Thursday, November 1, 2012

ഓമനേച്ചിയുടെ പേന്‍പുരാണം


    ആയിരത്തില്‍ പരം കുട്ടികള്‍ ഉണ്ടായിട്ടും മൂകമായ ഒരിടം അതായിരുന്നു ആ ഹോസ്റ്റല്‍ കെട്ടിടം.നടുമുറ്റത്തിനു ചുറ്റും രണ്ടു നിലകളിലായി ഉള്ള ടെറസ് കെട്ടിടം. അവിടെ വല്ലപ്പോഴും അനുവദിക്കുന്ന പരോള് സമയത്താണ് ഒച്ചയും ബഹളവും ഉണ്ടാകുന്നത്. ശ്യാസം വിടാന്‍ വരെ ടൈംടേബിള്‍ ഉള്ള അവിടെ ശബ്ദമുണ്ടാക്കാന്‍ ഒരു പക്ഷേ കുട്ടികള്‍ക്ക് സമയം ഇല്ലായിരിക്കാം.അല്ലെങ്കില്‍ അത് ടൈംടെബ്ലില്‍ അനുവദനീയം അല്ലായിരുന്നു. രാവിലെ അഞ്ചു മണിക്ക് എണീറ്റ്‌ തുടങ്ങുന്ന ചിട്ടയായ ജീവിതം ഉള്ള ഒരു ദിവസം അവസാനിക്കുന്നത് രാത്രി പത്തുമണിക്ക്. കെ ജി മുതല്‍ എഴാം ക്ലാസ് വരെ ഉള്ള കുട്ടികള്‍ താഴത്തെ നിലയിലും എട്ടു മുതല്‍ മുകളിലെ നിലയിലും ആണ് താമസം.അവര്‍ എപ്പോള്‍ ശബ്ദമുണ്ടാക്കണം, എപ്പോള്‍ കളിയ്ക്കണം, എപ്പോള്‍ പഠിക്കണം, എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ ആഹാരം കഴിക്കണം എന്നൊക്കെ  തീരുമാനിക്കുന്നത് വാര്‍ഡനാണ് .വാര്‍ഡന്റെ ആജ്ഞകള്‍ക്കനുസരിച്ച് ചലിക്കുന്ന പാവകള്‍ മാത്രമായിരുന്നു ആ കുട്ടികള്‍.       ആ ഹോസ്റ്റല്‍ കെട്ടിടത്തിനു മുന്നിലായി കളിക്കാനായി സീസൊയും ഊഞ്ഞാലും സ്ലൈഡും ഒക്കെ ഉണ്ടായിരുന്നു.പക്ഷേ അവിടുത്തെ ഒരു കുട്ടിക്കും അതില്‍ കളിക്കാനുള്ള അവകാശം ഇല്ലായിരുന്നു.ഒരു പക്ഷേ  കുട്ടികളെ അവിടേക്ക് ആകര്‍ഷിക്കാനോ അവിടെ ഉള്ള കുട്ടികളൊക്കെ സന്തോഷവതികളാണെന്നു കാണിക്കാനോ ആയിരിക്കാം അതൊക്കെ അവിടെ സ്ഥാപിച്ചിരിക്കുക.ഈ കളി സാധനങ്ങള്‍ ആണ് നീനുവിനെയും ഇങ്ങോട്ട് ആകര്‍ഷിച്ചത്. എന്നും അതിനു മുകളില്‍ ഇഷ്ടം പോലെ കയറി കളിക്കാം എന്ന് ആഗ്രഹിച്ചപ്പോള്‍ അവള്‍ക്കു അറിയില്ലായിരുന്നു അത് വ്യവസായത്തിന്റെ ഭാഗമായുള്ള സ്മാരകങ്ങള്‍ മാത്രമാണെന്ന്.
         ആ ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും വാര്‍ഡന്‍ അടക്കം മറ്റു കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിന്റെയും ഇടയിലായി ഒരു റൂബിക്ക മരം ഉണ്ടായിരുന്നു. അത് അവരാരെങ്കിലും നട്ടതാണോ അതോ തനിയേ വളര്‍ന്നു വന്നതാണോ എന്നൊന്നും അറിയില്ല. അതിന്റെ അരികിലെ തിണ്ണയിലിരുന്നാണ് എന്നും വയ്കുന്നെരങ്ങളില്‍ ഓമനചേച്ചി കുട്ടികളുടെ തലയില്‍ പേന്‍ നോക്കുകയും തല മുടി കോതി കെട്ടി തരുകയും ചെയ്തിരുന്നത്. കുറച്ചു കുട്ടികളെ വീതം ഗ്രൂപ്പ്‌ ആയി തിരിച്ചു അവര്‍ക്ക് ഒരു ആയ ഉണ്ടായിരുന്നു.നീനുവിന്റെ അടക്കം പത്തു കുട്ടികളുടെ ആയ ആണ് ഈ ഓമനചേച്ചി.
    പേന്‍ നോക്കാന്‍ തല വലിച്ചു പറി ക്കുന്നതിനിടെ ഓമനേച്ചി നല്ല കഥകള്‍ പറയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും   കഥകള്‍,യേശുവിന്റെ കഥകള്‍,നന്മയുടെ കഥകള്‍.അങ്ങനെ പത്തു കുട്ടികളുടെയും തല ചീകി കെട്ടുന്നത് വരെ ഓമനേച്ചിയുടെ നാവു വെറുതെ ഇരിക്കില്ല. ഞങ്ങള്‍ ഒക്കെ മുജന്മ ഗുണം കൊണ്ട് നല്ല വീട്ടിലെ കുട്ടികളായി ജനിച്ചെന്നും ചേച്ചി എന്തോ പാപ ഫലമായി ഒന്നുമില്ലാത്ത ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചെന്നും ഇനി ഗുണം കിട്ടാന്‍ കര്‍ത്താവിനെ മാത്രം കരുതി നല്ലത് ചെയുക ആണെന്നും എപ്പോളും പറയും.വൃത്തിയുണ്ടാവാന്‍ നല്ല കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ട് മാത്രം കാര്യമില്ല എന്ന തത്വത്തില്‍ ആ സംസാരം അവസാനിക്കും. 
"നല്ല കുടുമ്മത്തില്‍ ജനിച്ചാ പോരാ വിര്ത്യാ വേണം. അല്ലെങ്കി ഇതേ പോലെ പേനും ജന്തുകളും അങ്ങട് കേറും.നിങ്ങള്ക്കൊക്കെ എന്തുട്ടിന്റെ കൊറവാ.തല ഇമ്മാതിരി ജന്തുക്കള്‍ക്ക് തീറു കൊടുത്തെക്കണ്".ഇതും പറഞ്ഞു അവസാനം ഒരു മുടി ചീകല്‍ ഉണ്ട്.നല്ല ജീവന്‍ പോകും. എങ്കിലും കഥ കേള്‍ക്കാനുള്ള സന്തോഷത്തില്‍ അതെല്ലാം നീനുവിനു സഹിക്കാവുന്നതായിരുന്നു. ഓരോ ദിവസത്തെയും ആ വയ്കുന്നെരത്തിനായി നീനു കാത്തിരുന്നു.എന്നും പേനുകളെ തിരഞ്ഞു പിടിച്ചു കൊന്നിരുന്നെങ്കിലും ഓമനേച്ചിക്ക് വേണ്ടി എന്നോണം അത്രയും പേന്‍ പിന്നെയും പത്തു തലകളിലും വളര്‍ന്നു കൊണ്ടിരുന്നു. റൂബിക്ക മരത്തിനരികിലായി കാറ്റും കൊണ്ട് കഥകളും കേട്ടിരിക്കുമ്പോഴായിരുന്നു  അന്നാളുകളില്‍ നീനു ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത്. ഓമനേച്ചിയുടെ കഥകളിലൂടെ യേശു അവള്‍ക്ക് മുന്നില്‍ പുനരവതരിച്ചു. യേശുവിന്റെ കഥകളിലൂടെ ആണ് സഹന ശക്തിയും ഇച്ഹാശക്തിയും എന്താണെന്ന് അവള്‍ പഠിച്ചത്.
      റൂബിക്ക മരത്തില്‍ നിറയേ ചുവന്ന ഭംഗി ഉള്ള കായ്കള്‍ ഉണ്ടാകുമത്രേ .പക്ഷേ ആ റൂബിക്ക മരം ഒരിക്കലും കായ്ച്ചില്ല. ഓരോ ജന്മത്തിനും ഓരോ ഉദേശങ്ങള്‍ ഉണ്ട് പക്ഷേ ചില ജന്മങ്ങള്‍ ഇങ്ങനെ പാഴ്മരങ്ങള്‍ ആകും എന്ന് റൂബിക്ക മരത്തെ നോക്കി പറഞ്ഞു ഓമനേച്ചി നെടുവീര്‍പ്പിടും.
" എന്തൂട്ടിനു റൂബിക്ക എന്‍റെ കാര്യം നോക്ക്..വെര്‍തെ പന പോലെ വളര്‍ന്നെന്നല്ലാതെ. ഓരോ പാപണ്".
"മനേച്ചി ഞങ്ങള്‍ടെ പുന്നാര ചേച്ചി അല്ലെ.എന്തൊക്കെ ചെയ്യുന്നുണ്ട് .ഞങ്ങളെ നോക്കുന്നിലേ..ഞങ്ങളുടെ തലയിലെ പേന്‍ പിടിക്കുന്നില്ലേ.."കുട്ടികള്‍ ഒന്നടങ്കം ഓമനേച്ചിയെ സന്തോഷിപ്പിക്കാന്‍ പറയും .
"ഉണ്ട്..ഉണ്ട്..ഇതിനൊക്കെ വല്ല ഓര്‍മേം ഉണ്ടായാ മതിയര്‍ന്നു എന്റെ മാതാവേ.."അതും പറഞ്ഞു ഓമനേച്ചി മാതാവിനെ കണ്ടപോലെ മുകളിലേക്ക് നോക്കും .
        അങ്ങനെ അന്നത്തെ വയ്കുന്നേരങ്ങളില്‍ ഞങ്ങള്‍ പല വാക്കുകളും ഓമനേച്ചിക്ക് കൊടുത്തു.വലുതായാല്‍ ഓമനേച്ചിയെ കാണാന്‍ വരാം എന്നും വരുമ്പോള്‍ ഓമനേചിക്ക് പ്രിയപ്പെട്ട ചുവന്ന സാരി കൊണ്ട് വരാം എന്നും നീനുവും വാക്ക് കൊടുത്തു. അവള്‍ കൊണ്ട് വന്നു കൊടുത്ത ചുവന്ന സാരി ഉടുത്തു സന്തോഷവതിയായ ഓമനേച്ചിയെ പലപ്പോഴും നീനു സ്വപ്നം കണ്ടു. പാലിക്കപെടാനാവാത്ത പല വാക്കുകളുടെ കൂട്ടത്തില്‍ ഒരു സങ്കടമായി ആ സാരി നീനുവിന്റെ മനസ്സില്‍ കിടക്കുന്നു.ഇപ്പോള്‍ ഓമനചേച്ചി എവിടെ ആണെന്ന് അറിയില്ല. അന്ന് ഓമനേച്ചിയെ കാണാന്‍ ചെല്ലാം എന്ന് പറഞ്ഞ കുട്ടികള്‍ അവരെ ഒരിക്കലെങ്കിലും ചെന്നു കണ്ടോ എന്ന് അറിയില്ല . ഓമനേച്ചി അവരെ ഓര്‍ക്കുന്നോ എന്ന് കൂടി അറിയില്ല.പക്ഷേ നീനു ഓര്‍ക്കുന്നു, നിറയെ ചുവന്ന റൂബിക്കകള്‍ കായ്ച്ചു നില്‍ക്കുന്ന റൂബിക്ക മരത്തിനു താഴെ ചുവന്ന സാരി ചുറ്റി സന്തോഷത്തോടെ നില്‍ക്കുന്ന ഓമനേച്ചിയെ സ്വപ്നം കാണുന്നു