Thursday, April 19, 2012

മുളക് പാപ്പിയും, പ്രണയവും പിന്നെ രണ്ടു കോഴികളും



പാപ്പിയെ മുളക് പാപ്പി എന്ന് വിളിച്ചില്ലെങ്കില്‍ പാപ്പിക്ക് തന്നെ എരിവു വരും.ഈ പാപ്പി ആരുടെ മകനാണ്, നാട് എതാണ് എന്നൊന്നും ആര്‍ക്കും അറിയില്ല.ഒരിക്കല്‍ ആദ്യമായി തീവണ്ടി കയറാന്‍ പോയ പപ്പിനി(പത്മിനി) വെറുതെ പാത്തുംപതുങ്ങി നിന്നിരുന്ന പത്തു വയസുകാരന്‍ പാപ്പിയോട് പട്ടാമ്പിക്കുള്ള വഴി ചോദിച്ചപ്പോള്‍ പപ്പിനിയുടെ പുറകേ കൂടിയതാണ് പാപ്പി.അന്നുമുതല്‍ പാപ്പി പപ്പിനിയുടെ സ്വന്തം മകനാണ്. ആരുമില്ലാത്ത തനിയ്ക്ക് വേണ്ടിപടച്ചോന്‍ പടച്ചതാണ് പാപ്പിയെ എന്ന് പപ്പിനി സ്നേഹത്തോടെ പറയും.ഏതു ജാതിയിലാണ് ജനിച്ചതെന്ന് പാപ്പിക്ക് തന്നെ നിശ്ചയം ഇല്ലാത്തതിനാല്‍ ഒരു ആരാധനാലയത്തിലും പാപ്പി പോയിരുന്നില്ല.തന്റെ മതം അനുസരിക്കാന്‍ പപ്പിനി പാപ്പിയെ നിര്‍ബന്ധിച്ചും ഇല്ല.

ഭക്ഷണം കിട്ടിയാലും കിട്ടിയില്ലെങ്കിലും ദിവസം നാല് പച്ചമുകെങ്കിലും പാപ്പിക്ക് വേണം. ചെറുപ്പത്തില്‍ ഒന്നും കിട്ടാത്ത സമയത്ത് പച്ചുളക് പറിച്ചു തിന്നു ശീലമായതാണെന്ന് അതിന്റെ രഹസ്യം കണ്ടു പിടിക്കാന്‍ ഒരു മാസം പിന്നാലെ നടന്ന ശാന്തയോട് പാപ്പി പറഞ്ഞത്രേ. 'അത്‌ വേറെ ആരും അറിയേണ്ട' എന്നുകൂടി കൂടി പാപ്പി പറഞ്ഞതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആ ഗ്രാമത്തിലെ എല്ലാവരുടെയും ചെവിയില്‍ എത്തിയ ഒരു പരസ്യമായ രഹസ്യം ആയി പച്ചമുളക് കഥ.അന്നത്തോടെ കൊട്ട ശാന്തയുടെ പരസ്യത്തിന്റെ സ്പീഡ് തര്‍ക്കം ഇല്ലാതെ തെളിഞ്ഞു. മൂസാക്ക ആ കഥ കുറച്ചു ചിക്കെന്‍ മസാലയും മൈദയും കൂടി ചേര്‍ത്ത് എരിവും കൂട്ടി വലിച്ചു നീട്ടി നല്ലൊരു തിരക്കഥ ആക്കി. ആ ഒരാഴ്ച ബി ക്ലാസ്സ്‌ തീയേറ്ററില്‍ പോലും പോകാതെ ആളുകള്‍ കഥ കേള്‍ക്കാന്‍ മൂസാക്കയുടെ വായിലിരുന്നു. പണ്ടെങ്ങാന്‍ ആരോ പച്ചമുകില്‍ കൂടോത്രം ചെയ്തു ചായക്കടയില്‍ വച്ച ബോണ്ട അറിയാതെ പാപ്പി കഴിച്ചെന്നും അങ്ങനെ ആണ് പാപ്പിക്ക് ഈ പച്ചമുളക് ബാധ തുടങ്ങിയതെന്നും കഥയുടെ ഉള്ളടക്കം.കൂട്ടത്തില്‍ പാപ്പിയുടെ ജനനത്തെ പറ്റിയുള്ള ഉഹാപോഹങ്ങളും ഉണ്ടായിരുന്നു.
മുളക് പാപ്പിയുടെ അയല്‍വാസി ആണ് ഊത്തു നബീസ.കാലു മടങ്ങിയാലും കണ്ണിനസുഖം വന്നാലുംസന്നി വന്നാലും നബീസയെ ക്കൊണ്ട് ഊതിച്ചാല്‍ മാറുമെന്നു അന്നാട്ടിലെ ചിലരെങ്കിലും വിശ്വസിച്ചിരുന്നു.ആ വിശ്വാസം കൊണ്ടും കോഴി വളര്‍ത്തല് കൊണ്ടും നബീസ ഒരു വിധം ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോന്നു.

ആയിടക്കാണ് നബീസയുടെ ചുവന്ന പൂവന്‍ കോഴിയെ കാണാതാകുന്നത്. നേര്‍ച്ചയ്ക്കു നിര്‍ത്തിയിരുന്ന കോഴിയാണ് ഒരു സുപ്രഭാതത്തില്‍ കാണാതെ പോയത്. നാടായ നാട് മുഴുവന്‍ തിരഞ്ഞിട്ടും കോഴിയെ കാണാന്‍ ഇല്ല. കോഴിയുടെ കാലില്‍ ഒരു ചരട് കെട്ടിയിരുന്നതിനാല്‍ കോഴിയെ ഏതു ഇരുട്ടത്തും തപ്പി നോക്കിയും തിരിച്ചറിയും എന്ന് നബീസ വെല്ലുവിളിച്ചു. മാത്രമല്ല ഊതിക്കെട്ടിയ ചരടായതിനാല്‍ ആ കോഴിയെ കൊന്നു തിന്നുന്നവന്‍ സന്നി പിടിച്ചു ചാകും എന്നും നബീസ നാടാകെ പരത്തി. അതുകേട്ടു പേടിച്ചു അന്നാട്ടിലെ ജനം തല്‍ക്കാലത്തേക്ക് ചുവന്ന പൂവനെ കറി വക്കല്‍ നിര്‍ത്തി. നബീസയുടെ കോഴി കാരണം തല്‍ക്കാലത്തേക്ക് ചുവന്ന പൂവന്മാരുടെ ആയുസ്സും കൂടിക്കിട്ടി. അന്നാട്ടിലെ ആര്‍ക്കും സന്നി വരാത്തതിനാല്‍ കോഴി ജീവനോടെ ഉണ്ടെന്നു കരുതി നബീസയും സമാധാനിച്ചു .

രണ്ടു ദിവസത്തിന് ശേഷം ഒരു നട്ടുച്ച നേരത്താണ് തന്റെ പൂവന്റെ അതേ മുഖച്ഛായ ഉള്ള ഒരു പൂവന്‍ മുറ്റത്ത്‌ നിന്നു ചിക്കിചികയുനത് നബീസ കണ്ടത്. പക്ഷേ കോഴിയുടെ കാലില്‍ ചരടില്ല.എങ്കിലും ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി നബീസ വിളിച്ചു "സുലൈമാനെ...ബ.. ബ.. ബ.. ബ .."
വിളി കേട്ടതും കോഴി ഓടി നബീസയുടെ അടുത്തെത്തി. കോഴിയെ തിരിച്ചു കിട്ടിയതില്‍ നബീസയുടെ സന്തോഷത്തേക്കാള്‍ നാട്ടുകാര് ആശ്വസിച്ചു.അബദ്ധത്തിലെങ്ങാന്‍ ആ കോഴിയെ കറി വെച്ചെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി!!!
പക്ഷേ അന്ന് രാത്രി വീണ്ടും കോഴിയെ കാണാതായി. രാവിലെ വീണ്ടും 'കോഴി' നബീസയുടെ പ്രിയപ്പെട്ട 'സുലൈമാനായി' മുറ്റത്ത്‌ പ്രത്യക്ഷപെട്ടു. രാവിലെ നബീസ കൊടുക്കുന്ന ചോറും വറ്റും അരിയും തിന്നു മാന്യനായി മുറ്റത്ത്‌ ചിക്കി പെറുക്കി നടക്കുന്ന സുലൈമാന്‍ രാത്രിയില്‍ എങ്ങോട്ട് അപ്രത്യക്ഷനാകുന്നു എന്നത് എല്ലാവര്ക്കും അത്ബുധമായി. 

മൂസയുടെ നേതൃത്തത്തില്‍ ഒരു അന്വേഷണസംഘം രൂപീകരിച്ചു. സി ബി ഐ ഡയറി കുറിപ്പിന്റെ ബാക്ക് ഗ്രൌണ്ട് മ്യുസിക്കും ഇട്ട്‌ സംഘം പേട്രോമാക്സും പിടിച്ചു തിരച്ചിലിനിറങ്ങി. അവസാനം തിരച്ചിലിന്റെ ക്ലൈമാക്സില്‍ പാപ്പിയുടെ കോഴിക്കൂടിനരുകില്‍ ചുറ്റിപറ്റി നില്‍ക്കുന്ന സുലൈമാനെ കണ്ടെത്തി. സുലൈമാന്‍ ഒറ്റയ്ക്കല കൂടെ പാപ്പിയുടെ ഒരു ഉഗ്രന്‍ കറുമ്പി പെടക്കോഴിയും ഉണ്ട്. കുറച്ചു ദിവസമായി എന്നും രാത്രി പാപ്പിയുടെ കോഴി കൂടിലാണ് നബീസയുടെ കോഴി. പാപ്പിയുടെ കറുമ്പിയോട് തോന്നിയ അഗാധമായ പ്രണയം നബീസയുടെ ചോപ്പനെ അങ്ങോടു നയിക്കുകയായിരുന്നു. കറുമ്പി കോഴിയോടുള്ള അഗാധമായ പ്രണയം കാരണം ഒരുതരത്തിലും സുലൈമാന്‍ നബീസയുടെ കോഴികൂടില്‍ കയറാന്‍ സമ്മതിച്ചില്ല. കോഴി പാപ്പിയുടെ കോഴിക്കൂട്ടില്‍ മുളയട്ടെ എന്നും രാവിലെ എന്നും കോഴിയെ നബീസയുടെ വീട്ടില്‍ എത്തിക്കാം എന്ന പാപ്പിയുടെ ഉറപ്പില്‍ തല്‍ക്കാലം കോഴിക്കഥ അവസാനിച്ചു.

അതിനു ശേഷം എന്നും രാവിലെ പാപ്പി കോഴിയെയും പിടിച്ചു നബീസയുടെ വീട്ടില്‍ എത്തും.നബീസയുടെ മകള്‍ നുസ്രത്ത് കോഴിയെ വാങ്ങി പകരം പാപ്പിക്ക് മുറ്റത്ത്‌ നില്‍ക്കുന്ന മുളക് ചെടിയില്‍ നിന്നും നാല് പച്ചമുളക് പറിച്ചു കൊടുക്കും.അങ്ങനെ കോഴിയെ കൊടുക്കലും മുളക് വാങ്ങലും എന്നും രാവിലെ മുറക്ക് നടന്നു കൊണ്ടിരുന്നു. കോഴിയെ കൈമാറി കൈമാറി കോഴിക്കുണ്ടായിരുന്ന പ്രണയ പനി പാപ്പിക്കും നുസ്രത്തിനും പിടിച്ചു.കുറച്ചു ദിവസത്തിനുള്ളില്‍ അന്നാട്ടില്‍ അന്ന് ജനിച്ച കുട്ടി അടക്കം അറിയുന്ന ഒരു ഫ്ലാഷ് ന്യൂസ്‌ ആയി ഈ പ്രണയം മാറി. 

പാപ്പിയുടെയും നുസ്രത്തിന്റെയും പ്രണയം അതുവരെ ജാതി ഇല്ലാതെ ജീവിച്ച പാപ്പിക്ക് പാരയായി. ജാതി ഇല്ലാത്ത ഒരുത്തനെ തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടിയെ കൊണ്ട് കെട്ടിക്കില്ല എന്ന് ഒരു വിഭാഗവും പാപ്പി പേര് വച്ചു നോക്കുമ്പോള്‍ ഞങ്ങളുടെ സമുദായം ആണെന്ന് മറ്റൊരു വിഭാഗവും .കാര്യങ്ങള്‍ രണ്ടു വിഭാഗവും ഏറ്റെടുത്തതിനാല്‍ ഷാജി കൈലാസ് പടം പോലെ അപ്രതീക്ഷിത അടി അന്നാട്ടില്‍ പതിവായി. കറന്റ്കട്ട് ആയാലും അന്നാട്ടുകാര്‍ക്ക്‌ സീരിയല്‍ മുടങ്ങുമോ എന്ന സങ്കടം ഇല്ലാതായി.അടിപിടി നടക്കുമ്പോഴും പാപ്പി നുസ്രത് പ്രണയം തളിര്‍ത്തു വളര്‍ന്നു.പാപ്പിയെ അല്ലാതെ വേറെ ആരെയും കെട്ടില്ലന്നു നുസ്രത്തും നുസ്രത് അല്ലാതെ തന്റെ ജീവിതത്തില്‍ വേറെ ഒരു പെണ്ണ് ഇല്ലെന്നു പാപ്പിയും ഉറപ്പിച്ചു പറഞ്ഞു.എന്നാലും സമുദായം അത് അന്ഗീകരിക്കാന്‍ തയ്യാറായില്ല. കോഴികള്‍പ്രത്യേകിച്ച് ഒരു സമുദായത്തിലും പെടാത്തതിനാലും അത് പറഞ്ഞു വെറുതെ കൊത്തു കൂടാന്‍ മറ്റു കോഴികള്‍ക്ക് സമയം ഇല്ലാത്തതിനാലും പപ്പിനിയുടെ കറുമ്പിയും നബീസയുടെ പൂവന്‍ സുലൈമാനും സന്തോഷത്തോടെ പറമ്പിലും തൊടിയിലും ചിക്കി പെറുക്കി നടന്നു. പക്ഷേ ഒരു ജന്മത്തെ മുഴുവന്‍ പ്രണയവും മനസ്സില്‍ ഒതുക്കി പാപ്പിയും നുസ്രത്തും വേലിക്കല്‍ നിന്നു പരസ്പരം നോക്കി കണ്ണീരൊഴുക്കി. അതിന്റെ ബാക്ക് ഗ്രൗണ്ടില്‍ കറുമ്പിയും സുലൈമാനും കൊക്കുരുമ്മി പാട്ട് പാടി..കണ്ണും കണ്ണും ...തമ്മില്‍ തമ്മില്‍.........കഥകള്‍ കൈമാറും അനുരാഗമേ..കൊല്ലങ്ങള്‍ കഴിഞ്ഞും പാപ്പി ഇപ്പോഴും മുളക് പാപ്പി ആയും നുസ്രത്ത് വെറും നുസ്രത്ത് ആയും തുടരുന്നു.

Thursday, March 15, 2012

മൂസാക്കാന്റെ നാലുകെട്ട്

(ഇതിലെ കഥാപാത്രങ്ങള്‍ മുന്‍പ് പോസ്ടിയ പഴം പൊരി കഥയിലും താറു താറുമാരാക്കിയ കഥയിലും ഉള്ളവരാണ്.അതേ ഗ്രാമം അതേ ആളുകള്‍ . ആ കഥകള്‍ വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും ഈ കഥ   വായിക്കാം .പരാതി ഇല്ല...:) )

            പ്രശാന്ത സുന്ദരമായ ഗ്രാമത്തില്‍ പ്രശാന്ത സുന്ദരമായ അനവധി കഥാപാത്രങ്ങള്‍ .അതില്‍ പ്രധാനിയാണ്‌ റബ്ബര്‍ മൂസ.ആ ഗ്രാമത്തിലെ ഉള്ളതും ഇല്ലാത്തതുമായ കഥകള്‍ വലിച്ചു നീട്ടി പറയാനുള്ള പ്രത്യേക കഴിവ്  കാരണം നാട്ടുകാര്‍ മൂസയ്ക്ക്  നല്‍കിയ പത്മശ്രീ  അവാര്‍ഡാണ് 'റബ്ബര്‍ മൂസ'എന്ന പേര് .ആ അവാര്‍ഡിനായി ഗ്രാമത്തില്‍ ഉള്ളവരെ  കഥ കേള്‍പ്പിച്ചു വധിച്ചു എന്നല്ലാതെ തന്റെ കീശയില്‍ നിന്നും പണമൊന്നും ചിലവാക്കിയതായി കേട്ടറിവില്ല. 

കഥ പറയല്‍ പോലെ തന്നെ പേര് കേട്ടതാണ് റബ്ബറ് മൂസയുടെ പെണ്ണുകെട്ടലും.ഓരോര പെണ്ണുകെട്ടിനും  മുന്‍പായി ഒരു പുതിയ വീട് പണിതു പഴയ വീട് ആദ്യ ഭാര്യയുടെ പേരില്‍ എഴുതിക്കൊടുക്കല്‍ മൂസാക്കയുടെ പതിവായിരുന്നു.ഇരുപതു സെന്റ്‌ സ്ഥലം മാത്രമുള്ള മൂസ അതുകൊണ്ട് നാലില്‍ കൂടുതല്‍ കെട്ടില്ല എന്ന് കണക്കില്‍ അപാര വിവരം ഉള്ള നാട്ടുകാര്‍ ഉറപ്പിച്ചു.മൂസാക്ക പുതിയ വീടുപണി തുടങ്ങിയാല്‍ അടുത്ത പെണ്ണന്വേഷണം തുടങ്ങി എന്ന് നാട്ടുകാക്ക് മനസിലാകും.ഒരു ദിവസം വാഴയ്ക്ക് തടം മാന്തിക്കൊണ്ടിരുന്ന മൂസയോട് ബ്രോക്കെര്‍ അഹമ്മദ് ചോദിച്ചത്രേ."മൂസാ ,വീടിനു തറ മാന്തുകയാണോ ?.ഞമ്മളിവടെ ഉണ്ടേ ".  എന്ന്‍ .
അതിനു മൂസ പറഞ്ഞ മറുപടി കേട്ടാണ് അഹമ്മദിന്റെ  ചെവി അടിച്ചു പോയത് എന്നാണ് നാട്ടു സംസാരം.
              തന്റെ ഇരുപത്തഞ്ചാം വയസിലാണ് മൂസ ആദ്യമായി കല്യാണം കഴിക്കുന്നത്.'വാപ്പ തീരുമാനിച്ചു .ഞാന്‍ കെട്ടി'എന്ന് വിനയകുനയനായി മൂസ അന്ന് പറഞ്ഞു.ആദ്യഭാര്യ ആമിന.നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നാട്ടിന്‍ പുറത്തുകാരി. എട്ടുവര്‍ഷം കൊണ്ട് കുട്ടികള്‍ നാലാതോടെ ആദ്യമായി റബര്‍ മൂസ വീട് പണി യെക്കുറിച്ച് ആലോചിച്ചു.അഞ്ചു സെന്റു സ്ഥലവും വീടും ആദ്യ ഭാര്യയുടെ പേരില്‍ എഴുതിക്കൊടുത്തു അതിനടുത്തുള്ള ബാക്കി സ്ഥലത്ത് മൂസാക്ക പുതിയ വീടുപണി തുടങ്ങി.പുതിയ വീടുപണി പൂര്‍ത്തിയാകുന്നതോടെ ഒരു പുതിയ വീട്ടുകാരി വേണമെന്ന തോന്നല്‍ ഖല്‍ബില്‍ ഉടലെടുക്കുമെന്നും അപ്പോള്‍ കിനാവില്‍ പടച്ചോന്‍ വന്നു പെണ്ണ് കെട്ടാന്‍ പറയും എന്നും മൂസ വചനം.
            രണ്ടാമത്തെ വീടുപണി കഴിഞ്ഞതോടെ വീട്ടിലേക്കു പുതിയ വീട്ടുകാരിയും എത്തി .മൂസയുടെ രണ്ടാം ഭാര്യ സുഹറാബി.അഞ്ചു വര്‍ഷത്തിനു ശേഷം രണ്ടാമത്തെ പ്രസവത്തില്‍ സുഹറാബി മരിച്ചു.സുഹറാബി ആയിരുന്നു തന്റെ യഥാര്‍ത്ഥ ഭാര്യ എന്ന് മൂസാക്ക.
"ഓടെ അരഞ്ഞാണത്തിന്റെ കിലുക്കം തന്നെ ഞമ്മക്ക് ഹരായിര്‍ന്ന്‍ .ഞമ്മളൊന്നു അനങ്ങിയാല്‍ ഓള് അറിയും " .ഇത് പറയുമ്പോള്‍ എപ്പോളും ചിരിക്കുന്ന മൂസാക്കയുടെ കണ്ണ് നിറയും.ഈ വിരഹ ദുഖവും പേറി കുറേകാലം തന്റെ പതിവ് കഥാപരിപാടികള്‍ മാത്രമായി മൂസ നടന്നു.
             അങ്ങനെ  പ്രത്യേകിച്ച് കഥകളൊന്നും ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്ന സമയത്താണ് വേറൊരു ഗ്രാമത്തില്‍ നിന്നും മാങ്ങ കച്ചവടത്തിനായി മൊയ്തീന്‍ അവിടെ ലാന്‍ഡ്‌ ചെയ്യുന്നത്.അന്നാട്ടിലെത്തിയ മൊയ്തീനും മൂസാക്കയും പെട്ടന്ന് ദോസ്തുക്കളായി  .മാസങ്ങള്‍ക്കുള്ളില്‍ മൂസാക്ക പുതിയ വീടുപണി തുടങ്ങിയപ്പോഴേ നാട്ടുകാര്‍ക്ക് ബിരിയാണിയുടെ മണമടിച്ചു .വീടുപണി കഴിഞ്ഞതോടെ മൊയ്തീന്റെ പെങ്ങള്‍ ഇരുപത്തിരണ്ടുകാരി ആയിഷ നാല്‍പ്പത്തഞ്ചുകാരന്‍ മൂസയുടെ കെട്ട്യോളും  ആയി.മൂസാക്കയുടെ കഥ കെട്ടു മയങ്ങി ആണ് മൊയ്തീന്‍ പെങ്ങളെ മൂസാക്കക്ക് കെട്ടിച്ചു കൊടുത്തതെന്നും അതല്ല വേറെ എന്തോ കാരണം ആണെന്നും ഉള്ള പല കഥകള്‍ നാട്ടില്‍ പറന്നു.അങ്ങനെ മൂസാക്കയുടെ മൂന്നാം കെട്ടിയോള് ആയിഷ നാട്ടുകഥകളിലെ  പ്രധാന കഥാപാത്രം ആയി തിളങ്ങി.മൂസാക്ക പിന്നെയും അത്തറും അടിച്ചു ചെറുപ്പക്കാരനായി മൂളിപ്പാട്ടും പാടി നടക്കാന്‍ തുടങ്ങി.
            അതി സുന്ദരിയായിരുന്നു ആയിഷ .ഡിഗ്രിക്ക് കുറച്ചു മാസം പോയിരുന്നതുകൊണ്ടും   അത്യാവശ്യം വിവരവും പരിഷ്ക്കാരവും ഉണ്ട്.കോളേജില്‍ ഒരു ചെക്കനുമായി ചുറ്റിക്കളി ഉണ്ടായ കാരണമാണ് ഒന്നും ആലോചിക്കാതെ ഇത്രയും സുന്ദരിയായ ആയിഷബിയെ വയസനായ റബ്ബറിന്റെ തലയില്‍ കെട്ടി വെച്ചതെന്ന കിസ പരന്നു.അങ്ങനെ ചുറ്റിക്കളി ഉണ്ടായെങ്കില്‍ അതിന്റെ റിസള്‍ട്ട്‌ പത്തുമാസത്തിനു മുന്‍പ് അറിയുമെന്ന് കരുതി ജനം ആകാംഷാഭരിതരായി മറ്റു കഥകള്‍ ഉണ്ടാക്കാതെ കാത്തുനിന്നു.പത്തുമാസമല്ല അഞ്ചു വര്ഷം കഴിഞ്ഞിട്ടും ആയിഷക്കു ഒരു മാറ്റവും സംഭവിച്ചില്ല .വിശേഷം അറിയാന്‍ കാത്തുനിന്ന ജനം വേറെ കഥകള്‍ മെനയാന്‍ ആളുകളെ തേടിപ്പോയി.
   അങ്ങനെ ആയിഷ നാട്ടുകാരുടെ പ്രിയപ്പെട്ട 'ആയിഷത്തയും' മൂസയുടെ മറ്റു കുട്ടികളുടെ 'കെട്ടുമ്മയും' ആയി വാഴുന്ന കാലത്താണ് റബ്ബറ് മൂസ  ബാക്കിയുള്ള അഞ്ചു സെന്ററില്‍ വീടുപണിക്ക് കല്ലിറക്കാന്‍ തുടങ്ങിയത്. അത് കണ്ട നാട്ടുകാര്‍ക്കു മൂസ ആയിഷയും വിട്ടു വേറെ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചെന്നു മനസിലായി.
'മൂസാക്ക ,ആയിഷത്തക്ക് എന്ത് കുയപ്പം ഉണ്ടായിട്ട ഇങ്ങള് വേറെ പെണ്ണ് കെട്ടുന്നേ?' നാട്ടുകാര്‍ ഒന്നടങ്കം കോറസ്സായി ചോദിച്ചു.
"ഓളക്കു ഞാന്‍ അഞ്ചു ബര്‍ഷം കൊടുത്ത് .ഓള് പെറ്റില്ല..എന്നിട്ടും ഓള്‍ക്ക് അഞ്ചു സെന്റും ബീടും ഞാന്‍ കൊടുത്തോ...ഇങ്ങള് പറയിന്‍.." ".മൂസാക്കയുടെ വാദം കേട്ടതോടെ നാട്ടുകാരുടെ വായ അടങ്ങി.എങ്കിലും മൂസാക്ക അലുവ പോലെ ഉള്ള ആയിഷയെ വിട്ടു വേറെ പെണ്ണ് കെട്ടുന്നത് അന്നാട്ടുകാര്‍ക്ക്‌ സഹിച്ചില്ല.അവര്‍ വേഗം ആയിഷയുടെ അടുത്തേക്ക്‌ നടന്നു.ഈ വിവരം അറിഞ്ഞു നെഞ്ഞത്തടിച്ചു കരയുന്ന ആയിഷാത്തയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന്  കൂലംകഷമായി ചര്‍ച്ച ചെയ്തു നടന്നു ചെന്ന ആളുകള്‍ കാണുന്നത് ചിരിച്ചുകൊണ്ട് മൂസയുടെ പുതിയ വീടുപണിക്ക് സാധങ്ങള്‍ ഇറക്കുന്നതിനു നേതൃത്വം നല്‍കുന്ന ആയിഷാബിയെ.
"ആയിഷാ അനക്ക് സങ്കടല്യെ?." കൊട്ട ശാന്ത ചോദിച്ചു.
"ഇന്നേ കെട്ടുംമ്പോളെ എനിക്കറിയാര്‍ന്നു ഇത് മൂന്നില്‍ നിക്കില്ലാന്നു ".  ചിരിച്ചു കൊണ്ട് ഇത് പറയുന്ന ആയിഷാബിയെ കണ്ടു ജനം ആകാശദൂത് കാണാന്‍ പോയി റാംജി റാവു സ്പീക്കിംഗ് കണ്ടപോലെ ആയി.
                നാലാമത്തെ വീടുപണി കഴിഞ്ഞതോടെ റബ്ബര് മൂസയുടെ കെട്ടും കഴിഞ്ഞു .അങ്ങനെ  നാലാം ഭാര്യ ഉമ്മീവി പുതിയ വീട്ടില്‍ വലതുകാല് വച്ചു കയറി. മൂസാക്കയുടെ പുതിയ ബീവിയെ കാണാന്‍ കാത്തുനിന്ന കൂട്ടുകാരായ പരദൂഷണം രാമന്‍ നായര്‍ ,പരമു,വാറു,ടാങ്കര്‍ എന്നിവര്‍ ഉമ്മിവിയെ കണ്ടു ഒന്ന് ചിരിച്ചു. ഉമ്മിവിയുടെ മറുചിരി കണ്ടതോടെ സംഘത്തിന്റെ ചിരി മങ്ങി.മാമുക്കോയയുടെ പല്ല് കുറച്ചു കൂടി പൊങ്ങിയാല്‍ എങ്ങിനെയോ അങ്ങനെ ആണ് ഉമ്മിവിയുടെ പല്ലുകള്‍ .
" നാല് വീട്ടിലും തേങ്ങ ചിരകനാണോ ഈ ഉമ്മയെ കെട്ടി കൊണ്ടു വന്നെ " എന്നും പറഞ്ഞു രാമന്‍ നായര്‍ ഊറി ചിരിച്ചു.
"ഞമ്മക്ക് ബയസാവുകയാണ്.ഉമ്മിവിയോടു  കിന്നാരത്തിനു ഇന്നാട്ടില് യാരും ബരില്ലന്നു ഉറപ്പാണേ"  മൂസാക്കയുടെ വാദം കെട്ടു സംഘം ഇളിഭ്യരായി .
"എന്തായാലും അബദ്ധത്തില്‍ കൂടി ആരും ഈ ഉമ്മയോട് ചിരിക്കില്ല" എന്ന് വാറുവിന്റെ കമന്റ് .

                 അങ്ങനെ കഥകളും ഉപകഥകളും പരദൂഷണവും എല്ലാമായി സാധാരണ രീതിയില്‍ നീങ്ങിക്കൊണ്ടിരുന്ന ആ നാട്ടുകാരുടെ ഇടയിലേക്ക് തന്റെ പുതിയ ഇന്നോവ കാറും ഓടിച്ചു ഒരു പുത്തന്‍ പണക്കാരന്‍ ഗള്‍ഫ് എത്തുന്നത്. അന്നാട്ടില്‍ കുറച്ചു സ്ഥലം വാങ്ങി വലിയ നാല് കെട്ടു പോലുള്ള ഒരു വീടുപണിയാനാണ് അയാള്‍ വന്നിരിക്കുന്നത്.കവലയില്‍ നിന്നുരുന്ന രാമന്‍ നായര്‍  ,മൂസ സംഘത്തോട് കുറേ വലുപ്പം വിളമ്പിയ പുതു പണക്കാരന്‍ ചോദിച്ചത്രേ ." ഇന്നാട്ടില് എവിടെയെങ്കിലും വല്ല നാല് കെട്ടും ഉണ്ടോ?.എനിക്കൊന്നു സാമ്പിള് നോക്കാനാ".
അത് കേട്ടതും മൂസ പറഞ്ഞു "ഇങ്ങള് പോരിന്‍..... ഞമ്മക്ക് നാലു കെട്ടുണ്ട്." 
അത് കെട്ടു അമ്പരന്ന സംഘവും സന്തോഷിച്ച ഗള്‍ഫും ഇന്നോവയില്‍ കുത്തിതിരക്കി മൂസയുടെ നാലു കെട്ടു കാണാന്‍ പുറപ്പെട്ടു.വളവു തിരിഞ്ഞു കാറ് മൂസയുടെ നാലുകെട്ടിനടുത്തെത്തി. ഇരുപതു സെന്ററില്‍ നിന്നിരുന്ന നാലു കുഞ്ഞു വീടുകള്‍ കാണിച്ചു മൂസാക്ക പറഞ്ഞത്രേ. 
" നോക്കിക്കൊളി ,ഇതാണ് ഞമ്മടെ നാലുകെട്ട്" 
അതാണ്‌ അന്നാട്ടിലെ ഇന്നുവരെ ഉള്ള സൂപ്പര്‍ ഡയലോഗ് .അങ്ങനെ മൂസാക്കാടെ നാലുകെട്ട് നാട്ടിലെങ്ങും പാട്ടായി.
             ഒരിക്കല്‍ പരദൂഷണം രാമന്‍ നായരുടെ വീടന്വേഷിച്ച് വന്ന പാറപ്പുറം ശശിയോട്  മുളക് പാപ്പി പറഞ്ഞത്രേ "മൂസാക്കാടെ നാല് കെട്ടിന്നടുത്തൂന്നു ഒരു അഞ്ചു മിനുട്ട് നേരെ പോയാ മതി."
'അപ്പൊ ഏതാ മൂസാക്കന്റെ നാല് കെട്ടു?" ശശി ആശ്ചര്യ ചിഹ്നമായി .
"ആഹാ! പഹയാ..അതറിയാത്ത ഇയ്യെങ്ങനെ ഇന്നാട്ടില് കാലു കുത്തി?" 
ഇനി ഏതാണ് മുളക് പാപ്പി എന്ന് നിങ്ങള്ക്ക് അറിയണോ? കഥ പുറകെ.



              

Tuesday, March 6, 2012

മറവിയുടെ മൂടുപടം

"എടി നിന്റെ ഈ മറവി കൊണ്ട് മറ്റുളവര്‍ കഷ്ടത്തിലായല്ലോ.."ഉറക്കെ ഉള്ള ആക്രോശം കെട്ടു അവള്‍ ചിന്തയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. അവളുടെ ഭര്‍ത്താവ് ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അലറുന്നു. "ഇത്തവണ എന്താണ് മറന്നത്?".ഭക്ഷണം ഉണ്ടാക്കാന്‍ മറന്നോ?.മീറ്റിങ്ങിനു പോകാന്‍ അലക്കി വെളുപ്പിച്ചു തേച്ചു വക്കാന്‍ പറഞ്ഞ ഭര്‍ത്താവിന്റെ വെള്ള ഷര്‍ട്ട്‌ ചളി കൊണ്ടുള്ള ഭൂപടങ്ങളും കാണിച്ചു അതേ പടി അയലില്‍ കിടക്കുന്നു. 
"അമ്മേ ..അമ്മയോട് ഞാന്‍ പറഞ്ഞതല്ലേ ഇന്ന് നോറിയക്ക്‌  കൊടുക്കാനുള്ള ഗിഫ്റ്റ് പൊതിഞ്ഞു വക്കാന്‍?"..അടുത്തത് മകളുടെ വക. ഇന്ന് രാവിലെ കോളേജില്‍   പോകുമ്പോഴേക്കും പൊതിഞ്ഞു വക്കാന്‍ പറഞ്ഞ ഗിഫ്ടും വര്‍ണ്ണ കടലാസും അതേ പടി മേശമേലിരിക്കുന്നു. അവളോട്‌ എന്ത് മറുപടി പറയും എന്നറിയാതെ നില്‍ക്കുമ്പോഴേക്കും മകന്‍ "അമ്മെ...." എന്ന് വിളിച്ചു മുകളില്‍ നിന്നും പടികള്‍ ഇറങ്ങി വരുന്നു .അവന്റെ ഷൂസ് വലിച്ചെറിഞ്ഞു അത് പോളിഷ് ചെയ്യാന്‍ മറന്നതിന് ആവോളം ഉച്ചത്തില്‍ ചീത്ത വിളിച്ചു ചവിട്ടി കുതിച്ചു പടികള്‍ തിരിച്ചു കയറി. മറവി കാരണം അവരുടെ ജീവിതം താറുമറാവുന്നു  എന്ന പരാതി കൂടി വരികയും പ്രതിഷേധങ്ങളും ആക്രോശങ്ങളും പതിവാകുകയും ചെയ്തപ്പോള്‍ അവള്‍ തന്റെ ഓര്‍മകളെ തിരികെ കൊണ്ട് വരാന്‍ ഒരു ശ്രമം നടത്തി .
              എല്ലാവരും ഓരോ വഴിക്കു പോയി വീട് നിശബ്ദമായപ്പോള്‍ പുറത്തെ പടിയുടെ മുകളില്‍ വിദൂരതയിലേക്ക്  നോക്കി ഇരുന്നു ഓരോന്ന് ഓര്‍ത്തെടുക്കാന്‍ തുടങ്ങി.കല്യാണം കഴിഞ്ഞു നീയാണ്  ലോകത്തിലെ ഏറ്റവും സുന്ദരി എന്ന് പറഞ്ഞു ഭര്‍ത്താവ് തന്റെ മുഖം പിടിച്ചു ഉയര്‍ത്തിയത്‌.... . ....തന്റെ മകള്‍ ജനിച്ച ദിവസം.അമ്മെ  എന്ന് ആദ്യമായി വിളിച്ച  ദിവസം.പിന്നീട് മകന്റെ ജനനം.അമ്മയെ മാത്രം സ്നേഹിച്ചിരുന്ന മകന്റെ  കൊച്ചു മുഖം.മക്കളുടെ വളര്‍ച്ച.അവരുടെ ജീവിതത്തില്‍ തനിക്കെന്നാണ് പ്രാധാന്യം നഷ്ടപ്പെട്ടത്?.അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമുള്ള ഒരു വ്യക്തിയായി താനെന്നാണ് തരംതാണു പോയതെന്ന് അവള്‍ ഓര്‍ത്തെടുക്കാന്‍ നോക്കി.              
                ഓര്‍മ്മകള്‍ പിറകിലേക്ക് പോകുമ്പോള്‍ ഓര്‍മകളില്‍  അവന്‍!....!..!!! !! !  !, .ഒരിക്കല്‍ ആദ്യമായി പഴുത്തു വീണ മാമ്പഴം അവനു കൊടുക്കാനായി മേശ  വലിപ്പില്‍ ഒളിച്ചു വച്ചത് അവള്‍ക്കു ഓര്മ വന്നു.അതിപ്പോളും അവിടെ ഉണ്ടാകുമോ?.പിന്നീട് തനിക്കു അമ്മാവന്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ട് വന്നു തന്ന ഭംഗി ഉള്ള പേന അവനു കൊടുക്കാനായി ഒളിപ്പിച്ചു  വച്ചു.അത് മുന ഒടിഞ്ഞ പെന്‍സിലുകള്‍ ഇട്ടു വയ്ക്കുന്ന ഒരു പഴയ കൂട്ടിലായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.കൊടുക്കണം  എന്ന് ആഗ്രഹിച്ചിട്ടും കൊടുക്കാതിരുന്ന മധുര ചുംബനങ്ങള്‍ ഓര്മ വന്നപ്പോള്‍ അവളുടെ  മുഖം തുടുത്തു.പിന്നീട് തന്നെ തന്നെ അവനു കൊടുക്കാന്‍ മറന്നല്ലോ എന്നെ തിരിച്ചറിവില്‍ അവളുടെ ഹൃദയം നീറി. 
            തന്നെ ഏറ്റവും അധികം സ്നേഹിച്ചിരുന്ന അനിയനും ജെഷ്ടന്മാരും ചേച്ചിയും, എപ്പോഴും  തന്നെ ഒരു കുഞ്ഞായി മാത്രം കണ്ടിരുന്ന അമ്മാവന്മാര്‍ , ഓര്മ വയ്ക്കുന്നതിനു മുന്‍പ് അമ്മ നഷ്ടപെട്ടെങ്കിലും ആ കുറവറിയിക്കാതെ  വളര്‍ത്തിയ അമ്മായി ഓരോരുത്തരായി കണ്മുന്നില്‍ മിന്നി മറഞ്ഞു.എല്ലാവരും അവരവരുടെ ഭാഗം അഭിനയിച്ചു തീര്‍ത്തു തിരശീലക്കുള്ളില്‍ മറഞ്ഞിരിക്കുന്നു.എല്ലാമുള്ളതില്‍ നിന്നും ഒന്നുമില്ലാത്ത ഒരു ശൂന്യതയില്‍ എത്തിനില്‍ക്കുന്നു താനിപ്പോള്‍ .
            ഓര്‍മ്മകള്‍ ദുഃഖം ഉണ്ടാക്കുന്നു.തനിക്കു മറവി തന്നെ ആണ് നല്ലത്.പരിഭവങ്ങള്‍ ഇല്ലാതെ തന്റെ ശേഷിച്ച ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മറവി അത്യാവശ്യമാണ് എന്ന തിരിച്ചറിവില്‍ പിന്നീട് ഒന്നും ഓര്‍ക്കാന്‍ ശ്രമിക്കാതെ മറവിയുടെ മൂടുപടം ഇട്ടു അവള്‍ വീടിനുള്ളിലേക്ക് നടന്നു .