Monday, July 4, 2011

ഒരു കല്യാണ ദിവസ രഹസ്യം..പിന്നാമ്പുറ വര്‍ത്തമാനം


    രണ്ടു വര്‍ഷം മുന്‍പ് നാട്ടിലേക്കുള്ള വേനല്‍കാല അവധി യാത്ര.മനസ്സില്‍ വളരെ അധികം സന്തോഷമായിരുന്നു..കാരണം ദുബായില്‍ ആയതിനു ശേഷം കല്യാണങ്ങള്‍ ഒന്നും കൂടാന്‍ പറ്റിയിരുന്നില്ല .ഇത്തവണ അവധിക്കാലത്ത്‌ തന്നെ ആണ് എന്‍റെ ചെറിയമ്മയുടെ മകളുടെ കല്യാണം.അതുകൊണ്ട് എല്ലാവരെയും കാണുകയും ചെയ്യാം അടിച്ചു പൊളിക്കുകയും ചെയ്യാം എന്ന് ആലോചിച്ചപ്പോള്‍ ദിവസങ്ങള്‍ നീങ്ങാത്തതുപോലെ  തോന്നി.അവസാനം എല്ലാ കുടുംബക്കാര്‍ക്കും കസിന്‍സിനും ഉള്ള സമ്മാനങ്ങള്‍ പായ്ക്ക് ചെയ്ത പെട്ടിയുമായി ഞാന്‍ നാട്ടിലേക്ക് പുറപ്പെട്ടു . എത്തി  കഴിഞ്ഞു നാല് ദിവസത്തിനു ശേഷം കല്യാണം ആയതിനാല്‍ പിറ്റേന്ന് തന്നെ ചെറിയമ്മയുടെ  വീട്ടില്‍എത്തി ..കല്യാണമായാല്‍ വേറെ ഒരു ഗുണം കൂടെ ഉണ്ട്...എല്ലാ തരം പലഹാരങ്ങളും അകത്താക്കാം..ദുബായില്‍ ആണെങ്കില്‍ ബേക്കറി സാധനങ്ങള്‍ വാങ്ങുന്ന പതിവ് ഇല്ലാത്തതിനാല്‍ കരിമ്പിന്‍കൂട്ടം കണ്ട ആനയുടെ പോലെ ആയിരുന്നു എന്‍റെ അവസ്ഥ.അതും എല്ലാം കല്യാണത്തിനായി സ്പെഷ്യല്‍ ഉണ്ടാക്കിച്ച സാധനങ്ങള്‍ .പറ്റാവുന്നിടത്തോളം മിക്സ്ചര്‍ ,ചിപ്സ് ,ലഡ്ഡു ,ജിലേബി ഒക്കെ അകത്താക്കി ഞാന്‍ കല്യാണ വീട്ടില്‍ വിലസി.
           ഞാന്‍ നാല് ദിവസം മുന്‍പ് മാത്രം എത്തുന്നത് കൊണ്ട് ചെറിയമ്മ തന്നെ എനിക്കുള്ള സാരി വാങ്ങി ഒരു ഊഹത്തില്‍ ബ്ലൌസും തയ്പ്പിച്ചു വച്ചിരുന്നു.നല്ല ഭംഗി ഉള്ള പട്ടു സാരി.അതും ചുറ്റി ഞാന്‍ ഒന്നും വിലസും എന്ന് മനസ്സില്‍ കരുതി.അങ്ങനെ കല്യാണ ദിവസം വന്നെത്തി.എനിക്ക്  സാരി ഉടുക്കാന്‍ ശെരിക്കും അറിയില്ല .പിന്നെ അതാണെങ്കില്‍ ഒതുങ്ങി നില്‍ക്കാത്ത ഒരു പട്ടുസാരി.ബ്ലൌസ് ആണെങ്കില്‍ എവിടെയോകെയോ കുടുക്കം..എവിടെയോക്കെയോ ലൂസ്.ഇനി ചുരിദാര്‍ ഇടാം എന്ന് വച്ചാല്‍ അത് ചെറിയമ്മക്കു വിഷമം ആവും..കാരണം എനിക്ക് വേണ്ടി ഏറ്റവും ഭംഗി ഉള്ള സാരി മാറ്റി വച്ചു അതിന്റെ ബ്ലൌസും തയ്പ്പിച്ചതാ..അതില്‍ മറ്റു കസിന്‍സിന് കുറച്ചൊരു അസൂയ ഉണ്ട് താനും.അവസാനം ഞാന്‍ ഒരു വിധം ബ്ലൌസിനകത്ത് കയറിക്കൂടി..സാരി ഒക്കെ വലിച്ചു ചുറ്റി കല്യാണപ്പെണ്ണിനെ  ഒരുക്കുന്ന മുറിയില്‍ ച്ചെന്നു .എന്‍റെ അവസ്ഥ കണ്ടിട്ട് അവളെ ഒരുക്കാന്‍ വന്ന ബ്യുടീഷ്യന്‍ എന്‍റെ സാരി ശെരിയാക്കി തരാം എന്ന് ഏറ്റു.എന്‍റെ കസിന്‍സ് ഒക്കെ സാരിയുടെ ഭംഗിയെ  പുകഴ്ത്തി .ഒട്ടൊരു അഹങ്കാരത്തോടെ ഞാന്‍ വരുന്നവരെ സ്വീകരിക്കാനും മറ്റുമായി മുറിക്കു പുറത്തിറങ്ങി .
         വീട്  നിറയേ ആളുകള്‍.കുറച്ചു കാലമായി കാണാത്തവരെ ഒക്കെ കണ്ട സന്തോഷം.അപ്പോള്‍ ചെറിയമ്മ എന്നെ കുറച്ചുസ്ത്രീകള്‍ക്ക്പരിചയപ്പെടുത്തി. "എടുത്തിടെമോളാ..മനസിലായില്ലേ?.ദുബായിലാ ഇപ്പൊ.."..അപ്പോള്‍ അവര്‍ മനസിലായ മട്ടില്‍ തലകുലുക്കി ചിരിച്ചു .ഞാന്‍ അവിടെ നിന്നും അടുത്ത സഭയിലേക്ക് പോകാന്‍ തുടങ്ങുമ്പോളാണ് ഇവരുടെ കമന്റ് ഞാന്‍ കേട്ടത്."എന്തൊരു ഭംഗി ഉണ്ടായിരുന്ന കുട്ടിയാ.ഇപ്പൊ തടിച്ചു ചീര്‍ത്തു വിര്ത്തികേടായി .ഇങ്ങനെ ഭംഗി പോകുമെന്ന് കരുതിയേ ഇല്ല."..ഞാന്‍ കേള്‍ക്കാന്‍ വേണ്ടി തന്നെ പറഞ്ഞതോ അതോ അറിയാതെ ഉറക്കെ ആയിപ്പോയതോ എന്ന് അറിയില്ല കഷ്ടകാലത്തിന് ഞാന്‍ അത് കേട്ടു. അസൂയക്കാരികള്‍ എല്ലായിടത്തും ഉണ്ടാകുമല്ലോ എന്ന് കരുതി സമാധാനിക്കാന്‍ എനിക്കായില്ല.എന്റെ എല്ലാ സന്തോഷവും  ആ ഒരു ഒറ്റ വര്‍ത്തമാനം കേട്ടതോടെ കെട്ടടങ്ങി.എങ്ങനെയെങ്കിലും അവിടുന്ന് വീട്ടില്‍ എത്തിയാല്‍ മതിയെന്നായി .എല്ലാം കൂടെ ഞാന്‍ ആകെ സങ്കടത്തിലായി.പിന്നേം മുറിയില്‍ പോയി കണ്ണാടി കുറേ പ്രാവശ്യം നോക്കി.കുറേ നോക്കിയപ്പോള്‍ എനിക്ക് തോന്നി അവര്‍ പറഞ്ഞതില്‍ ശെരി ഇല്ലായ്കയില്ല.കുറച്ചു വണ്ണം വച്ചിട്ടുണ്ട്.എന്നാലും അത്രേം  ഭംഗി ഇല്ലതായിട്ടൊന്നും ഇല്ല.കുശുമ്പത്തികള്‍  .ഉള്ള  മനസമാധാനം കളഞ്ഞു .ദുബായിലെ മിട്ടായികള്‍, ഐസ് ക്രീം , പിസ ,ബര്‍ഗര്‍ എന്നിവ വലിച്ചു വാരി തിന്ന നിമിഷങ്ങളെ ഞാന്‍ ശപിച്ചു..എന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുന്ന ബാസ്കിന്‍ റോബിന്‍ ഐസ് ക്രീമിനെ ഞാന്‍ മനസ്സില്‍ പ്രാകി. .ഒറ്റ നിമിഷം കൊണ്ട് തടി കുറക്കാന്‍ പറ്റുന്ന വല്ല മരുന്നും കിട്ടിയെങ്കില്‍ ആ  നിമിഷം ഞാന്‍ അത് കുപ്പിയോടെ അകത്താക്കിയേനെ .കിട്ടാതിരുന്നത് ഭാഗ്യം..നാല് ദിവസമായി അടിച്ചു കയറ്റിയ ലഡ്ഡു ,ജിലേബി ,മിക്സ്ചര്‍ എന്നിവ ഓര്‍ത്തപ്പോള്‍ എന്റെ സകല നിയന്ത്രണങ്ങളും  വിട്ടു ഒരു അലര്‍ച്ച പുറത്തു കേള്‍ക്കുമോ എന്ന് ഞാന്‍ ഭയന്നു.ഇനി ശെരിക്കും ശബ്ദം പുറത്തു വന്നിട്ടോ എന്തോ വലിയമ്മയുടെ മകന്‍ അരുണേട്ടന്‍  അവിടെ വന്നു എത്തി നോക്കി പറഞ്ഞു ."എടി കുറെ നേരായല്ലോ ഒരുങ്ങാന്‍ തുടങ്ങീട്ടു.നിന്റെ കല്യാണാണോ?മാളുന്റെ അല്ലെ.എല്ലാവരും ഹാളിലേക്ക് പോകാന്‍ നില്‍ക്കുന്നു".
ഞാന്‍ അപ്പോള്‍ അരുണെട്ടനോട്  ചോദിച്ചു."അരുണെട്ട ...എന്നെ കണ്ടാല്‍ ആകേ വിര്‍ത്തികേടായ പോലെ ഉണ്ടോ?."
"അതെന്താ?..നീ ഇന്ന് കുളിച്ചില്ലേ?..അതോ വല്ല ചെളിയിലും വീണോ?." അരുണേട്ടന്‍  സ്വതസിദ്ധമായ മട്ടില്‍ എന്നെ കളിയാക്കി.ഞാന്‍  തമാശ കേള്‍ക്കാനുള്ള  മനസ്ഥിതിയില്‍ അല്ലായിരുന്നു.എന്റെ മുഖം സങ്കടം കൊണ്ട് ചുവന്നത് കണ്ടപ്പോള്‍ അരുണേട്ടന്‍ പറഞ്ഞു." നീ എന്നും സുന്ദരിക്കുട്ടി തന്നെ."...ആ ഒരൊറ്റ വാക്ക് എന്റെ പോയ ആത്മവിശ്വാസത്തെ തിരികെ കൊണ്ട് വന്നു.ഞാന്‍ വേഗം ഹാളിലേക്ക് പോകാന്‍ തയ്യാറായി.ഹാളിലെത്തി  കല്യാണവും സദ്യയും കഴിയുന്നത്‌ വരെ ഉപദ്രവകാരികളായെക്കാവുന്ന സ്ത്രീ സമൂഹത്തില്‍  നിന്നും കഴിയുന്നതും ഞാന്‍ വിട്ടു നിന്നു.അവര്‍ പറയുന്നത് പറയട്ടെ .ഞാന്‍ കേള്‍ക്കാതിരുന്നാല്‍ പോരെ..എപ്പടി?..
            ഇപ്പോള്‍ ചെറിയമ്മയുടെ മകന്റെ കല്യാണം .നാട്ടില്‍ പോകാന്‍ ഇനി കുറച്ചു ആഴ്ചകള്‍ മാത്രം.ഒരു തവണ പറ്റിയത് വീണ്ടും 
പറ്റരുതല്ലോ.അതുകൊണ്ട് നടത്തവും നീന്തലും സൈക്ലിങ്ങും ആയി ഇപ്പോള്‍  വ്യായാമം  തന്നെ..അന്ന് പറഞ്ഞവരുടെ മുന്നിലൂടെ എനിക്ക് തല ഉയര്‍ത്തി നടക്കണം..അതിനു പറ്റില്ലേ?.മധുരങ്ങളുടെ മുത്തപ്പാ ..എന്റെ മനസിന്‌ കരുത്തു തരു..ഒരു നാരങ്ങാ മിട്ടായി കൂടെ അബദ്ധത്തില്‍  അകത്താക്കാന്‍ തോന്നരുതേ ...

വാല്‍ക്കഷണം : ഇതുപോലെ ഉള്ള നിരുപദ്രവകാരികളായ ഉപദ്രവകാരികളെ എല്ലായിടത്തും കാണാം.അത് കൊണ്ട് നാട്ടില്‍ പോകുന്നവര്‍ ജാഗ്രതെ ..എന്ത് കേട്ടാലും  ഒരു ചെവിയില്‍ കൂടെ കേട്ട് മറുചെവിയിലൂടെ സുഖമായി തള്ളി കളയുക..എന്നാല്‍ ഇതുപോലെ ഉള്ള മനോവിഷമങ്ങളും ബുദ്ധിമുട്ടുകളും  വരാതെ രക്ഷപ്പെടാം..ഇനി നിങ്ങള്ക്ക് ഇതുപോലെ ഉള്ള ചെറിയ അഭിപ്രയങ്ങള്‍ രഹസ്യമായ പരസ്യമായി പറയാന്‍ തോന്നുനെങ്കില്‍ ശ്രദ്ധിക്കുക അതുകേട്ടു ഇതുപോലെ വിഷമിക്കുന്നവരെ നിങ്ങള്‍ അറിയാതെ പോകാം.ഒന്നുകില്‍ നേരെ മുഖത്ത് നോക്കി പറയുക.അല്ലെങ്കില്‍ മിണ്ടാതെ ഇരിക്കുക..അന്ന് പഠിച്ച പാഠം.അനുഭവം കുരു..:)