു. അപ്പോഴും വലിയ സംസാരം ഉണ്ടായില്ല”. മുത്തശി പറഞ്ഞു.
         എല്ലാം മനസിലിട്ട്‌ കൂട്ടുകയും കുറക്കുകയും ചെയ്ത എനിക്ക് ഒരു കാര്യം മനസിലായി.അമ്മായി ആണ് ഇന്നലെ അമ്മാവന്റെ ശബ്ദത്തില്‍ എന്നെ വിളിച്ചത്.അവിടെ അമ്മാവന്റെ സാന്നിധ്യം തോന്നാനും അമ്മാവന്‍ മരിച്ചിട്ടില്ല എന്ന് സ്വന്തം മനസിനെ വിശ്വസിപ്പിക്കാനും  ആണ് അവര്‍ സോഫയിലും കസേരയിലും അമ്മാവന്റെ വസ്ത്രങ്ങള്‍  ഇട്ടിരുന്നത്, മേശമുകളില്‍  അമ്മാവന്റെ സാധനങ്ങള്‍ വച്ചിരുന്നത്. ചിലതിനു ഉത്തരം കിട്ടിയപ്പോഴും പല ചോദ്യങ്ങളും ഉത്തരമില്ലതതായി അവശേഷിച്ചു. എങ്ങനെ ഞാന്‍ നാട്ടിലെത്തിയ കാര്യം അവര്‍ അറിഞ്ഞു? സാധാരണ വിളിക്കാരെ ഇല്ലാത്ത നമ്പറില്‍ വിളിച്ചു എന്തിനു അവര്‍ അമ്മാവന്റെ ശബ്ദത്തില്‍ സംസാരിച്ചു? എന്തിനെന്നെ വീട്ടിലേക്കു ക്ഷണിച്ചു? അതുമാത്രമല്ല ഞങ്ങള്‍ കുട്ടികളും അമ്മാവനുമായി പണ്ട് കളിച്ചതും പറഞ്ഞതുമായി അമ്മാവന്റെ ശബ്ദത്തില്‍ അവര്‍ പറഞ്ഞതെല്ലാം സത്യവും ആയിരുന്നു!!.


47 comments:

 1. കൊള്ളാം, പ്രീതി!
  ഒരിക്കല്‍ കൂടെ അമ്മായിയെ പോയി കാണണം എന്ന്‍ തോന്നുന്നു. നിങ്ങളിലൂടെ എന്തെങ്കിലും പദ്ധതി ബാക്കി കിടപ്പുണ്ടാകുമോ?

  ReplyDelete
 2. ഇത് ഭയങ്കരസംഭവാണല്ലൊ പ്രീതീ.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണല്ലോ പ്രീതി ഇത്. ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാവും അവര്‍ അങ്ങിനെ ചെയ്തത് , എന്തായാലും അവസാനം വരെ ആകാംക്ഷ നില നിര്‍ത്താന്‍ വരികള്‍ക്കായി.

  ReplyDelete
  Replies
  1. നന്ദി അഭിപ്രായത്തിനു ..:)

   Delete
 5. നാടും ആളുകളും മാറുന്നതനുസരിച്ച്‌ സംബവങ്ങളും മാറും അത്രയെ ഉള്ളൂ. സമാനമായ അനുഭവം ഞാനും കണ്ടിട്ടുണ്ട്‌. നന്നായി എഴുതി. ആശംസകൾ..

  ReplyDelete
  Replies
  1. നന്ദി അഭി[പ്രായത്തിനു ജെഫു ...അനുഭവം എന്താണ്?..:)

   Delete
 6. നാടും ആളുകളും മാറുന്നതനുസരിച്ച്‌ സംബവങ്ങളും മാറും അത്രയെ ഉള്ളൂ. സമാനമായ അനുഭവം ഞാനും കണ്ടിട്ടുണ്ട്‌. നന്നായി എഴുതി. ആശംസകൾ..

  ReplyDelete
 7. സംഗതി കൊള്ളാം തുടക്കം നിന്‍റെ തമാശ ഫലിചെങ്കിലും ഒടുക്കം ഒരു നൊമ്പരം ബാക്കിയായി

  ReplyDelete
  Replies
  1. അതുതന്നെ ഉദേശിച്ചത്..അപ്പൊ സംഗതി ഏറ്റു...നന്ദി അഭിപ്രായത്തിനു..:)

   Delete
 8. സംഗതി ഇത്രയും ആയ സ്ഥിതിക്ക് ഇനി നാട്ടില്‍ നില്‍ക്കണ്ട... വേഗം വിട്ടോ! അല്ലെങ്കില്‍ അടുത്ത തവണ അപ്പൂപ്പന്‍ നേരിട്ട് വന്നു ബിരിയാണി തിന്നാന്‍ വിളിക്കും!

  കാലം പോയ പോക്കേ :-s

  ReplyDelete
  Replies
  1. നാട്ടില്‍ നിന്നൊക്കെ എപ്പോഴെ പോന്നു...:)

   Delete
 9. തുടക്കത്തില്‍ നാടന്‍ കോഴിയുടെ കറി കിട്ടാത്ത നിന്‍റെ വിഷമം തമാശയായി തോന്നി .....

  അവസാനത്തില്‍ അമ്മായിടെ ദയനീയവസ്ഥ പറഞ്ഞു മനസ്സിനൊരു നൊമ്പരമായി നിറുത്തി.....
  കൊള്ളാം നന്നായിരിക്കുന്നു പ്രീതി

  ReplyDelete
  Replies
  1. തമാശയും റൊമാന്‍സും നൊമ്പരവും കൂടി ഒരു മിക്സ്ച്ചര്‍ ആണ്....ഇഷ്ടപ്പെട്ടല്ലേ ...:)

   Delete
 10. മനോഹരമായിരിക്കുന്നു ഈ വിവരണം.
  ഉത്തരങ്ങളില്ല എന്ന് കോഴിക്കു പിന്നാലെ പോകാനിറിങ്ങിയ അമ്മായിയെ പോലെ നിഷ്‌കളങ്കമായി പറഞ്ഞതാണെങ്കില്‍ എന്റടുത്ത് ചില ഉത്തരങ്ങളുണ്ട്.
  പാവം അമ്മായി അമ്മാവന്റെ ശബ്ദത്തില്‍ വിളിച്ചിട്ടൊന്നുമില്ല.
  അമ്മാവന്റെ വിളി തീര്‍ത്തും ഒരു സ്വപ്‌നമായിരുന്നു.
  ഒരിക്കലും പ്രീതി അമ്മാവനോട് സംസാരിച്ചിരുന്നില്ല.
  ഇത്തരം സ്വപ്‌നങ്ങള്‍ കാണാറുള്ളതു കൊണ്ടാകണം കസേരകളിലും സോഫയിലും ബനിയനും ലുങ്കിയും കണ്ടതോടെ എനിക്ക് കഥയുടെ പരിണാമഗുസ്തി പിടികിട്ടിയിരുന്നു.
  എന്തായാലും ഇത്ര നല്ല വിവരണത്തിന് സല്യൂട്ട് .

  ReplyDelete
  Replies
  1. നന്ദി അഭിപ്രായത്തിനു..:)

   Delete
 11. നല്ല അനുഭവം.
  എങ്കിലും കുറച്ച് അസ്വഭാവികത തോന്നിയത് ഞാൻ എന്ന കഥാപാത്രത്തിന്റേതാണ്. സ്വന്തം അമ്മായി കണ്ട വഴി പറയുന്നു ‘ഞാൻ ഉടനെ കോഴി ശരിപ്പെടുത്താമെന്ന്‘. അതും പറഞ്ഞ് അകത്തേക്കു പോകുന്ന അമ്മായിയുടെ പിന്നാലെ സാധാരണ ഗതിയിൽ ഈ ഞാനും പോകേണ്ടതല്ലായിരുന്നോ...? അതിനു പകരം അവിടെ ഇരുന്ന് മാസിക മറിച്ചു നോക്കിയത്രെ.. അതങ്ങട് വിശ്വാസം വന്നില്ലാട്ടോ... ഇങ്ങ്നേണ്ടോ ഒരു അമ്മായീം മരുമോളും....!
  സ്വന്തം കാറിനൊക്കെ സഞ്ചരിക്കുമെങ്കിലും അത്യാവശ്യം വിശന്നാലും ഹോട്ടലിലൊക്കെ കയറി എന്തെങ്കിലുമൊക്കെ കഴിച്ചു കൂടേയെന്നൊന്നും ഞാൻ ചോദിക്കുന്നില്ല. ഹാ.. ഹാ... !
  (വായിച്ചപ്പോൾ തോന്നിയ ഒരു തമാശയായി എടുത്താൽ മതീട്ടോ...)
  ആശംസകൾ...

  ReplyDelete
  Replies
  1. ഇരിക്ക് എന്ന് പറഞ്ഞിട്ടാണ് അമ്മായി കോഴിയെ പിടിക്കാന്‍ പോകുനത് ...അപ്പോള്‍ ഈ അനുസരനാ ശീലമുള്ള ഞാന്‍ അത് അനുസരിച്ചു. പിന്നെ കോഴിയെ പിടിക്കാനൊന്നും എനിക്ക് വയ്യ...വയ്യാത്ത പരിപാടിക്ക് പോകേണ്ടല്ലോ..ഇപ്പൊ വിശ്വാസം ആയോ?...പിന്നെ ഷോര്‍ണൂര് ഉള്ളിലോട്ടുള്ള ആ ഗ്രാമത്തില്‍ നിന്നും എന്റെ വീട്ടില്‍ എത്തുന്ന വരെ ഉള്ള ആ അരമണിക്കൂര്‍ യാത്രയില്‍ ഒരു ചായ പീടിക പോലും ഇല്ല..:)...പിന്നെ ഒരു രഹസ്യം..ഇത് അനുഭവം അല്ല.....എന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ഒരു കഥ ...നന്ദി അഭിപ്രായത്തിനു ..:)

   Delete
 12. ഒരു വല്ലാത്ത അനുഭവം...
  പക്ഷെ കുറച്ചു എഡിറ്റ്‌ ചെയ്ത് കുറുക്കാംആയിരുന്നു എന്ന് തോന്നി :)

  ReplyDelete
  Replies
  1. എന്റെ മനസിലൂടെ ഒരു നടത്തം ആയിരുന്നു..എല്ലാം ഉണ്ടാക്കി എടുത്ത കഥാപാത്രങ്ങളും.....കൂടുതല്‍ നടന്നല്ലേ......കുറക്കാന്‍ ശ്രമിച്ചില്ല...വലിയ എഡിട്ടിങ്ങും നടത്തിയില്ല..നന്ദി അഭിപ്രായത്തിനു..:)

   Delete
 13. പാവം അമ്മായി...കുറച്ചു നേരത്തെക്കാണെങ്കിലും അതിനെ തെറ്റിധരിച്ചല്ലോ

  ReplyDelete
  Replies
  1. നന്ദി അഭിപ്രായത്തിന് ചേച്ചി..:)

   Delete
 14. ഇതൊരു അസാധാരണ അനുഭവം തന്നെയാണല്ലൊ പ്രീതീ.. നന്നായെഴുതി.

  ReplyDelete
  Replies
  1. അനുഭവം അല്ല......കഥ ....നന്ദി അഭിപ്രായത്തിനു ..:)

   Delete
 15. വിരുന്നുവിളിച്ചു ചെല്ലാത്തതിന്‍റെ മനോവിഷമം അമ്മായിയുടെ
  ഉള്ളില്‍ എപ്പോഴും ഉണ്ടായിരിക്കാം.ആ ചിന്തയില്‍ അമ്മാവന്‍റെ
  മരണം ഉള്‍കൊള്ളാനാവാത്ത അമ്മായിയുടെ മാനസ്സികാവസ്ഥ
  ഭംഗിയായി പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അഭിപ്രായത്തിനു..:)

   Delete
 16. നന്നായിരിക്കുന്നു എഴുത്ത്, ഒരു നല്ല വായനാനുഭവം തന്നതിന് നന്ദി, കൂടുതൽ എഴുതുക

  ReplyDelete
  Replies
  1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം....ഇനിയും എഴുതാന്‍ ശ്രമിക്കാം..:)

   Delete
 17. പ്രീതിച്ചേച്ചീ....
  സൂപ്പറായിട്ടുണ്ട്...
  യു ആ൪ എ ഗുഡ് വ്രൈറ്റ൪...
  കീപ്പ് ഇറ്റ്....
  :-)

  ReplyDelete
  Replies
  1. നല്ല എഴുത്തുകാരി എന്നാകും അനിയന്‍ ഉദേശിച്ചത് എന്നോര്‍ത്ത് സന്തോഷിക്കുന്നു...:)..നന്ദി അഭിപ്രായത്തിനു..

   Delete
 18. ടീച്ചറെ ഇത് കഥയോ അതോ സത്യമായിട്ടും ഉണ്ടായതോ ഒന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല

  ReplyDelete
  Replies
  1. കഥ ആണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാമോ ? എങ്കില്‍ കഥ....ഇനി അത് വിശ്വസിക്കാന്‍ വയ്യെങ്കില്‍ അനുഭവം..:)..നന്ദി അഭിപ്രായത്തിനു.

   Delete
 19. have become a fan of yours, Preethi.... such simple narration, yet so profound....and touching too, inspite of the initial humour which is a real bull's eye.... and yessss!! maybe u shd visit your ammayi again !!

  ReplyDelete
 20. നല്ല കഥ, നല്ല വിവരണം, മൊത്തത്തില്‍ നന്നായിട്ടുണ്ട്.. അവധി കിട്ടിയതു കൊണ്ടായിരിക്കണം, നല്ല രീതിയില്‍ എഴുതിയിട്ടുണ്ട്.. എല്ലാ ഭാവുകങ്ങളും

  ReplyDelete
  Replies
  1. നന്ദി അഭിപ്രായത്തിനു....ഇതാരാണ്?? എന്നത്തേയും അത്ന്യാതന്‍ തന്നെ ആണോ?..:)

   Delete
 21. Kollaam Geniuse alla avide sherikkum kozhi undaarnno??

  ReplyDelete
  Replies
  1. അച്ചുസെ...നന്ദി അഭിപ്രായത്തിനു...:)

   Delete
 22. അമ്മാവന്‍ മരിച്ചിട്ടില്ല ....നോഹരമായിരിക്കുന്നു ഈ വിവരണം.
  നന്നായി എഴുതി. ആശംസകൾ..

  ReplyDelete
  Replies
  1. അമ്മാവന്‍ മരിച്ചിട്ടില്ലേ ?? എപ്പോ?...:)...നന്ദി അഭിപ്രായത്തിനു ..:)

   Delete
 23. കഥയായാലും അനുഭവമായാലും കുറച്ചധികം തന്നെ അതിശയോക്തി ഉള്ള എഴുത്തായി വായിച്ചവസാനിച്ചിരിക്കുന്നു. സംഗതി അങ്ങനെയൊക്കെയാണേലും എഴുത്തില്‍ അങ്ങിങ്ങായി അനുഭവപ്പെടുന്ന നര്‍മ്മം നനനയിട്ടുണ്ട്. നിന്റെ തട്ടകം ഈ നര്‍മ്മമാണെന്ന്‍ തോന്നുന്നു. ആശംസകള്‍.!

  ReplyDelete
  Replies
  1. നര്‍മം അറിയാതെ വന്നു പോകുന്നതാണ്...മനസ്സില്‍ നര്‍മം ഉള്ളത് കൊണ്ടാകാം ...നന്ദി അഭിപ്രായത്തിനു..:)

   Delete
 24. Replies
  1. ഇല്ലാത്ത കോഴിയുമായി ഇല്ലാത്ത അമ്മാവനെ കാത്തിരിക്കുന്ന അമ്മായി...:)..എല്ലാം കഥാപാത്രങ്ങള്‍ ..നന്ദി അഭിപ്രായത്തിനു..

   Delete