Friday, November 4, 2011

ശവത്തിന്റെ വില


           ടൌണ്‍ ഹാളില്‍ വമ്പിച്ച ജനത്തിരക്ക്.കാര്യമറിഞ്ഞവരും  അറിയാത്തവരും അങ്ങോട്ട്‌ കുതിച്ചു.ഹാളിനു നടുവില്‍ മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ശവ ശരീരം.അറുപതു വയസിനു മുന്‍പ് ശരീരം വെടിഞ്ഞ ,കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പുമാത്രം കവിയാണെന്ന് അന്ഗീകരിക്കപ്പെട്ട വ്യക്തിയുടെ ശവശരീരം.ശവമായതുകൊണ്ട് പേരിനു പ്രസക്തി ഇല്ല.മരിച്ചതായറിഞ്ഞു  പഞ്ചായത്തില്‍ നിന്നും പേര് വെട്ടിയവനും ജനിച്ചിട്ടും പഞ്ചായത്തില്‍ പേര് ചേര്‍ക്കാത്ത കുട്ടിയും ഒരുപോലെ.

           അഞ്ചാറു  മണിക്കൂര്‍  ആയി ആ പേടകത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട്.കാണാന്‍ വരുന്ന ആളുകളുടെ തിരക്കൊഴിയണമെങ്കില്‍ ഇനിയും എടുക്കും ഒരുപാട് മണിക്കൂറുകള്‍.അതുകഴിഞ്ഞാല്‍ വേറെ എവിടെയെങ്കിലും പ്രദര്‍ശനത്തിനു വക്കുമോ എന്നും അറിയില്ല.വിലകൂടിയ റീത്തുകളും മാലകളും പുതപ്പുകളും കൊണ്ട് ശവം അസ്വസ്ഥനായി.ശവത്തിനു ആളുകള്‍ കൊടുക്കുന്ന വിലയേയ്!.ഏതായാലും കുറെ മണിക്കൂറുകള്‍ ഇനിയും കാഴ്ച്ച വസ്തു ആയി കിടക്കണം എന്നതുകൊണ്ട്‌ ശവം ഓരോന്ന് ഓര്‍ത്തു കിടന്നു .ഈ വരുന്ന ആളുകളില്‍ അധികവും ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവര്‍.ടി വി യില്‍ മാത്രം കണ്ടിട്ടുള്ള രാഷ്ട്രീയക്കാര്‍,സാഹിത്യകാരന്മാര്‍,സിനിമാക്കാര്‍,വലിയ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ ഒരു പറ്റം ആളുകള്‍ കപടദുഃഖം നടിച്ചു പേടകത്തിന് ചുറ്റും വലം വച്ചു ദുഖത്തോടെ തന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടു ശവം അമ്പരന്നു.അപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്.തന്റെ ഭാര്യയും മക്കളും എവിടെ?.
                ഭാര്യ മറ്റൊരു  കാഴ്ച്ച വസ്തുവിനെ പോലെ തന്റെ കുറച്ചപ്പുറത്തായി  ഒരു കസേരയില്‍ ഇരിക്കുന്നു.ദുഖത്തെക്കാളേറെ പരിഭ്രമമായിരുന്നു അവളുടെ മുഖത്ത്‌.ജീവിതത്തില്‍ ആദ്യമായി അത്രയും ആളുകള്‍ സമാശ്വസിപ്പിക്കുന്നതും,ടി വി യില്‍ നിന്നും ഇറങ്ങി വന്ന പോലെ തന്നെ ആശ്വസിപ്പിക്കുന്ന മഹാന്മാരെയും കണ്ടിട്ട് .ഇന്നലെ വരെ അരിവാങ്ങാനും മരുന്ന് വാങ്ങാനും സഹായിക്കാന്‍ പോലും ആരുമില്ലാതിരുന്ന തനിക്കു ഒരു സുപ്രഭാതത്തില്‍ ഇത്രയും അധികം ആളുകളോ! ശവത്തിനോട് കാണിക്കുന്ന വിലയും ദയയും താന്‍ ജീവിച്ചിരുന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ! തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെന്നും പറഞ്ഞു തിരക്ക് നിയന്ത്രിക്കുന്നവരെ കണ്ടു ശവം ഞെട്ടി.നിരത്തിന്റെ അരികിലൂടെ ഒതുങ്ങി പോകുന്ന തന്നെ നോക്കി 'പണിയെടുക്കാതെയും കുടുംബം നോക്കാതെയും വട്ടും എഴുതി വെറുതെ നടക്കുന്നവന്‍' എന്നും പറഞ്ഞു കളിയാക്കി ചിരിക്കാരുണ്ടായിരുന്നവര്‍.തന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളാവട്ടെ അന്യരെ പോലെ അകത്തു കടക്കാനാവാതെ  ഹാളിനു പുറത്തു നില്‍ക്കുന്നു.                                  

       ദാരിദ്രത്തിന്റെ മൂര്‍ദ്ധന്യത്തില്‍ വയറ്റില്‍ നിന്നും ഉയരുന്ന ചൂളം വിളികള്‍ക്ക് താളമിട്ടാണ് ചെറുപ്പത്തില്‍  ആദ്യം കവിത പാടിത്തുടങ്ങിയത്‌.എഴുതി വക്കാന്‍ കടലാസോ പേനയോ കിട്ടാത്തതിനാല്‍ മനസ്സില്‍ വരുന്നത് ഉറക്കെ പാടി നടക്കും.പിന്നീട് കുറെ കാലം കഴിഞ്ഞു അത് സ്ഥിരമായി കേള്‍ക്കുന്ന സുഹൃത്തുക്കളാണ് കടലാസില്‍ എഴുതാന്‍ നിര്‍ബന്ധിച്ചത്.എഴുതി എഴുതി വീട്ടില്‍ അത് വക്കാന്‍ സ്ഥലമില്ലാതെ ആയി.അരി വങ്ങേണ്ട പൈസക്ക് കൂടി കടലാസും പേനയും വാങ്ങി ഒരു വിലയുമില്ലാത്ത കവിതകള്‍ എഴുതി വീട് നിറക്കുന്നതില്‍ ഭാര്യ മുറുമുറുപ്പ് തുടങ്ങി.സുഹൃത്തുക്കളുടെ നിര്‍ദേശപ്രകാരം പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു കൊടുത്തെങ്കിലും അതൊക്കെ യാതൊരു പ്രതികരണവും ഇല്ലാതെ എവിടെയൊക്കെയോ അപ്രത്യക്ഷമായി.ഒരു അമ്പതു രൂപയെങ്കിലും കിട്ടിയിരുന്നെങ്കില്‍ അരിയെങ്കിലും വാങ്ങാമായിരുന്നു.എന്നിട്ടും സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം വീട് പണയപ്പെടുത്തിയാണെങ്കിലും കവിതകള്‍ എല്ലാം കൂടി കുറച്ചു പുസ്തകങ്ങള്‍ ഇറക്കി.പ്രശസ്ത സാഹിത്യകാരന്മാര്‍ക്കൊക്കെ ഓരോ കോപ്പി വീതം അയച്ചു കൊടുത്തു.അത് കഴിഞ്ഞു കുറച്ചു മാസങ്ങളായി .അതിന്റെ കടങ്ങളും മറ്റു പ്രാരാബ്ദങ്ങളുമായി ജീവിതം തള്ളി നീക്കുമ്പോഴാണ് അവിചാരിതമായി ഹൃദയം നില്‍ക്കുന്നതും ശവമായി മാറുന്നതും.പക്ഷേ ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത പരിഗണന ഇപ്പോള്‍ ഈ ശവത്തിനു കിട്ടാന്‍ കാരണം?
           അപ്പോഴാണ് മൈക്ക് പിടിച്ചു കാമറക്കു മുന്നില്‍ നിന്നു വികാരപ്രകടനങ്ങളോടെ ഒരു പ്രശസ്ത ടി വി അവതാരകന്‍ പറയുന്നത് കേട്ടത്."പ്രശസ്ത കവിയായിരുന്ന ----------  നു താന്‍ അവസാനം എഴുതിയ കവിതാ സമാഹാരത്തിനു -------- അവാര്‍ഡ് ,-------അവാര്‍ഡ്, -------- അവാര്‍ഡ് എന്നിങ്ങനെ മൂന്നു അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നു.അതിലെ ഒരു പ്രധാന കവിത തന്റെ സിനിമയിലെ ഗാനമാക്കാമെന്ന് ഒരു പ്രശസ്ത സംവിധായകനും മറ്റൊരു കവിത എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താമെന്ന് മന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നു".ഇതെല്ലാം കെട്ടു ശവത്തിനു ചിരി വന്നു.മരിച്ചു കിടക്കുന്നവന്‍  ചിരിച്ചാല്‍ തന്റെ  മുഖത്തേക്ക് ഒരു വിചിത്ര ജീവിയെ കാണാന്‍ വന്നവരെ പോലെ നോക്കുന്നവര്‍ പേടിക്കുമല്ലോ എന്നോര്‍ത്തു ശവം ചിരി അടക്കി പിടിച്ചു കിടന്നു.
          അങ്ങനെ നീണ്ട ഇരുപത്തി നാല് മണിക്കൂറുകള്‍ക്കു ശേഷം ശവത്തിനെ തീയിലെക്കെടുത്തു. എല്ലാം അവസാനിച്ചു.മണിക്കൂറുകള്‍ കൊണ്ടുണ്ടായ ആരാധകരും തിരക്കും എല്ലാം.അവാര്‍ഡ്‌ ജേതാവും പ്രശസ്തനുമായ ശവത്തിന്റെ ഭാര്യയും മക്കളും അവരുടെ കുഞ്ഞു വീട്ടിലേക്കു തിരിച്ചു നടന്നു.യാതൊരു പേരിന്റെയോ പ്രശസ്തിയുടെയോ ആരാധകരുടെയോ ശല്യമില്ലാതെ അവര്‍ അവരുടെ ദാരിദ്രത്തിലെക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങി പോയി.









17 comments:

  1. അനര്‍ഹത അതിജീവിക്കുന്നു. അര്‍ഹത മരിക്കുന്നു.
    പുതിയകാലത്ത് മരണാനന്തര ബഹുമതിക്കാണ്‌ പ്രാമുഖ്യം!

    ReplyDelete
  2. കണ്ണൂരാന്‍ പറഞ്ഞതിനോട് യോജിക്കുന്നു...

    ReplyDelete
  3. പലരും ഇങ്ങനെയുള്ള അവസരങ്ങളില്‍ പറയുന്നത് കേട്ടിട്ടുണ്ട്...

    "എന്റെ സഹോദര തുല്യനെയാണ് എനിക്ക് നഷ്ടമായതെന്ന്.."

    കഷ്ടപാടിന്റെ കാലത്ത് ഈ സഹോദരങ്ങള്‍ ഒക്കെ എവിടെ യായിരുന്നു.
    ജീവിച്ചിരിക്കുമ്പോള്‍ ഉപകാരപെടാത്ത സംഭവങ്ങള്‍ എന്തിനാ മരണ ശേഷം..

    ReplyDelete
  4. ശരിയാ ഇന്നത്തെ കാലത്ത് പ്രശ്ത്തനാകണമെങ്കില്‍ മരണപ്പെടനം,അതിനു ഒത്തിരി ഉദാഹരങ്ങള്‍ നമ്മള്‍ കണ്ടു!തുഫു ..ഒരു സാംസ്ക്കാരികകേരളംപോലും.നന്നായിരിക്കുന്നു,എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  5. മരിച്ചാല്‍ പ്രശ്തിയുണ്ടാവുകയും..
    ഏതു തെമ്മാടിയും മരണത്തിനു ശേഷം മഹാനാകുന്നതും നാം കണ്ടു കൊണ്ടിരിക്കുന്നു..

    ReplyDelete
  6. പാവം ശവം! ആക്ഷേപഹാസ്യം കലക്കി, പ്രീതി!

    ReplyDelete
  7. അടിപൊളിയായി പറഞ്ഞു... :)

    ReplyDelete
  8. ഒരു പുതിയ രീതിയില്‍ , ഇന്നിന്റെ കാട്ടിക്കൂട്ടലുകള്‍ക്കെതിരെ ഒരു സമര വിളി
    കൊള്ളാം
    ആശംസകള്‍

    ReplyDelete
  9. സത്യമാണ്.ശവമായാലെ വിലകാണു.
    നന്നായി അവതരിപ്പിച്ചു.
    ആശംസകളോടെ

    ReplyDelete
  10. മരിച്ചുകഴിഞ്ഞാൽ എല്ലാവരും പറയുന്നത് കേൾക്കാം 'എന്റെ സഹോദരതുല്ല്യനാണ്, എന്റെ പിതൃതുല്ല്യനാണ്' എന്നൊക്കെ. ഇവർ ജീവിക്കാൻ വേണ്ടി ഒരു നേരത്തെ അരിയോ ഭക്ഷണമോ വാങ്ങിക്കൊടുക്കാൻ നേരത്തുണ്ടാവില്ല. മരിച്ചാൽ പിന്നെ അപാരമായ സ്നേഹവും ആദരവും ആണ്. അതാണ് എല്ലാവരുടേയും സ്ഥിതി.

    ReplyDelete
  11. കാട്ടിക്കൂട്ടലുകളുടെയും പൊങ്ങച്ചങ്ങളുടെയും പുതുവേദിയാണ് ചാനല്‍ കാലത്തെ മരണങ്ങള്‍. ജഡത്തിന് പോലും മനംപിരട്ടലുണ്ടാക്കുന്ന കോപ്രായങ്ങള്‍, അഭിനയങ്ങള്‍, വിഡ്ഢിത്തങ്ങള്‍... ഇവയുടെയെല്ലാം രംഗവേദിയാണ് മരണവീട്... ഒക്കെ ശരിയാണ്. എന്നാല്‍ മരിച്ചാലെങ്കിലും നല്ലത് പറയുകയും അംഗീകാരം നല്‍കുകയും ചെയ്യുന്നുണ്ടല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്. അതിനുപോലും സമ്മതിക്കുകയില്ല എന്ന് വച്ചാല്‍... അതൊക്കെ അവിടെ ഇരിക്കട്ടെ പോസ്റ്റ്‌ പസ്റ്റ്‌ ഒന്നാം തരം

    ReplyDelete
  12. ദൈവത്തിന്റെ ഓരോ വികൃതികള്‍ ... ഇഷ്ട്ടമായി ... വീണ്ടും വരാം കേട്ടോ ... സസ്നേഹം ...

    ReplyDelete
  13. അഭിപ്രായങ്ങള്‍ക്ക് നന്ദി ..:)

    ReplyDelete
  14. ഈ ടി വി കളില്‍ മരിച്ച ആളുകളെ ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ എനിക്ക് പലത്തവണ മനസ്സില്‍ തോന്നിയ കാര്യമാണ് ഇത് അതിനെ വളരെ വെക്തമായി പറഞ്ഞു പരിഹാസത്തോടെ
    ഇന്ന് ജീവനുള്ള മനുഷ്യന് വിലയില്ല എങ്കിലും ജഡത്തിനു ഭയങ്കര മാര്‍കെറ്റാ

    ReplyDelete
  15. അഭിപ്രായത്തിനു നന്ദി..:)

    ReplyDelete
  16. ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തിനു മൊത്തം പലതരത്തിലും ബാധ്യത സമ്മാനിച്ചിട്ടുള്ള പലരും മരിക്കുമ്പോള്‍ മഹാത്മാക്കള്‍! എനിക്ക് ഇതിനോട് യോജിക്കാന്‍ കഴിയില്ല.

    ReplyDelete
    Replies
    1. എനിക്കും യോജിക്കാന്‍ കഴിയാത്തത് കൊണ്ട് ആണ് ഞാന്‍ ഇത് എഴുതിയത്..

      Delete