Monday, February 13, 2012

എന്റെ പ്രണയിനിക്കായി ഒരു പ്രണയലേഖനം


            ജീവിതത്തില്‍ പറയാതെ പോയതും അറിയാതെ പോയതുമായ  പ്രേമത്തിനു മാധുര്യമേറുമെങ്കില്‍ പ്രിയേ ആ മാധുര്യത്തോടെ ഞാന്‍ നിനക്കായി എഴുതുന്നു എന്‍റെ ആദ്യത്തെ പ്രണയലേഖനം .പലവട്ടം നീ എന്നോട് പ്രണയം ആണെന്ന് പല രീതിയില്‍ പറഞ്ഞപ്പോഴും ഞാന്‍ ഒന്നുമറിയാത്തവനെ പോലെ ഒഴിഞ്ഞു മാറി.എന്നാല്‍ നീ അറിയൂ നിന്നെ ഞാന്‍  എന്നെക്കാള്‍ കൂടുതല്‍.. ..ഇഷ്ടപ്പെട്ടിരുന്നു .നിന്റെ മനോഹരമായ കണ്ണുകളില്‍ എന്നെ കാണുമ്പോള്‍ സന്തോഷം വിടരുന്നതും പിന്നീടു അത് നിരാശയായി മാറുന്നതും ഞാന്‍ കണ്ടിരുന്നു.നീ അറിയാതെ നിന്നെ ശ്രദ്ധിക്കാനും നീ ശ്രദ്ധിക്കുമ്പോള്‍ ഒന്നുമറിയാത്തവനെപ്പോലെ ഒഴിഞ്ഞു മാറാനും ഞാന്‍ ശ്രമിച്ചു.നിന്നെ തഴുകി എത്തുന്ന കാറ്റിനെ പോലും ഞാന്‍ പ്രണയിച്ചു.നിന്റെ ശബ്ദം ഏതു ആള്‍കൂട്ടത്തില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞു. നിന്റെ നീണ്ട മൂക്കിലെ വെളുത്ത കല്ലുവച്ച മൂക്കുത്തി എന്റെ സ്വപ്നങ്ങളില്‍ പ്രകാശിച്ചു. നിന്റെ മുഖം എന്റെ മുഖത്തോടടുക്കി  ഒരു ചുംബനം തരാന്‍ ഒരു പാട് ആഗ്രഹിച്ചിരുന്നെങ്കിലും സ്വപ്നത്തില്‍ കൂടി നീ പവിത്രയായി കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. ആദ്യമായി  നിന്റെ കൈവിരലുകള്‍  അറിയാതെ (നീ മനപൂര്‍വം സ്പര്‍ശിച്ചതാണോ) എന്റെ വിരലുകളില്‍ തൊട്ട നിമിഷം ഞാന്‍ ഇപ്പോഴും  ഓര്‍ക്കുന്നു. അന്ന് നീ മനോഹരിയായിരുന്നു. മുടിത്തുമ്പുകളില്‍  നിന്നും വെള്ളം ഇറ്റു വീണിരുന്നു.നിനക്ക് ആകെ പാരിജാതത്തിന്റെ മണമായിരുന്നു. നിന്റെ കൈ വിരലുകളുടെ സ്പര്‍ശം എന്നില്‍ വൈദ്യുത തരംഗങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഒന്നും അറിയാത്തവനെപ്പോലെ ഞാന്‍ ധൃതിയില്‍ പിന്തിരിഞ്ഞു നടന്നു പോയി.പിന്തിരിഞ്ഞു നടക്കുമ്പോഴും എന്റെ മനസ്സില്‍ നിന്റെ മുഖമായിരുന്നു.നന്ദിയാര്‍വട്ടം പോലെ നൈര്മല്യം ഉള്ള നിന്റെ സുന്ദര മുഖം. പലപ്പോഴായി നിന്നോട്  പറയണം എന്നാഗ്രഹിച്ച കാര്യങ്ങള്‍  എന്റെ മനസ്സില്‍ ശബ്ദമറ്റു  കിടന്നു.പലപ്പോഴായി നിനക്ക് തരണം എന്ന് കരുതിയ പ്രണയമൂറുന്ന  വാക്കുകളും എന്റെ മനസ്സില്‍ ചലനമറ്റു കിടന്നു.ഒരു പേനയ്ക്കും  പകര്‍ത്തിയെഴുതാനാകുമായിരുന്നില്ല എനിക്ക് നിന്നോടുള്ള സ്നേഹം.വരികളില്‍ പ്രകടിക്കുമ്പോള്‍ അത് കുറഞ്ഞു പോകുമോ എന്ന് ഞാന്‍ ഭയന്നു.അത് പ്രകടിപ്പിക്കാന്‍ ഉതകുന്ന വാക്കുകള്‍ പരതി ഞാന്‍ തളര്‍ന്നു .ഇന്ന് ഒരു ഉപാധികളുമില്ലാതെ മുന്‍വിധികളില്ലാതെ എനിക്ക് നിന്നോട് പറയാനാകും എന്റെ സ്നേഹം  എന്തെന്നാല്‍ കാലപ്പഴക്കം കൊണ്ട് ഉറച്ചു പോയ ഒരു യഥാര്‍ത്ഥ പ്രണയമാണത് . അത് പ്രകടിപ്പിക്കാന്‍ സാഹിത്യത്തിന്റെ അകമ്പടി വേണ്ട,മധുരമായ വാക്കുകള്‍ വേണ്ട,ഒരു പക്ഷേ പറയേണ്ട കാര്യം തന്നെ ഇല്ല.നമുക്കിടയില്‍ ഇന്ന് ഞാന്‍ നീയെന്ന വേര്‍തിരിവില്ല.നീ തന്നെ ആണ് ഞാന്‍ .
         ഇന്ന് എന്റെ മകന്‍ ഓരോ കൊല്ലവും പുതിയ കാമുകിമാരെ മാറ്റുമ്പോള്‍ , അഞ്ചു കാമുകിമാര്‍ക്ക് ഒരേ സമയം മെസ്സേജ് അയക്കുന്നത് കാണുമ്പോള്‍,വാലന്റൈന്‍ ഡേക്കു കൊടുക്കാന്‍ സമ്മാനങ്ങള്‍ വാങ്ങിച്ചു കൂട്ടുമ്പോള്‍,  ഞാന്‍ നമ്മുടെ നിശബ്ദ പ്രണയം ഓര്‍ക്കുന്നു.ഒരു പ്രണയം തകരുമ്പോള്‍ ഒരു സങ്കടവുമില്ലാതെ അവന്‍ കുറ്റമറ്റ  മറ്റൊരു പെണ്‍കുട്ടിയെ തിരയുമ്പോള്‍ ഞാന്‍ അതിശയിക്കുന്നു .ഇതാണോ പ്രണയം?.എന്റെ പ്രായമാകുമ്പോള്‍ മകന്റെ മനസ്സില്‍ ഒരു പ്രണയിനിയുടെ പേര് പോലും അവശേഷികുന്നുണ്ടാകില്ല.പക്ഷേ എന്നും എന്റെ മനസ്സില്‍ പ്രണയത്തെ കുറിച്ചു ഓര്‍ക്കുമ്പോള്‍ ഒരു പേര് മാത്രം.ഞാന്‍ എപ്പോഴും ഓര്‍ക്കുന്നതും നിന്നെ മാത്രം .എന്റെ പ്രണയം തുടങ്ങിയതും ഒടുങ്ങുന്നതും നിന്നില്‍ മാത്രം.