Tuesday, July 8, 2014

ഒരു പാവം വീട്ടമ്മയുടെ ഭക്ഷണനിയന്ത്രണം!

                           സ്കൂള്‍ അടച്ചു ഒരു വൈകുന്നേരത്ത്  കറക്കത്തിനിടെ കുറേ കാലമായി കാണാത്ത കുറച്ചു സുഹൃത്തുക്കളെയും ചേച്ചിമാരെയുമൊക്കെ അവിചാരിതമായി കാണാന്‍ സാധിച്ചു. അവരെ കണ്ടു സംസാരിക്കുന്നതിനു മുന്‍പേ “അയ്യോ, നന്നായി തടിച്ചല്ലോ” എന്ന് ആരോ പറഞ്ഞു പഠിപ്പിച്ച പോലെ എല്ലാവരുടെയും അഭിപ്രായം. അതോ ഞാന്‍ ഒന്ന് രണ്ട് ആഴ്ച വെറുതെ ഇരുന്നു തിന്നും ഉറങ്ങിയും തടിച്ചതോ? ഏയ്‌, ഞാന്‍ അധികം ഭക്ഷണം കഴിക്കാറില്ല..പിന്നെ ഉറക്കം, അത് ഉറക്കം വരുമ്പോള്‍ മാത്രം!. അങ്ങനെ പറഞ്ഞു മനസിനെ സമാധാനിപ്പിച്ചെങ്കിലും വീട്ടില്‍ വന്നു വിശദമായി കണ്ണാടിക്കു മുന്നില്‍ ഒന്ന് നിവര്‍ന്നു നിന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പറഞ്ഞത് ശരിതന്നെ വണ്ണം കൂടിയിട്ടുണ്ട്. ഭാരം നോക്കാന്‍ രണ്ടു വേയിംഗ് മെഷിന്‍ ഉണ്ടെങ്കിലും അതിനു മുകളില്‍ കയറാന്‍ ധൈര്യം ഇല്ലാത്തതിനാല്‍ അത് വേണ്ടെന്നു വച്ചു. ഉള്ള മനസമാധാനം കൂടി കളയേണ്ടല്ലോ.
           ഇതെല്ലാം കേട്ട് ഏതായാലും അന്ന് രാത്രി ശെരിക്കു ഉറക്കം വരുന്നില്ല. അതോ ഇനി രാത്രി  വാരി വലിച്ചു കഴിച്ച ഭക്ഷണം ആണോ കാരണം എന്ന് അറിയില്ല. ഏതായാലും ഉറക്കം വരാതെ കിടക്കുമ്പോള്‍ തടി കുറക്കാനുള്ള പദ്ധതികള്‍ കൂലംകഷമായി ചിന്തിച്ചു. അവസാനം നാളെ രാവിലെ മുതല്‍ തടി കുറക്കാനുള്ള ഭഗീരഥ പരിശ്രമം തുടങ്ങും എന്ന് മനസ്സില്‍ ഉറപ്പിച്ചു ഉറങ്ങിയപ്പോഴെക്കും സമയം മൂന്നു മണി ആയിക്കാണും.
            പിറ്റേന്ന് എണീറ്റ്‌ പതിക്കും മക്കള്‍ക്കും ദോശയും ചമ്മന്തിയും ഉണ്ടാക്കുമ്പോള്‍  രാത്രി മനസ്സില്‍ എടുത്ത തീരുമാന പ്രകാരം ഓട്സ് കഴിക്കാം എന്ന് വച്ചു. പക്ഷേ ദോശ ചട്ടിയില്‍ ഒഴിച്ചു നല്ലെണ്ണയും കൂടി ചേര്‍ന്ന് മൊരിയുന്ന മണം മൂക്കില്‍ അടിച്ചപ്പോഴെ ഓട്സ് എന്ന ചിന്ത എന്റെ മനസ്സില്‍ നിന്നും ഏകദേശം, ഒരു പത്തു കിലോമീറ്റെര്‍ അകലെ എത്തി കഴിഞ്ഞിരുന്നു.
          രാവിലെ നല്ലവണം ഭക്ഷണം കഴിക്കണം എന്നാണ് എല്ലാവരും പറയാറ്. അതുകൊണ്ട് ഓട്സ് ഉച്ചയ്ക്കാക്കാം. ടി.വിയില്‍ നല്ല പാട്ടുകള്‍. അതും കണ്ടു മൂന്നു ദോശ അകത്താക്കി. അങ്ങനെ പ്രാതല് കഴിഞ്ഞു. ഇനി കുറച്ചു വാട്സ് അപ്പും ഫേസ് ബുക്കും ഒക്കെ നോക്കി വല്ല സാഹിത്യവും മനസ്സില്‍ വന്നാല്‍ അതും പോസ്ടി പിന്നെ ഉച്ചക്ക് വല്ലതും ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറണം. വാട്സ് അപ്പില്‍ കണ്ട ആത്മാര്‍ത്ഥ സുഹൃത്തുക്കളോടൊക്കെ ഞാന്‍ ഡയറ്റു തുടങ്ങിയ കാര്യം പറഞ്ഞപ്പോള്‍ തന്നെ മനസിന്‌ എന്തൊരു ആശ്വാസം!
           അങ്ങനെ അടുക്കളയില്‍ കയറി ഉച്ചഭക്ഷണം ഒരുക്കാന്‍ തുടങ്ങി. ചെറിയ ഉള്ളിയും മാങ്ങയും മുളക് പൊടിയും നെയ്മീനും ഇട്ടു നല്ല എരിവും പുളിയും ഉള്ള കിടിലന്‍ മീന്‍ കറിയും ബീട്രൂട്ടും കാരട്ടും ഉരുളക്കിഴങ്ങും പച്ചമുളകും ചേര്‍ത്ത കളര്‍ഫുള്‍ മെഴുക്കുപുരട്ടിയും ചോറും പിന്നെ തലേന്നത്തെ കോവക്ക മെഴുക്കുപുരട്ടിയും ചെമ്മീന്‍ വരട്ടിയതും. എല്ലാം കൂടി മേശപ്പുറത്തു നിരത്തിയതോടെ എന്റെ സകല കണ്ട്രോളും പോയി. എന്റെ കൈപുണ്യത്തിനെ കുറ്റം പറഞ്ഞു ഒരു പ്ലേറ്റ് ചോറു നല്ല എരിവുള്ള മീന്‍ കറിയും പലതരം മെഴുക്കു പുരട്ടികളും അച്ചാറും ചെമ്മീനും കൂട്ടി കഴിച്ചു തീര്‍ത്തു.
          അത് കഴിച്ചു കഴിഞ്ഞു ടി.വിയില്‍ കോമഡിയും കണ്ടു ഇരിക്കുമ്പോഴാണ് തലേന്ന് ഓഫെറില്‍ കിട്ടിയ മൂന്ന് പായ്ക്ക് ഐസ് ക്രീം ഫ്രിഡ്ജില്‍ ഇരിക്കുന്ന കാര്യം ഓര്‍ത്തത്‌. “ഇതാണ് ഈ വക ഒന്നും വാങ്ങരുതെന്നു പറയുന്നത്’ എന്നും പറഞ്ഞു അതില്‍ നിന്നും മൂന്നു സ്കൂപ്പും അകത്താക്കി. അതും കൂടി കഴിഞ്ഞതോടെ വയറു കൂടുതല്‍ നിറഞ്ഞിട്ടോ അതോ ടി.വിയിലെ കോമഡി ബോറായിട്ടോ ഭയങ്കര ഉറക്കം വരുന്നു. അപ്പോഴാണ് തലേന്ന് ഉറങ്ങാതെ ഭക്ഷണ നിയന്ത്രണത്തെ കുറിച്ച് ചാര്‍ട്ടുണ്ടാക്കി കിടന്നതാണ് ഉറക്കം വരാന്‍ കാരണം എന്ന് ബോധം ഉണ്ടായത്. ഇനി ഏതായാലും ഒന്ന് ഉറങ്ങി എണീറ്റ്‌ ചിന്തിക്കാം എന്ന് തീരുമാനിച്ചു സുഖനിദ്ര.
          വൈകീട്ട് ആറു മണിക്ക് എണീറ്റപ്പോള്‍ രാത്രി ഭക്ഷണം ഒഴിവാക്കണം എന്ന ചിന്ത മാത്രമായി മനസ്സില്‍. മാത്രമല്ല നേരത്തെ തീരുമാനിച്ച  ഇരുപതു മിനുട്ട് നടത്തത്തിനു സ്കൂള്‍ അടച്ചിട്ടും സമയം ഇല്ലല്ലോ എന്ന് ഓര്‍ത്തു സങ്കടവും. എന്ത് ചെയ്യാനാ വീട്ടമ്മമാരുടെ യോഗം. എപ്പോളും പണി തന്നെ! അപ്പോഴാണ് എഴു ദിര്‍ഹംസ് കൊടുത്തു വാങ്ങിയ നേന്ത്രപഴം പഴുത്തു പഴം പൊരിക്ക് പാകമായി മേശപ്പുറത്തു ഇരുന്നു എന്നെ വിളിക്കുന്നത്. എന്നാല്‍ ചായക്ക് പഴംപൊരി ആക്കാം. എന്തായാലും രാത്രി ഭക്ഷണം കഴിക്കാതെ കിടക്കാനുള്ളതല്ലേ. അങ്ങനെ മേശപ്പുറത്തു പഴങ്ങള്‍ വയ്ക്കുന്ന കൊട്ടയില്‍ വെറുതെ ഇരുന്ന നാല് സുന്ദരന്‍ നേന്ത്രപ്പഴങ്ങള്‍ പഴംപൊരി ആയി വെളിച്ചെണ്ണയില്‍ കിടന്നു പൊരിഞ്ഞു.
          അതില്‍ നിന്നും വെറും നാല് കഷണം മാത്രം കഴിച്ചു ഞാന്‍ ഭക്ഷണം നിയന്ത്രിച്ചു ഇനി രാത്രി ഒന്നും കഴിക്കില്ല എന്ന് മനസ്സില്‍ പല തവണ ഉരുവിട്ടു. അപ്പോഴാണ് ഒരു ഐഡിയ എന്റെ മനസിലൂടെ കടന്നു പോകുന്നത്. പോകുന്ന പോക്കില്‍ ആ ഐഡിയയെ  പിടിച്ചു പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത്താഴം കഞ്ഞി ആക്കുക! എനിക്ക് തീരെ ഇഷ്ടം അല്ലാത്ത ഒരേ ഒരു ഭക്ഷണ പദാര്‍ത്ഥം ആണ് കഞ്ഞി. പല അത്യാവശ്യ ഘട്ടത്തിലും നന്നായി അടിച്ചു മാറേണ്ടി വന്നിട്ടുണ്ട് എങ്കിലും എന്റെ ലോലമനസിനെ മാറ്റാന്‍ മാത്രം ഉള്ള ശക്തി കഞ്ഞിക്കില്ല എന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങനെ കഞ്ഞിയും നാല് പപ്പടവും മേശയില്‍ വച്ചു ഞാന്‍ പതിയെ കഞ്ഞി കുടിക്കാന്‍ വിളിച്ചു. “കഞ്ഞി എങ്കില്‍ കഞ്ഞി ഒരു ചമ്മന്തി എങ്കിലും ഉണ്ടാക്കി കൂടെ. കുറെ പച്ചമാങ്ങ ഒക്കെ വാങ്ങുന്നത് കണ്ടല്ലോ” പതിയുടെ പറച്ചില്‍ കേട്ടപ്പോഴാണ്  യുസഫ് അലിയുടെ സമ്പാദ്യം കൂട്ടാന്‍  വേണ്ടി എല്ലാ ആഴ്ചയും വാങ്ങിച്ചു ഉപയോഗിക്കാതെ ചീയിച്ചു കളയുന്ന പച്ചകറികളുടെ കൂട്ടത്തില്‍ വാങ്ങിയ പച്ചമാങ്ങയെ കുറിച്ച് ഓര്‍ത്തത്. പെട്ടന്ന് തന്നെ പച്ചമാങ്ങയും ഇഞ്ചിയും പച്ചമുളകും തേങ്ങയും ചേര്‍ത്ത് ഒരു ഉഗ്രന്‍ ചമ്മന്തി അങ്ങ് അരച്ചു. കഷ്ടകാലത്തിനു അതൊന്നു രുചിച്ചു നോക്കാന്‍ തോന്നി. സൂപ്പര്‍ ടേസ്റ്റ്! കഞ്ഞിയുടെ കൂടെ ആകുമ്പോള്‍ ..ഹോ! എന്തായാലും ഒന്ന് രുചിച്ചു നോക്കുക തന്നെ. അങ്ങനെ കുറച്ചു കഞ്ഞിയുമെടുത്തു കുടുംബത്തിന്റെ കൂടെ പോയി ഇരുന്നു. “ നീയല്ലേ ഇന്ന് രാത്രി ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞെ?’ പതിയുടെ ചോദ്യത്തിന് കഞ്ഞി നിറഞ്ഞ വായില്‍ ഉത്തരം പറഞ്ഞു .
“ഇതാണോ കഴിക്കല്‍? ഇത് ചമ്മന്തിക്ക് ടേസ്റ്റ് നോക്കുക അല്ലെ”!
പാത്രമൊക്കെ  കഴുകി കിടക്കാന്‍ നേരം വാട്സ് അപ്പു ശബ്ദം കേട്ട് മൊബൈല്‍ നോക്കി .
“ഡയറ്റ് എന്തായി പ്രീത്യെ” സുഹൃത്തുക്കളുടെ കൂട്ട മെസ്സേജ്.
 “ഡയറ്റ് അതിന്റെ വഴിക്ക് ഞാന്‍ എന്‍റെ വഴിക്ക്. എന്നെ മാറ്റാന്‍ ആര്‍ക്കും പറ്റില്ല. ആഹാ! ”
അവിടെ കൂട്ടചിരികളും സ്മൈലികളും മെസ്സേജ് വരുമ്പോളേക്കും ‘നാളെ മുതല്‍ എന്തായാലും ഡയറ്റ്’ എന്ന് ഉറപ്പിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നിരുന്നു.