Thursday, June 16, 2011

വേല ആയുധമാക്കിയവന്‍-വേലായുധന്‍


         നാട്ടിലേക്ക് വിളിച്ചുള്ള പതിവ് സംസാരത്തിനിടയിലാണ് മുത്തശ്ശി പറഞ്ഞത്"നമ്മുടെ വേലായുധന്‍റെ  മകന് ബാങ്കില് ജോലി കിട്ടിയത്രേ" എന്ന്‍....ഓര്‍മകളുടെ  ഏടുകളില്‍ എവിടെയോ മറന്നു പോയ ഒരു കഥാപാത്രം ഒരു പാട് തെളിച്ചത്തോടെ തിരശ്ശീലയില്‍  എത്താന്‍ കാരണം അതാണ്‌.മൂന്നു നേരം ഭക്ഷണവും അത്യാവശ്യത്തിനു നാണം മറക്കാന്‍ തുണിയും ഉണ്ടെങ്കില്‍ ജീവിതം സ്വര്‍ഗ്ഗം  എന്ന് കരുതിയിരുന്ന ഒരാള്‍ .അയാളുടെ മകന്‍ ഇപ്പോള്‍ നല്ല നിലയിലായെന്നു  കേട്ടപ്പോള്‍ അത്ബുധവും  അതിലേറെ സന്തോഷവും തോന്നി .
               ഞങ്ങളുടെ തറവാട്ടിലെ മൂന്നു കാര്യസ്ഥന്‍മാരില്‍  ഒരാളായിരുന്നു വേലായുധന്‍ .മുത്തശ്ശന്‍റെ   സന്തത സഹചാരി.വീട് അടുത്ത് തന്നെ ആയിരുന്നെങ്കിലും ഞങ്ങളുടെ വീടിന്റെ പുറത്തു കാര്യസ്തന്മാര്‍ക്കായുള്ള     ഒരു മുറിയിലായിരുന്നു   വേലായുധന്‍ താമസിച്ചിരുന്നത്.മുട്ടിനു താഴെ ഇറക്കമുള്ള കാക്കി ട്രൌസറും അതിനു തൊട്ടുമുകളില്‍ വരെ മാത്രം ഇറക്കം ഉള്ള ചുവന്ന തോര്‍ത്തുമുണ്ടും വേഷം .എല്ലാവരും  കളിയാക്കുമെങ്കിലും  തനിക്കു അതുതന്നെ ധാരാളം എന്ന ഭാവമായിരുന്നു വേലായുധന്..രാവിലെ ആറുമണി മുതല്‍ രാത്രി ആകുന്നതു വരെ വേലായുധന്‍ സദാ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടിരിക്കും.രാവിലെ പശുവിനുള്ള മുതിര ആട്ടുന്നത്‌ മുതല്‍ തുടങ്ങുന്ന പണി രാത്രി ജിമ്മിയെ(നായ ) കൂട്ടിലാക്കലും രണ്ടു ഭാഗത്തെയും ഗേറ്റ് അടക്കലിലും ആണ് അവസാനിക്കുക .നാലേക്കര്‍ പാടവും തെങ്ങിന്തോപ്പും മാവിന്തോപ്പും കുളവും കാവും എല്ലാം ആയി പറന്നു കിടക്കുന്ന ഞങ്ങളുടെ തറവാട്ടു പറമ്പിന്റെ ഏതു മൂലക്കില്‍ ആയാലും മുത്തശന്റെ "വേലായുധ .."എന്ന ഒരു പ്രത്യേക നീട്ടി വിളിയില്‍ ഒരു നിമിഷത്തിനകം  വേലായുധന്‍ മുത്തശ്ശന്‍റെ  മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അയാള്‍ ഒരു അരപ്പൊട്ടന്‍  ആണെന്ന് എല്ലാവരും പറഞ്ഞിരുന്നു.ഒരു  വൈകുന്നേരം  സൊറ പറഞ്ഞിരിക്കുമ്പോള്‍  ഞാന്‍ മുത്തശ്ശനോട്‌ ചോദിച്ചു എന്തിനാ ഒരു പൊട്ടനെ കാര്യസ്ഥനാക്കി വച്ചിരിക്കുന്നെ  എന്ന്‍ .'കുറേ അതിബുദ്ധിമാന്മാര്‍ക്കിടയില്‍ ഒരു പൊട്ടന്‍ ഉപകാരം ചെയ്യും' എന്ന്‍ എപ്പോഴും തത്വം പറയുന്ന രീതിയില്‍ സംസാരിക്കുന്ന മുത്തശ്ശന്‍ മറുപടി പറഞ്ഞു. 
               എന്‍റെ അച്ഛന്‍റെ പ്രായം ഉണ്ടായിരുനെങ്കിലും ഞാന്‍ വേലായുധനെ പേരാണ് വിളിച്ചിരുന്നത്.ഒരു ദിവസം ഞാന്‍ കല്യാണി അമ്മയോട് ചോദിച്ചു ."കല്യാണിഅമ്മെ ,വേലായുധന് എന്‍റെ അച്ഛന്‍റെ  പ്രായം ഉണ്ടത്രേ. .അപ്പൊ പേര് വിളിക്കാന്‍ പാട്വോ ?" [ വീട്ടിനുള്ളിലെ പ്രധാന സഹായി ആയിരുന്നു കല്യാണി അമ്മ.എന്നെ കുളിക്കാന്‍ കുളത്തില്‍ കൊണ്ട് പോകുക ,സ്കൂള്‍ വാന്‍ വരെ അനുഗമിക്കുക, തിരിച്ചു വീട്ടിലേക്കു   കൊണ്ട് വരിക എന്നിങ്ങനെ  എന്‍റെ സന്തത സഹചാരിയും സംശയ നിവാരിണിയും   ആയിരുന്നു  അവര്‍  .എല്ലാ സമയത്തും അവര്‍ എന്‍റെ കാര്യത്തില്‍ ശ്രദ്ധാലു ആയിരുന്നു. ഞാന്‍ എഴുന്നെല്‍ക്കുന്നതിന്നു മുന്‍പേ എത്തി  രാത്രി പോകുന്നത് കൊണ്ട് ആദ്യമൊക്കെ  അവര്‍ എന്‍റെ വീട്ടിലെ ഒരു അംഗം ആണെന്നാണ് ഞാന്‍  കരുതിയിരുന്നത്].പണിക്കാര്‍ക്ക് അനാവശ്യ ബഹുമാനം കൊടുക്കേണ്ട ആവശ്യം  ഇല്ലെന്നു വിശ്വസിച്ചിരുന്ന കല്യാണിയമ്മ പറഞ്ഞു."കുട്ടി വേണെങ്കി വേലായുധന്‍ നായരേ എന്ന് വിളിച്ചോളു .അതന്നെ കുട്ടിക്ക് ബുദ്ധിമുട്ടാകും .പേര് വിളിച്ചു ശീലിച്ചതല്ലേ."കല്യാണിയമ്മയുടെ പ്രതികരണം കേള്‍ക്കാന്‍ കാതോര്‍ത്ത്  നിന്ന വേലായുധന്‍ അതുകേട്ടു നിരാശനായി .ഞാന്‍ പറഞ്ഞു. "ഞാന്‍ വേണെങ്കി വെലായുധമ്മവാ എന്ന് ആരും കേള്‍ക്കാതെ വിളിക്കാം സങ്കടപ്പെടണ്ട" ..
"അതൊന്നും വേണ്ട കുട്ട്യേ ..കുട്ടിടെ ഈ വലിയ മനസുണ്ടല്ലോ  ..അതന്നെ സന്തോഷം" . തേങ്ങയും മടാളും ആയി വേലായുധന്‍ മെല്ലെ നടന്നു.
        വേലായുധന്‍ ഒരു പൊട്ടന്‍ ആണെങ്കിലും ചില  കാര്യങ്ങളില്‍  ഒരു പൊട്ടത്തരവും ഇല്ല എന്ന് കല്യാണിയമ്മ എല്ലാവര്ക്കും  കേള്‍ക്കാവുന്ന ശബ്ദത്തില്‍ അടക്കം പറഞ്ഞിരുന്നു. ഒന്ന് കുളപ്പുരയിലെ ഒളിഞ്ഞു നോട്ടം. രണ്ടാമത്തേത് അടക്ക മോഷണം.വലിയ ട്രൌസറിന്റെ കീശയില്‍ കൊള്ളാവുന്ന അത്രയും അടക്ക അതില്‍ നിറച്ചു ഉന്തിയ ട്രൌസറും ആയി ഇത് ആരും കാണില്ല എന്ന വിശ്വാസത്തോടെഅത് വില്‍ക്കാന്‍  പോയിരുന്നു.ഇത് കണ്ടാല്‍ കല്യാണി അമ്മ എല്ലാവരും  കേള്‍ക്കെ ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു ."വേലായുധാ നിന്റെ കളസത്തിന്റെ പോക്കെറ്റിന്‍റെ  വലുപ്പം കൂട്ടല്ലേ ..ഇവടെ നാളികേരം കൊപ്ര ആട്ടാനും കൂട്ടാന്‍ ഉണ്ടാക്കാനും വേണം " ..അത് കേട്ടു മുറുക്കിചുവപ്പിച്ച  വായ മുഴുവന്‍ തുറന്നു നീലിയും പകുതി പല്ലുള്ള വായ തുറന്നു രാമന്‍നായരും ഉറക്കെ ചിരിച്ചു.
 "ഇങ്ങക്ക് വേറെ പണിയില്ലേ ആയമ്മേ.എന്‍റെ ടൌസരിന്റെ അളവെടുക്കല" ഇതും പറഞ്ഞു ഒരു കൂസലും ഇല്ലാതെ വേലായുധന്‍കടയിലേക്ക്  നടന്നു.   \
               "കുട്ടിക്ക് മുത്തശ്ശനോട് പോയി പറഞ്ഞുടെ ?അടക്ക കട്ടെടുക്കുന്നത് ബീഡി വാങ്ങാന്‍ ആണെന്ന് വെക്കാം.കുളിപ്പുരേല് ഒളിഞ്ഞു നോക്കുന്നത്തെമ്മാടിത്തം അല്ലെ"  കല്യാണിയമ്മ അയാളെ വെറുതെ വിടാന്‍ ഭാവമില്ലായിരുന്നു. 
'അതിനു ഞാന്‍ കുളിക്കുമ്പോ ഒന്നും വേലായുധന്‍ ഒളിഞ്ഞു നോക്കാറില്ലല്ലോ." ഞാന്‍ പറഞ്ഞു 
"കുട്ടിക്ക് ഈ കാര്യം മുത്തശനോട്‌ പറയാന്‍ പറ്റുമോ?.നാളെ പുട്ടിനു അരി ഇടിക്കുമ്പോ കുട്ടിക്ക് ഇഷ്ടള്ള അരിയുണ്ട ഉണ്ടാക്കി തരാം.അപ്പറത്തെ സീത കുട്ടീം സതിക്കുട്ടീം ഒക്കെ ഇവനെ തെറി പറഞ്ഞു തോറ്റു.പറയുന്നോര്‍ക്കും ഇല്ലേ ചളുപ്പ്."കല്യാണിയമ്മ എനിക്ക് കൈക്കൂലി  തരാന്‍ തയ്യാറായി. 
"കണ്ണിക്കണ്ട വര്‍ത്താനത്തിനു നിക്കാതെ നിനക്ക്  അപ്രത്ത്‌ പോയി പഠിച്ചുടെ" ..അമ്മയുടെ  ശബ്ദം കേട്ടതോടെ ഞാന്‍ മെല്ലെ ആ രംഗത്ത് നിന്നും വലിഞ്ഞു.
               അങ്ങനെ അത് മുത്തശ്ശന്‍റെ  മുന്നില്‍ അവതരിപ്പിക്കാന്‍  പ്രധാന കാര്യസ്ഥന്‍  രാമന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ടു.കല്യാണിയമ്മയുടെ ഒറ്റവോട്ടാണ് രാമന്‍ നായരേ തിരഞ്ഞെടുക്കാന്‍  കാരണം.വിചാരണയുടെയും നിഗമനങ്ങളുടെയും അഭിപ്രായങ്ങളുടെയും അവസാനം മുപ്പത്തഞ്ചു  വയസായിട്ടും വേലായുധന്‍ പെണ്ണ് കെട്ടാത്തതാണ്  പ്രശ്നങ്ങളുടെ കാരണം എന്നും  അതുകൊണ്ട് ഉടനെ അവനു ഒരു പെണ്ണ് കണ്ടു പിടിക്കണം എന്നും ഉള്ള തീരുമാനത്തിലെത്തി.പെണ്ണ് കണ്ടുപിടിച്ചു കൊടുക്കേണ്ട ചുമതല രാമന്‍ നായരുടെ തലയിലും ആയി..അതിന്റെ ദേഷ്യത്തില്‍ കണ്ണ് പരമാവധി തുറിപ്പിച്ചു അയാള്‍ കല്യാണി അമ്മയെ നോക്കി.
          എല്ലാവരുടെയും പ്രതീക്ഷക്കു വിപരീതമായി വേലായുധന്‍റെ  കല്യാണം പെട്ടന്ന് ശെരിയായി.വധു 30 വയസ്സുള്ള ഗിരിജ  .രാമന്‍ നായര്‍ കൊണ്ട് വന്ന ഫോട്ടോയിലേക്ക്  വേലായുധന്‍ നാണത്തോടെ നോക്കി.ഇരുനിറം ആണെങ്കിലും  ഭംഗിയുള്ള  പെണ്ണ് ആണല്ലോ ..വേലായുധന്‍റെ  ഭാഗ്യം എന്ന് എല്ലാവരും അടക്കം പറഞ്ഞു.  ന്യൂസ്‌ പേപ്പറില്‍   പൊതിഞ്ഞു ആ ഫോട്ടോ വേലായുധന്‍ ഒരു നിധി പോലെ സൂക്ഷിച്ചു..ഒരു മാസത്തിനു -ള്ളില്‍ കല്യാണം.കല്യാണം പെണ്ണിന്റെ വീട്ടിനടുത്തുള്ള അമ്പലത്തില്‍..അത് കഴിഞ്ഞുള്ള കൂട്ടികൊണ്ട് വരല്‍ സദ്യ  വേലായുധന്റെ  വീട്ടില്‍ . അമ്മമ്മയുടെ കാല് പിടിച്ചു അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു കല്യാണിഅമ്മയുടെ കൂടെ ഞാനും പോയി. എനിക്ക് അവിടെ  പ്രത്യേക സ്വീകരണം ആയിരുന്നു.അകത്തെ ഇരുട്ടുള്ള ഇടനാഴിയില്‍ ഗിരിജ  മുഖം താഴ്ത്തി നില്‍ക്കുന്നു ..വേലായുധന്റെ അമ്മ എന്നെ ഗിരിജക്ക് പരിചയപ്പെടുത്തി.."വല്യേതറവാട്ടിലെ കുട്ടിയാ..വേലായുധന്‍ നിക്കുന്ന ."...അത് കേട്ട ഗിരിജ മുഖം ഉയര്‍ത്തി എന്നെ നോക്കി ചിരിച്ചു.അത് കണ്ടു എനിക്ക് ചിരി വന്നു.കാരണം ഗിരിജയുടെ മുന്നിലെ ഒരു പല്ലില്ല .കല്യാണിയമ്മ അത് കണ്ടു പിടിച്ചു. രണ്ടു ദിവസം കഴിഞ്ഞു പണിക്കെത്തിയ വേലായുധനെ എല്ലാവരും അത് പറഞ്ഞു കളിയാക്കി.എല്ലാ പണിക്കാരും വേലായുധന്റെ പിന്നാലെ ആയിരുന്നു.പക്ഷേ എന്നെ അമ്മ ആ ഭാഗത്തേക്ക് പോകാന്‍ അനുവദിച്ചില്ല...അവരുടെ അടക്കം പറച്ചിലും ചിരിയും ഞാന്‍ അകത്തെ മുറിയിലെ ജനലിലൂടെ നോക്കി നിന്നു.
                കല്യാണം കഴിഞ്ഞതോടെ വേലായുധന്റെ പുരോഗമനം വേഗത്തില്‍ ആയിരുന്നു. വെള്ള  മുണ്ടും ഷര്‍ട്ടും ഇട്ടു നടക്കാന്‍ തുടങ്ങി ..ആളുകള്‍ കളിയാക്കിയതിനാല്‍  അടുത്ത ആഴ്ച തന്നെ പല്ല് ഡോക്ടറുടെ അടുത്ത് പോയി ഗിരിജയുടെ  പല്ല് ശെരിയാക്കി .ശെരിയാക്കിയ പല്ലുമായി വളവളാന്നു ചിരിച്ചു കൊണ്ടാണ് ഗിരിജ  ആദ്യമായി ഞങ്ങളുടെ വീട്ടിലേക്കു വന്നത്.കെട്ടിയപ്പോ വേലായുധന്‍റെ പൊട്ടത്തരം  മാറിയല്ലോ എന്ന് പുറത്തു പണിക്കാര്‍ അടക്കം പറഞ്ഞു.അടുത്ത മാസം തന്നെ ഗിരിജ ഗര്‍ഭിണിയും ആയപ്പോള്‍ ഇത് വരെ പൊട്ടന്‍ എന്ന് വിളിച്ചു കളിയാക്കിയവര്‍ വായില്‍ കൊഴുക്കട്ട ഇട്ട പോലെ അമ്പരന്നു  ഒന്നും മിണ്ടാതെ ആയി.                                                                                                             "വേലായുധന് എന്തു കുട്ടിയെയാ ഇഷ്ടം ?" .ഞാന്‍ ചോദിച്ചു.
"കുട്ടിടെ പോലെ വെളുവെളുത്ത ഒരു സുന്ദരിക്കുട്ടീനെ"..പല്ല് കാട്ടി  ചിരിച്ചു സന്തോഷത്തോടെ വേലായുധന്‍ പറഞ്ഞു.
"അതിനു നിറം പൈസ കൊടുത്തു വാങ്ങെന്ടെരും  വേലായ്ധ....ഇത് ഈ തറവാട്ടിന്‍റെ  നിറാ" .കല്യാണിയമ്മ  അവനെ കളിയാക്കി.അപ്പോഴും സ്വതസിദ്ധമായ രീതിയില്‍ താഴോട്ടു നോക്കി വേലായുധന്‍ മിണ്ടാതെ നിന്നു.
          വേലായുധന് ആദ്യത്തെ കുട്ടി ജനിച്ചു..ആണ്‍കുട്ടി ..പേര് ലജ്ജു.ഗിരിജയിലെ  'ജയും വേലായുധനിലെ   ലയും..അങ്ങനെ പണിക്കാര്‍ക്ക് അവനെ കളിയാക്കാന്‍ ഒരു അവസരം കൂടി ആയി.അന്ന് തന്നെ വേലായുധന്‍ പോയി മകന്‍റെ  പേര് മാറ്റി വിനയ് എന്ന് ആക്കി.പിന്നീട്   അയാള്‍  ഞങ്ങളുടെ വീട്ടില്‍ നിന്നും പോയി ദൂരെ ഭാര്യവീടിന്നടുത്തു   ഒരു  ഹോട്ടലില്‍ പണിക്കു ചേര്‍ന്നു. അതിന്നു ശേഷം രണ്ടു കുട്ടികള്‍ കൂടെ ഉണ്ടായെന്നും മക്കള്‍ പഠിക്കുകയാണെ ന്നും  ഒക്കെ ഉള്ള വിവരങ്ങള്‍ വേലായുധന്‍റെ വീടിന്നടുത്ത്‌ കൂടെ അമ്പലത്തില്‍ പോകുമ്പോള്‍ കല്യാണി അമ്മ ശേഖരിച്ചു...പിന്നീടു എപ്പോഴൊക്കെയോ രണ്ടു മൂന്നു തവണ  അവിടെ വന്നിരുന്നെങ്കിലും   എനിക്ക് കാണാന്‍ പറ്റിയില്ല. വന്നപ്പോഴൊക്കെ   അതേ വാത്സല്യത്തോടെ എന്നെപ്പറ്റി അന്വേഷിച്ചിരുന്നതായി  മുത്തശ്ശി പറഞ്ഞിരുന്നു.ഭാര്യയും മക്കളും ആയതോടെ ജീവിതം തിരിച്ചറിഞ്ഞു അധ്വാനിച്ചു മക്കളെ പഠിപ്പിച്ച ഒരാള്‍ ഇപ്പോള്‍ നല്ല നിലയില്‍ ജീവിക്കുന്നെന്നു അറിഞ്ഞു സന്തോഷിക്കാം..