Sunday, June 5, 2011

ഓര്‍മകളിലൂടെ ഒരു മടക്കയാത്ര


            മാങ്ങകള്‍ കഴിഞ്ഞ മാവുകള്‍ എന്നെ നോക്കി പരിഭവം പറഞ്ഞു.പ്ലാവുകളാകട്ടെ ബാക്കിയുള്ള ചക്കപ്പഴം പക്ഷികള്‍ക്കും അണ്ണാന്‍മാര്‍ക്കും വിരുന്നൊരുക്കി കഴിഞ്ഞിരുന്നു.ഒരു പങ്കുപോലും ബാക്കി വയ്ക്കാത്ത അണ്ണാറകണ്ണന്‍മാരും പക്ഷികളും എന്നെ നോക്കി സന്തോഷത്തോടെ ശബ്ദമുണ്ടാക്കി.കൊതിയന്മാര്‍...! !എല്ലാം കഴിഞ്ഞു പേര മരത്തിലെക്കാണ്. വേണമങ്കില്‍ വേഗം വന്നോ എന്ന് പറഞ്ഞു ഓടിപ്പോയി.
        വൈകിവന്ന  വിരുന്നുകരിയെപ്പോലേ ഞാന്‍ ആ തോട്ടത്തിലൂടെ ഒറ്റയ്ക്കു നടന്നു.അല്ല...ഞാന്‍ ഒറ്റക്കല്ല.അവനാ മാവിന്റെ  പിറകില്‍ ഒളിഞ്ഞു നില്പുണ്ട്! ഇപ്പോള്‍ പിന്നിലൂടെ വന്നു ചെവി പിടിച്ചു "എടീ പൊട്ടി പെണ്ണേ " എന്ന് വിളിക്കും.അല്ലെങ്കില്‍ പെട്ടന്ന് ശബ്‌ദം ഉണ്ടാക്കി എന്നെ പേടിപ്പിക്കും.അതും അല്ലെങ്കില്‍ ആ പേര് വിളിച്ചു സ്നേഹത്തോടെ അടുത്ത് വരും .ഞാന്‍അനങ്ങാതെ നിന്നു.ഇല്ല....എല്ലാം തോന്നലാണ്.
         ഒരിളം കാറ്റു എന്നെ വന്നു തലോടി.ഒന്നുരണ്ടു മഴത്തുള്ളികള്‍  ഇറ്റു മുഖത്തേക്ക് വീണു. കാലത്തിന്റെ ചക്രവാളത്തില്‍ പലതും മാറുമ്പോളും മഴയ്ക്ക് അതേ ഭംഗി .അതേറ്റ മണ്ണിനും അതേ ഗന്ധം.ഓര്‍മകളുടെ വേലിയേറ്റത്തില്‍ നടക്കുമ്പോള്‍  ഞാന്‍ പാടത്തു നിറഞ്ഞു നില്‍കുന്ന വെള്ളത്തിലേക്ക്‌ നോക്കി.ഇപ്പോളും പരല്‍ മത്സ്യങ്ങള്‍ ഓടിക്കളിക്കുന്നു .ആരും ഉപദ്രവിക്കാനില്ലാതെ.പാടം വരണ്ടുതുടങ്ങുമ്പോള്‍ പ്രാണന്  വേണ്ടി തുടിക്കുന്ന അവയെ രക്ഷിച്ചു കുളത്തിലിടുക എന്ന കൃത്യം ആണ് അന്നത്തെ ഏറ്റവും വലിയ സദ്‌പ്രവൃത്തി ആയി ഞങ്ങള്‍ ഓരോരുത്തരും കണ്ടത്.എന്നെ കണ്ടപ്പോള്‍ അവ വെള്ളത്തില്‍ ഊളിയിട്ടുയര്‍ന്നു സന്തോഷം പ്രകടിപ്പിച്ചു.
           ഈ പറമ്പിലെ ഓരോ മരങ്ങളും എനിക്ക് സുപരിചിതമാണ്.ആര്‍കും വേണ്ടാത്ത മൂവാണ്ടന്‍ മാവിനേയും എല്ലാവരുടെയും പ്രിയപ്പെട്ട നാടന്‍ മാവിനേയും ഞാന്‍  ഒരുപോലെ സ്നേഹിച്ചു. നെല്ലിക്കയുടെ കാലമല്ല എന്നറിഞ്ഞിട്ടും വെറുതെ ഞാന്‍ നെല്ലിമരത്തിന്റെ ചുവട്ടില്‍ തിരഞ്ഞു.എനിക്കായി ഒരു നെല്ലിക്ക അവിടെ ബാക്കി കിടക്കുന്നുന്ടെങ്കിലോ ! 
           നടന്നു നടന്നു ഞാന്‍ ചകിരി മാവിന്റെ ചുവട്ടിലെത്തി. ഇവിടെ നിന്നും ഇപ്പോളും കുട്ടികളുടെ ശബ്ദാരവം ഉയര്ന്നു കേള്‍കുന്നുണ്ടോ?.ഈ കാറ്റിന്റെ ഈണത്തില്‍  അവരുടെയെല്ലാം ശബ്‌ദം അലിഞ്ഞു ചേര്‍ന്നിരിക്കുന്നതായി തോന്നുന്നു.പണ്ട് ഞങ്ങള്‍ അടുപ്പ് കൂട്ടി കളിച്ച കല്ലുകള്‍കായി എന്റെ കണ്ണുകള്‍ പരതി .ഇല്ല...എല്ലായിടത്തും കാടുകെട്ടി.ആരും വരാന്‍ ഇല്ലാതെ.ആരും തിരിഞ്ഞു നോക്കാത്തതിനു   ചകിരിമാവെന്നോട് പരിഭവം പറഞ്ഞു.പാവം! ശരിക്കും വയസനായിരിക്കുന്നു .    പുറത്തിറങ്ങിയാല്‍ കാലില്‍ ചളി പുരളുമെന്നു കരുതി ടി വിയും കണ്ടു വീട്ടില്‍ ഇരിക്കുന്ന  കുട്ടികള്‍ അറിയുന്നില്ലല്ലോ ഈ മാവു നിങ്ങളെ കാത്തിരിക്കുന്ന വിവരം.
            ഓര്‍മകളുടെ   പടവുകളിലൂടെ ഞാന്‍ കുളക്കരയിലെത്തി.വെറുതെ ആ വെള്ളം ഇളക്കി. പെട്ടന്ന് ചാറിയ  മഴ  ഒരു കരച്ചിലായി എനിക്ക് തോന്നി .അപ്പോള്‍ കുളത്തിന്റെ  അലകള്‍ എന്നോട് ചോദിച്ചു ."എന്തെ നിങ്ങളാരും എന്നെ കാണാന്‍ വരാത്തേ?എത്ര കാലമായി ഞാന്‍ കാത്തിരിക്കുന്നു".ഞാന്‍ എങ്ങനെ നിന്നോട് പറയും ഇനി നിന്നെ സന്തോഷിപ്പിക്കാന്‍ അവര്ക്കാവില്ലെന്നു .ഇവടെ ചാടിതിമിര്‍ക്കാന്‍ അവര്‍ വരില്ലെന്ന് .എല്ലാം ഞാന്‍ ഒരു മൌനത്തില്‍ ഒതുക്കി.ഇപ്പോള്‍ സ്വന്തം തിരക്കുകളില്‍ പെട്ട് സ്വയം മറക്കുന്ന ഈ കൂട്ടുകാര്‍ അറിയുന്നുണ്ടോ  ഈ നെല്ലിമരവും മാവുകളും കുളവും മീനുകളും എല്ലാം നിങ്ങളെ കാത്തിരിക്കുന്ന വിവരം . 

2 comments:

  1. vida paraju akalalangalilekk maranja......balyathinte manamulla varikal....sammanichathinu nanni.....

    ReplyDelete