Friday, October 21, 2011

Wednesday, October 19, 2011

കുഞ്ഞു ചിന്തകള്‍

          ഞാന്‍ എട്ടു വയസുകാരി.മുത്തശ്ശി എന്നെ മാളൂട്ടി എന്നും അമ്മമ്മ വേശുട്ടി എന്നും വിളിക്കും.നിങ്ങള്‍ക്ക് എന്നെ 'ജീജി' എന്നോ 'സാസ' എന്നോ വിളിക്കാം .എനിക്ക് ഇഷ്ടാണ് അങ്ങനത്തെ പേരുകള്‍.. .. മുത്തശ്ശിയോടും അമ്മമ്മയോടും കുറേ പറഞ്ഞു നോക്കി.അവര്‍ക്ക് വിളിക്കാന്‍ പറ്റില്ലാന്നു പറഞ്ഞു.പിന്നെ അമ്മ..അമ്മ പേര് വിളിക്കുന്നത്‌ അടിക്കാന്‍ മാത്രാണ്.പേര് വിളിക്കാതെയും അടിക്കാറുണ്ട് ട്ടോ.വെര്‍തെ അടിക്കലാ ഈ അമ്മേടെ പണി.ഉണ്ടായത് ഞാന്‍ പറഞ്ഞു തരാം .നിങ്ങള്‍ പറ അമ്മക്ക് എന്നെ അടിക്കേണ്ട വല്ല കാര്യവും ഉണ്ടോ എന്ന്‍.
           ഇന്ന് രാവിലെ  കല്യാണിയമ്മയും നീലിയും കൂടി (ഞങ്ങളുടെ വീട്ടിലെ പണിക്കരാണ് രണ്ടാളും.പക്ഷേ സഹായികള്‍ എന്നേ പറയാവു എന്നാണ് കല്യാണിയമ്മ പഠിപ്പിച്ചിരിക്കുന്നത് ) വര്‍ത്തമാനം പറയുന്നത് കേട്ടു നിന്നതിനു കിട്ടി അമ്മേടെ അടുത്തുന്നു  നാല് അടി.അതും വടി കൊണ്ട്.നല്ലോണം വേദനിച്ചു.മാളു ദുബായിന്നു കൊണ്ടത്തന്ന കട്ടിയുള്ള പാന്റ് ഇട്ടിരുന്നെങ്കില്‍ ഇത്ര വേദനിക്കില്ലയിരുന്നു.കഷ്ടകാലത്തിനു  ജാനുവല്യമ്മ ബോംബെന്ന് കൊണ്ടന്ന  ഉടുപ്പാണ് ഇട്ടിരുന്നത്.അതൊന്നുമല്ല സങ്കടം.അവരെന്താണ് പറഞ്ഞതെന്ന് എനിക്ക് ഒട്ടും മനസിലായില്ല. അത് അമ്മയോട് പറഞ്ഞാല്‍ ചിലപ്പോ ഇനിയും അടി കിട്ടിയാലോ.
            അതിന്റെ സങ്കടത്തില്‍ ഇരിക്കുമ്പോഴാണ് പുറത്തു നിന്നും 'അമ്മേ..തായേ' എന്ന വിളി കേട്ടത് .ഓടി ഉമ്മറത്ത് പോയി നോക്കിയപ്പോ ഒരു വയസ്സന്‍ പിച്ചക്കാരന്‍ .അമ്മ എവിടെ ആണവോ.അമ്മമ്മ ചില്ലറ ഇട്ടു വയ്ക്കുന്ന പാത്രത്തീന്നു തന്ന രണ്ടു രൂപ ഞാന്‍ അയാള്‍ക്ക് കൊണ്ടോയി കൊടുത്തു.പാവം വയസ്സായിരിക്കുന്നു.ഞാന്‍ വെര്‍തെ അയാളെ നോക്കി നിന്നു.അപ്പൊ അയാള്‍ എന്നോട് പറഞ്ഞു തണുപ്പിനു പുതക്കാന്‍ വല്ലതും തരുമോ സാരി ആയാലും മതി എന്ന്‍. ...അപ്പോഴാണ് സുമഅമ്മായി കഴിഞ്ഞ ആഴ്ച്ച ഡല്‍ഹിന്നു വന്നപ്പോ അമ്മക്ക് കൊടുത്ത സാരിയെ പറ്റി ഓര്‍മ്മ വന്നത്.അതിപ്പോഴും പെട്ടിപ്പുറത്തുണ്ടാകും.വേഗം ഞാന്‍ അത് എടുത്തു ആ വയസ്സാണ് കൊണ്ട് പോയി കൊടുത്തു.ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തില്‍ ഓടിപ്പോയി അത് അമ്മയോട് പറഞ്ഞതും അമ്മ നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി."ദുഷ്ടേ..എന്റെ പുതിയ  സാരി നീയാ ദാരിദ്രവാസിക്ക് കൊടുത്തോടി".ഞാന്‍ അത് കണ്ടു നിക്കുമ്പോഴേക്കും അടി പൊട്ടി.ഇത്തവണ കയ്യുകൊണ്ടാ.എത്രയാന്ന് ശെരിക്ക് അറിയില്ലട്ടോ.ഒരു ഏഴെണ്ണം കിട്ടിക്കാണും .പക്ഷെ ഞാന്‍ കേട്ടതാണല്ലോ അമ്മ പറയുന്നത് "ഒരു വസ്തിനും കൊള്ളാത്ത സാരി ..വല്ല പിച്ചക്കാരനും കൊടുക്കാം" എന്ന്. പിന്നെന്തിനാ ഞാന്‍ ആ സാരി പിച്ചക്കാരന്  കൊടുത്തപ്പോ അമ്മ എന്നെ അടിച്ചെ?വയസ്സനെ സഹായിച്ചതിന് നല്ലത് പറയുംന്നാ ഞാന്‍ കരുതീത്.
           അടികിട്ടിയ സങ്കടം തീരാന്‍ വെര്‍തെ തൊടിലോക്കെ നടന്നു.അപ്പോഴാണ് ഇന്നലെ രാത്രി ഇടിവെട്ടിയപ്പോ വയ്ക്കോല്‍ കൂനയില്‍ കൂണ് മുളച്ചിട്ടുണ്ടാകുമോ എന്ന് നോക്കാം എന്ന് തോന്നീത്.അപ്പൊ  കേശവന്‍ നായര്‍ (മുത്തശന്റെ കാര്യസ്ഥനാ...എനിക്ക് ഇഷ്ടല്ല..കൊശവന്‍ നായരെ എന്ന ഞാന്‍ വിളിക്കുക) വയ്കോല്‍ കൂനടെ അടുത്തു നിന്നു ബീഡി കത്തിക്കുന്നു.ഭാഗ്യം എന്നെ കണ്ടില്ല.കണ്ടാല്‍ "ഇന്ന് തല്ലൊന്നും കിട്ടീല്യെ കുട്ടിയെ" എന്നു ചോദിച്ചു കളിയാക്കും.അയാള്‍ക്ക്‌ ഇതുപോലെ തല്ലു കിട്ടിയാലേ മനസിലാകു.പെട്ടന്ന് ബീഡി കത്തിച്ച തീപ്പെട്ടി കോലും ബീഡിയും കൂടി വയ്ക്കോല്‍ കൂനയിലെക്കിട്ടു അയാള്‍ അവിടെനിന്നും ഓടി.ഞാന്‍ അത് നോക്കാന്‍ അടുത്തെത്തിയതും വയ്കോല്‍ കൂന കത്താന്‍ തുടങ്ങി.എത്ര പെട്ടന്നാ കത്തുന്നെ !.അപ്പോഴേക്കും ആരൊക്കെയോ തീയ്‌ ..തീയ്‌...വയ്ക്കോല്‍ കൂന കത്തുന്നെ എന്നു അലറാന്‍ തുടങ്ങി.(അലറുന്നവരുടെ ഇടയില്‍ കേശവന്‍ നായരെ കണ്ടു എനിക്ക് ചിരി വന്നുട്ടോ) .എല്ലാവരും കൂടി വെള്ളം ഒഴിച്ച്  തീയ്‌ കെടുത്തി.വീട്ടുകാരും പണിക്കാരും കത്തിയ വയ്ക്കോല്‍ കൂനക്ക് ചുറ്റും നോക്കി നിന്നു."ഇതാ പറഞ്ഞെ തീയ്‌ എവിടുന്നു വരും എന്നു അറിയില്ലാന്ന് .അല്ലെങ്കി ഇതിപ്പോ  എങ്ങനെ കത്താനാ?" കല്യാണിയമ്മ താടിക്ക് കയ്യും കൊടുത്തു വേദാന്തം പറഞ്ഞു.ഇത് കേട്ടപ്പോ ഞാന്‍ പറഞ്ഞു "തന്നെ കത്തീതോന്നും അല്ല .ഈ കേശവന്‍ നായര് കത്തിച്ചതാ "എന്ന്‍.അത് കേട്ട കേശവന്‍ നായര്‍ പാവത്താനെ പോലെ അഭിനയിച്ചു. പണിക്കരോക്കെ മുറുമുരുക്കാന്‍ തുടങ്ങി.ഇത് കേട്ടു മുത്തശന്‍ ഒന്നും പറഞ്ഞില്ലല്ലോ എന്നു എനിക്ക് സങ്കടായി.അപ്പോഴേക്കും അമ്മ വന്നു "കാണാ കാര്യം പറയരുത് " എന്നും പറഞ്ഞു എന്നെ അടിച്ചു.രണ്ടു മൂന്നടി അടിച്ചപ്പോഴെക്കും മുത്തശന്‍ തടഞ്ഞു.അതുകൊണ്ട് രക്ഷപ്പെട്ടു .മൂന്നടിയില്‍ ഒരടി കിട്ടീത് മുത്തശനാ.വേദന അധികം ഇല്ലായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞിട്ടും എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിണില്ല.അപ്പൊ മുറിയില്‍ ഒറ്റക്കിരിക്കുകയയിരുന്ന മുത്തശനോട്‌ ചെന്നു പറഞ്ഞു."ഞാന്‍ സത്യാ പറഞ്ഞത് .എന്നിട്ടും മുത്തശന്‍  കേശവന്‍ നായരേ ചീത്ത പറയാത്തതെന്തേ?".അപ്പൊ മുത്തശന്‍ പറഞ്ഞു ."നിന്നെ എനിക്ക് അറിയാം.നീ നുണ പറയില്ല.പക്ഷേ കേശവന്‍ നായരേ എനിക്ക് ഇനിയും അറിയാനുണ്ട്".മുത്തശന്‍ പറഞ്ഞ വേദാന്തം എനിക്ക് ഒന്നും മനസിലായില്ല.ചിലപ്പോ  വലുതായി കഴിയുമ്പോ മനസിലാവുമായിരിക്കും.പക്ഷെ ഒരു കാര്യം മനസിലായി മുത്തശന് എന്നെ വിശ്വാസം ആണ്.അത് മതി.പക്ഷേ അമ്മ എന്തിനാ സത്യം പറഞ്ഞതിന് എന്നെ അടിച്ചെ?.
                    ഈ സംഭവങ്ങളൊക്കെ കഴിഞ്ഞു നേരം വയ്കുന്നേരം ആയി.ആരൊക്കെയോ വിരുന്നുകാര്‍ വന്നിട്ടുണ്ട് വീട്ടില്‍. കുട്ടികളെ ഒന്ന് ശ്രദ്ധിക്കുകയോ ഒരു മിട്ടായി പോലും കൊണ്ടാത്തരുകയോ ചെയ്യാത്ത വിരുന്നുകാരെ എനിക്ക് ഇഷ്ടല്ല .അതുകൊണ്ട് ഞാന്‍ മാളു ദുബായിന്നു കൊണ്ട് വന്നു തന്ന പൂമ്പാറ ക്ളിപ്പെടുത്തു കളിച്ചു .അമ്മ വന്നവര്‍ക്ക് ചായ സല്‍ക്കാരം നടത്തി അവരുമായി സംസാരിക്കുന്ന തിരക്കിലാണ് .ഊണ്‍ മേശയില്‍ നിറയെ ചായകപ്പുകള്‍. ..പൂമ്പാറ്റ ക്ലിപ്പ് ചായ കപ്പില്‍ ഇട്ടാല്‍ പൊന്തി കിടക്കുമോ?.ഒന്ന് പരീക്ഷിച്ചാലോ!ഞാന്‍ എന്‍റെ കയ്യിലെ ക്ലിപ്പ് ഒരു ചായ കപ്പില്‍ ഇതു അത് താഴുനുണ്ടോ എന്നു നോക്കി ഇരിക്കുമ്പോഴേക്കും കിട്ടി പുറകീന്ന് അമ്മേടെ അടി.വിരുന്നുകാരുള്ളത് കൊണ്ട് ഒരു അടിടെ കൂടെ രണ്ടു പിച്ചു കൂടി കിട്ടി.ആ ദേഷ്യത്തിന് ഞാന്‍ അവിടെ ഇരുന്നു ചിപ്സ് വാരി തിന്നുന്ന ഒരു പെണ്ണിനെ നോക്കി കൊഞ്ഞനം കാട്ടി.എന്നിട്ടും സങ്കടം തീരുന്നില്ല.എന്തിനാണ് അമ്മ എന്നെ അടിച്ചത്?.പൂമ്പാറ്റ ക്ലിപ്പ് ചായേല് പൊങ്ങി കിടക്കനത് കാണാന്‍ നല്ല രസണ്ടാവും.അതോ ഇനി താഴുമോ?.അമ്മയോട് ചോദിച്ചാലോ? വേണ്ട..ഇനീം അടികിട്ടും.
                   ഉമ്മറത്തുനിന്നു ചിരിക്കുന്ന ശബ്ദം കേട്ടു ഞാന്‍ പോയി നോക്കി.അകത്തിരുന്നു ബേക്കറി സാധങ്ങള്‍ തിന്നുന്ന പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്‍മാരാണ്.അമ്മേടെ അമ്മായിടെ വീട്ടുകാരാരോക്കെയോ ആണെന്ന് അമ്മ പറഞ്ഞു.ഇവരൊക്കെ ഇത് തിന്നു തീര്‍ക്കാനാണോ ഇങ്ങോട്ട് വന്നെ.മിക്സ്ച്ചറും ചിപ്സും കുറച്ചു അമ്മമ്മ എനിക്ക് തന്നിരുന്നു.പക്ഷേ ലഡ്ഡു ഉള്ള കാര്യം അറിയില്ലായിരുന്നു. നാല് ലഡ്ഡു ഒരു പ്ലേറ്റില്‍.മൂന്നു പേര് ഓരോന്ന് എടുത്തു കഴിഞ്ഞാല്‍ ബാക്കി ഒന്നുണ്ടാകും.പക്ഷെ ആ തടിയന്‍ രണ്ടെണ്ണം കഴിക്കുമോ എന്നു സംശയം.ഞാന്‍ ചെന്നു അവരോടു പറഞ്ഞു "ഓരോരുത്തരും ഓരോന്ന് എടുത്താല്‍ മതിട്ടോ " എന്ന്‍. .... .അപ്പോഴേക്കും അകത്തു ഇരുന്നു വര്‍ത്തമാനം പറഞ്ഞിരുന്ന അമ്മ എവിടുന്നു വന്നോ ആവൊ.എന്‍റെ ചെവി വലിച്ചു അകത്തേക്ക് കൊണ്ട് പോയി നാല് അടി.അതിനു ഞാന്‍ എന്ത് തെറ്റാ പറഞ്ഞെ? .നുണയും പറഞ്ഞില്ല.അരുണെട്ടനും മാളുവും ചിന്നുവും ഒക്കെ ഉള്ളപ്പോള്‍ അമ്മ ഞങ്ങളോട് പറയാറുണ്ടല്ലോ "ഓരോരുത്തര്‍ ഓരോന്ന് എടുത്താല്‍ മതി" എന്ന്‌.
              അടി കിട്ടിയ സങ്കടത്തില് ഇരിക്കുമ്പോഴും എനിക്ക് ആ ലഡ്ഡു മുഴുവന്‍ അവര്‍ തിന്നു കാണുമോ  എന്ന്‌ സംശയം.അത് നോക്കാന്‍ വേണ്ടി പിന്നേം ഉമ്മറത്തേക്ക് പോയി.അപ്പോഴാണ് ഒരു ബോംബു പൊട്ടുന്ന ശബ്ദം .പോരാത്തതിന് ചീത്ത മണവും.ബോംബിട്ടത് മിക്സ്ച്ചറും ലഡ്ഡുവുമൊക്കെ വാരി തിന്ന ആ തടിയനാകും.പക്ഷെ എല്ലാവരും താനല്ല എന്ന ഭാവത്തില്‍ ഇരിക്കുന്നു.ഇനി ഉണ്ടായ കാര്യം പറയാന്‍ ഒരു ചമ്മല്‍ ഉണ്ട് ട്ടോ.ചീത്ത കാര്യാണ് എന്ന്‍ അറിയാം.അരുണേട്ടന്‍ പറഞ്ഞു തന്ന ഐഡിയ ആണ്. കുറേ ആളുകള്‍ ഇരിക്കുമ്പോള്‍ ആരെങ്കിലും ശബ്ദം ഉണ്ടാക്കി ചീത്ത മണം വന്നാല്‍ ആരാന്നു അറിയാന്‍ അവര്‍ എണീറ്റ്‌ പോയാല്‍ ഇരുന്ന സ്ഥലം മണത്ത് നോക്കിയാല്‍ മതി എന്ന്‍.എനിക്ക് അത് ഇഷ്ടമുള്ള കാര്യം അല്ല.  .എന്നാലും ആരാന്നു അറിയണമല്ലോ.അവര് പോകാന്‍ എണീറ്റ്‌ വാതിലിന്നടുത്തു നിന്നു പിന്നേം വര്‍ത്തമാനം പറയുന്നു.ഞാന്‍ വേഗം ചെന്നു സോഫ മണത്ത് നോക്കി..ഈ അരുണേട്ടന്  നല്ല ബുദ്ധി ആണ് ട്ടോ.ആളെ പിടികിട്ടി.റോസ് ഷര്‍ട്ട് ഇട്ട ആള്.തടിയനല്ല.മഞ്ഞയില് പച്ച പുള്ളി ഉള്ള സാരി ഇട്ട ശാരദ ആന്റിയുടെ ഭര്‍ത്താവ്.(അമ്മ പറഞ്ഞു തന്നതാ).അവര് പോകാന്‍ നില്‍ക്കുന്നു.ഞാന്‍ അവരുടെ അടുത്തു ചെന്നു പറഞ്ഞു "നേരത്തെ ശബ്ദം ഉണ്ടാക്കിയ ആളെ മനസിലായി ട്ടോ.ഈ അങ്കിള്‍ അല്ലെ?".അവരെല്ലാവരും അമ്പരന്നു എന്നെ നോക്കി.ഭാഗ്യത്തിന് അപ്പോള്‍ അമ്മ എന്നെ അടിച്ചില്ല. പക്ഷേ ആ സമയത്ത് "ഭൂമിയിലേക്ക്‌ താണു പോയാല്‍ മതി"എന്ന്‌ തോന്നിയെന്ന് അമ്മ  മുത്തശിയോട് പറഞ്ഞു.അതെന്താ അമ്മ അങ്ങനെ പറഞ്ഞെ?.അത് ചോദിച്ചു വെറുതെ എന്തിനാ അടി വാങ്ങുന്നെ അല്ലെ.