Sunday, September 18, 2011

അവിഹിത ഗര്‍ഭവും ഒരു പഴം പൊരിയും

               (സാധാരണക്കാരില്‍ സാധാരണക്കാരായ കുറച്ചു മനുഷ്യരും അവരുടെ ജീവിതത്തിലെ ചില ഏടുകളും അല്പം നര്‍മത്തോടെ വരച്ചു കാട്ടുകയാണ്...ഇഷ്ടമാവും എന്ന് കരുതുന്നു.മാതിക്കുട്ടിയുടെ  കഥ നടന്നു കുറച്ചു  വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന കഥയാണ്‌...അപ്പോഴേക്കും എല്ലാ ഗ്രാമങ്ങളെ പോലെ അവിടെയും മാറ്റങ്ങള്‍ വന്നു.എങ്കിലും ജനങ്ങളുടെ മനസ്സില്‍ കാര്യമായ മാറ്റം ഒന്നും വന്നിട്ടില്ല..)

                അത്യാവശ്യമോ അതിലധികമോ കുശുമ്പും കുന്നായ്മയും അസൂയയും പരദൂഷണവും എല്ലാം ഉള്ള ഒരു സാധാരണ ഗ്രാമം.അവിടെയാണ് "ശീമന്തിനി ടി ഷോപ്പ് " അതിന്റെ മുതലാളിമാര്‍ ഗോവിന്ദനും ഭാര്യ വിലാസിനിയും .പാലും ചായപ്പൊടിയും കൂടില്‍ നിറച്ച പലഹാരങ്ങളും ഏകദേശം കഴിയുന്നത്‌ വരെ ചായകട പ്രവര്‍ത്തിക്കും.ദിവസങ്ങളായി ചില്ലുകൂട്ടില്‍ കിടന്നു പല്ലിളിക്കുന്ന പഴം പൊരി ആണ് അവിടുത്തെ സൂപ്പര്‍ സ്റ്റാര്‍.  അവര്‍ക്ക് ആറു മക്കള്‍  .അതില്‍   ഒരേ ഒരു പെണ്‍തരി.പേര് ഷീമന്തിനി.സീമന്തിനി എന്നാണ് ഉദ്ധെശിച്ചതെങ്കിലും ഒന്നുമുതല്‍ അഞ്ചു പുത്രന്മാര്‍ക്കു 'ഷ ' വച്ചു ബുദ്ധിമുട്ടി  പേര് കണ്ടുപിടിച്ചു ഇട്ടതിനാല്‍ തന്റെ പ്രിയപുത്രിക്കും 'ഷ 'വച്ചല്ലാതെ ഒരു പേരിട്ടാല്‍ അതവര്‍ക്ക്  പഴം പൊരി ഇല്ലാത്ത ചായകട പോലെ ആകുമായിരുന്നു.അങ്ങനെ സീമന്തിനി 'ഷീമന്തിനി'  ആയി.ഗോവിന്ദനും വിലാസിനിയും തന്റെ കടയുടെ മുന്നില്‍ 'ഷീമന്തിനി ടീ ഷോപ്പ് ' എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതി തൂക്കി തൃപ്തിയടഞ്ഞു.

                

            ഷീമന്തിനി  ഒരു കൊച്ചു സുന്ദരി എന്ന് പറയാം.നിറം ഇത്തിരി കുറവാണെങ്കിലും ബാക്കി ഒക്കെ വേണ്ടതിലധികം അവള്‍ക്കു ദൈവം    കനിഞ്ഞു  നല്‍കിയിരുന്നു.പതിനെട്ടു വയസേ ഉള്ളു എങ്കിലും നാല്പതു വയസിന്റെ നടപ്പും സംസാരവും.അവളുടെ  ഒരേ ഒരു വീക്നെസ് സിനിമയാണ്.ഇറങ്ങുന്ന ഒരു സിനിമപോലും വിടാതെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആ ഗ്രാമത്തില്‍ ഉള്ള ഏക തിയേറ്ററില്‍ പുതിയ പടം ഒന്നും വരാത്തതിനാലും ദൂരെ പോയി സിനിമകാണാന്‍ വിലാസിനി സമ്മതിക്കത്തതിനാലും ഷീമന്തിനി തന്റെ ആഗ്രഹം അടക്കിപിടിച്ചു നടപ്പാണ്.  



            നാട്ടിലെ പ്രധാന സംഖമായ രാമന്‍ നായര്‍ ,മൂസ ,വാറു,പരമു,എഴുത്തശന്‍ എന്നിവര്‍ വീട്ടില്‍നിന്നും  ഭാര്യ തരുന്ന ചായ കുടിക്കാതെ രാവിലെ തന്നെ ഗോവിന്ദന്റെ ചായ പ്പീടികയില്‍ എത്തുന്നതിന്റെ പ്രധാന രഹസ്യം ഷീമന്തിനി ആയിരുന്നു.രാവിലത്തെ ചായ കുടിക്കുമ്പോള്‍ അകത്തു നിന്നും എഴുനേറ്റു വരുന്ന ഷീമന്തിനി തരുന്ന ഒരു ചിരിയും അവിടെ എവടെയായി സ്ഥാനം തെറ്റി കിടക്കുന്ന വസ്ത്രത്തില്‍ നിന്നും മിന്നായം പോലെ കാണുന്ന ഭാഗങ്ങളും രാമന്‍ നായര്‍ക്കും കൂട്ടര്‍ക്കും ചായയുടെ കൂടെ പരിപ്പുവടയും പഴം പൊരിയും ഫ്രീ കിട്ടിയ പോലെ ആയിരുന്നു.

           അങ്ങനെയിരിക്കുമ്പോഴാണ്  ഷീമന്തിനിയെ കാണാതാവുന്നത്.ടൌണില്‍ പൊട്ടും വളയും അത്യാവശ്യ സാധനങ്ങളും വാങ്ങാന്‍ പോയ ഷീമന്തിനി  ആറു മണി ആയിട്ടും മടങ്ങി വന്നില്ല.വിലാസിനി നെഞ്ഞത്ത്  തല്ലി അലറി വിളിച്ചു നാട്ടുകാരെ മുഴുവന്‍ അറിയിച്ചു.ആ ചായപ്പീടികയില്‍ അന്ന് വരെ കയറിയിട്ടില്ലാത്ത ആളുകള്‍ വരെ തിക്കി തിരക്കി വാര്‍ത്ത അറിയാന്‍ ചായപീടികയില്‍ ഒത്തുകൂടി.അവര്‍ക്കുള്ള ചായ അടിക്കുന്ന തിരക്കിലായതിനാല്‍ തന്‍റെ മകളെ കാണാത്ത വിഷമത്തില്‍ ഒന്ന് കരയാന്‍ കൂടി ഗോവിന്ദന് സമയം കിട്ടിയില്ല.എങ്കിലെന്താ..ഷീമന്തിനി വീട്ടില്‍ നിന്നിറങ്ങിയ സമയം മുതല്‍ ഇട്ടിരുന്ന വേഷവും തൊട്ടിരുന്ന പൊട്ടും വരെ വിലാസിനി വിവരിച്ചു കരഞ്ഞു.വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പറഞ്ഞത് മുതല്‍ രണ്ടു ദിവസമായുള്ള അവളുടെ വര്‍ത്തമാനം വരെ നാട്ടിലെ സി ഐ ഡി കള്‍ ചികഞ്ഞെടുത്തു.അസാമന്യത ഒന്നുമില്ല.അപ്പോളാണ് റബ്ബറു മൂസ്സയും പരമുവും ഒരു കാര്യം ശ്രദ്ധിച്ചത്.ഈ വക കാര്യങ്ങള്‍ ഒക്കെ നടക്കുമ്പോള്‍ അത്യന്തം ആവേശത്തോടെ വായും തുറന്നു പുഴുപ്പല്ലും കാണിച്ചു  മുന്നില്‍ തന്നെ വന്നു നില്‍ക്കാറുള്ള രാമന്‍ നായരെ കാണാനില്ല."പാവം .സരോജിനിയെമ്മ ..വീട്ടില് ഒരു പിടി അരി കൂടുതല്‍ ഇടണ്ടെരുംന്നാ തോന്നനെയ്‌"..മൂസ ഊറി ചിരിച്ചു.(രാമന്‍ നായരുടെ ഭാര്യയാണ് സരോജിനി)
               വിവരം അറിയാതെ ഒന്നും പറയരുതെന്നും തങ്ങളുടെ സുഹൃത്തായ രാമന്‍ നായര്‍ അങ്ങനെ ഒരു വിവര ദോഷം ചെയ്യില്ല എന്നും പരമു തര്‍ക്കിച്ചു .എഴുത്തശനും വാറുവും അതിന്‍റെ സാധ്യതകളെയും സാധ്യതയില്ലയ്മകളെയും പറ്റി ചിന്തിക്കാന്‍ തുടങ്ങുമ്പോഴേക്കും റബ്ബര് മൂസ അത് നാടൊട്ടുക്കും പാട്ടാക്കി.അത് കേട്ട പാടെ കേള്‍ക്കാത്ത പാടെ ചായ പീടികയില്‍ നിന്ന ജനം രാമന്‍ നായരുടെ വീട്ടിലേക്കോടി .കുറച്ചുപേര്‍ രാമന്‍ നായര്‍ ഷീമന്തിനിയുമായി വരാന്‍ സാധ്യതയുള്ള വഴിയില്‍ നിന്നു.
           ഇത് കേട്ട്‌ വിലാസിനി കരഞ്ഞതിനേക്കാള്‍ ഒരു പിടി മുന്നിലെന്നോണം സരോജിനി തല തല്ലി നെഞ്ഞത്തടിച്ചു കരഞ്ഞു .അന്നത്തെ സീരിയല്‍ മുടങ്ങിയതിന്റെ സങ്കടത്തിലായിരുന്ന നാട്ടുകാര്‍ രണ്ടു കണ്ണുനീര്‍ സീരിയല്‍ കണ്ട സംതൃപ്തിയോടെ ക്ളയിമാക്സ്സിനായി കാത്തു നിന്നു . 
         ഈ സംഭവ വികാസങ്ങളൊക്കെ നടക്കുന്നതിടയിലാണ് എഴുമണിയുടെ സുഭാഷിനിയില്‍ നിന്നും ഇറങ്ങി ഐസ് ഫ്രൂട്ട് അടിച്ചവനെ പ്പോലെ കൂള്‍ ആയി രാമന്‍ നായര്‍ നടന്നുവരുന്നത്.തന്‍റെ വീട്ടിലേക്കുള്ള വഴിയില്‍ എല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞത്‌ കണ്ടു "എന്‍റെ സരൊജിനിയേയ്..........."എന്നും അലറി അയാള്‍ വീട്ടിലേക്കോടി. രാമന്‍ നായര്‍ 'ലാന്‍ഡ്‌' ചെയ്ത വിവരം അറിഞ്ഞ സരോജിനി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി കലിതുള്ളി പടിക്കലെക്കോടി.കലിതുള്ളി നില്‍ക്കുന്ന സരോജിനിയെ കണ്ടു രാമന്‍ നായര്‍ അമ്പരന്നു.
"എനിക്ക് ഇപ്പൊ അറിയണം ...എനിക്ക് ഇപ്പൊ അറിയണം ..."സരോജിനി ഉറഞ്ഞു തുള്ളി.
"എന്ത് അറിയാന്‍?..അനക്ക്‌ വട്ടായോ?"രാമന്‍ നായര്‍ യുവജനോത്സവത്തില്‍ കഥകളി കണ്ടു ഒന്നും മനസിലാവാത്ത ജഡ്ജിനെപ്പോലെ  വായ്‌ പൊളിച്ചു .
"എവടെ ആ പെണ്ണ്?.രാവിലെ കുളിച്ചു കോമളനായി    പോകുന്നത് കണ്ടപ്പോഴെ എനിക്ക് തോന്നി..ഇങ്ങള് അവളെ എബടെ കൊണ്ടോയി താമസിപ്പിച്ചു?" സരോജിനി കലിതുള്ളി.
"ഏതു പെണ്ണ്?"രാമന്‍ നായര്‍ അന്ന് വരെ താന്‍ ചിരിച്ചത് മുതല്‍ ഒളിഞ്ഞു നോക്കിയത് വരെ ഉള്ള പെണ്ണുങ്ങളുടെ ലിസ്റ്റ് മനസ്സില്‍ ഇട്ടു ആലോചിച്ചു.ഒരു പിടുത്തവും കിട്ടാതെ വായും പൊളിച്ചു സരോജിനിയെ നോക്കി  നിന്നു.അപ്പോഴേക്കും അവിടെ ഓടിയെത്തിയ ദോസ്ത്തുക്കള്‍ മൂസയും സംഘവും  സംഭവത്തിന്റെ ഏകദേശ രൂപം രാമന്‍ നായരെ ധരിപ്പിച്ചു.അത് കേട്ട്‌ രാമന്‍ നായര്‍ തന്‍റെ മനസ് ഒന്ന് ഫ്ലാഷ് ബാക്ക് അടിച്ചു..ഉച്ചക്ക് സിനിമാതിയെട്ടരിനു  മുന്നില്‍ നിന്നു തന്‍റെ കൂടെ മൂന്നാം ക്ലാസ്സുവരെ പഠിച്ച കടല രാഘവനുമായി  സംസാരിച്ചു കടലയും കൊറിച്ചു നില്‍ക്കുമ്പോള്‍ ഒരു മിന്നായം പോലെ ഷീമന്തിനി  തിയെട്ടരിലേക്ക്  കയറുന്നത് രാമന്‍ നായര്‍ കണ്ടു.അതുകഴിഞ്ഞു താനും രാഘവനും  ആ സിനിമ കാണാന്‍ കയറിയെങ്കിലും പിന്നീടു ഷീമന്തിനിയെ കണ്ടില്ല.ഇതെല്ലാം തുറന്നു പറഞ്ഞാല്‍ രാമന്‍ നായരെ ആരും വിശ്വസിക്കില്ല എന്നും ഷീമന്തിനിയുടെ തിരോധാനം രാമന്‍ നായരുടെ തലയില്‍ ആകുമെന്നും കൂട്ടുകാര്‍ ഉപദേശിച്ചു.രാമന്‍ നായര്‍ കൂട്ടുകാരുടെ ഉപദേശം ശിരസാ വഹിച്ചു താന്‍ ഷീമന്തിനിയെ  കണ്ടേ ഇല്ലെന്നും പറഞ്ഞു മമ്മൂട്ടി കരയുന്ന പോലെ കരഞ്ഞു.
               കുറച്ചു സമയത്തിനുള്ളില്‍ കഥാനായിക ഒരു ബസില്‍ സംഭവ സ്ഥലത്ത് വന്നിറങ്ങി.അത് കേട്ട പാടെ ആളുകള്‍ ബസ്‌ സ്ടോപിലേക്ക് ഓടി ഒരു ജാഥയായി ഷീമന്തിനിയെ വീട്ടിലേക്കു നയിച്ചു.വീട്ടിലേക്കു   കയറുന്നതിനു മുന്‍പേ കലിതുള്ളി വന്ന  വിലാസിനി അവളെ തലങ്ങും വിലങ്ങും അടിച്ചു. അതുവരെ കഥയറിയാതെ വന്ന അവള്‍ അതോടെ എരുമ അലറുന്നതുപോലെ ഉറക്കെ അലറാന്‍ തുടങ്ങി.
"ഞാന്‍ എങ്ങട്ടും   ചാടി പോയതല്ലേ..സിനിമ കാണാന്‍ പോയതാ.."അവസാനം അവള്‍ തൊള്ള തുറന്നു.
"ആരുടെ കൂടെയാണെന്ന് പറയെടി മൂധേവി  "..വിലാസിനി പിന്നെയും അവളെ തല്ലാന്‍ ഇട്ടു ഓടിച്ചു.
"ആരുടേം കൂടെ അല്ലേ...ഒറ്റയ്ക്ക.."..അവള്‍ അലറിക്കരഞ്ഞു പറഞ്ഞു..അതുകേട്ട രാമന്‍ നായര്‍ കരയിലിട്ട മീന്‍ പിന്നേം വെള്ളത്തില്‍ വീണ പോലെ സന്തോഷിച്ചു .അങ്ങനെ ചായക്കടയും വീടും നാടകം കഴിഞ്ഞ പറമ്പ് പോലെ ഒഴിഞ്ഞു.
                    ഒരു മാസത്തിനു ശേഷം പിന്നെയും വിലാസിനിയുടെ നെഞ്ഞത്തടിയും  കരച്ചിലും കേട്ട്‌ "എല്ലാരേം സിനിമേലെടുത്തു" എന്ന് കേട്ട പോലെ അങ്ങോട്ട്‌  ഓടി.വിലാസിനി തന്‍റെ നെഞ്ഞത്ത് പെരുമ്പറ കൊട്ടി സംഭവം എല്ലാവരെയും അറിയിച്ചു.ഷീമന്തിനി കുളി തെറ്റിച്ചു .ഒരാഴ്ചയായി..കൂടാതെ ഇന്ന് ശര്‍ദ്ധിയും  തുടങ്ങി.ഉത്തരവാദി ആരാണെന്നു അവള്‍ക്കു അറിയില്ല.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവം തന്നെ ആദ്യമായി കേള്‍ക്കുന്നതുപോലെ അവള്‍ വായ പൊളിച്ചു നിന്നു.നാട്ടുകാരൊക്കെ ഉത്തരവാടിയെ തിരയുമ്പോള്‍ കൂട്ടുകാരുടെ കണ്ണുകള്‍ രാമന്‍ നായരുടെ നേരെ നീണ്ടു.തനിക്കതില്‍ ഒരു പങ്കും ഇല്ലെന്നു തന്‍റെ ഭാര്യ വിലാസിനിയും രണ്ടു മക്കളെയും പ്ലപരമ്പിലെ  ശാരദയെയും  മകളെയും പിടിച്ചു രാമന്‍ നായര്‍ സത്യം ഇട്ടു .ശാരദയെ പിടിച്ചു സത്യം ഇട്ടതിനാല്‍ രാമന്‍ നായര്‍ക്ക്‌   അതില്‍ പങ്കില്ല   എന്ന് കൂട്ടുകാര്‍ ഉറപ്പിച്ചു.
                   അങ്ങനെ കാര്യങ്ങള്‍ എല്ലാം കുഴഞ്ഞു മറിഞ്ഞു പായസത്തില്‍ സാമ്പാര്‍ ഒഴിച്ച പോലെ ആയി നില്‍ക്കുമ്പോള്‍ 'തന്‍റെ ജീവിതം ചായ അടിക്കാന്‍ മാത്രമുള്ളതാണ് 'എന്ന    മട്ടില്‍ ചായകടയില്‍ നിന്ന ഗോവിന്ദന്റെ അടുത്തേക്ക്‌ പരമുവും എഴുത്തശനും ചെന്നു.കാര്യങ്ങള്‍  ഇത്രത്തോളം ആയ  സ്ഥിതിക്ക് ഷീമന്തിനിയെ  വേഗം ആശുപത്രിയില്‍ കൊണ്ട് പോകാന്‍ അവര്‍ ഉപദേശിച്ചു.അങ്ങനെ ഗോവിന്ദനും വിലാസിനിയും ,സരോജിനിയും പരമുവും , ചേരുന്ന ഒരു എട്ടംഗ സംഖം ഷീമന്തിനിയുമായി ആശുപത്രിയില്‍ പോയി.സീരിയലിന്റെ ബാക്കി കഥ അറിയാന്‍ പിറ്റേന്ന് വരെ കാത്തിരിക്കുന്ന അതേ ക്ഷമയോടെ ആളുകള്‍ ചായപീടികയിലും പടിക്കലുമായി അവരെ കാത്തു നിന്നു.അവര്‍ക്ക് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല.ഒന്നര മണിക്കൂറിനുള്ളില്‍    തന്നെ പോയവര്‍ ചായപീടികയില്‍ വന്നിറങ്ങി.മൂസക്കയും രാമന്‍ നായരും പരമുവിനോട്‌ അത്യധികം ആകാംഷയോടെ ചോദിച്ചു."എന്തായി?".......
"പെണ്ണിന് ഗര്‍ഭോന്നും അല്ലെരുന്നു.എന്തോ തിന്നത് വയറിനു പിടിക്കാത്ത അസുഖാണ്"..പരമു എല്ലാവരും കേള്‍ക്കെ പറഞ്ഞു.
"നീ എന്താടി മൂധേവി    കഴിച്ചത് ?? " ...വിലാസിനി ബാക്കി ദേഷ്യം കളയാനെന്നോണം  ഉറക്കെ അലറി
"ഇന്നലെ വിശന്നപ്പോ  ഞാനാ കൂട്ടിലെ പഴം പൊരി തിന്നു".ഷീമന്തിനി മൊഴിഞ്ഞു.
"നിന്നോട് ഞാന്‍ പതിനായിരം വട്ടം പറഞ്ഞിട്ടുള്ളതല്ലേ ചാവുന്ന വിശപ്പുന്ടെങ്കിലും ഈ കൂട്ടിലിരിക്കുന്ന ഒന്നും തിന്നല്ലേ തിന്നല്ലേ എന്ന്‍ "..അതും പറഞ്ഞു വിലാസിനി അവളുടെ ചെവി പിടിച്ചു തിരുമ്പി അകത്തേക്ക് വലിച്ചു കൊണ്ട് പോയി.
ഒന്നിന് രണ്ടര രൂപ എന്ന കണക്കിന് വാങ്ങി ഈ സംഭവങ്ങളുടെ ഒക്കെ രസത്തില്‍ അഞ്ചെണ്ണം  അകത്താക്കി ആറാമത്തേത്   തിന്നുകൊണ്ട്‌ ഇതെല്ലാം കണ്ടു രസിച്ചിരുന്ന രാമന്‍ നായരും റബ്ബറ് മൂസയും സംഘവും പകുതി ചവച്ചരച്ച പഴം പൊരി തുപ്പണോ ഇറക്കണോ എന്നറിയാതെ വായും പൊളിച്ചു ഇരുന്നു.

Monday, September 12, 2011

താറു താറുമാറാക്കിയ ഒരു നുണക്കഥ









     ഇത് വളരേ പണ്ട് നടന്ന ഒരു കഥ.മൊബൈലും ടി വി യും എന്തിനു അശ്ലീല സിനിമകളോ പോസ്ടരുകളോ പോലും അധികം  പ്രചാരത്തില്‍ ഇല്ലാത്ത കാലം .കഥാപാത്രങ്ങള്‍ അഞ്ചു പേര്‍.പരദൂഷണം രാമന്‍ നായര്‍ , പരമു പരമേശരന്‍,വാറു വാറ്റു എന്ന വര്‍ഗീസ്‌ ,റബര്‍ മൂസ,  ടാങ്കര്‍  എഴുത്തശന്‍ .

         പേരുപോലെത്തന്നെ ആണ് അവരുടെ  സ്വഭാവവും .പരദൂഷണം രാമന്‍ നായര്‍ക്കു  ദിവസവും രണ്ടാളെക്കുറിച്ചെങ്കിലും  പരദൂഷണം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല.പുഴയില്‍ കുളിക്കാന്‍ പോകുകയായിരുന്ന ശാന്തയോട് വെറുതേ ഒന്ന് വിശേഷം ചോദിച്ച  തേങ്ങാക്കാരന്‍ കുഞ്ഞാപ്പുവിനെയും ശാന്തയെയും കുറിച്ച് പരദൂഷണം പറഞ്ഞു അവസാനം മൂന്നു പെറ്റ ശാന്ത കുട്ടികളടക്കം കുഞ്ഞാപ്പുവിന്റെ തലയിലായ ചരിത്രം ഉണ്ട്.അതിനുശേഷം രാമന്‍ നായരെ കണ്ടാല്‍ കുഞ്ഞാപ്പു തേങ്ങയുടെ ചിരട്ട കടിച്ചു പൊട്ടിക്കുന്ന പോലെ പല്ല് കടിക്കും.അതിനപ്പുറം വല്ല അതിക്രമവും കാണിച്ചാലോ എന്ന് ഭയന്ന് രാമന്‍ നായര്‍ കുഞ്ഞാപ്പുവിനെ കണ്ടാല്‍ ഒഴിഞ്ഞു മാറി നടക്കും .
             പേരുപോലെത്തന്നെ ഒരു പാവം നിരുപദ്രവകാരിയാണ് പരമു. തന്നെ ഉപദ്രവിച്ചവരെ ഒന്ന് ദേഷ്യത്തോടെ നോക്കുക പോലും ചെയ്യാത്ത പാവം.സ്വപ്നത്തില്‍ പോലും ഒരു നുണ പറയാത്ത സത്യസന്ധന്‍ .ഈ ഗ്രൂപ്പിനെ നന്നാക്കാന്‍ ശ്രമിച്ചു ക്ഷീണിച്ചു അവശനും നിരാശനുമായി ഇരിപ്പാണ് കക്ഷി.  
                        അത്യാവശ്യം കള്ളു വാറ്റലും ആവശ്യത്തിലധികം  അത് അകത്തേക്ക് വാറ്റലും ആണ് വാറുവിന്‍റെ  പരിപാടി.കള്ളുകുടിച്ചു  ഭാര്യയെ  തല്ലി അത് വലിയ വലുപ്പമായി സംഖത്തില്‍ വിവരിക്കല്‍ വാറുവിന്റെ ഒരു കലാപരിപാടി ആണ്.തന്‍റെ ഭാര്യ ഒഴികെ  നാട്ടിലെ എല്ലാ പെണ്ണുങ്ങളും സുന്ദരികളാണെന്ന വിശ്വാസക്കാരന്‍.

           ഒരു ചെറിയ കാര്യം  കിട്ടിയാല്‍ അത് റബ്ബരുപോലെ വലിച്ചു നേടി നാടുമുഴുവന്‍ പരത്തുന്നതിനാല്‍   റബ്ബര്‍ എന്ന ഇരട്ടപേര് മൂസാക്കക്ക് നാട്ടുകാര്‍ കനിഞ്ഞു നല്‍കിയിരിക്കുന്നു..മൂസ ഉള്ളതുകൊണ്ട് ആ നാട്ടിലെ പത്രപ്രവര്‍ത്തനം പ്രധാന പത്രങ്ങളൊന്നുമില്ലാതെ തന്നെ ഉഷാറായി നടക്കുന്നു.നാട്ടിലുണ്ടാകുന്ന പ്രേമം, ഒളിച്ചോട്ടം എന്നിവ ഒക്കെ സ്വന്തം സൃഷ്ടിയാല്‍ വലിച്ചു നീട്ടി  ഒരു സിനിമാക്കഥപോലെ ആക്കി സുഹൃത്തുക്കളെ കേള്പ്പിക്കലാണ് മൂസയുടെ വിനോദങ്ങളില്‍ ഒന്ന്.കഥയ്ക്ക് ക്ഷാമം വരാതിരിക്കാനെന്നോണം  മാസത്തില്‍ ഒരു ഒളിച്ചോട്ടം ആ നാട്ടില്‍ പതിവായിരുന്നു.

           ടാങ്കര്‍ എഴുത്തശന്‍ പണ്ട് പട്ടാളത്തിലായിരുന്നു.ഒരു കള്ളുഷാപ്പിലെ പട്ട മുഴുവന്‍ അടിച്ചാലും ഫിറ്റ്‌ ആകാത്ത ഒരു അസാമാന്യ സൃഷ്ടി ..എന്നാല്‍ പട്ടാളക്കാര്‍ക്ക് ഒരു അപവാദമെന്ന പോലെ നല്ല ഒരു കേള്‍വിക്കാരനാണ് എഴുത്തശന്‍ .അതുകൊണ്ട് പരദൂഷണത്തിന്റെയും  റബ്ബറിന്റെയും  സ്നേഹം ആവോളം സമ്പാദിക്കാന്‍ ടാങ്കറിനു കഴിഞ്ഞിട്ടുണ്ട് .
             ഇവരെല്ലാം എന്നും നിരത്തിലെ ചായപ്പീടികയിലും ആര്യവ്യ്ദ്യ ഷാപ്പിലും ഒത്തുകൂടല്‍,കുളത്തിലും പുഴയിലും ഒളിഞ്ഞു നോക്കല്‍,രാവിലെ ചന്തയിലേക്ക് കുട്ടയുമായി പോകുന്ന ശാന്തയുടെ ശരീരത്തിന്റെ തിരയിളക്കം ആസ്വദിക്കല്‍ എന്നിങ്ങനെ ഉള്ള കലാപരിപാടികള്‍ക്കായി ഒരു നിശ്ചിത സമയം മാറ്റിവച്ചിരുന്നു.
             കാര്യങ്ങളൊക്കെ ഇങ്ങനെ അല്ലലില്ലാതെ  നടന്നു പോകുന്ന സമയത്താണ് ഈ കഥയിലെ പ്രധാന കഥാപാത്രം രംഗത്ത് വരുന്നത്. കഥയിലെ നായിക മാതിക്കുട്ടി .മുപ്പത്തെട്ടു   വയസ്സ്.സ്ഥലത്തെ ഒരു പ്രധാന തറവാട്ടിലെ താവഴി ആണെങ്കിലും പ്രത്യേകിച്ച് വരുമാന മാര്‍ഗം  ഒന്നും ഇല്ല.തറവാട്ടില്‍ നിന്നും പകുത്തു കിട്ടിയ പറമ്പില്‍ പണ്ട് കാരണവര്‍ സഹായിച്ചു ഉണ്ടാക്കിയ ഒരു ചെറിയ വീട്ടില്‍ താമസം.പതിനാറു വയസില്‍ അവര്‍ കല്യാണം കഴിച്ചെങ്കിലും കുട്ടികള്‍ ഉണ്ടാകാത്തതിനാല്‍ രണ്ടു വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു പോയത്രേ.പ്രായം നാല്പ്പതിനോടടുത്തെങ്കിലും അവരുടെ സൌന്ദര്യത്തിനു മങ്ങലോന്നും ഏറ്റിരുന്നില്ല.നല്ല വെളുത്ത നിറം,മുട്ടറ്റം മുടി,ശരീരത്തിനാകെ ഒരു പ്രത്യേക തിളക്കം.മുണ്ടും ജാക്കറ്റും  വേഷം .ഇങ്ങനെ  ഒക്കെ ആണെങ്കിലും ആരും അവരെ ഒന്ന് നോക്കാന്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല .ഒന്ന് ആരെയും കൂസാത്ത അവരുടെ പെരുമാറ്റം.പിന്നെ ഒരു നല്ല തറവാട്ടിലെ അംഗമാണെന്നുള്ള ബഹുമാനം. ഒറ്റയ്ക്കു ജീവിച്ചു അവര്‍ക്ക് ഒരു അരവട്ടായോ  എന്നും സംശയം ഉണ്ട്.പണ്ട് പത്തു വയസ്സില്‍ നാട് വിട്ടുപോയ ഏക സഹോദരന്‍  കല്യാണം കഴിഞ്ഞു മക്കളൊക്കെ ആയി തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരുപ്പാണ് മാതിക്കുട്ടി.അവരുടെ ഒറ്റക്കുഴപ്പം ആരെ കണ്ടാലും പൈസ കടം ചോദിക്കും.കടം വാങ്ങിയാലെന്താ നൂറു രൂപവാങ്ങിയാല്‍ അഞ്ചു ,രണ്ട്,ഒന്ന് എന്നിങ്ങനെ നിശ്ചിത ഘടുക്കളായി  തിരിച്ചു തരും.കൂടെ "ഞാന്‍ തറവാടിയാ" എന്ന ഒരു ഡയലോഗും.
                 അങ്ങനെ ഇരിക്കുമ്പോളാണ് ബാലന്‍ മാഷും രാധടീച്ചരും തമ്മില്‍ വല്ല ഡിങ്കോ സ്ലിക്കിയും നടക്കുന്നുണ്ടോ എന്ന് അറിയാന്‍ അമ്പലപ്പറമ്പില്‍ ചെവിയും കണ്ണും വട്ടം പിടിച്ചു നിന്ന രാമന്‍ നായരുടെ മുന്നിലേക്ക്‌  മാതിക്കുട്ടി അവതരിച്ചത് .ഒരു പ്രത്യേക ചിരി ചിരിച്ചു മാതിക്കുട്ടി ചോദിച്ചു."രാമന്‍ നായരേ ഇങ്ങള്‍ക്ക്‌ സുഖല്ലെന്നും?"അത് കേട്ട് ഞെട്ടി രാമന്‍നായര്‍ പോക്കറ്റില്‍ തപ്പി.കഷ്ടകാലത്തിന് രാവിലെ ഭാര്യ അരിവാങ്ങാന്‍ ചോദിച്ചപ്പോള്‍ കൊടുക്കാതെ പോക്കറ്റില്‍ ഇട്ട അമ്പതു രൂപ പല്ലിളിച്ചു ചിരിക്കുന്നു.രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്തതിനാല്‍ ആ അമ്പതുരൂപ മാതിക്കുട്ടിയുടെ കയ്യിലെത്തി."ങ്ങള് ബേജാറാവണ്ടാന്നും.ഞാനിതു തിരിച്ചു തരും.ഞാനേ തറവാടിയാ"..ഈ ഡയലോഗും വിട്ടു മാതിക്കുട്ടിയും കൂടെ തന്റെ  അമ്പതു രൂപയും പോകുന്നത് നോക്കി രാമന്‍ നായര്‍ പ്ലിങ്കോസായി കണ്ണും തുറിച്ചു നിന്നു.
            അന്ന് ആ പോക്കുപോയ തറവാടി മാതിക്കുട്ടി ഒരു മാസമായിട്ടും ഒരു രൂപ പോലും രാമന്‍ നായര്‍ക്ക് മടക്കി കൊടുത്തില്ല..അവസാനം മടിച്ചു മടിച്ചു രാമന്‍ നായര്‍ അവരുടെ വീട്ടില്‍ ച്ചെന്നു ചോദിക്കാന്‍ തീരുമാനിച്ചു.ശങ്കിച്ച് ശങ്കിച്ച് രാമന്‍ നായര്‍ മാതിക്കുട്ടിയുടെ മരപ്പടി ചാടി.അത് കണ്ട റബ്ബര് മൂസ വേഗം കൂട്ടുകാരെ സംഖടിപ്പിക്കാന്‍ ഓടി.അപ്പോഴേക്കും മരപ്പടി  കടന്ന രാമന്‍ നായര്‍   വീട്ടിന്റെ ഉമ്മറത്തെത്തി പതുക്കെ വിളിച്ചു."മാതി ..മാതി.. ഒന്നിങ്ങോട്ടു വന്നെ.ഇത് രാമന്‍ നായരാ.."
അതുകേട്ടതും മാതിക്കുട്ടി അവതരിച്ചു."ഇങ്ങളെങ്ങനെ ഇവടെ എത്തി?"
"ആ മരപ്പടി കടന്നിട്ട് .എന്തേ ?"ആ സൌന്ദര്യത്തില്‍ മയങ്ങി ചിരിച്ചു കൊണ്ട് രാമന്‍ നായര്‍ പറഞ്ഞു.തന്‍റെ മുന്‍നിരയിലെ ഒരു പുഴുപ്പല്ലിനെ കുറിച്ച് ആദ്യമായി അയാള്‍ക്ക്‌ അപകര്‍ഷതാ ബോധം തോന്നി .
"എന്തിനാണ് ഇങ്ങളെ ഇപ്പൊ ഇങ്ങട്ട് കെട്ടി എടുത്തത്?" മാതിക്കുട്ടി  ഭാവഭേദം  കൂടാതെ ചോദിച്ചു.
"അല്ല മാതി ..അന്ന് ഒരു അമ്പതു ഉറുപ്പിക കടം വാങ്ങീലോ ..ബുദ്ധിമുട്ടാണെങ്കില്‍ വേണ്ടാ..പിന്നെ മതി..എന്നെ അങ്ങനെ വേറെ ആയി കാണണ്ടാ".രാമന്‍ നായര്‍ തന്‍റെ പല്ല് കയ്കൊണ്ട്‌ മറച്ചു പിടിച്ചു ചിരിച്ചു.
"ഇങ്ങക്കിപ്പോ  എന്താ വേണ്ടത് ?അമ്പതു ഉറുപ്പിക അല്ലെ.ഇന്ന എടുത്തോ.." അതും പറഞ്ഞു മാതിക്കുട്ടി തന്‍റെ മുണ്ട് പൊക്കി കാണിച്ചു.റബര്‍  മൂസ ന്യൂസ്‌ പരത്തിയ കാരണം സുഹൃത്തുക്കള്‍ ഒക്കെ പടിക്കല്‍ എത്തിയിരുന്നെങ്കിലും രാമന്‍ നായര്‍ക്ക് മാത്രം  കാണാവുന്ന തരത്തിലാണ് മാതി മുണ്ട് പൊക്കിയത്.കുറച്ചു നേരം അതും നോക്കി അന്തം വിട്ടു ന്നിന്ന രാമന്‍ നായര്‍ പോയതിലും   സ്പീഡില്‍ തന്നെ തിരിച്ച്‌ നടന്നു മരപ്പടി ചാടി.
       അന്ന് പതിവിലധികം നേരം സഭ കൂടി.മാതിക്കുട്ടിയുടെ സൌന്ദര്യവര്‍ണന.കഥ ,തിരക്കഥ -രാമന്‍ നായര്‍.അവസാനം ഭൂമിയില്‍ മാതിയെപ്പോലെ വേറെ ഒരു സൌന്ദര്യധാമം ജനിച്ചിട്ടില്ലെന്ന നിഗമനത്തില്‍ സഭ പിരിഞ്ഞു.വാറു അന്ന് ഭാര്യയെ തല്ലാന്‍ കൂടെ ഉഷാറില്ലാതെ മാതിക്കുട്ടിയെ സ്വപ്നം കണ്ടു കിടന്നു.പരമുവാകട്ടെ "എന്നാലും ഇത്ര തറവാടി ആയിരുന്ന സ്ത്രീ ഇങ്ങനെ കാണിച്ചല്ലോ " എന്ന് പരിതപിച്ചു.റബര് മൂസ താന്‍ നാല് കെട്ടിയതില്‍ അന്ന് ആദ്യമായി സങ്കടപ്പെട്ടു .എഴുത്തശനാകട്ടെ പരദൂഷണം രാമന്‍ നായരുടെ കഥയിലൂടെ ഒഴുകി നടന്നു. 
        അതുവരെ മാതിക്കുട്ടിയെ ഒളിഞ്ഞു നോക്കുമെങ്കിലും നേരില്‍ കണ്ടാല്‍ ഒഴിഞ്ഞു മാറിയിരുന്ന ഈ കൂട്ടര്‍ അവരുടെ മുന്നില്‍ അവതരിക്കാന്‍ തുടങ്ങി.ആയമ്മ പതിവായി പോകുന്ന അമ്പലത്തിനു മുന്‍പില്‍ വാറു ദിവസവും കാവല്‍ നിന്നു.പത്തു ദിവസം ആയിട്ടും അവര്‍ കടം   ചോദിക്കാത്തതിനാല്‍ നേരിട്ട് കൊടുത്തു സഹായിക്കാന്‍ തീരുമാനിച്ചു.അന്ന് മാതിയെ തടഞ്ഞു നിര്‍ത്തി നിര്‍ബന്ധിച്ചു നൂറു രൂപ കടം കൊടുത്തു കൃതാര്‍ഥനായി തിരിച്ച്‌ ചോദിക്കാന്‍ പോകുന്ന ദിവസവും സ്വപ്നം കണ്ടു വാറു വീട്ടിലേക്കു മടങ്ങി.
              അതുപോലെ മൂസാക്ക,എഴുത്തശന്‍ എന്നിവര്‍ നൂറ്റന്‍പത് ,നൂറ് വീതം മാതിക്ക് കടം കൊടുത്തു സന്തുഷ്ടരായി മരപ്പടി ചാടാനുള്ള ദിവസവും കാത്തിരിപ്പായി.പരമു മാത്രം തന്റെ  സുഹൃത്തുക്കളുടെ പോക്കിനെ പറ്റി പറഞ്ഞു പരിതപിച്ചു.
                 അങ്ങനെ പല ദിവസങ്ങളിലായി വാറു,മൂസ,എഴുത്തശന്‍ എന്നിവര്‍ മരപ്പടി ചാടി ദര്‍ശനവും കിട്ടി.മൂന്നു ദിവസങ്ങളിലായി കഥ ,തിരക്കഥ വീണ്ടും അവതരിച്ചു.എഴുത്തശന് വേണ്ടി പ്രത്യേക നിര്‍ദേശത്താല്‍ തിരക്കഥ,സംഭാഷണം റബ്ബര്‍ മൂസ ഏറ്റെടുത്തു.തുടര്‍ച്ചയായി കഥകേട്ടു മനസ് തരിച്ച പരമുവും ഒരു ദുര്‍ബല നിമിഷത്തില്‍ ആയമ്മക്ക്‌ അമ്പതു രൂപ കടം കൊടുത്തു.ഒരാഴ്ചക്ക് ശേഷം മടിച്ചു മടിച്ചാണെങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധ പ്രകാരം മരപ്പടി ചാടി.
"മാതി കുട്ടി..മാതി കുട്ടി"..പരമു പതുക്കെ വിളിച്ചു.
പരമുവോ?..നിനക്കെന്താ വേണ്ടത്? മാതിക്കുട്ടിയുടെ  ഗാംഭീര്യ ശബ്ദം കേട്ട് പരമു പതുങ്ങി
"എനിക്ക് എന്‍റെ പൈസ".പരമു വിക്കി വിക്കി പറഞ്ഞു.
"ഇന്ന പിടിച്ചോ അന്റെ പൈസ..ത്ഫൂ ..."അതും പറഞ്ഞു മാതിക്കുട്ടി   മുണ്ട് പൊക്കി.
അത് കണ്ടു പരമു സ്തബ്ധനായി നിന്നു.പുറത്തുടുത്ത മുണ്ടിനേക്കാള്‍ കട്ടിയുള്ള മുണ്ടുകൊണ്ട് താറു   ഉടുത്തിരിക്കുന്നു.(പണ്ട് സ്ത്രീകള്‍ മുണ്ടിന്നടിയില്‍ മറ്റൊരു മുണ്ട് കൊണ്ട് താറു ഞെറിഞ്ഞുടുക്കുന്ന പതിവുണ്ടായിരുന്നു) മറ്റെന്തെങ്കിലുമോ തുടയോ പോയിട്ട് കാലുപോലും മര്യാദക്ക് കാണാന്‍ ഇല്ല.അമ്പരന്ന പരമു തിരിച്ച്‌ നടന്നു.ഇനി താന്‍ അമ്പതു രൂപ കൊടുത്തത് കൊണ്ടാണോ?. അങ്ങനെയാണെങ്കില്‍ രാമന്‍ നായരും അന്‍പതല്ലേ കൊടുത്തത്.പലതരം ചിന്തയില്‍ മുഴുകി പരമു പടിക്കല്‍ കാത്തുനിന്ന സുഹൃത്തുക്കളുടെ അടുത്തെത്തി.
              അന്നും കഥ തിരക്കഥ പ്രതീക്ഷിച്ച സുഹൃത്തുക്കള്‍ ബ്ലിങ്കോസുകളായി.പരമു സത്യം തുറന്നു പറഞ്ഞു.
"അപ്പൊ അനക്കും ഒന്നും കാണാന്‍ പറ്റില അല്ലെ.അന്റെ അന്‍പതല്ലേ പോയുള്ളൂ.എന്‍റെ നൂറ്റന്പതു പോയെടാ."റബ്ബര്‍  മൂസ തലയില്‍ കയ്യുവച്ചു.അതോടുകൂടി ഓരോരുത്തരായി  സത്യം തുറന്നു പറഞ്ഞു.കട്ടിയുള്ള താറു മുണ്ടാല്ലാതെ ആരും ഒന്നും കണ്ടില്ല.
"അല്ലെങ്കിലും ആയമ്മ ആള് തറവാടിയാ"...അഞ്ചു പേരും ഒരേ സ്വരത്തില്‍ പറഞ്ഞു.

Monday, July 11, 2011

പ്രവാസി

      ഒരു വെള്ളിയാഴ്ച ദിവസം .ഒരാഴ്ചത്തെ എല്ല് നുറുങ്ങുന്ന പണിക്കു ശേഷം ആകെ കിട്ടുന്ന ഒരു അവധി ദിവസം .രാവിലെ അവന്‍ എണീറ്റത് നാട്ടില്‍  നിന്നുള്ള മിസ്സ്‌ കാള്‍ കേട്ടിട്ടായിരുന്നു.പതിവ് പരാതികളും പ്രാരാബ്ദങ്ങളും തന്നെ  ആകും.ഓരോന്നിനും ഉള്ള മറുപടി ആദ്യം തന്നെ കണ്ടെത്തി അവന്‍ ഫോണ്‍ കയ്യിലെടുത്തു നാടിലേക്ക് വിളിച്ചു .ഉപ്പയുടെ  ശബ്‌ദം."നിനക്ക് അവടെ സുഖാണെന്ന്  ഞങ്ങള്‍ക്ക് അറിയാം."അവന്‍ മനസ്സില്‍ പറഞ്ഞു..അതേ സുഖമാണ്.ദിവസം പന്ത്രണ്ടു മണിക്കൂര്‍ ജോലി.അതു കഴിഞ്ഞു വന്നു അഞ്ചു പേര് തിങ്ങി താമസിക്കുന്ന ഒരു കുടുസു മുറിയില്‍  തന്‍റെ  ചെറിയ  കട്ടിലില്‍ മാത്രമായി ഒതുങ്ങുന്ന ലോകം."എന്താ നീ കേള്‍ക്കുന്നില്ലേ ?"..ആലോചനയില്‍ മുഴുകിയ അവന്‍ ബാക്കി ഒന്നും കേട്ടിരുന്നില്ല . കേള്‍ക്കാതെ തന്നെ അവനു അറിയാം എന്താണ് ഉപ്പാക്ക്  പറയാന്‍ ഉണ്ടാകുക എന്ന്‍. "ബുധനാഴ്ച അനിയത്തിയുടെ  കുട്ടിയുടെ പിറന്നാളാണ്.ഒന്നാം പിറന്നാളായ കാരണം സ്വര്‍ണ്ണം തന്നെ കൊടുക്കണം . പിന്നെ അടുത്ത ആഴ്ച നിന്റെ മൂത്ത ഇത്തയുടെ  വീട് കാണാന്‍ പോകണം.അതിനു കാര്യമായി എന്തെങ്കിലും  കൊടുക്കണ്ടേ" ..അവന്‍ അപ്പോള്‍ തനിക്കു വീട്ടേണ്ട കടങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കു കയായിരുന്നു . അനിയത്തിയുടെ കല്യാണത്തിനായി എടുത്ത രണ്ടു ലക്ഷത്തിന്റെ ലോണ്‍ .ഇത്തയുടെ  വീടുപണിക്ക് സഹായിച്ച നാല് ലക്ഷത്തിന്റെ കടം.ഇതൊന്നും  പോരാഞ്ഞു കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്കയച്ച ആയിരം ദിര്‍ഹം  കടം വാങ്ങിയ റഹ്മാനെ കാണുമ്പോള്‍   അവന്‍  മുങ്ങി നടക്കുകയാണ്. "പിന്നെ   ഷാഹിനയെ  കല്യാണം കഴിഞ്ഞു വീട്ടിലേക്കു വിരുന്നിനു വിളിച്ചിട്ടില്ല..ചിക്കനും മട്ടനും മീനും ഇല്ലാതെ എങ്ങനെ വിരുന്നിനു വിളിക്കാന്‍.നിനക്ക് അവടെ ഇതൊക്കെ എന്നും ഉള്ളത് കൊണ്ട് ഒരു വില ഉണ്ടാകില്ല.ഇവടെ പൈസ എണ്ണി കൊടുത്താലേ ഇതൊക്കെ കിട്ടു.എന്താ  നീ ഒന്നും മിണ്ടാത്തത്?".എന്ത് പറയാന്‍..രാവിലെ ഒന്നും കഴിക്കാതെ ഉച്ചക്ക് ഓഫീസില്‍ നിന്നു കിട്ടുന്ന ചോറും പരിപ്പും   രാത്രി ഉണക്ക കുബ്ബുസും കഴിച്ചു ഈ റൂമില്‍ മാത്രമായി ഒതുങ്ങി കൂടുന്ന താന്‍ എന്ത് പറയാന്‍.ഗള്‍ഫ് ജീവിതത്തെ പറ്റി പൊങ്ങച്ചം പറഞ്ഞ നിമിഷങ്ങളെ അറിയാതെ അവന്‍ വെറുത്തു.
          അവധി ദിവസത്തെ   ഉറക്കം നഷ്ട്ടപ്പെട്ട അവന്‍ തന്റെ കണക്കു പുസ്തകം കയ്യിലെടുത്തു.എത്ര കൂട്ടിയാലും കുറച്ചാലും കടം മാത്രം ബാക്കി.ഇന്നു  ഉപ്പ  പറഞ്ഞ കണക്കു പ്രകാരം ഈ മാസം ഒരു അന്പതിനായിരമെങ്കിലും നാട്ടിലേക്ക് അയക്കെണ്ടാതായി  വരും.ഗള്‍ഫുകാരന്റെ അനിയത്തിയുടെ കുട്ടിയുടെ പിറന്നാളായാതിനാല്‍    ഒരു പവനില്‍ കുറച്ചു കൊടുക്കാന്‍ വയ്യ...പിന്നെ വീട് കാഴ്ചക്ക് ഫ്രിട്ജോ വാഷിംഗ് മെഷിണോ കൊടുക്കേണ്ടി വരും. അഞ്ചാറു കൊല്ലം ഗള്‍ഫില്‍ അദ്ധ്വാനിച്ചിട്ടും തന്റെ പേരില്‍ ബാക്കി ഉള്ളത് കടങ്ങള്‍ മാത്രം.തലയണയില്‍ മുഖം അമര്ത്തി അവന്‍ ആലോചനയില്‍ മുഴുകി.വീട്ടുകാര്‍ ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും  പട്ടിക നിരത്തുമ്പോഴും    അവന്റെ മനസ്സില്‍ ഒരേ ഒരു ആഗ്രഹം മാത്രം.കുറച്ചു കാലം സ്വസ്ഥമായി തന്റെ നാട്ടില്‍  വീട്ടുകാരോടും കൂട്ടുകാരോടും ഒപ്പം സന്തോഷമായി കഴിയണം.
              കടങ്ങളുടെയും പ്രാരാബ്ദങ്ങളുടെയും പുസ്തകം  തല്‍ക്കാലം  അവന്‍ അടച്ചു വച്ചു.കുളിക്കാന്‍ കുളിമുറിയുടെ മുന്നില്‍ ഉള്ള വന്‍ നിരയോ പതിവ് ഉച്ചഭക്ഷണത്തിന്റെ മണമോ സഹാവാസികളുടെ കലപില ശബ്ദമോ ഒന്നും അവനെ അസ്വസ്ഥനാക്കിയില്ല.തലയിണയില്‍  മുഖം അമര്‍ത്തി അവന്‍  നാട്ടിലെ പച്ചപ്പും ശുദ്ധ വായുവും  മഴ പെയ്താലുള്ള ഇളം കാറ്റും കുളിരും ഓര്‍ത്ത്‌ കിടന്നു.