Saturday, June 29, 2013

സ്നേഹം ചേര്ത്ത ഉണ്ണിയപ്പങ്ങള്‍

                 കുറെ കാലത്തിനു ശേഷം ഇന്ന് ഞാന്‍ ഉണ്ണിയപ്പം ഉണ്ടാക്കി. കുറേ മാസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ കൂടെഉള്ള ടീചെര്മാര്‍ക്ക് ഉണ്ണിയപ്പം ഉണ്ടാക്കി കൊണ്ടുപോയി കൊടുത്തിരുന്നു. അന്ന് അവര്‍ പറഞ്ഞ പ്രശംസയില്‍ നിന്നും  പിന്നീട്  പല തവണ അത് ഉണ്ടാക്കി കൊണ്ട് വരാന്‍ അവര്‍ നിര്‍ബന്ധിച്ചതിനാലും ഞാന്‍ ഉണ്ടാകുന്ന ഉണ്ണിയപ്പത്തിന്റെ രുചി സത്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. കാരണം പ്രശംസിക്കാന്‍ വളരെ മടി ഉള്ളവര്‍ ആണ് ടീച്ചര്‍മാര്.
           എങ്കിലും എനിക്കിഷ്ടം നാട്ടില്‍ നിന്നും വരുന്നവരുടെ കയ്യില്‍ എന്റെ മുത്തശി ഉണ്ടാക്കി പഴയ കടലാസില്‍ പൊതിഞ്ഞു കൊടുക്കുന്ന ഉണ്ണിയപ്പങ്ങള്‍ ആണ്. കടലാസ് തുറക്കുമ്പോഴെ വെളിച്ചെണ്ണയുടെ മണം പരക്കുന്ന ഉണ്ണിയപ്പങ്ങള്‍.!.. അത് ഇവിടെ എത്തുംമ്പോഴെക്കും തണുത്ത് മരവിചിരിക്കും. തണുത്തു ആറിയത്  ഞാന്‍ കഴിക്കാറില്ല. അവ എന്റെ അടുക്കള അലമാരയില്‍ ഇളക്കം തട്ടാതെ കുറേ ദിവസം ഇരിക്കും. എന്നും ഞാന്‍ അവ തുറന്നു നോക്കും. എന്തിനാണ് വെറുതെ വയസായവരെ ബുദ്ധി മുട്ടിച്ചു ഇത് ഉണ്ടാക്കിച്ചു കൊടുത്തയക്കാന്‍ ആവശ്യപ്പെടുന്നതെന്നു എന്റെ ഭര്‍ത്താവ് ചോദിക്കാറുണ്ട്. അതിന്റെ പുറകിലെ രഹസ്യം മൂപ്പര്‍ക്കറിയില്ലല്ലോ..ഇപ്പോള്‍ ഞാന്‍ അത് പറയാം..നിങ്ങളോട്..:)
 പണ്ട് ഞാന്‍ സ്കൂള്‍ വിട്ടു വരുന്ന വൈകുന്നെരങ്ങളിൽ വീടിന്റെ  ഗേറ്റ് തുറക്കുമ്പോഴെ വെളിച്ചെണ്ണയുടെ മണം എന്റെ മൂക്കില്‍ തുളച്ചു കയറും. രാവിലെ മുതല്‍ കൊടുത്തയച്ച ഭക്ഷണം ഒന്നും കഴിച്ചിട്ടുണ്ടാകില്ല എന്ന പരാതിയോടെ അടുക്കളയില്‍ രണ്ടു പേര്‍ എനിക്ക് വേണ്ടി ഉണ്ടാക്കുന്ന നാലുമണി പലഹാരങ്ങളുടെ മണമാണ് അത്. ഞാന്‍ അനുഭവിച്ച സ്നേഹത്തിന്റെ മണം. എന്റെ അമ്മമ്മയുടെയും  മുത്തശിയടെയും മണം . നന്മയുടെയും ലാളിത്യത്തിന്റെയും മണം. അങ്ങനെയാണ് എനിക്ക് വെളിച്ചെണ്ണയുടെ മണത്തെ തോന്നാറ്. ആ സ്നേഹം ഞാന്‍ അനുഭവിക്കുന്നത് എനിക്ക് വേണ്ടി പൊതിഞ്ഞു കൊടുത്തയക്കുന്ന ഈ ഉണ്ണിയപ്പ പൊതികളിലൂടെ ആണ്. പിന്നെ ഞാന്‍ എങ്ങനെ അത് വേണ്ടെന്നു പറയും.
      പണ്ട് എന്റെ വീട്ടില്‍ ഉണ്ണിയപ്പം ഉണ്ടാക്കിയാല്‍ അത് മണത്തറിയുന്ന ഒരു സുഹൃത്തുണ്ടായിരുന്നു എനിക്ക്. പിറ്റേന്നു അത് പൊതിഞ്ഞു സ്കൂളില്‍ കൊണ്ട് വന്നില്ലെങ്കില്‍ പിണങ്ങുന്ന ഒരു സുഹൃത്ത്. ആ സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട് “നിനക്ക് വെളിച്ചെണ്ണയുടെ മണമാണ്”. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോള്‍ എന്നോട് പറഞ്ഞു ‘നിന്റെ വെളിച്ചെണ്ണയുടെ മണം നഷ്ടപ്പെട്ടിരിക്കുന്നു. ഏതോ വില കൂടിയ പെര്ഫുമിന്റെ മണം നിന്റെ യാഥാര്ത്യത്തെ മറച്ചിരിക്കുന്നു.” ഞാന്‍ പറഞ്ഞു എന്തൊക്കെ സുഗന്ധ ദ്രവ്യങ്ങള്‍ പൂശിയാലും എന്റെ മനസ്സില്‍ ഇപ്പോളും അതേ മണമാണ്.ലാളിത്യത്തിന്റെ, നന്മയുടെ. ഒരു പക്ഷെ അത് കൊണ്ടാവാം എനിക്ക് പുതുമയുടെ കൂടെ സഞ്ചരിക്കാന്‍ താമസം നേരിടുന്നത്. എന്റെ പല നല്ല സുഹൃത്തുക്കളും എന്നെ നിര്‍ബന്ധിക്കാറുണ്ട് ഇന്നത്തെ കഥകള്‍ എഴുതാന്‍. ഞാന്‍ ഇപ്പോഴും ആ പഴയ പെണ്‍കുട്ടി ആണ്. അമ്മമ്മയുടെയും മുത്തശിയുടെയും പ്രിയപ്പെട്ട കുട്ടി. അതില്‍ നിന്നും കുറേ ഒന്നും വളരാന്‍ എനിക്കായിട്ടില്ല. നന്മയും പഴമയും ഇല്ലാത്ത കഥകള്‍ എഴുതാന്‍ എനിക്ക് കഴിയാത്തതും ചിലപ്പോള്‍ അതുകൊണ്ടാകും.