Thursday, January 5, 2012

പ്രകാശം പരത്തുന്ന കണ്ണുകള്‍.
              കല്യാണം കഴിഞ്ഞും പഠിത്തം തുടര്‍ന്നതിനാല്‍ അവധി ദിവസങ്ങളില്‍ നാട്ടില്‍ നിന്നും എറണാംകുളത്തെക്കുള്ള ട്രെയിന്‍ യാത്ര പതിവായിരുന്നു.ഒറ്റക്കുള്ള ഓരോ യാത്രകളിലും ഞാന്‍ എന്റേതായ ചിന്തകളില്‍ മുഴുകുകയാണ് പതിവ്. അല്ലെങ്കില്‍ ഓരോ യാത്രക്കാരെയും സൂക്ഷ്മമായി നിരീക്ഷിക്കും.കുറച്ചു മണിക്കൂറുകള്‍ മാത്രമുള്ള യാത്ര ആയതിനാല്‍ ആരും സംസാരിക്കാനോ പരിചയപ്പെടാണോ മെനക്കെടാറില്ല .കാരണം ആ യാത്ര കഴിഞ്ഞാല്‍ പിന്നീടവരെ ഒന്നും കാണേണ്ടതോ സൌഹൃതം പുതുക്കേണ്ടതോ ഇല്ലല്ലോ.എവിടുന്നൊക്കെയോ കയറി കുറച്ചു സമയം മാത്രം ഒരുമിച്ചിരുന്നു എവിടെയൊക്കെയോ ഇറങ്ങിപോകുന്നവര്‍. പഴംപൊരി...വട..ചായാ...എന്ന് ഒരു പ്രത്യേക താളത്തില്‍ വിളിച്ചു കൂവി വരുന്നവരിലും പാട്ട് പാടി എത്തുന്ന യാചകരിലും മാത്രം പരിചിത മുഖങ്ങളെ കണ്ടു.അവര്‍ എല്ലാ യാത്രകളിലും അതേ ശബ്ദത്തില്‍ വിളിച്ചു കൂവി.അതേ താളത്തില്‍ എല്ലാ പാട്ടുകളും പാടി..തീവണ്ടിയുടെ താളം പോലെ.ഒരു മാറ്റവുമില്ലാതെ.
                     യാത്ര തുടരുന്നതിടെ  ഒരു സ്റ്റേഷനില്‍ ഓടി തളര്‍ന്നു വിശ്രമിക്കാനെന്ന പോലെ വണ്ടി കുലുങ്ങി നിന്നു.ഇനിയുമുണ്ട് കുറെ ദൂരം സഞ്ചരിക്കാന്‍.ഓഫീസിലേക്ക് പോകുന്നവര്‍ ട്രെയിന്‍ വയ്കിയതിനെ പറ്റി പ്രാകി വണ്ടിക്കുള്ളിലേക്ക് ഇടിച്ചു  കയറിക്കൊണ്ടിരുന്നു.വണ്ടി വൈകലും ഈ പ്രാകലും എന്നും നടക്കുന്ന ഒരു പ്രവൃത്തിയായാണ് എനിക്ക് തോന്നിയത്. കാരണം ഓഫീസില്‍ വയ്കിയെത്തുന്നതിനെ സ്വയം ന്യായീകരിക്കാനുള്ള തത്രപ്പാട്.എന്റെ മുന്നിലെ സീറ്റില്‍ പത്രം വായിച്ചിരുന്ന മധ്യവയസ്സനും ഒരു ഡയറിയില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചു ഇരുന്ന വയസനും ഇറങ്ങിപോയി.ബാക്കി ഉണ്ടായിരുന്ന രണ്ടു യുവാക്കള്‍ സ്വാതന്ത്ര്യം ആഘോഷിക്കാനെന്നപോലെ ഒന്നിളകി വിശാലമായി ആ സീറ്റില്‍ മുഴുവന്‍ ആധിപത്യം സ്ഥാപിച്ചു ഇരുപ്പുറപ്പിച്ചു. അപ്പോഴേക്കും കയ്യില്‍ ഒരു കളിപ്പാട്ടം തിരുപ്പിടിച്ച് ഒരു കുട്ടി ഓടി വന്നു അവരുടെ ഇടയിലിരുന്നു. പിന്നാലെ വന്ന അവന്റെ അമ്മ ഇരിക്കാതെ ഒന്ന് ശങ്കിച്ചു നിന്നു.
"അമ്മ ഇവടെ ഇരിക്ക്. അങ്കിളേ ..ഒന്ന് നീങ്ങിക്കെ".അവന്‍ അടുത്തിരുന്ന ആളോട് അല്പം കര്‍ക്കശമായി പറഞ്ഞു അമ്മയെ അവനരികിലിരുത്തി. ഇതുകണ്ട് കൌതുകം തോന്നിയ ഞാന്‍ അവരെ ശ്രദ്ധിക്കാന്‍ തുടങ്ങി.ഒരു വിഷാദ ഭാവം മുഖത്തുള്ള സ്ത്രീ.ആ വിഷാദത്തിലും  അവര്‍ ഒരു പുഞ്ചിരി മുഖത്ത് വരുത്താന്‍ ശ്രമിച്ചിരുന്നു. വസ്ത്രധാരണത്തിലോ ഒരുങ്ങുന്നതിലോ  അവര്‍ യാതൊരു ശ്രദ്ധയും കൊടുക്കാത്തതുപോലെ തോന്നി.അവനു പത്തുവയസ് പ്രായം വരും.സദാ സമയവും അവന്റെ കയ്യിലുള്ള ക്യുബില്‍ പിടിച്ചു തിരിച്ചു ഓരോ വശങ്ങളും ഒരേ നിറങ്ങള്‍ ആക്കാനുള്ള ശ്രമത്തിലാണ് അവന്‍.. .. ഞാന്‍ ശ്രദ്ധിക്കുന്നത് കണ്ടു കണ്ണുകളുയര്‍ത്തി അവന്‍ എന്നെ നോക്കി. കട്ടിയുള്ള കണ്‍പീലികള്‍ക്കിടയില്‍ തിളങ്ങുന്ന രണ്ടു ഗോളങ്ങള്‍ പോലെ തോന്നി അവന്റെ കണ്ണുകള്‍.അവ ജിത്ന്യാസ കൊണ്ട് വികസിച്ചിരുന്നു. ഇത്രയും കണ്‍പീലികളോട്  കൂടി തിളക്കമുള്ള കണ്ണുകള്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. 
" എന്താ നോക്കുന്നെ ?.അത്ര പെട്ടന്ന്  ഇത് ഒരേ നിറമാക്കാനോന്നും പറ്റില്ല." ഞാന്‍ നോക്കുന്നത് കണ്ടു അവന്‍ ചടുലതയോടെ പറഞ്ഞു.
"ഞാനൊന്നു ശ്രമിക്കട്ടെ".ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
         ട്രെയിന്‍ പോകാനുള്ള സൈറന്‍ മുഴങ്ങി.ഞാന്‍ പതിവ് പഴംപൊരിയും ചായയും വാങ്ങാന്‍ മറന്നു പോയിരുന്നു. ഞാന്‍ വേഗം ജനലിലൂടെ എത്തി നോക്കി വിളിച്ചു ചായയും പഴംപൊരിയും വാങ്ങി. ചായ സൈഡില്‍ വച്ചു അവന്റെ കയ്യില്‍ നിന്നും ക്യുബ് വാങ്ങി ഒരു പഴം പൊരി ആ കയ്യില്‍ വച്ചു കൊടുത്തു. അവന്റെ അമ്മ അപ്പോഴും ഒരു വിഷാദ പുഞ്ചിരിയോടെ ഒന്നും മിണ്ടാതെ എല്ലാം നോക്കി ഇരിക്കുകയായിരുന്നു.ഞാന്‍ അവന്റെ അതേ ഉത്സാഹത്തോടെയും ജിത്ന്യാസയോടെയും ആ ക്യുബില്‍ തിരുപ്പിടിക്കാന്‍ തുടങ്ങി.അവന്‍ കൌതുകം അടക്കാന്‍ വയ്യാതെ എഴുന്നേറ്റു എന്റെ അടുത്തു വന്നു നില്‍പ്പായി.അഞ്ചു മിനുട്ടിനുള്ളില്‍ ഞാന്‍ ആ ക്യുബ് ഓരോ വശങ്ങളിലും ഓരോ നിറമാക്കി അവന്റെ കയ്യില്‍ കൊടുത്തു.(അതെങ്ങനെ സംഭവിച്ചു എന്ന് എനിക്കിപ്പോഴും അതിശയമാണ്. കാരണം അതിനു ശേഷം എത്ര ശ്രമിച്ചിട്ടും,എന്തിനു ഇന്നലെ പോലും, ആ ക്യുബിന്റെ ഒരു വശത്തില്‍ കൂടുതല്‍ ഒരേ നിറത്തിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല .)
  ആ ക്യുബ് കയ്യില്‍ പിടിച്ചു തിരിച്ചും മറച്ചും നോക്കി ഒരു ആരാധനാപാത്രത്തെ കാണുന്ന അതേ അതിശയത്തോടെ അവന്‍ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "ചേച്ചി ആള് കൊള്ളാലോ."
പിന്നീടവന്‍ നിരാശയോടെ പറഞ്ഞു."എനിക്കിതിലുള്ള ഇന്റെറെസ്റ്റ് പോയി.ഇനി ഞാന്‍ എന്ത് വച്ചു കളിക്കും?"
അതുകേട്ടു എനിക്ക് സങ്കടം തോന്നി.ഞാന്‍ അവന്റെ അമ്മയുടെ മുഖത്തേക്ക് നോക്കി.അമ്മ അതേ പുഞ്ചിരിയോടെ പറഞ്ഞു"നേവിയിലുള്ള എന്റെ അനിയന്‍ സെയിലിംഗ് കഴിഞ്ഞു വരുമ്പോ കൊണ്ട് വന്നു കൊടുത്തതാ .ഞങ്ങളിപ്പോള്‍ അവന്റെ വീട്ടിലേക്കാണ് പോകുന്നത്."
               എന്റെ ഭര്‍ത്താവ് നേവിയിലാനെന്നും ഞാനും അങ്ങോട്ടാണ് പോകുന്നതെന്നും കേട്ടപ്പോള്‍ ആ സ്ത്രീയുടെ മുഖത്തു കുറച്ചു ആശ്വാസം കണ്ടു. അവര്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായി.അവരുടെ ഭര്‍ത്താവ് പട്ടാളത്തിലായിരുന്നു. അഞ്ചു കൊല്ലം മുന്‍പ് മരിച്ചു.വീട്ടില്‍ പ്രായമായ അച്ഛനും അവരും പത്തു വയസ്സായ ഈ മകനും മാത്രമേ ഉള്ളു.മിലിട്ടെരി പെന്‍ഷനും  ആങ്ങളയുടെ സഹായവും കൊണ്ട് കഴിഞ്ഞു കൂടുകയാണ്.അപ്പോഴാണ് മകന് ഹൃദയത്തിന്റെ വാല്‍വിന് തകരാറുണ്ടെന്നു കണ്ടെത്തിയത്.ഓപ്പറേഷന് ഒരു വലിയ തുക ചിലവുണ്ട്. അവര്‍ക്ക് അതിനു ഒരു മാര്‍ഗവും ഇല്ല.അത്ര വലിയ തുക തന്നു സഹായിക്കാന്‍ അനിയനുമാവില്ല. അപ്പോഴാണ് അനിയന്‍ പറഞ്ഞത് നേവല്‍ ഹോസ്പിറ്റലില്‍ ഒരു പ്രശസ്ത ഹാര്‍ട്ട് സര്‍ജന്‍ വരുന്നുണ്ടെന്നു.പട്ടാളക്കാരന്റെ മകനായതിനാല്‍ ചില കടലാസുകള്‍ ഒക്കെ ശെരിയാക്കിയാല്‍ പൈസ ചിലവില്ലാതെ ഓപ്പറേഷന്‍ നടത്താനാകും.ഇടയ്ക്കിടയ്ക്ക് അവനു നെഞ്ച് വേദന വരാറുണ്ടെന്നും അവന്റെ നില അപകടത്തിലാണെന്നും ആ സ്ത്രീ പറഞ്ഞപ്പോള്‍ ഞാന്‍ സങ്കടത്തോടെ അവനെ നോക്കി.കാറ്റത്തു പറന്നു മുഖത്തേക്ക് വീഴുന്ന കോലന്‍ മുടി ശെരിയാക്കി വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു അവന്‍. .........
                 ചടുലതയോടെ ക്യുബില്‍ തിരുപ്പിടിചിരുന്നിരുന്ന കുട്ടിയില്‍ നിന്നും വിദൂരതയിലേക്ക് നോക്കി മ്ലാനമായി ഇരിക്കുന്ന അവന്റെ മാറ്റം എനിക്ക് സങ്കടമുണ്ടാക്കി.ഞാന്‍ വേഗം എന്റെ ബാഗ്‌ പരതി.അവസാനം എന്റെ കസിന്‍ സമ്മാനിച്ച ചെറിയ വീഡിയോ ഗയിമുള്ള കീചെയിന്‍ ഞാന്‍ അവനു കൊടുത്തു.ബ്രിക്ക് ഗെയിംസ് മാത്രമുള്ള രണ്ടു വിരലിന്റെ വലുപ്പം മാത്രമുള്ള ചെറിയ വീഡിയോ ഗെയിം ആയിരുന്നു അത്. ഞാനാ കീ ചെയിന്‍ വെറുതെ ഒരു രസത്തിന്  ഹാന്‍ഡ്‌ ബാഗിന്റെ ഒരു വശത്തായി  തൂക്കി ഇട്ടതായിരുന്നു.
"കുട്ടി..അതൊന്നും കൊടുക്കേണ്ട.അവനു ഒരു സാധനം ഇഷ്ടമായാല്‍ പിന്നെ അവന്‍ കയ്യിന്നു താഴെ വയ്ക്കില്ല.തിരിച്ചു വാങ്ങാന്‍ ബുദ്ധിമുട്ടാകും.".ആ അമ്മ വേവലാതിയോടെ പറഞ്ഞു.
"അത് സാരമില്ല.ഇത് ഞാന്‍ അവനു ഗിഫ്റ്റ് ആയി കൊടുത്തതാ.".ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.അവന്‍ പിന്നെയും പഴയ ഉത്സാഹത്തോടെ എന്റെ അടുത്തു വന്നിരുന്നു ഗയിമിന്റെ  സൂത്രം മുഴുവന്‍ പഠിച്ചു സ്വയം കളിച്ചു തുടങ്ങി.ആ കണ്ണുകളില്‍ പഴയ ആകാംഷയും പ്രസരിപ്പും കണ്ടപ്പോള്‍ ഞാന്‍ അത്യധികം സന്തോഷിച്ചു.
                 കുറച്ചു സമയം കൂടി കഴിഞ്ഞപ്പോള്‍ ട്രെയിന്‍ എറണാംകുളം സൌത്ത് സ്റ്റേഷനിലെത്തി.       ഒരേ സ്ഥലത്തേക്ക് പോകേണ്ടതിനാല്‍ ഞങ്ങള്‍ ട്രെയിന്‍ ഇറങ്ങി ഒരുമിച്ചു നടക്കാന്‍ തുടങ്ങി. അവന്‍ ഞാന്‍ കൊടുത്ത കീ ചെയിന്‍ വിരലില്‍ തൂക്കി ഉത്സാഹത്തോടെ ഞങ്ങളോടൊപ്പം നടന്നു.
"അനിയന്‍ വരുമോ?" ഞാന്‍ അവരോടു ചോദിച്ചു.
"ഇല്ല.അവനു ഡ്യുട്ടി ഉണ്ട്.ബസ്സ് പിടിച്ചു പോകണം .എനിക്ക് വലിയ പിടിയൊന്നുമില്ല".ആ സ്ത്രീ പറഞ്ഞു.
അന്ന് ഓഫീസേര്‍സ് ട്രെയിനിംഗ് ഉള്ളതിനാല്‍ വരാന്‍ പറ്റില്ലെന്നും അതുകൊണ്ട് ഓട്ടോയില്‍ പോന്നോളാനും  എന്റെ  ഭര്‍ത്താവ് ഫോണ്‍ ചെയ്തു പറഞ്ഞിരുന്നു.
"ഞാന്‍ ഓട്ടോ വിളിക്കുന്നുണ്ട്.ഒറ്റയ്ക്കു പോകാന്‍ മടിയായി ഇരിക്കുകയായിരുന്നു .ഒരേ സ്ഥലത്തെക്കല്ലേ.നിങ്ങളും പോരു." ഞാന്‍ അതും പറഞ്ഞു ഓട്ടോക്ക് ക്യു നിന്നു.അവിടെനിന്നും അരമണിക്കൂര്‍ യാത്ര ഉണ്ട് നേവി നഗറിലേക്ക്.ചിലപ്പോള്‍ ട്രാഫിക്കില്‍ പെട്ട് അത് ഒരുമണിക്കൂറും ആകും. ഓട്ടോയില്‍ കയറിയതുമുതല്‍ അവന്‍ എന്നെ ആയി കൂടുതല്‍ അടുത്തു.അവന്റെ സംസാരവും തമാശയും കാരണം ആദ്യമായി ട്രാഫിക് ബ്ലോക്കുകളെ ഞാന്‍ ശപിച്ചില്ല.ഞാന്‍ കൊടുത്ത കീ ചെയിന്‍ അവന്‍ വിരലിലിട്ടു കറക്കിക്കൊണ്ടിരുന്നു.
"അത് പുറത്തേക്ക് തെറിച്ചു പോകും.നീ അത് കളയും".അവന്റെ അമ്മ അല്പം ദേഷ്യത്തോടെ പറഞ്ഞു.
"ഇല്ല.ഇതെപ്പോഴും എന്റെ കൂടെ ഉണ്ടാകും.".അവന്‍ അത് സസൂക്ഷ്മം നോക്കിക്കൊണ്ട്‌ പറഞ്ഞു.
                   അങ്ങനെ ഞങ്ങള്‍ നേവി ഗൈറ്റിലെത്തി.ഞാന്‍ എന്റെ ക്വട്ടെര്സിനു മുന്നില്‍ ഇറങ്ങി ഓട്ടോ പൈസയും കൊടുത്തു അവരെ അവരുടെ ഫ്ലാറ്റിനു മുന്നില്‍ ഇറക്കാന്‍ പറഞ്ഞു. വാതില്‍ തുറന്നു ബീന( എന്റെ അയല്‍വാസി) പറഞ്ഞു."വീട്ടില്‍ നിന്നു ആരോ കൂടെ വന്നിട്ടുണ്ടെന്നാ ഞാന്‍ കരുതിയത്‌ "
"എന്റെ ചേച്ചിയും മകനുമാണ്".ഞാന്‍ ബീനയോട് പറഞ്ഞു.അത്രയും ഒരു ആത്മ ബന്ധം ആ കുറച്ചു സമയം കൊണ്ട് എനിക്ക് അവരുമായി രൂപാന്തരപ്പെട്ടിരുന്നു.
         ഒരു മാസത്തെ സ്റ്റഡി ലീവിന് വന്ന ഞാന്‍ ഭര്‍ത്താവ് ഓഫീസ് തിരക്കുകളിലാകുമ്പോള്‍ പഠിത്തത്തില്‍ മുഴുകി.ഒരു ദിവസം വയ്കുന്നേരം ഭക്ഷണം കഴിഞ്ഞുള്ള നടത്തത്തിനിടയില്‍ ദൂരെ സൈലെര്സിന്റെ ഫ്ലാറ്റുകള്‍ കണ്ടപ്പോള്‍ എനിക്കാ അമ്മയെയും മകനെയും ഓര്മ വന്നു.അവന്റെ പ്രകാശിക്കുന്ന കണ്ണുകളെയും!ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു. "നമുക്ക് ആ വഴി നടക്കാം."
അവനെ ആ ഫ്ലാറ്റുകള്‍ക് താഴെ എവിടെയെങ്കിലും മറ്റു കുട്ടികളുടെ കൂടെ സന്തോഷത്തോടെ ഓടിക്കളിക്കുന്നതായി  കാണാം എന്ന് ഞാന്‍ വെറുതെ ആശിച്ചു. ഓരോ കുട്ടികളിലും ഞാനാ കണ്ണുകള്‍ തിരഞ്ഞു നിരാശയായി.
"അവര്‍ നാട്ടിലേക്ക് തിരിച്ചു പോയിക്കാണും. ചെറിയകാര്യങ്ങള്‍ മനസിലിട്ട്‌ വിഷമിക്കല്‍ അല്ലെങ്കിലും നിന്റെ പതിവാണ്." ഭര്‍ത്താവ് അസ്വസ്ഥനായി.
'അവന്‍ ഞാന്‍ കൊടുത്ത വീഡിയോ ഗെയിം കളിച്ചു ഈ ഫ്ലാറ്റുകളിലെ ഏതെങ്കിലും ഒരു മുറിയിലിരിക്കുന്നുണ്ടാകും".അവന്റെ ചടുലമായ സംസാരവും പീലികള്‍ നിറഞ്ഞ പ്രകാശിക്കുന്ന കണ്ണുകളും ഓര്‍ത്ത്‌ ഞാന്‍ പറഞ്ഞു.അവനും എന്നെ കാണാന്‍ ആഗ്രഹിക്കുന്നതായി എന്തോ അപ്പോള്‍ എനിക്ക് തോന്നി.
നടത്തം കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എനിക്ക് പതിവില്ലാത്ത തലകറക്കം അനുഭവപ്പെട്ടു.'അനാവശ്യകാര്യങ്ങള്‍ തലയില്‍ കയറ്റിയിട്ട് ' എന്ന് കുറച്ചു പരുഷമായി പറഞ്ഞു ഭര്‍ത്താവ് എന്നെ ശകാരിച്ചു.ഞാന്‍ കൂടുതലൊന്നും ചിന്തിക്കാതെ ഉറങ്ങാന്‍ കിടന്നു.
               പിറ്റേന്ന് എന്റെ ഭര്‍ത്താവിന്റെ  സുഹൃത്തിന്റെ ഭാര്യ സ്വാതി അവരോടൊപ്പം ഷോപ്പിങ്ങിനു ചെല്ലാന്‍ പറഞ്ഞിരുന്നു.എനിക്ക് അതില്‍ തീരെ താത്പര്യമില്ലെങ്കിലും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പോകാമെന്ന് വച്ചതായിരുന്നു.അവരുടെ വീടിന്റെ വാതില്‍ക്കലെത്തിയതും എനിക്ക് വീണ്ടും തലകറക്കം തുടങ്ങി.ഞാന്‍ കണ്ണടച്ചു ചുമരില്‍ പിടിച്ചു നിന്നു.അത് കണ്ടു സ്വാതി എന്നെ താങ്ങിപ്പിടിച്ചു സോഫയില്‍ കിടത്തി.പിന്നീടു അവരുടെ സംസാരത്തില്‍ നിന്നാണ് എന്റെ അവകാശി വയറ്റില്‍ നാമ്പെടുത്തിട്ടുണ്ടോ എന്നൊരു സംശയം സന്തോഷമായി എന്റെ മനസ്സില്‍ മുളപൊട്ടിയത്.
"നമുക്ക് നേവല്‍ ഹോസ്പിറ്റലില്‍ പോയി ടെസ്റ്റ്‌ ചെയാം.അരമണിക്കൂരിനുളില്‍ റിസള്‍ട്ട്‌ കിട്ടും.ഭായ് വന്നാല്‍ സര്‍പ്രൈസ് ആയി പറയുകയും ചെയ്യാം".അവര്‍ അത്യധികം സന്തോഷത്തിലായിരുന്നു .ആ വീകെന്റ്റ് പാര്‍ട്ടി ഞങ്ങളുടെ തലയിലിട്ട സന്തോഷമായിരുന്നു അവരുടെ മുഖത്ത്.
                    അങ്ങനെ എറണാംകുളത്ത് ഷോപ്പിങ്ങിനു പോകേണ്ട ഞങ്ങള്‍ നേവി ഹോസ്പിറ്റലില്‍ എത്തി.യൂറിന്‍ ടെസ്റിന് കൊടുത്ത ശേഷം റിസല്ട്ടിനായി ഞാനും സ്വാതിയും അവിടെയുള്ള കസേരകളില്‍ ഇരുന്നു.സ്വാതി അവിടുത്തെ ഡോക്ടരുമാരുടെ സൌന്ദര്യത്തെയും സൌന്ദര്യ മില്ലായ്മയെയും പറ്റി പറഞ്ഞുകൊണ്ടിരുന്നു.സര്‍ജന്‍ നടരാജന്‍ അപ്പോള്‍ ആ വഴി രണ്ടു തവണ ധൃതിയില്‍  കടന്നു പോയി.ഞാന്‍ വികാരരഹിതമായ അയാളുടെ മുഖത്തേക്ക് നോക്കി മനുഷ്യരെ യന്ത്രങ്ങളായി മാത്രം കാണുന്ന സര്‍ജന്മാരെ പറ്റി ചിന്തിച്ചു .അപ്പോഴാണ് പകുതി പുതച്ച ഒരു കുട്ടിയെ കിടത്തിയ സ്ട്രെച്ചര്‍ ഉരുട്ടി നര്സുമാരും അറ്റെന്റെര്മാരും അതുവഴി കടന്നു പോയത്.ആ കുട്ടിയുടെ കണ്ണുകള്‍ തുറന്നിരുന്നു..ആ കണ്ണുകള്‍ ഞാന്‍ തിരിച്ചറിഞ്ഞു.അതവനാണ്!! ഞാന്‍ അവരുടെ പുറകെ ചെന്നു .
"ആ കുട്ടി കുറച്ചു  മുന്‍പ് മരിച്ചു.ഇന്നലെ ഓപ്പറേഷന് കൊണ്ട്  വന്നതാണ്.അതിനു മുന്‍പേ പോയി".അറ്റെന്ടെര്‍ പറഞ്ഞു.
 ഞാന്‍ ആ സ്ട്രെച്ചറിനു പുറകെ ഒരു ഭ്രാന്തിയെ പോലെ ഓടി.സ്പീഡില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കാറ്റടിച്ചു അവനെ പുതപ്പിച്ച പുതപ്പു നീങ്ങി.അവന്റെ കൈവിരലുകളില്‍  ഞാന്‍ കൊടുത്ത കീ ചെയിന്‍.... ........... .... .......ആ കണ്ണുകള്‍ എന്നെത്തന്നെ നോക്കുന്ന പോലെ എനിക്ക് തോന്നി.അവ അപ്പോഴും  പ്രകാശിക്കുന്നുണ്ടായിരുന്നു! .