ഞായറാഴ്ചപോലും കൺസെഷൻ ടിക്കറ്റിൽ മാത്രം ബസിൽ യാത്ര ചെയ്യുന്ന ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. മുൻപ് ഒരു ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചിരുന്നെങ്കിലും പിന്നീട് ഞാൻ അവളെ കണ്ടത് ബി. എഡ്കോളേജിൽ വച്ചു ആയിരുന്നു. അവളുടെ വീട് എന്റെ സ്റ്റോപ്പിന്റെ മുൻപത്തെ സ്റ്റോപ്പിൽ ആയതു കൊണ്ടു കോളേജിൽ പോകലും വരലും ഒരേ ബസിൽ ആയിരുന്നു. അങ്ങനെ കാര്യങ്ങൾ ഒക്കെ പ്രത്യേകിച്ച് ഒരു കഥയില്ലാതെ പോയ്കൊണ്ടിരിക്കുമ്പോൾ ആണ് ഇവളുടെ കല്യാണം. ഭർത്താവിന്റെ വീട് ഇവളുടെ വീട്ടിൽ നിന്നും ഒരു നാലഞ്ച് സ്റ്റോപ്പ് അപ്പുറം. ഞാൻ കല്യാണം കൂടി രണ്ടു പായസം കൂട്ടി സദ്യ ഒക്കെ തട്ടി ഖുശി ആയി വരുമ്പോളും ഇനി ഒരാഴ്ച ഇവൾ കൂട്ടില്ലാതെ കോളേജിൽ പോകണമല്ലോ എന്നായിരുന്നു എന്റെ ചിന്ത. സാരി ഉടുത്ത സി. ടി കാരിയായ എന്നെ കണ്ടിട്ടും നിർത്താതെ പോകുന്ന ബസ് എന്റെ സ്റ്റോപ്പിൽ പിടിച്ചു നിർത്തി എന്നെ കയറ്റുന്നതിൽ അവൾക്കു വലിയ പങ്കുണ്ടായിരുന്നു ( ഉപകാരസ്മരണ 😇).
ഇനി സംഭവത്തിലേക്കു വരാം. അങ്ങനെ അവളില്ലാതെ ഒരാഴ്ച കടന്നു പോയി. തിങ്കളാഴ്ച മുതൽ കോളേജിൽ വരാമെന്നു പറഞ്ഞവൾ ഇല്ലാതെ ബസ് എന്നെ കയറ്റി 'കൂട്ടുകാരി പഠിത്തം നിർത്തിയോ' എന്ന് സന്തോഷത്തോടെ ഡ്രൈവർ. അങ്ങനെ അവളില്ലാതെ അന്നും കോളേജിൽ എത്തി. ഒന്നാമത്തെ പിരിയഡ് കഴിഞ്ഞു ബെല്ല് അടിച്ചു സുന്ദരനായ ഷാജിസർ ക്ലാസിന്നു പോകുന്ന സങ്കടത്തിൽ ഇരിക്കുമ്പോൾ ആണ് ഇവൾ സാരി എല്ലാം വലിച്ചു പിടിച്ചു വരാന്തയിലൂടെ അവളുടെ ക്ലാസ്സിലേക്ക് ഓടുന്നത് കണ്ടത്. നടക്കാൻ എന്നേക്കാൾ മടിഉണ്ടായിരുന്ന ഇവൾ ഓടുന്ന ഓട്ടം കണ്ടു ഞാൻ അമ്പരന്നു ഇരിക്കുമ്പോൾ ഇവൾ തിരിച്ചു ഓടിവന്നു ജനലിലൂടെ ' ഒരു കാര്യം പറയാൻ ഉണ്ട്, ഇന്റർവെല്ലിനു പറയാം' എന്നും പറഞ്ഞു തിരിച്ചോടി. കണക്കുടീച്ചർ ആവാൻ പഠിക്കുന്ന ഞാൻ കല്യാണം കഴിഞ്ഞ ഇവൾ പറയാൻ പോകുന്നത് 'എ ഡബ്ലിയു സി' ആവുമെന്ന് കരുതി കണക്കുകൂട്ടി സന്തോഷിച്ചിരുന്നു. ഉച്ചക്കുള്ള ഇന്റർവെൽ ആവാൻ ഏതാണ്ട് രണ്ടു ദിവസം പിടിക്കുന്ന പോലൊരു ഫീൽ.
അങ്ങനെ സാധാരണ ഇന്റർവെൽ ബെല്ല് അടിച്ചാൽ സുഹൃത്തുക്കളുടെ ഉച്ചഊണിന്റെ മെനു അന്വേഷിക്കാറുള്ള ഞാൻ അവളുടെ ക്ലാസ്സിലേക്ക് ഓടി. ദുഷ്ട ! ക്ലാസ്സിലും ഇല്ല വരാന്തയിലും ഇല്ല! അവസാനം ക്ലാസ്സിലെ കുട്ടികളോട് അന്വേഷിച്ചപ്പോൾ വീട്ടിൽ നിന്നും ആള് വന്നെന്നും അവളെ കൂട്ടി പോയെന്നും അറിഞ്ഞു. അത് കഴിഞ്ഞു അടുത്ത രണ്ടു ദിവസം ഹർത്താലോ ബന്ദോ എന്തോ ആയി പ്രതീക്ഷിക്കാതെ രണ്ടു ദിവസം അവധിയും. പോരെ പൂരം. പിന്നേ പറയാം എന്നും പറഞ്ഞു വരാന്തയിൽ കൂടെ ഉള്ള അവളുടെ ഓട്ടം കളഞ്ഞത് എന്റെ മൂന്നു രാത്രികളിലെ ഉറക്കം ആയിരുന്നു. എന്തായിരിക്കാം അവൾ പിന്നേ പറയാമെന്നു പറഞ്ഞത്? എന്ന ചോദ്യത്തിന്റെ ഉത്തരം സ്വയം എഴുതി എന്റെ മനസിന്റെ ചുമര് നിറഞ്ഞു.
അടുത്ത ദിവസം കൂടി കോളേജി ല്ലെങ്കിൽ, അവളതു പറഞ്ഞില്ലേൽ വല്ല കുന്നിൻ മുകളിലും കയറി ഇന്നസെന്റിന്റെ പോലെ വിളിച്ചു പറയേണ്ട അവസ്ഥയിലായി ഞാൻ. പിറ്റേന്ന് കഥാകാരി മയിൽവാഹനം നിർത്തിച്ചു എന്നെ കയറ്റി. ബസിന്റെ കമ്പിയിൽ തൂങ്ങിയുള്ള ആട്ടത്തിനു ഇടയിൽ രണ്ടു തവണ സംഭവം എന്താ എന്ന് ചോദിച്ചെങ്കിലും 'പറയാം പറയാം ' എന്ന് പറഞ്ഞു പൊട്ടിച്ചിരി ആയിരുന്നു പ്രതികരണം. ബസിലെ കിളിയുടെ അവിഞ്ഞ നോട്ടം കണ്ടതോടെ ബസിൽ നിന്നും പറയുന്നത് അത്ര സേഫ് അല്ലെന്ന ബോധത്തിന്റെ ബെല്ല് അടിച്ചതുകൊണ്ട് ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. പിന്നീട് കോളേജിൽ എത്തിയ പാടെ അവളെ കൂട്ടി ഞാൻ ആളില്ലാത്ത വരാന്തയുടെ മുക്കിൽ എത്തി. 'ഇനിയും പറഞ്ഞില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും ' എന്ന് പറയാൻ പോകുമ്പോൾ ആണ് എന്റെ ക്ലാസ്സിലേ സുഹൃത്തുക്കൾ 'മോളെ... സംഭവം അറിഞ്ഞുട്ടോ'..എന്നും പറഞ്ഞു ചിരിച്ചോണ്ട് പോകുന്നത്. അപ്പോൾ ആ ദുനിയാവിൽ ഞാൻ മാത്രേ അറിയാതുള്ളു. 😮 ക്ലാസ്സിലെ ഏതെങ്കിലും ഒരാളോട് ചോദിച്ചാൽ അറിയുമായിരുന്ന സംഭവം ആണ് സൗഹൃദത്തിന്റെ ആത്മാർത്ഥത കൊണ്ട് എന്റെ മനസിൽ അറിയാതെ കൊഴുക്കട്ട പോലെ കുടുങ്ങി കിടക്കുന്നത്!
അങ്ങനെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു 'അവർക്കൊന്നും മുഴുവൻ അറിയില്ലെടി' എന്ന് പറഞ്ഞു എന്റെ സുഹൃത്ത് സംഭവം വിവരിക്കാൻ തുടങ്ങി. ഒരാഴ്ചത്തെ കല്യാണഅവധി കഴിഞ്ഞു ഓരോന്നും മനസ്സിലിട്ടു ചിരിച്ചും ചിന്തിച്ചും ഭർത്താവിന്റെ വീട്ടിൽ നിന്നും ജീവിതത്തിൽ ആദ്യമായി ഫുൾ ടിക്കറ്റ് കൊടുത്തു സുഖമായി സീറ്റിൽ ഇരുന്നു വരികയായിരുന്നു കഥാനായിക. ഫുൾ ടിക്കറ്റ് ആയതിനാൽ കുഷ്യൻ എഫക്ട് കിട്ടാൻ പുള്ളി ലിമിറ്റഡ് സ്റ്റോപ്പിൽ കയറി പാവം മയിൽവാഹനത്തിനെ നൈസ് ആയി ഒഴിവാക്കി. അങ്ങനെ വരുന്ന സമയത്തു അവളുടെ സ്വന്തം വീടിന്റെ സ്റ്റോപ്പ് എത്തിയപ്പോൾ കിളി സ്ഥലത്തിന്റെ പേര് വിളിച്ചു ബെല്ല് അടിച്ചു. സ്വന്തം സ്ഥലത്തിന്റെ പേരും ബെല്ലും കേട്ടതും ആള് ബാഗും കവറും എടുത്തു ചാടി സ്റ്റോപ്പിൽ ഇറങ്ങി. ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് വീട്ടിലേക്കു അല്ലല്ലോ കോളജിലേക്ക് അല്ലെ പോകുന്നത് എന്ന ലൈറ്റ് കത്തിയത്. ഉടനെ ബസ് സ്റ്റോപ്പിൽ കയറി കുറച്ചു സമയം നിന്നു അടുത്ത ബസിൽ കയറി കോളേജിലേക്കു വന്നു. ഇത്രയും ആണ് ഇവൾ ഓടി എന്നോട് പറയാൻ വന്ന സംഭവം. 'ഇതിനാണോ മഹാപാപി... നീ എന്റെ മൂന്നു ദിവസത്തെ ഉറക്കം കളഞ്ഞേ ' എന്ന് ചോദിച്ചപ്പോൾ 'നിൽക്ക് കഴിഞ്ഞില്ല ബാക്കി ആർക്കും അറിയില്ല 'എന്നും പറഞ്ഞു രണ്ടാം പകുതി പറയാൻ തുടങ്ങി.
അവള് കൂളായി ആ സ്റ്റോപ്പിൽ ഇറങ്ങി അടുത്ത ബസിൽ കയറി പോകുന്നത് ആരും കണ്ടില്ലെന്നു അവൾ വിശ്വസിച്ചെങ്കിലും ആ വിശ്വാസം തെറ്റായിരുന്നെന്നു ഉച്ചക്കുള്ള ഇന്റെർവെല്ലിനു അഞ്ചു മിനിറ്റ് മുൻപ് അവൾക്കു മനസിലായി. ആരും കാണുന്നില്ല ആർക്കും നമ്മളെ അറിയില്ല എന്ന് കരുതിയാലും നമ്മളെ നോക്കുന്ന മിനിമം നാല് കണ്ണുകൾ എങ്കിലും കാണും. അതാണ് നാട്ടുമ്പുറത്തിന്റെ നന്മ. 😂. അങ്ങനത്തെ നാലോ ആറോ കണ്ണുകൾ ആണ് അവൾക്കു എട്ടിന്റെ പണി കൊടുത്തത്.അവൾ സ്റ്റോപ്പിൽ ഇറങ്ങി കുറച്ചു നേരം നിന്നു വേറെ ബസിൽ പോകുന്നത് അവൾ കാണാതെ നോക്കിനിന്നവർ അവൾ പോയതും നേരെ അവളുടെ വീട്ടിലേക്കു വിട്ടു.
കല്യാണത്തിന്റെ മൊത്തചെലവ് നോക്കി തലയിൽ കയ്യും വച്ചു ഇരിക്കുന്ന അച്ഛനും ബാക്ക്ഗ്രൗണ്ടിൽ കമെന്ററി പോലെ ആ കല്യാണം നടത്തിയതിലും സദ്യയിലും ഉണ്ടായ കുറ്റങ്ങൾ കണ്ടുപിടിച്ചു പറഞ്ഞവരെ പറ്റി പറയുക ആയിരുന്ന അമ്മയും.അപ്പോളാണ് അവർ നേരെ ചെന്നു 'നിങ്ങടെ മോള് നമ്മടെ സ്റ്റോപ്പിൽ ഇറങ്ങി കുറച്ചു നേരം ബസ്റ്റോപ്പിൽ നിന്നു കരഞ്ഞു കണ്ണീരൊക്കെ തുടച്ചു എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ വേറെ ബസിൽ കയറി പോയി' എന്നും പറഞ്ഞത്. പിന്നത്തെ കാര്യം പറയണ്ടല്ലോ.. കുടുംബക്കാരായി, അയൽവാസികളായി..കല്യാണസദ്യ ഉണ്ട് പോയവരൊക്കെ ഇതിൽ ഇടപെടാൻ തിരിച്ചെത്തി. ഉടനെ ഇവളുടെ അച്ഛൻ കാര്യം ചോദിക്കാൻ ഇവളുടെ കെട്ട്യോന്റെ വീട്ടിലേക്കു വിളിച്ചു. മറ്റൊരു ഗ്രൂപ്പ് അടുത്തുള്ള പുഴയും തോടും കാടും തപ്പി അവസാനം കോളജിൽ എത്തി. ജയിച്ചു ട്രോഫി അടിച്ചു വരുന്ന ഫുട്ബോൾ ടീമിനെ പോലെ ഇവളെയും കൂട്ടി വീട്ടിലേക്കു തിരിച്ചു.
പാവം! അവളുടെ അമ്മായിഅമ്മ രാവിലെ അവൾക്കുള്ള ചോറും പൊതിഞ്ഞു കൊടുത്തു അമ്മായിഅച്ചൻ ഗേറ്റ് വരെയും ഭർത്താവ് ബസ് വരെയും അനുഗമിച്ചു ഹാപ്പി ആയി കോളജിൽ അയച്ചതായിരുന്നു ഇവളുടെ വീട്ടുകാരുടെ ചോദ്യം ചെയ്യൽ ഒന്നും അവർക്കു മനസിലായില്ല. അവിടത്തെ ഏതോ കാരണവർ നിങ്ങടെ മോള് അവളുടെ പ്രേമക്കാരന്റെ കൂടെ ചാടിക്കാണും എന്നും പറഞ്ഞു. അങ്ങനെ യുദ്ധം നടന്നു പൊടി പാറുമ്പോൾ ആണ് കഥാനായികയുമായി ജീപ്പ് മുറ്റത്തു എത്തുന്നത്. സംഭവം വ്യക്തമായി കത്താതിരുന്ന അവളോട് 'എവിടെടി അവൻ ' എന്ന് അമ്മാവൻ അലറി. കഥ അറിയാതെ പാവം 'ചേട്ടൻ വീട്ടിലുണ്ട്., ഞാൻ കോളജിൽ പോയതാ' എന്നും പറഞ്ഞു കൂൾ ആയി വീട്ടിലേക്കു കയറിപ്പോയി.
പതുക്കെ മഴ നിന്നപ്പോൾ ആണ് പെയ്തത് ആസിഡ് മഴ ആയിരുന്നെന്നു വീട്ടുകാർക്ക് മനസിലായത്. പറഞ്ഞവന്മാരെ ആ പഞ്ചായത്തിൽ കാണാനും ഇല്ലായിരുന്നു. അവസാനം എല്ലാരും കൂടി കെട്ടിച്ചയച്ച വീട്ടിൽ പോയി അവരുടെ കാലും പിടിച്ചു ഇവളെ അവിടെ തിരിച്ചേൽപ്പിച്ചു പോയി.
എല്ലാം പറഞ്ഞു കഴിഞ്ഞു ഇത്രേം യുദ്ധത്തിന് കാരണമായ മൊതല് കൂളായി ചിരിച്ചു എന്നോട് പറയുകയാ 'എടി ഫുൾ ചാർജ് കൊടുക്കണ്ടാരുന്നു. നല്ല സീറ്റിൽ ഇരുന്നു പോവുക ആയോണ്ടാ ബെല്ല് കേട്ടു ചാടി ഇറങ്ങിയേ..അതുകൊണ്ട് രണ്ടു തവണ ഫുൾ ടിക്കറ്റ് കൊടുക്കേണ്ടി വന്നു' എന്ന് ! 😇🙄
ശുഭം !