Monday, December 24, 2012

മമ്മദിക്കയും അമ്മിണിയും പിന്നെ കോണ്ഫിടെന്സും




      പണ്ട് ഗേറ്റിനടുത്ത ഇടവഴിയിലൂടെ ഒരു പ്രത്യേക ഹോണടിച്ചു സൈക്കിളില്‍ പോയിരുന്ന രണ്ടു ആളുകള്‍ ആയിരുന്നു ഐസുകാരന്‍  കോയയും മീന്‍കാരന്‍ മമ്മദിക്കയും. ഈ രണ്ടുപേരുടെയും  സൈക്കിളിന്‍റെ ഹോണ്‍ കേട്ടാല്‍ കുട്ടികള്‍ എന്തോ ആകര്‍ഷണം പോലെ ഗൈറ്റിലേക്ക് ഓടുമായിരുന്നു. എന്റെ വീട്ടില്‍ മീന്‍ വാങ്ങുന്ന പതിവില്ല, ഐസ് വാങ്ങാന്‍ സമ്മതിക്കുകയും ഇല്ല. എന്നാലും ഞാനും എന്‍റെ പൂച്ച അമ്മിണിയും ഈ ഹോണടി കേള്‍ക്കുമ്പോഴെ ഗേറ്റിനടുത്തെക്ക് ഓടും. എന്‍റെ പ്രതീക്ഷ കോയയുടെ ഐസ് സൈക്കിള്‍ ആണെങ്കില്‍ അമ്മിണിയുടെ പ്രതീക്ഷ മമ്മദിക്കയുടെ മീന്‍ സൈക്കിള്‍ ആകും.
       ഇംഗ്ലീഷ് വാക്കുകള്‍ കൂട്ടി സംസാരിക്കല്‍ മമ്മദിക്കയുടെ ഒരു രീതി ആയിരുന്നു. വീട്ടിലെ പ്രാരാബ്ദം കാരണം അഞ്ചാംക്ലാസില്‍ പഠിത്തം നിര്‍ത്തി മീനും പേപ്പറും വിക്കാന്‍ പോകേണ്ടി വന്നതിന്റെ ഒരു അപകര്‍ഷതാ ബോധം ആ സംസാരത്തിന് പുറകില്‍ ഉണ്ടാകാം. മമ്മദിക്ക  പറയുന്ന പല ഇംഗ്ലീഷ് വാക്കുകളും പ്രയോഗങ്ങളും  തെറ്റായിരിക്കും. അതൊക്കെ തിരുത്തി കൊടുക്കുന്നത് ഞാന്‍ ആണ്. അതുകാരണം അഞ്ചാം ക്ലാസ്കാരി ഇംഗ്ലീഷ് ടീച്ചറെ എന്ന് ഒരു പ്രത്യേക ഈണത്തിലാണ്  മൂപ്പര്‍ എന്നെ വിളിക്കുന്നത്.
      ഒരു ദിവസം ഞാനും എന്റെ പൂച്ച അമ്മിണിയും കൂടി മീന്‍സൈക്കിളിനു അടുത്തു നില്‍ക്കുമ്പോള്‍ മമ്മദിക്ക പറഞ്ഞു.
 “എന്നും ഇങ്ങടെ പൂച്ചക്ക് മീന്‍ കൊടുക്കാന്‍ മ്മക്ക് ആവതുണ്ടായിട്ടല്ല. പക്ഷെ ഓളടെ കണ്ണിലെ കോണ്‍ഫിഡെന്‍സു കാണുമ്പോ കൊട്ക്കാതിരിക്കാന്‍ തോന്നില്ല “.
അപ്പോള്‍ ഞാന്‍ അമ്മിണിയുടെ കണ്ണിലേക്കു നോക്കി.  ’ഇത്രേം കോണ്‍ഫിടെന്‍സ് ഉണ്ടോ അമ്മിണിക്ക്!!’
“മമ്മദിക്കക്ക് കോണ്‍ഫിടെന്സിന്റെ അര്‍ഥം അറിയുമോ?”.ഞാന്‍ ചോദിച്ചു.
“ ഈ ബാക്കിനു ഇങ്ങള് ടീച്ചര് കളിക്കണ്ട മോളെ., ഇതിന്റെ അര്‍ഥം ഒക്കെ നമ്മക്കറിയാം.”
ഞാനും അമ്മിണിയും അത് കേള്‍ക്കാനായി ചെവി കൂര്‍പ്പിച്ചു.
“ഇതിപ്പോ ആര്‍ക്കും അറിയില്ലേ. ആക്രാന്തം എന്നല്ലേ അയിന്റെ അര്‍ഥം ?”
അത് കേട്ട് ചിരിച്ചു ഞാന്‍ അമ്മിണിയെ നോക്കി.ശെരിയാണ് .അമ്മിണിയുടെ കണ്ണില്‍ ഉള്ളത് ആക്രാന്ത കോണ്‍ഫിടെന്‍സ് തന്നെ. അന്ന് ഞാന്‍ അയാളെ തിരുത്താന്‍ പോയില്ല.
അപ്പോള്‍ കുട്ടയില്‍ നിന്നും രണ്ടു ചീഞ്ഞ മീന്‍ എടുത്തു അമ്മിണിക്ക് എറിഞ്ഞു കൊടുത്ത് കൊണ്ട് മമ്മദിക്ക പറഞ്ഞു.
“ എന്നാലും മാസത്തില്‍ ഒരിക്കല്‍ പോലും മീനു വാങ്ങാത്ത നിങ്ങടെ വീട്ടില്‍ ഇത്രേം കോണ്‍ഫിഡെന്‍സ് ഉള്ള ഈ പൂച്ച എങ്ങനെ പിടിച്ചു നില്‍ക്കുന്നു എന്നാ എന്റെ തമശയം”.
“അമ്മിണിക്ക് മമ്മദിക്കയുടെ മീനിനോടുള്ള ഒറ്റ കോണ്‍ഫിടെന്‍സ് അല്ലെ അതിനു കാരണം “. ഞാന്‍ ചിരി അടക്കി പറഞ്ഞു.
രണ്ടു മീന്‍ ഒറ്റ അടിക്കു വിഴുങ്ങിയിട്ടും കോണ്‍ഫിടെന്‍സ് മാറാത്ത കഥാനായിക അമ്മിണി അപ്പോള്‍ തന്‍റെ കയ്യ് നക്കി തോര്‍ത്തുകയായിരുന്നു.